ഉണ്ടയില്ലാവെടിയുമായി പിണറായി
അഡ്വ.പി.എസ് .ശ്രീകുമാർ
" ഉണ്ടിരിക്കുന്ന നായക്കൊരുൾവിളി എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് സാമൂഹ്യ ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചുകൊണ്ടുള്ള പിണറായി സർക്കാറിൻറ്റെ നടപടി. മാസങ്ങളോളം കുടിശ്ശികയായി കിടന്ന സാമൂഹ്യ ക്ഷേമ പെൻഷനുകൾ കുറേശ്ശേ അനുവദിക്കാൻ തുടങ്ങിയത് പാലക്കാട് , നിലംബൂർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു. "കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന" ചില ആളുകളെപ്പോലെ തദ്ദേശ തെരഞ്ഞെടുപ്പ് പടിക്കലെത്തിയപ്പോഴാണ് കാലാവധി കഴിയാറായ പിണറായി സർക്കാർ സാമൂഹ്യ പെൻഷനുകൾ വർധിപ്പിക്കാനുള്ള പ്രഖ്യാപനത്തിലേക്കു പോകാൻ നിർബന്ധിതമായത്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണ കാലയളവിൽ, സ്വന്തമായി നടപ്പിലാക്കിയ ഒരു വികസന പദ്ധതിപോലും എടുത്തുകാട്ടുവാൻ ഇല്ലെന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് കോവിടിന്റ്റെ നിഴലിൽ കിറ്റ് നൽകി ജനത്തെ മയക്കി രണ്ടാം ഊഴം നേടിയതുപോലെ, വീണ്ടും ഒരു ചെപ്പടി വിദ്യ കാട്ടി തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പോകാം എന്ന പൂതിയുമായി ഇറങ്ങിയിട്ടുള്ളത്.
സാമൂഹ്യ ക്ഷേമ പെൻഷനുകൾ 1600 രൂപയിൽ നിന്നും 400 രൂപയിൽ നിന്നും 2000 രൂപയായും, സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമ ബത്തയും, സ്ത്രീ സുരക്ഷാ പദ്ധതിയെന്ന പേരിൽ 1000 രൂപയും, ആശമാർകും, അംഗനവാടി ടീച്ചർമാർ, 1000 രൂപയുടെ വര്ധനവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് "കണക്ട് ടു വർക്ക്" എന്ന പേരിൽ ജോലി ലഭിക്കുന്നതിനുള്ള പരിശീലനമായി 1000 വച്ച് നല്കുമെന്നതാണ് മറ്റൊരു വാഗ്‌ദാനം. പിണറായി, ഇതിനിടയിൽ മറച്ചുവയ്ക്കുന്ന ഒന്നാണ് ഇടതുമുന്നണിയുടെ 2021 നിയമസഭ തെരഞ്ഞെടുപ്പ് സമയത്തിറക്കിയ പ്രകടന പത്രിക. അതിൽ പറഞ്ഞത് ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ 2500 രൂപയായി വര്ധിപ്പിക്കുമെന്നായിരുന്നു, 2500 നു പകരം അത് 2000 രൂപയായി വർധിപ്പിക്കാൻ നാലര വർഷത്തെ സമയം വേണ്ടിവന്നു, എന്നിട്ടും, വാഗ്ദാനം ചെയ്‌തിരുന്നപോലെ 2500 രൂപയായി പ്രഖ്യാപിച്ചില്ല. വാഗ്‌ദാനം ചെയ്തതുപോലെ 2021 മെയ് മാസത്തിൽ വീണ്ടും അധികാരത്തിലേറിയപ്പോൾ 2500 രൂപ വച്ച് വർദ്ധിപ്പിച്ചിരുന്നെങ്കിൽ പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും കഴിഞ്ഞ 53 മാസംകൊണ്ട് 47700 രൂപ കൂടി അധികം കിട്ടേണ്ടിയിരുന്നതാണ്. അതാണ് പിണറായി സർക്കാർ നിഷേധിച്ചത്.
ആശമാർക്കും മറ്റും 1000 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നതു. അതായതു ഒരു ദിവസം 33 രൂപ മാത്രം. മിനിമം വേതനമായ 700 രൂപ പോലും നല്കാൻ സർക്കാർ തയ്യാറായില്ല. ആശാവർക്കർമാരുടെ വേതനം 21000 രൂപയായി വർധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്തിറക്കിയ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്‌ദാനം നൽകിയകാര്യം സൗകര്യപൂർവം അവർ മറക്കുകയാണ്. മാത്രമല്ല, ഈ ആവശ്യമുന്നയിച്ചുകൊണ്ട് സി ഐ ടി യു വിന് സംഘടനാ സാന്നിധ്യമുള്ള ബംഗാൾ, ബീഹാർ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര ,ആന്ധ്ര, തെലുങ്കാന, കർണാടകം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഇവർ പ്രക്ഷോഭം നടത്തി. എന്നാൽ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന പിണറായി ഭരിക്കുന്ന കേരളത്തിൽ വേതന വർദ്ധനവ് എന്ന ആവശ്യം ഉന്നയിച്ചു സമരം ചെയ്യുന്ന ആശാവർക്കർമാരെ മനഃപൂർവം അധിക്ഷേപിക്കാനാണ് മന്ത്രിമാരും സി പി എം നേതാക്കളും ശ്രമിക്കുന്നത്. സ്ത്രീ സുരക്ഷാ പദ്ധതി ഏതു വകുപ്പാണ് നൽകുന്നതെന്നു അതിന്റെ നടപടിക്രമം എന്താണെന്നു തീരുമാനിച്ചിട്ടില്ല. അതിനാൽ ഈ പദ്ധതിയും തത്ക്കാലം കടലാസ്സിൽ ഒതുണ്ടി നിൽക്കാനാണ് സാധ്യത. തൊഴിൽ രഹിതരായ അഭ്യസ്ത വിദ്യർക്കുള്ള സഹായധനം നൽകുവാൻ ഉദ്ദേശിച്ചുള്ള കണക്ട് ടു വർക്ക് പദ്ധതിക്ക് കുടുംബ വരുമാനം ഒരു ലക്ഷം രൂപയെന്നു നിശ്ചയിച്ചിട്ടുള്ളതിനാൽ, ഇതിന്റെ ആനുകൂല്യം ലഭിക്കാൻ സാധ്യതയുള്ള തു പരിപ്പിമിതമായ ആളുകൾക്കുമാത്രമാകും. പിണറായി സർക്കാരിന്റെ ശൈലിവച്ചുനോക്കിയാൽ , ഇത് ഒടുവിൽ ഡി വൈ എഫ് ഐക്കാരെ സഹായിക്കാനുള്ള പദ്ധതിയായി മാറും.
സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കുടിശികയെക്കുറിച്ചു ഒന്നും മിണ്ടിയില്ല. 2023 ജനുവരിയിൽ കിട്ടേണ്ട ക്ഷാമബത്തയാണ് 33 മാസങ്ങൾ വൈകിയ ശേഷം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയും നൽകാനുണ്ട് 5 ഗഡുക്കളായുള്ള 13 ശതമാനം ക്ഷാമബത്ത. ക്ഷാമബത്തയുടെ കുടിശ്ശിക നൽകാതെയും, 5 ഗഡുക്കൾ പിടിച്ചുവച്ചതിലൂടെയും, ലീവ് സറണ്ടർ, എൽ ടി സി എന്നിവ നിഷേധിച്ചതിലൂടെയും, പെന്ഷന്കാക്കു നൽകാനുള്ള ക്ഷാമബത്ത ആശ്വാസം നല്കാത്തതിലൂടെയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളമാണ് സർക്കാർ ജീവനക്കാർക്ക് സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഇതിനോടകം നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, ഒരു ശമ്പള കമ്മീഷനെ നിയമിക്കാൻ പോലും ഈ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. കേരളം ഭരിച്ച ഒരു സർക്കാരും സർക്കാർ ജീവനക്കാരോടും, പെന്ഷന്കാരോടും ഇത്രയും കണ്ണിൽ ചോരയില്ലാതെ പെരുമാറിയിട്ടില്ല.
ആരാണ് ആദ്യം സാമൂഹ്യ സുരക്ഷാ പെന്ഷനുകൾ നൽകിയത് ?
കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ആദ്യമായി അനുവദിച്ചത് 1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു. 70 വയസുകഴിഞ്ഞ അനാഥരായ എല്ലാവര്ക്കും പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന് ധനകാര്യ വകുപ്പിൻറ്റെ ചുമതലയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി ആർ.ശങ്കർ 1960 ജൂൺ 24 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക) അത് നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക) നിർ മിക്കുമെന്നു പ്രഖ്യാപിച്ചതും അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ് ശാരീരിക അംഗ പരിമിതി (Differently abled) ഉള്ളവർക്ക് ധനസഹായം നൽകുന്ന പദ്ധതിയും 1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്. സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ ഉപജ്ഞാതാവ് ആർ. ശങ്കറാണ് അല്ലാതെ, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ്സോ , 1980 ൽ മുഖ്യമന്ത്രിയായ ഇ.കെ. നായനാരോ അല്ല. എന്നാൽ 1980 ലെ നായനാർ സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 45 രൂപ കാർഷിക തൊഴിലാളി പെൻഷനായി അന്ന് അനുവദിച്ചത്.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ മറ്റു സംസ്ഥാന സർക്കാരുകൾക്ക്, ഇത് മാതൃകയായി മാറി. എന്നാൽ ഇതിന്റെ പേരുപറഞ്ഞു സെസ് ഏർപ്പെടുത്തി ജനങ്ങളെ പിഴിയുന്ന നടപടിയാണ് പിണറായി സർക്കാർ എടുത്തത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ യു ഡി എഫ് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും അധികഭാരം അടിച്ചേൽപ്പിക്കാതെയാണ് എന്ന കാര്യം ഇടതുമുന്നണി ഓർക്കുന്നത് നന്ന്..
എൽ ഡി എഫ് സർക്കാർ വരുത്തിയ കുടിശ്ശിക
2021 ൽ സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ് പരസ്യങ്ങളിലൂടെ പ്രചരിപ്പിച്ചത് . യു ഡി എഫ് സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു ഇവർ പ്രചാരണം നടത്തിയത് . എന്നാൽ യാഥാർഥ്യം എന്താണ്? 2006 -2011 ലെ അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് പെൻഷൻ തുക 250 രൂപയായിരുന്നു. ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ പ്രകാരം 50 രൂപ വർധിപ്പിച്ചു 300 രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും കൊടുത്തുതീർക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു. 50 രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്. കുടിശ്ശികപോലും കൊടുത്തുതീർത്ത് യു ഡി എഫ് സർക്കാരായിരുന്നു.
പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു ഡി എഫ്
എന്നാൽ 2016 മേയ് മാസത്തിൽ അധികാരത്തിലേറിയ ഉമ്മൻചാണ്ടി സർക്കാർ ആദ്യ വര്ഷം തന്നെ സ.ഉ [എം എസ് ] 60/ 2011 /സാ നീ വ പ്രകാരം എല്ലാ പെൻഷനുകളും 400 രൂപയായി വർധിപ്പിച്ചു. 80 വയസ്സിനു മുകളിലുള്ളവരുടെയും 75 ശതമാനത്തിലധികം അംഗവൈകല്യം ഉള്ളവരുടെയും പെൻഷൻ 700 രൂപയായും വർധിപ്പിച്ചു ഉത്തരവിറക്കി. 2012 ൽ എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ , വീണ്ടും ഈ പെൻഷനുകൾ 1100 രൂപയായും മറ്റുള്ള പെൻഷനുകൾ 525 രൂപയായും വർധിപ്പിക്കുകയും, ഇതിന് 2012 ഏപ്രിൽ 1 മുതൽ പ്രാബല്യവും നൽകി.
മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും, ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60 വയസ്സായികുറക്കുകായും ചെയ്‌തു .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന് അർഹത വരുത്തി ഉത്തരവിറക്കി. 80 വയസ്സിനു മുകളിലുള്ളവർക്കും 75 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും പെൻഷൻ 1200 രൂപയായി വർധിപ്പിക്കുകയും ചെയ്തു. അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800 രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ പോസ്റ്റ് ഓഫീസുകൾ മുഖേന വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി, 2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു.
ഉമ്മൻ ചാണ്ടി സർക്കാർ 2016- .2017 വർഷത്തിൽ അവതരിപ്പിച്ച ബജറ്റിൽ പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു. 2016 മാർച്ച് 1 നു ഇറക്കിയ ജി ഒ [24/ 2016 /സാ നീ വ പ്രകാരം 75 വയസ്സിനു മുകളിലുള്ളവർക്ക് വാർദ്ധക്യകാല പെൻഷൻ 1500 രൂപ യായി വർധിപ്പിച്ചു. വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60 ആക്കുകയും ചെയ്തതോടെ പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും പോരായ്മകൾ ഉണ്ടായതുകൊണ്ടും, കുറെ പേർക്ക് കുടിശ്ശിക വന്നു. ഇക്കാര്യം നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം നമ്പർ 371 ന് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു. 2016 ഫെബ്രുവരിയിൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനായി 246 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20 നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ എന്ന നമ്പറിൽ ഉത്തരവ് ഇറക്കിയെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.
എണ്ണം വർദ്ധിച്ചത് എങ്ങിനെ?
യു ഡി എഫ് സർക്കാരിന്റെ കാലത്തു 34 ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ എണ്ണം പിണറായി സർക്കാർ , 62 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8 ലക്ഷം പെന്ഷനർമാരുള്ളതിനെ 34 ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000 രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500 രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു കിട്ടികൊണ്ടിര്ന്ന 1500 രൂപ, ഏകീകരണത്തിലൂടെ 1000 രൂപയായി മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. . 23.9.2020ലെ സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല പെൻഷനായി 1600 രൂപ വാങ്ങുന്ന ആൾ കർഷകത്തൊഴിലാളി ആണെങ്കിൽ മറ്റൊരു 1600 രൂപകൂടി[മൊത്തം 3200 രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ് പിണറായി സർക്കാർ നിഷേധിച്ചത്. അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത് . ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ ഏകദേശം ഇത്രയും ആളുകൾ തന്നെയാണ് അന്നും പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം.
4,60,000 കോടി രൂപയുടെ ഭീകരമായ പൊതു കടം ധനകാര്യ ധൂർത്തിലൂടെ സംസ്ഥാനത്തിന്റെ തലയിൽ കയറ്റിവച്ച പിണറായി സർക്കാർ, വികസന പ്രവർത്തനങ്ങൾക്കെല്ലാം അവധിനൽകിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് മാത്രം ലക്‌ഷ്യം വച്ചുകൊണ്ടു പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്. ആശുപത്രികളിൽ മരുന്നും, ശസ്ത്രക്രിയ ഉപകരണങ്ങൾ നന്നാക്കാൻ പോലും പണമില്ലാത്ത സർക്കാർ കാരുണ്യ പദ്ധതിക്ക് 1800 കോടി രൂപയാണ് നൽകാനുള്ളത്. വിപണി ഇടപെടൽ നടത്തി പണപ്പെരുപ്പത്തിൽ നിന്നും സാധാരണക്കാരെ രക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ, 2200 കോടി രൂപയോളമാണ് സപ്ലൈകോക്ക് നൽകാനുള്ളത്. അതുകൊണ്ടുതന്നെ 9.04 പണപ്പെരുപ്പ നിരക്കോടെ ഇന്ത്യയിൽ ഏറ്റവും ദുസ്സഹമായ പണപ്പെരുപ്പമുള്ള സംസ്ഥാനമായി കേരളത്തെ ഈ സർക്കാർ മാറ്റിയിരിക്കയാണ്. ഈ വസ്തുതകളൊക്കെ മറച്ചുവെക്കാനായിട്ടാണ് ഉണ്ടയില്ലാ വെടിയുമായി സർക്കാർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.
കടബാധ്യതയിൽ നട്ടം തിരിയുന്നു