ഈജിയൻ തൊഴുത്തായി മാറിയ ആരോഗ്യവകുപ്പ്
അഡ്വ.പി.എസ് .ശ്രീകുമാർ
കേരളം എന്നും അഭിമാനിച്ചിരുന്നത് നമ്മുടെ പൊതുജനാരോഗ്യത്തിൻറ്റെയും , വിദ്യാഭ്യാസത്തിൻറ്റെയും , സാമൂഹ്യക്ഷേമത്തിൻറ്റെയും പേരിലാണ്. അതിലും മുൻഗണന ഉണ്ടായിരുന്നത് പൊതുജനാരോഗ്യത്തിനായിരുന്നു. ഏതു പാശ്ചാത്യ രാജ്യത്തോടും കിടപിടിക്കുന്ന രീതിയിലാണ് ഈ രംഗത്തുള്ള നമ്മുടെ പ്രകടനം. ഈ മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അവക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 19 ആം നൂറ്റാണ്ടുവരെ ആയുർവേദ ചികിത്സ സമ്പ്രദായമായിരുന്നു ജനങ്ങളുടെ ആരോഗ്യത്തിന് ഉതകിയിരുന്നത്. കേരളത്തിലെ ആയുർവേദ വൈദ്യന്മാർ ചരകൻ എഴുതിയ ചരക സംഹിതയും, സുശ്രുതൻ എഴുതിയ സുശ്രുത സംഹിതയും, വാഗ്ഭടൻ എഴുതിയ അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ കൃതികളുടെയും അടിസ്ഥാനത്തിലുള്ള ചികിത്സ രീതികളെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ച ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു നമ്മുടെ ഗ്രാമങ്ങൾ. പൊതുജനത്തിന് ഏറ്റവും അനുയോജ്യമായ ചികിത്സ സമ്പ്രദായമായിരുന്നു അന്ന് നിലവിലിരുന്നതെന്നാണ് ഹോർത്തൂസ് മലബാറിക്ക എഴുതിയ കൊച്ചിയിലെ ഡച്ച് ഗവർണർ ആയിരുന്ന ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡ് എഴുതിയത്.
കൊളോണിയൽ ഭരണം നിലവിൽ വന്നതോടെയാണ് പാശ്ചാത്യ ചികിത്സ സമ്പ്രദായം ഇവിടെ എത്തുന്നത്. അന്ന് ലോകമൊട്ടാകെ ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയിരുന്നത് വസൂരി രോഗമായിരുന്നു. വസൂരിക്കുള്ള വാക്‌സിൻ കണ്ടുപിടിച്ചു അധികം വൈകാതെ 1802 ൽ അത് ബോംബെയിൽ എത്തിച്ചു നൽകിത്തുടങ്ങി. അതേ വര്ഷം തന്നെ കൊച്ചിയിൽ ഒരു വാക്‌സിനേഷൻ സെന്റർ ആരംഭിച്ചു. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന റാണി ഗൗരി ലക്ഷ്‌മി ബായ് വാക്‌സിനേഷൻ വ്യാപകമാക്കുവാൻ പ്രത്യേക താത്പര്യമെടുത്തു. തിരുവനന്തപുരത്തു ഒരു വാക്‌സിനേഷൻ സെന്റർ പൊതു ജനങ്ങൾക്കായി അവർ തുറന്നു. അതുപോലെ ആദ്യ അലോപ്പതി ഡിസ്‌പെൻസറി 1814 ൽ തിരുവനന്തപുരം തൈക്കാട് ആരംഭിച്ചു. സ്വാതിതിരുനാൾ മഹാരാജാവിൻറ്റെ ഭരണ കാലയളവിൽ തൈക്കാടുള്ള ഡിസ്‌പെൻസറി കിടത്തി ചികില്സിക്കുന്ന ആശുപത്രിയായി 1837 ൽ ഉയർത്തി. അദ്ദേഹത്തിന്റെ സഹോദരനായ ഉത്ത്രം തിരുനാൾ മഹാരാജാവ് അലോപ്പതി പഠിച്ചു ചികില്സിച്ചുതുടങ്ങി. ഉത്ത്രം തിരുനാൾ മഹാരാജാവ് മുൻകൈ എടുത്താണ് തിരുവിതാംകൂർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലോപ്പതി ഡിസ്പെൻസറികളും, ആശുപത്രികളും സ്ഥാപിച്ചത്. മാത്രമല്ല, ചേർത്തല ഭാഗത്തുണ്ടായിരുന്ന മന്ത് രോഗം, മലേറിയ, വസൂരി എന്നീ രോഗങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തുവാൻ റോക്ക്ഫെല്ലർ ഫൗണ്ടേഷൻറ്റെ സഹായത്തോടെ 1928 ൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയും തിരുവനന്തപുരത്തു സ്ഥാപിച്ചു.1848 ലാണ് ആദ്യത്തെ സിവിൽ ആശുപത്രി ( ജില്ലാ ആശുപത്രി) എറണാകുളത്തു ആരംഭിച്ചത്. പിന്നീട് 1865 ൽ തിരുവനന്തപുരത്തും, 1870 ൽ കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും സിവിൽ ആശുപത്രികൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് വിവിധ രാജാക്കന്മാരും, സ്വാതന്ത്ര്യശേഷം വിവിധ ജനാധിപത്യ സർക്കാരുകളും ആരോഗ്യ മേഖലക്ക് നൽകിയ പ്രാധാന്യം കൊണ്ടാണ് ഈ മേഖലയിൽ ഇന്നും കേരളം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്. സംസ്ഥാനത്തെ ശിശുമരണം, മാതൃമരണം, നവജാത ശിശുമരണ നിരക്കുകൾ, ആയുർദൈർഘ്യം എന്നിവയിലൊക്കെ നമ്മൾ ഇന്നും മുന്നിൽ നിൽക്കുന്നത് മേൽപ്പറഞ്ഞ കാരണങ്ങളാണ്. എന്നാൽ 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും, വലിയ വീഴ്ച്ചകളും കേരളത്തിന്റെ അവകാശവാദങ്ങൾക്കുമേൽ കളങ്കമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സ്വകാര്യ ആശുപത്രിയെ ആശ്രയിച്ച സജിചെറിയാൻ
മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടെയും തള്ളുകൾക്കും, പൊള്ളയായ അവകാശവാദങ്ങൾക്കുമപ്പുറം, കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല മരണകിടക്കയിലാണെന്നതാണ് യാഥാർഥ്യം. അതാണ് മന്ത്രി സജി ചെറിയാൻ ഇപ്പോൾ പരസ്യമായി സമ്മതിച്ചിരിക്കുന്നത് . ഡെങ്കി പനി വന്നു സർക്കാർ ആശുപത്രിയിൽ ചികില്സിച്ചപ്പോൾ മരിക്കാറായി 14 ദിവസം ബോധമില്ലാതെ കിടന്ന തൻറ്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശൈലജയും, വീണ ജോർജും കഴിഞ്ഞ ഒമ്പത് വർഷം ഭരിച്ച ആരോഗ്യവകുപ്പിന്റെ നേർചിത്രമാണ് സജി ചെറിയാൻ വരച്ചുകാണിച്ചിരിക്കുന്നത്. അതുതന്നെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ .ഹാരിസ് ചിറയിൽ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമത്തിലൂടെ പൊതുജനത്തെ അറിയിച്ചതും. അദ്ദേഹത്തിന്റെ വകുപ്പിൽ ആവശ്യം വേണ്ട സർജിക്കൽ ഉപകരണങ്ങളില്ലാത്തതിനാൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്നും, സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നുമാണ് അദ്ദേഹം പങ്കുവച്ചത്.. തീവ്രമായ വേദനയോടെ ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സക്കായി ഒരു വശത്ത് , എതിർ വശത്ത് ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ , നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിലാകുന്നത് ഡോക്ടർമാരും, വകുപ്പ് മേധാവിയും. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അഭാവത്തിൽ തൻറ്റെ മകൻറ്റെ പ്രായമുള്ള ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായതിൻറ്റെ നിരാശയിലാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിക്കാൻ നിര്ബന്ധിതനായത്. ഡോ .ഹാരിസിൻറ്റെ അഭിപ്രായപ്രകടനങ്ങളോട് സഹിഷ്ണതയോടെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആദ്യം പ്രതികരിച്ചത്. എന്നാൽ മുഖ്യമന്ത്രി ഡോക്ടർക്കെതിരെ പരസ്യമായി സംസാരിച്ചതോടെ മന്ത്രിമാരും, സി പി എം നേതാക്കളും ഡോക്ടറെ കടന്നാക്രമിക്കുന്ന സ്ഥിതിയിലെത്തി.
ബിന്ദുവിൻറ്റെ മരണത്തിനുത്തരവാദി പിണറായി സർക്കാർ
ഈ സർക്കാർ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു കെട്ടിടം ഇടിഞ്ഞുവീണ് ഹതഭാഗ്യയായ ബിന്ദു എന്ന സ്ത്രീ മരിക്കാൻ ഇടയായത്. 2013 ൽ പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം, പൊളിച്ചുമാറ്റണം എന്ന് പറഞ്ഞു അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിന് , സർവെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ തലത്തിൽ പൂർത്തിയായപ്പോഴേക്കും പിണറായി സർക്കാർ അധികാരത്തിലെത്തി. പകരം കെട്ടിടനിർമാണം പൂർത്തിയായിട്ടു മാസങ്ങളായെങ്കിലും, മന്ത്രിമാരുടെ അസൗകര്യങ്ങളെ തുടർന്ന് ഉദ്‌ഘാടനം നീണ്ടുപോയി. അതുകൊണ്ടാണ് രോഗികളും, കൂട്ടിരുപ്പുകാരും പഴയ കെട്ടിടം തന്നെ ഉപയോഗിക്കാൻ നിർബന്ധിതരായത്. ഈ കെട്ടിടം നേരത്തെ തുറന്നു കൊടുത്തിരുന്നെങ്കിൽ ബിന്ദുവിന്റ്റെ മരണം ഒഴിവാക്കാമായിരുന്നു.
ബജറ്റ് വിഹിതം കുറയുന്നു
ഏതിനും ഉമ്മൻചാണ്ടി സർക്കാരിനെ പഴിപറയുന്ന സി പി എം നേതാക്കൾ ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം . 2010-11 ലെ ബജറ്റിൽ ധനമന്ത്രി ഡോ .തോമസ് ഐസക് ആരോഗ്യവകുപ്പിന് നൽകിയ പ്ലാൻ വിഹിതം 112 കോടി രൂപയായിരുന്നു. എന്നാൽ 2016-17 ലെ ബജറ്റിൽ ഉമ്മൻചാണ്ടി സർക്കാർ 1013 കോടി രൂപയാണ് വകയിരുത്തിയത്. അതായത് അച്യുതാനന്ദൻ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന സാമ്പത്തിക വർഷത്തിൽ വകയിരുത്തിയതിനേക്കാൾ 10 ഇരട്ടി തുകയാണ് ഇത്. ഇതിനുപരിയാണ് മെഡിക്കൽ കോളേജുകളുടെ നിര്മാണത്തിനുവേണ്ടി ബജറ്റ് വിഹിതത്തിനു പുറമെ, വിവിധ സ്രോതസുകളിലൂടെ തുക കണ്ടെത്തിയതും, നാഷണൽ ഹെൽത്ത് മിഷനിലൂടെ 3000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയതും. അതേ സമയം 2024-25 ലെ ബജറ്റിൽ 1633.30 കോടി രൂപ മാത്രമാണ് പ്ലാൻ വിഹിതമായി (Health services Rs.1224.30 crores and Rs.409.09 crores for DME) ആരോഗ്യ വകുപ്പിനും, മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിനും കൂടി പത്താം വർഷത്തിലേക്കു കടന്ന പിണറായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഒമ്പത് വര്ഷം ഭരിച്ചിട്ടും ഉമ്മൻചാണ്ടി സർക്കാർ വകയിരുത്തിയതിണ്റ്റെ ഇരട്ടിത്തുക പോലും വകയിരുത്താൻ പിണറായി സർക്കാരിന് സാധിച്ചില്ല. മാത്രമല്ല, വകയിരുത്തിയ പ്ലാൻ ഫണ്ടിൻറ്റെ 49.50 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചത് . 2018-19 സാമ്പത്തിക വർഷത്തിൽ സർക്കാരിണ്റ്റെ മൊത്തം ചെലവിൻറ്റെ 6.55 ശതമാനമായിരുന്നു ആരോഗ്യ മേഖലക്ക് നീക്കിവച്ചിരുന്നതെങ്കിൽ 2023-ൽ ആരോഗ്യമേഖലക്കു വേണ്ടി ചെലവഴിച്ചത് 5.50 ശതമാനമായി കുറഞ്ഞു.
16 മെഡിക്കൽ കോളേജുകൾ
1982 മുതൽ ഏകദേശം മൂന്ന് പതിറ്റാണ്ടുകാലം നമുക്ക് 5 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജെങ്കിലും വേണമെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഉമ്മൻചാണ്ടി സർക്കാർ 2016 മെയ് മാസത്തിൽ അധികാരം ഒഴിയുമ്പോൾ മഞ്ചേരിയിലും, ഇടുക്കിയിലും, പാലക്കാടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൊച്ചി സഹകരണ മെഡിക്കൽ കോളേജ്, പര്യായം സഹകരണ മെഡിക്കൽ കോളേജ്, പാരിപ്പള്ളിയിലെ ഇ എസ് ഐ മെഡിക്കൽ കോളേജ് എന്നിവ ഏറ്റെടുക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുവാനും സാധിച്ചു. പാലക്കാട് മെഡിക്കൽ കോളേജിന്റ്റെ പ്രത്യേകത, ഷെഡ്യൂൾഡ് ട്രൈബ് വിഭാഗക്കാർ കൂടുതലുള്ള ആ ജില്ലയിൽ, ട്രൈബ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് ആണ് അത് എന്നതാണ്. , തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും , പിന്നോക്ക ജില്ലകളായ കാസർഗോഡ്,വയനാട്, (പത്തനംതിട്ട) കോന്നി, (ആലപ്പുഴ) ഹരിപ്പാട് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾക്കായുള്ള ഉത്തരവു പുറപ്പെടുവിച്ച് നിർമാണ നടപടികളിലേക്ക് കടന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജും , ഹരിപ്പാട്, കോന്നി മെഡിക്കൽ കോളേജുകളും വേണ്ടെന്നു വച്ചു . പിന്നീട് കോന്നി മെഡിക്കൽ കോളേജിന്റെ നിർമാണം തുടരാൻ തീരുമാനിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകൾ ഇതുവരെയും തുറന്നിട്ടില്ല. ആലപ്പുഴയിലും,ത്രിശൂരിലും പുതിയ ഡെന്റൽ കോളേജുകളും, കോട്ടയത്ത് പി.ജി. ബ്ലോക്കും ആരംഭിച്ചു
കാരുണ്യ പദ്ധതി
ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയ കാരുണ്യ ചികിത്സാപദ്ധതിയിൽ 1.42 ലക്ഷം പേർക്ക് 1240 കോടി രൂപയുടെ സഹായധനം അനുവദിച്ചു. 3 ലക്ഷം രൂപവരെയായിരുന്നു അന്ന് സഹായധനമായി നൽകിയിരുന്നത്. കാരുണ്യ പ്ലസ് എന്ന പേരിൽ നടത്തിയ ഒരു ഭാഗ്യക്കുറിയുടെ വരുമാനം കൂടി കാരുണ്യ ബെനോവലെന്റ് ഫണ്ടിലേക്ക് മീക്കിവച്ചു. ഇടത് സർക്കാർ കാരുണ്യ പദ്ധതി ഇപ്പോൾ അട്ടിമറിച്ചിരിക്കുകയാണ്. മരുന്ന് നൽകിയിരുന്ന കമ്പനികൾക്കും ആശുപത്രികൾക്കും കോടികളാണ് നൽകാനുള്ളത്
സുകൃതം പദ്ധതി.
ആർ.സി.സി , മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കാൻസർ ചികിത്സ സംവിധാനങ്ങൾ വിപുലീകരിച്ചു. ഇവയിലെല്ലാം കാൻസർ ചികിത്സ സൗജന്യമായി നൽകുന്ന സുകൃതം പദ്ധതി യു ഡി എഫ് സർക്കാർ ലഭ്യമാക്കി. ആർ സി സിയെ സംസ്ഥാന കാൻസർ ഇൻസ്റ്റിട്യൂട്ടാക്കി ഉയർത്തി. 117 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളിലൂടെ ആർ സി സിക്ക് NABL അക്രെഡിറ്റേഷൻ ലഭ്യമാക്കി. ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യരുടെ അഭ്യർത്ഥന മാനിച്ചു കൊച്ചിയിൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടും, റിസർച്ച് സെൻറ്ററും യാഥാർഥ്യമാക്കുവാനുള്ള നടപടികൾ കൈക്കൊണ്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാവിഭാഗത്തെ മിനി ആർ സി സി ആക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . കോഴിക്കോട് സഹകരണ മേഖലയിൽ 300 കോടി രൂപയുടെ മുതൽമുടക്കിൽ എം വി ആർ കാൻസർ സെന്റർ ആരംഭിക്കുവാനുള്ള പദ്ധതിക്കു സമയബന്ധിതമായി എല്ലാവിധ അനുമതികളും ലഭ്യമാക്കുകയും നിർമ്മാണോദ്‌ഘാടനം നടത്തുകയും ചെയ്തു.
കാരുണ്യ ഫർമസികളിലൂടെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് കോടിക്കണക്കിനു രൂപയുടെ സഹായം ലഭ്യമാക്കി. അതുപോലെ ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതിയും ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ചു.
അമ്മയും കുഞ്ഞും
സർക്കാർ ആശുപത്രികളിൽ പ്രസവ ചികിത്സയും, നവജാതശിശുവിൻറ്റെ 30 ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതി, നവജാത ശിശുക്കളിലെ ജനിതകരോഗങ്ങൾ കണ്ടുപിടിക്കുന്നതിനു ന്യൂ ബോൺ സ്ക്രീനിംഗ്, 18 വയസ്സുവരെയുള്ള കുറ്ട്ടികൾക്കു എല്ലാ രോഗങ്ങൾക്കും, സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതി എന്നിവ നടപ്പാക്കി. 59 ആശുപത്രികളിൽ നവജാതശിശു ചികിത്സാകേന്ദ്രങ്ങൾ തുടനി. 13270 സ്കൂളുകളിലെ 48 ലക്ഷം കുട്ടികൾക്ക് ചികിത്സയും, മരുന്നും ലഭ്യമാക്കുന്ന വിദ്യാലയരോഗ്യ പദ്ധതിയും തുടങ്ങി.
സൗജന്യ മരുന്ന് വിതരണം
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു. 69 അർബുദ ചികിത്സ മരുന്നുകൾ ഉൾപ്പെടെ 585 ഇനം ആവശ്യമരുന്നുകളാണ് എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി നൽകിയത്.1156 കോടി രൂപയുടെ മരുന്നുകളാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നൽകിയത്. അതുപോലെ മരുന്ന് വില നിയന്ത്രിക്കാനായി നിരവധി കാരുണ്യ ഫർമാസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ സർക്കാർ ആശുപത്രികളുടെ ദുർദശ ആരംഭിച്ചു. ആശുപതികളിൽ മരുന്നുകളും, ഉപകരണങ്ങളും ഇല്ല. ചികിത്സക്ക് ചെല്ലുന്ന രോഗികളുടെ കൂട്ടിരുപ്പുകാർ വെളിയിൽ പോയി മരുന്നുകൾ വാങ്ങി നൽകിയാലേ ചികിത്സ ലഭിക്കുകയുള്ളു. കോവിടിൻറ്റെ കാലഘട്ടത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ കോവിട് വാർഡിൽ മാസ്‌കും , കോവിട് കിറ്റും ,രോഗികൾക്കും നഴ്‌സുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സഹായികൾക്കും ഉള്ള ഭക്ഷണം പോലും സന്നദ്ധ സംഘടനകളാണ് നൽകിയിരുന്നത്. സർക്കാർ വയലിൽ വച്ചിരിക്കുന്ന നോക്കുകുത്തിപോലെ നിന്നതേയുള്ളൂ.
മൃതസഞ്ജീവനി
മാറ്റിവക്കൽ ശസ്ത്രക്രിയകൾക്ക് തുടക്കം കുറിച്ചത് യു ഡി എഫ് സർക്കാരായിരുന്നു. തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ മസ്തിഷ്കമരണം സംഭവിച്ച ശർമ്മ എന്ന രോഗിയുടെ ഹൃദയവുമായി എറണാകുളത്തു പറന്നെത്തിയ ഡോ. ജോസ് ചാക്കോ പെരിയകുളമാണ് ഓട്ടോ ഡ്രൈവറായ മാത്യു അച്ചാടനിൽ ആ ഹൃദയം ശസ്ത്രക്രിയയിലൂടെ തുന്നിപിടിപ്പിച് ജീവൻ രക്ഷിച്ചത്. 2012 ൽ ആയിരുന്നു ഈ സംഭവം നടന്നത്. അതിനുശേഷം 2016 മെയ് വരെ 700 അവയവ ശാശ്ത്രക്രിയകൾ നടത്തി. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാരിന്റെ 9 വർഷത്തെ ഭരണത്തിൽ ആകെ നടത്തിയത് 269 അവയവ ശാസ്ത്ര ക്രിയകൾ മാത്രമാണ്.
. ഇതിനു രണ്ടിനും എല്ലാവിധ സഹായവും നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും, ആരോഗ്യമന്ത്രിയായിരുന്ന വി.എസ് .ശിവകുമാറുമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. 2015 സെപ്തംബര് 16 ന് ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ .ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്.അതുപോലെ 2016 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്
കുട്ടികളിലെ ബധിരത മാറ്റുവാനുള്ള കോക്ക്ളിയാർ ഇമ്ബളന്റ്റേഷൻ ശസ്ത്രക്രിയക്കു തുടക്കം കുറിച്ച യു ഡി എഫ് സർക്കാർ 5 വര്ഷം കൊണ്ട് 652 കോക്ക്ളിയാർ ശാസ്ത്രക്രിയകൾ നടത്തിയപ്പോൾ 9 വര്ഷം ഭരിച്ച ഇടതു സർക്കാർ 391 ശാസ്ത്രക്രിയകൾ മാത്രമേ നടത്തിയുള്ളു എന്നുമാത്രമല്ല, ഇപ്പോൾ ഈ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്.
ഡോക്ടർമാരുടെ ക്ഷാമം
ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ,താലൂക്ക്, പി.എച് സി കൾ തുടങ്ങിയവയിൽ ഡോക്ടർമാരുടെ 409 തസ്തികകളും , നഴ്സുമാരുടെ 547തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. മറ്റു തസ്തികകളിൽ ഉള്ള പാരാമെഡിക്കൽസിന്റ്റെ മൊത്തം 25731 തസ്തികകൾ 4254 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതുപോലെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ കീഴിലുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ 551 തസ്തികകളും, നഴ്സുമാരുടെ 329 തസ്തികകളും പാരാമെഡിക്കൽസിന്റ്റെ 228 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
സർക്കാർ ആശുപത്രികളോട് സർക്കാർ കാട്ടുന്ന അവഗണനയാണ് നമ്മുടെ ആരോഗ്യമേഖല കുത്തഴിഞ്ഞ രീതിയിൽ ആയിത്തീരാനുള്ള പ്രധാനകാരണം. അതിനു പുറമെ, ആശുപത്രി വികസന സമിതികളിൽ സിപിഎമ്മിന് ബന്ധമുള്ളവരെ മാത്രം നിയമിച്ചുകൊണ്ട് അർഹരായവരെ ഒഴിവാക്കുന്നു. അതിന്റെ ഫലം അനർഹർ താത്ക്കാലികക്കാരായി കടന്നുകൂടുകയും, ഡോക്ടർമാരെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും അവരുടെ ഏറാന്മൂളികളായി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങിനെ പിടിപ്പുകേടിൻറ്റെയും , അരാജകത്വത്തിന്റെയും ഈജിയൻ തൊഴുത്തായി ആരോഗ്യ മേഖലമാറി.
.
No comments:
Post a Comment