ദുരിതാശ്വാസ നിധിയിൽ കയ്യിട്ടുവാരുന്നവർ
അഡ്വ. പി.എസ് .ശ്രീകുമാർ
സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് ചികിത്സാ സഹായം നൽകുക, അപകട മരണങ്ങൾക്ക് ഇരയാകുന്ന ആശ്രിതരെ സഹായിക്കുക, തൊഴിൽ നഷ്ടപ്പെട്ടു ദുരിതത്തിലാകുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കുക, പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങിയവർ ഉൾപ്പെടെ അർഹരും ആവശ്യക്കാരുമായ ആളുകൾക്ക് അടിയന്തിരമായി ആശ്വാസം ലഭ്യമാക്കുന്നതിനുള്ള സഹായപദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായം നല്കുന്നതിനായി , സർക്കാർ റവന്യൂ വകുപ്പിൽനിന്നും മാർഗരേഖകൾ പലപ്പോഴായി ഇറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഈ ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണെന്നതാണ്. സ.ഉ.(എം എസ് )144 / 12 /റെവ എന്ന നമ്പറിൽ 11/ 04/ 2012ലാണ് ഈ ഉത്തര ഇറങ്ങിയിട്ടുള്ളത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അംഗീകൃത മെഡിക്കൽ ഓഫീസർ , ആറ് മാസ കാലാവധിക്കകത്തു നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം cmo.kerala .gov.in എന്ന വെബ്സൈറ്റിലൂടെയോ, നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ എം.പി/ എം.എൽ.എ മാർ മുഖേനയോ, കളക്ടറേറ്റുകൾ വഴിയോ, അല്ലെങ്കിൽ തപാലിലോ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകാം. രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ് സമർപ്പിക്കേണ്ടത്. അതിൽ ഡോക്ടറുടെ ഒപ്പ്, തീയതി, സീൽ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. സാധാരണ രോഗങ്ങളായ ജലദോഷം, പനി, തലവേദന,വിമ്മിട്ടം, ശ്വാസംമുട്ടൽ,, ആസ്തമ, സന്ധിവേദന,തുടങ്ങിയവക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുകയില്ല. തീപിടുത്തം മൂലം വാസഗൃഹങ്ങൾക്കും , ഇൻഷുറൻസ് എടുത്തിട്ടില്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അപേക്ഷ നൽകുമ്പോൾ അതോടൊപ്പം എഫ് ഐ ആർ, അഗ്നിശമന സേനയുടെ റിപ്പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം നൽകണം. അപകട മരണങ്ങൾക്ക് ഇരയാകുന്നവരുടെ ആശ്രിതർ ധന സഹായത്തിനായി എഫ് ഐ ആർ , പോസ്റ്റ്ർമോട്ടം റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകണം.
ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഒരേ ആവശ്യത്തിനായി ധനസഹായം അനുവദിക്കുകയുള്ളു. എന്നാൽ, കാൻസർ, കിഡ്‌നി, തുടങ്ങിയ ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും , തുടർച്ചയായ ചികിത്സ ആവശ്യമുള്ളവർക്കും അവരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്, ഒരിക്കൽ ധനസഹായം അനുവദിച്ചതാണെങ്കിലും രണ്ടു വർഷത്തിന് ശേഷം വീണ്ടും അപേക്ഷ നൽകാവുന്നതാണ്.
ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ധനസഹായം അനുവദിക്കുന്നതിന്റ്റെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെങ്കിലും, ഈ നിധിയിലെ അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുന്നത് ധനകാര്യ വകുപ്പ് സെക്രട്ടറിയാണ് . അതിനാൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ അയക്കേണ്ടത് ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ ആണ്. സർക്കാരിന്റെ നിലവിലുള്ള ഉത്തരവ് പ്രകാരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10,000 രൂപവരെ അതാത് ജില്ലാ കളക്ടർമാർക്ക് അനുവദിക്കാം. 10,000 മുതൽ 15,000 രൂപവരെയുള്ള ധനസഹായം റവന്യൂ സ്പെഷ്യൽ സെക്രട്ടറിയും 25,000 രൂപവരെയുള്ളവ റവന്യൂ മന്ത്രിയും , അതിനുമുകളിൽ 3,00,000 രൂപവരെയുള്ള ധനസഹായം മുഖ്യമന്ത്രിയുമാണ് അനുവദിക്കുന്നത്. മൂന്നു ലക്ഷം രൂപക്ക് മുകളിലുള്ള ധന സഹായം അനുവദിക്കാൻ അധികാരമുള്ളത് മന്ത്രിസഭക്കാണ്. ദുരിതാശ്വാസ നിധിയിൽ നിന്നും ധന സഹായം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാനായി മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ചു ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പിലും, ജില്ലാ കലക്ടറേറ്റുകളോടനുബന്ധിച്ചും ദുരിതാശ്വാസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ പ്രത്യേക സംവിധാനങ്ങൾ നിലവിലുണ്ട്. ഇതിനെല്ലാം പുറമേ , ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കണക്കുകൾ കംട്രോളർ ആൻഡ് അക്കൗണ്ടന്റ് ജനറലിൻറ്റെ ഓഡിറ്റിന് വിധേയവുമാണ്.
വര്ഷങ്ങളായി സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കിയാണ് ചില രാഷ്ട്രീയ ഇടനിലക്കാരും, പുഴുക്കുത്തുകളായി അധഃപതിച്ച ഉദ്യോഗസ്ഥരിൽ ചിലരും ചേർന്ന് ദുരിതാശ്വാസ നിധിയിൽ തട്ടിപ്പും തിരിമറിയും നടത്തിയത്. രാഷ്ട്രീയ പിടിപാടുള്ള പത്തനാപുരത്തെ ഒരു ഡോക്ടർ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കാനായി 1500 മെഡിക്കൽ സര്ടിഫിക്കറ്റുകൾ നൽകിയത് ഇത്ര നാളും പിടിക്കപ്പെടാതെ പോയത് ഈ സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കെടുകാര്യസ്ഥതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മതിയായ ചികിത്സ രേഖകൾ പോലുമില്ലാതെയാണ് ധന സഹായം അനുവദിച്ചിട്ടുള്ളതെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താലൂക്ക് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പുറത്തു വന്നിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഒരു വില്ലജ് ഓഫീസിൽ ലഭിച്ച 268 അപേക്ഷകളിൽ എല്ലാം നൽകിയിരിക്കുന്നത് ഒരേ മൊബൈൽ ഫോൺ നമ്പർ ആണ്. ഒരു താലൂക്കിലെ 78 അപേക്ഷകളിൽ ഒരു ആയുർവേദ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ആയിരുന്നു എല്ലാവരും ഹാജരാക്കിയത്. ഇങ്ങനെ സംഘടിതമായിട്ടാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്. സാധാരണഗതിയിൽ, ഏറ്റവും കൂടുതൽ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത് ജനപ്രതിനിധികളിലൂടെയാണ്. ആപേക്ഷകളുമായി വരുന്നവരുടെ നിജ സ്ഥിതി പരിശോധിക്കാനുള്ള സംവിധാനം എം എൽ എ മാരും, എം.പി മാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് ഇല്ല. അവർ ശുപാർശ ചെയ്തുകൊടുക്കുന്ന അപേക്ഷകൾ പരിശോധിച്ച് മേൽ നടപടി എടുക്കേണ്ടത് വില്ലജ് ഓഫീസുകൾ മുതലുള്ള റവന്യൂ വകുപ്പിൻറ്റെ ഉത്തരവാദിത്വമാണ്. എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് വിശദമായ അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ ഭരണ കാലയളവിൽ അർഹരല്ലാത്ത ചിലർക്ക് സർക്കാരിന്റെ രാഷ്ട്രീയ ചായ്‌വിന്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായധനം അനുവദിച്ചതിനെതിരെയുള്ള കേസ്, വിധിപറയാനായി ലോകായുക്തയുടെ മുന്നിൽ ഇപ്പോൾ തന്നെ ഉണ്ട്. അതിനേക്കാളും ഗുരുതരമായ ക്രമക്കേടുകളാണ് ഇപ്പോൾ വിജിലൻസ് പുറത്തു കൊണ്ടുവന്നിട്ടുള്ളത്.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും, വിവിധ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമായ നൂറു കണക്കിന് പാവങ്ങളുടെ അവസാന അത്താണിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിനു മുകളിൽ ഇപ്പോൾ ഉരുണ്ടുകൂടി വന്ന കാർമേഘപടലങ്ങൾ നീക്കി അതിൻറ്റെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് വളരെ അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്. ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിൽമേൽ സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പിനും ക്രമക്കേടുകൾക്കും ഒത്താശ ചെയ്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിൽ ഉൾപ്പെട്ട എല്ലാവരെയും, രാഷ്ട്രീയത്തിനതീതമായി, നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പുവരുത്തുവാൻ ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണം.
അഡ്വ. പി.എസ് .ശ്രീകുമാർ
(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ)
9847173177
