Saturday, 25 February 2023


                                    വാർദ്ധക്യത്തിലെ  അതിജീവനം 

അഡ്വ . പി.എസ്‌ .ശ്രീകുമാർ  

  കേരള  സമൂഹം നേരിടുന്ന  ഗുരുതരമായ ഒരു പ്രശ്നമാണ്  "താങ്ങിപ്പിടിക്കാനും കോരിക്കൊടുക്കാനും ആരുണ്ടാകും" എന്ന  ലേഖനത്തിലൂടെ വി.ഡി .ശെൽവരാജ്   വരച്ചുകാട്ടിയിരിക്കുന്നത്.  കഴിഞ്ഞ  കുറെ വർഷങ്ങളായാണ്   ഈ പ്രശ്‍നം  നമ്മുടെ സംസ്ഥാനത്തെ പല കുടുംബങ്ങളെയും, പ്രത്യേകിച്ച് , ദക്ഷിണ-മദ്ധ്യ  കേരളത്തിലെ കുടുംബങ്ങളെ  ,  ഗ്രസിച്ചുതുടങ്ങിയത്.  നാലഞ്ച് ദശകങ്ങൾക്ക് മുമ്പുവരെ നിലനിന്നിരുന്ന  കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ   വീടുകൾ മൈക്രോ യൂണിറ്റുകളായി മാറി തുടങ്ങി. അപ്പോഴും ഈ  മൈക്രോ യൂണിറ്റുകളിൽ അച്ഛൻ, 'അമ്മ , രണ്ടോ മൂന്നോ മക്കൾ എന്ന രീതി പിന്തുടർന്നുവന്നു.  മക്കൾ വിദ്യാഭ്യാസം കഴിഞ്ഞാൽ  ഏതെങ്കിലും സർക്കാർ ജോലിയിലോ, സ്കൂൾ/കോളേജ് അധ്യാപകരയോ ,   സഹകരണ സംഘങ്ങളിൽ ഉദ്യോഗം തേടിയോ, കാർഷിക-വ്യാവസായിക ജോലിയിൽ ഏർപ്പെട്ടോ ,  കഴിയുന്നതും അതാത്  ജില്ലകളിലോ അല്ലെങ്കിൽ  യാത്ര ചെയ്തു  പോയിവരാവുന്ന  സ്ഥലങ്ങളിലോ  ഒക്കെയായി വീടുമായി ബന്ധം വച്ച്  പോന്നു .  അങ്ങിനെ  മക്കളിൽ ഒരാളുടെയെങ്കിലും  സാന്നിധ്യം   മാതാപിതാക്കളോടൊപ്പം  വീട്ടിൽ തന്നെ ഉണ്ടാകുമെന്നു ഉറപ്പു വരുത്തുവാൻ   ശ്രദ്ധിച്ചിരുന്നു.   എന്നാൽ, എണ്പതുകളോടെ,   കേരളത്തിൽ പ്രവർത്തിച്ചിരുന്ന  ഉത്പ്പാദന   വ്യവസായങ്ങൾ   അയൽ  സംസ്ഥാനങ്ങളിലേക്ക്  കുടിയേറിത്തുടങ്ങിയതോടെ     തൊഴിൽ ലഭ്യതയിൽ കുറവുവന്നു.  കൈത്തറി, കയർ, കശുവണ്ടി തുടങ്ങിയ പാരമ്പര്യ  വ്യാവസായിക  മേഖലകളിലെ  പല വൻകിട ഫാക്ടറികളും  തമിഴ്‌നാട്ടിലേക്കും, കര്ണാടകയിലേക്കും  പറിച്ചുനടപ്പെട്ടത്   ഇതിൻറ്റെ  പ്രത്യക്ഷ ഉദാഹരണമാണ്.  ഇതിനുപുറമെയാണ്, കാർഷിക രംഗത്തുണ്ടായിട്ടുള്ള പ്രതിസന്ധി. 

 കാർഷികവകുപ്പ്  2016 ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം,  1956 ൽ മൊത്തം തൊഴിൽ എടുതിരുന്നവരുടെ  53.1 ശതമാനം പേർക്ക്   തൊഴിൽ നല്കിയ  മേഖല യായിരുന്നു കാർഷിക രംഗം. എന്നാൽ 2011  ആയപ്പോൾ,   മൊത്തം ജനസംഖ്യയുടെ 2  ശതമാനം പേര് മാത്രമേ കര്ഷകരായിട്ടുള്ളു.  കർഷക തൊഴിലാളികൾ   4  ശതമാനമായി കുറഞ്ഞു.  എന്നാൽ ഐ.ടി രംഗത്തും, നിർമാണ രംഗത്തും തൊഴിൽ ലഭ്യത  കൂടിയിട്ടുണ്ട്.  പക്ഷെ ഈ രണ്ടു മേഖലകളിലും  അന്യ  സംസ്ഥാനക്കാരായ നിരവധിപേരാണ് ജോലി ചെയ്യുന്നത്.   ഇതൊക്കെ  ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ യുവാക്കൾക്കു   തൊഴിൽ ലഭ്യത കുറഞ്ഞു വരുന്നു എന്നതാണ്.  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്  ഉണ്ടായിട്ടുള്ള മൂല്യച്യുതിയും  വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പലായനത്തിൽ  വലിയ പങ്കുവഹിക്കുന്നുണ്ട്.  അതോടെ  മനുഷ്യവിഭവ ശേഷി  ആവശ്യമുള്ള  വിദേശ രാജ്യങ്ങളിലേക്ക്  കേരളത്തിലെ യുവത,  വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി  ചേക്കേറാൻ തുടങ്ങി. കഴിഞ്ഞ വര്ഷം ഏകദേശം നാൽപ്പതിനായിരം വിദ്യാർത്ഥികളാണ് കേരളത്തിൽനിന്നും  വിദേശരാജ്യങ്ങളിലേക്ക്  പഠനത്തിന് പോയത്.  ഇവരിൽ ഭൂരിപക്ഷം പേരും തിരിച്ചുവരാനുള്ള  സാധ്യത കുറവാണ് . ഇതൊക്കെ   ബാധിക്കുന്നത്  മുതിർന്ന പൗരന്മാരുടെ  അനാഥത്വത്തിലേക്കാണ്.

എന്താണ് പരിഹാരം?

കേരളത്തിൽ  ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന  എല്ലാവർക്കും   ഇവിടെ തന്നെ ജോലി നൽകുവാൻ സാധിച്ചാൽ  അതാണ്  ഏറ്റവും നല്ല  പരിഹാരം. എന്നാൽ ആസന്ന ഭാവിയിൽ  അതിനുള്ള സാധ്യതയില്ല.  പിന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നത്  വർധിച്ചു വരുന്ന  മുതിർന്ന പൗരന്മാരുടെ   സംരക്ഷണം ഉറപ്പാക്കുകയെന്നതാണ്.  ഇക്കാര്യത്തിൽ വികസിതമായ പാശ്ചാത്യ രാജ്യങ്ങൾ എന്താണ് ചെയ്യുന്നത്?  കാനഡ സർക്കാരിന്റെ കണക്കുകൾ പ്രകാരം 2013 ൽ ജനസന്ഖ്യയുടെ 15  ശതമാനം പേർ  അവിടെ  അറുപതു വയസ്സിനു മുകളിൽ ഉള്ളവരായിരുന്നു.  2038  ആകുമ്പോളേക്കും  ഇത്   25  ശതമാനമായി വർധിക്കും. അതായതു  പ്രായപൂർത്തിയായ 5 പേരിൽ  രണ്ടുപേർ  വയോജനങ്ങളായിരിക്കും.  സാധാരണഗതിയിൽ,  പ്രായപൂർത്തിയാകുന്നതോടെ ഇവരുടെ മക്കൾ ഇവരിൽ നിന്നും വേർപിരിഞ്ഞു  പ്രത്യേകമായി  താമസം  മാറും. വയോജനങ്ങൾ ഉൾപ്പെടെയുള്ള  പൗരന്മാർക്ക്  ചികിത്സയും, മരുന്നും അവിടെ സൗജന്യമാണ്. വയോജനങ്ങളിൽ ആരോഗ്യം ഉള്ളവർ  റിട്ടയര്മെന്റിനു ശേഷവും, മറ്റ്  ജോലികൾ ചെയ്യാൻ പോകും. ഉന്നത പദവിയിൽ ഇരുന്നവർ പോലും , ഡ്രൈവറായും, അധ്യാപകരായും, കമ്മ്യൂണിറ്റി  ജോലിക്കും ഒക്കെയായി പോകുന്നതിനാൽ ഏകാന്തതയെ അകറ്റിനിർത്തുവാൻ സാധിക്കുന്നു. 

കാനഡയിലെ  മുതിർന്നവരിൽ 14.9  ശതമാനം പേർ  അവിടത്തെ തൊഴിലുകളിൽ  പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ഇത് 20.2 ശതമാനവും , ജപ്പാനിൽ 25.3 ശതമാനവുമാണ്. അതുപോലെ, ആരോഗ്യമേഖലയിലെ ചെലവിൻറ്റെ  10.2 ശതമാനം  മുതിർന്നവർക്കുവേണ്ടി ചെലവഴിക്കുന്നു. മുതിർന്നവരുടെ കാര്യങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനുപുറമേ, മുതിർന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഓംബുഡ്‌സ്മാൻ  സംവിധാനവും ഉണ്ട്.   രോഗങ്ങളാൽ അവശത അനുഭവിക്കുന്ന വയോജനങ്ങൾക്കു തുണയായി  അവരുടെ വീടുകളിൽ  സന്ദർശനം നടത്തി  ആശ്വാസം പകരുന്ന കൂട്ടായ്‌മകളും  റെസിഡന്റ്‌സ് അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട്  പ്രവർത്തിക്കുന്നുണ്ട്.   സ്‌കൂളുകളും , വായനശാലകളും, പാർക്കുകളും, കമ്മ്യൂണിറ്റി സെന്ററുകളും, ആരാധനാലയങ്ങളും  കേന്ദ്രമാക്കി അവധി ദിവസങ്ങളിലും, വൈകുന്നേരങ്ങളിലും,  വയോജനങ്ങൾക്കു ഒത്തുകൂടുവാൻ സൗകര്യം  ഒരുക്കുന്നു.  ഔട്ട് ഡോർ,-ഇൻഡോർ സ്പോർട്സ് , യോഗ എന്നിവയിൽ പങ്കുചേരാനും, പൂന്തോട്ടങ്ങൾ, അടുക്കള തോട്ടങ്ങൾ എന്നിവ  ഒരുക്കാനും പരിപാലിക്കാനും വയോജനങ്ങൾക്കു വേണ്ട സഹായം   നൽകുന്നുണ്ട്. കല,സാഹിത്യം, സേവനം,ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളിൽ പങ്കെടുക്കുന്ന  മുതിർന്ന പൗരന്മാരുമുണ്ട്.  ഇനിയും ചിലർ അറിവ് വർധിപ്പിക്കാനായി വിദൂര-തുറന്ന സർവകലാശാലകളിൽ  ചേർന്ന് പഠിക്കുന്നുണ്ട്.  മക്കൾ കൂടെയില്ലാത്തതിൻറ്റെ  പ്രയാസങ്ങളും, പങ്കാളി നഷ്ടപ്പെടുന്ന വേദനയും  കൊണ്ട്  ഉണ്ടാകുന്ന   മാനസിക തളർച്ചയെ [depression ] ഒരു പരിധിവരെ  അകറ്റിനിർത്താൻ  സഹായിക്കും. പ്രായത്തെ അവഗണിച്ച്, സജീവമായി സമൂഹവുമായി ഇടപെട്ടാൽ  വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെ  കുറെയൊക്കെ  അകറ്റിനിർത്തുവാൻ സാധിക്കും.

അഡ്വ . പി.എസ് .ശ്രീകുമാർ 

9847173177 



മുതിർന്നവരുടെ പ്രശ്നങ്ങൾ നോക്കുവാൻ ഓരോ സംസ്ഥാനത്തും ഒരു മന്ത്രിയെ ചുമതലപ്പെടുത്തുന്നതും, ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.













                  

No comments:

Post a Comment