Friday, 20 February 2026

 

                       ട്രംപിനെ സാഷ്ടാംഗം പ്രണമിച്ച്  മോദി 

അഡ്വ.പി.എസ് .ശ്രീകുമാർ 


 ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്  ഊറ്റം കൊള്ളുന്ന    ഇന്ത്യയുടെ അഭിമാനത്തിന്  ക്ഷതമേൽപ്പിക്കുന്ന  പ്രസ്താവനകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.  ഇതിൽ ആദ്യത്തേത് ഉണ്ടായത്  2025 മെയ് 10 ആം  തീയതി ആയിരുന്നു. പാകിസ്താൻറ്റെ  നിയന്ത്രണത്തിൽ  2025 മെയ് മാസത്തിൽ ഇന്ത്യയിൽ നടത്തിയ തീവ്രവാദ ആക്രമണങ്ങളെ തുടർന്ന്  ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സായുധ  ആക്രമണങ്ങൾ അവസാനിപ്പിച്ച് "യുദ്ധവിരാമം ഉണ്ടായതായി" സാമൂഹ്യ മാധ്യമമായ  ട്രൂത് സോഷ്യൽ വഴി  പ്രഖ്യാപിച്ചത്  അമേരിക്കൻ പ്രസിഡണ്ടായ ട്രംപായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കുകുത്തിയാക്കിയാണ് ട്രംപ്  യുദ്ധവിരാമ പ്രഖ്യാപനം നടത്തിയത്.  മാത്രമല്ല  ഇന്ത്യയും പാകിസ്താനുമായി  ഉണ്ടാകുമായിരുന്ന ഒരു ആണവായുധ യുദ്ധം ഒഴിവാക്കിയ തനിക്കു സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അര്ഹതയുണ്ടെന്നും അദ്ദേഹം പിന്നീട്  നിരവധി തവണ പ്രഖ്യാപിച്ചു.  ട്രംപിന്റ്റെ  ഈ അവകാശവാദം തള്ളിപ്പറയാൻ ഇന്നുവരെ  പ്രധാന മന്ത്രി മോദിയുടെ നാവു പൊങ്ങിയില്ല.  ഇതിന്റെ തുടർച്ചയായാണ്, ഇന്ത്യ-അമേരിക്കൻ വാണിജ്യ കരാർ യാഥാർഥ്യമായെന്നു വീണ്ടും  തൻറ്റെ  സാമൂഹ്യ മാധ്യമത്തിൽ കൂടി ട്രംപ്  ഫെബ്രുവരി 2 നു പ്രഖ്യാപിച്ചിരിക്കുന്നത്.   ബജറ്റ് സെഷനുവേണ്ടി ഇന്ത്യയുടെ പാർലമെൻറ്  സമ്മേളിച്ചിരിക്കുന്ന അവസരത്തിലാണ്  ട്രംപിന്റ്റെ ഈ  പ്രസ്താവന ഉണ്ടായിരിക്കുന്നത്.  ഇത്രയും പ്രധാനപ്പെട്ട ഒരു കരാർ  പ്രധാനമന്ത്രിയായ മോദി പ്രഖ്യാപിക്കുന്നത്  പകരം ട്രംപ്  പ്രഖ്യാപിച്ചത്  എന്ത് അധികാരത്തിന്റെ പുറത്താണ് ? ഒരു  സ്വതന്ത്ര  രാജ്യമായ ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാർ പ്രഖ്യാപിക്കേണ്ട രീതിയാണോ ഇത്? 

പാർലമെന്റിനെ നോക്കുകുത്തിയാക്കി ഒരു കരാർ 

പ്രധാനമന്ത്രി മോദിയുമായി  ഫോണിൽ സംസാരിച്ചതിനുശേഷമാണ്  ഇന്ത്യയുമായി വ്യാപാര കരാറായതെന്നും , അതിലെ വ്യവസ്ഥപ്രകാരം തീരുവ 50 ശതമാനത്തിൽനിന്ന്   18 ശതമാനമായി കുറച്ചെതെന്നുമാണ് ട്രംപ് സാമൂഹ്യമാധ്യമം വഴി അറിയിച്ചത്. തീരുവ കുറച്ചതിന്  പകരമായി  റഷ്യയിൽ നിന്നും  എണ്ണ  വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും, അത് യുക്രൈൻ യുദ്ധം ഒത്തുതീർപ്പെത്തുന്നതിനു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 10000 കോടി ഡോളർ വച്ച് അഞ്ചു വര്ഷം കൊണ്ട് 50000 കോടി ഡോളർ വിലവരുന്ന സാധന സാമഗ്രികൾ അമേരിക്കയിൽ നിന്നും  ഇന്ത്യയിലേക്ക്  ഇറക്കുമതി ചെയ്യാമെന്നും  അമേരിക്കക്കു  ഉറപ്പുനല്കിയിട്ടുണ്ടെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞിട്ടുള്ളത്.     അതിനു പുറമേ,  റഷ്യൻ എണ്ണ  ഇറക്കുമതി ചെയ്യുന്നത് നിർത്തുന്നതിനു പകരം അമേരിക്കയിൽ നിന്നോ, വെനിസ്വലയിൽ നിന്നോ 
കൂടുതൽ എണ്ണ ഇന്ത്യ വാങ്ങുമെന്നും അദ്ദേഹം കുറിച്ചു.  ട്രംപിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ  തീരുവകുറച്ചതിനു  ട്രംപിനോട്  നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദിയും സാമൂഹ്യ മാധ്യമത്തിൽ കുറിപ്പിട്ടു. സായിപ്പിനെ കാണുമ്പോൾ കവാത്തു  മറക്കുന്ന  രീതിയിലാണ് ,  ഒരു പരമാധികാര റിപ്പബ്ലിക്ക് ആയ ഇന്ത്യയുടെ തലക്കുമുകളിൽ കയറിയിരുന്നുകൊണ്ടു ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ  ട്രംപിനെ അനുവദിച്ചതിലൂടെ  മോദി  ചെയ്തിരിക്കുന്നത്.  ആത്മാഭിമാനം പണയം വച്ച ഈ ഒരു നടപടിയിലൂടെ  പ്രധാനമന്ത്രിപദത്തിൻറ്റെ  അന്തസുകളഞ്ഞുകുളിച്ചിരിക്കയാണ് മോദി.

തീരുവ ഇളവ് നൽകുന്നവ  

തുണിത്തരങ്ങൾ, സമുദ്രോത്പന്നങ്ങൾ, ആഭരണ-രത്ന മേഖല, ജനറിക് മരുന്നുകൾ, വിമായ-വ്യോമയാന ഘടകങ്ങൾ,, സാങ്കേതിക വിദ്യ-ഡിജിറ്റൽ വ്യാപാരം- വ്യാപാര ഘടകങ്ങൾ  എന്നീ മേഖലകളിൽ തീരുവ ഇളവ് ലഭ്യമാകുമെന്ന്  വാണിജ്യമന്ത്രി പീയുഷ്  ഗോയൽ പിന്നീട് നടത്തിയ പ്രസ്താവനയിൽ പറയുന്നു.   പക്ഷേ, കരാറിന്റെ മുഴുവൻ  ഔദ്യോഗിക രേഖകൾ പ്രഖ്യാപിച്ചിട്ടില്ല എന്നതും, കാര്യങ്ങൾ ഇപ്പോഴും കരടുരൂപത്തിലാണെന്നതും  ശ്രദ്ധേയമാണ്.

വീണ്ടും കർഷക വഞ്ചന 

ഗ്രാമീണ കർഷകർക്കും ക്ഷീര കർഷകർക്കും കരാർ പൂർണ സംരക്ഷണം ഉറപ്പാക്കുമെന്ന് ഒഴുക്കൻ മട്ടിൽ പീയുഷ് ഗോയൽ പറയുമ്പോൾ, അമേരിക്കയുടെ വിവിധ കാര്ഷികോല്പന്നങ്ങൾക്ക്  ഇന്ത്യൻ വിപണി തുറന്നു കിട്ടുമെന്നാണ്  അമേരിക്ക അവകാശപ്പെടുന്നത്.   ഇന്ത്യൻ വിപണിയിൽ നികുതിയിളവ് ലഭിക്കുന്ന അമേരിക്കൻ കാർഷികോൽപ്പന്നങ്ങളിൽ ഉൾപ്പെടുന്ന അധിക ഉൽപ്പന്നങ്ങൾ  ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. വൈൻ, മദ്യം, സോയാബീൻ എണ്ണ , ആപ്പിൾ, പരുത്തി, കാലി  തീറ്റ, ചുവന്ന ചോളം, ധാന്യവശിഷ്ടം, പിസ്താ, ബദാം , വാൽനട് , പയറുവര്ഗങ്ങൾ, അർബുദ രോഗത്തിനുള്ള  മരുന്നുകൾ , സൗന്ദര്യവർദ്ധക വസ്തുക്കൾ,  ഓർഗാനിക് കെമിക്കൽസ്, കമ്പ്യൂട്ടർ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം നിർബാധം ഇറക്കുമതി ചെയ്യാൻ  നമ്മുടെ മാർക്കറ്റ്  തുറന്നു കൊടുക്കുകയാണ്.  ഇതിൽ അമേരിക്കയിൽ നിന്നുമുള്ള പഴങ്ങൾ, സോയാബീൻ എണ്ണ , തുടങ്ങിയവക്ക് തീരുവ കുറച്ചത്‌  ഇന്ത്യൻ കർഷകർക്ക് തിരിച്ചടിയാകും. അമേരിക്കയിൽ നിന്ന്  നിലവിൽ ചോളം, സോയാബീൻ എണ്ണ , പരുത്തി തുടങ്ങിയ ഉൽപ്പന്നങ്ങൾ  ഉയർന്ന തീരുവ ഉണ്ടായിരുന്നതിനാൽ, വലിയ വില നൽകി  കുറച്ച്   ഇറക്കുമതി ചെയ്യുന്നുണ്ട്.  ഇതിനു പുറമെയാണ് നട്സ്, ഉണങ്ങിയ പഴവര്ഗങ്ങള്, പഴങ്ങൾ, കാലിത്തീറ്റ, എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യന്നത്. ഏതായാലും കുറഞ്ഞ തീരുവയിൽ  ഇവയെല്ലാം ഇറക്കുമതി ചെയ്യുന്നതോടെ,   ഇന്ത്യയിലെ ഫലവർഗ കർഷകർക്കും ധന്യ കർഷകർക്കും പരുത്തി കർഷകർക്കും കരാർ തിരിച്ചടിയാകുമെന്ന് തീർച്ച.

ആന്റി ഡംപിങ് തീരുവ  അറ്റ്ലാന്റിക് കടലിൽ 

ട്രംപ് 50 ശതമാനം തീരുവ ചുമത്തുന്നതിനു മുമ്പ്, ഇന്ത്യയിൽ നിന്ന് നികുതിരഹിതമായോ കുറഞ്ഞ നികുതി നിരക്കിലോ, യാതൊരുവിധ നികുതിയുമില്ലാതെയുമൊക്കെ യാണ്  കാര്ഷികോല്പന്നങ്ങൾ അമേരിക്കയിലേക്ക്  കയറ്റുമതി ചെയ്തിരുന്നത്. അതേസമയം കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി , അമേരിക്കയിൽ നിന്നുള്ള കാർഷികോല്പന്നങ്ങൾക്കു  30 മുതൽ 150 ശതമാനം വരെയാണ് ഇന്ത്യ തീരുവ ചുമത്തിയിരുന്നത്. ഇത് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ  വര്ഷങ്ങളായി  അനുവർത്തിച്ചുവന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.  തീരുവ ഉയർത്തുന്നതിന്അ മുമ്പ്,  അമേരിക്കയും ഇന്ത്യയുമായുള്ള കാര്ഷികോല്പന്ന വ്യാപാരത്തിൽ 12000 കോടി രൂപയുടെ വ്യാപാര മിച്ചം ഇന്ത്യക്കുണ്ടായിരുന്നു. പുതിയ കരാറിലൂടെ ഇത് നഷ്ടമാകുമെന്നാണ് സൂചന. മാത്രമല്ല, അമേരിക്കക്കു വൻതോതിൽ വ്യാപാര മിച്ചം ഉണ്ടാകുകയും ചെയ്യും.  ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സൃഷ്ട്ടിക്കും. ഏതെങ്കിലുമൊരു ഉൽപ്പന്നം കുറഞ്ഞ വിലയിൽ വലിയതോതിൽ ഇറക്കുമതി  ചെയ്യപ്പെട്ടാൽ, ആന്റി.ഡമ്പിങ് തീരുവ ചുമത്തുവാൻ ഇന്ത്യക്കു സാധിക്കുമായിരുന്നു.  സബ്‌സിഡി  ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാൻ പ്രതിരോധ തീരുവ ചുമത്തുക, ആഭ്യന്തര വ്യവസായങ്ങളെ ഇറക്കുമതിയിൽ ഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതിന് നടപടികൾ, ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അളവുപരമായ നിയന്ത്രണങ്ങളും, വില നിയന്ത്രണങ്ങളും നിശ്ചയിക്കൽ തുടങ്ങി അധികാരങ്ങളും പ്രയോഗിക്കായിരുന്നു. എന്നാൽ ഈ കരാറിലൂടെ അങ്ങിനെയുള്ള എല്ലാ തടസ്സങ്ങളും നീക്കുന്നതോടെ  അമേരിക്കൻ ഉൽപ്പന്നങ്ങൾ    ഇന്ത്യയിൽ അവർ ഒഴുക്കും എന്ന കാര്യത്തിൽ സംശയമില്ല. അതോടെ ഇന്ത്യയിലെ കർഷകർ  കര്ഷകവൃത്തി തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം. ബൗദ്ധിക സ്വത്തവകാശങ്ങളുടെ കാര്യത്തിലും അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി  വലിയ ഇളവ് ഇന്ത്യ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റഷ്യൻ എണ്ണ ഇറക്കുമതി  

2023-24 സാമ്പത്തിക വര്ഷം മുതൽ റഷ്യയാണ് ഇന്ത്യയിലേക്ക്  ഏറ്റവും കൂടുതൽ  എണ്ണ  നൽകിയിരുന്ന  രാജ്യം. മറ്റു രാജ്യങ്ങളെക്കാൾ  വിലക്കുറവിലാണ് റഷ്യയിൽ നിന്നും നമ്മൾ  എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2025 ജൂൺ മാസത്തിൽ ദിവസം 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, അതായതു ആ  മാസം ഇറക്കുമതി ചെയ്ത എണ്ണയുടെ 44 ശതമാനവും റഷ്യയിൽ നിന്നുമായിരുന്നു നാം ഇറക്കുമതി ചെയ്തത്. എന്നാൽ,   റഷ്യയിൽ നിന്നും എണ്ണ  വാങ്ങിയാൽ താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ച ശേഷം നമ്മൾ ക്രമാനുഗതമായി ഇറക്കുമതി കുറച്ചുകൊണ്ട് വരികയാണ്  2026 ജനുവരിയിൽ  പ്രതിദിനം 1.12   ദശ ലക്ഷം  ബാരൽ എണ്ണ മാത്രമാണ് റഷ്യയിൽ നിന്നും  നാം  ഇറക്കുമതി ചെയ്തത്.  പുതിയ കരാർ അനുസരിച്ചു റഷ്യൻ എണ്ണ  ഇന്ത്യ വാങ്ങിയാൽ വീണ്ടും ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്നും, ഇക്കാര്യം പരിശോധിക്കാൻ അമേരിക്ക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ .  ഏതായാലും,  ഏറ്റവും ഒടുവിൽ  വരുന്ന വിവരങ്ങളനുസരിച്ചു  , റഷ്യൻ എണ്ണ  ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ കമ്പനികൾ ഇതിനോടകം നിർത്തിവച്ചു എന്നാണ്.  ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്  ട്രംപ്  സ്വരം കടുപ്പിച്ചപ്പോൾ  തന്നെ  മോദി  വിയർത്തുയെന്നാണ്.

 അമേരിക്കക്കു മുമ്പിൽ ഇന്ത്യയിലെ കര്ഷകരെമാത്രമല്ല, ഇന്ത്യയെ തന്നെ മോദി  അടിയറവു  വച്ചിരിക്കുകയാണെന്നാണ്  മനസ്സിലാകുന്നത്. നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം  മാത്രമല്ലാ, രാജ്യത്തിന്റെ  നന്മക്കുവേണ്ടി  സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും, പരമാധികാരവുമാണ്  അമേരിക്കയുടെ ഭീഷണിക്കു മുമ്പിൽ  നാം  ബലികഴിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ തൊഴിലാളികളും, കർഷകരും ഉൾപ്പെടെയുള്ള  ജനങ്ങൾ ഒന്നാകെ അണിനിരക്കേണ്ടിയിരിക്കുന്നു.  




Wednesday, 4 February 2026

       നയിക്കാൻ  വനിതനേതാക്കൾ  ഇല്ലാതിരുന്ന   ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് 

അഡ്വ.പി.എസ് .ശ്രീകുമാർ  


         കഴിഞ്ഞ  മൂന്ന്   ദശാബ്‌ദങ്ങളായി   പരസ്പരം പോരാടിയ പ്രമുഖരായ രണ്ട് വനിതാ   രാഷ്ട്രീയ നേതാക്കളായിരുന്നു  ബംഗ്ലാദേശ് രാഷ്ട്രീയം തങ്ങളുടെ ഉള്ളംകയ്യിലിട്ട് അമ്മാനമാടിയിരുന്നത്. അവരിൽ ഒരാൾ , മുൻ പ്രധാനമന്ത്രിയും  ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി മേധാവിയുമായിരുന്ന,  ബീഗം ഖാലിദ സിയയും, മറ്റൊരാൾ   മുൻ പ്രധാനമന്ത്രിയും  അവാമി ലീഗ് മേധാവിയുമായ ബീഗം ഷെയ്ഖ് ഹസീനയുമാണ്. ഖാലിദ സിയ  കാല യവനികക്കുള്ളിൽ മറഞ്ഞതോടെയും,  ഷെയ്ഖ് ഹസീന  അധികാരത്തിൽ നിന്നും   നിഷ്‌കാസിതയായി ഇന്ത്യയിൽ അഭയം പ്രാപിച്ചതോടെയും    ബംഗ്ലാദേശ്  രാഷ്ട്രീയ  ചിത്രത്തിൽ  ഇന്നില്ല.   ഇന്ത്യയിൽ  ഒളി ജീവിതം നയിക്കുകയാണ്  ഷെയ്ഖ് ഹസീന.    അങ്ങിനെയാണ്,   ഖാലിദ സിയയും, ഷെയ്‌ഖ്  ഹസീനയും  അരങ്ങൊഴിഞ്ഞ   ഒരു  തെരഞ്ഞെടുപ്പ്   ഫെബ്രുവരി  12 ന്  ബംഗ്ലാദേശിൽ നടന്നത്. 

          സമാന അനുഭവങ്ങളിലൂടെ  പൊതുരംഗത്തു കടന്നുവന്നവരായിരുന്നു ഇരുവരും. ഷെയ്ഖ് ഹസീന ബംഗ്ലാദേശിലെ ആദ്യ ഭരണാധികാരിയായിരുന്ന  മുജീബുർ റെഹ്മാൻറ്റെ  മകളാണ്.  1975 ൽ നടന്ന ഒരട്ടിമറിയിലൂടെ പട്ടാളം അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളെയും  കൊലപ്പെടുത്തിയതിന് തുടർന്നാണ്  അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.   ഖാലിദ  സിയാ രാഷ്ട്രീയത്തിൽ വന്നത്  ഭർത്താവും പ്രസിഡന്റുമായിരുന്നു  സിയാവുർ റഹ്മാനെ 1981ൽ   പട്ടാളം കൊലപ്പെടുത്തിയ ശേഷമാണ്.   രാഷ്ട്രീയ നേതാവായിരുന്ന  മുജീബുർ റെഹ്മാനും, സൈനിക ഉദ്യോഗസ്ഥനായിരുന്ന സിയാവുർ റെഹ്മാനും  ഒരുമിച്ചുനിന്നാണ് പാകിസ്താനെതിരെ പോരാടി രാജ്യത്തെ  വിമോചനത്തിലേക്ക്   നയിച്ചത്.    സിയാവുർ റെഹ്മാൻ കൊല്ലപ്പെട്ടശേഷം പട്ടാളത്തിന്റെ സഹായത്തോടെ  അധികാരത്തിലേറിയ ജനറൽ മുഹമ്മദ് ഇർഷാദിനെ അധികാരത്തിനു പുറത്താക്കുവാൻ ,  ഖാലിദ സിയായും, ഷെയ്ഖ്  ഹസീനയും ഒരുമിച്ചുനിന്നാണ് പോരാടിയത്. ഇർഷാദിനെ പുറത്താക്കിയശേഷം നടന്ന  1991 ലെ തെരഞ്ഞെടുപ്പിൽ  , ഇരുവരും അവരുടെ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടിയെയും, അവാമി ലീഗിനെയും  നയിച്ചുകൊണ്ട് മുഖത്തോടു മുഖം പോരാടി.  തെരഞ്ഞെടുപ്പിൽ  ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി (ബി എൻ പി)  വിജയിക്കുകയും  ഖാലിദ സിയാ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആവുകയും ചെയ്തു. 

          അധികാരത്തിലേറിയ ഖാലിദയും പ്രതിപക്ഷ നേതാവായിരുന്ന ഷെയ്ഖ് ഹസീനയും  തമ്മിലുള്ള ബന്ധത്തിൽ  വിള്ളലുകൾ ഉണ്ടായതോടെ,  ഇരുവരും ബദ്ധ  ശത്രുക്കളായി .   1991 ൽ ഖാലിദ സിയ   തെരഞ്ഞെടുപ്പിലൂടെ   അധികാരത്തിൽ വന്നതോടെ, രാജ്യത്തെ വീണ്ടും ജനാധിപത്യ ഭരണരീതിയിലേക്ക്  തിരിച്ചുകൊണ്ടുവന്നു. ബംഗ്ലാദേശിലെ ജനാധിപത്യ സംവിധാനത്തിന് അവർ നൽകിയ വലിയ സംഭവനയാണത്. എന്നാൽ ഇടയ്ക്കു അധികാരം പിടിച്ചെടുത്ത  ജനറൽ  ഇർഷാദ് കൊണ്ടുവന്ന ഇസ്ലാമിസ്റ് നയങ്ങളിൽ നിന്നും പിന്മാറാൻ അവർ തയ്യാറായില്ല.  മതേതര കാഴ്ചപ്പാടിൽ  നിന്നും അവർ  അകലം പാലിച്ചു.  മാത്രമല്ലാ,  ഇസ്ലാമിസ്റ് മതമൗലിക ശക്തിയായ ജമാത്-ഇ-ഇസ്‌ലാമിയുമായി  ഖാലിദ കൂടുതൽ അടുത്തു.   ഇന്ത്യയുമായി ശത്രുതയുള്ള ജമാത് -ഇ-ഇസ്‌ലാമി,  ഖാലിദയെയും അവരുടെ ആശയഗതിയിലേക്കു കൊണ്ടുവന്നു.   ഇന്ത്യക്കെതിരെ പോരാടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദി സംഘടനകൾക്ക്  ബംഗ്ലാദേശിന്റെ മണ്ണിൽ എല്ലാവിധ സൗകര്യങ്ങളും നൽകി.ഹസീനയുടെ പിതാവായ മുജീബുർ  റഹമാൻറ്റെയും  കുടുംബാംഗങ്ങളുടേയും   കൊലയാളികളെ  നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാൻ  ജമാത് -ഇ-ഇസ്ലാമിയുടെ സ്വാധീനത്തിൽ , ഖാലിദ തയ്യാറാവാതിരുന്നതോടെ, ഖാലിദക്കെതിരെ  ശക്തമായ പ്രക്ഷോഭങ്ങൾ അവാമി ലീഗും, ഹസീനയും നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അഴിമതി നടത്തിയെന്നാരോപിച്ച് ,  1996 ലെ തെരഞ്ഞെടുപ്പ്  അവാമി ലീഗ് ബോയ്‌കോട്ട് ചെയ്തു.  വീണ്ടും അധികാരത്തിൽ കയറിയെങ്കിലും, അതിശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടർന്ന്  ഖാലിദക്ക്   അധികം വൈകാതെ  രാജിവച്ച്  ഒഴിയേണ്ടിവന്നു.  തുടർന്ന്   നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഹസീന  പ്രധാനമന്ത്രി പദത്തിലെത്തി. 2001 ലെ തെരഞ്ഞെടുപ്പിൽ  വീണ്ടും പ്രധാനമന്ത്രിയായ ഖാലിദ  2006  വരെ ഭരണത്തിൽ തുടർന്നു .   ഏതാണ്ട് മൂന്ന്  ദശാബ്ദക്കാലം,  മറ്റാർക്കും അവസരം നൽകാതെ ഇവർ  ഇരുവരും മാറി മാറി അധികാരത്തിലേറുകയായിരുന്നു.   2008 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ ഹസീന , പിന്നീട്  തിരിഞ്ഞു നോക്കിയിട്ടില്ല. നീണ്ട 16  വർഷത്തോളം അവർ അധികാരത്തിൽ തുടർന്നു.  ഈ കാലയളവിൽ, ഖാലിദാ  സിയയെയും കുടുംബത്തെയും, വിവിധ കേസുകളിൽ കുടുക്കി അവർ  പീഡിപ്പിച്ചു.

          ഹസീനയുടെ  നീണ്ട ഭരണ കാലയളവിൽ, ബംഗ്ലാദേശ് സാമ്പത്തികമായി വളർച്ചനേടി എന്നത് ഒരു യാഥാർഥ്യമാണ്. 1999 ൽ പുതിയ  വ്യവസായ നയം പ്രഖ്യാപിച്ചുകൊണ്ട് വ്യാവസായിക വളർച്ചക്ക് തുടക്കം കുറിച്ചു.  റെഡി മെയ്‌ഡ്‌  ഗാർമെൻറ്  വ്യവസായം കുതിച്ചുയർന്നു.   ഒട്ടേറെ ബംഗ്ലാദേശികൾ ജോലിക്കായി വിദേശരാജ്യങ്ങളിലേക്ക്  ചേക്കേറി.. അതിലൂടെയുള്ള വരുമാനവും സാമ്പത്  വ്യവസ്ഥയിൽ പ്രതിഫലിച്ചു. ശരാശരി 5.5 ശതമാനമായിരുന്നു പ്രതിവർഷ  ജി ഡി പി  വളർച്ച. 2019 ൽ അത്  8 ശതമാനമായി.  2020 ൽ ബംഗ്ലാദേശിൻറ്റെ  ജി ഡി പി ,  ഇന്ത്യയുടെ ജി ഡി പി യെയും പിന്നിലാക്കി. അതുപോലെ, റോഡ്, റെയിൽവേ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഹസീന  പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. 

ജൻ സി പ്രക്ഷോഭവും ഭരണ മാറ്റവും 

 പക്ഷേ  ഇതിനിടയിലും  തൊഴിലില്ലായ്മ നിരക്ക് ഉയർന്നത് യുവാക്കളുടെ ഇടയിൽ അസ്വസ്ഥത ഉണ്ടാക്കി. യുവതയുടെ പൊട്ടിത്തെറിക്ക് പെട്ടെന്നുള്ള കാരണം, ബംഗ്ലാദേശ്  സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറക്ക് നൽകിയ ജോലിസംവരണം  പുനഃസ്ഥാപിക്കാനുള്ള   ഹസീന  സർക്കാരിന്റെ തീരുമാനമായിരുന്നെങ്കിലും,  വർധിച്ച തൊഴിലില്ലായ്മയാണ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചതും, ഹസീനക്ക് രാജിവച്ചു രാജ്യം വിടേണ്ടിവന്നതും. മുഹമ്മദ് യൂനസിൻറ്റെ  നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാർ, വിവിധ കേസുകളിൽ പെടുത്തി ഹസീനയെ  ശിക്ഷാനടപടികൾക്ക്  വിധേയയാക്കി.  ജൻ  സി നയിച്ച പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതിലൂടെ  ഉണ്ടായ വെടിവെപ്പുകളുടെ ഉത്തരവാദിത്വം ഹസീനക്ക് മേൽ ചുമത്തി അവരെ വധ ശിക്ഷക്ക്  വിധേയയാക്കിയിരിക്കയാണ്.   ഖാലിദ സിയാ  അന്തരിച്ചതിനെ തുടർന്ന്         യു കെ യിൽ നിന്നും  ബംഗ്ലാദേശിൽ തിരിച്ചെത്തിയ അവരുടെ മകൻ  താരിഖ് റഹ്‌മാൻ  ബി.എൻ.പി യുടെ നേതൃത്വം ഏറ്റെടുത്തു.    താരിഖ്  അൻവറിൻറ്റെ  നേതൃത്വത്തിലാണ്  ഈ തെരഞ്ഞെടുപ്പിൽ ബി എൻ പി  ഇരുപതോളം വരുന്ന സഖ്യകക്ഷികളോടൊപ്പം മത്സരിച്ചത്.  ഭരണത്തിൽ ഇരുന്ന  മുൻ കാലഘട്ടങ്ങളിൽ  അവർ പുലർത്തിയിരുന്ന ഇന്ത്യ വിരുദ്ധ സമീപനവും ,  ന്യുനപക്ഷങ്ങളോട്  കാട്ടിയിരുന്ന ശത്രുത മനോഭാവവും  ഉപേക്ഷിച്ചതായാണ്  താരിഖ് റഹ്‌മാൻ  തെരഞ്ഞെടുപ്പ് വേളയിൽ  പ്രഖ്യാപിച്ചത് . രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ  കക്ഷിയും,  ഇവരുടെ ബദ്ധ  ശത്രുവുമായ  ഷെയ്ഖ്  ഹസീനയുടെ  അവാമി ലീഗിനെ  മത്സരിക്കുന്നതിൽ നിന്നും  ഇലക്ഷൻ കമ്മീഷൻ   വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ അവർ ചിത്രത്തിലില്ലായിരുന്നു.  

വർഗീയ ശക്തികൾ പിടിമുറുക്കുന്നു 

തെരഞ്ഞെടുപ്പിൽ ബി എൻ പിയെ  എതിർത്തത്   ഒരു വിചിത്രമായ സഖ്യമാണ്.  ഹസീനയെ  അധികാര ഭ്രഷ്ടയാക്കുവാൻ മുന്നിട്ടിറങ്ങിയ ജെൻ സി പ്രക്ഷോഭ നേതാക്കൾ  രൂപം  നൽകിയ  നാഷണൽ സിറ്റിസൺ പാർട്ടിയും, മത വർഗീയ  പാർട്ടിയായ  ജമാഅത് - ഇസ്ലാമിയും ഉൾപ്പെട്ട സഖ്യമാണത്. ഏതായാലും  തെരഞ്ഞെടുപ്പുനടന്ന  297 മണ്ഡലങ്ങളിൽ  209 ലും വിജയിച്ചുകൊണ്ട്  ബി എൻ പി വമ്പിച്ച വിജയമാണ് നേടിയത്. മുഖ്യപ്രതിപക്ഷമായി മാറിയത് 68 സീറ്റുകളിൽ വിജയിച്ച  ജമാഅത്- ഇ- ഇസ്ലാമിയാണ്. സഖ്യ കക്ഷിയും പ്രക്ഷോഭം നയിച്ച യുവനേതാക്കൾ രൂപം നൽകിയതുമായ  എൻ സി പി 30 സീറ്റുകളിലേക്ക് മത്സരിച്ചെങ്കിലും 6 സീറ്റുകൾ  മാത്രമേ അവർക്കു ലഭിച്ചുള്ളൂ. പാർലമെൻ്റിലേക്കുള്ള  തെരഞ്ഞെടുപ്പിനൊപ്പം യൂനസ് സർക്കാർ പ്രഖ്യാപിച്ച "ജൂലൈ ചാർട്ടറിനെ" കുറിച്ചുള്ള ഹിതപരിശോധനയും നടന്നു. പ്രധാനമന്ത്രി പദം  രണ്ടു തവണയായി നിയന്ത്രിക്കാനും, പ്രസിഡണ്ടിന് കുറച്ചു കൂടി അധികാരം നൽകാനും, ജുഡീഷ്യറിക്ക് സ്വതന്ത്രാധികാരം നൽകാനും ജൂലൈ ചാർട്ടറിൽ നിർദേശങ്ങളുണ്ട്. ഹിത പരിശോധനയിലും, ജനങ്ങൾ അനുകൂലമായാണ് വോട്ട് ചെയ്തത്.

തലമുറ മാറ്റം 

താരിഖ് റഹ്‌മാനിലൂടെ  ഒരു തലമുറ മാറ്റമാണ്  ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുന്നത് .  അവാമി ലീഗ് നിരോധിക്കപ്പെട്ടതിലൂടെ  മതേതര ശക്തികൾക്ക് ബംഗ്ലാദേശ് രാഷ്ട്രീയത്തിലുണ്ടായിരുന്ന  സാന്നിധ്യവും പരിമിതമായിരുന്ന  സ്വാധീനവും  ഇല്ലാതെയായിരിക്കുന്നു.   അതുകൊണ്ടുതന്നെ  ന്യുനപക്ഷങ്ങൾ   ബി എൻ പി യിൽ കൂടുതൽ പ്രതീക്ഷപുലർത്തുന്നുണ്ട്.  ബി എൻ പിയുടെ ഓരോ കാൽവെപ്പും വളരെ സൂക്ഷിച്ചല്ലെങ്കിൽ , അത് മുതലാക്കുവാൻ ജമാഅത്  തയ്യാറായി പ്രതിപക്ഷത്തുണ്ട്.  വനിതകൾക്കും, ന്യുനപക്ഷങ്ങൾക്കും ബംഗ്ളാദേശിന്റെ   ചരിത്രത്റത്തിലെ  ഏറ്റവും  കുറഞ്ഞ പ്രതിനിധ്യമാണ് ഈ  തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ളത്. 7 വനിതകളും, 4 ന്യുനപക്ഷ പ്രതിനിധികളും മാത്രമാണ്  പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 7 വനിതകളിൽ 6 പേരും  ബി എൻ പി ടിക്കറ്റിലാണ് ജയിച്ചത്. സ്വതന്ത്രയായി ജയിച്ച   വനിതയും            ബി എൻ പി യിൽ നിന്നും തെറ്റിപ്പിരിഞ്ഞു വിമതയായി മത്സരിച്ചു ജയിച്ചയാളാണ്, 2024 ലെ തെരഞ്ഞെടുപ്പിൽ 19 വനിതകളായിരുന്നു വിജയിച്ചത്. 2014 ലും, 2018 ലും 18 പേർ വീതവും, 2024 ൽ 14 പേരും ന്യുനപക്ഷ സമുദായങ്ങളിൽ നിന്നും വിജയിച്ച സ്ഥാനത്താണ് ഇത്തവണ വെറും 4 പേരായി ചുരുങ്ങിയത്.

ഇന്ത്യാ -ബംഗ്ലാദേശ് ബന്ധങ്ങൾ 

2001 മുതൽ 2006 വരെ ബംഗ്ലാദേശ് ഭരിച്ച ബി എൻ പിയുടെ നേതൃത്വത്തിലുള്ള ഖാലിദ സർക്കാർ ഇന്ത്യയെ  അകറ്റിനിർത്തുകയായിരുന്നു .  ചൈനയോടായിരുന്നു അവരുടെ മമത.  ഇന്ത്യയുടെ  വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ  തീവ്രവാദ പ്രവർത്തനം നടത്തിയ രാജ്യ വിരുദ്ധ ശക്തികൾക്ക്,  അന്ന് ബംഗ്ലാദേശ് അഭയം നൽകിയിരുന്നു.  എന്നാൽ  ഇന്ത്യയോടും, ചൈനയോടും, പാകിസ്താനോടും,  രാജ്യ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്,  സന്തുലിതമായ ബന്ധം സ്ഥാപിക്കുമെന്നാണ്  തെരഞ്ഞെടുപ്പിനുശേഷം നൽകിയ  പ്രസ്താവനകളിൽ താരിഖ് റഹ്‌മാൻ  പറഞ്ഞിട്ടുള്ളത്. ഷെയ്ഖ് ഹസീനക്ക് ഇന്ത്യ അഭയം നൽകിയതിൽ  അവാമി ലീഗ് ഒഴിലെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഇന്ത്യക്കെതിരാണ്.  അതിനാൽ, ഹസീനക്ക്  അഭയം നൽകുന്നത് തുടർന്നുകൊണ്ട്  ബംഗ്ലാദേശുമായി നല്ല ബന്ധം സ്ഥാപിക്കാൻ നമുക്ക്  സാധിക്കുകയില്ല.  ഒന്നുകിൽ ഇന്റർനാഷണൽ  ക്രൈംസ് ട്രിബുണൽ   വിധിയനുസരിച്ചു  ഹസീനയെ ബംഗ്ലാദേശിന് കൈമാറുകയോ, അല്ലെങ്കിൽ ഒരു മൂന്നാം രാജ്യത്തു അഭയം പ്രാപിക്കാൻ  അവരെ  പ്രേരിപ്പിക്കുകയോ ചെയ്യേണ്ടി വരും.  ഗംഗാ  നദീ ജലം പങ്കിടുന്നതുൾപ്പെടെയുള്ള  മറ്റു തർക്ക പ്രശ്നങ്ങൾ ഉഭയ കക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും.  4096  കിലോ മീറ്ററിലേറെ അതിർത്തിയുള്ള ബംഗ്ലാദേശുമായി രമ്യതയിൽ പോകുവാനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യക്ക്‌ ത്വരിതഗതിയിൽ  നടത്തേങ്ങിവരും. ഇന്ത്യയുടെ നീക്കങ്ങളെല്ലാം  സസൂക്ഷ്‌മം  വീക്ഷിച്ചുകൊണ്ടു ചൈനയും, പാകിസ്ഥാനും ഉള്ളതിനാൽ,  വളരെ ശ്രദ്ധിച്ചു നാം നയതന്ത്ര നീക്കങ്ങൾ നടത്തേണ്ടത്.

അഡ്വ.പി.എസ് .ശ്രീകുമാർ 

9495577700


 

 .






Monday, 2 February 2026

 

ഓഫീസർസ്  ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ  പ്രവർത്തനം       സംബന്ധിച്ച കുറിപ്പ് 


വിവിധ  കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകളുടെയും, പെൻഷൻ സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളെ  ഒരു കുടക്കീഴിൽ അണിനിരത്തി   2017  അവസാനമാണ് ഓഫീസർസ്  ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ രൂപീകരിച്ചത്.  എല്ലാ അംഗീകൃത സംഘടനകളുടെയും  സംസ്ഥാന  പ്രസിഡന്റ്/ജനറൽ സെക്രട്ടറി  മാരെയാണ്   സെല്ലിൻറ്റെ  സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  സർവ്വീസ് സംഘടനകൾക്ക് സർക്കാരിന്റെ  കോഡ് ഓഫ്  കോണ്ടക്ട്  നിയമം  ബാധ മായതിനാൽ  സർവ്വിസിൽ നിന്നും വിരമിച്ച  ചുരുക്കം  ചില സർവ്വിസ് സംഘടനാ നേതാക്കളെയും  കോഓർഡിനെറ്റ്  ചെയ്യാൻ  കമ്മറ്റിയിൽ    ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതിൻറ്റെ   സംസ്ഥാന കൺവീനറായി കേരളാ  സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ  പ്രസിഡന്റ്,  മുൻ സെറ്റോ കൺവീനർ എന്നീ നിലകളിലും, സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്പെഷ്യൽ സെക്രട്ടറി  തസ്തികയിൽ  വിരമിക്കുകയും ചെയ്ത  പി.എസ് .ശ്രീകുമാറിനെയാണ്  നോമിനേറ്റ് ചെയ്തത്. 

 കേരളാ സർക്കാർ  കോണ്ടക്ട്  സർവീസ് റൂൾസ് പ്രകാരം,  സർവീസ് സംഘടനകൾക്ക് രാഷ്ട്രീയം   അനുവദിച്ചിട്ടില്ല .  സർവീസ് സംഘടനകൾക്ക് സർക്കാർ അംഗീകാരം നൽകുന്നത്  ഈ  നിബന്ധനക്ക് വിധേയമാണ്.  ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ, അംഗീകാരം  റദ്ദാക്കാൻ  സർക്കാരിന് അധികാരമുണ്ട്.  രാഷ്ട്രീയ പ്രശ്നങ്ങൾ    ഉണ്ടാകുമ്പോഴും,  തെരഞ്ഞെടുപ്പു  സമയത്തും  മറ്റും  സർവീസ് സംഘടനകളുടെ  സേവനം പരോക്ഷമായി  കെ.പി.സി.സിക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടൊപ്പം , .വിവിധ സർക്കാർ വകുപ്പുകളിൽ  നിന്നും  ആവശ്യമായ വിവരങ്ങൾ സംഘടനകൾ മുഖാന്തിരം ശേഖരിച്ചു  കെ.പി.സി.സി ക്കു നൽകുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സെല്ലിന് രൂപം നൽകിയത്. .  സംസ്ഥാന സർവീസിലെ  24  സർവീസ് സംഘടനകളെയും , കേന്ദ്ര  സർവ്വീസിലെ 10  ഓളം   സംഘടനകളുടെ കോ-ഓർഡിനേഷൻ   സമിതിയായ സെൻട്രൽ ഗവണ്മെന്റ്  എംപ്ലോയീസ്  കോ-ഓർഡിനേഷൻ  കൗൺസിലിനേയും ,കേരളാ  സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയനെയും   സെല്ലിൻറ്റെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാന-കേന്ദ്ര  സർവീസ് സംഘടനകളുടെ  കോഓർഡിനേഷൻ  ലക്ഷ്യമിട്ടിട്ടുള്ളതിനാൽ  യാതൊരു വിവിധ  പുബ്ലിസിറ്റിയും  ഇല്ലാതെയാണ്  ഇതിൻറ്റെ  പ്രവവർത്തനം നടത്തിക്കൊണ്ടുപോകുന്നത്. തുടക്കത്തിൽ രേഖാമൂലം മീറ്റിംഗ് വിളിച്ചു കൂട്ടുകയും അവയുടെ മിനുട്‌സ്  തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും,  ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റ് ആയിരുന്ന സന്ദർഭത്തിൽ , കെ.പി.സി.സി യിൽ വച്ച് ചേർന്ന മിനുറ്റ്സ്  കൈരളി ചാനലിൽ വന്നതിനെ തുടർന്ന്, കെ.പി.സി.സി. പ്രസിഡണ്ടിന്റെ നിർദേശാനുസരണം  മീറ്റിംഗുകൾ  രേഖപ്പെടുത്തേണ്ടതില്ലെന്ന്    തീരുമാനിച്ചു.  അന്നത്തെ മീറ്റിംഗിൽ പങ്കെടുത്ത പി.എസ് .സി എംപ്ലോയീസ്  സംഘടനയുടെ   ഭാരവാഹികൾക്കെതിരെ  പി.എസ് .സി അച്ചടക്കനടപടി സ്വീകരിച്ചത്  അവർക്കു ബുദ്ധിമുട്ട്  ഉണ്ടാക്കിയതിനാലാണ്  പിന്നീടുള്ള  മീറ്റിംഗുകൾ രേഖപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചത്.   ആവശ്യമുള്ള ഘട്ടങ്ങളിൽ മാത്രമാണ് മീറ്റിംഗ് വിളിച്ചുകൂട്ടുന്നതും.  കെ.പി.സി.സി യുടെ ഫണ്ട് കളക്ഷൻ സമയത്തും, വീട് നിർമ്മാണ സമയത്തുമെല്ലാം അക്കാര്യത്തിനായി പ്രത്യേകം മീറ്റിംഗ് വിളിച്ചുകൂട്ടി  വേണ്ട നിർദേശങ്ങൾ കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.  2021  ലെ നിയമസഭാ തെരഞ്ഞെടുപ്പ്രൂ സമയത്തു, കെ.ജി.ഓ.യു  വിൻറ്റെ  സഹായത്തോടെ തെരഞ്ഞെടുപ്പ്   അഭിപ്രായ സർവ്വേ നടത്തി കെ.പി.സി.സിക്ക്  റിപ്പോർട്ട് നൽകിയിരുന്നു. രൂപീകരിച്ച ആദ്യകാലഘട്ടത്തിൽ സംസ്ഥാന കമ്മിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പാർലമെന്റ് തെരഞ്ഞെടുപ്പ് വന്ന ഘട്ടത്തിൽ  ജില്ലകൾ കേന്ദ്രികരിച്ചു കോഓർഡിനേഷൻ നടത്തുവാനായി  ജില്ലാ തല കമ്മിറ്റികൾ രൂപീകരിച്ചു.  എന്നാൽ  ഇടക്കാലത്തു, എൻ.ജി. ഓ. അസോസിയേഷൻ, ഗസറ്റഡ് ഓഫീസർസ്,  യൂണിയൻ സെക്രട്ടേറിയറ്റ് അസോസിയേഷൻ തുടങ്ങിയ ചില സംഘടനകളിൽ  നേതൃ തർക്കങ്ങളും മറ്റും ഉണ്ടായപ്പോൾ, സെല്ലിൻറ്റെ  പ്രവർത്തനങ്ങളെ അത് ബാധിച്ചു.   സംസ്ഥാന തലത്തിൽ  വിവിധ സംഘടനാ  നേതാക്കൾ    സർവീസിൽ  നിന്നും റിട്ടയർ ചെയ്തപ്പോൾ അവർക്കു പകരം വന്ന നേതാക്കളെ വച്ച്  സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചു.   എന്നാൽ ജില്ലാ തലത്തിൽ പുനഃസംഘടന നടത്തേണ്ടതുണ്ട്.  അടുത്ത ഘട്ടത്തിൽ,   നിയമസഭാ മണ്ഡലം  അടിസ്ഥാനത്തിലും, കമ്മിറ്റികൾ  രൂപീകരിക്കുന്നത്  അഭികാമ്യമാണ്‌.  മറ്റു ജില്ലകളിലും എത്രയും വേഗം  സെല്ലിൻറ്റെ  ജില്ലാ കമ്മിറ്റികൾ  സമയബന്ധിതമായി രൂപീകരിക്കാവുന്നതാണ്. 

വിഷൻ 

സംസ്ഥാനത്തുള്ള  വിവിധ സംസ്ഥാന\കേന്ദ്ര സർക്കാർ/ സ്വയംഭരണ സ്ഥാപനങ്ങൾ  എന്നീ  മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ  കോർത്തിണക്കി  ഒരു കൊടിക്കീഴിൽ അണിനിരത്തുക.

മിഷൻ 

മാതൃ സംഘടനക്ക് ഉപയോഗപ്രദമായ രീതിയിൽ  സർവീസ് സംഘടനകൾക്ക് പുറമേ,  വെൽഫെയർ ഫണ്ട് ബോർഡ്‌കൾ, സ്വയംഭരണ സ്ഥാപനങ്ങൾ  എന്നിവയിലെ  സംഘടനകളെയും  ഈ സെല്ലിന്റെ കീഴിൽ കൊണ്ടുവന്നു പ്രവർത്തനങ്ങൾ ക്രോഡീകരിപ്പിക്കുക.  സമൂഹത്തിലെ വിദ്യാഭ്യാസം ഉള്ള  ആളുകൾ  എന്ന നിലയിലും , ജനങ്ങൾക്ക് സേവനം നൽകുന്ന മേഖലകളിൽ  പ്രവർത്തിക്കുന്നവർ എന്ന നിലയിലും,   പാർട്ടിയെ  ശക്തിപ്പെടുത്തുവാൻ  സംഘടനകളുടെ ശക്തി  പ്രയോജനപ്പെടുത്തണം. 

സാമ്പത്തികമായി സമൂഹത്തിൽ  മെച്ചപ്പെട്ട  നിലയിൽ നിൽക്കുന്ന സംഘടനകളിലെ അംഗങ്ങളിൽ നിന്നും  മാതൃ സംഘടനയുടെ  വളർച്ചക്ക് പ്രയോജനമാകുന്ന നിലയിൽ  സാമ്പത്തിക സഹായം   ഉറപ്പു വരുത്തുവാനും ലക്ഷ്യമിടുന്നു.  ഇതിലേക്കായി സംഘടനാ അംഗങ്ങളിൽ നിന്നും ഓരോ മാസവും ഒരു നിശ്ചിത സംഖ്യ  ശേഖരിച്ചു  മാതൃ സംഘടനക്ക് നൽകുന്ന  കാര്യം  സെല്ലിൻറ്റെ  ഉത്തരവാദിത്വമായി  നിശ്ചയിക്കണം.

പുനസംഘടന 

നിലവിൽ  സംസ്ഥാന തലത്തിൽ ഒരു കൺവീനർ മാത്രമാണുള്ളത്. പുനഃസംഘടിപ്പിക്കുമ്പോൾ ഒരു ചെയർമാൻ, ഒരു വൈസ്-ചെയർമാൻ, ഒരു ജനറൽ കൺവീനർ, മൂന്നു കൺവീനർ മാർ, ഒരു ട്രഷറർ എന്നിവരും എല്ലാ സംഘടനകളുടെയും പ്രസിഡന്റ്/ ജനറൽ സെക്രട്ടറിമാർ അംഗങ്ങളായി  ഒരു സംസ്ഥാന സമിതിയും ഒരു മാസത്തിനുള്ളിൽ രൂപീകരിക്കണം. അടുത്ത ഘട്ടമായി  എല്ലാ ജില്ലകളിലും മേല്പറഞ്ഞ രീതിയിൽ  സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർ, വെൽഫെയർ ഫണ്ട് ബോർഡുകളിൽ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി  ജില്ലാ കമ്മിറ്റികളും രൂപീകരിക്കണം.  ഈ കമ്മിറ്റിയുടെ  ചുമതല  കെ.പി.സി.സി യുടെ  സംഘടനാ  സെക്രെട്ടറിയായിരിക്കണം.

പി.എസ് .ശ്രീകുമാർ,

കൺവീനർ .

9495577700