പി.എസ് .ശ്രീകുമാർ 

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഇടതുസർക്കാർ 2021 ഓഗസ്റ്റ് 17 ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വലിയ പ്രചാരണ പരിപാടികളോടെയാണ് ആഘോഷിച്ചത്. കോവിഡ് മഹാമാരിയുടെ പേരിൽ എല്ലാ ആഘോഷ പരിപാടികൾക്കും നിയന്ത്രണം കൊണ്ടുവന്ന സർക്കാർ ഈ പരിപാടിയെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി . അധികാര വികേന്ദ്രീകരണം തങ്ങളുടെ സൃഷ്ടിയാണെന്ന് വരുത്തുവാനുള്ള വൃഥാ ശ്രമമാണ് അതുവഴി അവർ ലക്ഷ്യമിട്ടത്.
ഇന്ത്യാ രാജ്യത്തിന്റെ സ്വത്വം ഗ്രാമങ്ങളാണെന്നു തിരിച്ചറിഞ്ഞതും, ഗ്രാമ സ്വരാജിന് വേണ്ടി നിരന്തരമായി ആഹ്വാനം ചെയ്തതും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയായിരുന്നു. സ്വയം പര്യാപ്തമായ ഗ്രാമങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രാമ സ്വരാജിലെ അടിസ്ഥാന ഘടകം. നിയമ നിർമാണവും, നീതി നിർവഹണവും എല്ലാം ഇന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ സങ്കല്പത്തിലെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ. പഞ്ചായത്തീ രാജ് നിലവിൽ വന്നാൽ മാത്രമേ, സ്വയം പര്യാപ്ത ഗ്രാമങ്ങളും, അതിലൂടെ പൂർണമായ സ്വാതന്ത്ര്യവും നമുക്ക് ലഭിക്കുകയുള്ളു എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ജവാഹർലാൽ നെഹ്രുവാണ് പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിച്ചത്. 1956 ൽ കൂടിയ ദേശീയ വികസന കൗൺസിൽ മീറ്റിംഗിൽ പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുകയും , നടപ്പിലാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബൽവന്ത് റായ് മേഹ്ത്തയെ നിയമിക്കുകയും ചെയ്തു. 1957 ൽ അദ്ദേഹത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാതലം, ബ്ലോക്ക് തലം , ഗ്രാമ തലം എന്നിങ്ങനെ ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുവാൻ അദ്ദേഹം ശുപാര്ശനല്കി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വിവിധ സംസ്ഥാനങ്ങൾ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ ഭരണഘടനാപരമായ സംരക്ഷണം ഇല്ലായിരുന്നതിനാൽ പല സംസ്ഥാനങ്ങളിലും, കൃത്യമായ തെരഞ്ഞെടുപ്പ് നടത്തുകയോ, അധികാര വികേന്ദ്രികരണം നടപ്പിലാക്കുവാനോ സാധിച്ചില്ല.
1984 ൽ രാജീവ് ഗാന്ധി അധികാരത്തിൽ വന്നശേഷമാണ് പഞ്ചായത്തീരാജ് സംവിധാനം പരിഷ്‌കരി ക്കുന്നതിനെ കുറിച്ച് കാര്യമായ ആലോചന തുടങ്ങിയത്. 1989 മെയ് 5 ന് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തുന്ന കാര്യം അദ്ദേഹം അവതരിപ്പിച്ചു. "കോടിക്കണക്കിന് ഇന്ത്യാക്കാരുടെ വീട്ടുപടിക്കൽ ജനാധിപത്യം എത്തിക്കുന്ന വിപ്ലവമാണത്. നമ്മുടെ ലക്ഷക്കണക്കിന് വരുന്ന പട്ടിക ജാതി പട്ടിക വർഗക്കാർക്കും ഭാരതത്തിലെ വനിതകൾക്കും അവസരത്തിണ്റ്റെ വാതിൽ തുറന്നു കൊടുക്കുന്ന അവസരമാണിത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തൻറ്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് 64 ആം ഭരണഘടനാ ബില് പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ഈ ബില്ലിനെ ബി ജെ പി ക്കൊപ്പം ചേർന്ന് നിന്ന് ഇന്ത്യയിലെ സി പി എം ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികൾ പാർലമെന്റിൽ വോട്ടിനിട്ട് തോൽപ്പിച്ച്. രാജ്യസഭയിൽ ബില് പരാജയപ്പെട്ടത് വെറും 5 വോട്ടുകൾക്കായിരുന്നു. പിന്നീട് 1993 ൽ നരസിംഹ റാവു സർക്കാരാണ് 73,74 ഭരണഘടനാ ഭേദഗതികളിലൂടെ പഞ്ചത്തിരാജ്,നഗരപാലിക ബില്ലുകൾ പാസ്സാക്കി. ഈ ബില്ലുകളിലൂടെയാണ് ത്രിതല പാഞ്ഞത് സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയത്. പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കും, വനിതകൾക്കും പഞ്ചായത്തീരാജിലൂടെ മൂന്നിൽ ഒന്ന് സീറ്റുകളിൽ സംവരണം ഏർപ്പെടുത്താനും, അഞ്ചു വര്ഷം കൂടുമ്പോൾ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുവാനും, ജില്ലാ തലത്തിൽ ആസൂത്രണ കമ്മിറ്റകൾ രൂപീകരിക്കുവാനും അതിനായി സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ യും, പഞ്ചായത്തുകൾക്ക് കൂടുതൽ സാമ്പത്തിക അധികാരം നൽകുവാൻ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുവാനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഭേദഗതികൾ പാസ്സാക്കിയത്.
1987 ൽ അധികാരത്തിൽ വന്ന നായനാർ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപികരിച്ചു ജില്ലാ തല ഉദ്യോഗസ്ഥർക്ക് നൽകിയ ചില അധികാരങ്ങൾ നൽകിയെങ്കിലും, അതൊക്കെ വെറും രാഷ്ട്രീയ അഭ്യാസങ്ങൾ മാത്രമായി. കാരണം, സംസ്ഥാന ഫണ്ടിൽ നിന്നും ഈ സ്ഥാപങ്ങൾക്കു ആവശ്യമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ നായനാർ സർക്കാർ പരാജയപ്പെട്ടു.
കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ് 1994 ഏപ്രിൽ 24 ആം തീയതി , രാവും പകലും നിയമസഭാ ചേർന്ന് അനുബന്ധ നിയമം കേരളത്തിൽ പാസ്സാക്കിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ് ഈ നിയമം പാസ്സാക്കാൻ മുൻകൈ എടുത്തത്. കെ.കരുണാകരനെ തുടർന്ന് 1995 ൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി പഞ്ചായത്തീരാജ്, നഗരപാളിക നിയമ പ്രകാരം 1995 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തുകയും, കൂടുതൽ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ചെലവഴിക്കുവാനായി 480 കോടി രൂപയും നൽകി.
1996 ൽ വീണ്ടും അധികാരത്തിൽ എത്തിയ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ യു .ഡി.എഫ് സർക്കാർ നടപ്പിലാക്കിയ അധികാര വികേന്ദ്രികരണ നടപടികൾ അട്ടിമറിക്കാനായാണ് 1996 ൽ ജനകീയ ആസൂത്രണ പദ്ധതി ആവിഷ്കരിച്ചത്. ഇതനുസരിച്ചു ജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റ്റെ പേരിൽ ആസൂത്രണ ബോര്ഡിന് കീഴിൽ ഒരു ജനകീയ സമിതി രൂപികരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് താഴത്തെ തലത്തിൽ നിന്നുയർന്നു വരുന്ന ആവശ്യങ്ങളെ ആസ്പദമാക്കി സംസ്ഥാനത്തിന്റെ പദ്ധതി രൂപീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.ഇത് സദുദ്ദേശത്തോടെ ആണെന്ന ധാരണയിൽ യു ഡി ഫ് ഇതുമായി തുടക്കത്തിൽ സഹകരിച്ചു.
എന്നാൽ സംഭവിച്ചത് മറിച്ചാണ്. ജനപങ്കാളിത്തത്തിന്റെ പേര് പറഞ്ഞു, എല്ലായിടത്തും പാർട്ടി പ്രവർത്തകരെയും, അനുഭാവികളെയും കുത്തി നിറച്ചു. വർക്കിംഗ് ഗ്രൂപ്പുകൾ, സാങ്കേതിക ഉപദേശ സമിതികൾ എന്നിവയിലെല്ലാം സി പി എം കാരെ കുത്തിനിറച്ചു. അതോടെ യു ഡി എഫ് ജനകീയാസൂത്രണത്തിനെതിരായി. അത് ധൂർത്തിനും അനാവശ്യ ചെലവുകൾക്കുമായാ ണ് സി പി എം ഉപയോഗിച്ചത് . 2001 ലെയും 2011 ലെയും യും തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തു അധികാരത്തിൽ വന്ന യു ഡി എഫ് സർക്കാർ ജനകീയാസൂത്രണത്തിനു പകരം, കേരള വികസന പദ്ധതി കൊണ്ടുവന്നു. യഥാർത്ഥ അധികാര വികേന്ദ്രികരണമാണ് യു ഡി എഫ് നടപ്പിലാക്കിയത്. കൂടുതൽ അധികാരങ്ങളും, സാമ്പത്തിക സഹായവും പഞ്ചായത്ത്-നഗര പാലിക സ്ഥാപനങ്ങൾക്ക് നൽകി. സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകളും യു ഡി എഫ് സർക്കാരുകൾ നടപ്പിലാക്കി.
തുടർന്ന് വന്ന പിണറായി സർക്കാർ, നവകേരള മിഷന്റെ കീഴിൽ രൂപീകരിച്ച ലൈഫ്,ആദ്രം, ഹരിതകേരളം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള നാല് മിഷനുകൾക്കു കൂടുതൽ പ്രാധാന്യം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും, സാമ്പത്തിക സൗകര്യങ്ങളും ഈ മിഷനുകൾക്കാണ് ഇടതു സർക്കാർ നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ നോക്കുകുത്തികളാക്കിമാറ്റുന്ന നയമാണ് ഇടതു സർക്കാർ പിന്തുടരുന്നത്. 2019-20 ൽ തദ്ദേശ സ്ഥാപങ്ങൾക്കു മീക്കിവച്ച തുകയിൽ 53.87 % മാത്രമേ ചിലവഴിച്ചുള്ളൂ. 2020-21 ൽ പദ്ധതി വിഹിതത്തിൽ നിന്നും 30 %
വെട്ടിക്കുറവ് ആദ്യമേ വരുത്തി. അതിനു പുറമേ , മുൻ വർഷത്തെ ക്യാരി ഓവർ ചെയ്ത പണികൾക്കുള്ള തുകയും കഴിഞ്ഞ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നാണ് എടുത്തത്. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടു ഒഴിവാക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ തനതു ഫണ്ട് വരുമാനം ട്രഷറിയിൽ സൂക്ഷിക്കണമെന്ന ധനവകുപ്പിന്റെ നിർദേശം. നടപ്പിലാകുന്നതോടെ അധികാര വികേന്ദ്രികരണം അട്ടിമറിക്കപ്പെടുകയാണ്.സംസ്ഥാന സർക്കാർ നടപ്പിലാക്കേണ്ട പ്രളയം, കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും, തദ്ദേശ സ്ഥാപങ്ങൾക്കു തുകയൊന്നും നൽകാതെ, അവരുടെ ഫണ്ടിൽ നിന്നും ചെലവഴിക്കാനാണ് സർക്കാരിന്റെ നിർദേശം. ഇങ്ങനെ എല്ലാ രീതികളിലും, തദ്ദേശ സ്ഥാപങ്ങളെ തകർക്കുന്ന നിലപാടുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനു അധികാര വികേന്ദ്രികരണത്തെക്കുറിച്ചു ഊറ്റം കൊള്ളാൻ ഒന്നുമില്ല.
പി.എസ് .ശ്രീകുമാർ
കൺവീനർ ,
കെ പി സി സി യുടെ ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ
.
No comments:
Post a Comment