Monday, 8 September 2025

                    


              പിണറായി സർക്കാരിൻറ്റെ   മദ്യനയം  ഒരു സാമൂഹ്യ ദുരന്തം 

അഡ്വ. പി.എസ് .ശ്രീകുമാർ 

"മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിൻറ്റെ  ലഭ്യതയും ഉപയോഗവും പടിപടിയായി, കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവൽക്കരണ പ്രസ്ഥാനത്തിന് രൂപം നൽകും, ഡി.അഡിക്ഷൻ സെൻറ്ററുകൾ   സ്ഥാപിക്കും. മദ്യവർജ്ജന സമിതിയും, സർക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും." 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇറക്കിയ പ്രകടന പത്രികയുടെ  552 ആം ഖണ്ഡികയിലെ    വാഗ്ദാനങ്ങളാണ്  ഇത്.  

553  ആം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത്: "മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്, ഇതിനെതിരെ അധികർശനമായ നടപടികൾ സ്വീകരിക്കും." 

554 ൽ പറഞ്ഞിരിക്കുന്നത് "സ്കൂളുകളിൽ മദ്യത്തിനെതിരെയുള്ള ബോധവൽക്കരണം 8  മുതൽ 12  വരെ ക്ലാസ്സിലുകളിൽ ഉൾപ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23  ആയി ഉയർത്തും" എന്നുമാണ്. ഇന്നിതുവായിക്കുന്നവർ ചിരിച്ചു മണ്ണുകപ്പും എന്നതിൽ സംശയമില്ല.  ഇതിലും വലിയ തമാശ സ്വപ്നങ്ങളിൽ മാത്രമേ കാണുകയുള്ളു. 

അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മദ്യനയം  

2016  മെയ് മാസത്തിൽ അധികാരത്തിലേറിയ  ഒന്നാം പിണറായി സർക്കാരിന്റെയും , 2021  മുതലുള്ള രണ്ടാം  സർക്കാരിൻറ്റെയും  കഴിഞ്ഞ  9  വർഷത്തെ ഭരണത്തിനിടയിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങൾ  ഭയാനകമാണ്. മദ്യത്തിന്റെയും, ലഹരി പദാർത്ഥങ്ങളുടേയും  ലഹരിയിൽ,   സമൂഹത്തിൽ മാത്രമല്ല, വീടുകളിൽപ്പോലും അക്രമങ്ങളും കൊലപാതകങ്ങളും  വ്യാപകമായി അരങ്ങേറുന്നു .  കുടുംബങ്ങളിൽ അശാന്തി വിളയാടുന്നു. വിദ്യാലയങ്ങൾ  പലതും മദ്യ-മാഫിയ സംഘങ്ങളുടെ നീരാളിപ്പിടുത്തത്തിൽ  പിടയുകയാണ്.  . ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴക്കൂട്ടം ഉള്ളൂർക്കോണത്തു  മകനെ കഴിഞ്ഞ ദിവസം പിതാവ് വെട്ടിക്കൊലപ്പെടുത്തിയത്. ഉള്ളൂർക്കോണം പുത്തൻവീട്ടിൽ ഉല്ലാസിനെയാണ് അച്ഛനായ ഉണ്ണികൃഷ്ണൻ വെട്ടി കൊലപ്പെടുത്തിയത്.  മദ്യലഹരിയിലുണ്ടായ തർക്കത്തിനിടക്കാണ് കൊലപാതകം നടന്നത്.അച്ഛനും മകനും സ്ഥിരമായി മദ്യപിച്ചു വീട്ടിൽ ബഹളമായതിനാൽ ഉണ്ണിക്കൃഷ്ണൻറ്റെ  ഭാര്യ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.  മറ്റൊരു സംഭവത്തിൽ മദ്യലഹരിയിലായിരുന്ന  മകൻ അച്ഛനെ വെട്ടിക്കൊന്നതും  രണ്ടാഴ്ച മുമ്പ്  മാധ്യമങ്ങളിൽ വന്നിരുന്നു. ഇതുപോലെ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഉണ്ടാകുന്നത്. ഈ കൊലപാതകങ്ങളെല്ലാം  നടക്കുന്നത് മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടവരാണ്. ലഹരിക്കടിമപ്പെടുന്ന ആൺമക്കൾ  സ്വന്തം സഹോദരിമാരെയും അമ്മമാരെയും  ലൈംഗികമായി പീഡിപ്പിക്കുന്ന  വേദനാജനകമായ  സംഭവങ്ങളും  തുടർക്കഥകളാകുന്നു. രാജ്യത്തിന് തന്നെ  അഭിമാനമാകേണ്ട യുവാക്കൾ മദ്യത്തിന്റെയും,  മയക്കുമരുന്നുകളുടെയും   ലഹരിയിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ  സമൂഹം ഇന്നെത്തിപ്പെട്ടിരിക്കുന്ന  ദുരവസ്ഥയുടെ നടുക്കുന്ന ചിത്രങ്ങളാണ്  വരച്ചുകാട്ടുന്നത്. , പല ഇടപാടുകളുടെയും പിറകിൽ സിപിഎം/ ഡി.വൈ എഫ്.ഐ  നേതാക്കളുടെ ഇടപെടലുകൾ ഉള്ളതിനാൽ,  പിണറായി സർക്കാർ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തതും, അവരിൽ നിന്നും വലിയ രീതിരിൽ പാർട്ടി ഫണ്ട് ശേഖരിക്കുന്നതുമാണ്  ഇന്നത്തെ അരാജകാവസ്ഥക്കു കാരണം.

പ്രകടന പത്രിക കാറ്റിൽ പറത്തുന്ന  ഇടതു സർക്കാർ 

2011-2016 കാലഘട്ടത്തിൽ, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ  സംസ്ഥാനത്തെ പത്തുവർഷം കൊണ്ട്  സമ്പൂർണ മദ്യ രഹിത സംസ്ഥാനമാക്കി മാറ്റുന്നതിൻറ്റെ  ഭാഗമായി അഞ്ച് സ്റ്റാറിന് താഴെയുള്ള 730 ബാറുകളാണ് പൂട്ടിയത്.  അതുപോലെ ഓരോ വർഷവും ബെവറേജ്‌സ്  കോർപ്പറേഷന്റെ  10 ശതമാനം ഷോപ്പുകൾ അടക്കുവാൻ തീരുമാനിക്കുകയും, 2016  മെയ് മാസത്തിനുള്ളിൽ 78  ഔട്‍ലെറ്റുകൾ അടച്ചുപൂട്ടുകയും ചെയ്‌തു.  മാത്രമല്ല. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്നും 21 വയസ്സായി ഉയർത്തുകയും, ഒരാൾക്ക് കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവ് 27.1 ലിറ്ററിൽ നിന്നും 15 ലിറ്ററായി കുറക്കുകയും ചെയ്തു. സൂര്യോദയം മുതൽ അർദ്ധരാത്രിവരെ  പ്രവർത്തിച്ചിരുന്ന ബാർ ഹോട്ടലുകളുടെയും, ബിയർ-വൈൻ പാർലറുകളുടെ  പ്രവർത്തന സമയം അഞ്ചര മണിക്കൂർ വെട്ടിക്കുറച്ചു.  അതിനു പുറമെ പുതിയ മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കി. ഈ  നടപടികളിലൂടെ മദ്യത്തിന്റെ വിൽപ്പനയിൽ 26  ശതമാനം കുറവുണ്ടായി. ഈ കുറവ് അപകട നിരക്കിലും, അക്രമങ്ങളിലും, ആത്മഹത്യകളിലും  പ്രതിഫലിക്കുകയും ചെയ്തു. ചെയ്തു. എന്നാൽ, മദ്യത്തിന്റെ ലഭ്യതയും, ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌ത്‌  അധികാരത്തിലേറിയ പിണറായി സർക്കാർ, പടിപടിയായി മദ്യത്തിന്റെ ലഭ്യത ഗ്രാമങ്ങളിൽ പോലും കൂട്ടുന്ന നടപടിയായി എടുത്തുകൊണ്ടിരിക്കുന്നതു. ഉമ്മൻ‌ചാണ്ടി സർക്കാർ, 29  ആയി കുറച്ച ബാർ ഹോട്ടലുകളുടെ എണ്ണം പിണറായി സർക്കാർ 800 നു മുകളിലെത്തിച്ചു.  ബീവറേജ്‌സ് കോർപറേഷന്റെ ഔട്‍ലെറ്റുകളുടെ  എണ്ണവും 300 ൽ നിന്നും ഏകദേശം 1300  നു  മുകളിലായി വർധിപ്പിച്ചു. 2662 ശതമാനം വർധനവാണ് ഈ സർക്കാർ മദ്യലഭ്യതക്കായി വരുത്തിയ മാറ്റം. ഇപ്പോൾ , ടെക് പാർക്കുകളിൽ വൈൻ ഔട്ലറ്റുകൾ തുറക്കാനും അനുമതി നൽകിക്കഴിഞ്ഞു. 3 സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകുവാൻ തുടങ്ങി. 2008 ൽ നാർക്കോട്ടിക് കേസുകളുടെ എണ്ണം 500  ഓളം ആയിരുന്നത് 2022 ൽ 26629  ആയി വർധിച്ചു. ഓരോ ജില്ലകളിലും 500 ൽ പരം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 21  വയസ്സിനു താഴെയുള്ള ഉപയോക്താക്കളിൽ ഏകദേശം 40  ശതമാനം പേര് 18  വയസ്സിനു താഴെയുള്ളവരാണ്. മദ്യവും മയക്കു മരുന്നുകളും സമൂഹത്തിൽ വ്യാപകമാകുമ്പോൾ സർക്കാർ സംവിധാനം വെറും കാഴ്ചക്കാരെപ്പോലെ നിൽക്കുകയാണ്. സിപിഎം  നും, സർക്കാരിനും ഈ നടപടികളിലൂടെ വരുമാന വർദ്ധനവ് മാത്രമാണ് ചിന്ത.

ഒന്നാം നമ്പർ 

2025 ൽ 10  ദിവസത്തെ  ഓണവിൽപ്പനയിലൂടെ 826  കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചതു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 50  കോടി രൂപ അധികമാണ്. കഴിഞ്ഞ വര്ഷം ഓണക്കാല വിൽപ്പനയുടെ 776 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.  തിരുവോണ തലേന്ന് മാത്രം വിറ്റത്  137 രൂപയുടെ മദ്യമാണ്. സമൂഹവും, സംസ്ഥാനവും എങ്ങിനെപോയാലും വേണ്ടില്ല, സർക്കാർ-പാർട്ടി ഖജനാവുകളിലേക്ക്  വരുമാനം ഒഴുകണം എന്ന് മാത്രമാണ് ഈ സർക്കാരിന്റെ ചിന്ത. മദ്യ-മയക്കു മരുന്ന് വ്യാപന കാര്യത്തിൽ ഒന്നാം സ്ഥാനത്തു കേരളത്തെ എത്തിച്ചതിൽ" പിണറായി സർക്കാരിന് ഊറ്റംകൊള്ളാം "!















No comments:

Post a Comment