Saturday, 18 September 2021

                          ഭക്ഷ്യ ക്ഷാമത്തിൽ    ശ്രീലങ്ക

പി.എസ് .ശ്രീകുമാർ  


ദ്വീപ് രാജ്യമായ  ശ്രീലങ്ക  രൂക്ഷമായ  ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിലാണ്. ഭക്ഷ്യ വസ്തുക്കളുടെ  ശേഖരം പൊതുവിപണിയിൽ  ക്രമാതീതമായി കുറയുകയും, ഉള്ളവക്ക് അമിത നിരക്ക് കൊടുക്കേണ്ട സാഹചര്യവുമാണ് അവിടെ നിലനിൽക്കുന്നത്.പാൽപ്പൊടി, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ദൗർലഭ്യം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലുമാക്കിയ സാഹചര്യത്തിലാണ്  ഓഗസ്റ്റ് 31  ന്  ശ്രീലങ്കൻ സർക്കാർ  സാമ്പത്തിക അടിയന്തിരാവസ്ഥ  പ്രഖ്യാപിച്ചത്.  ചില നിക്ഷിപ്ത താല്പര്യക്കാരായ  കച്ചവടക്കാർ ഭക്ഷ്യ വസ്തുക്കൾ കരുതിക്കൂട്ടി പൂഴിത്തിവച്ച ശേഷം കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നാണ്  സർക്കാർ ആരോപിക്കുന്നത്.  ഈ പ്രതിസന്ധി തരണം ചെയ്യാൻ സൈന്യത്തോട് ആവശ്യപ്പെട്ട  പ്രസിഡന്റ ഗോതബയ്യ  രജപക്സെ, പൂഴ്ത്തിവച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു  പൊതുവിതരണ സമ്പ്രദായത്തിലൂടെ  വിതരണം ചെയ്യുവാൻ  ഒരു മുൻ ആർമി മേജർ ജനറലിനെ ചുമതലപ്പെടുത്തി.   

പണ്ടേ ദുർബല 

പണ്ടേ ദുർബല, പിന്നെ ഗർഭിണി എന്ന അവസ്ഥയിലാണ് ശ്രീലങ്ക ഇപ്പോൾ. കോവിഡ്  വ്യാപനത്തിനു  മുമ്പ് തന്നെ ശ്രീലങ്ക സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു.    2020  മാർച്ച് 6 നായിരുന്നു  കോവിഡ്  കേസ് അവിടെ  ആദ്യം കണ്ടെത്തിയത്. ഇപ്പോൾ ലങ്ക കോവിടിന്റ്റെ  നാലാം തരംഗത്തിലെത്തിനിൽകുന്നു.  രണ്ടു കോടി ഇരുപതു ലക്ഷം  ആണ്  ജനസംഖ്യ.  ഇതിനോടകം  അഞ്ചുലക്ഷം   ലക്ഷം പേർക്ക്  കോവിഡ്  ബാധിച്ചു.   ഒരാഴ്ചത്തെ  ശരാശരി പുതിയ കേസുകൾ   മൂവ്വായിരത്തിനടുത്തും . ശരാശരി  പ്രതിദിന മരണ നിരക്ക്  നൂറിന്  മുകളിലുമാണ് . ചൈനയുടെ സഹായത്തോടെ  വാക്‌സിനേഷൻ  വേഗത്തിൽ നടപ്പിലാക്കുവാൻ ശ്രീലങ്കക്ക് കഴിയുന്നുണ്ട്.  സെപ്തംബര് രണ്ടാം വാരത്തോടെ 48  ശതമാനം പേർക്ക് രണ്ടു ഡോസ് വാക്‌സിൻ നൽകി.  ഒരു വാക്‌സിൻ എടുത്തവർ അറുപതു ശതമാനത്തോളം വരും. എന്നിട്ടും കോവിടിന്റ്റെ  വ്യാപനം കുറഞ്ഞിട്ടില്ല. അതിനാൽ രാജ്യം  ഇപ്പോഴും ലോക്ക് ഡൗണിലാണ് . ലോക്ക് ഡൌൺ നീണ്ടുപോകുന്നതും ഉത്പ്പാദന മേഖലയെയും സാമ്പത്തിക രംഗത്തെയും  ആകെ ബാധിച്ചിരിക്കുകയാണ്.

ഉദ്പാദന മേഖല സ്തംഭിച്ചു 

തേയില, റബ്ബർ , സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.  ഏകദേശം അഞ്ചു ലക്ഷം പേര് തേയില വ്യവസായവുമായി നേരിട്ട്  ബന്ധപ്പെട്ടു ജീവിക്കുന്നു. നേരിട്ടും പരോക്ഷമായും മുപ്പതു ലക്ഷത്തോളം ആളുകളുടെ ജീവനോപാധി  ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യമൊട്ടാകെ അറുന്നൂറോളം  തേയില ഫാക്ടറികളാണ് ഉള്ളത്. കോവിഡ്  വ്യാപനത്തോടെ തേയില  ഉത്പ്പാദനം കുറഞ്ഞു. ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ  തേയില ഫാക്ടറികളിലും തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നു. റബര് ഉത്പ്പാദനം കുറഞ്ഞത് ആ മേഖലയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.

ശ്രീലങ്കയുടെ പ്രധാന ഭക്ഷ്യോത്പാദനം  അരിയാണ്.പ്രതിവർഷം മൂന്നു മുതൽ നാല്  ദശ ലക്ഷം   മെട്രിക്  ടൺ  അരിയാണ്  ഉപയോഗിക്കുന്നത്. എന്നാൽ  ആവശ്യമുള്ളതിന്റെ  അറുപതു ശതമാനം മാത്രമാണ് ഉദ്‌പാദനം. ബാക്കിവരുന്നത്  ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഏകദേശം 20  ലക്ഷത്തോളം, നെൽകൃഷിക്കാരാണ് ഉള്ളത്.   മൊത്തം തൊഴിലാളികളുടെ  27  ശതമാനത്തോളം  പേർ  കർഷക തൊഴിലാളികളാണ്.    കാബ്ബേജ്, കാരറ്റ്,ബീറ്റ്റൂട്ട്;കോളിഫ്ലവർ ,  തക്കാളി, ക്യാപ്സിക്കും, പഴവർഗങ്ങൾ  എന്നിവയാണ് പ്രധാന കാര്ഷികോല്പന്നങ്ങൾ.   കോവിഡിന് മുമ്പുള്ള  കാലഘട്ടത്തിൽ, പച്ചക്കറികൾ  ഗൾഫ് നാടുകളിലേക്ക് കയറ്റുമതി  ചെയ്തു വിദേശ നാണ്യം നേടിയിരുന്നു. എന്നാൽ  അതെല്ലാം അവതാളത്തിലായി.

വിനോദ സഞ്ചാര മേഖല തളർന്നു

തേയിലക്കു  പുറമെ, ശ്രീ ലങ്കയുടെ ഒരു   പ്രധാന  വിദേശ നാണ്യ സ്രോതസ്   വിനോദ സഞ്ചാര മേഖലയാണ്. മൊത്തം  ആഭ്യന്തര ഉത്പ്പാദന വളർച്ച നിരക്കിന്റെ  10  ശതമാനം  ഈ മേഖലയുടെ സംഭാവനയാണ്.  എന്നാൽ, 2019  ലെ  ഈസ്റ്റർ ദിവസം നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം  വിനോദ സഞ്ചാരികൾ  ശ്രീലങ്കയെ ഒഴിവാക്കി തുടങ്ങി.   ആക്രമണത്തിൽ  കൊല്ലപ്പെട്ട  267  പേരിൽ   45  പേർ  വിദേശികളായിരുന്നു.കൊറോണ വ്യാപനം കൂടി വന്നതോടെ വിനോദ സഞ്ചാര വ്യവസായം  കുത്തനെ ഇടിഞ്ഞു.   ഈ  മേഖലയിൽ നിന്നുമുള്ള  വരുമാനം 2018 ൽ 4.3 ബില്യൺ ഡോളറും ,   2019 ൽ  3.6  ബില്യൺ ഡോളറും  ആയിരുന്നത്   2020  ൽ  0.50   ദശ ലക്ഷം   ഡോളർ ആയി കുറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള  പ്രവാസികളുടെ വരുമാനവും  കുറഞ്ഞു. ഇതിന്  അനുബന്ധമായി  വിദേശ നിക്ഷേപവും വളരെയേറെ കുറഞ്ഞു.  അതോടെ  സെൻട്രൽ ബാങ്കിന്റെ പക്കൽ ഉണ്ടായിരുന്ന  വിദേശനാണ്യ ശേഖരം ഗണ്യമായി കുറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു രണ്ടു മാസത്തെ   ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യ  ശേഖരം മാത്രമേ ഇപ്പോൾ സെൻട്രൽ ബാങ്കിന്റെ കൈവശം ഉള്ളു.  സമ്പദ്  വ്യവസ്ഥയിലെ പാളിച്ച  ശ്രീലങ്കൻ രൂപയുടെ വിലയിടിവിനും ഇടയാക്കി. ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക്  200  ശ്രീലങ്കൻ രൂപയായി കുറഞ്ഞു.

അശനിപാതമായി ജൈവ കൃഷിയും 

സമ്പദ്‌വ്യവസ്ഥ  മോശമായ  സാഹചര്യത്തിൽ നിൽക്കുമ്പോഴാണ്  ഇക്കഴിഞ്ഞ ഏപ്രിൽ 29 ന്  രാജ്യം സമ്പൂർണ ജൈവ കൃഷിയിലേക്ക്  മാറുവാൻ  പ്രസിഡന്റ ഗോതബയ്യ  ഉത്തരവിറക്കിയത്. പ്രധാന കാർഷിക-നാണ്യ വിളകളായ നെൽകൃഷി, തേയില, റബ്ബർ, പച്ചക്കറികൾ തുടങ്ങിയവയുടെ  തൊണ്ണൂറു ശതമാനവും   രാസവളം  ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സർക്കാർ തീരുമാനം വന്നതോടെ രാസവളങ്ങളുടെ ഇറക്കുമതിയും നിർത്തി. കാർഷിക ഉദ്‌പാദനത്തെ    സർക്കാരിന്റെ പുതിയ നയം ദോഷകരമായി ബാധിചു . തേയില ഉദ്‌പാദനം,   ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ  പകുതിയായി കുറയുമെന്നാണ് തേയില ഉദ്പാദക സംഘടന  കണക്കാക്കിയിരിക്കുന്നത് . സർക്കാരിന്റെ പുതിയ നയം നടപ്പിലാക്കിയതോടെ   ഭക്ഷ്യ വസ്തുക്കളുടേയും   വളങ്ങളുടേയുമൊക്കെ വില ക്രമാതീതമായി ഉയരുവാൻ തുടങ്ങി. പഞ്ചസാരയുടെവില കിലോക്ക് 200  ശ്രീലങ്കൻ രൂപയായി. അരി,  തേയില, മണ്ണെണ്ണ,  പാചകവാതകം തുടങ്ങി എല്ലാ ആവശ്യവസ്തുക്കളുടെയും വില ഉയർന്നു. പണപ്പെരുപ്പം ദശാബ്ദങ്ങൾക്ക്  ശേഷം 6 ശതമാനമായി വർധിച്ചു. 

              ഈ ഒരു പശ്ചാത്തലത്തിലാണ് ശ്രീലങ്കയുടെ വിദേശകടബാധ്യത ചർച്ചയാവുന്നതു. ഇപ്പോഴത്തെ വിദേശകടം 35.1 ബില്യൺ  അമേരിക്കൽ ഡോളറാണ്.  ചൈനയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ  തുക ശ്രീലങ്ക വാങ്ങിയിട്ടുള്ളത്.  മറ്റ്  വിദേശരാജ്യങ്ങളിൽ നിന്നും  നൽകുന്ന കടവുമായി താരതമ്യം ചെയ്യുമ്പോൾ  ചൈന ഈടാക്കുന്നത് ഉയർന്ന പലിശനിരക്കാണ്. ഹംബെന്ടോട്ട  തുറമുഖവും വിമാനത്താവളവും, കൊളംബോ തുറമുഖം , ദേശിയ പാതകൾ തുടങ്ങിയ വൻ വികസന   പദ്ധതികൾക്ക്   കടം വാങ്ങിയിരിക്കുന്നത്  ചൈനയിൽ നിന്നുമാണ്.  ഹംബെന്ടോട്ട  തുറമുഖ പദ്ധതിക്ക്‌  എടുത്ത 1.12  ബില്യൺ ഡോളർ  കടം തിരിച്ചടക്കാൻ ബുദ്ധിമുട്ടിയപ്പോൾ,   ആ തുറമുഖവും അതിനോട് ചേർന്നുള്ള 1500  എക്കർ  സ്ഥലവും 99  വർഷത്തേക്ക് ചൈനക്ക്  പാട്ടത്തിന്  കൊടുക്കേണ്ടിവന്നു.  ഇതുവരെ എടുത്തിട്ടുള്ള കടം തിരിച്ചടക്കുന്നതിനു  ഈ  വര്ഷം ശ്രീലങ്കക്ക് ആവശ്യമുള്ളത്  3.7 ബില്യൺ ഡോളറാണ്. അതിൽ  1.3 ബില്യൺ ഡോളർ അവർ അടച്ചു.  ബാക്കി ഇനിയും അടക്കാനുണ്ട്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പല നിബന്ധനകളും ഉള്ളതിനാൽ ലോക ബാങ്കിന്റെതുൾപ്പെടെയുള്ള അന്തർദേശീയ  ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും  കടമെടുക്കാൻ ശ്രീലങ്ക മടിച്ചുനിൽക്കുകയാണ്.  ഈ അവസരമാണ് ചൈന ഉപയോഗിച്ചുകൊണ്ടിരിക്കുന്നതു.  ഈ വര്ഷം 1.5 ബില്യൺ ഡോളർ ധനസഹായം  ചൈന നൽകിക്കഴിഞ്ഞു. ഇന്ത്യയോടും, ബംഗ്ലാദേശിനോടും ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ,  ചൈനയുമായുള്ള ശ്രീലങ്കയുടെ ബന്ധത്തിന്റെ പേരിൽ,  ഇന്ത്യ ഇതുവരെയും സമ്മതം മൂളിയിട്ടില്ല. മറ്റു രാജ്യങ്ങൾ  സാമ്പത്തിക സഹായം  നൽകുന്നില്ലെങ്കിൽ ,   ശ്രീലങ്കൻ സർക്കാർ  ചൈനയുടെ കരവലയത്തിൽ കൂടുതൽ അമരനാണ് സാധ്യത. 

പി .എസ് .ശ്രീകുമാർ 

98471  73177 









No comments:

Post a Comment