Tuesday, 22 November 2022

   എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആയിമാറുന്ന  സി പി എം 

അഡ്വ.പി.എസ് .ശ്രീകുമാർ 


2021 ലെ സംസ്ഥാന നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി  ഇടതുപക്ഷ ജനാധിപത്യ മുന്നണി  2021  മാർച്ചിൽ  പുറത്തിറക്കിയ തെരഞ്ഞെടുപ്പ്  പ്രകടന പത്രികയിൽ  യുവജങ്ങൾക്കായി നൽകിയ   പ്രധാന വാഗ്‌ദാനം   20  ലക്ഷം  അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുമെന്നും,  15  ലക്ഷം പേർക്ക് ഉപജീവന തൊഴിൽ നൽകുമെന്നാണ്.  അതായതു,  മൊത്തം 35  ലക്ഷം പേർക്ക് തൊഴിൽ നൽകും. ഇത് നടക്കണമെങ്കിൽ ഓരോ വർഷവും  7  ലക്ഷം പേർക്ക് തൊഴിൽ നൽകണം.  അങ്ങിനെയാണെങ്കിലേ  5  വര്ഷം കൊണ്ട്,  വാഗ്‌ദാനം  ചെയ്‌തതുപോലെ,   35  ലക്ഷം പേർക്ക് തൊഴിൽ നല്കാൻ സാധിക്കുകയുള്ളു. എന്നാൽ യഥാർത്ഥത്തിൽ   സംഭവിച്ചത്   എന്താണ്?

കോവിഡ്   വ്യാപനത്തോടെ  കേരളത്തിലെ യുവാക്കളിലെ  തൊഴിലില്ലായ്മ കുതിച്ചുയർന്നു എന്നാണ് നാഷണൽ സാമ്പിൾ സർവ്വേ  നടത്തിയ  സർവേയിൽ  വെളിപ്പെട്ടത്.  15 നും, 29 നും  ഇടയ്ക്ക്  പ്രായമുള്ളവരിൽ കോവിഡിന് മുമ്പ്  2019  ഒക്ടോബർ-ഡിസംബർ കാലയളവിൽ 36.3 ശതമാനമായിരുന്നു  തൊഴിലില്ലായ്മാ  നിരക്ക്. 2020  ഒക്ടോബർ-ഡിസംബർ   ആയപ്പോൾ ഇത് 43.9  ശതമാനമായി വർധിച്ചു.   ഇതിനു പുറമേ,     കെ -ഡിസ്‌ക്കും  കുടുംബശ്രീയും കൂടി ചേർന്ന്  കഴിഞ്ഞ   മേയ്  മാസത്തിൽ  നടത്തിയ  ഒരു സർവ്വേ യുടെ ഫലം  മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായി വന്നിരുന്നു.  "എൻ്റെ  തൊഴിൽ, എന്റെ അഭിമാനം" എന്ന പദ്ധതിക്ക് വേണ്ടിയായിരുന്നു  ഈ സർവ്വേ നടത്തിയത്.  അതിലേക്കു രജിസ്റ്റർ ചെയ്തത്  53,42,094 പേരായിരുന്നു.  ഈ തൊഴിലന്വേഷകരിൽ  58.3  ശതമാനം പേര് സ്ത്രീകളും  41.5  ശതമാനം പേര് പുരുഷന്മാരുമായിരുന്നു.   ഇത് വ്യക്തമാക്കുന്നത്  കോവിഡിനു  ശേഷം  തൊഴിൽ അന്വേഷകരുടെ എണ്ണം വർധിച്ചു എന്നാണ്. 

സി പി എം  എന്താണ് ചെയ്യുന്നത്?

പിണറായി സർക്കാർ അധികാരത്തിൽ ഏറിയ  നാൾ  മുതൽ  പിൻവാതിൽ നിയമങ്ങളിലാണ്  അവർക്കു താല്പര്യം.  സ്ഥിരം തസ്തികകളിലേക്കുള്ള നിയമനങ്ങൾ  പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തിരവും,  താൽക്കാലിക തസ്തികകളിലേക്കുള്ള  നിയമനങ്ങൾ  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ മുഖാന്തിരവും നടത്തണമെന്നാണ്   നിലവിലുള്ള നിയമം. എന്നാൽ പിണറായി സർക്കാർ എല്ലാ നിയമങ്ങളും കാറ്റിൽ  പറത്തി  പിൻവാതിൽ  നിയമങ്ങൾക്കാണ്  തയ്യാറായിട്ടുള്ളത്. 2016  മുതലുള്ള പിണറായി ഭരണത്തിൽ,  സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും  [കൺസൾട്ടന്റ്മാരായും], പൊതുമേഖലാ സ്ഥാപനങ്ങളിലും, സ്വയംഭരണ സ്ഥാപനങ്ങളിലുമായി  ഏകദേശം മൂന്നു ലക്ഷത്തിൽ പരം  പിൻവാതിൽ നിയമനങ്ങളാണ്, പി എസ്‌  സി യേയും  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെയും  അറിയിക്കാതെ  നടത്തിയിട്ടുള്ളത്.  ഈ നിയമന ങ്ങളെല്ലാം  പാർട്ടി കേഡർമാർക്കും, അവരുടെ ബന്ധുക്കൾക്കുമാണ് നൽകിയിട്ടുള്ളതെന്നാണ്  പൊതുജനം ഉന്നയിക്കുന്ന ആരോപണം.

സഹകരണ സംഘങ്ങൾ 

കേരളത്തിലെ സഹകരണ മേഖല  സി പി എമ്മിൻറ്റെ  നീരാളിപ്പിടുത്തത്തിലാണ്. പതിനായിരത്തോളം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ, അവയുടെ  ആയിരക്കണക്കിന് ശാഖകൾ,  കേരള ബാങ്കിൻറ്റെ   കോർപ്പറേറ്റ്, റീജിയണൽ ഓഫീസുകൾ, ജില്ലാ ഓഫീസുകൾ,   ആയിരത്തിൽ പരം   ശാഖകൾ, 60  അർബൻ ബാങ്കുകൾ,  390  അർബൻ സഹകരണ ബാങ്ക് ശാഖകൾ , സഹകരണ ആശുപത്രികൾ,  വിനോദ/വ്യാവസായിക /ട്രാൻസ്‌പോർട്  മേഖലകളിൽ  പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ  എന്നിവയിൽ എല്ലാം കൂടി  ഏകദേശം ഒന്നര ലക്ഷത്തോളം  ജീവനക്കാരാണ് ജോലി ചെയ്യുന്നത്.  ഇതിനൻറ്റെ  സിംഹഭാഗവും  സി പി എം പ്രവർത്തകരെയും  അവരുടെ ബന്ധുക്കളെയും കൊണ്ട് കുത്തി നിറ ച്ചിരിക്കുകയാണ്..

സർവകലാശാലകളിൽ 

 കേരളത്തിലെ സർവ്വകലാശാലകളിലെ  പിൻവാതിൽ  നിയമനങ്ങളാണ്  ഇന്ന്  കേരളമെമ്പാടും  ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതു.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും  സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ  മുൻ എംപി.  കെ.കെ. രാഗേഷിൻറ്റെ  ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ എല്ലാ ചട്ടങ്ങളും മറികടന്നു  അസ്സോസിയേറ്റ് പ്രൊഫസ്സർ ആയി  നിയമിക്കാൻ നടന്ന ശ്രമമാണ്,  ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്  ഉപേക്ഷിക്കേണ്ടിവന്നത് .  ഈ സംഭവത്തോടെയാണ്  പാർട്ടി ബന്ധുക്കളുടെ സർവകലാശാലാ  നിയമനങ്ങൾ   പൊതുജന ശ്രദ്ധയിൽ വന്നതും, വിവാദമായതും. സർവകലാശാലകളിലെ,   ഉയർന്ന തസ്തികകളും താഴ്ന്ന തസ്തികകളും  ഒരുപോലെ   പിൻവാതിൽ നിയമനങ്ങൾക്കായി  മാറ്റിവെക്കപ്പെട്ടിരിക്കുന്നു. മന്ത്രി എം.ബി. രാജേഷിൻറ്റെ  ഭാര്യയെ സംസ്‌കൃത സർവകലാശാലയിൽ അനധികൃതമായി നിയമിച്ചു. മുൻ എം.പി. പി.കെ.ബിജുവിന്റ്റെ  ഭാര്യയെ കേരള സർവകലാശാലയിലും,  മന്ത്രി പി.രാജീവിന്റെ ഭാര്യയെ കൊച്ചിൻ സർവകലാശാലയിലും  നിയമിച്ചു.   സ്പീക്കർ എ.എൻ . ഷംസീറിൻറ്റെ  ഭാര്യയെ  കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശ്രമിച്ചെങ്കിലും  കോടതി ഇടപെട്ടതിനാൽ  അത് നടന്നില്ല.സർവകലാശാലകളിലെ ലാസ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളിലെ നിയമനം പി.സ്.സി. ക്കു വിട്ടെങ്കിലും, അതിലേക്കുള്ള നിയമനങ്ങൾ ഇതുവരെയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ, സർവകലാശാലകളിലെ അനധ്യാപക തസ്തികകൾ  പി സ് സി ക്കു വിട്ടതിനെ തുടർന്ന് മൂവായിരത്തോളം പേരെ വിവിധ സർവകലാശാലകളിൽ നിയമിച്ചിരുന്നു.  അതും ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

             തൃശ്ശൂരിലെ  കേരള വർമ്മ കോളേജിൽ    പൊളിറ്റിക്സ് വകുപ്പിൽ  ഗസ്റ്റ്  അധ്യാപക തസ്തികയിലേക്ക്  മുൻ എസ് എഫ്  ഐ നേതാവിനെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്   ആ കോളേജിലെ  എസ എഫ്  ഐ കാർ നടത്തിവന്ന  സമരം  വിദ്യാഭ്യാസ രംഗത്തെ  മൂല്യച്യുതിയുടെ ആഴം വ്യക്തമാക്കുന്നതാണ്.  പിണറായി ഭരണത്തിന് കീഴിൽ ഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞതോടെ  പഠിക്കാൻ സമർഥരായ വിദ്യാർഥികൾ, കേരളത്തിലെ പഠനം ഉപേക്ഷിച്ചു  അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിലേക്കും  ചേക്കേറിക്കൊണ്ടിരിക്കുകയാണ്. 

ആരോഗ്യ രംഗം 

കാൻസർ ചികിത്സക്ക് പേരുകേട്ട  തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ  മുന്നൂറോളം  തസ്തികകളിലേക്കാണ്   കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ  പിന് വാതിലിലൂടെ നിയമനം നടത്തിയിട്ടുള്ളത്.  ഫർമസിസ്റ്,നഴ്സിംഗ് അസിസ്റ്റന്റ്, സ്വീപ്പർ,ക്ലീനര്, എലെക്ട്രിഷ്യൻ, എലെക്ട്രിക്കൽ സൂപ്പർവൈസർ, ബയോ-മെഡിക്കൽ എഞ്ചിനീയർ തുടങ്ങി വിവിധ തസ്തികകളിലേക്ക്  കുടുംബശ്രീ വഴിയാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കൊന്നും യാതൊരുവിധ മാനദണ്ഡവും പാലിച്ചില്ല. ഇതിന്റെയെല്ലാം, മാനദണ്ഡം പാർട്ടി ഓഫീസിൽ നിന്നുമുള്ള കത്ത് മാത്രമായിരുന്നു.

സംസ്ഥാനത്തെ വിവിധ  സർക്കാർ മെഡിക്കൽ കോളേജുകളിലായി  2500 ഓളം  പേരെയാണ് കരാർ അടിസ്ഥാനത്തിലും, ദിവസ വേതനടിസ്ഥാനത്തിലും നിയമിച്ചിട്ടുള്ളത്. ഇങ്ങനെ നിയമിക്കപ്പെട്ടവരിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരും, ഡോക്ടർമാരും, സുരക്ഷാജീവനക്കാരും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനങ്ങൾ നടന്നിട്ടുള്ളത് തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജുകളിലാണ്.  തിരുവനന്തപുരത്തു ദിവസ വേതനാടിസ്ഥാനത്തിൽ  270  പേരെയും കരാർ അടിസ്ഥാനത്തിൽ  4  ഡോക്ടർമാരെയും നിയമിച്ചു. ആലപ്പുഴയിൽ ദിവസവേതനാടിസ്ഥാനത്തിൽ 378  പേരെയും കരാർ അടിസ്ഥാനത്തില് 253  പേരെയുമാണ് നിയമിച്ചത്.   തൃശൂർ മെഡിക്കൽ കോളേജിൽ കരാർ/ദിവസവേതനാടിസ്ഥാനത്തിൽ 542  പേരെയും, കണ്ണൂർ പരിയാരത്തെ കരാർ അടിസ്ഥാനത്തിൽ 285  പേരെയും, ദിവസവേതനാടിസ്ഥാനത്തിൽ  62  പേരെയുമാണ് നിയമിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് ണ് ആയിരത്തോളം  പാർട്ടിക്കാരെയാണ്  ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചതും, പിന്നീട് അവരെയെല്ലാം സർക്കാർ ജീവനക്കാരായി മാറ്റിയതും.  തിരുവനന്തപുരം എസ് .എ.ടി. ആശുപത്രിയിലും നിരവധിപേർക്ക് പിൻവാതിൽ നിയമനം നൽകി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 

തിരുവനന്തപുരം കോര്പറേഷന് ഉൾപ്പെടെ കേരളത്തിൽ സി പി എം  ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം  ബന്ധു നിയമനങ്ങൾ തകൃതിയായി നടക്കുന്നു.  തിരുവനന്തപുരം കോര്പറേഷന് സി പി എമ്മിൻറ്റെ  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ജ്  പോലെയാണ് പ്രവർത്തിക്കുന്നത്.  പാർട്ടി അംഗങ്ങളുടെ ബന്ധുമിത്രാതികൾക്ക്  ജോലി തരപ്പെടുത്താനുള്ള കേന്ദ്രമായി  ഈ കോര്പറേഷന് അധപതിച്ചു.  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ആയിരത്തോളം പേരെയാണ്  ഇവിടെ നിയമിച്ചത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ  കണ്ണിയായാണ് 295  താത്ക്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്  നിയമിക്കുന്നുണ്ടെന്നും, ഇതിലേക്ക് പാർട്ടിയുടെ മുന്ഗണന പട്ടിക നൽകണമെന്നും ആവശ്യപ്പെട്ട്  മേയർ  കത്ത് നൽകിയതും, പിന്നീട് വിവാദമായതും.  ഇതുപോലെ തൃശൂർ കോര്പറേഷനിൽ 150 ഓളം പേർക്കാണ് പാർട്ടി  നൽകിയ പട്ടികയിൽ നിന്നും നിയമനം നൽകിയത്.

സാക്ഷരതാ മിഷൻ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,ലൈബ്രറി കൌൺസിൽ,  സി-ഡിറ്റ്,  വിവിധ അക്കാഡമികൾ  തുടങ്ങിയ  സ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ എല്ലാം പാർട്ടിയുടെ  താൽപ്പര്യം മാത്രം നോക്കിയാണ്.

കഴിഞ്ഞ  ആറ്  വർഷത്തിനുള്ളിൽ നടത്തിയ  എല്ലാ താത്ക്കാലിക നിയമനങ്ങളും    റദ്ദാക്കി   എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ജ് മുഖാന്തിരം    അർഹതക്കനുസരിച്ചും , സംവരണ വ്യവസ്ഥകൾ പാലിച്ചും  പുതിയതായി നിയമനം നടത്തി സംസ്ഥാനത്തെ തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് യുവാക്കൾക്ക്  തെരഞ്ഞെടുപ്പ് കാലത്തു പ്രകടന പത്രികയിലൂടെ   നൽകിയ വാഗ്‌ദാനം   നടപ്പിലാക്കുവാൻ പിണറായി സർക്കാർ തയ്യാറാകണം.


പി.എസ് .ശ്രീകുമാർ 

9847173177 


[ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ആണ് ലേഖകൻ]



.








 










Thursday, 20 October 2022

 

{Modified}-

ഇന്ത്യയുടെ   വിദേശനയവും ജവഹർലാൽ          നെഹ്‌റുവും


പി.എസ് .ശ്രീകുമാർ  

 സ്വാതന്ത്ര്യ സമരത്തിൻറ്റെ ആദ്യകാലഘട്ടങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ പാർട്ടികളോ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കാര്യമായി  ശ്രദ്ധിയ്ക്കുകയോ  പഠിയ്ക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ താമസിച്ച അനുഭവവും, പശ്ചാത്തലവുമുണ്ടായിരുന്ന മഹാത്മാ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻറ്റെ ഭാഗമായതുമുതൽ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കുറിച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ്റെ  വേദികളിൽ  ചർച്ചാവിഷയമാകുവാൻ തുടങ്ങി. 1920 ലെ നാഗ് പൂർ  സമ്മേളനത്തിലാണ് വിദേശ രാജ്യങ്ങളുമായി , പ്രത്യേകിച്ചു  അയൽ  രാജ്യങ്ങളുമായി  സഹകരിയ്ക്കണമെന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായി പാസ്സാക്കിയത് .  .

                    ഒക്ടോബർ  വിപ്ലവത്തിന് ശേഷം  പിതാവായ മോത്തിലാൽ നെഹ്റുവിനൊപ്പം, സോവിയറ്റ് യൂണിയൻ  സന്ദർശിച്ച ജവാഹർലാൽ നെഹ്‌റു അവിടെ നിന്നും ഉൾക്കൊണ്ട സോഷ്യലിസ്റ്റ്  ചിന്താധാര  കോൺഗ്രസ്സ് പാർട്ടിയ്ക്ക് പകർന്നു നൽകി.   ഹിറ്റ്ലറും,മുസ്സോളിനിയും ശക്തരായതോടെ, സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾക്കൊപ്പം നാസിസത്തിനെതിരെയും ഫാസിസത്തിനെതിരെയും ശക്തമായ നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുടർന്നത് .ദേശീയ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള വിദേശ നയങ്ങൾക്ക് മാത്രമേ നിലനില്പുണ്ടാകുകയുള്ളുഎന്ന് മനസിലാക്കിയാണ് ഇന്ത്യൻ നാഷണൽകോൺഗ്രസ്സും  അതിൻറ്റെ നേതാക്കളായ മഹാത്മാ  ഗാന്ധിയും ,ജവഹർലാൽനെഹ്രുവും   ഇന്ത്യയുടെ വിദേശനയത്തിന് സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തന്നെ രൂപം നൽകിയത്. 1936 ൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ , അദ്ദേഹം ഒരു വിദേശകാര്യവകുപ്പു തന്നെ കോൺഗ്രസ് പാർട്ടിയിൽ രൂപീകരിയ്ക്കുകയും, റാം മനോഹർലോഹ്യയെ അതിൻറ്റെ അധ്യക്ഷനാക്കുകയും ചെയ്തു. സ്വതന്ത്രഭാരതം അന്തർ  ദേശീയരംഗത്ത്  ഏതെങ്കിലും ചേരികളുടെ ഭാഗമാകരുതെന്ന കാഴ്ചപ്പാട് നമ്മുടെ ദേശീയ നേതൃത്ത്വം  എടുത്തിരുന്നു.സ്വതന്ത്ര ഇന്ത്യ , ഭാരതീയരുടെ മാത്രമല്ല ഏഷ്യാ വൻകരയിലെ രാജ്യങ്ങളുടെയും, അതുവഴി ലോകത്തിൻറ്റെ സഹവർത്തിത്വത്തിനും, വളർച്ചയ്ക്കും ,സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ നെടും തൂണാകണമെന്ന കാഴ്ചപ്പാടും നമ്മുടെ ദേശീയ  നേതാക്കൾക്ക്   ഉണ്ടായിരുന്നു  .   ഈ കാഴ്ചപ്പാട് ജവഹർലാൽനെഹ്‌റു                      " ഇന്ത്യയെ കണ്ടെത്തൽ" എന്ന തൻറ്റെ വിശ്രുത ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്രുവിനോളം അന്തർദ്ദേശീയ  പ്രശ്നങ്ങൾ മനസിലാക്കുകയും, അഭിപ്രായരൂപീകരണം നടത്തുകയും ചയ്ത മറ്റൊരു നേതാവ് ആ കാലഘട്ടത്തിൽ   ഇല്ലായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദേശനയത്തെകുറിച്ചു വ്യക്തമായ കാഴ്ചപ്പാട്  അന്നേ  ഉണ്ടായിരുന്നതുകൊണ്ടാണ് , സ്വതന്ത്ര ഇന്ത്യ യിലെ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം, വിദേശകാര്യവകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്തത്  . 1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 ൽ അദ്ദേഹം  അന്തരിക്കു  ന്നതുവരെയും , ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിൻറ്റെ കൈകളിൽ ഭദ്രമായിരുന്നു.  

           ജവഹർലാൽ നെഹ്‌റുവിനെ  വിലയിരുത്തുന്നത്  ആധുനിക ഇന്ത്യയുടെ ശില്പിയായാണ്. ബഹുമുഖപ്രതിഭയായിരുന്ന നെഹ്രുവിൻറ്റെ കണ്ണുകളും, അദ്ദേഹത്തിൻറ്റെ മനസും ചെന്നെത്താത്ത മേഖലകൾ  ഇന്ത്യയിൽ ഇല്ലായിരുന്നു. മുനിസിപ്പൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ മുതൽ ശാസ്ത്ര സാങ്കേതിക മേഖലകളിലെഗഹനമായ  പ്രശ്നങ്ങൾ വരെ പഠി യ്ക്കുവാനും, പരിഹാരം കണ്ടെത്താനും,അദ്ദേഹത്തിന് സാധിച്ചിരുന്നു.  അദ്ദേഹത്തിൻറ്റെ ഏറ്റവും വലിയ  ഒരു സംഭാവന ഇന്ത്യയുടെ വിദേശനയം കരുപ്പിടിപ്പിയ്ക്കുന്നതിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ,ലോകം അമേരിക്കയുടെയുംസോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിൽ രണ്ടു ചേരികളായി നിന്ന് മത്സരിച്ചിരുന്ന സാഹചര്യത്തിലാണ്  സ്വാതന്ത്ര്യത്തിൻറ്റെ  ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌    അന്തർ ദേശീയ രംഗത്തേക്ക്   ഇന്ത്യ  കടന്നുവന്നത്.  മഹാത്മാ ഗാന്ധിയുടെ  അഹിംസാവാദത്തിൽ അടിയുറച്ചു വിശ്വസിച്ച നെഹ്‌റുവിന്   ,യുദ്ധത്തിൻറ്റെ കെടുതികളും,ബുദ്ധിമുട്ടുകളും , ദൂഷ്യവശങ്ങളും  മനസിലാക്കുവാൻ   സാധിച്ചു. അതുകൊണ്ട് അക്രമങ്ങളിലും ആയുധമേന്തിയുള്ള  ആക്രോശങ്ങളിലും  അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു.എന്നുമാത്രമല്ല  ആക്രമണങ്ങളെ  അകറ്റി നിർത്തുവാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്രാജ്യത്വത്തിനും ,കോളനിവൽക്കരണത്തിനും എതിരെ പോരാടിയ ഒരു രാജ്യമെന്ന നിലയിൽ, രാജ്യത്തിന് ലഭ്യമായ വിഭവങ്ങൾ ,പട്ടിണിയും,കഷ്ടപ്പാടുകളും ഒഴിവാക്കി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും,വികസനാവശ്യങ്ങൾക്കുമാണ് ഉപയോഗിയ്ക്കേണ്ടതെന്ന്  അദ്ദേഹത്തിന് ബോധ്യമായിരുന്നു.  ഈ ലക്ഷ്യത്തോടെയാണ്  പഞ്ചവത്സര പദ്ധതികൾക്ക്  തുടക്കം കുറിച്ചത്.    ജനങ്ങളുടെയും, രാജ്യത്തിൻറ്റെയും   ഭൗതികവും, സാമ്പത്തികവുമായ ഉന്നമനത്തിന്  ശ്രമിക്കുന്നതിന് പകരം,   ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശക്തി കൂട്ടുന്നതിന് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. ഈ കാഴ്ചപ്പാടിൻറ്റെ  അടിസ്ഥാനത്തിലാണ്  അമേരിക്കയുടെയും, സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിലുള്ള ശാക്തികചേരികളിൽ ചേരാതെ ,സ്വതന്ത്രമായി നിന്നുകൊണ്ട് ഇന്ത്യയ്ക്ക് ഹാനികരമല്ലാത്ത മേഖലകളിൽ അവരുമായി സഹകരിയ്ക്കുന്ന നിലപാട് കൈക്കൊള്ളാൻ അദ്ദേഹം തീരുമാനിച്ചത്. 

ചേരിചേരാനയം 

 സ്വതന്ത്ര ഇന്ത്യ തങ്ങളുടെ ചേരിയിൽ  അണി നിരക്കണമെന്നു ആഗ്രഹിച്ച ഇരുചേരികളും നെഹ്രുവിൻറ്റെ  വിദേശനയത്തെ  സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. അദ്ദേഹത്തിൻറ്റെ   സ്വതന്ത്ര നിലപാടിനെ അവസരവാദപരമായി കാണാനാണ് ആദ്യകാലഘട്ടത്തിൽ അമേരിക്കൻ ചേരിയും,സോവ്യറ്റ് ചേരിയും ശ്രമിച്ചത്.  തൻറ്റെ കാഴ്ചപ്പാടിൻറ്റെ വിശുദ്ധിയിൽ ദൃഡ  വിശ്വാസമർപ്പിച്ച നെഹ്‌റു തൻറ്റെ ചേരിചേരാനയത്തിനു മറ്റു ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിൽ,   സാവധാനത്തിലാണെങ്കിലും, വിജയിച്ചു. ഈജിപ്ത് പ്രസിഡന്റ്  കമാ ൽ അബ്ദുൽ നാസർ , ബർമ പ്രധാനമന്ത്രി യു നു , യുഗോസ്ലാവിയ പ്രസിഡന്റ് മാർഷൽ ടിറ്റോ, ഇന്തോനേഷ്യൻ   പ്രസിഡൻറ്റസ് സുക്കാർനോ,ഘാന പ്രസിഡന്റ്  എൻക്രുമ  എന്നിവരോടൊപ്പം ചേർന്ന്   നെഹ്‌റു രൂപം നൽകിയ ചേരിചേരാ രാഷ്ട്രങ്ങളുടെ കൂട്ടായ്മ വളരെവേഗമാണ്  സ്വാതന്ത്ര്യം ലഭിച്ച കിഴക്കും പടിഞ്ഞാറുമുള്ള മറ്റു ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശക്തമായ ഒരു പ്രസ്ഥാനമായി മാറിയത്. ഒരു ചേരിയിലുംനിലകൊള്ളാതെ , ലോകസമാധാനത്തിനുള്ള പ്രസ്ഥാനമായാണ് ഈ കൂട്ടായ്മയെ നെഹ്‌റു കരുപ്പിടിപ്പിച്ചത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ   ഓരോ  രാജ്യത്തെയും ഗുണദോഷങ്ങൾ മനസിലാക്കിയുള്ള  പ്രശ്നാധിഷ്ഠിതമായ സമീപനമായിരുന്നു ചേരിചേരരാജ്യങ്ങളുടെ പ്രവർത്തനരീതി. 1956 ൽ സൂയസ് കനാൽ ദേശസാത്കരിയ്ക്കാൻ അബ്ദുൾനാസർ തീരുമാനിച്ചതോടെ ഇസ്രയേലും,ബ്രിട്ടനും ,ഫ്രാൻസും സൈനികബലത്തിൽ സൂയസ്‌ക്കനാൽ കൈയടക്കാൻ നടത്തിയ ശ്രമത്തോടെയാണ് സൂയസ് കനാൽ   പ്രശ്‍നം    രൂക്ഷമായത് .    പ്രശ്‍നം  പരിഹരിയ്ക്കാൻ അമേരിയ്ക്കയ്ക്കും  സോവ്യറ്റ് യൂണിയനുമൊപ്പം ഇന്ത്യയും പങ്കു വഹിച്ചു. 1962 ലെ ക്യൂബൻ പ്രതിസന്ധി , 1962 ലെ തന്നെ ഇന്ത്യ -ചൈന യുദ്ധം തുടങ്ങിയ സംഭവങ്ങൾ  ഉണ്ടായപ്പോൾ ,നിഷ്പക്ഷമായ ഇടപെടലുകൾ നടത്താൻ ചേരി-ചേരാ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.  ഹങ്കറിയിലെ  സോവ്യറ്റ് അധിനിവേശത്തിനെതിരെയും   ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വർണവിവേചനം അവസാനിപ്പിയ്ക്കുന്നതിനും ഇന്ത്യയുടെ നേതൃത്വത്തിൽ, ചേരി-ചേരാ  രാജ്യങ്ങൾ തങ്ങളുടേതായ പങ്ക് നിർവഹിച്ചു.

 ഇന്ത്യ-ചൈന ബന്ധം 

 നെഹ്രുവിൻറ്റെ വിദേശനയത്തിൻറ്റെ പരീക്ഷണശാലയായിരുന്നു  ഇന്ത്യ-ചൈന ബന്ധം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്  രണ്ടു വർഷങ്ങൾക്ക്  ശേഷം മാത്രം സ്വതന്ത്രയായ ചൈനയിലെ  മാവോസേതൂങ്ങിൻറ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു.   അയൽ  രാജ്യമെന്ന നിലയിൽ ചൈനയുമായി സൗഹൃദാന്തരീക്ഷത്തിലുള്ള ബന്ധമായിരുന്നു നെഹ്‌റു ആഗ്രഹിച്ചത് . സ്വാതന്ത്ര്യ ലബ്ധിയ്ക്കു മുൻപ് തന്നെ ഈ നിലപാട് നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട് .1937 ൽ ജപ്പാൻ   മഞ്ചൂറിയ  ആക്രമിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജപ്പാനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മാത്രമല്ല ഇന്ത്യയിൽ നിന്നും  അവശ്യമരുന്നുകളുംപ്രശസ്ത ഭിഷഗ്വരനായ  ഡോ .കോട് നിസ്സിൻറ്റെ   നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു ടീമിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൈനയിലേക്ക് അയച്ചിരുന്നു. തിബറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ   അസ്വാരസ്യങ്ങൾ  ഉടലെടുത്തത്. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിൽ പോകണമെന്ന് താല്പര്യപ്പെട്ടിരുന്ന നെഹ്‌റുവിനെ വളരെയധികം വേദനിപ്പിച്ചസംഭവമാണ് 1950 ഒക്ടോബറിൽ ചൈനയുടെ സൈന്യം തിബറ്റിൽ പ്രവേശിച്ചത് .അതുവരെയും ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന    തിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ ഇന്ത്യയുടെ ആശങ്ക ,  പ്രധാനമന്ത്രി ചൗ എൻ ലായിയെ അദ്ദേഹം  നേരിട്ട് അറിയിച്ചു .  എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിയ്ക്കാൻ പരസ്യ പ്രസ്താവന നെഹ്‌റു ഒഴിവാക്കി.  ചൗ എൻ ലായി  1954 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ബഹുമാനിയ്ക്കുമെന്നും, സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും, ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്നും, പരസ്പര സഹായത്തിൽ ഊന്നിയുള്ള സമാധാനപരമായ സഹവർത്തിത്വം  നില നിർത്തുമെന്നുമുള്ള  പഞ്ചശീലതത്വങ്ങൾ  ഇരു രാജ്യങ്ങളും  രേഖാമൂലം  അംഗീകരിച്ചു.                      തിബറ്റിൻറ്റെ നിയന്ത്രണം    സൈന്യത്തെ ഉപയോഗിച്ച്   ചൈന  കയ്യടക്കിയതോടെയാണ് ഇന്ത്യയും, ചൈനയും അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളായി മാറിയത്.   തിബറ്റിൻറ്റെ ഭരണാധികാരിയായിരുന്ന ദലൈലാമയെ തടങ്കലിലാക്കാനുള്ള നീക്കമുണ്ടായപ്പോൾ , അദ്ദേഹം തലസ്ഥാനമായ ലാസയിൽ നിന്നും  വേഷ പ്രച്ഛന്നനായി  രക്ഷപ്പെട്ട്  , ഇന്ത്യയിൽ അഭയാർത്ഥിയായി എത്തി. ദലൈലാമയ്ക്ക് അഭയം നൽകിയതോടെ  ഇന്ത്യയെ ശത്രുതാമനോഭാവത്തോടെ ചൈന വീക്ഷിയ്ക്കുവാൻ തുടങ്ങി.

1962 ലെ ചൈനീസ് ആക്രമണം 

തിബറ്റുമായുള്ള ഇന്ത്യയുടെ അതിർത്തി മാനിയ്ക്കുവാൻ ചൈന തയാറായില്ല. അതിർത്തിയിൽ ഇന്ത്യ അറിയാതെ റോഡ് നിര്മിച്ച ചൈന  പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച്  അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുവാനും തുടങ്ങി.  ചൗ  എൻ ലായി യുമായി 1960 ൽ നടത്തിയ അതിർത്തി സംബന്ധിച്ച ചർച്ചകളും പരാജയപ്പെട്ടു. ഇന്ത്യ-ചൈന അതിർത്തിയായി  നിശ്ചയിച്ചിരുന്ന മക് മഹൻ രേഖ   അംഗീകരിയ്ക്കാൻ ചൈന തയാറായില്ല .  1962 ഡിസംബറിൽഅതിർത്തി സംബന്ധിച്ച്     ബ്രിട്ടീഷ് ഭരണ കാലയളവുമുതൽ ഉണ്ടായിരുന്ന  എല്ലാ  കരാറുകളും   കാറ്റിൽ പറത്തിക്കൊണ്ട്  ലഡാക്കിലുംഅരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള  അതിർത്തികളിലും   ചൈന കടന്നുകയറ്റം നടത്തി.  തമ്മിലുള്ള  ബന്ധങ്ങളുടെ  സീമകൾ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ കടന്നു കയറ്റം അപ്രതീക്ഷിതമായിരുന്നു. അയൽ   രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകുകയില്ലെന്നു ഉറച്ചു വിശ്വസിച്ച നെഹ്‌റു, നമ്മുടെ സൈനിക ശേഷിയും, ആയുധശേഷിയും, വർദ്ധിപ്പിയ്ക്കുന്നതിനേക്കാൾ ഊന്നൽ നൽകിയത്  പരസ്പര  സഹകരണത്തിലും, സാഹോദര്യത്തിലുമായിരുന്നു.

വൻശക്തികളുടെ  നിലപാട്

യുദ്ധമുണ്ടായ സന്ദർഭത്തിൽ ഒരു  സഹോദര കമ്മ്യൂണിസ്റ്റ് രാജ്യമെന്ന നിലയിൽ സോവിയറ്റ് യൂണിയൻ ഒരു പക്ഷവും  പിടിക്കാതെ    മാറി നിന്നു  അമേരിക്ക യുദ്ധത്തിൻറ്റെ ആദ്യ ദിനങ്ങളിൽ സഹായം നൽകിയില്ലെങ്കിലും, പിന്നീട് ഇന്ത്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്യുകയും, ചൈനയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ്  ചൈന ഏക പക്ഷീയമായി   വെടി  നിർത്തൽ പ്രഖ്യാപിയ്ക്കുകയും, യുദ്ധത്തിന് മുമ്പുള്ള നിലയിലേയ്ക്ക് സൈനികരെ പിൻവലിയ്ക്കുകയും ചെയ്തത് . 

യുദ്ധം തീർന്നെങ്കിലും, അതുണ്ടാക്കിയ പ്രകമ്പനങ്ങളും, അസ്വാരസ്യങ്ങളും ഇന്ത്യ-ചൈന ബന്ധത്തിൽ ഇപ്പോഴും നിഴലിച്ചു  നിൽക്കുന്നു. യുദ്ധത്തിന് ശേഷം പ്രതിരോധരംഗത്തു   ആധുനികവൽക്കരിക്കാനുള്ള  ശ്രമങ്ങൾ  ഇന്ത്യ കൈക്കൊണ്ടു. ഓരോ വര്ഷം കഴിയുന്തോറും നമ്മുടെ  പ്രതിരോധ ചെലവ്  ഉയർന്ന്  വരികയാണ് .ചേരിചേരാ  നയം പിന്തുടരുമ്പോഴും  ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നയമാണ്‌,  പിന്നീട്   വിദേശ നയത്തിൽ   പിന്തുടർന്നത്  .ഇന്ത്യയുടെ സൗഹൃദത്തിനും വിട്ടുവീഴ്ചയ്ക്കും,തെല്ലും വില കല്പിയ്ക്കാത്ത ചൈനയുടെ ശത്രുതാ  നയത്തിലും  ആക്രമണോൽസുകതയിലും  മനംനൊന്ത നെഹ്‌റു 1964 ൽ അന്തരിച്ചെങ്കിലും. പിന്നീട് അധികാരത്തിലേറിയ  പ്രധാനമന്ത്രിമാർ  ചേരിചേരാനയത്തിൽ നിന്നും  പിന്നോട്ടുപോയില്ല.  എന്നാൽ   കേന്ദ്ര ഭരണത്തിൽ  അധികാരമേറിയ നാൾ മുതൽ   നരേന്ദ്ര മോദി  സർക്കാർ   ചേരിചേരാനയത്തിൽ നിന്നും  അകന്നു നിൽക്കാനുള്ള ബോധപൂർവമായ ശ്രമമാണ്  നടത്തിക്കൊണ്ടിരിക്കുന്നത്.

പി.എസ. ശ്രീകുമാർ 

98471  73177 


Friday, 14 October 2022

Xi Jingping and 20th Party Congress

  

                                                Third term for  Xi Jinping

PS Sreekumar


The 20th Party Congress of the Chinese Communist Party is scheduled to  begin on October 16.  The Great Hall in Beijing's Tiananmen Square is the venue for the week-long Party Congress. Political observers expect that this Party  Congress  is likely to  take many important and  core  decisions.. The Chinese Communist Party Congress is held every five years. The last Party Congress was held from October 18 to 24, 2017. The importance of this  conference is that it is meeting   at a crucial  time  when the  country  is facing challenges from different quarters  at the global  landscape.

When  Xi Jinping,   returned to Beijing after attending the Shanghai Cooperation Organization summit in Samarkand, Uzbekistan,  it was rumoured by the  western media that he was detained and put under house arrest  by his detractors in the Communist Party and People Liberation Army, following  a power  tussle. But after the picture of Xi Jing Ping  attending a public ceremony in Beijing  came out, the propaganda of the western media was proved to be false.  Instead  he  has consolidated  his  powers.

Delegates to Party Congress 

The total number of delegates  participating in the current party congress is reported to be 2296. The delegates  consist of Party  leaders from various provinces,  People's Liberation Army, various ministries,  different  sections of the government, and  leaders from  the  society. Important decisions on the  changes to be made in the Party Constitution,  selection of leaders to  various  significant   Party posts  and the  direction to be given to the Party and the Government  for the next five years  are discussed  and decided at the Party Congress. The  election  of candidates to  the Central Committee, Politburo and Politburo Standing Committee of the Chinese Communist Party are  usually done  at this conference.  A  decision  was taken at the 2012 Party Congress  that the  delegates  can   discuss and  elect  leaders   through  voting.  But  when  Xi Jingping  became General Secretary, this decision was revisited and  abandoned at the Party Congress held in 2017. It was rejected  on the  premise  that this arrangement  of discussion and voting is a breeding ground for corruption.  In practice,  members of the Central Committee,  members of the Politburo and the Politburo Standing Committee  are  decided in advance of the conference by a select few of the party's top brass. . The party congress need to endorse   the decisions  already taken by the  top leadership. Through these decisions it is possible to know with whom the party's power slum is with. The same thing will happen in the 20th Party Congress.

 Zero- covid tolerence 

 The years passed by since the last party congress  were full of challenges. The corona epidemic that broke out in the Wuhan province of China in the last months of 2019, spread all over the world and  taken away  the lives of  tens of thousands of   people   and destroyed  the  livelihoods of millions , and destroyed the economy  of almost all  countries, was a black cloud looming on the chinese  horizon.    Xi Jinping  took up the challenge and   had taken very harsh measures  to free the country from the grip of Corona. Chinese authorities  declared  vast  areas under containment zone  and  put people in many provinces under house arrest for months with the goal  to achieve  the motto of  "zero covid tolerance". Those who violated the restrictions and went outside the house were  dealth with  roughly  by the army. Thus, under the shadow of dictatorship of Xi Jing Ping, China was able to control the Covid by using the soldiers of the People's Liberation Army.  The credit for this  went to no one  else other than Xi.  Above all, China's gains following the military confrontations on the Indo-China border, suppressing all  voices  of protest and subjecting Hong Kong to Chinese rule, dominating the South China Sea region over the opposition of  western countries including the United States, and trying to  frighten  Taiwan  with military might,   gave Xi Jing Ping infallibility in the Chinese Communist Party  and  crowned him  as the  undisputed leader

Amendments to the Party Constitution

A major decision  expected in this  Party Congress  is likely to be the nod  to Xi Jingping to continue in power for a third term.  The  age limit  fixed for Politburo members is 68 years. The 69 year-old Xi was already exempted from this age limit in the last Party Congress , so this won't  be a hurdle  for him.  No leader in the Party  was given the opportunity to remain in power for more than two terms since 1992. Jiang Zemin, who was elected as the General Secretary of the Party in 1992, handed over the position  to Hu Jintao in 2002 after ten years. In 2012, Hu Jintao stepped down as General Secretary and was replaced by Xi Jinping.  Since the provision of two terms fixed for the post of General Secretary was  modified and removed in the last Party Congress, it looks certain that Xi Jing Ping would be given a third term in the post of General Secretary of  the Chinese Communist Party.

Will Xi become chairman?

One thing that remains to be seen is whether Xi Jingping would remain as general secretary or be elevated to the position of chairman. Currently, in addition to the position of General Secretary of the party, he is also the Chairman of the powerful Military Commission and the President of the country. The news  leaked  out indicates that there are moves to  amend  the Constitution by incorporating the  provision  to  enhance his status  to that  of Chairman of the Party. "Xi Jingping  Thoughts on Socialism with  Chinese Characteristics " was  incorporated  in the Constitution in the 19th Party Congress. It is expected  to be  modified  as "Xi Jingping Thoughts". With that, Xi Jingping would be elevated  to the status   of Mao Zedong , and Deng Xiaoping, who were the guiding lights of Chinese  Communist Party,  and his   thoughts would  become the guiding principle of the Party in the coming years.


A clear indication of how the party and the administration would  proceed  in  the next five years would be made   clear  by  Xi Jing Ping  in his  speeches at the Party Congress. Measures to overcome the slowdown in China's economic structure following Covid and put the country back on the path of growth, as well as plans to give direction to the country for the next five years in domestic and foreign policies,  are likely to  be unveiled at the party congress.


Thursday, 13 October 2022


           പാർട്ടി കോൺഗ്രസ്സും  ഷി ജിൻ പിങ്ങിൻറ്റെ  മൂന്നാമൂഴവും 

പി.എസ് .ശ്രീകുമാർ 


ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  ഇരുപതാം പാർട്ടി കോൺഗ്രസ്  ഒക്ടോബർ  16  നു ആരംഭിക്കുകയാണ്.    ബെയ്‌ജിങ്ങിലെ  ടിയാനെൻമെൻ ചത്വരത്തിലെ  ഗ്രേറ്റ് ഹാളാണ്  ഒരാഴ്‌ച  നീണ്ടുനിൽക്കുന്ന  പാർട്ടി കോൺഗ്രസ്സിൻറ്റെ  വേദി.  ചരിത്ര പ്രാധാന്യമുള്ളതും, അടിസ്ഥാനപരവുമായ  നിരവധി  സുപ്രധാന തീരുമാനങ്ങൾ  ഈ പാർട്ടി കോൺഗ്രസ്സിൽ കൈക്കൊള്ളുമെന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ  പ്രതീക്ഷിക്കുന്നത് . ഓരോ  അഞ്ചു വര്ഷം കൂടുമ്പോളാണ്  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.  കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്നത് 2017 ഒക്ടോബർ  18  മുതൽ 24  വരെയായിരുന്നു.  ആഗോള തലത്തിൽ നിർണായകമായ  ഒരു  ഘട്ടത്തിലാണ്  ഇത്തവണത്തെ പാർട്ടി കോൺഗ്രസ് ചേരുന്നത് എന്നതാണ്  ഇത്തവണത്തെ സമ്മേളനത്തിൻറ്റെ  പ്രാധാന്യം.

ഉസ്ബക്കിസ്ഥാനിലെ  സമർഖണ്ടിൽ  വച്ച്   കഴിഞ്ഞ  സെപ്റ്റംബറിൽ നടന്ന ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി സമ്മേളനത്തിൽ  പങ്കെടുത്ത ശേഷം  ബെയ്‌ജിങ്ങിൽ തിരിച്ചെത്തിയ  ഷി ജിങ് പിങിനെ, കമ്മ്യൂണിസ്റ്റ്    പാർട്ടിയിലെ  അധികാര തർക്കത്തെ തുടർന്ന്  തടങ്കലിൽ  ആക്കിയെന്നായിരുന്നു  പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചതു.  എന്നാൽ അതിനുശേഷം നടന്ന പൊതു ചടങ്ങിൽ പങ്കെടുത്ത ഷിയുടെ ചിത്രം പുറത്തുവന്നതോടെ  പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണം  വ്യാജമായിരുന്നുവെന്നു തെളിഞ്ഞു.  അദ്ദേഹം പൂർവാധികം ശക്തിയോടെ ചൈനയെ  നയിക്കുകയാണ്.

പാർട്ടി കോൺഗ്രസ് പ്രതിനിധികൾ 

ഇപ്പോൾ നടക്കുന്ന പാർട്ടി കോൺഗ്രസ്സിൽ  2296  പ്രതിനിധികളാണ്  പങ്കെടുക്കുന്നത്. വിവിധ പ്രവിശ്യകൾ,  പ്യൂപ്പിൾസ്  ലിബറേഷൻ ആർമി, വിവിധ മന്ത്രാലയങ്ങൾ,  സര്ക്കാറിണ്റ്റെ   വിവിധ വിഭാഗങ്ങൾ, സമൂഹത്തേയും പാർട്ടിയിലെയും വിവിധ തട്ടുകളിലെ  നേതാക്കൾ  എന്നിവർ അടങ്ങിയതാണ് പ്രതിനിധികൾ. പാർട്ടി ഭരണഘടനയിൽ വരുത്തേണ്ട മാറ്റങ്ങളും, പാർട്ടിയെ  നയിക്കേണ്ട നേതാക്കളേയും, പാർട്ടിക്കും സർക്കാരിനും നൽകേണ്ട ദിശ ബോധം എന്നിവ സംബന്ധിച്ച  സുപ്രധാന തീരുമാനങ്ങളാണ്  പാർട്ടി കോൺഗ്രസ്സിൽ  "ചർച്ച" ചെയ്യുന്നതും തീരുമാനിക്കുന്നതും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി,  പോളിറ്റ്  ബ്യൂറോ , പോളിറ്റ് ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റി എന്നിവയിലെ  അംഗങ്ങളെ  തെരഞ്ഞെടുക്കുന്നത്  ഈ സമ്മേളനത്തിൽ വച്ചാണ്.  പങ്കെടുക്കുന്ന അംഗങ്ങളുടെ വോട്ടെടുപ്പ്  നടത്തി  അംഗങ്ങളെ തെരഞ്ഞെടുക്കാം എന്നത് 2012  ലെ  പാർട്ടി കോൺഗ്രസ്    സമ്മേളനത്തിൽ എടുത്ത ഒരു തീരുമാനമായിരുന്നു.    എന്നാൽ  ഷി ജിങ് പിംഗ് ജനറൽ സെക്രട്ടറി ആയ ശേഷം 2017  ൽ നടത്തിയ പാർട്ടി കോൺഗ്രസിൽ  ഈ തീരുമാനം  ഉപേക്ഷിച്ചു.  അഴിമതിക്ക് വളമിട്ടുകൊടുക്കുന്ന ഏർപ്പാടാണിതെന്ന്   പറഞ്ഞാണ്  വേണ്ടെന്നു വച്ചതു.     പാർട്ടിയിലെ ഉന്നതരായ  വിരലിൽ എണ്ണാവുന്ന ചിലർ ചേർന്ന്  കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും,പോളിറ്റ് ബ്യൂറോ, പോളിറ്റ്  ബ്യൂറോ    സ്റ്റാൻഡിങ്ങ്  കമ്മിറ്റി  എന്നിവയിലെ അംഗങ്ങളെയും  സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനിക്കും. ഇതാണ്  പ്രായോഗികമായി നടക്കുന്ന കാര്യം.   നേതൃത്വം  എടുത്ത  തീരുമാനങ്ങൾക്ക് തുല്യം ചാർത്തുന്ന ജോലി മാത്രമേ  പാർട്ടി കോൺഗ്രസ്സിനുള്ളു.  ഈ തീരുമാനങ്ങൾ വഴി പാർട്ടിയിലെ ശാക്തിക ചേരി  ആർക്കൊപ്പമാണെന്ന്  അറിയാൻ സാധിക്കും.  ഇരുപതാം പാർട്ടി കോൺഗ്രസിലും  ഇതുതന്നെയായിരിക്കും നടക്കുക.


 കോവിഡിനെ നേരിട്ട കരുത്ത്   

 കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിന് ശേഷം കടന്നുപോയ വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2019  അവസാന മാസങ്ങളിൽ ചൈനയിലെ   വുഹാൻ  പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെടുകയും, ലോകമാസകലം  വ്യാപിച്ചു  കോടിക്കണക്കിനു ജനങ്ങളുടെ ജീവനും, ജീവനോപാധികളും ഇല്ലാതാക്കുകയും, രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥ തകർക്കുകയും ചെയ്ത     കൊറോണ മഹാമാരി  ചൈനയുടെ മേൽ മൂടിയ ഒരു കറുത്ത ആവരണം ആയിരുന്നു.  കൊറോണയുടെ പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക്  ഷി ജിൻപിങ് നേരിട്ടാണ് നേതൃത്വം നൽകിയത്.  "സീറോ കോവിഡ്  ടോളറൻസ് " എന്ന ലക്ഷ്യത്തോടെ പല പ്രവിശ്യകളിലെയും ജനങ്ങളെ മാസങ്ങളോളം    വീട്ടു തടങ്കലിൽ  ഇടുകയാണ് ചൈനീസ് അധികൃതർ ചെയ്തത്. നിയന്ത്രണങ്ങൾ ലംഘിച്ചു  വീടിന്  വെളിയിൽ ഇറങ്ങിയവരെ  സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തി.അങ്ങിനെ ഏകാധിപത്യത്തിൻറ്റെ  തണലിൽ, പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികരെ ഉപയോഗിച്ചാ ണ്  കോവിഡിനെ നിയന്ത്രണ വിധേയമാക്കുവാൻ  ചൈനക്ക് കഴിഞ്ഞത്.  അതിൻറ്റെ   അംഗീകാരം  മുഴുവൻ   ലഭിച്ചത്   ഷി ജിങ്‌ പിങിനായിരുന്നു.  അതിനുപുറമേ, ഇന്ത്യ-ചൈന  അതിർത്തിയിൽ ഉണ്ടായ  സൈനിക ഏറ്റുമുട്ടലുകളെ  തുടർന്ന്   ചൈനക്ക് ലഭിച്ച നേട്ടങ്ങളും,  പ്രതിഷേധ ശബ്ദങ്ങൾ എല്ലാം അടിച്ചമർത്തി  ഹോങ്കോങ്ങിനെ  ചൈനീസ് ഭരണകൂടത്തിന് വിധേയമാക്കിയതും, ദക്ഷിണ ചൈന സമുദ്ര മേഖലയിൽ  അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ  എതിർപ്പിനെ മറികടന്ന്  ആധിപത്യം സ്ഥാപിച്ചതും,  തായ്‌വാനെ  സൈനിക ശക്തികൊണ്ട് വരുതിയിലാക്കുവാൻ ശ്രമിക്കുന്നതും  ഷി ജിങ് പിങിന്  ചൈനീസ്  കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ  അപ്രമാദിത്വം  സമ്മാനിച്ചു  എന്നത്  തർക്കമറ്റതാണ് .

ചട്ടങ്ങൾ വഴിമാറുന്നു 

ഈ സമ്മേളനത്തിന്റെ ഒരു പ്രധാന തീരുമാനം  ഷി ജിങ് പിങിന്  മൂന്നാം വട്ടവും  അധികാരത്തിൽ തുടരാനുള്ള  അനുമതി പാർട്ടി കോൺഗ്രസ് നൽകും  എന്നതാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 68  വയസ്സാണ്.  69  കാരനായ  ഷിയെ ഈ പ്രായപരിധിയിൽ നിന്നും  കഴിഞ്ഞ സമ്മേളനത്തിൽ തന്നെ ഒഴിവാക്കിയിരുന്നതിനാൽ, അദ്ദേഹത്തിന് ഇതൊരു തടസ്സമാവില്ല.   1992 നു ശേഷം  ഒരു നേതാവിന് പോലും രണ്ടു തവണ കളിൽ കൂടുതൽ അധികാരത്തിൽ തുടരാൻ  അവസരം നൽകിയിരുന്നില്ല.  1992 ൽ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിയാങ് സെമിൻ  പത്തു വര്ഷങ്ങള്ക്കു ശേഷം 2002 ൽ   ഹു ജിണ്ടാവോക്ക്  പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം കൈമാറി. അതിൻറ്റെ  തുടർച്ചയായിട്ടാണ് 2012 ൽ ഹു ജിണ്ടാവോ  ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയുകയും, പകരം ഷി ജിങ് പിംഗ് അധികാരത്തിൽ കയറുകയും ചെയ്തത്. രണ്ടു തവണ എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിലെ  ഈ ചട്ടമാണ്  2018 ൽ  ഷിയുടെ നേതൃത്വത്തിൽ  എടുത്തുകളഞ്ഞത്. ഭേദഗതി വരുത്തിയ ഭരണഘടനാ പ്രകാരം  ഷി ജിങ് പിങിന്  അദ്ദേഹം ജീവിച്ചിരിക്കുന്ന അത്രയും കാലം  വേണമെങ്കിൽ  ഭരണത്തിൽ തുടരുവാൻ സാധിക്കും. 

 ഷി   ചെയർമാനാകുമോ? 

ഇനി അറിയേണ്ട ഒരു കാര്യം  ഷി ജിങ്  പിംഗ് ജനറൽ സെക്രട്ടറി ആയി തുടരുമോ അതോ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുമോ എന്നതാണ്. നിലവിൽ,  പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമേ,  ശക്തമായ മിലിറ്ററി കമ്മീഷൻ ചെയർമാനും, രാജ്യത്തിൻറ്റെ  പ്രസിഡന്റുമാണ്  അദ്ദേഹം .ചെയർമാൻ  സ്ഥാനത്തേക്ക് അദ്ദേഹത്തെ അവരോധിക്കുവാനായി ,  ഭരണഘടനയിൽ   ആവശ്യമായ  ഭേദഗതി  കൊണ്ടുവരാനുള്ള   അണിയറ നീക്കങ്ങൾ  നടക്കുന്നതായിട്ടാണ്  പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.   "ചൈനയിലെ സവിശേഷമായ സാഹചര്യത്തിൽ  സോഷ്യലിസത്തെക്കുറിച്ചുള്ള  ഷി ജിങ് പിംഗ്  ചിന്താ  സരണി"  എന്നത്  പത്തൊമ്പതാം   പാർട്ടി കോൺഗ്രസ്സിലെ ഭരണഘടനയിൽ ഉൽപെടുത്തിയിരുന്നു.  ഇത്    " ഷി ജിങ് പിങ്ങിൻറ്റെ  ചിന്താ സരണി" എന്ന്    ഭേദഗതി വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്.  അതോടെ ഷി ജിങ് പിംഗ്, മാവോക്കും, ഡെങ് ക്സിയാവോ പിങിനും സമശീർഷനായി  ഉയർത്തപ്പെടുകയും  അദ്ദേഹത്തിന്റെ  ചിന്തകൾ   പാർട്ടിയെ നയിക്കുന്ന തത്വസംഹിതയായി മാറുകയും ചെയ്യും.

അടുത്ത അഞ്ചുവർഷക്കാലം  പാർട്ടിയും, ഭരണവും എങ്ങിനെയായിരിക്കും മുന്നോട്ടു പോകുക  എന്നത് സംബന്ധിച്ച വ്യക്തമായ സൂചന  പാർട്ടി കോൺഗ്രസിൽ നടക്കുന്ന  ഷി ജിങ് പിങ്ങിൻറ്റെ  പ്രസംഗങ്ങളിലൂടെ   വ്യക്തമാകും  . കോവിഡിനെ തുടർന്ന്  ചൈനയുടെ സമ്പത്ഘടനയിൽ ഉണ്ടായ  തളർച്ചയെ അതിജീവിച്ചു  രാജ്യത്തെ  വളർച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള  നടപടികളും, ആഭ്യന്തര-വിദേശ നയങ്ങളിൽ  അടുത്ത അഞ്ചുവർഷക്കാലം  രാജ്യത്തിന്  ദിശാബോധം  നൽകാൻ  ആസൂത്രണം  ചെയ്തിട്ടുള്ള  പദ്ധതികളും പാർട്ടി കോൺഗ്രസ്സിൽ  അനാവരണം ചെയ്യപ്പെടും.

പി.എസ് .ശ്രീകുമാർ 

9847173177