സാംസ്‌കാരിക കേരളത്തിൻറ്റെ വിളക്കുമരം
അഡ്വ.പി.എസ് .ശ്രീകുമാർ
ഒരു വിദ്യാർത്ഥി സംഘടനാ നേതാവിൽ നിന്നും, മലയാള ഭാഷക്ക് കനത്ത സംഭാവനകൾ നൽകിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായും, കേരളമെങ്ങും അറിയപ്പെടുന്ന സാംസ്‌കാരിക നായകനായും മാറിയ ഡോ.എം.ആർ.തമ്പാനെന്ന, മേടയിൽ രാഘവൻ തമ്പാൻറ്റെ, യഥാർത്ഥ ജീവിത ചിത്രമാണ് "ഡോ.എം.ആർ. തമ്പാൻ- വിജ്ഞാനത്തിൻറ്റെ വിളക്കുമരം" എന്ന ജീവചരിത്ര ഗ്രന്ഥം.
അറുപതുകളിൽ, ബംഗാളിൽ തുടങ്ങിയ ഘേരാവോ എന്ന സമരമുറ കേരളത്തിൽ ആദ്യമായി സംഘടിതമായ രീതിയിൽ അരങ്ങേറിയത് കൊട്ടറ ഗോപാലകൃഷ്ണൻ, ചിറ്റാർ രാജൻ, എം.ആർ തമ്പാൻ, അൻസാർ റഹിം, ഭാരതീപുരം ശശി, രാജൻകുഞ്ഞു , പി.കെ. ദിനമണി തുടങ്ങിയ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നേതൃത്വം നൽകിയ കൊല്ലം എസ്എ.ൻ.കോളേജിലായിരുന്നു. ഈ സമരത്തിന് ഇടയാക്കിയ സാഹചര്യങ്ങളും, അതിൻറ്റെ വിശദാംശങ്ങളും പറഞ്ഞുകൊണ്ടാണ് ജീവചരിത്രം ആരംഭിക്കുന്നത്. എസ് .എൻ.കോളേജിലെ പഠനകാലയളവിൽ കെ.എസ.യു വിനെ നയിച്ച തമ്പാൻ, കോളേജ് യൂണിയൻ ചെയർമാനായത് , പിന്നീട് സി.പി.എം നേതാവും, മന്ത്രിയുമായ ജി.സുധാകരനെ തോൽപ്പിച്ചുകൊണ്ടായിരുന്നു. തന്നോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച മറ്റു സുഹൃത്തുക്കളെപ്പോലെ, ഒരു രാഷ്ട്രീയ നേതാവായി മാറേണ്ടിയിരുന്ന തമ്പാൻ, ആകസ്മികതയുടെ ചിറകിലേന്തിയാണ് പ്രശസ്‌ത സാഹിത്യകാരനും ഭാഷ പണ്ഡിതനുമായ എൻ.വി. കൃഷ്‌ണവാരിയരുടെ ക്ഷണപ്രകാരം ഭാഷ ഇൻസ്റ്റിട്യൂട്ടിലെ ജോലിയിൽ പ്രവേശിക്കുന്നത്. എൻ.വി.കൃഷ്ണവാര്യരോടൊത്തുള്ള സാഹിത്യ സപര്യ മലയാള ഭാഷക്കുതന്നെ പുതിയ മാനങ്ങൾ നൽകുവാനുള്ള പ്രചോദനമായി മാറി. ഒടുവിൽ കൃഷ്ണവാര്യർ ഇരുന്ന കസേരയിൽ ഇരിക്കാനുള്ള യോഗവും അദ്ദേഹത്തെ തേടി വന്നു.
1995 -2000 കാലഘട്ടത്തിൽ, ഡോ .തമ്പാൻ ഡയറക്ടർ ആയിരുന്നപ്പോളാണ് അന്ന് സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .ബാബുപോളിൻറ്റെ വേദശബ്ദ രത്‌നാകരം എന്ന ബ്രിഹത് ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സാധിച്ചത്. സർക്കാർ മേഖലയിൽ ഒരു പുസ്തകം പ്രീ-പുബ്ലിക്കേഷൻ വ്യവസ്ഥയിൽ പ്രസിദ്ധീകരിച്ചത് വേദ ശബ്‌ദ രത്‌നാകരം ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയുടെ തെളിവാണ്. ഈ കാലഘട്ടത്തിലാണ് കംപ്യൂട്ടറിൻറ്റെ വിപുലമായ സാദ്ധ്യതകൾ ഉൾക്കൊള്ളാനായി ലിപിമാനനീകരണത്തിനു തുടക്കം കുറിച്ചത്. മലയാള ഭാഷയെ ആധുനീകരിക്കാൻ അദ്ദേഹം നൽകിയ വലിയ സംഭാവനകളിൽ ഒന്നായിരുന്നു ഈ നടപടി. അതുപോലെ 109 ശാസ്ത്രഗ്രന്ഥങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ച് അന്നത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ .എ.പി.ജെ.അബ്ദുൾകലാമിനെക്കൊണ്ട് പ്രകാശനം ചെയ്യാൻ സാധിച്ചത് മലയാള ഭാഷക്ക് തന്നെ വലിയ നേട്ടമായി മാറി.
2001-2004 കാലഘട്ടത്തിൽ ശ്രീ. എം.എം.ഹസ്സൻ നോർക്ക-പൊതുജന സമ്പർക്ക വകുപ്പിന്റെ മന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ .തമ്പാൻ, ഒരു വിധത്തിലുള്ള അഴിമതി ആരോപണത്തിനും ഇടനൽകാതെയും, ഒരു പോറൽ പോലും ഏൽക്കാതെ എം.എം.ഹസ്സനെ സംരക്ഷിച്ചു നിർത്തിയതിലും വലിയ പങ്കാണ് വഹിച്ചത്. എ.കെ.ആൻ്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ എം.എം.ഹസ്സനും മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഡോ . തമ്പാനെ പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർവവിജ്ഞാന കോശം ഡയറക്ടർ ആയി നിയമിച്ചു. അതുവരെയും, സർവ്വവിജ്ഞാനകോശത്തിന് സ്വന്തമായി ഒരു ആസ്ഥാനമില്ലാതെ വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്വന്തമായി സർവവിജ്ഞാന കോശത്തിനു ഒരു ആസ്ഥാനമെന്ന സ്വപ്‌നം സാധിതമാക്കുകയെന്നതായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. ആയിടക്കാണ് മന്ത്രിമന്ദിരമായി ഉപയോഗിച്ചിരുന്ന ജഗതിയിലെ "കൽപ്പന" എന്ന ബംഗ്ലാവ് ഒഴിവുവന്നത്. ഇത് എങ്ങിനെയോ അറിഞ്ഞ ഡോ .തമ്പാൻ ആ ബംഗ്ലാവ്, സർവ വിജ്ഞാന കോശത്തിനു ഓഫീസായി നൽകണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ്, കൽപ്പന ബംഗ്ലാവ്, വിജ്ഞാന കോശത്തിനു നൽകിക്കൊണ്ടുള്ള " സർക്കാർ കൽപ്പന" ഇറക്കിയത്. പിന്നീട് അത് പൊളിച്ചുമാറ്റി ഒരു പുതിയ മന്ദിരം തന്നെ ആ സ്ഥലത്തു കാലക്രമേണ ഉണ്ടായി. അദ്ദേഹം അവിടെയുണ്ടായിരുന്ന കാലഘട്ടത്തിലാണ് പ്രവാസികളായി വളരുന്ന പുതുതലമുറയിലെ കുട്ടികൾക്ക് മലയാളം പഠിക്കാൻ ആവിഷ്കരിച്ച എഴുത്തച്ഛൻ പാക്കേജും സി.ഡി.റോമുകൾ തയ്യാറാക്കലും, അനുഷ്ടാനകലകളുടെ പ്രചാരണത്തിനായി സി.ഡി.കൾ നിമിച്ചുതുടങ്ങിയതുമെല്ലാം ആരംഭിച്ചത് .
ഒരു ഇടവേളക്കുശേഷം, 2011 ൽ അദ്ദേഹം വീണ്ടും ഭാഷ ഇൻസ്റ്റിട്യൂട് ഡയറക്ടറായി നിയമിതനായി. അന്നത്തെ സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ 100 ദിന കര്മപരിപാടി പ്രഖ്യാപിച്ചു. അതിൻറ്റെ ഭാഗമായി ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 100 ദിവസം കൊണ്ട് 141 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഈ പുസ്തകങ്ങൾ എല്ലാം ഒരുമിച്ചു ഒരേ വേദിയിൽ വച്ചാണ് 2011 സെപ്തംബര് 12 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്തത്. ആ കാലാവധിക്കുള്ളിൽ 1600 ഓളം പുസ്തകങ്ങളാണ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി അംബേദ്‌കർ കൃതികൾ സമ്പൂർണമായി 40 വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചതും ഈ കാലഘട്ടത്തിലായിരുന്നു.
ഡോ . മന്മോഹന് സിംഗ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരും, അന്നത്തെ ഉമ്മൻചാണ്ടി സർക്കാരും നൽകിയ ഒരു വലിയ സംഭാവനയാണ്, മലയാളത്തിന് നൽകിയ ശ്രേഷ്‌ഠ ഭാഷ പദവി. മലയാളത്തിന് 1500 വർഷത്തെ പഴക്കമില്ലെന്നു പറഞ്ഞാണ് കേന്ദ്ര സാഹിത്യ അക്കാഡമി ഈ പദവി നമുക്ക് നിഷേധിച്ചത്. ശ്രേഷ്‌ഠ പദവി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ഓ.എൻ.വി ചെയർമാനും, പുതുശ്ശേരി രാമചന്ദ്രൻ പ്രസിഡണ്ടും, നടുവട്ടം ഗോപാലകൃഷ്ണൻ കൺവീനറായും ഒരു കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ഈ കമ്മിറ്റിക്ക് ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു നല്കാൻ മുന്നിൽ നിന്നത് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ഡോ . തമ്പാനായിരുന്നു. സമിതി സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടുമാണ് മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നൽകേണ്ട ആവശ്യകത ബോധ്യപ്പെടുത്തിയത്. മലയാള ഭാഷ ഉള്ളിടത്തോളം കാലം ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി ശ്രമിച്ച ഉമ്മൻചാണ്ടിയെയും, മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെയും, ഓ.എൻ.വി., പുതുശ്ശേരി, സുഗതകുമാരി, അന്നത്തെ ചീഫ് സെക്രട്ടറി കെ.ജയകുമാർ എന്നിവരെയും ഡോ .തമ്പാനെയും ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല.
ഡോ ..തമ്പാൻ മലയാള ഭാഷക്കും, സാഹിത്യത്തിനും മാത്രമല്ല നമ്മുടെ സാംസ്‌കാരിക രംഗത്തും നൽകിയിട്ടുള്ള സംഭാവനകൾ ജീവചരിത്ര രചയിതാവായ കെ.ബി. വസന്തകുമാർ, സദ്ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്ത്തിലൂടെ വായനക്കാരിലേക്ക് പകർന്നു നൽകുന്നു.
അഡ്വ.പി.എസ് .ശ്രീകുമാർ
No comments:
Post a Comment