Sunday, 12 September 2021

                    ഭീകരതക്കെതിരായ യുദ്ധവും  അമേരിക്കയും 



പി.എസ് .ശ്രീകുമാർ 

യേശു ക്രിസ്തുവിനു മുമ്പും പിമ്പും  എന്ന കാലഗണന പോലെയാണ്, 9/ 11 നു മുമ്പും പിൻപും.  ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും   9/ 11 നു മുമ്പും ഭീകരാക്രമണങ്ങൾക്കു  വിധേയമായിട്ടുണ്ടെങ്കിലും  ഭീകരാക്രമണങ്ങളുടെ തീക്ഷ്‌ണത  അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും  അറിഞ്ഞിരുന്നില്ല.     ഇതിന്റെ   നിർദയത്വവും , ക്രൂരതയും അവർ  മനസ്സിലാക്കിയത്,   2001  സെപ്റ്റംബർ  9 നു അമേരിക്കയിൽ നടന്ന ഭീകരാക്രമണങ്ങളോടെയായിരുന്നു. 90   രാജ്യങ്ങളിൽനിന്നുമുള്ള  നിരപരാധികളായ 2997  ആളുകളാണ്  അന്ന്  അവിടെ  നടന്ന നാലു വ്യത്യസ്‌ത  ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ പൗരന്മാരായ 2605  പേരും, മറ്റു രാജ്യങ്ങളിൽനിന്നുമുള്ള 372  പേരും കൊല്ലപ്പെട്ടു.    ഭീകരർ തട്ടിയെടുത്ത വിമാനങ്ങൾ ഇടിപ്പിച്ചു തകർത്ത  ലോക  വാണിജ്യ  കേന്ദ്രത്തിന്റെ ഇരട്ട മന്ദിരത്തിൽ  മാത്രം കൊല്ലപ്പെട്ടത് 2606 പേരായിരുന്നു. ഈ ആക്രമണത്തിൽ  19  ഭീകരരും കൊല്ലപ്പെട്ടു. ലോകത്തിലെ ഒരു ശക്തിക്കും എത്തിനോക്കാൻ പോലും സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നതും അത്രമാത്രം സുരക്ഷിതമെന്നും കരുതപെട്ടിടുന്നതുമായ   അമേരിക്കയുടെ സൈനിക  രഹസ്യങ്ങളുടെ കലവറയായ   പെന്റഗണിൽ  125  പേരാണ് കൊല്ലപ്പെട്ടത്.   ലോക പോലീസ് ചമഞ്ഞ  അമേരിക്കയുടെ  ആത്മാഭിമാനമാണ്   ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.  ഈ സംഭവത്തോടെ  ഭീകര പ്രവർത്തനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ  അമേരിക്ക നിർബന്ധിതമായി.  ആക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത അൽ- ഖയ്‌ദയുടെ  സ്ഥാപകനും മുഖ്യ ആസൂത്രകനുമായ  ഉസാമ ബിൻ ലാദനെ വിട്ടുനൽകാൻ അഫ്ഘാനിസ്ഥാൻറ്റെ  ഭരണം പിടിച്ചെടുത്ത താലിബാനോട്  പ്രസിഡന്റ ബുഷ്  ആവശ്യപ്പെട്ടെങ്കിലും, ലാദനെ വിട്ടുനൽകാൻ താലിബാൻ  വിസമ്മതിച്ചു.  അതോടെയാണ്  ഭീകരതക്കെതിരെ  യുദ്ധം അൽ -ഖൈദക്  എതിരെ  ആരംഭിക്കുന്നുവെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  അമേരിക്കയുടെയും  സഖ്യ കക്ഷികളുടെയും  സൈന്യം 2001  ഒക്ടോബറിൽ  അഫ്ഘാൻ മണ്ണിൽ കാലുകുത്തുന്നത്.  ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ കണ്ടെത്തി,  പരാജയപ്പെടുത്തുമെന്ന്  ദൃഢപ്രതിഞ്ജ എടുത്തുകൊണ്ടാണ്   താലിബാൻ ഭരണകൂടത്തെ പുറത്താക്കാനുള്ള  സൈനിക നടപടികൾക്ക് തുടക്കം കുറിച്ചത്.    ഇരുപതു വർഷങ്ങൾക്കിപ്പുറം ഓഗസ്റ്റ് 30 ന്   അഫ്ഘാൻ മണ്ണിൽ നിന്നും അവസാന സൈനികനേയും  പിൻവലിച്ചു കഴിഞ്ഞപ്പോൾ  സ്വാഭാവികമായി ഉയരുന്ന ചോദ്യം, കഴിഞ്ഞ  രണ്ട്  പതിറ്റാണ്ടുകൊണ്ട്,   ഭീകരതക്കെതിരെയുള്ള യുദ്ധത്തിൽ എന്താണ് അമേരിക്ക നേടിയെന്നതാണ്?
താലിബാൻ അധികാരത്തിനു പുറത്താകുന്നു 

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ  താലിബാനെ ഭരണത്തിൽ നിന്നും നിഷ്കാസിതമാക്കുവാനും, നിരവധി അൽ-ഖായിദ  ഭീകരരെ  വധിക്കുവാനും അമേരിക്കക്കു  കഴിഞ്ഞു.  കെനിയയിലെയും, ടാൻസാനിയായിലെയും  അമേരിക്കൻ എംബസ്സികൾക്കു നേരെ ഉണ്ടായ  ബോംബ് ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ച അൽ-ഖായിദ ഭീകരരെ ഉൾപ്പെടെ വധിക്കുവാനും അവരുടെ അഫ്ഘാനിസ്താനിലെ  ശൃംഖല പൊട്ടിക്കുവാനും  കഴിഞ്ഞു.  പത്തു  വർഷങ്ങൾക്ക്  ശേഷമാണെങ്കിലും   പാകിസ്താനിലെ, അബോട്ടാബാദിൽ താമസിച്ചിരുന്ന ബിൻ ലാദനെ  അമേരിക്കൻ നേവിയുടെ  പ്രത്യേക സേനാവിഭാഗം  2011  മേയിൽ , അയാൾ താമസിച്ചിരുന്ന ഒളിസങ്കേതത്തിൽ വച്ച്  വധിച്ചു.  എന്നാൽ അഫ്‌ഗാനിൽ ഛിന്നഭിന്നമായ അൽ-ഖായിദ  മറ്റു രാജ്യങ്ങളിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു.   അമേരിക്കയുടെ ഇറാക്ക്  അധിനിവേശത്തിനു ശേഷം ,  അൽ-ഖായ്ദ ഇറാക്ക് രൂപികരിച്ചു പ്രവർത്തനം ആരംഭിക്കുവാൻ  അബു മുസാബ് അൽ-സർക്കാവിക്കു കഴിഞ്ഞു.  2006 ൽ സർകാവിയെ അമേരിക്ക വധിച്ചു.  തിരിച്ചടി നേരിട്ട അൽ-ഖായിദ ,  കുറെ വര്ഷങ്ങള്ക്കു ശേഷം , അബു ബക്കർ  ബാഗ്‌ദാദിയുടെ   നേതൃത്വത്തിൽ  ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ രൂപികരിച്ചു  ശക്തി പ്രാപിച്ചു. ബിൻ ലാദൻറ്റെ  പിന്തുടര്ച്ചക്കാരനായി വന്ന അയ്മാൻ  അൽ-സവാഹിരി  സവാഹിരിയുമായി തെറ്റി പിരിഞ്ഞു.  ബാഗ്‌ദാദിയുടെ  നേതൃത്വം അംഗീകരിച്ച ഭീകര വാദികൾ  സിറിയയിലെ റാക്ക, ഇറാക്കിലെ മൊസൂൾ, ഫലൂജ തുടങ്ങിയ സ്ഥലങ്ങൾ പിടിച്ചെടുത്ത്‌  ശക്തി തെളിയിച്ചു. അവരെ എതിർക്കുന്നവരെ   അതി ക്രൂരമായി കൊ ല ചെയ്ത ഐസിസ്  ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും ക്രൂരമാ യ  ഭീകര പ്രസ്ഥാനമായി മാറുന്ന കാഴ്ചയാണ് നാം പിന്നീട് കാണുന്നത്. ഒടുവിൽ  അമേരിക്കയും, സിറിയയും, ഇറാ ക്കും,  ഇറാനും,  റഷ്യയും  പരോക്ഷമായിട്ടാണെങ്കിൽകൂടിയും,   യോജിച്ചു അണിനിരന്നത്തിനു ശേഷമാണ്   ഐസിസിനെ ഇറാക്കിലും, സിറിയയിലും  പരാജയപ്പെടുത്തിയതും , ബാഗ്‌ദാദിയെ  കൊലപ്പെടുത്തിയതും.

രൂപമാറ്റം വന്ന വൈറസ്പോലെ  ഭീകര സംഘടനകൾ 

 2001 ൽ അഫ്‌ഗാനിസ്ഥാനിൽ  അമേരിക്ക എത്തുമ്പോൾ, അൽ -ഖായിദ യുടെ പ്രവർത്തനങ്ങൾ  ഏതാണ്ട് പൂർണമായും  അഫ്‌ഗാൻ  കേന്ദ്രികരിച്ചായിരുന്നു. എന്നാൽ , ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് താലിബാനെ ഭരണത്തിന് പുറത്താക്കുകയും , അൽ-ഖായിദ  യുടെ പ്രവർത്തനങ്ങൾക്ക്  വിഘാതം സൃഷ്ടിക്കുകയും ചെയ്തപ്പോൾ, അവർ പ്രവർത്തനം നടത്തിയത് ഒളിവിൽ ഇരുന്നായിരുന്നു.  മാത്രമല്ലാ ,  മധേഷ്യയിലെ  വിവിധ ഭാഗങ്ങളിൽ അവർ പ്രാദേശികമായി സംഘടിച്ചു പ്രവർത്തനം ആരംഭിച്ചു.  ഇസ്ലാമിക സ്റ്റേറ്റിന്റെ രൂപീകരണത്തോടെ, ഈ പ്രാദേശിക  യൂണിറ്റുകൾ  ഐ എസ്സിന്റെ ഭാഗമായി മാറി.  2014 ൽ ബാഗ്‌ദാദിയെ എമിർ ആയി പ്രഖ്യാപിച്ചുകൊണ്ട് ,   ഇറാക്കും സിറിയയും ഉൾപ്പെട്ട കാലിഫേറ്റ്  രൂപികരിച്ചതോടെ  ഐസിസ് എല്ലാവരും ഭയക്കുന്ന ഭീകര സംഘടനയായി മാറുകയായിരുന്നു. ഐസിസിന്റെ  ഫത്‌വ  ലംഘിക്കുന്നവരെയും, ഇതര മതസ്ഥരെയും  കണ്ണിൽ ചോരയില്ലാതെ  കഴുത്തറുത്ത്‌  കൊന്ന  ശേഷം, മറ്റുള്ളവർക് ഒരു താക്കീതെന്ന നിലയിൽ  അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിക്കാൻ അവർ മടിച്ചില്ല. അമേരിക്കയുടെയും, റഷ്യയുടെയും, ഇറാന്റെയും  ഉൾപ്പെടെയുള്ള സൈനിക ശക്തികൾക്ക് മുമ്പിൽ  ഐസിസിന്റെ പ്രവർത്തനം   മധ്യേഷ്യയിൽ  തകർന്നപ്പോൾ, മറ്റുരാജ്യങ്ങളിൽ  പ്രാദേശിക  യൂണിറ്റുകൾ രൂപീകരിച്  അവരുടെ പ്രവർത്തനം ഐസിസ് വികേന്ദ്രികരിചു.  പശ്ചിമ  ആഫ്രിക്കയിലെ പ്രവർത്തനങ്ങൾക്കായി നൈജീരിയ  കേന്ദ്രീകരിച്ചു  ആദ്യം ബോക്കോ ഹറാം രൂപീകരിച്ചു. പിന്നീട് ഇത്   Islamic  State  West Africa  Province [ISWAP ] എന്നു പേര് മാറ്റി. പശ്ചിമ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്‌   നിരവധി ആക്രമണങ്ങൾ നടത്തി നിരപരാധികളായ  ഒട്ടേറെ ആളുകളെ അവർ കൊലപ്പെടുത്തി.  സ്കൂളുകളിൽ അതിക്രമിച്ചു കടന്നു നൂറ്കണക്കിന് പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കി. മറ്റൊരു ശക്തമായ പ്രാദേശിക ഘടകം ഐ എസ്  ഖൊറാസനാണ്.  കിഴക്കൻ അഫ്ഘാനിസ്താനും   പാക്കിസ്ഥാനും കേന്ദ്രീകരിച്ചാണ് ഈ ഘടകം രൂപീകരിച്ചത്. അൽ-ഖായിദയിൽനിന്നും, പാക്കിസ്ഥാൻ താലിബാനിൽ നിന്നും  പോയവരാണ് ഐ.എസ്  ഖോരനിൽ ചെന്ന് പ്രവർത്തിച്ചു തുടങ്ങിയവയിൽ ഏറെയും.   അഫ്‌ഗാനിസ്ഥാനിലും , പാകിസ്താനിലുമായി നടത്തിയ സ്ഫോടനങ്ങളിലൂടെ നിരവധി ആളുകളെയാണ് ഇവർ കൊലപ്പെടുത്തിയത്.  അമേരിക്കൻ സൈനികരുടെ പിന്മാറ്റത്തിനിടക്ക്  കഴിഞ്ഞ  ഓഗസ്റ്റ് 26 ന്  കാബൂൾ വിമാനത്താവളത്തിൽ സ്ഫോടനം നടത്തിയത് ഇവരാണ്. അഫ്‌ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ തയ്യാറായി  വിമാനത്താവള പരിസരത്തു  നിന്ന  നിരപരാധികളായ ഇരുന്നൂറോളം ആളുകളായിരുന്നു  അന്ന് നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.   ഇതിനു പുറമെ  ലിബിയ, ഈജിപ്ത്, യമൻ, ഫിലിപ്പൈൻസ്, സൊമാലിയ, ടുണീഷ്യ, ബുർക്കിനോ ഫാസോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും, ശക്തമായിട്ടല്ലെങ്കിൽ പോലും,   ഐ എസ്സിന്റെ സാന്നിധ്യവും പ്രവർത്തനവും  ഉണ്ട്. 
അൽ-ഖായിദ ക്കെതിരെ  പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ച ഭീകര വിരുദ്ധ യുദ്ധത്തിനായി രണ്ട്  ട്രില്ല്യൻ  ഡോളറാണ് അമേരിക്ക  ഇരുപതു വര്ഷം കൊണ്ട് ചെലവാക്കിയത്.   കഴിഞ്ഞ രണ്ട്  ദശാബ്ദങ്ങൾക്കുള്ളിൽ   വേറെ ഭീകരാക്രമണങ്ങളൊന്നും  അമേരിക്കൻ മണ്ണിൽ നടന്നിട്ടില്ലെന്ന് അവർക്കു ആശ്വസിക്കാം . എന്നാൽ   രൂപമാറ്റം വന്ന  കോവിഡ്  പോലെ  രൂപമാറ്റം വന്നു കൂടുതൽ മാരകമായ  ഭീകര സംഘടനകൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ   നിലവിലുണ്ട് എന്നത്   ലോക ജനതയ്ക്ക് ഒരു ഭീഷണിയായി  മാറിയിട്ടുണ്ട്.  

പി.എസ്‌  ശ്രീകുമാർ 
98471 73177 














No comments:

Post a Comment