Monday, 13 February 2023

     സാമൂഹ്യ  സുരക്ഷാ പെൻഷൻറ്റെ  പേരിലെ കൊള്ള 

 പി.എസ് .ശ്രീകുമാർ 

 സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മുടക്കമില്ലാതെ  നൽകുക എന്ന ലക്ഷ്യത്തോടെയാണ്  പെട്രോളിനും, ഡീസലിനും  ഏപ്രിൽ ഒന്ന് മുതൽ  ലിറ്ററിന്  രണ്ടു  രൂപ   സെസ്സ്‌  ഏർപ്പെടുത്തുന്നതെന്നാണ്   ബജറ്റ് അവതരിപ്പിച്ചുകൊണ്ട്  ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  ജനങ്ങളെ  പിഴിയുന്നത്  ന്യായീകരിക്കാവുന്നതല്ല.  ബജറ്റിലെ ഈ നിർദ്ദേശം  സാർവത്രികമായ വിലക്കയറ്റത്തിലേക്ക് നയിക്കും എന്നതിൽ സംശയമില്ല.  സെസ്സിലൂടെ  750  കോടി രൂപയുടെ അധിക ധനസമാഹരണമാണ് സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നത്.  1200  കോടി രൂപയുടെ വരുമാനം ഇതിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.  എന്നിട്ടും ഒരു രൂപയുടെ വർദ്ധനവ് പോലും പെൻഷനിൽ വരുത്തുവാൻ പിണറായി സർക്കാർ തയ്യാറായില്ല.  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം ധന മന്ത്രി ഓർക്കണം.

 

 അച്യുതാനന്ദൻ സർക്കാർ എന്താണ് ചെയ്തത്?

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി,2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 59.5 .ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായതു. ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഇത്രത്തോളം ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം.

സാമൂഹ്യ സുരക്ഷാ പെൻഷൻറ്റെ  പേരിൽ  ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കാരിന്റെ നടപടി  പകൽ കൊള്ളയാണ്.മിഥ്യാഭിമാനം  വെടിഞ്ഞു,  പുതിയതായി ഏർപ്പെടുത്തിയ സെസ്  പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.




പി.എസ്‌ ,ശ്രീകുമാർ 

9847173177 


No comments:

Post a Comment