നിമിഷപ്രിയയുടെ മോചനം കാത്ത്
അഡ്വ. പി .എസ് .ശ്രീകുമാർ
അഴിയാകുരുക്കുപോലെയുള്ള ഒരു പ്രഹേളികയാണ് നിമിഷപ്രിയ എന്ന സഹോദരിയുടെ ജീവിത കഥ. പാലക്കാട് , കൊല്ലങ്കോടുകാരിയായ നിമിഷപ്രിയ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമാണ്. വീട്ടുജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ് അമ്മ പ്രേമകുമാരി അവളെ പഠിപ്പിച്ചതും, . നഴ്‌സിംഗിന് ചേർത്തതും . നേഴ്സ് ആയി നിയമനം ലഭിച്ചതിനെ തുടർന്ന്, 2008 ൽ യെമനിലെത്തി ഒരു ക്ലിനിക്കിൽ ജോലിയിൽ പ്രവേശിച്ചു. . കാര്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ അവിടെനിന്നും ലഭിച്ച വരുമാനം കൊണ്ട് നിമിഷപ്രിയക്ക് സാധിച്ചില്ല. 2011 ൽ അവധിക്കു വന്നപ്പോൾ തൊടുപുഴക്കാരനായ ടോമി തോമസുമായുള്ള വിവാഹം നടന്നു. ടോമിക്ക് പ്രതീക്ഷപോലെ നല്ല ജോലിയൊന്നും കിട്ടിയില്ല. മാത്രമല്ല, നിമിഷപ്രിയയുടെ വരുമാനം കൊണ്ട് യെമനിലെയും നാട്ടിലുള്ള കുടുംബത്തിന്റെയും ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ഉണ്ടായി. അപ്പോഴാണ് സ്വന്തമായി ക്ലിനിക് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഒരു യെമനിയുടെ സ്‌പോർസർഷിപ് സംഘടിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് അവർ നടത്തിയത്. . അങ്ങിനെയാണ് നിമിഷ പ്രിയ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഇടയ്ക്കു മെഡിക്കൽ പരിശോധനക്ക് വന്നിരുന്ന തലാൽ അബ്ദുൽ മഹ്ദി എന്ന യെമനിയുമായി നിമിഷപ്രിയയും, ഭർത്താവും സംസാരിച്ച് ധാരണയിലെത്തുകയും, പുതിയ ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തത് . അങ്ങിനെ 2015 തുടക്കത്തിൽ " അൽ അമാൻ മെഡിക്കൽ ക്ലിനിക്" എന്ന പേരിൽ 14 കിടക്കകളുള്ള ഒരു ക്ലിനിക് നിമിഷ പ്രിയ തലാലുമായി ചേർന്ന് ആരംഭിച്ചു. അപ്പോഴേക്കും, യെമനിൽ വിമത വിഭാഗവുമായ ഹൂതികളുമായുള്ള ആഭ്യന്തര യുദ്ധവും തുടങ്ങി.
ഇതിനിടക്ക്ക്കു ഒരു കുഞ്ഞു ജനിച്ചതിനെ തുടർന്ന്, മാമോദിസക്കായി നിമിഷപ്രിയയും, ടോമിയും കുഞ്ഞുമായി നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. കേരളം കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു തലാലും അവരോടൊപ്പം കേരളത്തിലേക്ക് വന്നു. ആഭ്യന്തര യുദ്ധത്തിൽപെട്ട യെമനിൽ നല്ല ജോലി കിട്ടാനുള്ള സാധ്യത ബുദ്ധിമുട്ടായതിനാലും, പുതിയതായി തുടങ്ങിയ ക്ലിനിക്കിന് ധനസമാഹരണത്തിനുമായി ടോമി കുഞ്ഞിനൊപ്പം നാട്ടിൽ നില്ക്കാൻ തീരുമാനിച്ചു. കടംവാങ്ങിയ തുക ക്ലിനിക്കിൽ നിക്ഷേപിച്ചതിനാൽ , നിമിഷപ്രിയ, തലാലിനൊപ്പം മടങ്ങി യെമനിൽ പോയി, ക്ലിനിക്കിൻറ്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടു. നിമിഷ പുതിയ ക്ലിനിക് തുടങ്ങിയതോടെ പഴയ ക്ലിനിക്കിൻറ്റെ വരുമാനം ഗണ്യമായി കുറഞ്ഞു. അതോടെ അതിന്റെ ഉടമസ്ഥൻ നിമിഷയുമായി വഴക്കുണ്ടാക്കി. തലാലിൻറ്റെ നിർദേശത്തിൽ, പഴയ ക്ലിനിക്കിന്റെ ഉടമസ്ഥനും ഓഹരി നൽകി അത് പരിഹരിച്ചു .
ദിവസങ്ങൾ കഴിഞ്ഞതോടെ തലാലിൻറ്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി. ക്ലിനിക്കിൽ നിന്നുള്ള വരുമാനം അയാൾ ഏകപക്ഷീയമായി കൈകാര്യം ചെയ്യാൻ തുടങ്ങി. നിമിഷപ്രിയ അറിയാതെ വരുമാനം അയാൾ സ്വന്തം പോക്കറ്റിലേക്ക് മാറ്റി. സ്‌പോർസർ എന്ന നിലയിൽ നിമിഷപ്രിയയുടെ പാസ്സ്പോര്ട്ടും മറ്റു രേഖകളും കരസ്ഥമാക്കിയ അയാൾ, അവരെ ശാരീരികമായി ഉപദ്രവിക്കുവാൻ തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ, നിമിഷപ്രിയ 2016 ൽ പോലീസിൽ പരാതി നൽകുകയും, തലാലിനെ പോലീസ് താക്കീതു നൽകി വിടുകയും ചെയ്തു . പോലീസിൽ നിന്നുമാണ് അവരെ വിവാഹം ചെയ്തതായി അയാൾ കൃത്രിമ രേഖകൾ ഉണ്ടാക്കിയതായും, ക്ലിനിക്കിന്റെ ഉടമസ്ഥാവകാശം അയാളുടെയും, പഴയ ഉടമയുടെയും മാത്രം പേരിലാണെന്നും നിമിഷ അറിഞ്ഞത്. അയാളുടെ പീഡനങ്ങളും, ഉപദ്രവും കൂടിയപ്പോൾ, ഏതെങ്കിലും രീതിയിൽ പാസ്സ്പോര്ട്ടും മറ്റു രേഖകളും കൈക്കലാക്കി രക്ഷപ്പെടാനുള്ള തീരുമാനം അവർ എടുത്തു. അങ്ങിനെയാണ് 2017 ജൂലൈയിൽ അയാൾ ട്രീട്മെൻറിനായി ക്ലിനിക്കിൽ എത്തിയപ്പോൾ, അയാൾക്ക് കെറ്റമിൻ നൽകി മയക്കി കിടത്തിയത്. കെറ്റമിൻറ്റെ ഡോസ് കൂടിപ്പോയതോടെ തലാൽ കൊല്ലപ്പെട്ടു. പരിഭ്രാന്തയായ നിമിഷ പ്രിയ മറ്റൊരു നഴ്സിന്റെ സഹായം തേടി. തലാലിൻറ്റെ ശരീരം വാട്ടർ ടാങ്കിൽ കഷണങ്ങളാക്കി വെട്ടി നുറുക്കി ഇട്ടിട്ട് അവർ രക്ഷപെടാൻ ശ്രമിച്ചു. സൗദി അതിർത്തിയിൽ വച്ച് പൊലീസ് 2017 ഓഗസ്റ്റിൽ അവരെ അറസ്റ്റ് ചെയ്തു തടവിലാക്കി.
യെമൻ കോടതിയിൽ പ്രാദേശിക ഭാഷയിൽ നടന്ന വിചാരണക്കൊടുവിൽ, 2018 ൽ നിമിഷപ്രിയയെ കോടതി വധ ശിക്ഷക്ക് വിധിച്ചു. പുറം ലോകവുമായി ബന്ധമില്ലാതിരുന്ന നിമിഷക്ക് ഒരു കഴിവുള്ള അഭിഭാഷകനെപ്പോലും വക്കാൻ സാധിച്ചില്ല. 2018 ജൂണിൽ അൽ ബൈദ ജയിലിൽ നിന്നും സനായിലെ ജയിലിലേക്ക് അവരെ മാറ്റി. അവരുടെ നിസ്സഹായാവസ്ഥ പുറത്തു അറിഞ്ഞതിനെ തുടർന്ന് , പുനർവിചാര ണക്കായുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കാനും, പുനർവിചാരണ നടത്തിക്കുവാനും സാധിച്ചു. പക്ഷെ, പുനർ വിചാരണയിലും അവരെ കുറ്റക്കാരിയായി കണ്ടെത്തിയ കോടതി, 2020 ൽ വധ ശിക്ഷ തന്നെയാണ് വിധിച്ചത്. ജയിലിലായിരുന്ന അവസരത്തിൽ, കൂടെയുള്ള തടവുകാരുടെ സഹായത്തോടെ സംഭവങ്ങളെല്ലാം ഇന്ത്യയിലെ ബന്ധുക്കളെ അവർ അറിയിച്ചു . അതിനെ തുടർന്ന് "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൌൺസിൽ" രൂപീകരിക്കുകയും, അവരെ വധ ശിക്ഷയിൽ നിന്നും ഒഴിവാക്കുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. മോചനത്തിനായി കുറെ തുക ആക്ഷൻ കൗൺസിലൈന് ലഭിച്ചു.
അതിനിടെ, കേരളത്തിലെ അവരുടെ ബന്ധുക്കൾ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നു. നിമിഷപ്രിയയുടെ നിസ്സഹായാവസ്ഥ പൂർണമായും മനസ്സിലാക്കിയ അദ്ദേഹം, ഗൾഫിലുള്ള ചില മനുഷ്യ സ്നേഹികളായ വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെയും, കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും വധശിക്ഷയിൽ നിന്നും ഇളവ് നൽകുവാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം ബാംഗളൂരിലെ ആശുപത്രിയിൽ തീരെ അവശനായി ചികിത്സയിൽ ഇരിക്കുന്ന സന്ദർഭത്തിൽപ്പോലും നിമിഷ പ്രിയയുടെ മോചനത്തിനായി പലരെയും വിളിച്ചു സംസാരിച്ചു. വധശിക്ഷ ഒഴിവാക്കുവാനായി തലാലിൻറ്റെ ബന്ധുക്കൾക്ക് ദയാധനം നൽകി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമം ആക്ഷൻ കൌൺസിലും നടത്തി. നിമിഷപ്രിയയെ നേരിൽ കാണുവാനും, തലാലിൻറ്റെ ബന്ധുക്കളുമായി സംസാരിക്കുവാനായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ അവരുടെ 'അമ്മ പ്രേമകുമാരിയും,, ഭർത്താവ് ടോമിയും, മകളും യെമനിൽ എത്തി, അതിനുള്ള ശ്രമം നടത്തി. 2024 ജൂൺ മാസത്തോടെ 40000 ഡോളർ സനായിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും, തലാലിൻറ്റെ കുടുംബവും, അയാൾ ഉൾപ്പെട്ട ട്രൈബും ദയാധനം വാങ്ങുന്നതിൽ താല്പര്യം കാട്ടാതിരുന്നതിനാൽ മുന്നോട്ടുപോകുവാൻ സാധിക്കാതിരിക്കുകയായിരുന്നു..
ജൂലൈ 16 നു അവരുടെ ശിക്ഷ നടപ്പാക്കുവാനുള്ള ഉത്തരവ് ജയിലിലെത്തിയതോടെ അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും തകൃതിയായി വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി. . ഇന്ത്യൻ സർക്കാരിന് നയതന്ത്ര ബന്ധമുള്ളത് യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡണ്ടിൻറ്റെ ലീഡര്ഷിപ് കൗൺസിലുമായാണ്. എന്നാൽ, കുറ്റകൃത്യം നടന്നതും, നിമിഷ ഇപ്പോൾ കിടക്കുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും, വിമത വിഭാഗമായ ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. ഹൂതികളുമായി ബന്ധമുള്ള ഇറാൻ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യതയാണ് ഇന്ത്യ സർക്കാർ നോക്കിയത്. കേന്ദ്ര സർക്കാരും, ആക്ഷൻ കൗൺസിലും, അവിടെയുള്ള പ്രവാസി സമൂഹവും അവരുടെ വധശിക്ഷ ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ്. ഉമ്മൻചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു നിമിഷ പ്രിയയുടെ മോചനം. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഭാഗമായാണ് പ്രിയ പത്നി മറിയാമ്മ ഉമ്മനും, മകൻ ചാണ്ടിഉമ്മനും നിമിഷപ്രിയയുടെ ഭർത്താവിനെയും കൂട്ടി സംസ്ഥാന ഗവർണ്ണറെ കണ്ടു അദ്ദേഹത്തിന്റെ ഇടപെടലിനായി അഭ്യർത്ഥിച്ചത്. ഗവർണർക്കും കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിലുള്ള പരിമിതികൾ മനസ്സിലാക്കിയ ചാണ്ടി ഉമ്മൻ യെമനിലെ സൂഫി മത നേതാക്കളുമായി അടുത്ത ബന്ധമുള്ള കാന്തപുരം എ.പി. അബുബക്കർ മുസലിയാരോട് സഹായിക്കാൻ അഭ്യർത്ഥിക്കുകയും, കാന്തപുരം മുസ്‍ലിയാരുടെ ഇടപെടലിൻറ്റെ അടിസ്ഥാനത്തിൽ വധശിക്ഷ തത്ക്കാലം മാറ്റിവെക്കാൻ യെമൻ സുപ്രീം കോടതി തീരുമാനിക്കുകയും ചെയ്തു. തുടർന്ന് നടക്കുന്ന ചർച്ചകളിലൂടെ നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകൾ യാഥാർഥ്യമാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
Adv.P.S.Sreekumar
pssreekumarpss@gmail.com
No comments:
Post a Comment