Tuesday, 8 July 2025

 

        

                             മദ്ധ്യേഷ്യയിലെ   യുദ്ധവും , ഇന്ത്യയും 

അഡ്വ.പി.എസ്. ശ്രീകുമാർ 

 മദ്ധ്യേഷ്യയിൽ,   ഇറാനെ അക്രമിച്ചു കൊണ്ട്    പുതിയ ഒരു യുദ്ധമുഖം കൂടി  ഇസ്രായേൽ  തുറന്നത്  ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ടായിരുന്നു .  ഇറാൻ റെവല്യൂഷനറി ഗാർഡ്ൻറ്റെ  തലവൻ ജനറൽ ഹൊസൈൻ സലാമി, സംയുക്ത സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബഖാരി, മുൻ സുരക്ഷാ ഉപദേഷ്ടാവ്  അലി ഷംഘാനി, എന്നിവരും,  ഏജൻസിയുടെ  മുൻ തലവൻ മുഹമ്മദ് മഹ്ദി ട്രെഹ്‌റാഞ്ചി  തുടങ്ങി ആറോളം ആണവ ശാസ്ത്രഞ്ജരും മറ്റ്  ഉന്നതരായ സൈനിക മേധാവികളും,  ഇസ്രയേലിൻറ്റെ  ആക്രമണത്തിൽ കൊല്ലപ്പെട്ടു.  ഇസ്രയേലിൻറ്റെ  നിലനിൽപ്പിനും അതിജീവനത്തിനും  ഭീഷണിയായി തുടരുന്നതിനാലാണ് ഇറാനുനേരെ സൈനിക നടപടി തുടങ്ങിയതെന്നും, ഇറാൻ   ഉയർത്തുന്ന ആണവഭീഷണി തുടച്ചുനീക്കുംവരെ സൈനിക നടപടി തുടരുമെന്നുമാണ്  യുദ്ധം തുടങ്ങിയപ്പോൾ   ഇസ്രായേൽ പ്രധാനമന്ത്രി   നെതന്യാഹു പ്രഖ്യാപിച്ചത് .

  തലസ്ഥാന നഗരമായ ടെഹ്‌റാനുപുറമെ ഇറാൻറ്റെ  വിവിധ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഒരേസമയം  ആക്രമണം നടത്തിക്കൊണ്ടാണ് ജൂൺ 13  വെള്ളിയാഴ്ച്ച  പുലർച്ചെ  ഇസ്രായേൽ  ആക്രമണം  തുടങ്ങിയത് .    അന്ന് രാത്രിതന്നെ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്ക് മിസൈൽ വിക്ഷേപിച്ച്  ഇറാനും തിരിച്ചടി തുടങ്ങി.   ഇറാനിലെ തന്ത്രപ്രധാനമായ  നിരവധി കേന്ദ്രങ്ങൾ  ആക്രമണത്തിനിരയായി. അതുപോലെ ഇസ്രായേലിലെ ആശുപത്രി ഉൾപ്പെടെ നിരവധി ജനവാസ മേഖലകളിൽ  ഇറാനും   പ്രത്യാക്രമണം   നടത്തി .  ഇരുപക്ഷത്തും നിരപരാധികളായ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത് .  ഏകപക്ഷീയമായി ആക്രമണം തുടങ്ങിയ ഇസ്രയേലിനോട്  ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന്  പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമെനെയ്‌  തിരിച്ചടിക്കാൻ നിർദേശം നൽകിയത് .

1979 വരെ രാജ്യം ഭരിച്ചിരുന്ന മുഹമ്മദ്  റസ്‌വ പെഹൽവിയെ,    ഭരണത്തിൽ നിന്നും പുറത്താക്കിയ   ശേഷമാണ്  അയത്തൊള്ള റൂഹുല്ല  ഖുമൈനി,  ഇസ്ലാമിക രാഷ്ട്രത്തിൻറ്റെ  പരമോന്നത സ്ഥാനം ഏറ്റെടുത്ത്.  അന്നുമുതൽ യാഥാസ്ഥിക ഇസ്ലാമിക ഭരണമാണ് ഇറാനിൽ. റൂഹുള്ള ഖൊമൈനിയുടെ കാലശേഷം പരമോന്നത സ്ഥാനത്തെത്തിയ അയത്തൊള്ള ഖമെനെയ്‌  ഇറാനെ സാമ്പത്തികമായും സൈനികമായും ശക്തിപ്പെടുത്തുവാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമർത്തി. ചുറ്റുമുള്ള  , സൗദി അറേബ്യയുടെ  ഉൾപ്പെടെയുള്ള   സുന്നി മുസ്‌ലിം  രാഷ്ട്രങ്ങളെ അരികുവൽക്കരിച്ചുകൊണ്ടു  ,മുസ്ലിം  രാഷ്ട്രങ്ങളുടെ നേതൃത്വത്തിനായുള്ള ശ്രമങ്ങളും നടത്തിവരികയായിരുന്നു.  ഇസ്രായേൽ എന്ന ശത്രു രാജ്യത്തിനെ നേരിടാനാണ്  അണുബോംബ് എന്ന ആശയത്തിലൂന്നി ആണവ പദ്ധതികളുമായി ഇറാൻ മുന്നോട്ടു പോയത്.   മാത്രമല്ല , ഇക്കാര്യത്തിൽ,  അയൽരാജ്യങ്ങളുടേയും, പാശ്ചാത്യ രാജ്യങ്ങളുടേയും എതിർപ്പുകളെ  അവർ അവഗണിച്ചു .  ഇറാൻ    ആണവായുധ ശക്തിയുള്ള  രാജ്യമാകുന്നത്  സൗദിയും, യു  എ ഇയും  ഉൾപ്പെടെയുള്ള  മറ്റു അറബ്‌  രാജ്യങ്ങൾക്കും   ഒരു ഭീഷണിയാണ്.    അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധത്തിൽ  സാമ്പത്തികമായി തകർന്നു നിന്ന അവസരത്തിലാണ്  അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക്  ഒബാമയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്ര സഭാ  രക്ഷാസമിതിയിലെ  സ്ഥിരാംഗങ്ങളും ,  യൂറോപ്യൻ യൂണിയനും ജർമനിയും   മുന്നോട്ടുവച്ച    ആണവായുധ  നിയന്ത്രണ കരാറിൽ ഇറാൻ 2015 ൽ  ഒപ്പുവച്ചത്.  അതോടെ, സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും,  വളർച്ചാമുരടിപ്പിൽ നിന്നും  ഇറാൻ കരകയറുവാൻ തുടങ്ങി. കരാറിന്റെ അടിസ്ഥാനത്തിൽ ഇറാനും ആണവ പദ്ധതികൾ ഏതാണ്ട് മരവിപ്പിച്ചു. പിന്നീട് അധികാരത്തിലെത്തിയ  ട്രംപ്,   ഒബാമ അമേരിക്കയിൽ കൊണ്ടുവന്ന  ആരോഗ്യ പരിരക്ഷ പദ്ധതിയുൾപ്പെടെ എല്ലാം ഉപേക്ഷിച്ചു. മാത്രമല്ല, 2018 ൽ   ഇറാനുമായി ഒപ്പുവച്ച  ആണവ    കരാറിൽ  നിന്നും   പിന്മാറുകയും,   സാമ്പത്തിക ഉപരോധങ്ങൾ ഇറാനുമേൽ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ  ഇറാൻ സാമ്പത്തികമായി വീണ്ടും  തകർന്നു തുടങ്ങി. അതിനിടയിലാണ്  ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ 22  വയസ്സുകാരിയായ മഹ്‌സ അമിനി  എന്ന യുവതി  അറസ്റ്റ് ചെയ്യപ്പെടുകയും, പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ കൊല്ലപ്പെടുകയും ചെയ്തത്. അതിൽ പ്രതിഷേധിച്ച്  ഇറാനിയൻ വനിതകൾ ആരംഭിച്ച  പ്രക്ഷോഭം  രാജ്യമാസകാലം വ്യാപിച്ചു.  അതൊരു രാഷ്ട്രീയ പ്രക്ഷോഭമായി പെട്ടെന്നു  മാറി. പ്രക്ഷോഭകർ  ഇസ്ലാമിക ഭരണം അവസാനിപ്പിക്കുവാനും സ്വാതന്ത്ര്യത്തിനും വേണ്ടി  പ്രക്ഷോഭം  കടുപ്പിച്ചപ്പോൾ, ഭരണകൂടത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ചുകൊണ്ടു  പ്രക്ഷോഭത്തെ ഇറാൻ ഭരണകൂടം  അടിച്ചമർത്തി.

ഇസ്രയേലിൻറ്റെ ലക്‌ഷ്യം എന്ത് ?

ഇറാൻറ്റെ  ആണവ പദ്ധതി തകർക്കുന്നതോടൊപ്പം, ഖമനേയിയുടെ  നേതൃത്വത്തിലുള്ള  ,  അമേരിക്കക്കും,  ഇസ്രയേലിനും,  എതിരായ ഭരണകൂടത്തെ  അധികാരത്തിൽ നിന്നും  പുറത്താക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ്, ഇസ്രായേൽ യുദ്ധം ആരംഭിച്ചത് .  അമേരിക്ക  ഈ യുദ്ധത്തിൽ,   തുടക്കത്തിൽ  നേരിട്ട് വന്നില്ല  എന്നതൊരു യാഥാർഥ്യമാണ്. ഇസ്രയേലിൻറ്റെ  അക്രമണങ്ങളിൽ തങ്ങൾക്ക്‌  പങ്കില്ലെന്ന്  അമേരിക്ക ആവർത്തിച്ച്  പറഞ്ഞെങ്കിലും,      ഇസ്രയേലിൻറ്റെ  പിറകിൽ ശക്തമായി നിന്നത്  അമേരിക്കയാണ് എന്നതിൽ ആർക്കും സംശയമില്ല.  അമേരിക്കയും,  ഇറാനുമായി ആണവകരാറിനുള്ള  ചർച്ചകൾ  നടക്കുന്നതിനിടയിലാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഇസ്രായേൽ ഇറാനെ ആക്രമിക്കുന്നതിന്  മുമ്പ് തന്നെ അഞ്ച്   റൗണ്ട്  ചർച്ചകൾ  നടന്നു  കഴിഞ്ഞിരുന്നു. അടുത്ത ചർച്ച ജൂൺ മാസത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. മാത്രമല്ല, ആണവ ആയുധ  നിർമാണവുമായി ഇറാൻ മുന്നോട്ടു പോകുന്നില്ലെന്ന്  അമേരിക്കൻ കോൺഗ്രസ്സിൽ അമേരിക്കയുടെ ദേശിയ രഹസ്യാന്വേഷണ ഡയറക്ടർ ആയ തുൾസി  ഗബ്ബാർഡ്  രണ്ടു മാസങ്ങൾക്കു മുമ്പ്   വ്യക്തമാക്കുകയും  ചെയ്തിരുന്നു.  തങ്ങൾ സമാധാന ആവശ്യങ്ങൾക്ക് മാത്രമാണ് ആണവ പദ്ധതികൾ ഉപയോഗിക്കുന്നതെന്ന് ഇറാനും പല അന്തർദേശിയ  വേദികളിലും പ്രഖ്യാപിച്ചു. എന്നാൽ, ഇറാൻറ്റെ  പ്രസ്താവനകളെ ഇസ്രയേലും, അമേരിക്കയും  വിശ്വസിച്ചില്ല.     ഇറാനെ കൂടുതൽ വിട്ടുവീഴ്ചകളോടെ  കരാറിൽ ഒപ്പിടീക്കുന്നതിനു പ്രേരിപ്പിക്കുവാനോ  അല്ലെങ്കിൽ,  കരാറിൽ ഒപ്പിടുന്നതിനു മുമ്പ് ഇറാൻറ്റെ  ആണവ നിലയങ്ങളുടെ പ്രവർത്തനം  തകർക്കുകയെന്ന ഉദ്ദേശത്തോടെയോ  ആയിരുന്നു ഇസ്രയേലും, അമേരിക്കയും ആക്രമണങ്ങൾ നടത്തിയത് . 

അമേരിക്കയുടെ ബോംബാക്രമണം 

 യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കണോ  വേണ്ടയോ എന്ന്  ഉടനെ  തീരുമാനിക്കുമെന്ന്   ട്രംപ്   പറഞ്ഞു  നാവെടുക്കുന്നതിനു  മുമ്പാണ്  21  ആം തീയതി രാത്രിയിൽ  ബങ്കർ ബസ്റ്റർ  ബോംബറുകളിൽനിന്നും  നതാൻസ് , ഫോർദോ , ഇസ്ഫഹാൻ  എന്നിവിടങ്ങളിൽ ഉള്ള ഇറാൻറ്റെ  ആണവനിലയങ്ങൾ ബമ്പർ ബസ്റ്റർ ഉപയോഗിച്ച് അമേരിക്ക ആക്രമിച്ചത്.  അമേരിക്കയുടെ,  ഖത്തറിലെയും, ഇറാഖിലെയും സൈനിക താവളങ്ങളും ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളും ആക്രമിച്ചുകൊണ്ട്  ഉടൻതന്നെ ഇറാൻ  മറുപടി നൽകി. ഹോർമുസ് കടലിടുക്കുവഴിയുള്ള കപ്പൽ ഗതാഗതം തടയാനുള്ള തീരുമാനവും  ഇറാൻ നേതൃത്വം  തത്വത്തിൽ  കൈക്കൊണ്ടു.   യുദ്ധം കൈവിട്ടുപോകുമെന്നു അന്തർദേശിയ സമൂഹം  ചിന്തിച്ചിരുന്നപ്പോളാണ്, ഇസ്രയേലും, ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി  ഡൊണാൾഡ് ട്രംപ്  ലോകത്തെ അറിയിച്ചത്.  ഏതായാലും, 12 ദിവസം നീണ്ടുനിന്ന  ലോകത്തെ ആശങ്കയുടെ  മുൾമുനയിൽ നിർത്തിയ , കടുത്ത യുദ്ധത്തിന്  താത്ക്കാലിക വിരാമമുണ്ടായിരിക്കുന്നു.

ആണവനിലയങ്ങൾ തകർക്കപ്പെട്ടോ ?

ഇറാൻറ്റെ  ആണവനിലയങ്ങളെ  ഇസ്രയേലിൻറ്റെയും, അമേരിക്കയുടെയും കനത്ത ബോംബാക്രമണങ്ങൾ  ബാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ഇറാൻ അതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും, ഇറാൻറ്റെ  യുറേനിയം സമ്പുഷ്‌ടീകരണത്തെ ഈ ആക്രമണങ്ങൾ ബാധിച്ചിരിക്കാം എന്നാണ് അന്തർദേശിയ സമൂഹം വിലയിരുത്തുന്നത്.  ഈ ആക്രമണങ്ങളൊന്നും, ഇറാൻറ്റെ   ആണവ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന തരത്തിലുള്ള വാർത്തകൾ  വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള ചില പാശ്ചാത്യ മാധ്യമങ്ങൾ   വെളിപ്പെടുത്തിയെങ്കിലും, അതൊന്നും  ശരിയല്ലെന്നാണ്  അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.  പക്ഷെ അപ്പോഴും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ആണവ നിരായുധീകരണ കരാറിൽ ഒപ്പിട്ട ഒരു രാജ്യത്തെയാണ് അതിൽ ഒപ്പിടാത്ത ഇസ്രയേലും, ആണവശക്തിയായ അമേരിക്കയും ചേർന്ന് ആക്രമിച്ചത്.  അമേരിക്കയും, രക്ഷാസമിതിയിലെ  രാജ്യങ്ങളുമായി ഇറാൻ ഒപ്പുവച്ച "Joint Comprehensive Plan of Action" ൽ നിന്നും ഏകപക്ഷീയമായി പിന്മാറിയത്  ഡൊനാൾഡ്  ട്രംപ്   പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. ആണവ നിരായുധീകരണ കരാറിൽ  ഇറാൻ തുടരുന്നിടത്തോളം കാലം,  അന്തർദേശിയ ആണവ ഏജൻസിക്ക്  ഇറാൻറ്റെ  ആണവ നിലയങ്ങൾ പരിശോധിക്കാൻ സാധിക്കും.  എന്നാൽ ആ കരാർ അവസാനിപ്പിക്കുവാൻ ഇറാൻ പാർലിമെന്റ്  തീരുമാനിച്ചാൽ  ആണവ നിലയങ്ങൾ പരിശോധിക്കാനുള്ള അവസരമാണ് അന്തർദേശിയ ആണവോർജ സമിതിക്ക്  നഷ്ടപ്പെടുന്നത്.  അത് വീണ്ടും മറ്റൊരു യുദ്ധത്തിലേക്ക്  ചിലപ്പോൾ നയിച്ചേക്കാം.  അതിനാൽ, NPT യിൽ നിന്നും ഇറാൻ പുറത്തുപോകാതിരിക്കാനുള്ള  നയതന്ത്ര നീക്കങ്ങൾക്ക്  ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ  അമേരിക്കയും, റഷ്യയും,  ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ  മുൻകൈ എടുക്കണം.  തങ്ങളുടെ രാജ്യ   സുരക്ഷ ഉറപ്പുവരുത്തുന്ന  നടപടികൾ ഉണ്ടായാൽ മാത്രമേ ഇറാൻ  അങ്ങിനെയുള്ള നീക്കങ്ങളോട് സഹകരിക്കുകയുള്ളു എന്നതും ഒരു യാഥാർഥ്യമാണ്.


ഇന്ത്യയുടെ റോൾ ?

മുൻപ് പല യുദ്ധമേഖലകളിൽനിന്നും, ഇന്ത്യക്കാരെ കൊണ്ടുവന്നതുപോലെ ഇറാനിലും, ഇസ്രയേലിലുമുള്ള ഇന്ത്യക്കാരെ  യുദ്ധമേഖലകളിൽ നിന്നും മടക്കി  കൊണ്ടുവരാൻ   ഇന്ത്യ  നടത്തിയ നടപടികൾ   അഭിനന്ദനാർഹമാണ്   . എന്നാൽ, മൗലികമായ ഒരു പ്രശ്‍നം  ചോദ്യചിഹ്നമായി  നിൽക്കുന്നു. ഒരുകാലത്തു  ചേരിചേരാ രാഷ്ട്രങ്ങളുടെ നായകസ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രങ്ങൾ തമ്മിലുണ്ടായിട്ടുള്ള പ്രധാന തർക്കങ്ങളിൽ  നിഷ്പക്ഷതയോടെ ഇടപെട്ടിരുന്ന ഇന്ത്യ ഇന്ന്  ലോകത്തു നടക്കുന്ന ഒരു പ്രശ്നങ്ങളിലും ഇടപെടാതെ കാഴ്ചക്കാരെപ്പോലെ മാറിനിൽക്കുകയാണ്. റഷ്യയുമായും, യുക്രൈനുമായും സുഹൃത്ബന്ധമുള്ള ഇന്ത്യ, രണ്ടു രാജ്യങ്ങളും അഭ്യർത്ഥിച്ചിട്ടും,  യുക്രൈൻ  പ്രശ്നത്തിൽ  ഇടപെടാതെ  ഒഴിഞ്ഞുമാറി നടക്കുകയാണ്. അതുപോലെ, ഗാസയിലെ നിരപരാധികളായ   പിഞ്ചു കുഞ്ഞുങ്ങൾ  ഉൾപ്പെടെയുള്ള  ജനങ്ങൾ  കൊലപ്പെടുമ്പോളും  നിസ്സംഗതയോടെയാണ് ഇന്ത്യ പെരുമാറുന്നത്.  ഇസ്രായേലുമായും, ഇറാനുമായും നല്ല ബന്ധമുള്ള  ഇന്ത്യ,    അനുരഞ്ജനത്തിനുള്ള ഒരു ശ്രമം പോലും നടത്താൻ   മുന്നോട്ടു വന്നില്ല എന്നത്  നമ്മുടെ വിദേശനയത്തിൽ ഉണ്ടായിട്ടുള്ള  അപചയമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ?

അഡ്വ.പി.എസ് .ശ്രീകുമാർ 

pssreekumarpss@gmail.com







No comments:

Post a Comment