നെഹ്രു അടിത്തറയിട്ട ഇന്ത്യയുടെ ആരോഗ്യമേഖല
നവഭാരത നിര്മിതിക്കായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു നൽകിയ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു.സ്വതന്ത്ര ഇന്ത്യ നേരിട്ടിരുന്ന പ്രശ്നങ്ങളെക്കുറിച്ചു വിശാല വീക്ഷണത്തോടെയും, ആഴത്തിലും പഠിക്കുവാനും, അതിനു അനുയോജ്യമായ പരിഹാരം കണ്ടെത്തുവാനും നെഹ്രുവിനെപ്പോലെ മറ്റൊരു നേതാവിനും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. ജനാധിപത്യ ചിന്താഗതിയും, സോഷ്യലിസ്റ്റ് ചിന്താഗതിയുടെ ഗുണവശങ്ങളും , മതനിരപേക്ഷതയും സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഇന്ത്യയിലെ ജനങ്ങൾക്ക് പകർന്നു നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ലോകസമൂഹത്തിന് മുമ്പിൽ അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന ഘടകം.
സ്വാതന്ത്ര്യ ലബ്ധിയുടെ കാലഘട്ടത്തിൽ, വിഭജനത്തിന്റെയും, മതകലഹങ്ങളുടേയും ഭക്ഷ്യ ക്ഷാമത്തിന്റെയും, മഹാമാരികളുടെയും ദുരിതക്കയത്തിലൂടെയായിരുന്നു നമ്മുടെ രാജ്യം കടന്നുപോയിരുന്നത്. മലേറിയ, വസൂരി, പ്ലേഗ്, തുടങ്ങിയ മഹാമാരികൾ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അപഹരിച്ചിരുന്നത്. അതിനുപുറമെയാണ് ക്ഷയം, കുഷ്ഠം, മന്ത്, ടൈഫോയിഡ് , മസ്തിഷ്‌കചര്മവീക്കം , തൊണ്ടവീക്കം, പേവിഷബാധ തുടങ്ങിയ ഗുരുതര രോഗങ്ങൾ. അന്നത്തെ ഇന്ത്യയുടെ ജനസംഖ്യ 34 കോടിയായിരുന്നു. ഇതിൽ ഏകദേശം 22 ശതമാനം പേരെ മലേറിയ രോഗം ബാധിച്ചിരുന്നു. അതായത് 75 ദശലക്ഷം പേരെയാണ് ഈ രോഗം ബാധിച്ചിരുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് മലേറിയ രോഗംബാധിച്ചു മരണപ്പെട്ടിരുന്നത് . പക്ഷേ, ആരോഗ്യ രംഗത്ത് ബ്രിട്ടീഷ് സർക്കാർ കാര്യമായി ഇടപെട്ടിരുന്നില്ല. ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ, പൗരന്മാരുടെയും, സമൂഹത്തിന്റെയും ആരോഗ്യം ഒരു പ്രധാനഘടകം,ആണെന്ന് മനസ്സിലാക്കിയ നെഹ്‌റു, തകർന്നുകിടന്ന ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുവാൻ നടത്തിയ സംഭാവനകളാണ് പിൽക്കാലത്തു ജനങ്ങളുടെ രക്ഷക്ക് സഹായകരമായി മാറിയത് .
ബോറെ കമ്മിറ്റി റിപ്പോർട്ട്
ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ തുടക്കവരെയും ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ ആരോഗ്യ കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയും നൽകിയിരുന്നില്ല. ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട് ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നത് , തിരുവിതാംകൂർ പോലെയുള്ള ചില ഒറ്റപ്പെട്ട നാട്ടുരാജ്യങ്ങൾ മാത്രമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഈ അവഗണനക്കെതിരെ ഇന്ത്യയിലെ പൊതുജനാരോഗ്യ വിദഗ്ദ്ധരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ശക്തമായ എതിർപ്പും, പ്രതിഷേധവും ഉയർത്തിയതിനെ തുടർന്ന് ജനങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സർവേയും, പഠനവും നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ മുൻ കൊച്ചി രാജ്യത്തിലെ ദിവാനും, ഐ സി എസ് ഉദ്യോഗസ്ഥനുമായിരുന്ന ജോസഫ് ബോറെ അധ്യക്ഷനായി ഒരു കമ്മറ്റിയെ 1943 ൽ നിയമിച്ചു. പ്രശസ്ത ഭിഷഗ്വരന്മാരായിരുന്ന, ബംഗാളിൽ നിന്നുമുള്ള ഡോ .ബി.സി.റോയി, മദ്രാസ്സിൽനിന്നുമുള്ള ഡോ .ലക്ഷ്‌മണ സ്വാമി മുതലിയാർ തുടങ്ങിയവരായിരുന്നു അംഗങ്ങൾ. ഇന്ത്യമുഴുവൻ സഞ്ചരിച്ചു നടത്തിയ പഠനത്തിന്റ്റെ അടിസ്ഥാനത്തിൽ ബോറെ കമ്മിറ്റി 1946 ൽ റിപ്പോർട്ട് സമർപ്പിച്ചു. അപ്പോഴേക്കും അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ബ്രിട്ടീഷ് സർക്കാർ കടന്നതിനാൽ റിപ്പോർട്ടിന്മേൽ കാര്യമായ നടപടികളുണ്ടായില്ല.
ആരോഗ്യമേഖലയുടെ ആധുനികവത്ക്കരണം
ബ്രിട്ടനും, കാനഡയും, ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലും, സോവിയറ്റ് യൂണിയനിലും നിലനിന്നിരുന്ന ക്ഷേമ രാഷ്ട്രം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ആരോഗ്യമേഖലയെ ആധുനിക വത്ക്കരിക്കാനുള്ള നടപടികൾ നെഹ്‌റു സർക്കാർ നടപ്പാക്കിയത്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത നെഹ്‌റു, ബോറെ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഒന്നൊന്നായി നടപടികൾ എടുത്തു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ ആത്മാർഥമായി നടപ്പിലാക്കുവാൻ ആരോഗ്യമന്ത്രിയായിരുന്ന രാജ് കുമാരി അമ്രിത് കൗറും തയ്യാറായതോടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു തുടങ്ങി. ഇന്ത്യ മുഴുവൻ പടർന്നുപിടിച്ച മലേറിയയുടെ വ്യാപനം കുറച്ചുകൊണ്ടുവന്ന് അതിനെ നിയന്ത്രണ വിധേയമാ ക്കുവാനുള്ള ശ്രമങ്ങൾക്ക് ആദ്യം തന്നെ തുടക്കം കുറിച്ച്ചു . സ്വാതന്ത്ര്യം ലഭിച് പത്തുവര്ഷങ്ങൾക്കുള്ളിൽ മലേറിയ മൂലമുള്ള മരണ നിരക്ക് 1,48,000 ൽ നിന്നും 1957-58 ആയപ്പോൾ 12,300 ആയി കുറക്കുവാൻ സാധിച്ചു. സ്വാതന്ത്ര്യ പൂർവ കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ച പ്ലേഗ് എന്ന മഹാമാരിയെ ആയിരത്തി തൊള്ളായിരത്തി അമ്പതോടുകൂടി ഇല്ലായ്‌മ ചെയ്യുവാൻ സാധിച്ചു. അതുപോലെ വസൂരി, കുഷ്ഠരോഗം, മന്ത്, ഡിഫ്ത്തീരിയ,മെനഞ്ചൈറ്റിസ്, പേവിഷബാധ, ടൈഫോയിഡ് , തുടങ്ങിയ രോഗങ്ങളെയും നിയന്ത്രണ വിധേയമാക്കുവാൻ സാധിച്ചു.
ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ മുതൽമുടക്ക് നടത്തണമെന്ന ബോറെ കമ്മിറ്റിയുടെ നിർദേശനത്തിൻറ്റെ അടിസ്ഥാനത്തിൽ രാ ജ്യമെമ്പാടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടു.അതിനുവേണ്ട സഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകി. Licenced Medical Practitionerrs നെ ഒഴിവാക്കി, ആരോഗ്യ വിദ്യാഭ്യാസം ലഭിച്ച എം ബി ബി എസ് ബിരുദധാരികളെമാത്രമേ ഡോക്ടർമാരായി നിയമിക്കാവു എന്ന നിയമം നടപ്പിലാക്കി. ആരോഗ്യ മേഖലയിൽ ഉന്നത ഗവേഷണ സൗകര്യങ്ങളോടെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് [AIIMS ] , മൗലാനാ അബുൽ ആസാദ് മെഡിക്കൽ കോളേജ്, ജി.ബി.പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് റിസർച്ച് സെന്റർ, എന്നിവ സ്ഥാപിച്ചു. 1946 ൽ 15 മെഡിക്കൽ കോളേജുകൾ മാത്രമായിരുന്നു നമുക്ക് ഉണ്ടായിരുന്നത്, 1964 ആയപ്പോഴേക്കും 81 ആയി വർധിപ്പിക്കാനും, അതിലൂടെ 10,000 സമർഥരായ വിദ്യാർത്ഥികൾക്ക് ഡോക്ടർമാർ ആകുവാനുമുള്ള സൗകര്യം ഒരുക്കി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുഴുവൻ ബാധകമാകുന്ന സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം നടപ്പിലാക്കി. ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കായി പൂനെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ന്യായ വിലക്ക് മരുന്നുകൾ ലഭ്യമാക്കുവാനായി ഇന്ത്യൻ ഡ്രഗ് ആൻഡ് ഫർമസൂട്ടിക്കൽസ് തുടങ്ങി നിരവധി സ്ഥാപങ്ങൾ രാജ്യത്തിന്റ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
നെഹ്രുവിന്റെ കാലത് പൊതുമേഖലയിൽ ഇട്ട അടിസ്ഥാന ശിലകളിൽ ഊന്നിയാണ് പിന്നീടുള്ള സർക്കാരുകൾ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ കെട്ടിപൊക്കിയത്. അതിനെയാണ് ഇന്ന് കേന്ദ്രത്തിലെ മോഡി സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് . പൊതുജനാരോഗ്യ രംഗത്തുനിന്നും ക്രമേണ പിൻവലിയാനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ ശക്തമായ പ്രക്ഷോഭം ഉയർന്നു വരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.
പി.എസ് .ശ്രീകുമാർ
98471 73177

No comments:
Post a Comment