പാർട്ടി കോൺഗ്രസ്സും ഷി ജിൻ പിങ്ങിൻറ്റെ മൂന്നാമൂഴവും
പി.എസ് .ശ്രീകുമാർ
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഒക്ടോബർ 16 നു ആരംഭിക്കുകയാണ്. ബെയ്‌ജിങ്ങിലെ ടിയാനെൻമെൻ ചത്വരത്തിലെ ഗ്രേറ്റ് ഹാളാണ് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പാർട്ടി കോൺഗ്രസ്സിൻറ്റെ വേദി. ചരിത്ര പ്രാധാന്യമുള്ളതും, അടിസ്ഥാനപരവുമായ നിരവധി സുപ്രധാന തീരുമാനങ്ങൾ ഈ പാർട്ടി കോൺഗ്രസ്സിൽ കൈക്കൊള്ളുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതീക്ഷിക്കുന്നത് . ഓരോ അഞ്ചു വര്ഷം കൂടുമ്പോളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്നത് 2017 ഒക്ടോബർ 18 മുതൽ 24 വരെയായിരുന്നു. ആഗോള തലത്തിൽ നിർണായകമായ ഒരു ഘട്ടത്തിലാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസ് ചേരുന്നത് എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിൻറ്റെ പ്രാധാന്യം.
ഉസ്ബക്കിസ്ഥാനിലെ സമർഖണ്ടിൽ വച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ബെയ്‌ജിങ്ങിൽ തിരിച്ചെത്തിയ ഷി ജിങ് പിങിനെ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അധികാര തർക്കത്തെ തുടർന്ന് തടങ്കലിൽ ആക്കിയെന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചതു. എന്നാൽ അതിനുശേഷം നടന്ന പൊതു ചടങ്ങിൽ പങ്കെടുത്ത ഷിയുടെ ചിത്രം പുറത്തുവന്നതോടെ പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണം വ്യാജമായിരുന്നുവെന്നു തെളിഞ്ഞു. അദ്ദേഹം പൂർവാധികം ശക്തിയോടെ ചൈനയെ നയിക്കുകയാണ്.
പാർട്ടി കോൺഗ്രസ് പ്രതിനിധികൾ
ഇപ്പോൾ നടക്കുന്ന പാർട്ടി കോൺഗ്രസ്സിൽ 2296 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിവിധ പ്രവിശ്യകൾ, പ്യൂപ്പിൾസ് ലിബറേഷൻ ആർമി, വിവിധ മന്ത്രാലയങ്ങൾ, സര്ക്കാറിണ്റ്റെ വിവിധ വിഭാഗങ്ങൾ, സമൂഹത്തേയും പാർട്ടിയിലെയും വിവിധ തട്ടുകളിലെ നേതാക്കൾ എന്നിവർ അടങ്ങിയതാണ് പ്രതിനിധികൾ. പാർട്ടി ഭരണഘടനയിൽ വരുത്തേണ്ട മാറ്റങ്ങളും, പാർട്ടിയെ നയിക്കേണ്ട നേതാക്കളേയും, പാർട്ടിക്കും സർക്കാരിനും നൽകേണ്ട ദിശ ബോധം എന്നിവ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളാണ് പാർട്ടി കോൺഗ്രസ്സിൽ "ചർച്ച" ചെയ്യുന്നതും തീരുമാനിക്കുന്നതും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ , പോളിറ്റ് ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഈ സമ്മേളനത്തിൽ വച്ചാണ്. പങ്കെടുക്കുന്ന അംഗങ്ങളുടെ വോട്ടെടുപ്പ് നടത്തി അംഗങ്ങളെ തെരഞ്ഞെടുക്കാം എന്നത് 2012 ലെ പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ എടുത്ത ഒരു തീരുമാനമായിരുന്നു. എന്നാൽ ഷി ജിങ് പിംഗ് ജനറൽ സെക്രട്ടറി ആയ ശേഷം 2017 ൽ നടത്തിയ പാർട്ടി കോൺഗ്രസിൽ ഈ തീരുമാനം ഉപേക്ഷിച്ചു. അഴിമതിക്ക് വളമിട്ടുകൊടുക്കുന്ന ഏർപ്പാടാണിതെന്ന് പറഞ്ഞാണ് വേണ്ടെന്നു വച്ചതു. പാർട്ടിയിലെ ഉന്നതരായ വിരലിൽ എണ്ണാവുന്ന ചിലർ ചേർന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും,പോളിറ്റ് ബ്യൂറോ, പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളെയും സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനിക്കും. ഇതാണ് പ്രായോഗികമായി നടക്കുന്ന കാര്യം. നേതൃത്വം എടുത്ത തീരുമാനങ്ങൾക്ക് തുല്യം ചാർത്തുന്ന ജോലി മാത്രമേ പാർട്ടി കോൺഗ്രസ്സിനുള്ളു. ഈ തീരുമാനങ്ങൾ വഴി പാർട്ടിയിലെ ശാക്തിക ചേരി ആർക്കൊപ്പമാണെന്ന് അറിയാൻ സാധിക്കും. ഇരുപതാം പാർട്ടി കോൺഗ്രസിലും ഇതുതന്നെയായിരിക്കും നടക്കുക.
കോവിഡിനെ നേരിട്ട കരുത്ത്
കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിന് ശേഷം കടന്നുപോയ വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2019 അവസാന മാസങ്ങളിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെടുകയും, ലോകമാസകലം വ്യാപിച്ചു കോടിക്കണക്കിനു ജനങ്ങളുടെ ജീവനും, ജീവനോപാധികളും ഇല്ലാതാക്കുകയും, രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥ തകർക്കുകയും ചെയ്ത കൊറോണ മഹാമാരി ചൈനയുടെ മേൽ മൂടിയ ഒരു കറുത്ത ആവരണം ആയിരുന്നു. കൊറോണയുടെ പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഷി ജിൻപിങ് നേരിട്ടാണ് നേതൃത്വം നൽകിയത്. "സീറോ കോവിഡ് ടോളറൻസ് " എന്ന ലക്ഷ്യത്തോടെ പല പ്രവിശ്യകളിലെയും ജനങ്ങളെ മാസങ്ങളോളം വീട്ടു തടങ്കലിൽ ഇടുകയാണ് ചൈനീസ് അധികൃതർ ചെയ്തത്. നിയന്ത്രണങ്ങൾ ലംഘിച്ചു വീടിന് വെളിയിൽ ഇറങ്ങിയവരെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തി.അങ്ങിനെ ഏകാധിപത്യത്തിൻറ്റെ തണലിൽ, പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികരെ ഉപയോഗിച്ചാ ണ് കോവിഡിനെ നിയന്ത്രണ വിധേയമാക്കുവാൻ ചൈനക്ക് കഴിഞ്ഞത്. അതിൻറ്റെ അംഗീകാരം മുഴുവൻ ലഭിച്ചത് ഷി ജിങ് പിങിനായിരുന്നു. അതിനുപുറമേ, ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സൈനിക ഏറ്റുമുട്ടലുകളെ തുടർന്ന് ചൈനക്ക് ലഭിച്ച നേട്ടങ്ങളും, പ്രതിഷേധ ശബ്ദങ്ങൾ എല്ലാം അടിച്ചമർത്തി ഹോങ്കോങ്ങിനെ ചൈനീസ് ഭരണകൂടത്തിന് വിധേയമാക്കിയതും, ദക്ഷിണ ചൈന സമുദ്ര മേഖലയിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പിനെ മറികടന്ന് ആധിപത്യം സ്ഥാപിച്ചതും, തായ്‌വാനെ സൈനിക ശക്തികൊണ്ട് വരുതിയിലാക്കുവാൻ ശ്രമിക്കുന്നതും ഷി ജിങ് പിങിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അപ്രമാദിത്വം സമ്മാനിച്ചു എന്നത് തർക്കമറ്റതാണ് .
ചട്ടങ്ങൾ വഴിമാറുന്നു
ഈ സമ്മേളനത്തിന്റെ ഒരു പ്രധാന തീരുമാനം ഷി ജിങ് പിങിന് മൂന്നാം വട്ടവും അധികാരത്തിൽ തുടരാനുള്ള അനുമതി പാർട്ടി കോൺഗ്രസ് നൽകും എന്നതാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 68 വയസ്സാണ്. 69 കാരനായ ഷിയെ ഈ പ്രായപരിധിയിൽ നിന്നും കഴിഞ്ഞ സമ്മേളനത്തിൽ തന്നെ ഒഴിവാക്കിയിരുന്നതിനാൽ, അദ്ദേഹത്തിന് ഇതൊരു തടസ്സമാവില്ല. 1992 നു ശേഷം ഒരു നേതാവിന് പോലും രണ്ടു തവണ കളിൽ കൂടുതൽ അധികാരത്തിൽ തുടരാൻ അവസരം നൽകിയിരുന്നില്ല. 1992 ൽ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിയാങ് സെമിൻ പത്തു വര്ഷങ്ങള്ക്കു ശേഷം 2002 ൽ ഹു ജിണ്ടാവോക്ക് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം കൈമാറി. അതിൻറ്റെ തുടർച്ചയായിട്ടാണ് 2012 ൽ ഹു ജിണ്ടാവോ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയുകയും, പകരം ഷി ജിങ് പിംഗ് അധികാരത്തിൽ കയറുകയും ചെയ്തത്. രണ്ടു തവണ എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിലെ ഈ ചട്ടമാണ് 2018 ൽ ഷിയുടെ നേതൃത്വത്തിൽ എടുത്തുകളഞ്ഞത്. ഭേദഗതി വരുത്തിയ ഭരണഘടനാ പ്രകാരം ഷി ജിങ് പിങിന് അദ്ദേഹം ജീവിച്ചിരിക്കുന്ന അത്രയും കാലം വേണമെങ്കിൽ ഭരണത്തിൽ തുടരുവാൻ സാധിക്കും.
ഷി ചെയർമാനാകുമോ?
ഇനി അറിയേണ്ട ഒരു കാര്യം ഷി ജിങ് പിംഗ് ജനറൽ സെക്രട്ടറി ആയി തുടരുമോ അതോ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുമോ എന്നതാണ്. നിലവിൽ, പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമേ, ശക്തമായ മിലിറ്ററി കമ്മീഷൻ ചെയർമാനും, രാജ്യത്തിൻറ്റെ പ്രസിഡന്റുമാണ് അദ്ദേഹം .ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ അവരോധിക്കുവാനായി , ഭരണഘടനയിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നതായിട്ടാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. "ചൈനയിലെ സവിശേഷമായ സാഹചര്യത്തിൽ സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ജിങ് പിംഗ് ചിന്താ സരണി" എന്നത് പത്തൊമ്പതാം പാർട്ടി കോൺഗ്രസ്സിലെ ഭരണഘടനയിൽ ഉൽപെടുത്തിയിരുന്നു. ഇത് " ഷി ജിങ് പിങ്ങിൻറ്റെ ചിന്താ സരണി" എന്ന് ഭേദഗതി വരുത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്. അതോടെ ഷി ജിങ് പിംഗ്, മാവോക്കും, ഡെങ് ക്സിയാവോ പിങിനും സമശീർഷനായി ഉയർത്തപ്പെടുകയും അദ്ദേഹത്തിന്റെ ചിന്തകൾ പാർട്ടിയെ നയിക്കുന്ന തത്വസംഹിതയായി മാറുകയും ചെയ്യും.
അടുത്ത അഞ്ചുവർഷക്കാലം പാർട്ടിയും, ഭരണവും എങ്ങിനെയായിരിക്കും മുന്നോട്ടു പോകുക എന്നത് സംബന്ധിച്ച വ്യക്തമായ സൂചന പാർട്ടി കോൺഗ്രസിൽ നടക്കുന്ന ഷി ജിങ് പിങ്ങിൻറ്റെ പ്രസംഗങ്ങളിലൂടെ വ്യക്തമാകും . കോവിഡിനെ തുടർന്ന് ചൈനയുടെ സമ്പത്ഘടനയിൽ ഉണ്ടായ തളർച്ചയെ അതിജീവിച്ചു രാജ്യത്തെ വളർച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള നടപടികളും, ആഭ്യന്തര-വിദേശ നയങ്ങളിൽ അടുത്ത അഞ്ചുവർഷക്കാലം രാജ്യത്തിന് ദിശാബോധം നൽകാൻ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളും പാർട്ടി കോൺഗ്രസ്സിൽ അനാവരണം ചെയ്യപ്പെടും.
പി.എസ് .ശ്രീകുമാർ
9847173177
No comments:
Post a Comment