Monday, 4 August 2025

   


  

                                   ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിലെ  വികസനം 

 അഡ്വ .പി .എസ് .ശ്രീകുമാർ

          കാരുണ്യത്തിൻറ്റെ  നിലക്കാത്ത പ്രവാഹമായിരുന്നു  ഉമ്മൻചാണ്ടി എന്ന നേതാവ്.  അധികാരം ഉള്ളപ്പോലും ഇല്ലാത്തപ്പോളും, അദ്ദേഹം ജനങ്ങൾക്കുനടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചും  അവരിൽ ഒരാളായി ജീവിച്ച  നേതാവായിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നതുപോലെതന്നെ, അദ്ദേഹത്തോട് ദ്വേഷ്യപ്പെടാനും, ശാസിക്കാനും  അദ്ദേഹം  ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകി.   സാധാരണക്കാർക്ക്  ഏതു അർദ്ധരാത്രിക്കും  കാണാനും, ഫോണിൽ വിളിക്കാനും ,  പ്രാപ്യനായ  ഒരു നേതാവ് ഉമ്മൻചാണ്ടിയല്ലാതെ   മറ്റൊരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. 2004 ലെ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം  "അതിവേഗം ബഹുദൂരം" എന്നതായിരുന്നെങ്കിൽ, 2011 ൽ രണ്ടാമൂഴത്തിൽ  അധികാരത്തിലേറിയ അദ്ദേഹത്തിന്റെ നേതൃത്വത്തിലെ സർക്കാരിന്റെ മുദ്രാവാക്യം "കരുതലും വികസനവും" എന്നതായിരുന്നു.  ജനങ്ങളോടുള്ള കരുതലിനൊപ്പം, നാടിൻറ്റെ  വികസനത്തിനും അദ്ദേഹം തുല്യപ്രാധാന്യം നൽകി. ഒരുപക്ഷേ,   ഐക്യ കേരള  രൂപീകരണ ശേഷം,  ഉമ്മൻചാണ്ടിയെപ്പോലെ  കേരളത്തിൻറ്റെ സമഗ്ര വികസനത്തിന് വേണ്ടി ശ്രമിച്ച മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയുവാൻ സാധിക്കും. 

1967 ൽ ഈ .എം.എസ്‌  രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ  ഉമ്മൻചാണ്ടി കെ.എസ.യു എന്ന വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന  പ്രസിഡണ്ട്  ആയിരുന്നു. 1965 ലെ  ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ തുടർന്നുള്ള  ആ  കാലയളവിലും, കേരളം ഭക്ഷ്യ ക്ഷാമത്തിൻറ്റെ  പിടിയിൽ നിന്നും മോചിതമായിരുന്നില്ല.  ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ ലഭ്യമല്ലാതെ   ജനം വറുതിയിലായിരുന്ന അവസരത്തിലാണ് ഇടതു സർക്കാരിലെ കൃഷിമന്ത്രിയായിരുന്ന എം. എൻ. ഗോവിന്ദൻ നായരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട്  വിദ്യാർത്ഥികളെ രാഷ്ട്ര നിർമിതിയിൽ ഭാഗഭാക്കുകളാക്കുവാനായി "ഓണത്തിന് ഒരു പറ നെല്ല്" എന്ന  വികസന ആശയവുമായി  ഉമ്മൻചാണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള   വിദ്യാലയങ്ങളിൽ ഓടിനടന്ന്  ഇടതു സർക്കാരിന് കൈത്താങ്ങായി  പ്രവർത്തിച്ചത്. പിന്നീട്  എം.എൽ.എ ആയും, പ്രതിപക്ഷ നേതാവായും, മന്ത്രിയായും , മുഖ്യമന്ത്രിയായും ഇരുന്നിട്ടുള്ളപ്പോളൊക്കെ തൻറ്റെ  വികസന കാഴ്ചപ്പാട് നടപ്പിലാക്കിയ  നേതാവായിരുന്നു അദ്ദേഹം. 

      ഭരണ രംഗത്ത്  അദ്ദേഹം ആദ്യമായി പ്രവേശിച്ചത് , 1977 ലെ  ആൻറണി  മന്ത്രിസഭയിൽ, തൊഴിൽ-ഭവന  മന്ത്രിയായായിട്ടായിരുന്നു.  ആ  കാലഘട്ടത്തിലാണ് തിരുവനന്തപുരം  ചെങ്കൽച്ചൂള കോളനിയിലെ അധസ്ഥിത  വിഭാഗങ്ങൾ താമസിച്ചിരുന്ന , ചേരികൾ മാറ്റി  ഫ്ലാറ്റുകൾ    നിർമ്മിച്ചു നൽകുവാനുള്ള പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. തൊഴിലില്ലാത്ത യുവാക്കൾക്ക്  ഇന്നും ലഭിക്കുന്ന തൊഴിലില്ലായ്മ വേതനം  അദ്ദേഹം   തൊഴിൽ മന്ത്രിയായി അധികാരത്തിലേറിയപ്പോഴാണ്  നടപ്പിലാക്കിയത്.  അസംഘടിതരായിരുന്ന  ചുമട്ടുതൊഴിലാളികളുടെ ക്ഷേമത്തിനായി  ക്ഷേമനിധി ബില്ലു പാസ്സാക്കിയതും    തൊഴിൽ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രമത്തിലായിരുന്നു.. 

1981 ൽ ആഭ്യന്ത മന്ത്രി ആയിരുന്ന അവസരത്തിലാണ് പൊലീസിൽ  ആധുനികവൽക്കരണത്തിന്  തുടക്കം കുറിച്ചത് .  ബ്രിട്ടീഷ് ഭരണ കാലം  മുതൽ പോലീസിന്റ്റെ  യൂണിഫോം ആയിരുന്ന ട്രൗസർ മാറ്റി പാന്റ്സ് കൊണ്ടുവന്നു. അതുപോലെ തീപ്പെട്ടിക്കൊള്ളിപോലത്തെ തൊപ്പിമാറ്റി, ഇപ്പോൾ  ഉപയോഗത്തിലുള്ള തൊപ്പി നൽകി. ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ കേരളത്തിന്റെ ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു.    മുഖ്യമന്ത്രി ആയ രണ്ടവസരങ്ങളിലും കേരളത്തെ കുറിച്ചുള്ള തൻറ്റെ വികസന സ്വപ്‌നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുവാൻ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. 2004 ൽ             ആദ്യമായി  മുഖ്യമന്ത്രി  ആയ   അവസരത്തിലാണ്ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് 3 രൂപയ്ക്  പ്രതിമാസം 25 കിലോ അരി ,ആരോഗ്യഇൻഷുറൻസ് പദ്ധതി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്ന പദ്ധതി, എന്നിവ നടപ്പിലാക്കിയത്  . തിരുവനന്തപുരം നഗരത്തിലെ റോഡുകൾ ആധുനികവൽക്കരിച്ചു .പാളയം അടിപ്പാത സമയബന്ധിതമായി പൂർത്തീകരിച്ചു.  ഇതിൻറ്റെ  ഭാഗമായി രണ്ടു ഫ്‌ളൈഓവറുകൾ നിർമിക്കാനും നടപടി തുടങ്ങി . കരിപ്പൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭ്യമാക്കി. കോട്ടയവും, ഇടുക്കിയും  ഉൾപ്പെടെയുള്ള, മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി മലയോര പാത പദ്ധതിക്ക് തുടക്കമിട്ടു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി ലഭ്യമാക്കണമെന്ന  ഉദ്ദേശത്തോടെയാണ്  ആഗോള ഐ.ടി കമ്പനികളെ ആകര്ഷിയ്ക്കുവാൻ സ്മാർട്ട് സിറ്റി  സ്ഥാപിയ്ക്കാൻ തീരുമാനിച്ചത് .  എന്നാൽ   അതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് ഹൈക്കോടതിയിൽ കേസുമായി പോയി.  ഈ    പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ  ആരംഭിച്ചതും പൂർത്തീകരിച്ചതും  ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രി  ആയപ്പോഴാണ്. 

        ഉമ്മൻ ചാണ്ടിസർക്കാർ 2011  മെയ് 18 നു അധികാരമേറ്റയുടൻ തന്നെ 100  ദിന പരിപാടി   പ്രഖ്യാപിച്ചു. ഒരു ഭരണാധികാരിയുടെ നിശ്ചയദ്ധാർഢ്യവും  ദിശാബോധവും പ്രകടിപ്പിച്ച  പദ്ധതിയായിരുന്നു അത്. . നൂറാം ദിവസം വി.ജെ.ടി ഹാളിൽ വച്ച് നടത്തിയ  പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിൽ,  പ്രഖ്യാപിച്ച 107 പരിപാടികളിൽ 102 എണ്ണവും,  100 ദിവസകാലയളവിനുള്ളിൽ  നടപ്പിലാക്കിയ കാര്യം  പൊതുജനങ്ങളെ പ്രോഗ്രസ്സ് റിപ്പോർട്ടിലൂടെ  അറിയിച്ചു . BPL  റേഷൻകാർഡ് ഉടമകൾക്ക് ഒരു  രൂപയ്ക്ക് 25  കിലോ അരി, റേഷൻ കാർഡിനായി അപേക്ഷിച്ചവർക്കെല്ലാം   റേഷൻ കാർഡ് അനുവദിച്ചു നൽകൽ ,എന്നിവയെല്ലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി. ഇതിന്റെ പ്രയോജനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവർക്ക് ലഭിച്ചു.

വൻകിട പദ്ധതികൾ               

       നമുക്കെല്ലാം അറിയാവുന്നതുപോലെ  വൻകിട പദ്ധതികൾ കേരളത്തിൽ പൊതുവെ കുറവാണ്. .  ജനസാന്ദ്രത കൂടിയതുംസ്ഥലത്തിൻറ്റെ  ദൗർലഭ്യവും, ഉയർന്ന വിലയും കാരണം വൻകിട വ്യവസായികൾ  കേരളത്തിലേക്ക് വരാത്ത സാഹചര്യമാണ്.  സര്ക്കാരിന്റ്റെ   ആഭിമുഖ്യത്തിലുള്ള  വൻകിട പദ്ധതികൾ മാത്രമാണ് കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി  ഉണ്ടായിരുന്നത്.  അതുതന്നെയും വിരലിലെണ്ണാവുന്നവ മാത്രം.  കാനഡ സർക്കാരിന്റ്റെ സഹായത്തോടെ 1973 ൽ  ഇടുക്കി ജലപദ്ധതി  നടപ്പിലാക്കിയതിന്   ശേഷം പിന്നീടുണ്ടായ ഒരു വൻകിട പദ്ധതി എന്ന് പറയാവുന്നത്  പൊതു-സ്വകാര്യ സംയുക്ത സംരംഭമായ നെടുമ്പാശ്ശേരി  വിമാനത്താവളം മാത്രമായിരുന്നു .  ഇതിനൊരു മാറ്റം വരുത്തുവാൻ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു.  2005 ലെ  ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച   കൊച്ചി മെട്രോ  പദ്ധതിക്ക് വീണ്ടും  ജീവൻ വചു.. കൊച്ചി മെട്രോക്ക് തടസ്സമായി ഒട്ടേറെ കാര്യങ്ങൾ പൊന്തിവന്നു. DMRC യെ പദ്ധതിയുടെ നടത്തിപ്പിന് ചുമതല ഏൽപ്പിക്കാൻ  ഉദ്യോഗസ്ഥ പ്രമുഖർ  തടസ്സവാദങ്ങൾ ഒരുപാടു ഉന്നയിച്ചു.  അതിനെ അതിജീവിച്ചു DMRC  ക്ക്   ചുമതല നല്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  അതേറ്റെടുക്കാൻ DMRC  തയാറായില്ല. ഒടുവിൽ   ഉമ്മൻചാണ്ടിയും, അന്ന് സംസ്ഥാനത്തു റയിൽവേയുടെ  ചുമതലയുണ്ടായിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദും കൂടി കേന്ദ്ര മന്ത്രി കമൽനാഥിനെയും  മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും  നേരിട്ടുകണ്ടാണ്  5500  കോടി മുതൽ മുടക്കുള്ള  കൊച്ചി മെട്രോയുടെ നിർമാണം ഏറ്റെടുപ്പിച്ചത് .  മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയുന്നതിന് മുമ്പുതന്നെ  ആദ്യഘട്ട നിർമാണം പൂർത്തിയാക്കി  ട്രയൽ റണ്ണും നടത്തി.

                            സംസ്ഥാന സർക്കാരിന്റ്റെ  സഹകരണത്തോടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ  1966 ൽ  കൊച്ചി റിഫൈനറി ആരംഭിച്ചത്. പിന്നീട് ഇതിനെ ഭാരത് പെട്രോളിയം കോര്പറേഷന് ഏറ്റെടുത്തു. 2012 ലെ" എമേർജിങ് കേരള " ആഗോള സംഗമത്തിൽ പങ്കെടുത്തപ്പോഴാണ്   20000  കോടി രൂപയുടെ വികസന പദ്ധതിക്ക് ബി പി സി എൽ രൂപരേഖ ഉണ്ടാക്കിയത്.  ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി മൻമോഹൻ സിംഗുമായി  ഉമ്മൻ ചാണ്ടി നടത്തിയ ചർച്ചയെ തുടർന്നാണ്  ബ്രിഹത്തായ  ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ച കൊടി  കാട്ടിയതു.  ഇത്  നടപ്പിലാക്കുവാൻ  സ്ഥലം ഏറ്റെടുത്തു നൽകിയതിന് പുറമെ , നികുതി ഇളവുൾപ്പെടെ  ഒട്ടേറെ  സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ  നൽകിയത്.  നാല് വര്ഷം കൊണ്ട്  വികസന പ്രവർത്തനങ്ങൾ പൂർത്തീ കരിച്ചു കഴിഞ്ഞപ്പോൾ, ബി പി സി എല്ലിന്റ്റെ   കീഴിലെ ഏറ്റവും വലിയ റിഫൈനറി യായി  ഇത് മാറി.  ഇന്ന്  കേരളത്തിൽ ഏറ്റവും കൂടിയ മുതല്മുടക്കുള്ള പൊതുമേഖലയിലെ  പദ്ധതിയും  ഇതാണ്.

              വികസനത്തിന്  കാതോർത്തിരുന്ന   ഉത്തര മലബാറിന്  പ്രതീക്ഷനൽകിയാണ് കണ്ണൂർ എയർപോർട്ട് പദ്ധതി   പ്രഖ്യാപിച്ചത്.   ഉമ്മൻചാണ്ടി  മുഖ്യമന്ത്രി ആയ ശേഷമാണ്  2300 കോടി  ചെലവ് പ്രതീക്ഷിച്ച നിർമാണ കരാർ എൽ ആൻഡ് ടി  കമ്പനിയെ ഏൽപ്പിച്ചത്. 2016  ഫെബ്രുവരിയിൽ  റൺവെ  നിർമാണം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിന്റ്റെ   ട്രയൽ റണ്ണും  നടത്തിക്കുവാൻ  അദ്ദേഹത്തിന്  സാധിച്ചു. ട്രയൽ റൺ നടത്തിയ ദിവസം, റൺവേയുടെ  നീളം  കുറവാണെന്നു പറഞ്ഞു  സമരം നടത്തുകയും, ഉപരോധിക്കുകയും ചെയ്തവർ, പിന്നീട് ഭരണത്തിലേറിയെങ്കിലും  ഒരിഞ്ചുപോലും  റൺവേയുടെ  നീളം  കൂറ്റൻ സാധിച്ചില്ല.   ട്രയൽ റൺ നടത്തി,   രണ്ടു വർഷങ്ങൾക്കു  ശേഷമാണ് ടെർമിനൽ  നിർമാണം പൂർത്തിയാക്കി  ഔപചാരിക ഉദ്‌ഘാടനം പിണറായി സർക്കാർ നടത്തിയത്. .

 റോഡ് വികസനം 

             നാല്  പതിറ്റാണ്ടായുള്ള  കേരളത്തിൻറ്റെ  ആവശ്യമാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള നാല്  വരി  ദേശീയ പാത. .ഭൂമി ഏറ്റെടുക്കൽ അലൈൻമെന്റ് തുടങ്ങിയ തർക്കങ്ങളിൽ പെട്ട് ഈ ആവശ്യം  ശീതീകരണപ്പെട്ടിയിലായപ്പോൾ  ഉമ്മൻ ചാണ്ടിയുടെ മനസ്സിലുദിച്ച ആശയമാണ്  പ്രധാന നഗരങ്ങളിലെ ഗതാഗത തടസ്സങ്ങൾ മറികടക്കാനായി  ബൈപാസുകൾ മാത്രമായി ,  ദേശീയ പാതാ  അതോറിറ്റിയുടെ  അംഗീകാരത്തോടെ, നിർമിക്കുവാൻ സാധിക്കുമോ എന്നുള്ളത് .തലശ്ശേരി,കോഴിക്കോട്,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബൈപാസ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ട്  നാലുപതിറ്റാണ്ടു കഴിഞ്ഞെങ്കിലും  ദേശീയ പാതക്കൊപ്പമേ ബൈ പാസ് നിർമാണവും  നടത്താൻ സാധിക്കു എന്നായിരുന്നു കേന്ദ്ര നയം.ദേശീയ പാത വികസനത്തോടൊപ്പം ബൈപാസ് വികാസം എന്ന കടുംപിടുത്തതിൽ നിന്നും കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി ശ്രമിച്ചു. ദേശീയ പാതക്കായി 45  മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പല സംഘടനകളും  പ്രക്ഷോഭം നടത്തി  സർവ്വേ പോലും നിർത്തിവെക്കേണ്ടി വന്ന സാഹചര്യമായിരുന്നു അന്ന്.. സ്ഥലം ഏറ്റെടുക്കൽ  ആവശ്യമില്ലാത്ത ബൈപാസ്സുകളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ പറ്റുമോ എന്ന് ആരായാൻ അദ്ദേഹം തീരുമാനിച്ചു.  അതിനായി  പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ നേരിട്ട് കണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.  ബൈപാസ് വികസന ചെലവിന്റ്റെ  പകുതി സംസ്ഥാന സർക്കാർ    വഹിക്കാമെന്ന ഉറപ്പുകൊടുത്താണ് ഈ ബൈപാസ്സുകളെയെല്ലാം സ്റ്റാൻഡ് എലോൺ  പദ്ധതികളാക്കി മാറ്റിയത്. ഈ നയം മാറ്റം രാജ്യത്തുതന്നെ ആദ്യമായിരുന്നു. കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കുകയും,  ബാക്കിയുള്ളവയുടെ   നിർമാണപ്രവര്ത്തനങ്ങൾക്കു തുടക്കം കുറിക്കുവാനും  ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞു.  

           സംസ്ഥാന  രൂപീകരണ കാലം മുതലുള്ള ഒരു സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖനിർമാണം. തീരത്തു  നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ സ്വാഭാവികമായ 24 മീറ്റർ ആഴം വിഴിഞ്ഞതിൻറ്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താൽ മറ്റു തുറമുഖങ്ങളെപ്പോലെ ഇടയ്ക്കിടയ്ക്ക് ചെലവേറിയ ഡ്രെഡ്ജിങ് ആവശ്യമില്ല. നിലവിൽ ഇന്ത്യയിൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ്റ് ടെര്മിനലുകളൊന്നും ഇല്ല .ഇതിനായി നമ്മൾ ആശ്രയിയ്ക്കുന്നതു ദുബായ് കൊളമ്പോ ,സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലായാൽ രാജ്യത്തിന് വിദേശ നാണ്യഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിയ്ക്കുവാൻ സാധിയ്ക്കും. 2001 ലെ ആൻറണി സർക്കാർ വിഴിഞ്ഞം തുറമുഖം വികസിപ്പിയ്ക്കുവാൻ തീരുമാനിച്ചെങ്കിലുംകോടതി കേസുകൾ കാരണം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരിന്റ്റെ കാലത്തും പദ്ധതി കടലാസിൽതന്നെയിരുന്നു .ഈ പദ്ധതിയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള  വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചത്.  തിരുവന്തപുരത്തിന്റ്റെയും കേരളത്തിൻറ്റെയും വികസനത്തിൽ  നിർണായകമായ സ്ഥാനം ഈപദ്ധതിയ്ക്കുണ്ടെന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, എല്ലാതടസ്സവാദങ്ങളെയും  അതിജീവിച്ചാണ്  അദാനി പോർട്ടുമായി കരാറുണ്ടാക്കിയത്. ആയിരം ദിവസങ്ങൾക്കുള്ളിൽ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.  ഈ പദ്ധതി ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണെങ്കിലും, നിർമാണം പൂർത്തിയാകുമ്പോൾ  തിരുവനന്തപുരത്തിൻറ്റെയും, കേരളത്തിൻറ്റെയും  വികസനത്തിന്  പ്രധാന പങ്കുവഹിക്കുമെന്നതിൽ സംശയമില്ല. 

റെയിൽവേ ഗതാഗതത്തിലെ  കാലതാമസം  ഒഴിവാക്കുന്നതിനും , വേഗത്തിൽ റെയിൽവേ ഗതാഗതം  മാറ്റുന്നതിൻറ്റെയും   ഭാഗമായി, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർവരെ 125  കിലോ മീറ്റർ ദൂരത്തിൽ സബർബൻ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനായി റെയ്ൽവേയുമായി ധാരണ പത്രം ഒപ്പുവെച്ചു .  റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽ മുടക്കി വേഗതയാർന്ന ട്രെയിൻ സർവീസ് ആരംഭിക്കുവാനും പിന്നീട് വടക്കൻ ഭാഗങ്ങളിലേക്ക്  സർവീസ് നീട്ടുവാനുമാണ്  ഉദ്ദേശിച്ചത്.  എന്നാൽ എൽ ഡി എഫ് സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു . തിരുവനന്തപുരംകോഴിക്കോട് ലൈറ്റ് മെട്രോ  റെയിൽ പ്രൊജെക്ടുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അതും പിണറായി സർക്കാർ വേണ്ടെന്നു വച്ചു .

            കഴിഞ്ഞ യു ഡി എഫ്  സർക്കാരിന്റ്റെ  ആശയമായിരുന്നു കേരളത്തിൽ ഒരു ജീവശാസ്ത്ര പാർക്ക് സ്ഥാപിക്കണമെന്നത്.  ആന്ധ്രയും, തമിഴ്‌നാടും  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  ബയോ-ടെക്നോളജി രംഗത്ത്  ഏറെ ദൂരം മുന്നോട്ടു പോയ സാഹചര്യത്തിലാണ്  എത്രയും വേഗം ജീവ ശാസ്ത്ര പാർക്ക് സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ  സ്വീകരിച്ചത്.   ഇതിനായി ആദ്യ ഘട്ടത്തിൽ  75  ഏക്കർ  സ്ഥലം തിരുവനന്തപുരത്തിനടുത്തു തോന്നക്കലിൽ ഏറ്റെടുത്തുകൊണ്ട് 2013 ൽ  പാർക്കിന്റ്റെ  ഉദ്‌ഘാടനം നിർവഹിച്ചു.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ   ബിയോടെക്നോളജി വിഭാഗം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് തോന്നക്കലെ  ലൈഫ് സയൻസസ് ഇൻസ്റ്റിട്യൂട്ടിൽ  പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള ജീവ ശാസ്ത്ര പാർക്കുകളിൽ ഒന്നായി ഇത് മാറി. 

 

 പാലക്കാട്  ഐ  ഐ  ടി  സ്ഥാപിതമാകുന്നു.

                   കേരളത്തിൻറ്റെ  ദീർഘനാളായുള്ള  ഒരു ആവശ്യമായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു ഐ ഐ ടി  വേണമെന്നുള്ളത്.  ആ  സ്വപ്നമാണ്അദ്ദേഹത്തിന്റ്റെ  ശ്രമഫലമായി  2015 ൽ  പാലക്കാട്   സാധിതമായത് . അതുപോലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  തിരുവനന്തപുരത്തെ വിതുരയിൽ തുടങ്ങാൻ  സാധിച്ചതും അദ്ദേഹത്തിന്റ്റെ  നിരന്തരമായ ശ്രമഫലമായാണ്.  സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപങ്ങളെ  എല്ലാം അഫിലിയേറ്റ് ചെയ്തുകൊണ്ട്  ഒരു സാങ്കേതിക സർവകലാശാല  എന്നതും  സംസ്ഥനത്തിന്റ്റെ  ദീർഘകാല ആവശ്യമായിരുന്നു. അതാണ്  എ .പി.ജെ.അബ്ദുൽ കലാം   സാങ്കേതിക സർവകലാശാല സ്ഥാപിച്ചതിലൂടെ നടപ്പിലായത് .സംസ്ഥാനത്തു വിവിധ ഭാഗങ്ങളിലുള്ള  മികവിന്റ്റെ  കേന്ദ്രങ്ങളായ പതിനാറ്  കോളേജുകൾ  സ്വയംഭരണ കോളേജുകളായി മാറ്റിയതും  ഉമ്മൻചാണ്ടി സർക്കാരായിരുന്നു.   

  ദേശീയ ഗെയിംസ്  

                      2015 ൽ  ദേശീയ ഗെയിംസ്  കേരളത്തിൽ; വച്ച് നടത്തുവാൻ സാധിച്ചത് വലിയ വിജയമായിരുന്നു.  കായിക രംഗത്ത് വിവിധ ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുവാനും അന്തർ ദേശീയ നിലവാരമുള്ള കളിക്കളങ്ങൾ  പടുത്തുയർത്തുവാനും അത് നമ്മെ സഹായിച്ചു.  240  കോടി രൂപ ചെലവിൽ കാര്യവട്ടത്തു  നിർമിച്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയം , സിന്തറ്റിക് പ്രതലത്തോടുകൂടിയ തിരുവനന്തപുരത്തെ ടെന്നീസ് അക്കാദമി, കൊല്ലം ആശ്രാമത്തെ  ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം, കണ്ണൂർ മുണ്ടായതെ ഇൻഡോർ സ്റ്റേഡിയം, തൃശൂർ രാമപുരത്തെ  ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം പാളയത്തെ  അന്താരാഷ്ട്ര നിലവാരമുള്ള സ്ക്വാഷ് കോർട്ട്, നെ ട്ടയത്തെ ഏറ്റവും വലിയ ഷൂട്ടിംഗ് റേഞ്ച്, തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി കളികളങ്ങളാണ് കേരളത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു  ഉയർന്നു വന്നത്.  ഇവ  ഇന്ന് വളർന്നു വരുന്ന കായിക പ്രതിഭകൾക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. 

സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ 

          മനസ്സ് മുഴുവൻ പാവപ്പെട്ടവരോടുള്ള അനുകമ്പ നിറഞ്ഞു തുളുമ്പുന്ന ഉമ്മൻ ചാണ്ടിയെ ഏറ്റവും ആശങ്കാകുലനാക്കിയത്  ജനങ്ങളുടെ ആരോഗ്യ പ്രശ്നം ആണ്. കേരളത്തിൽ ഇതൊരു സാമൂഹിക പ്രശ്നം ആണെന്നുംഒരു പരിധി കഴിഞ്ഞാൽ അത് സാമൂഹിക പിരിമുറുക്കം ആയി മാറും എന്നുംസംസ്ഥാനത്തിന്റ്റെ വികസനത്തിന് പ്രതിബന്ധമാകുമെന്നും അദ്ദേഹം മനസിലാക്കി. ഇതിനു പരിഹാരം ആയി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കാരുണ്യശ്രുതി തരംഗംസുകൃതംആരോഗ്യ കിരണംഅമൃതം  ആരോഗ്യം തുടങ്ങി നിരവധി പദ്ധതികൾക്കാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രൂപം നൽകിയത്. 

ശ്രുതി തരംഗം പദ്ധതിയിലൂടെ അഞ്ചു വയസ്സിനു താഴെയുള്ള 638 കുഞ്ഞുങ്ങൾക്കാണ് കോക്ലിയാർ ഇമ്പ്ലാൻറ്റേഷനിലൂടെ  ശ്രവണ ശക്തി തിരികെ നൽകിയത്. ജീവൻ രക്ഷ മരുന്നുകൾ 95 ശതമാനം വരെ വിലകുറച്ചു നൽകുന്നതിനായി, സംസ്ഥാനത്തിൻറ്റെ  വിവിധ ജില്ലകളിൽ കാരുണ്യ ഫാർമസികൾ ആരംഭിച്ചു.ഹീമോഫീലിയ രോഗികൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ  ഉമ്മൻചാണ്ടിസർക്കാർ ഉറപ്പുവരുത്തി. സർക്കാർ മേഖലയിൽ ആദ്യമായി  ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ 2015 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സാന്ത്വന പരിചരണത്തിനായി പാലിയേറ്റിവ് കെയർ സംവിധാനം ഏർപ്പെടുത്തി.അതുപോലെ 2500 സ്‌കൂളുകളിൽ മാത്രമുണ്ടായിരുന്ന സ്കൂൾ ഹെൽത്ത് പ്രോഗ്രാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലയളവിൽ  13000 സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചു. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടിയിൽ  പങ്കെടുത്തവർ   ഉൾപ്പടെ ഒട്ടേറെ പേർ മരുന്ന് വാങ്ങുവാൻ ഉള്ള സഹായത്തിനായി അദ്ദേഹത്തോട് അവശ്യ പെടാറുണ്ടായിരുന്നു. അതിൽ നിന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ ജനറിക് മെഡിസിൻ സൗജന്യം ആയി വിതരണം ചെയ്യുവാൻ ഉള്ള സംവിധാനം ഉണ്ടാക്കിയത്. 

കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ ഏറുമ്പോൾസംസ്ഥാനത്തു 5 സർക്കാർ മെഡിക്കൽ കോളേജുകളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നത് മുഖ്യ മന്ത്രി എന്ന നിലയിൽ അദ്ധേഹത്തിന്റെ ആഗ്രഹം ആയിരുന്നു. തിരുവനന്തപുരത്തുംആലപ്പുഴയിലും നിലവിൽ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകൾക്കും പുറമെ പുതുതായി ഓരോ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പതിനാറു സർക്കാർ മെഡിക്കൽ കോളേജുകൾ സജ്ജമായി കഴിഞ്ഞാൽഎല്ലാ ജില്ലാ കളിലെയും ജനങ്ങൾക്കു അതാത് ജില്ലകളിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. അതിൽ മഞ്ചേരി, പാലക്കാട്, ഇടുക്കി മെഡിക്കൽ കോളേജുകൾ 2016 നു മുമ്പ് തന്നെ  പ്രവർത്തനം ആരംഭിച്ചു. കോന്നി, കാസറഗോഡ് മെഡിക്കൽ കോളേജുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തു.. എന്നാൽ,  പിന്നീട് ഭരണത്തിൽ  വന്ന പിണറായി സർക്കാർഈ മെഡിക്കൽ കോളേജുകളിൽ ചിലതു വേണ്ടെന്നു വെച്ചു . കേരള സംസ്ഥാന രൂപകരണ ശേഷം ഇത്രയും സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചത്  ഒരു വലിയ റെക്കോർഡ് ആണ്.

റബ്ബർ  കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായി  കിലോക്ക് 150 രൂപ താങ്ങുവിലനൽകി  റബര് സംഭരിക്കാനായുള്ള പദ്ധതിക്ക് 2014 ൽ   തുടക്കം കുറിച്ചു . 800  കോടി രൂപയാണ്  2016 വരെ  ഇതിനായി അനുവദിച്ചത്. മാത്രമല്ല, പണം റബര് കർഷകരുടെയോ, റബര് ഉത്പ്പാദക സംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുന്ന രീതിയും ഏർപ്പെടുത്തി. കേരളത്തിലെ റബര് കർഷകർക്ക് അനുഗ്രഹമായി മാറിയ നടപടിയായിരുന്നു അത്. 

   കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിലായി 245 പാലങ്ങളുടെ നിർമാണം 1600 കോടി രൂപ ചെലവിൽ 2016 ഓടെ  പൂർത്തിയാക്കി.സംസ്ഥാനത്തു ഏറ്റവും കൂടുതൽ പാലങ്ങൾ നിർമിച്ച കാലയളവായിരുന്നു ഇത്. 5011 റോഡുകളും 1500 സർക്കാർ കെട്ടിടങ്ങളും പൂർത്തിയാക്കി. തിരുവല്ലാ ബൈപാസ്, ചെങ്ങന്നൂർ-ഏറ്റുമാനൂർ, പൊൻകുന്നം-തൊടുപുഴ, പുനലൂർ-പൊൻകുന്നം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 363 കി.മി  ദൈർഘ്യമുള്ള  9 റോഡുകൾ 2403  കോടി രൂപാ  ചെലവിൽ കെ.എസ് .ടി.പി. രണ്ടാം ഘട്ട പദ്ധതിയിൽ പൂർത്തിയാക്കാൻ അനുമതി നൽകി.

പുതിയൊരു വികസന  മോഡൽ

കേരളത്തിൻറ്റെ വികസനത്തെക്കുറിച്ചുള്ള തൻറ്റെ കാഴ്ചപ്പാട്, 2015 ൽ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം വ്യക്തമാക്കിയത് ഇപ്രകാരമാണ്:  

"കേരളത്തെയോർത്തു  അഭുതപ്പെടാനും, അഭിമാനം കൊള്ളാനും  നിരവധി കാരണങ്ങളുണ്ട്. ലോകഭൂപടത്തിൽ മൊട്ടുസൂചിപോട്ടിന്റ്റെ  സ്ഥാനമേ കേരളത്തിനുള്ളു. എന്നാൽ, ലോകത്തിന്റെ ഒട്ടെല്ലാ സസ്ഥലങ്ങളിലും ഈ  പൊട്ടിന്റെ സാന്നിധ്യമുണ്ട്. മലയാളികളും അവരുടെ വിജയഗാഥകളും ഇല്ലാത്ത സ്ഥലമില്ല. ആറിലൊന്ന്  മലയാളികൾ  കേരളത്തിന് പുറത്താണ്; അവരിൽ പകുതിപ്പേർ വിദേശത്തും.

കേരളം ലോകത്തിനു സ്വന്തമായൊരു വികസന  മോഡൽ തന്നെ അവതരിപ്പിച്ചു. ക്യാപിറ്റലിസം, കമ്മൂണിസം, സോഷ്യലിസം എന്നിങ്ങനെയൊക്കെ  ലോകം പല തട്ടുകളായി തിരിക്കപ്പെട്ടപ്പോൾ അവയിലൊന്നും ചേരാതെ , എന്നാൽ അവയിലെ നന്മകൾ സ്വാംശീകരിച്ച് പുതിയൊരു വികസന മോഡൽ കേരളത്തിന് സംഭാവന ചെയ്യാൻ സാധിച്ചു.ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്ന് അർദ്ധ ഫ്യൂഡൽ വ്യവസ്ഥിതിയിലേക്കും, ഇടതുപക്ഷത്തേക്കും, തുടർന്ന് സോഷ്യലിസത്തിലേക്കും സന്ച്ചരിച്ചാണ് കേരളം ഈ സ്ഥിതിയിലെത്തിയത്"

പുതുപ്പള്ളിയിലെ വികസനം 

  സംസഥാന രൂപീകരണം മുതൽ തന്നെ പുതുപ്പള്ളി നിയമസഭാ മണ്ഡലവും നിലവിലുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ ഗ്രാമീണ മേഖലയിലാണ്  പുതുപ്പള്ളി മണ്ഡലം സ്ഥിതിചെയ്യുന്നത്. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പുതുപ്പള്ളി  മണ്ഡലം.  അതിന്റെ ഗ്രാമീണ ഛായ നിലനിർത്തുന്നതിനൊപ്പം, ആധുനിക സൗകര്യങ്ങൾ  ജനങ്ങൾക്ക് ലഭ്യമാക്കുവാൻ   ഉമ്മൻചാണ്ടി പ്രത്യേകം താല്പര്യപ്പെട്ടിരുന്നു . 

 1970 മുതൽ ആണ്,   അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഉമ്മൻചാണ്ടി,  ഈ  മണ്ഡലത്തെ പ്രതിനിധീകരിച്ചു തുടങ്ങിയത്.ആദ്യ കാലഘട്ടത്തിൽ  ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യം ടാറിട്ട റോഡുകളായിരുന്നു. ജനങ്ങൾക്ക്  തൃപ്തികരമായ രീതിയിൽ  അവ ചെയ്തുകൊടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു .  ജനസാന്ദ്രത കൂടുതലായ ഈ  മണ്ഡലത്തിൽ തുറസ്സായ സ്ഥലങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. അതുകൊണ്ടു തന്നെ  വലിയ വ്യവസായ ശാലകളെ  ജനങ്ങൾ സ്വാഗതം ചെയ്തിട്ടില്ല. 1991 ൽ , ഉമ്മൻചാണ്ടി ധനകാര്യ മന്ത്രിയായിരുന്ന അവസരത്തിൽ ,  ഒരു നിക്കൽ-കാഡ്മിയം ബാറ്ററി നിർമാണ ഫാക്ടറി   അയർകുന്നത് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പിന്നീട് അധികാരത്തിലേറിയ നായനാർ സർക്കാർ  ആ  ഫാക്ടറി മലമ്പുഴയിലേക്ക്  മാറ്റിക്കൊണ്ടുപോയി.  അന്തരീക്ഷമാലിന്യം ഉണ്ടാക്കാത്ത  അയർകുന്നത്തെ  പ്രിയദർശിനി പവർ ലൂമും, മീനടത്തെ  സ്പിന്നിങ് മില്ലും, പൂവന്തുരുത് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്  എന്നിവ ഈ  മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ  കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ,  അവ   സംസ്ഥാനത്തിന്  പുറത്തുനിന്നുകൊണ്ടുവന്നാണ് ഈ  ഫാക്ടറികൾ  പ്രവർത്തിപ്പിക്കുന്നത്. റബര് ബോർഡിൻറ്റെ  ബ്രിഹത്തായ  ഗവേഷണ വിഭാഗം ഉൾപ്പെടെയുള്ള പ്രധാന ഓഫീസുകൾ സ്ഥാപിച്ചിട്ടുള്ളത് പുതുപ്പള്ളിയിലാണ്. ഒരു പക്ഷെ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ കേന്ദ്ര സർക്കാർ സ്ഥാപനമാണ് റബര് ബോർഡും അനുബന്ധ ഓഫീസുകളും. 

പുതുപ്പള്ളിയിലെ  ഗ്രാമീണരായ ജനങ്ങൾ ആഗ്രഹിക്കുന്നത്  മെച്ചപ്പെട്ട ചികിത്സാ  സൗകര്യങ്ങളുള്ള  പ്രാഥമിക ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ, കുടിവെള്ള പദ്ധതികൾ, ബാങ്കിങ് സൗകര്യങ്ങൾ എന്നിവയാണ്. ഇവിടെയുള്ള എട്ടു പഞ്ചായത്തുകളിലും അലോപ്പതി, ഹോമിയോ,ആയുർവേദ ആശുപത്രികൾ ഉണ്ട്. മൃഗാശുപത്രിയും ആവശ്യത്തിന് ഉണ്ട്. ദേശിയ തലത്തിൽ അറിയപ്പെടുന്ന കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോളാണ്  ഈ മണ്ഡലത്തിൽ  സ്ഥാപിച്ചത്. പാമ്പാടി ആർ.ഐ.ടി.എഞ്ചിനീയറിംഗ് കോളേജ്,. കെ.ജി.കോളേജ് പാമ്പാടി, മണർകാട് സെൻറ്‌.മേരീസ് കോളേജ്, ഐ,എച്.ആർ.ഡി.കോളേജ്,പായപ്പടി , ഐ.എച്.ആർ.ഡി.പോളിടെക്‌നിക്‌ കോളേജ്, മറ്റക്കര, ബി.എഡ് കോളേജ് തോട്ടയ്ക്കാട്, മഹാത്മാ ഗാന്ധി സർവകലാശാലയുടെ കോളേജ് ഓഫ് അപ്പ്ലൈഡ്  സയൻസ്, സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ  തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക്  പുറമെ നിരവധി സ്കൂളുകളാണ് ഈ  മണ്ഡലത്തിലെ വിവിധ  പഞ്ചായത്തുകളിലുള്ളത്. വിദ്യാർത്ഥികളുടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ പഠന കേന്ദ്രങ്ങൾ എല്ലാം  പുതുപ്പള്ളിയിൽ ലഭ്യമാണ്.

ജനങ്ങൾ ആഗ്രഹിക്കുന്ന മറ്റൊരു  അടിസ്ഥാന  ആവശ്യം കുടിവെള്ളമാണ്.  വാകത്താനം പഞ്ചായത്ത് കുടിവെള്ള പദ്ധതി, മുത്തോലി കുടിവെള്ള പദ്ധതി, മീനടം ജലനിധി പദ്ധതി,ഉദിക്കാമല കുടിവെള്ളപദ്ധതി, കാളിമല,കമ്പകംത്തട്ട്,പോരക്കേററ്റ് പദ്ധതി,കോഴിമല, ഇഞ്ചക്കാട്ട് കുടിവെള്ള പദ്ധതി, പള്ളിക്കത്തോട്, ആനിക്കാട്, ഇളംപള്ളി,ചേലാളി കുടിവെള്ള പദ്ധതി, കൊല്ലാട്  കുടിവെള്ള പദ്ധതി, വെള്ളുത്തുരുത്തി കുടിവെള്ള പദ്ധതി തുടങ്ങി നിരവധി കുടിവെള്ള പദ്ധതികളാണ് വിവിധ പഞ്ചായത്തുകളിൽ   നടപ്പിലാക്കിയത്.

ഒരു പ്രദേശത്തിന്റെ വികസനത്തിന് അവിടെയുള്ള ഗതാഗത സൗകര്യങ്ങളൽ വളരെ പ്രാധാന്യമുള്ളതാണ്.. കഴിഞ്ഞ 50 വർഷ കാലയളവിനുള്ളിൽ, 100 ൽ പരം പാലങ്ങളാണ്  നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ  ഉയർന്നു വന്നിട്ടുള്ളതു. ഏറ്റുമാന്നൂർ-പെരുന്തുരുത്തി ബൈപാസ്, പുതുപ്പള്ളി അങ്ങാടി-പാലൂർപ്പാടി റോഡ്, കഞ്ഞിക്കുഴി-കറുകച്ചാൽ റോഡ് നവീകരണം, വെട്ടത്തുകവല-ഇലേക്കോടിഞ്ഞി റോഡ് നവീകരണം, കാഞ്ഞിരത്തിൻമൂട്-എരുമപ്പെട്ടി റോഡ്, കാഞ്ഞിരത്തിൻമൂട്-ഇടം മൈൽ റോഡ്, പാമ്പാദ്യകൂരോപ്പടി റോഡ് നവീകരണം, പയ്യപ്പാടി-പോത്തൻപുറം റോഡ്, തോട്ടയ്ക്കാട്-കറക്കകുഴി റോഡ്, തിരുവഞ്ചൂർ-ചെങ്ങളം റോഡ്, മണ്ണൂർപള്ളി-പള്ളിക്കേത്തോട് റോഡ്, അയർക്കുന്നം-പാമ്പാടി റോഡ്, മഞ്ഞാമറ്റം-ഇടമുള റോഡ്  തുടങ്ങി നിരവധി റോഡുകളാണ് നിർമിച്ചതും നവീകരിച്ചതും. മണ്ഡലത്തിലെ  എല്ലാ റോഡുകളും അറ്റകുറ്റ പണികൾ ചെയ്‌ത്‌  പരിപാലിച്ചു പോന്നു. എന്നാൽ  അദ്ദേഹം നിരവധി തവണ  ആവശ്യപ്പെട്ടിട്ടും, 2018 ലെ കടുത്ത കാലവർഷത്തെത്തുടർന്നു  തകർന്ന ചില  റോഡുകൾ   മെയിന്റനൻസ് നടത്താൻ പിണറായി സർക്കാർ  തയ്യാറായില്ല എന്നത് വിസ്മരിക്കാൻ സാധിക്കുകയില്ല.

ഒരു പ്രദേശത്തിന്റെ വികസനതിൻറ്റെ  മാനദണ്ഡം  അവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെയും, വിദ്യാഭ്യാസത്തെയും എങ്ങിനെ ബാധിക്കുന്നു എന്നതിനെ  ആശ്രയിച്ചാണിരിക്കുന്നത്.  ഈ രണ്ടുകാര്യത്തിലും  പുതുപ്പള്ളി മണ്ഡലം കേരളത്തിലെ ഏതു മണ്ഡലത്തോടും കിടപിടിക്കുന്നതാണ്. പുതുപ്പള്ളിയിലെ സാക്ഷരതാ നിരക്ക് 2011 ലെ സെൻസസ് പ്രകാരം 98.02  ശതമാനമാണ്. അതേസമയം,  കേരള സംസ്ഥാനത്തിൻറ്റെ  സാക്ഷരതാ നിരക്ക്  94  ശതമാനം  മാത്രമാണ് . പുതുപ്പള്ളിയിലെ   സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 97.65 ശതമാനമാണ്. ഈ സൂചികകൾ വിരൽ ചൂണ്ടുന്നത് മാനവശേഷി വികസനം ഉൾപ്പെടെ  വികസന രംഗത്ത് പുതുപ്പള്ളി  ഒരു പടി മുന്നിൽ തന്നെയാണെന്നാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കുറവ് ഭൂ-ഭാവന രഹിതർ ഉള്ള മണ്ഡലവും പുതുപ്പള്ളി ആണ്. പശ്ചാത്തല വികസനത്തോടൊപ്പം പ്രാധാന്യം ഉള്ളതാണ് മനുഷ്യരുടെ  ശാരീരികവും, മാനസികവുമായ ആരോഗ്യവും വിദ്യാഭ്യാസവും എന്ന കാഴ്ചപ്പാടിൽ ഊന്നി ഉള്ള ക്രാന്ത ദർശിത്വം ആണ് ഉമ്മൻചാണ്ടിയുടെ  വികസന കാഴ്ചപ്പാടിൻറ്റെ  അന്തസത്ത. അത് പുതുപ്പള്ളിമണ്ഡലത്തിൽ കാണാൻ സാധിക്കും.

          

അഡ്വ.പി .എസ് .ശ്രീകുമാർ,

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ലേഖകൻ) 






No comments:

Post a Comment