നവ കേരളത്തിലെ മമ്മൂഞ്ഞുമാർ
പി.എസ് .ശ്രീകുമാർ
മലയാള സാഹിത്യത്തിലെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻറ്റെ പ്രശസ്തമായ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞു . നാട്ടിൽ ആര് ഗർഭം ധരിച്ചാലും അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു വീമ്പുപറയുന്ന മമ്മൂഞ്ഞിന്റെ മനസികാവസ്ഥയിലാണ് പിണറായി സർക്കാർ. നാടിന് എന്തെങ്കിലും നേട്ടമുണ്ടായാൽ, കീഴ്മേൽ നോക്കാതെ അതിൻറ്റെ മൊത്തം നേട്ടവും സര്കാരിന്റെതാണെന്ന് യാതൊരു ഉളുപ്പുമില്ലാതെ പി. ആർ ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന തന്ത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കൊച്ചി-മെട്രോ, കണ്ണൂർ എയർപോർട്ട്, ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ പശ്ചാത്തല വികസന പദ്ധതികൾ നാടമുറിച്ചു ഉദ്‌ഘാടനം ചെയ്യുകയെന്ന ഒരു കാര്യം മാത്രമേകഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചെയ്തിട്ടുള്ളെങ്കിലും അതിന്റെ എല്ലാം പിതൃത്വം സ്വയം ഏറ്റെടുത്തു വീമ്പു പറയാൻ പിണറായി സർക്കാർ കോടികളാണ് ചെലവഴിച്ചത്. ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
നീതി ആയോഗിന്റെ ആഭിമുഖ്യത്തിൽ ആദ്യത്തെ ബഹുതല സ്പർശിയായ ദാരിദ്ര്യ സൂചിക തയ്യാറാക്കിയത് 2015 - 16 ലെ കുടുംബാരോഗ്യ സർവ്വേ നാലിന്റെ അടിസ്ഥാനത്തിലാണ്. ഈ റിപ്പോർട്ട് അനുസരിച്ചു് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 0.71 ശതമാനം പേര് മാത്രമേ ദാരിദ്ര്യ രേഖക്ക് താഴെയുള്ളു.കേരളത്തിന് തൊട്ടുമുമ്പുള്ള മറ്റ് ചില സംസ്ഥാനങ്ങളുടെ നിരക്ക് ഗോവ 3.76 , സിക്കിം 3.82, തമിഴ്‌നാട് 4 .89, പഞ്ചാബ് 5.59, ഹിമാചൽ പ്രദേശ് 7.62, കർണാടകം 13.16 എന്നിങ്ങനെയാണ്. ഈ ലിസ്റ്റ് അനുസരിച്ചു ഏറ്റവും ഉയർന്ന നിരക്കിൽ ദാരിദ്ര്യം ഉള്ളത് ബീഹാറിലാണ് . അവിടെ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണ്. തൊട്ടുപിറകിലുള്ള ജാർഖണ്ഡിൽ 42.16 , ഉത്തർപ്രദേശിൽ 37.79 , മധ്യപ്രദേശിൽ 36.69 എന്നിങ്ങനെയാണ് ദരിദ്രരുടെ ശതമാനം . പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്കൂൾ വിദ്യാഭ്യാസം, ഹാജർ നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത തുടങ്ങി പന്ത്രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിർവചിച്ചതു. യൂ ഡി എഫ് സർക്കാരിന്റെ കാലത്തു നൽകിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപ യോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കാൻ, സ്കൂൾ വിദ്യാർത്ഥികൾക്ക്, കോഴിമുട്ട ഉൾപ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യു ഡി എഫ് സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. ഇവയിൽ ഏറ്റവും പ്രാധാന്യം യു ഡി എഫ് സർക്കാർ 2011 മേയിൽ , അധികാരത്തിൽ കയറിയ ഉടൻ പ്രഖ്യാപിച്ച ഒരു രൂപയ്ക്ക് അരി എന്ന പദ്ധതിയാണ്. എ പി എൽ ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങൾക്കും ഒരു രൂപയ്ക്കു ഒരു കിലോ അരി സർക്കാർ നൽകി. 82 ലക്ഷം വനിതകളെ കാർഡ് ഉടമകളാക്കി, കാർഡ് പുതുക്കി നൽകി.
ഭക്ഷ്യ സുരക്ഷാ നിയമം
ഭക്ഷണം ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് 2013 സെപ്റ്റംബറിൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ദേശിയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതിനെ തുടർന്ന്, കേരളത്തിലും ഈ പദ്ധതി 2016 ൽ യു ഡി എഫ് സർക്കാർ നടപ്പിലാക്കി. അന്ത്യോദയ അന്നയോജനാ വിഭാഗക്കാർക്ക് 5 കിലോ അരിയും , 5 കിലോ ഗോതമ്പും സൗജന്യമായി നൽകി. മുന്ഗണന വിഭാഗത്തിൽ പെട്ടവർക്ക് ഒരാൾക് ഒരു മാസം 4 കിലോ അരിയും, 5 കിലോ ഗോതമ്പും കിലോക്ക് 2 രൂപ നിരക്കിൽ നൽകി. അതിൽ 1 രൂപ റേഷൻ കടക്കാർക്കുള്ള കമ്മീഷൻ നല്കുന്നതിനായിരുന്നു. പൊതു വിഭാഗത്തിൽ സബ്‌സിഡി ഉള്ളവർക്ക് ഒരാൾക്ക് 2 രൂപ [സർവീസ് ചാർജ് ഉൾപ്പെടെ] നിരക്കിൽ 2 കിലോ അരിയും ഒരു കാർഡിന് 2 കിലോ ആട്ടയും, ഗോതമ്പും നൽകി. സബ്സിഡി ഇല്ലാത്ത കാർഡിന് , ഒരു കാർഡിന് 2 അല്ലെങ്കിൽ 3 കിലോ അരി 9.90 രൂപ നിരക്കിലും, ഗോതമ്പു 7.70 രൂപ നിരക്കിലുമാണ് നൽകിയത്.
ഗർഭിണികൾക്ക് പ്രതിമാസം 1000 രൂപ വീതം ആര് മാസം പ്രത്യേക ധന സഹായം, 6 മാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് അംഗനവാടിയിലൂടെ പോഷകമൂല്യമുള്ള ഭക്ഷണവും, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക സ്കൂളുകളിൽ ഉച്ചഭക്ഷണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക ഭക്ഷണം. പ്രായപൂർത്തിയായ സ്ത്രീ റേഷൻ കാർഡിലെ ആദ്യ പെരുകാരി തുടങ്ങി നിരവധി പദ്ധതികളാണ് യു ഡി എഫ് കാലയളവിൽ നടപ്പിലാക്കിയത്.
സൗജന്യ ചികിത്സ പദ്ധതികൾ
2012 നവംബർ 1 മുതൽ, സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുവരെയുള്ള ആശുപത്രികളിൽ 595 ഇനം ജനറിക് മരുന്നുകൾ സൗജന്യമായി നൽകി. ഗർഭാവസ്ഥയും , നവജാത ശിശു പരിശോധനയും, നവജാത ശിശുവിൻറ്റെ ഒരു വയസ്സുവരെയുള്ള ചികിത്സയും പൂർണമായും സൗജന്യമായി നൽകുന്നതിനുള്ള 'അമ്മയും കുഞ്ഞും" പദ്ധതി നടപ്പിലാക്കി. 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, എല്ലാ ചികിത്സയും എ പി എൽ / ബി പി എൽ വ്യാത്യേസമില്ലാതെ സർക്കാർ ആശുപതികളിൽ സൗജന്യമായി നൽകുന്ന ബ്രിഹത് പദ്ധതിയായ "ആരോഗ്യകിരണം" ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും, ചികിത്സയും, മരുന്നും നൽകുന്ന "അമൃതം ആരോഗ്യം" പദ്ധതിയും, അർബുദ രോഗ പരിശോധനയും, ചികിത്സയും, മരുന്നും സൗജന്യമായി നൽകുന്ന "സുകൃതം" പദ്ധതി എന്നിവയും ആരംഭിച്ചു.
കാരുണ്യ പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് ശാസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സകൾക്ക് സഹായം നൽകുന്ന കാരുണ്യ പദ്ധതിയാരംഭിക്കുകയും, 82000 പേർക്കായി 650 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ വരുമാനമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്. ക്ഷേമ പെൻഷനുകൾ ഏറ്റവും കുറഞ്ഞത് 600 രൂപയും, 80 വയസ്സ് കഴിഞ്ഞവർക്ക് 1200 രൂപയുമായി വർധിപ്പിക്കുകയും, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 14 ലക്ഷം പേർക്ക് പെൻഷൻ നൽകിയത്തിൽ നിന്നും , 34 ലക്ഷം പേർക്കായി വർധിപ്പിച്ചു നൽകുകയും ചെയ്തു.
ഇങ്ങനെയുള്ള നിരവധി ജനക്ഷേമകരമായ നടപടികളിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാർ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള നടപടികൾ 2011-16 കാലയളവിൽ കൈക്കൊണ്ടത്. എന്നാൽ പിണറായി ഭരണത്തിൽ എന്താണ് സംഭവിക്കുന്നത് ?
പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രത
വിശപ്പ് സഹിക്കാൻ പറ്റാതെ അരി എടുത്തതിനു മധുവെന്ന പാവപ്പെട്ട ഒരു ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവം മനുഷ്യത്വമുള്ള ആശ്രുടെയും ഹൃദയത്തിൽ നിന്നും മാഞ്ഞുകാണില്ല. ഇടതു സർക്കാരിന്റെ കാലത്താണ് ഈ ആൾക്കൂട്ട കൊലപാതകം വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തിലും സംഭവിച്ചത്. വിശപ്പകറ്റാൻ ഭക്ഷ്യ ധാന്യം എടുത്തതിനു ഒരു ആദിവായി യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. യു ഡി എഫിന്റെ കാലത്തു 91 കോടി രൂപ ചെവഴിച്ചു അട്ടപ്പാടിയിൽ നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ഇടതു സർക്കാർ തകർത്തതോടെയാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ അട്ടപ്പാടിയിൽ മരിച്ചുവീഴുന്നതു. പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രതയുടെ ചിത്രമാണ് ഇന്ന് അട്ടപ്പാടിയിൽ കാണുന്നത്. 2015-16 കാലയളവിലെ അവസ്ഥയിൽ നിന്നും കേരളത്തെ എല്ലാ മേഖലകളിലും ഇടതു സർക്കാർ തകർത്ത ചിത്രമാണ് നാം ഇന്ന് കാണന്നതു.
പി.എസ് .ശ്രീകുമാർ
9847173177
