Thursday, 20 October 2022

 

{Modified}-

ഇന്ത്യയുടെ   വിദേശനയവും ജവഹർലാൽ          നെഹ്‌റുവും


പി.എസ് .ശ്രീകുമാർ  

 സ്വാതന്ത്ര്യ സമരത്തിൻറ്റെ ആദ്യകാലഘട്ടങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ പാർട്ടികളോ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കാര്യമായി  ശ്രദ്ധിയ്ക്കുകയോ  പഠിയ്ക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ താമസിച്ച അനുഭവവും, പശ്ചാത്തലവുമുണ്ടായിരുന്ന മഹാത്മാ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻറ്റെ ഭാഗമായതുമുതൽ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കുറിച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ്റെ  വേദികളിൽ  ചർച്ചാവിഷയമാകുവാൻ തുടങ്ങി. 1920 ലെ നാഗ് പൂർ  സമ്മേളനത്തിലാണ് വിദേശ രാജ്യങ്ങളുമായി , പ്രത്യേകിച്ചു  അയൽ  രാജ്യങ്ങളുമായി  സഹകരിയ്ക്കണമെന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായി പാസ്സാക്കിയത് .  .

                    ഒക്ടോബർ  വിപ്ലവത്തിന് ശേഷം  പിതാവായ മോത്തിലാൽ നെഹ്റുവിനൊപ്പം, സോവിയറ്റ് യൂണിയൻ  സന്ദർശിച്ച ജവാഹർലാൽ നെഹ്‌റു അവിടെ നിന്നും ഉൾക്കൊണ്ട സോഷ്യലിസ്റ്റ്  ചിന്താധാര  കോൺഗ്രസ്സ് പാർട്ടിയ്ക്ക് പകർന്നു നൽകി.   ഹിറ്റ്ലറും,മുസ്സോളിനിയും ശക്തരായതോടെ, സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾക്കൊപ്പം നാസിസത്തിനെതിരെയും ഫാസിസത്തിനെതിരെയും ശക്തമായ നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുടർന്നത് .ദേശീയ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള വിദേശ നയങ്ങൾക്ക് മാത്രമേ നിലനില്പുണ്ടാകുകയുള്ളുഎന്ന് മനസിലാക്കിയാണ് ഇന്ത്യൻ നാഷണൽകോൺഗ്രസ്സും  അതിൻറ്റെ നേതാക്കളായ മഹാത്മാ  ഗാന്ധിയും ,ജവഹർലാൽനെഹ്രുവും   ഇന്ത്യയുടെ വിദേശനയത്തിന് സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തന്നെ രൂപം നൽകിയത്. 1936 ൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ , അദ്ദേഹം ഒരു വിദേശകാര്യവകുപ്പു തന്നെ കോൺഗ്രസ് പാർട്ടിയിൽ രൂപീകരിയ്ക്കുകയും, റാം മനോഹർലോഹ്യയെ അതിൻറ്റെ അധ്യക്ഷനാക്കുകയും ചെയ്തു. സ്വതന്ത്രഭാരതം അന്തർ  ദേശീയരംഗത്ത്  ഏതെങ്കിലും ചേരികളുടെ ഭാഗമാകരുതെന്ന കാഴ്ചപ്പാട് നമ്മുടെ ദേശീയ നേതൃത്ത്വം  എടുത്തിരുന്നു.സ്വതന്ത്ര ഇന്ത്യ , ഭാരതീയരുടെ മാത്രമല്ല ഏഷ്യാ വൻകരയിലെ രാജ്യങ്ങളുടെയും, അതുവഴി ലോകത്തിൻറ്റെ സഹവർത്തിത്വത്തിനും, വളർച്ചയ്ക്കും ,സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ നെടും തൂണാകണമെന്ന കാഴ്ചപ്പാടും നമ്മുടെ ദേശീയ  നേതാക്കൾക്ക്   ഉണ്ടായിരുന്നു  .   ഈ കാഴ്ചപ്പാട് ജവഹർലാൽനെഹ്‌റു                      " ഇന്ത്യയെ കണ്ടെത്തൽ" എന്ന തൻറ്റെ വിശ്രുത ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്രുവിനോളം അന്തർദ്ദേശീയ  പ്രശ്നങ്ങൾ മനസിലാക്കുകയും, അഭിപ്രായരൂപീകരണം നടത്തുകയും ചയ്ത മറ്റൊരു നേതാവ് ആ കാലഘട്ടത്തിൽ   ഇല്ലായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദേശനയത്തെകുറിച്ചു വ്യക്തമായ കാഴ്ചപ്പാട്  അന്നേ  ഉണ്ടായിരുന്നതുകൊണ്ടാണ് , സ്വതന്ത്ര ഇന്ത്യ യിലെ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം, വിദേശകാര്യവകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്തത്  . 1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 ൽ അദ്ദേഹം  അന്തരിക്കു  ന്നതുവരെയും , ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിൻറ്റെ കൈകളിൽ ഭദ്രമായിരുന്നു.  

           ജവഹർലാൽ നെഹ്‌റുവിനെ  വിലയിരുത്തുന്നത്  ആധുനിക ഇന്ത്യയുടെ ശില്പിയായാണ്. ബഹുമുഖപ്രതിഭയായിരുന്ന നെഹ്രുവിൻറ്റെ കണ്ണുകളും, അദ്ദേഹത്തിൻറ്റെ മനസും ചെന്നെത്താത്ത മേഖലകൾ  ഇന്ത്യയിൽ ഇല്ലായിരുന്നു. മുനിസിപ്പൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ മുതൽ ശാസ്ത്ര സാങ്കേതിക മേഖലകളിലെഗഹനമായ  പ്രശ്നങ്ങൾ വരെ പഠി യ്ക്കുവാനും, പരിഹാരം കണ്ടെത്താനും,അദ്ദേഹത്തിന് സാധിച്ചിരുന്നു.  അദ്ദേഹത്തിൻറ്റെ ഏറ്റവും വലിയ  ഒരു സംഭാവന ഇന്ത്യയുടെ വിദേശനയം കരുപ്പിടിപ്പിയ്ക്കുന്നതിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ,ലോകം അമേരിക്കയുടെയുംസോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിൽ രണ്ടു ചേരികളായി നിന്ന് മത്സരിച്ചിരുന്ന സാഹചര്യത്തിലാണ്  സ്വാതന്ത്ര്യത്തിൻറ്റെ  ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌    അന്തർ ദേശീയ രംഗത്തേക്ക്   ഇന്ത്യ  കടന്നുവന്നത്.  മഹാത്മാ ഗാന്ധിയുടെ  അഹിംസാവാദത്തിൽ അടിയുറച്ചു വിശ്വസിച്ച നെഹ്‌റുവിന്   ,യുദ്ധത്തിൻറ്റെ കെടുതികളും,ബുദ്ധിമുട്ടുകളും , ദൂഷ്യവശങ്ങളും  മനസിലാക്കുവാൻ   സാധിച്ചു. അതുകൊണ്ട് അക്രമങ്ങളിലും ആയുധമേന്തിയുള്ള  ആക്രോശങ്ങളിലും  അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു.എന്നുമാത്രമല്ല  ആക്രമണങ്ങളെ  അകറ്റി നിർത്തുവാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്രാജ്യത്വത്തിനും ,കോളനിവൽക്കരണത്തിനും എതിരെ പോരാടിയ ഒരു രാജ്യമെന്ന നിലയിൽ, രാജ്യത്തിന് ലഭ്യമായ വിഭവങ്ങൾ ,പട്ടിണിയും,കഷ്ടപ്പാടുകളും ഒഴിവാക്കി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും,വികസനാവശ്യങ്ങൾക്കുമാണ് ഉപയോഗിയ്ക്കേണ്ടതെന്ന്  അദ്ദേഹത്തിന് ബോധ്യമായിരുന്നു.  ഈ ലക്ഷ്യത്തോടെയാണ്  പഞ്ചവത്സര പദ്ധതികൾക്ക്  തുടക്കം കുറിച്ചത്.    ജനങ്ങളുടെയും, രാജ്യത്തിൻറ്റെയും   ഭൗതികവും, സാമ്പത്തികവുമായ ഉന്നമനത്തിന്  ശ്രമിക്കുന്നതിന് പകരം,   ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശക്തി കൂട്ടുന്നതിന് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. ഈ കാഴ്ചപ്പാടിൻറ്റെ  അടിസ്ഥാനത്തിലാണ്  അമേരിക്കയുടെയും, സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിലുള്ള ശാക്തികചേരികളിൽ ചേരാതെ ,സ്വതന്ത്രമായി നിന്നുകൊണ്ട് ഇന്ത്യയ്ക്ക് ഹാനികരമല്ലാത്ത മേഖലകളിൽ അവരുമായി സഹകരിയ്ക്കുന്ന നിലപാട് കൈക്കൊള്ളാൻ അദ്ദേഹം തീരുമാനിച്ചത്. 

ചേരിചേരാനയം 

 സ്വതന്ത്ര ഇന്ത്യ തങ്ങളുടെ ചേരിയിൽ  അണി നിരക്കണമെന്നു ആഗ്രഹിച്ച ഇരുചേരികളും നെഹ്രുവിൻറ്റെ  വിദേശനയത്തെ  സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. അദ്ദേഹത്തിൻറ്റെ   സ്വതന്ത്ര നിലപാടിനെ അവസരവാദപരമായി കാണാനാണ് ആദ്യകാലഘട്ടത്തിൽ അമേരിക്കൻ ചേരിയും,സോവ്യറ്റ് ചേരിയും ശ്രമിച്ചത്.  തൻറ്റെ കാഴ്ചപ്പാടിൻറ്റെ വിശുദ്ധിയിൽ ദൃഡ  വിശ്വാസമർപ്പിച്ച നെഹ്‌റു തൻറ്റെ ചേരിചേരാനയത്തിനു മറ്റു ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിൽ,   സാവധാനത്തിലാണെങ്കിലും, വിജയിച്ചു. ഈജിപ്ത് പ്രസിഡന്റ്  കമാ ൽ അബ്ദുൽ നാസർ , ബർമ പ്രധാനമന്ത്രി യു നു , യുഗോസ്ലാവിയ പ്രസിഡന്റ് മാർഷൽ ടിറ്റോ, ഇന്തോനേഷ്യൻ   പ്രസിഡൻറ്റസ് സുക്കാർനോ,ഘാന പ്രസിഡന്റ്  എൻക്രുമ  എന്നിവരോടൊപ്പം ചേർന്ന്   നെഹ്‌റു രൂപം നൽകിയ ചേരിചേരാ രാഷ്ട്രങ്ങളുടെ കൂട്ടായ്മ വളരെവേഗമാണ്  സ്വാതന്ത്ര്യം ലഭിച്ച കിഴക്കും പടിഞ്ഞാറുമുള്ള മറ്റു ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശക്തമായ ഒരു പ്രസ്ഥാനമായി മാറിയത്. ഒരു ചേരിയിലുംനിലകൊള്ളാതെ , ലോകസമാധാനത്തിനുള്ള പ്രസ്ഥാനമായാണ് ഈ കൂട്ടായ്മയെ നെഹ്‌റു കരുപ്പിടിപ്പിച്ചത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ   ഓരോ  രാജ്യത്തെയും ഗുണദോഷങ്ങൾ മനസിലാക്കിയുള്ള  പ്രശ്നാധിഷ്ഠിതമായ സമീപനമായിരുന്നു ചേരിചേരരാജ്യങ്ങളുടെ പ്രവർത്തനരീതി. 1956 ൽ സൂയസ് കനാൽ ദേശസാത്കരിയ്ക്കാൻ അബ്ദുൾനാസർ തീരുമാനിച്ചതോടെ ഇസ്രയേലും,ബ്രിട്ടനും ,ഫ്രാൻസും സൈനികബലത്തിൽ സൂയസ്‌ക്കനാൽ കൈയടക്കാൻ നടത്തിയ ശ്രമത്തോടെയാണ് സൂയസ് കനാൽ   പ്രശ്‍നം    രൂക്ഷമായത് .    പ്രശ്‍നം  പരിഹരിയ്ക്കാൻ അമേരിയ്ക്കയ്ക്കും  സോവ്യറ്റ് യൂണിയനുമൊപ്പം ഇന്ത്യയും പങ്കു വഹിച്ചു. 1962 ലെ ക്യൂബൻ പ്രതിസന്ധി , 1962 ലെ തന്നെ ഇന്ത്യ -ചൈന യുദ്ധം തുടങ്ങിയ സംഭവങ്ങൾ  ഉണ്ടായപ്പോൾ ,നിഷ്പക്ഷമായ ഇടപെടലുകൾ നടത്താൻ ചേരി-ചേരാ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.  ഹങ്കറിയിലെ  സോവ്യറ്റ് അധിനിവേശത്തിനെതിരെയും   ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വർണവിവേചനം അവസാനിപ്പിയ്ക്കുന്നതിനും ഇന്ത്യയുടെ നേതൃത്വത്തിൽ, ചേരി-ചേരാ  രാജ്യങ്ങൾ തങ്ങളുടേതായ പങ്ക് നിർവഹിച്ചു.

 ഇന്ത്യ-ചൈന ബന്ധം 

 നെഹ്രുവിൻറ്റെ വിദേശനയത്തിൻറ്റെ പരീക്ഷണശാലയായിരുന്നു  ഇന്ത്യ-ചൈന ബന്ധം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്  രണ്ടു വർഷങ്ങൾക്ക്  ശേഷം മാത്രം സ്വതന്ത്രയായ ചൈനയിലെ  മാവോസേതൂങ്ങിൻറ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു.   അയൽ  രാജ്യമെന്ന നിലയിൽ ചൈനയുമായി സൗഹൃദാന്തരീക്ഷത്തിലുള്ള ബന്ധമായിരുന്നു നെഹ്‌റു ആഗ്രഹിച്ചത് . സ്വാതന്ത്ര്യ ലബ്ധിയ്ക്കു മുൻപ് തന്നെ ഈ നിലപാട് നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട് .1937 ൽ ജപ്പാൻ   മഞ്ചൂറിയ  ആക്രമിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജപ്പാനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മാത്രമല്ല ഇന്ത്യയിൽ നിന്നും  അവശ്യമരുന്നുകളുംപ്രശസ്ത ഭിഷഗ്വരനായ  ഡോ .കോട് നിസ്സിൻറ്റെ   നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു ടീമിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൈനയിലേക്ക് അയച്ചിരുന്നു. തിബറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ   അസ്വാരസ്യങ്ങൾ  ഉടലെടുത്തത്. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിൽ പോകണമെന്ന് താല്പര്യപ്പെട്ടിരുന്ന നെഹ്‌റുവിനെ വളരെയധികം വേദനിപ്പിച്ചസംഭവമാണ് 1950 ഒക്ടോബറിൽ ചൈനയുടെ സൈന്യം തിബറ്റിൽ പ്രവേശിച്ചത് .അതുവരെയും ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന    തിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ ഇന്ത്യയുടെ ആശങ്ക ,  പ്രധാനമന്ത്രി ചൗ എൻ ലായിയെ അദ്ദേഹം  നേരിട്ട് അറിയിച്ചു .  എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിയ്ക്കാൻ പരസ്യ പ്രസ്താവന നെഹ്‌റു ഒഴിവാക്കി.  ചൗ എൻ ലായി  1954 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ബഹുമാനിയ്ക്കുമെന്നും, സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും, ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്നും, പരസ്പര സഹായത്തിൽ ഊന്നിയുള്ള സമാധാനപരമായ സഹവർത്തിത്വം  നില നിർത്തുമെന്നുമുള്ള  പഞ്ചശീലതത്വങ്ങൾ  ഇരു രാജ്യങ്ങളും  രേഖാമൂലം  അംഗീകരിച്ചു.                      തിബറ്റിൻറ്റെ നിയന്ത്രണം    സൈന്യത്തെ ഉപയോഗിച്ച്   ചൈന  കയ്യടക്കിയതോടെയാണ് ഇന്ത്യയും, ചൈനയും അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളായി മാറിയത്.   തിബറ്റിൻറ്റെ ഭരണാധികാരിയായിരുന്ന ദലൈലാമയെ തടങ്കലിലാക്കാനുള്ള നീക്കമുണ്ടായപ്പോൾ , അദ്ദേഹം തലസ്ഥാനമായ ലാസയിൽ നിന്നും  വേഷ പ്രച്ഛന്നനായി  രക്ഷപ്പെട്ട്  , ഇന്ത്യയിൽ അഭയാർത്ഥിയായി എത്തി. ദലൈലാമയ്ക്ക് അഭയം നൽകിയതോടെ  ഇന്ത്യയെ ശത്രുതാമനോഭാവത്തോടെ ചൈന വീക്ഷിയ്ക്കുവാൻ തുടങ്ങി.

1962 ലെ ചൈനീസ് ആക്രമണം 

തിബറ്റുമായുള്ള ഇന്ത്യയുടെ അതിർത്തി മാനിയ്ക്കുവാൻ ചൈന തയാറായില്ല. അതിർത്തിയിൽ ഇന്ത്യ അറിയാതെ റോഡ് നിര്മിച്ച ചൈന  പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച്  അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുവാനും തുടങ്ങി.  ചൗ  എൻ ലായി യുമായി 1960 ൽ നടത്തിയ അതിർത്തി സംബന്ധിച്ച ചർച്ചകളും പരാജയപ്പെട്ടു. ഇന്ത്യ-ചൈന അതിർത്തിയായി  നിശ്ചയിച്ചിരുന്ന മക് മഹൻ രേഖ   അംഗീകരിയ്ക്കാൻ ചൈന തയാറായില്ല .  1962 ഡിസംബറിൽഅതിർത്തി സംബന്ധിച്ച്     ബ്രിട്ടീഷ് ഭരണ കാലയളവുമുതൽ ഉണ്ടായിരുന്ന  എല്ലാ  കരാറുകളും   കാറ്റിൽ പറത്തിക്കൊണ്ട്  ലഡാക്കിലുംഅരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള  അതിർത്തികളിലും   ചൈന കടന്നുകയറ്റം നടത്തി.  തമ്മിലുള്ള  ബന്ധങ്ങളുടെ  സീമകൾ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ കടന്നു കയറ്റം അപ്രതീക്ഷിതമായിരുന്നു. അയൽ   രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകുകയില്ലെന്നു ഉറച്ചു വിശ്വസിച്ച നെഹ്‌റു, നമ്മുടെ സൈനിക ശേഷിയും, ആയുധശേഷിയും, വർദ്ധിപ്പിയ്ക്കുന്നതിനേക്കാൾ ഊന്നൽ നൽകിയത്  പരസ്പര  സഹകരണത്തിലും, സാഹോദര്യത്തിലുമായിരുന്നു.

വൻശക്തികളുടെ  നിലപാട്

യുദ്ധമുണ്ടായ സന്ദർഭത്തിൽ ഒരു  സഹോദര കമ്മ്യൂണിസ്റ്റ് രാജ്യമെന്ന നിലയിൽ സോവിയറ്റ് യൂണിയൻ ഒരു പക്ഷവും  പിടിക്കാതെ    മാറി നിന്നു  അമേരിക്ക യുദ്ധത്തിൻറ്റെ ആദ്യ ദിനങ്ങളിൽ സഹായം നൽകിയില്ലെങ്കിലും, പിന്നീട് ഇന്ത്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്യുകയും, ചൈനയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ്  ചൈന ഏക പക്ഷീയമായി   വെടി  നിർത്തൽ പ്രഖ്യാപിയ്ക്കുകയും, യുദ്ധത്തിന് മുമ്പുള്ള നിലയിലേയ്ക്ക് സൈനികരെ പിൻവലിയ്ക്കുകയും ചെയ്തത് . 

യുദ്ധം തീർന്നെങ്കിലും, അതുണ്ടാക്കിയ പ്രകമ്പനങ്ങളും, അസ്വാരസ്യങ്ങളും ഇന്ത്യ-ചൈന ബന്ധത്തിൽ ഇപ്പോഴും നിഴലിച്ചു  നിൽക്കുന്നു. യുദ്ധത്തിന് ശേഷം പ്രതിരോധരംഗത്തു   ആധുനികവൽക്കരിക്കാനുള്ള  ശ്രമങ്ങൾ  ഇന്ത്യ കൈക്കൊണ്ടു. ഓരോ വര്ഷം കഴിയുന്തോറും നമ്മുടെ  പ്രതിരോധ ചെലവ്  ഉയർന്ന്  വരികയാണ് .ചേരിചേരാ  നയം പിന്തുടരുമ്പോഴും  ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നയമാണ്‌,  പിന്നീട്   വിദേശ നയത്തിൽ   പിന്തുടർന്നത്  .ഇന്ത്യയുടെ സൗഹൃദത്തിനും വിട്ടുവീഴ്ചയ്ക്കും,തെല്ലും വില കല്പിയ്ക്കാത്ത ചൈനയുടെ ശത്രുതാ  നയത്തിലും  ആക്രമണോൽസുകതയിലും  മനംനൊന്ത നെഹ്‌റു 1964 ൽ അന്തരിച്ചെങ്കിലും. പിന്നീട് അധികാരത്തിലേറിയ  പ്രധാനമന്ത്രിമാർ  ചേരിചേരാനയത്തിൽ നിന്നും  പിന്നോട്ടുപോയില്ല.  എന്നാൽ   കേന്ദ്ര ഭരണത്തിൽ  അധികാരമേറിയ നാൾ മുതൽ   നരേന്ദ്ര മോദി  സർക്കാർ   ചേരിചേരാനയത്തിൽ നിന്നും  അകന്നു നിൽക്കാനുള്ള ബോധപൂർവമായ ശ്രമമാണ്  നടത്തിക്കൊണ്ടിരിക്കുന്നത്.

പി.എസ. ശ്രീകുമാർ 

98471  73177 


No comments:

Post a Comment