സി പി എമ്മിൻറ്റെ കൂറ് ഇന്ത്യയോടൊ അതോ ചൈനയോടോ ?
അവസരത്തിലും, അനവസരത്തിലും ചൈനയെ സ്തുതിക്കുകയും മാതൃ രാജ്യമായ ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം എസ് .രാമചന്ദ്രൻ പിള്ളയുടെ സി പി എം കോട്ടയം ജില്ലാ സമ്മേളന പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ? ഇന്ത്യ ഉൾപ്പെടെയുള്ള രാജങ്ങൾ ചൈനയെ വളഞ്ഞിട്ടു ആക്രമിക്കുന്നു എന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതേ വാചകം തന്നെയാണ് രണ്ടു വര്ഷങ്ങള്ക്കു മുമ്പ് പോളിറ്റ് ബ്യൂറോ അംഗവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ മുമ്പ് ഒരു സമ്മേളനത്തിൽ പ്രസംഗിച്ചത്. ഇ എം എസ്സിന് ശേഷം, സി പി എമ്മിന്റെ താത്വിക നിലപാടുകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ വിശദീകരണവും വ്യാഖാനവും നൽകുന്ന മുതിർന്ന നേതാവെന്ന നിലയിൽ രാമചന്ദ്രൻ പിള്ളയുടെ നിലപാടുകൾ പ്രാധാന്യം അർഹിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറ്റെ നിലപാടുകൾക്ക് ആധികാരികത കൈവരുന്നു . യഥാർത്ഥത്തിൽ അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? അത് പരിശോധിക്കപ്പെടേണ്ടതാണ്. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇന്നുവരെ, ചെറുതും വലുതുമായ ഏതെങ്കിലും അയൽ രാജ്യങ്ങളെ ഇന്ത്യ ആക്രമിച്ചതായി ഒരു രാജ്യവും പരാതിപ്പെട്ടിട്ടില്ല. മറിച്ചു അയൽ രാജ്യങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളപ്പോഴൊക്കെ സഹായ ഹസ്തവുമായി മുന്നോട്ടു ചെന്ന ചരിത്രമാണ് നമുക്കുള്ളത്. ശ്രീലങ്കയിലും, മാലിദ്വീപിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവരെ സഹായിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു. അവരുടെ അഭ്യർത്ഥന പ്രകാരം അന്ന് ഇന്ത്യൻ സൈന്യത്തെ അയച്ചാണ് നാം ആഭ്യന്തര കലാപത്തിൽ നിന്നും ആ രാജ്യങ്ങളെ രക്ഷിച്ചത് . എന്നാൽ ചൈനയുടെ ചരിത്രം അതല്ല. ചൈനയുമായി ബന്ധമുള്ള, വടക്കൻ കൊറിയ ഒഴിച്ചുള്ള, എല്ലാ അയൽരാജ്യങ്ങളുമായും അവർക്കു അതിർത്തി തർക്കം ഉണ്ട്. മാത്രമല്ല പലപ്പോഴും യുദ്ധവും ഉണ്ടായിട്ടുണ്ട്.
തിബറ്റ് ആക്രമിക്കപ്പെടുന്നു
1949 ൽ ചൈനക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, ലാമമാർ ഭരിച്ചിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു തിബറ്റ് . ലാമാമാരെ സഹായിക്കാനെന്ന പേരിലാണ് ചൈനയുടെ സൈന്യം 1950 ൽ തിബറ്റിൽ ആദ്യമായി പ്രവേശിച്ചത്. കടന്നു കയറി തിബറ്റിൻറ്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ച ചൈനയുടെ സൈനികർ മടങ്ങിയില്ലെന്നു മാത്രമല്ല, 1959 മാർച്ചിൽ സൈനിക നടപടികളിലൂടെ നിരായുധരായ ബുദ്ധമത വിശ്വാസികളെ വെടിവച്ചു വീഴ്ത്തി, തിബത്ത് പിടിച്ചടക്കി, ചൈനയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. തിബൻറ്റിൻറ്റെ ഓരോ പ്രദേശങ്ങളും സൈനിക നടപടികളിലൂടെ ചൈന ബലാൽക്കാരമായി കയ്യടക്കിയപ്പോൾ ഭരണ തലവൻ കൂടിയായിരുന്ന ദലൈലാമ, ഇന്ത്യയുടെ സഹായം തേടി. ചൈനയുമായി ഇന്ത്യ നല്ല ബന്ധത്തിലായതിനാൽ, ടിബറ്റിനു സൈനിക സഹായം നൽകുവാൻ പ്രധാനമന്ത്രി നെഹ്‌റു തയ്യാറായില്ല.എന്നാൽ ചൈനയുടെ അധിനിവേശത്തിന് വഴങ്ങാതെ പലായനം ചെയ്ത ദലൈലാമക്കും അനുയായികൾക്കും, മനുഷ്യത്വത്തിൻറ്റെ പേരിൽ അഭയം നൽകുവാൻ നെഹ്‌റു തയ്യാറായി. ഇതോടെ ഇന്ത്യയോട് ചൈന ശത്രുതാമനോഭാവം കാട്ടുവാൻ തുടങ്ങി. തുടർന്ന്, അതിർത്തി തർക്കത്തിനും, യാതൊരു പ്രകോപനവും ഇല്ലാതെ, 1962 ൽ ഇൻഡ്യക്കുനേരെ സൈനികാക്രമണവും നടത്തി. ചൈനയുടെ കമ്മ്യൂണിസ്റ്പാർട്ടി നേതാക്കളായിരുന്ന മാവോ സേതുങ്ങിനോടും, ചൗ-എൻ-ലായിയോടും അടുത്ത സൗഹൃദവും മമതയും പുലർത്തിയിരുന്ന നെഹ്‌റു, ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പ്രതീക്ഷിച്ചിരുന്നില്ല.ലഡാക്കിലേക്കും, ആസ്സാമിലേക്കും ചൈനയുടെ സൈന്യം ഇരച്ചു കയറി എക്സൈ ചിന്നും, ഇന്നത്തെ അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളും കൈവശപ്പെടുത്തി. മാത്രമല്ലാ , ഈ പ്രദേശങ്ങളൊക്കെ തെക്കൻ റ്റിബറ്റിന്റ്റെ ഭാഗമാണെന്നും, അതുകൊണ്ടു തങ്ങൾക്കവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് യുദ്ധം ഏക പക്ഷീയമായി നിർത്തിയതും.ഈ പ്രദേശങ്ങളെ കുറിച്ചാണ് "ചൈന , ചൈനയുടേതെന്നും ഇന്ത്യ , ഇന്ത്യയുടേതെന്നും " ഇ.എം എസ് അന്ന് പ്രസംഗിച്ചത് .ജമ്മു കാശ്മീരിൻറ്റെ ഭാഗമായ അക്‌സായി ചിന്നിൽ മുപ്പത്തിയെണ്ണായിരംചതുരശ്ര കിലോമീറ്ററും അരുണാചലപ്രദേശിൽ തൊണ്ണൂറായിരം ചതുരശ്രകിലോമീറ്റർ പ്രദേശങ്ങളും ഇന്നും ചൈനയുടെ കൈ വശമിരിയ്ക്കുകയാണ് . ഇതിൻറ്റെ തുടർച്ചയായാണ് ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലെ ദോക് ലാമിൽ 2017 ജൂൺ മാസത്തിൽ ഇന്ത്യയുടേയും,ചൈനയുടെയും സൈനികർ യുദ്ധ സമാനമായ സാഹചര്യത്തിൽ മുഖാമുഖം നിൽക്കേണ്ടി വന്നത് . സിക്കിം,ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനു മുൻപ് മൂന്നു രാജ്യങ്ങളുടെയും അതിർത്തികൾ സംഗമിയ്ക്കുന്ന മുക്കവലയായ ദോക് ലാമിലെ അതിർത്തി സംബന്ധിച്ച ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നെഹ്‌റു ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ചൗ-എൻ ലായിക്ക് കത്തയച്ചിരുന്നു. എന്നാൽ നെഹ്രുവിൻറ്റെ കത്തിനോട് നിഷേധാല്മക സമീപനം കൈക്കൊണ്ടതിൻറ്റെ തുടർച്ചയായിട്ടാണ് ദോക് ലാം തങ്ങളുടേതാണെന്ന വാദവുമായി ഇന്ന് ചൈന ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നതു.ഈ പ്രശ്‍നം മുൻനിർത്തിയാണ് ഭൂട്ടാനെ ഇന്ത്യയ്‌ക്കെതിരെ തിരിയ്ക്കാനുള്ള ശ്രമം ചൈന നടത്തിയതും , ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നതും .
നേപ്പാളിനെ വരുതിയിലാക്കാൻ ചൈനയുടെ ശ്രമം
ഇന്ത്യയുമായും, ചൈനയുമായും,അതിർത്തി പങ്കിടുന്ന നേപ്പാളുമായി , സാംസ്കാരികമായും ചരിത്രപരമായും, വളരെ അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് . നേപ്പാളിൻറ്റെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ് . ആവശ്യവസ്തുക്കളെല്ലാം ഇന്ത്യയിൽ നിന്നുമാണ് നേപ്പാൾ വാങ്ങുന്നത് .മാത്രമല്ല , വിദേശത്തുനിന്നുമുള്ള നേപ്പാളിൻറ്റെ ഇറക്കുമതി മുഴുവൻ കൽക്കട്ട തുറമുഖം വഴിയാണ് . എന്നാൽ മൂന്നു വര്ഷങ്ങള്ക്കു മുമ്പ് നേപ്പാളിലെ മധേസി വിഭാഗം പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ,ഇന്ത്യയിൽ നിന്നുമുള്ള ചരക്കു നീക്കം തടഞ്ഞപ്പോൾ അത് നേപ്പാളിൻറ്റെ സമ്പദ്ഘടനയെ നിശ്ചലമാക്കി. ഈ അവസരം ചൈന തന്ത്രപൂർവം തങ്ങൾക്കനുകൂലമാക്കി. നേപ്പാൾ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ് പാർട്ടിയിലൂടെ ഇന്ത്യക്കെതിരെ അവിടുത്തെ മധേസി - ഇതര വിഭാഗങ്ങളെ അവർ ഇളക്കി വിട്ടു. നേപ്പാൾ അതിർത്തിയിലേക്ക് നാലുവരി പാതയുടെ നിർമാണം പൂർത്തിയാക്കിക്കൊണ്ടു ചരക്കുഗതാഗതം ചൈന ആരംഭിച്ചു.ഇതിനു പുറമെ ഒരു പുതിയ റെയിൽവേ ലൈനിൻറ്റെ നിർമാണ പ്രവർത്തനവും ചൈന നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. നേപ്പാളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന സൗഹൃദബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ചൈന തുടർന്ന് കൊണ്ടിരിയ്ക്കുന്നത് .
മ്യാൻമാർ പ്രശ്നത്തിലെ മുതലെടുപ്പ് .
നമ്മുടെ കിഴക്കൻ അയൽ രാജ്യങ്ങളായ മ്യാൻമറിനും ബംഗ്ലാദേശിനും ഉദാരമായ സാമ്പത്തിക സഹായം നൽകി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം ചൈന ആരംഭിച്ചിരിയ്ക്കുകയാണ്. മ്യാൻമറിലെ ഹാങ്‌വി നേപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു.വൽബേസിലെ തുറമുഖ നിർമാണത്തിന് പുറമെ രാജ്യത്തിൻറ്റെ വടക്കൻ ഭാഗത്തു വന്പിച്ച മുതൽ മുടക്കോടെ ഊർജ പ്ലാന്റുകളും, ഹൈവേകളും ഉൾപ്പടെയുള്ള നിര്മാണപ്രവർത്തികൾ ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നു. അവിടുത്തെ സൈനിക നേതൃത്വവുമായി ഉള്ള ബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യയെ പാർശ്വവൽക്കരിയ്ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് . റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ലാദേശുമായി മ്യാന്മറിന് അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ,ഇന്ത്യയെ അകറ്റിനിർത്തിക്കൊണ്ടു, മധ്യസ്ഥൻറ്റെ റോളിൽ ഒത്തുതീർപ്പു ഉണ്ടാക്കുവാൻ ചൈനയാണ് മുൻകൈ എടുത്തത്.
ബംഗ്ലാദേശിൻറ്റെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ദശലക്ഷക്കണക്കിനു അഭയാർത്ഥികൾക്ക് അഭയമേകിയതും, സ്വാതന്ത്ര്യ സമരത്തിന് ശക്തമായ പിന്തുണ നൽകിയതും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. അതിനു ശേഷവും ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു ആ രാജ്യം. എന്നാൽ ഷി ജിൻപിങ് ചൈനയിൽ അധികാരത്തിൽ വന്നതോടെയും കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷവും ഉഭയ കക്ഷി ബന്ധങ്ങളിൽ മാറ്റം വന്നുതുടങ്ങി. 2017 ൽ ബംഗ്ലാദേശിൽ സന്ദർശനം നടത്തിയത് വഴി, ആ രാജ്യത്ത് ആദ്യമായി എത്തുന്ന ചൈനയുടെ ഭരണാധിപനായി ഷി ജിൻപിങ് മാറി. പരസ്പര സഹായത്തിനുള്ള 21 കരാറുകളാണ് അന്നത്തെ സന്ദർശനത്തിൽ ഒപ്പു വാക്കപ്പെട്ടതു. വിവിധ പശ്ചാത്തല വികസന ഉടമ്പടികൾക്കായി 25 ബില്യൺ ഡോളറിൻറ്റെ ധനസഹായമാണ് ചൈന വാഗ്‌ദാനം നൽകിയത്. ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് ദീർഘ കാലമായുള്ള ബന്ധത്തെ നിസ്സാരവൽക്കരിയ്ക്കുന്നതോടൊപ്പം ഇന്ത്യ നൽകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകി ബംഗ്ലാദേശുമായി സൗഹൃദം ഉറപ്പിയ്ക്കുന്നതിനുള്ള ശ്രമമാണ് ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നത് .
കടക്കെണിയിലായ ശ്രീലങ്ക
ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് ശ്രീലങ്ക .വാരിക്കോരി സഹായധനം നൽകി ശ്രീലങ്കയെ അടര്തിയെടുക്കുവാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. 2005 നു ശേഷമുള്ള കാലഘട്ടത്തിൽ 20 ബില്യൺ ഡോളറിൻറ്റെ മുതൽ മുടക്കാണ് ശ്രീലങ്കയിൽ ചൈന നടത്തിയിരിയ്ക്കുന്നത് . വിമാനത്താവളങ്ങൾ ,തുറമുഖ നിർമാണം ,വിവിധ ഊർജ്ജപദ്ധതികൾ എന്നിങ്ങനെ കനത്ത മുതൽമുടക്ക് ആവശ്യമുള്ള മേഖലകളിലാണ് ചൈന ധനസഹായം നല്കിയിരിയ്ക്കുന്നത് . കൊളംബോയിൽ ഒരു പുതിയ തുറമുഖ നഗരനിർമാണം രാജ പക്സേമാരുടെ ജന്മസ്ഥലമായ ഹംബൻ ടോട്ടയിൽ പുതിയ തുറമുഖവും, വിമാനത്താവളവും നിർമിച്ച ചൈന, സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്ക തിരിച്ചടവ് മുടക്കിയപ്പോൾ ഹമ്പൻ ടോട്ട തുറമുഖം 99 വർഷത്തെ പാട്ടത്തിന് കൈവശമാക്കി. ഈ തുറമുഖം ചൈന യുടെ നാവികസേനാ കപ്പലുകൾ പലപ്പോഴും ഉപയോഗിയ്ക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിയ്ക്കുകയാണ് .
ഇന്ത്യയുടെ ചിരകാല സുഹൃത്തായ മാലിദ്വീപാണ് ചൈന ശ്രദ്ധ കേന്ദ്രികരിയ്ക്കുന്ന മറ്റൊരു രാജ്യം. ഈ രാജ്യത്തെയും തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാനായി വമ്പിച്ച സാമ്പത്തിക സഹായമാണ് ചൈന നൽകി കൊണ്ടിരിയ്ക്കുന്നത് . മാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻറ്റെ നിർമ്മാണക്കരാർ ആദ്യം നൽകിയത് ഇന്ത്യൻ കമ്പനി ആയ ജി എം ആർ ഗ്രൂപ്പിനായിരുന്നെങ്കിലും , മുൻ പ്രസിഡൻഡ് അബ്ദുൽ യാമീനെ സ്വാധീനിച്ച നിർമാണം ഇന്ത്യൻ ഗ്രൂപ്പിനെ കരാറിൽ നിന്നും പുറത്താക്കി ഒരു ചൈനീസ് കമ്പനി യെ ഏ ൽപ്പിചു . ഈ രീതിയിൽ ചരടുകളോടെയുള്ള സാമ്പത്തിക സഹായം നൽകി ഇന്ത്യയുടെ അയൽ രാജ്യങ്ങളെയെല്ലാം തങ്ങൾക്കനുകൂലമാക്കി മാറ്റി,ഇന്ത്യയ്‌ക്കെതിരെ വലയം തീർക്കുവാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ചൈന നടത്തികൊണ്ടിരിയ്ക്കുന്നതു. ചൈനയുടെ ഈ ശ്രമങ്ങളെ പരാജയപ്പെടുത്താൻ വ്യക്തമായ ഒരു വിദേശ കാര്യാ നയമില്ലാത്ത മോദി സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നും ഏകപക്ഷീയമായ കടന്നുകയറ്റങ്ങളിലൂടെ ഇന്ത്യയുടെ വടക്കൻ അതിർത്തികൾ സംഘർഷഭരിതമായ നിൽക്കുകയാണ്. ഈ യാഥാർഥ്യങ്ങൾ മറച്ചു വച്ചുകൊണ്ടാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളെ വളഞ്ഞിട്ടാക്രമിയ്ക്കുന്നു എന്ന ചൈനയുടെ ആരോപണം, മാർക്സിസ്റ്റ് പാർട്ടി നേതാക്കളായ രാമചന്ദ്രൻ പിള്ളയും ,കോടിയേരി ബാലകൃഷ്ണനും ഏറ്റു പറയുന്നത് .മാതൃ രാജ്യമായ ഇന്ത്യയോടാണോ അതോ ഇന്ത്യയെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന ചൈനയോടാണോ ഇവരുടെ കൂറെന്ന് ഇവർ തന്നെ വ്യക്തമാക്കേണ്ടതാണ്.
പി.എസ് .ശ്രീകുമാർ
9847173177
