ആനിരാജ അസ്ത്രം തൊടുത്തത് പിണറായിയെ ലക്‌ഷ്യം വച്ച്
പി.എസ് .ശ്രീകുമാർ
കേരളത്തിലെ പോലീസ് സേനയിൽ ആർ എസ് എസ് ഗാങ് ഉണ്ടെന്ന സി പി ഐ ദേശീയ നേതാവും സി പി ഐ ദേശീയ സെക്രട്ടറി ഡി.രാജയുടെ ഭാര്യയുമായ ആനി രാജയുടെ പ്രസ്താവന വലിയ വിവാദമായി മാറിയിരിക്കുകയാണല്ലോ. പിണറായിയെ പേടിയുള്ള സംസ്ഥാന സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ ഉടൻ തന്നെ ആനി രാജയെ തള്ളി പ്രസ്താവന ഇറക്കി. വസ്തുതകൾ വിലയിരുത്തി വിവേകപൂർവം സംസാരിക്കുന്ന അപൂർവം ദേശീയ നേതാക്കളിൽ ഒരാളാണ് ആനിരാജ. കഴിഞ്ഞ അഞ്ചുവർഷമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പിണറായിവിജയനാണെന്ന് അറിയാതെയല്ലല്ലോ അവർ ഈ പ്രസ്താവന നടത്തിയത്. സമൂഹത്തിന്റെ പരിഛേദമാണ് പോലീസ് സേനയും. സമൂഹത്തിൽ ഉള്ളതുപോലെ മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും, ആർ എസ് എസ് തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹ്യ ചിന്താഗതി ഉള്ളവർ പോലീസിലും കാണുമെന്നതിൽ സംശയമില്ല. ഏതുസേനയായാലും അതാതു സർക്കാരിന്റെ നയത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുക. പൊലീസിലെ രാഷ്ട്രീയവൽക്കരണവും, അവിടെ നടമാടുന്ന മാർക്സിസ്റ്റ് തേരോട്ടവും മനസ്സിലാക്കിയ ആനി രാജ, മുന്നണിയിലെ ഘടക കക്ഷി എന്നനിലയിലുള്ള പരിമിതികൾ മനസ്സിലാക്കിയാണ് ആർ എസ് എസ്സിനെ പഴിചാരി പ്രസ്താവന ഇറക്കിയത്..
പൊലീസിലെ അരാജകത്വം
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പോലീസ് സേനയിൽ വന്ന അരാജകത്വവും ക്രിമിനൽ വൽക്കരണവും കണ്ടും, കെട്ടും, അനുഭവിച്ചവരുമായ കേരള ജനതയ്ക്ക് ആനി രാജ പറയുന്നതിന് മുമ്പ് തന്നെ ബോധ്യമായതാണ് ഇതൊക്കെ. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രമസമാധാന നില അമ്പേ തകർന്നു. അക്രമങ്ങളും കവർച്ചകളും നിത്യ സംഭവമായി മാറി.അഴിഞ്ഞാടുന്ന ഗുണ്ടാ സംഘങ്ങളും, കൊട്ടേഷൻ സംഘങ്ങളും സമൂഹത്തെ ഭീതിയിലാഴ്ത്തുകയാണ്.സംഗീത ബാലനെന്ന ചെറുപ്പക്കാരനെ കാട്ടാക്കടയിൽ, മണ്ണ് കടത്തു സംഘം ജെ സി ബി ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തിയപോലെ ക്രൂരമായ സംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്നു. അർധരാത്രി ഇരുളിന്റെ മറവിൽ ജെ സി ബിയും ടിപ്പറും ഉപയോഗിച്ച് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് എടുക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് ആ ചെറുപ്പക്കാരനെ ദാരുണമായി കൊലപ്പെടുത്തിയത്. അതുപോലെ ക്രൂരമായ മറ്റൊരു സംഭവമാണ് പാപ്പനംകോട്ടെ ദേശിയ പാതയിൽ വച്ച് എസ് .വി.പ്രദീപ് എന്ന മാധ്യമ പ്രവർത്തകനെ പട്ടാപകൽ ലോറി ഇടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് വരെ പ്രതിയെ പിടിക്കാൻ കേരള പൊലീസിന് സാധിച്ചിട്ടില്ല. ഇടതു സർക്കാരിനെ നിശിതമായി വിമർശിച്ചതിനുള്ള ശിക്ഷയാണോ പ്രദീപിന്റെ കൊലപാതകം എന്ന് ജനങ്ങൾ സംശയിക്കുന്നു. മറ്റൊരു മാധ്യമ പ്രവർത്തകനായ ബഷീറിനെ കാറിടിപ്പിച്ചു കൊന്ന കേസിലും കൊലപാതകം നടത്തിയവരെ സംരക്ഷിക്കാനാണ് പോലീസ് ജാഗ്രത പുലർത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൊലപാതകികളും, അക്രമികളും, മോഷ്ടാക്കളും കേരളത്തെ അവരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്.കാസർകോട്ട് മുൻ അധ്യാപികയെ കഴുത്തറുത്തു കൊന്നു. കൊച്ചിയിൽ വീട്ടുകാരെ ആക്രമിച്ചുള്ള കവർച്ച പരമ്പര നടന്നു. ഉണ്ടാവിളയാട്ടം സർവസാധാരണമായി. കഴക്കൂട്ടത്തെ പഴ കച്ചവടക്കാരനെ ഗുണ്ടകൾ വെട്ടിക്കൊന്നിട്ടു അധികനാളായില്ല. മാറനല്ലൂരിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ വീട് കയറി ആക്രമിച്ചു കൈകാലുകൾ തകർത്തു. പല ഗുണ്ടാസംഘങ്ങളുടെയും പിറകിലെ ശക്തി സി പി എം നേതാക്കളാണെന്നുള്ളത് പകൽ പോലെ വ്യക്തം. വ്യവസായിയെ,ഭീഷണിപ്പെടുത്തുകയും, തട്ടിക്കൊണ്ടു പോവുകയും ചെയ്ത സി പി എം കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സകീർ ഹുസൈനും , വടക്കാഞ്ചേരിയിലെ സി പി എം കൗണ്സിലറുമെല്ലാം ഈ ഗുണ്ടാ വിളയാട്ടത്തിനു മുന്നിട്ടിറങ്ങിയവരോ, പിന്തുണച്ചവരോ ആണ്.
മനുഷ്യാവകാശ ധ്വംസനത്തിലും മുന്നിൽ
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതിലും കേരളാ പോലീസ് മുന്നിലാണ്. ആറ്റിങ്ങലിൽ പട്ടിക ജാതിക്കാരനായ ജയചന്ദ്രൻ എന്ന അച്ഛനേയും, എട്ടു വയസ്സുകാരിയായ മകളേയും മൊബൈൽ മോഷ്ടിച്ച് എന്നാരോപിച്ചു നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യ വിചാരണ നടത്തുകയും ചെയ്ത സംഭവം പോലീസ് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രകടമായ ഉദാഹരണമാണ്.
അമിത വേഗതയിൽ വാഹനം ഓടിച്ചു എന്ന് ആരോപിച്ചു ബാലരാമപുരത്തു പിടിച്ച കാറിൽ മൂന്ന് വയസ്സുകാരി പെൺകുഞ്ഞിനെ വാഹന പരശോധനക്കിടെ, പോലീസ് , വാഹനത്തിനുള്ളിൽ പൂട്ടിയിട്ട സംഭവം പോലീസ് ക്രൂരതയുടെ മറ്റൊരു ദൃഷ്ടാന്തമാണ്. കാറിനകത്തു ഒറ്റക്കിരുന്നു കുഞ്ഞു പേടിച്ചു നിലവിളിച്ചിട്ടും അത് അവഗണിച്ച പോലീസ് ഉദ്യോഗസ്ഥൻ , സ്റ്റിയറിംഗ് സീറ്റിലിരുന്ന് താക്കോൽ ഊരിയെടുത്തശേഷം കാർ പൂട്ടി പുറത്തുപോകുന്ന ദൃശ്യം കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
കൊല്ലം ചടയമംഗലത്തു എ ടി എം നു മുമ്പിൽ ക്യു നിന്ന ഒരു വൃദ്ധനെതിരെ, സാമൂഹ്യ അകലം പാലിച്ചില്ലെന്ന് പറഞ്ഞു, പെറ്റി അടിച്ച പോലീസ് ഉദ്യോഗസ്ഥനോട് , എന്തിനാണ് പെറ്റി അടിച്ചതെന്നു ചോദിച്ച വിദ്യാർത്ഥിനിയായ ഗൗരി നന്ദക്കെതിരെ പോലീസ് പെറ്റി അടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇങ്ങനെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഒരു പരമ്പര തന്നെയാണ് പോലീസ് സംസ്ഥാനത്തുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.
പോലീസ് ഭരണം പാർട്ടിക്ക്
പോ ലീസ് സേന മുഴുവൻ, സി പി എം നേതാക്കളുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി തൊട്ടു സംസ്ഥാന സെക്രെട്ടറിവരെയുള്ള വിവിധ ശ്രേണികളിലുള്ള പാർട്ടി നേതാക്കളാണ് പോലീസ് സേനക്ക് നിർദേശം നൽകുന്നത്. ഏതാനും നാൾ മുമ്പ് നടന്ന സി പി എം എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നതിനെത്തുടർന്നാണ് എ ഡി ജി പി സന്ധ്യയേയും, ഐ.ജി. പി. വിജയനെയും മാറ്റിയത്. കോട്ടയത്ത് പോലീസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിൽ ഉദ്‌ഘാടനം ചെയ്തത് അന്നത്തെ സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന വി.എൻ . വാസവൻ ആയിരുന്നു. കേരളത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് പോലീസ് ഓഫീസർസ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുത്തത്. മാത്രമല്ലാ , ചില അസോസിയേഷൻ അംഗങ്ങൾ ചുവപ്പു ഷർട്ടും ഇട്ടായിരുന്നു യോഗത്തിൽ പ്രതിനിധികളായി പങ്കെടുത്തത് .
അധികാരം തലക്കുപിടിച്ച മാർക്സിസ്റ്റ് പ്രവർത്തകർ, വരുതിക്ക് നിൽക്കാത്ത പോലീസുകാരെ ആക്രമിക്കുകയും തല്ലിച്ചതക്കുകയും ചെയ്യുന്നതും നാം കണ്ടു.. തിരുവനന്തപുരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കാണാൻ അനുവദിക്കാത്തതിന് പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തത്. ഈ കേസിലെ പ്രതികളെ പിടികൂടാൻ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് ആയിരുന്ന ചൈത്ര തെരേസ ജോണിനെ ഉടൻ തന്നെ സ്ഥലം മാറ്റി പാർട്ടി പ്രവർത്തകരെ രക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത് . ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
പോലീസിനെ പൂർണമായും രാഷ്ട്രീയവൽക്കരിക്കുകയും, രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഒരു ഉപകരണമാക്കി മാറ്റിയതുമാണ് ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്. പോലീസിൽ പാർട്ടി ഫ്രാക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നു. ഫ്രാക്ഷൻ കമ്മിറ്റി യുടെ ചൊൽപ്പടിക്ക് നിൽക്കാത്ത സേനാന്ഗങ്ങളെ അവർ ക്രൂരമായി പീഡിപ്പിക്കും. പി എസ് സി മുഖാന്തിരമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പിലും , നിയമനത്തിലും, സ്ഥലം മാറ്റത്തിലുമെല്ലാം പാർട്ടി നേതാക്കളുടെ അവിഹിതമായ ഇടപെടൽ നടക്കുന്നു. അതുകൊണ്ട് അവരുടെ വിധേയത്വം ജനങ്ങളോടല്ല, മറിച്ചു പാർട്ടി നേതാക്കളോടാണ്. കൈക്കൂലിയും, മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന പോലീസുകാർക്ക് സംരക്ഷണം നൽകാൻ പാർട്ടി നേതാക്കൾ ഉള്ളതിനാൽ പൊലീസിന് എന്തും ആകാമെന്ന സ്ഥിതിയാണ് ഇന്നുള്ളത്.പോലീസ് സേനയെ മനസ്സിലാക്കുവാനോ, അവരെ നിയന്ത്രണത്തിൽ നിർത്തുവാനോ കെല്പില്ലാത്തവർ ആഭ്യന്തര വകുപ്പ് ഭരിച്ചാൽ ഉണ്ടാകുന്ന ദുരന്തമാണ് ഇന്ന് കേരളത്തിലെ പോലീസിന് സംഭവിച്ചിരിക്കുന്നത്. പോലീസിനുണ്ടായ വീഴ്ചയുടെയും പരാജയത്തിന്റെയും മർമം മനസ്സിലാക്കിയാണ് ആനി രാജ അസ്ത്രം തൊടുത്തത് . അത് കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ട് എന്നതിൽ സംശയം ഇല്ല.
പി.എസ് .ശ്രീകുമാർ

No comments:
Post a Comment