Monday, 3 January 2022

ആദർശത്തിനുവേണ്ടി  ജീവിതം  ഉഴിഞ്ഞു വച്ച പി.ടി.

പി.എസ് .ശ്രീകുമാർ  

മലയാള സിനിമയ്ക്കു കവിത്വം പകർന്ന സർഗ്ഗധനൻ ആയ വയലാർ രാമവർമ രചിച്ച "ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി..." എന്ന മനോഹരവും  കർണാനന്തകരവും ആയ  ഗാനം കേൾക്കുന്ന മലയാളികൾ ഇനി ഓർമിക്കുക P.T തോമസ് എന്ന  ആദർശ ധീരനായ രാഷ്ട്രീയ നേതാവിനെ ആയിരിക്കും. പ്രകൃതിയെ സ്നേഹിച്ച പി. ടി യെ ഭാവി തലമുറയ്ക്ക് എന്നും ഓർക്കാനുള്ള അവസരമായി  ഈ ഗാനം മാറിയി രിക്കുകയാണ്. 70 -ആം  വയസിലും യുവത്വതിൻറ്റെ ചടുലതയും, രക്തത്തിളപ്പും, തീക്ഷ്ണതയുമായി കേരളം എമ്പാടും ഓടിനടന്ന പി.ടി യുടെ ആകസ്മികമായ വേർപാട്, കക്ഷി രാഷ്ട്രീയത്തിന് അതീതം ആയി കേരള ജനതയെ ഒന്നാകെ നൊമ്പര പെടുത്തി. അടി മുതൽ മുടി വരെ മാന്യനും ആദർശവാനും  ആയിരുന്ന പി.ടി, ജീവൻ നഷ്ടപ്പെടും   എന്ന് അറിയുമ്പോഴും ആദർശം കൈ വിടാൻ കൂട്ടാക്കിയില്ലെന്നതിൻറ്റെ  ഏറ്റവും വ്യക്തമായ തെളിവാണ് തൻറ്റെ  അന്ത്യാഭിലാഷത്തിലൂടെ പുറത്തുവന്നത്‌. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഒരു ബ്രാഹ്മണ പെൺകുട്ടിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി ദാമ്പത്യ ജീവിതം ആരംഭിച്ചത്. ശക്തമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നെടുനായകത്വം നൽകിക്കൊണ്ട് രാഷ്ട്രീയ രംഗത്ത് കടന്നു വന്ന പി.ടി ക്കു "രാജാവ് നഗ്നനാണെന്ന്" ഉറക്കെ വിളിച്ചു പറയുവാൻ തെല്ലും മടിയില്ലായിരുന്നു. 

പി.ടി യുടെ  രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർന്നത്, പശ്ചിമഘട്ട മേഖല സംരക്ഷിക്കണം എന്ന ആവശ്യം മുൻ നിർത്തിക്കൊണ്ട് പ്രകൃതി സ്നേഹിയും ശാസ്ത്രജ്ഞനുമായ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ്. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പൊടിപ്പും തൊങ്ങലും വെച്ച്  വന്നപ്പോൾത്തന്നെ പശ്ചിമഘട്ട മലനിരകളെ തുരന്ന് തകർക്കുന്ന മാഫിയാസംഘങ്ങളും റിയൽ എസ്റ്റേറ്റ് ലോബികളും ആ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കുന്നതിനുള്ള മാർഗങ്ങളിലേയ്ക്ക്  കടന്നു.

ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ മലയോര പ്രദേശങ്ങൾ  കൂടുതൽ ഉള്ള ജില്ലകളിലെ കർഷകർക്ക് അവിടെ നിന്നും കുടി ഇറങ്ങേണ്ടി വരുമെന്നും, അവിടെ റബ്ബർ മാത്രമല്ല, ചീരകൃഷി പോലും ചെയ്യാൻ കർഷകരെ അനുവദിക്കുകയി ല്ലെന്നുള്ള  സത്യവിരുദ്ധവും , അയഥാർഥ്യവുമായ വാർത്തകൾ പടച്ചു വിട്ടു. ഇവയൊക്കെ പെരുപ്പിച്ചുകാട്ടി നോട്ടീസുകളിലൂടെ ആ മേഖലകളിലെ എല്ലാ വീടുകളിലും എത്തിക്കാൻ സ്ഥലം കയ്യേറ്റ ലോബിയും , പാറ മട ലോബിയും കോടികളാണ് ചിലവഴിച്ചത്. അതോടെ, മലയോര മേഖലയിലെ പുരോഹിതന്മാർ രംഗത്തിറങ്ങി പ്രക്ഷോഭ ങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. അന്ന് ഇടുക്കി പാർലമെൻറ്  അംഗമായിരുന്ന പി.ടി. തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചു ,ഗഹനമായി പഠിച്ചു. ഈക്കാര്യത്തിൽ പി.ടി. എടുത്ത താല്പര്യം അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എനിക്ക് നേരിട്ട് അറിയാം. മാത്രമല്ല അദ്ദേഹത്തിനുണ്ടായ സംശയങ്ങളൊക്കെ അന്നത്തെ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ആയിരുന്ന പ്രൊഫസർ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ പലപ്പോഴും വിളിച്ചുവരുത്തി സംസാരിച്ചു സംശയ നിവൃത്തി വരുത്തുകയും ചെയ്തു. അദ്ദേഹത്തിന് വ്യക്തമായി ബോധ്യപ്പെട്ട കാര്യങ്ങൾ പുരോഹിതരെയും, സഭാ നേതൃത്വത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്ക് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല.. അവരിൽ പലരും വിവിധ ലോബികളുടെയും താല്പര്യങ്ങളുടെയും ഭ്രമണപഥത്തിൽ ആയിരുന്നു. ഒടുവിൽ ഈ കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാനായി അദ്ദേഹതിൻറ്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇടുക്കി ജില്ലയിലെ ജന പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും വിപുലമായ ഒരു യോഗം വിളിച്ചു ചേർത്തു. അതിലേക്ക് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ വിളിച്ചുവരുത്തി. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ വിശദാംശങ്ങൾ  പ്രൊഫ. ഉമ്മൻ .വി. ഉമ്മൻ വിശദീകരിച്ച ശേഷം തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഏതാനും വൈദികരുടെ നേതൃത്വത്തിൽ യോഗം അലങ്കോലപ്പെടുത്തുകയും കയ്യാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു. ജൈവ വൈവിധ്യ ശാസ്ത്രജ്ഞർക്ക്  നേരെ അക്രമാസക്തമായി പാഞ്ഞടുത്ത ചിലരെ പി.ടി. തോമസാണ്   തടഞ്ഞത്. അദ്ദേഹതിൻറ്റെ സമായോചിതമായ ഇടപെടലിലൂടെയാണ് ഈ ശാസ്ത്രജ്ഞന്മാരെ  മാഫിയ സംഘത്തിന്റ്റെ ആക്രമണങ്ങളിൽ നിന്നും പി.ടി.തോമസ് രക്ഷപെടുത്തിയത്. അദ്ദേഹതിൻറ്റെ നിർദ്ദേശാനുസരണമാണ് പിന്നീട് ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ മലയാള പരിഭാഷ, സംസ്ഥാന സർക്കാർ തയ്യാറാക്കി ജനങ്ങൾക്കു നൽകിയത്.വിവിധ കോണുകളിൽനിന്നുമുയർന്ന കൊലവിളികളിൽ വിരളാതെ, ഇടുക്കിയുടെയും പശ്ചിമ ഘട്ടത്തിൻറ്റെയും   സംരക്ഷണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ നിന്നും അണു വിട വ്യതിചലിക്കാൻ പി.ടി. തയ്യാറായില്ല.അതിനായി തൻറ്റെ പാർലമെൻറ് അംഗത്വം പോലും ത്യജിയ്ക്കുവാൻ മടി കാട്ടിയില്ല . പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിച്ചതിന്റ്റെ പ്രതികാരമായി അദ്ദേഹതിൻറ്റെ പ്രതീകാത്മക മൃതദേഹവുമായി ശവപ്പെട്ടി  ഒരുക്കി അന്ത്യയാത്ര  നടത്തിയ വൈദികർ, 2018 മുതൽ തുടച്ചയായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന  അതി വൃഷ്ടിയിലും, മണ്ണിടിച്ചിലിലും, മലയോര മേഖലകളിലെ  നിരവധി  ജനങ്ങളും അവരുടെ വസ്തു വകകളും ഒലിച്ചു പോയപ്പോൾ മൗനമായെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകാം . യേശു ക്രിസ്തുവിനെ കുരിശിൽ തളയ്ക്കാൻ ആക്രോശിച്ചവരെ പോലെ, പ്രകൃതി സംരക്ഷണത്തിൻറ്റെ പേരിൽ പി.ടി യെ നിഷ്കാസനം ചെയ്യാൻ ആഗ്രാഹിച്ചവർക്കു മുന്നിലൂടെ, രാഷ്ട്രീയ ഉയർത്തെഴുന്നേല്പു നടത്തിയ പി.ടി യെ ആണ് പിന്നീട് അവർ കാണുന്നത്. വീണ്ടും നിയമസഭാ അംഗമായും, കെ പി സി സി യുടെ വർക്കിംഗ് പ്രസിഡന്റ്റ് ആയും പി.ടി നെഞ്ച് വിരിച്ചാണ് നടന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്റ്റെ അടിത്തറയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചതുകൊണ്ടാണ് കേരളത്തിലെ ജനതയ്ക്ക് അദ്ദേഹം  പ്രിയങ്കരനായി മാറിയത്. 

2018 - ലെ രൂക്ഷമായ പ്രളയത്തിനും നാശ നഷ്ടങ്ങൾക്കും ശേഷം, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് "നവ കേരള നിർമാണത്തിലെ വെല്ലുവിളികൾ"  എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്തു വെച്ച് ഒരു ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അത് ഉദ്ഘാടനം നം ചെയ്യുവാൻ പി.ടി. അല്ലാതെ മറ്റൊരാളെ പറ്റി  ചിന്തിച്ചില്ല . ഇക്കാര്യം ഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ചപ്പോൾ , ഉടൻ തന്നെ സമ്മതം മൂളുകയാണ് ചെയ്തത്. 2018 സെപ്റ്റംബർ 13 ഇന് തിരുവനന്തപുരം  പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു ചർച്ച. ആ പരിപാടിക്ക് മാത്രമായി തൃക്കാക്കരയിൽ നിന്നും അദ്ദേഹം റോഡ് മാർഗം എത്തി ചേർന്നു. അന്നത്തെ ചർച്ചയിൽ പി.ടി. ക്കുപുറമെ പ്രൊഫ. ഉമ്മൻ വി. ഉമ്മൻ, ജി. വിജയരാഘവൻ എന്നീ വിദഗ്ദ്ധർ ഉണ്ടായിരുന്നെങ്കിലും പി.ടി. യുടെ പ്രസംഗമായിരുന്നു ശ്രദ്ധേയമായിരുന്നത്. നവ കേരള നിർമിതിയിലും സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിലുമൂന്നി ആയിരുന്നു അദ്ദേഹം സംസാരിച്ചത്. പശ്ചിമ ഘട്ട മേഖലയെ സംരക്ഷിക്കാതിരുന്നത് വഴിയാണ് കനത്ത നഷ്ടം പ്രകൃതി ക്ഷോഭത്തിന്റ്റെ രൂപത്തിൽ ആ മേഖലകളിൽ അനുഭവപെട്ടതെന്നു ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സമർഥിച്ചു . മാത്രമല്ല, സംസ്ഥാനത്തിന്റ്റെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിൻറ്റെ  നീക്കങ്ങളെ  നിശിതമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ലൈഫ് പദ്ധതി ഉൾപ്പടെ  പിന്നീടുണ്ടായ  അഴിമതി ആരോപണങ്ങൾ, പി.ടി യുടെ മുന്നറിയിപ്പുകൾ ശരിയാണെന്ന് തെളിയിച്ചു.

 തൻറ്റെ  മരണം പോലും പ്രകൃതിക്കു നൊമ്പരമുണ്ടാക്കരുതെന്ന ചിന്തയിലൂടെയാകാം, റീത്തുകളും പുഷ്പ ചക്രങ്ങളും ഉപയോഗിക്കരുതെന്നു അദ്ദേഹം വിലക്കിയത്. തൻ്റെ  കണ്ണുകളിലൂടെ മറ്റൊരാൾക്കു കാഴ്ചശക്തി നൽകിയ പി.ടി,  ചിതാഭസ്മം  പോലും മണ്ണിനു വളമായി മാറണമെന്ന് ആഗ്രഹിച്ചു. പ്രകൃതിയെ അത്ര മാത്രം സ്നേഹിച്ച പി.ടി.ക്കു ഈ മനോഹര തീരത്തു ഇനി ഒരു ജൻമം കൂടി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

പി.എസ് .ശ്രീകുമാർ 

(മുൻ മുഖ്യ മന്ത്രി  ഉമ്മൻ‌ചാണ്ടി യുടെ പ്രൈവറ്റ് സെക്രട്ടറിയും ,പ്രൊഫഷണൽ കോൺഗ്രസിൻറ്റെ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമാണ് )















 

No comments:

Post a Comment