സുപ്രീം കോടതിയ്ക്ക് ഹരിതാഭ പകർന്ന് അയിഷ മാലിക്
പി.എസ് .ശ്രീകുമാർ
പാകിസ്ഥാൻ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് അയിഷാ മാലികിനെ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ നോമിനേറ്റ് ചെയ്തത് ലോക മാധ്യമങ്ങളും ,വനിതാ ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തിരിക്കുകയാണ് . യാഥാസ്ഥികരും, പട്ടാളവും അമിതാധികാരം കൈയ്യാളുകയും, ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ പുരോഗമന വാദിയായ ഒരു വനിതാ ജഡ്ജി സുപ്രീം കോടതിയിൽ നിയമിക്കപ്പെടുകയെന്നത് ആരും പ്രതീക്ഷിച്ചില്ല. ഇന്ത്യക്കാരായ നമ്മളെ സംബന്ധിച്ച് ഈ വാർത്തക്ക് ഒരു പുതുമയില്ല. കാരണം, മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് , 1989 ൽ ഇന്ത്യയിൽ ആദ്യമായി ഒരു വനിതാസുപ്രീം കോടതി ജഡ്ജി നിയമിതയായി . മുൻ കേരള ഹൈക്കോടതി ജഡ്ജിയും , പത്തനംതിട്ടക്കാരിയുമായ ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു നമ്മുടെ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. അതിനു ശേഷം ഇതുവരെ 11 വനിതാ സുപ്രീം കോടതി ജഡ്ജിമാർ നിയമിയ്ക്കപ്പെട്ടിട്ടുണ്ട്. നിലവിൽ നമ്മുടെ സുപ്രീം കോടതിയിൽ 4 വനിതാജഡ്ജിമാർ ഉണ്ട്. എന്നാൽ ഇന്ത്യയിലും ഒരു വനിതാ ചീഫ് ജസ്റ്റിസ് ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയ്ക്ക് ഒരു വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണണമെങ്കിൽ ഇനിയും നാം അഞ്ചുവർഷം കൂടി കാത്തിരിയ്‌ക്കേണ്ടിവരും. നിലവിൽ സുപ്രീംകോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് 2022 ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിയ്ക്കപ്പെടാൻ സാധ്യതയുള്ള വനിതാജഡ്ജി. അയിഷ മാലിക്കിന് റിട്ടയർ ചെയ്യാൻ പത്തു വര്ഷം ഉള്ളതിനാൽ അവർ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുവാനും സാധ്യതയുണ്ട് .
നിലവിൽ ലാഹോർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആണ് പുരോഗമന ചിന്താ ഗതിക്കാരിയായി അറിയപ്പെടുന്ന അയിഷമാലിക്. മറ്റുനാലുജഡ്ജിമാരുടെ സീനിയോറിറ്റി മാറി കടന്നുകൊണ്ടാണ് അയിഷയെ ജുഡീഷ്യൽ കമ്മീഷൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ലിംഗസമത്വത്തിനും,പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നിരവധി വിധികൾ അവരുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന വിധി പ്രസ്താവനയിലൂടെ വനിതകൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകുന്നതോടൊപ്പം സർക്കാർ വകുപ്പുകളിലും, മെഡിക്കൽ കോളേജുകളിലും വനിതകൾക്ക് പ്രത്യേക കോട്വ ഏർപ്പെടുത്തുന്നതിനെതിരെയും, അവർ വിധി പ്രസ്താവിച്ചിട്ടുണ്ട് . സദാഫ് അസ്സീസും സർക്കാരും തമ്മിൽ 2021 ജനുവരിയിൽ ഉണ്ടായ ഒരു കേസിൽ, ബലാത്സംഗകേസുകളിൽ പ്പെടുന്ന ഇരകൾക്കെതിരെ കന്യകാത്വ പരിശോധന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ,അതിനു യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും പ്രഖ്യാപിച്ചതിലൂടെയാണ് അയിഷമാലിക് ലോക ശ്രദ്ധ നേടിയത്. ഓരോവർഷവും,"അഭിമാനക്കൊലകളിലൂടെ "ആയിരക്കണക്കിന് വനിതകൾ കൊല്ലപ്പെടുന്ന , പാകിസ്താനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിജഡ്ജിയായിട്ടുള്ള അവരുടെ നിയമനത്തിൽ വനിതകൾ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ ആഹ്‌ളാദത്തിലാണ്.
ലിംഗസമത്വത്തോടൊപ്പം അയിഷ മാലിക് പ്രാധാന്യം നൽകുന്ന മറ്റൊരു മേഖല പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് . പാക്കിസ്ഥാൻ നഗരമായ ലാഹോറിൽ, ഏഴു കിലോമീറ്റര് നീളത്തിലുള്ള ,
"Signal Free Corridor " ഗ്രീൻ എക്സ്പ്രസ്സ് ഹൈവേ കേസിൽ, പ്രകൃതിയ്ക്ക് ദോഷകരമാകുന്ന ഏതു വികസന പദ്ധതിയും നിയമ വിരുദ്ധമാണെന്ന് ജസ്റ്റിസ് അയിഷയുടെ നേതൃത്വത്തിലുള്ള ലാഹോർ ഹൈക്കോടതി ഫുൾ ബെഞ്ച് വിധി പ്രസ്താവിച്ചു . മനുഷ്യജീവൻറ്റെ സുരക്ഷയും , പ്രകൃതി സംരക്ഷണവും,സുസ്ഥിരവികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും വിധിയിൽ അവർ എടുത്തു പറഞ്ഞതിനൊപ്പം പ്രകൃതി സംരക്ഷണത്തിന് ദോഷകരമാകുന്ന ഒരു പ്രവൃത്തിയും അനുവദിയ്ക്കാനാവില്ലെന്നും ഫുൾ ബെഞ്ച് വിധിച്ചു.
ഇന്ത്യ,പാക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലി, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജുഡിഷ്യറിയ്ക്കായി നടത്തിയ "2012 ലെ ബുർബൻ പ്രഖ്യാപനത്തിന്റെ" അടിസ്ഥാനത്തിൽ ലാഹോർ ഹൈക്കോടതിയിൽ ഒരു ഏകാംഗ ഹരിതബെഞ്ചും, ഹരിത ഡിവിഷൻ ബെഞ്ചും രൂപീകരിച്ചതിൽ ചീഫ് ജസ്റ്റിസ് ആയ അയിഷ മാലിക്കിൻറ്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ലാഹോർ ഹൈ കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടു ജഡ്ജിമാരെ ഹരിത ഡിവിഷൻ ബെഞ്ചായും , നിയമിച്ചു.
മാത്രമല്ല ലിംഗ സമത്വത്തിൻറ്റെ പ്രാധാന്യം ജുഡിഷ്യറിയ്ക്കു പകർന്നു കൊടുക്കാനായി ലാഹോർ ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജഡ്ജിമാർക്കും,അഭിഭാഷകർക്കും,പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കാനും, ആയിഷമാലിക് മുൻകൈ എടുത്തു..
അഭിഭാഷകയായിരുന്നപ്പോൾ, ദാരിദ്ര്യനിർമാർജനവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്ന നിരവധി അനൗപചാരിക സംഘടനകളുടെ അഭിഭാഷകയായും അവർ കോടതിയിൽ ഹാജരായിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും സുപ്രീം കോടതിയിലേക്കുള്ള അവരുടെ നോമിനേഷൻ സുഗമമായിരുന്നു എന്ന് കരുതരുത്. മറ്റു നാല് സീനിയർ ജഡ്ജിമാരെ തഴഞ്ഞുകൊണ്ടുള്ള അവരുടെ നോമിനേഷനെതിരെ പാക്കിസ്ഥാൻ ബാർ അസോസിയേഷൻ ശക്തമായ എതിര്പ്പ് രേഖപ്പെടുത്തുക മാത്രമല്ല കോടതികൾ ബഹിഷ്കരിച്ചു പ്രക്ഷോഭം നടത്തുകയും ചെയ്തു. അവരുടെ നോമിനേഷനെ പുരോഗമന വാദികളായ പാകിസ്താനിലെ പൊതുസമൂഹവും പൂര്ണമനസ്സോടെയല്ല സ്വാഗതം ചെയ്തിട്ടുള്ളത്. കാരണം
അവരുടെ നോമിനേഷനെ അനുകൂലിച്ചാണ് പ്രധാനമന്ത്രി ഇമ്രാൻഖാൻറ്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധികൾ ജുഡീഷ്യൽ കമ്മീഷൻ യോഗത്തിൽ വോട്ട് ചെയ്തത്. അതുകൊണ്ടു തന്നെ സർക്കാരിനെതിരെ കേസുകൾ വരുമ്പോൾ അയിഷ മാലിക് എന്ത് നിലപാടാണ് കൈക്കൊള്ളുക എന്ന് അവർ ആശങ്കപ്പെടുന്നു. എങ്കിൽപ്പോലും, നീതിന്യായ രംഗത്ത് അവർ ഉയർത്തിപ്പിടിച്ച പുരോഗമന ചിന്താഗതി അവർ ഇനിയും പിന്തുടരുമെന്നാണു് പ്രതീക്ഷിക്കുന്നത്.
പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment