Friday, 15 October 2021

                            സംഘർഷമേഖലയായി  മാറുന്ന ദക്ഷിണചൈന സമുദ്രം  


 അമേരിക്കയുടെ ഏകപക്ഷീയമായ പിൻവാങ്ങലോടെ പശ്ചിമ ഏഷ്യ  ലോകത്തെ ഏറ്റവും   അപകടം പിടിച്ച  സംഘർഷ മേഖലയായിരുന്ന  അവസ്ഥക്ക്  മാറ്റം വരുന്നുവോ?    ഒരു തീപ്പൊരി വീണാൽ  പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള  മേഖലയായി അന്തർദേശിയ  സമൂഹം   ഇപ്പോൾ ആശങ്കയോടെ  കാണുന്നത് ,  ദക്ഷിണ ചൈന സമുദ്ര മേഖലയെയാണ്.  ഒരു വശത്തു  ചൈനയും മറുവശത്തു അമേരിക്കയും  അണിനിരന്നു കൊണ്ട് നടത്തുന്ന  സൈനിക നീക്കങ്ങൾ  അതീവ ജാഗ്രതയോടെയാണ്‌  ലോക രാജ്യങ്ങൾ വീക്ഷിക്കുന്നത്. 

പസിഫിക് സമുദ്രത്തിന്റെ  ഭാഗമായ ദക്ഷിണ ചൈന സമുദ്ര മേഖലയോട്  ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ,  ചൈനക്ക് പുറമേ,  തായ്‌വാൻ, ജപ്പാൻ, വിയറ്റ്നാം,കംബോഡിയ, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയവയാണ് . ഈ സമുദ്ര മേഖലയിൽ ജനവാസം ഉള്ളതും ഇല്ലാത്തതുമായ 250 ൽ പരം ചെറിയ ദ്വീപുകൾ ഉണ്ട്. ഇതിൽ  "യു"  ആകൃതിയിൽ  കിടക്കുന്ന 9  ദ്വീപുകളിന്മേൽ  തർക്കം ഉന്നയിച്ചുകൊണ്ട് ചൈന വന്നതോടെയാണ്    ഈ തർക്കം   " Nine dash  area  dispute " എന്നറിയപ്പെട്ടു തുടങ്ങിയത് .  ഇവിടെയുള്ള ദ്വീപുകളിന്മേൽ   അവകാശവാദം ഉന്നയിച്ചുകൊണ്ട്,  ചൈന  തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്    തായ്‌വാൻ ,ബ്രൂണെ,ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പൈൻസ്, സിങ്കപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായാണ്. മാവോ സേതുങ്ങിൻറ്റെ  നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള യുദ്ധത്തിൽ 1949   ൽ,  ചിയാങ് കൈ ഷെക്   പരാജയപ്പെട്ടപ്പോൾ, ചിയാങ്ങും  അനുയായികളും അഭയം പ്രാപിച്ചത്  തായ്‌വാനിലായിരുന്നു{മുമ്പ് ഫോർമോസ ദ്വീപ്}.മാവോയുടെ നേതൃത്വത്തിൽ  കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പ്   ഈ  ദ്വീപുകളെല്ലാം  തായ്‌വാന്റെ  അധീനതയിലായിരുന്നു.  തായ്‌വാന്റെ അവകാശവാദം ഈ ചരിത്രത്തിൽ  ഊന്നിയാണ്.

കണ്ണ് പ്രകൃതി വിഭവങ്ങളിൽ

           ദക്ഷിണ ചൈന സമുദ്ര മേഖലയിലെ  തർക്കത്തിന്റെ അടിസ്ഥാന ഘടകം ഈ മേഖലയിലെ  പ്രകൃതി വിഭവങ്ങളുടെ ലഭ്യതയാണ്.   ഈ മേഖലയിൽ 17.7  ബില്യൺ  ടൺ  എണ്ണശേഖരവും  266  ട്രിലിയെൻ  ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  സമുദ്ര നിയമങ്ങളെകുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ കൺവെൻഷൻ  നടന്നതും രാജ്യങ്ങൾ അതിൽ ഒപ്പുവച്ചതും 1982 ൽ ആയിരുന്നു .  അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ അനുസരിച്ചു   ഓരോ രാജ്യത്തിനും, അവയോട്  ചേർന്നുകിടക്കുന്ന 200  നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗങ്ങളിലെ  വിഭവങ്ങളിൽ അവകാശമുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചുകൊണ്ടാണ്   ആൾപ്പാർപ്പില്ലാത്ത ചില ദ്വീപുകളിൽ      ചൈന  ഓഫ്‌ഷോർ  എക്സ്പ്ലൊറേഷൻ  കോർപറേഷൻ  ഖനന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.  ഏകദേശം 30  ബില്യൺ ഡോളറിന്റെ  നിക്ഷേപമാണ്  ചൈന ഇതിനായി മാറ്റിവച്ചിരിക്കുന്നതു.  ഈ വാണിജ്യ  താല്പര്യങ്ങൾ  സംരക്ഷിക്കാനും  മേഖലയിൽ അധീശത്വം ഉറപ്പിക്കുവാനുമായാണ്    ചില ദ്വീപുകൾ  സൈനികാവശ്യങ്ങൾക്കായി  ചൈന  വികസിപ്പിചിരിക്കുന്നതും സൈനിക സാന്നിധ്യം നിലനിർത്തുന്നതും.

          ഈ മേഖലയിലുള്ള സ്പ്രാട്ടിലി,  പറാസൽ , നട്ടുന്ന   എന്നീ ദ്വീപ സമൂഹങ്ങളുടെ നിയന്ത്രണത്തെ ചൊല്ലിയും ചൈനയും ഇതര രാജ്യങ്ങളുമായി തർക്കമുണ്ട്.  ഇതിൽ സ്പ്രാട്ടിലി  ദ്വീപ സമൂഹത്തിനായി  അവകാശവാദമുന്നയിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ  എന്നിവയാണ്.  നട്ടുന്ന   ദ്വീപിനു മേൽ തർക്കമുള്ളതു ചൈനയും  ഇന്തോനേഷ്യയും, തായ്‌വാനുമായിട്ടാണ്. സ്‌കാർബറോ ദ്വീപിനുമേൽ അവകാശം ഉന്നയിച്ചിട്ടുള്ളത് ഫിലിപ്പൈൻസ്,തായ്‌വാൻ, ചൈന എന്നിവരാണ്. പറാസൽ  ദ്വീപിൻമേൽ ചൈനയും, വിറ്റ്‌നാമും  അവകാശവാദം ഉന്നയിക്കുന്നു. ഈ ദ്വീപിന്റെ കുറെ ഭാഗം വിറ്റ്നാമിന്റെ കൈവശവും മറ്റു ഭാഗങ്ങൾ    ചൈനയുടെ  കൈവശവുമായിരുന്നു.  ഇവർ തമ്മിൽ രണ്ടു തവണ  ഈ പ്രശ്നത്തിൽ യുദ്ധം  ഉണ്ടായി.  എന്നാൽ ,  2012  മുതൽ   ദ്വീപിന്റ്റെ  മുഴുവൻ നിയന്ത്രണവും ചൈന പിടിച്ചെടുക്കുകയും ചെയ്തു. 

 തായ്‌വാൻ  ഏകീകരണം ലക്ഷ്യമാക്കി ചൈന 

          ഏറ്റവും ഗുരുതരമായ തർക്കം ചൈനയും  തായ്‌വാനുമായിട്ടാണ് . തായ്‌വാൻ  സ്വതന്ത്ര രാജ്യമല്ലെന്നും  ചൈനീസ് വൻകരയുടെ ഭാഗം മാത്രമാണെന്നുമാണ്  ചൈന  1949  മുതൽ അവകാശപ്പെടുന്നത്. തായ്‌വാൻ ഇത് അംഗീകരിക്കുന്നില്ല. തങ്ങളുടേത്   ജനാധിപത്യ രീതിയിലുള്ള  ഒരു സ്വതന്ത്ര രാജ്യമാണെന്നാണ് അവരുടെ അവകാശവാദം.  ചൈനയുടെ കടന്നു കയറ്റത്തിൽ നിന്ന് രക്ഷനേടാനായി ,  1950-53  കാലഘട്ടത്തിലെ  കൊറിയൻ യുദ്ധസമയത് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം   അമേരിക്കയുമായി  തായ്‌വാൻ  സൈനിക സഖ്യത്തിൽ ഏർപ്പെട്ടു.  എന്നാൽ 1979 ൽ   കമ്മ്യൂണിസ്റ്റ്  ചൈനയെ [Peoples  Republic  of  China ] അമേരിക്ക അംഗീകരിച്ചു നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ   തായ്‌വാനുമായുള്ള  ഔദ്യോഗിക ബന്ധം അമേരിക്കക്ക്  അവസാനിപ്പിക്കേണ്ടി വന്നു.  എന്നാലും തായ്‌വാന്  സൈനിക സഹായം ആവശ്യമുള്ളപ്പോൾ  അത് നല്കാൻ തയ്യാറാണെന്നുള്ള വാഗ്‌ദാനം  നിലവിലുണ്ട്.  തായ്‌വാൻ  തങ്ങളുടെ ഭാഗമാണെന്നു പറയുമ്പോഴും,  സമാധാനപരമായ ഒരു പുനരേകീകരണമാണ്  ആഗ്രഹിക്കുന്നതെന്നാണ് ചൈന ഇത്രയും നാൾ പറഞ്ഞുകൊണ്ടിരുന്നത്.  എന്നാൽ ഷി ജിൻപിങ് അധികാരത്തിൽ വന്നശേഷം  ചൈനയുടെ ശബ്ദം കനത്തു തുടങ്ങി.  കമ്മ്യൂണിസ്റ്റ് ചൈനയുമായുള്ള പുനരേകീകരണം  നടപ്പിലാക്കുമെന്നും , വിദേശശക്തികൾ  ഇക്കാര്യത്തിൽ ഇടപെടരുതെന്നും അമേരിക്കക്കു ഒരു മുന്നറിയിപ്പ് എന്ന രീതിയിൽ  ചൈനയുടെ ദേശിയ ദിനത്തോടനുബന്ധിച്ചു  ബെയ്‌ജിങ്ങിൽ നടന്ന സമ്മേളനത്തിൽ  ചൈനീസ് പ്രസിഡന്റ  ഷി ജിൻപിങ് പ്രഖ്യാപിച്ചു.  അതിനെ തുടർന്ന്   ഒക്ടോബര് 1 ന്  ചൈനീസ്    വ്യോമസേനയുടെ  38  വിമാനങ്ങൾ തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു  പറക്കൽ നടത്തി. പിന്നീട് ഒക്ടോബര് 2   നു 39  വിമാനങ്ങളും ഒക്ടോബര് 4 ന്  56  വിമാനങ്ങളും തായ്‌വാൻ  വ്യോമാതിർത്തി ലംഘിച്ചു.  നിരന്തരമായ വ്യോമാതിർത്തി ലംഘനത്തോടെ , ഏത്  ആക്രമണത്തെയും ജനങ്ങളുടെ പിന്തുണയോടെ  ശക്തിയുക്തം  പ്രതിരോധിക്കുമെന്ന് തായ്‌വാൻ  പ്രസിഡന്റ് സായ് ഇൻഗ്വേൻ  പ്രഖ്യാപിച്ചു. സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും,  തായ്‌വാൻറ്റെ  പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളിന് നിന്നും കമ്മ്യൂണിസ്റ്റ് ചൈന പിൻവാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

 നാവികാഭ്യാസ മേഖലയായി  മാറുന്നു 

 ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി  ദക്ഷിണ ചൈന സമുദ്ര മേഖലയിൽ  നാവികാഭ്യാസത്തിനു അമേരിക്ക നേതൃത്വം നൽകുന്നത്.അന്താരാഷ്ട്ര  സമുദ്ര മേഖലയിൽ  എല്ലാ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടെന്നു പ്രഖ്യാപനംനടത്തിയാണ്   അമേരിക്കയും, ജപ്പാനും, ഇന്ത്യയും  മലബാർ എക്സർസൈസ് എന്ന പേരിൽ നാവികാഭ്യാസങ്ങൾ സംഘടിപ്പിക്കുന്നത്.  ഈ വര്ഷം മുതൽ  ഓസ്‌ട്രേലിയയെക്കൂടി കൂട്ടി  ഇതൊരു ചതുർ രാഷ്ട്ര  നാവികാഭ്യാസമാക്കി മാറ്റിയിരിക്കുകയാണ്.  ഇതൊരു    സൈനിക സഖ്യമല്ലെന്ന്   ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവർത്തിക്കുന്നുണ്ടെങ്കിലും  ഈ കൂട്ടുകെട്ടിനെ   തങ്ങൾക്കെതിരായ ഒരു സൈനിക സഖ്യമായിട്ടാണ് ചൈന കരുതുന്നത്.  ഈ ചതുർ രാഷ്ട്ര സഖ്യത്തിന് പുറമേയാണ് , ഇൻഡോ-പസിഫിക്  മേഖലയുടെ സുരക്ഷക്കായി അമേരിക്കയും, ബ്രിട്ടനും, ഓസ്‌ട്രേലിയയും ചേർന്ന് AUKUS  എന്ന പേരിൽ ഒരു പ്രതിരോധ സഖ്യം  അടുത്തകാലത്ത് രൂപീകരിച്ചത്.  ഈ ഒരു സാഹചര്യത്തിൽ  ഈ മേഖലയിൽ ഉണ്ടാകുന്ന  ഒരു ചെറിയ തീപ്പൊരി പോലും വലിയ ദുരന്തങ്ങളിലേക്കു നയിക്കാനുള്ള സാധ്യത  ഏറി വരികയാണ്.  ചൈനയും,  അമേരിക്കയോട് ചേർന്ന് നിൽക്കുന്ന രാജ്യങ്ങളും  വളരെ അവധാനതയോടെയും , പക്വതയോടും  പെരുമാറിയില്ലെങ്കിൽ,   ഒരു പക്ഷെ, മൂന്നാം  ലോക മഹായുദ്ധത്തിനു തിരി കൊളുത്തുന്നത്  ദക്ഷിണ ചൈനാ  സമുദ്ര മേഖലയാകാനുള്ള  സാധ്യത  തള്ളിക്കളയാൻ  സാധിക്കുകയില്ല .

പി.എസ്‌ .ശ്രീകുമാർ 

9847173177 


 



 




No comments:

Post a Comment