Wednesday, 4 February 2026

       നയിക്കാൻ  വനിതനേതാക്കൾ  ഇല്ലാതിരുന്ന   ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് 

അഡ്വ.പി.എസ് .ശ്രീകുമാർ  


         കഴിഞ്ഞ  മൂന്ന്   ദശാബ്‌ദങ്ങളായി   പരസ്പരം പോരാടിയ പ്രമുഖരായ രണ്ട് വനിതാ   രാഷ്ട്രീയ നേതാക്കളായിരുന്നു  ബംഗ്ലാദേശ് രാഷ്ട്രീയം തങ്ങളുടെ ഉള്ളംകയ്യിലിട്ട് അമ്മാനമാടിയിരുന്നത്. അവരിൽ ഒരാൾ , മുൻ പ്രധാനമന്ത്രിയും  ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി മേധാവിയുമായിരുന്ന,  ബീഗം ഖാലിദ സിയയും, മറ്റൊരാൾ   മുൻ പ്രധാനമന്ത്രിയും  അവാമി ലീഗ് മേധാവിയുമായ ബീഗം ഷെയ്ഖ് ഹസീനയുമാണ്. ഖാലിദ സിയ  കാല യവനികക്കുള്ളിൽ മറഞ്ഞതോടെയും,  ഷെയ്ഖ് ഹസീന  അധികാരത്തിൽ നിന്നും   നിഷ്‌കാസിതയായി ഇന്ത്യയിൽ അഭയം പ്രാപിച്ചതോടെയും    ബംഗ്ലാദേശ്  രാഷ്ട്രീയ  ചിത്രത്തിൽ  ഇന്നില്ല.   ഇന്ത്യയിൽ  ഒളി ജീവിതം നയിക്കുകയാണ്  ഷെയ്ഖ് ഹസീന.    അങ്ങിനെയാണ്,   ഖാലിദ സിയയും, ഷെയ്‌ഖ്  ഹസീനയും  അരങ്ങൊഴിഞ്ഞ   ഒരു  തെരഞ്ഞെടുപ്പ്   ഫെബ്രുവരി  12 ന്  ബംഗ്ലാദേശിൽ നടന്നത്. 

          സമാന അനുഭവങ്ങളിലൂടെ  പൊതുരംഗത്തു കടന്നുവന്നവരായിരുന്നു ഇരുവരും. ഷെയ്ഖ് ഹസീന ബംഗ്ലാദേശിലെ ആദ്യ ഭരണാധികാരിയായിരുന്ന  മുജീബുർ റെഹ്മാൻറ്റെ  മകളാണ്.  1975 ൽ നടന്ന ഒരട്ടിമറിയിലൂടെ പട്ടാളം അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളെയും  കൊലപ്പെടുത്തിയതിന് തുടർന്നാണ്  അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.   ഖാലിദ  സിയാ രാഷ്ട്രീയത്തിൽ വന്നത്  ഭർത്താവും പ്രസിഡന്റുമായിരുന്നു  സിയാവുർ റഹ്മാനെ 1981ൽ   പട്ടാളം കൊലപ്പെടുത്തിയ ശേഷമാണ്.   രാഷ്ട്രീയ നേതാവായിരുന്ന  മുജീബുർ റെഹ്മാനും, സൈനിക ഉദ്യോഗസ്ഥനായിരുന്ന സിയാവുർ റെഹ്മാനും  ഒരുമിച്ചുനിന്നാണ് പാകിസ്താനെതിരെ പോരാടി രാജ്യത്തെ  വിമോചനത്തിലേക്ക്   നയിച്ചത്.    സിയാവുർ റെഹ്മാൻ കൊല്ലപ്പെട്ടശേഷം പട്ടാളത്തിന്റെ സഹായത്തോടെ  അധികാരത്തിലേറിയ ജനറൽ മുഹമ്മദ് ഇർഷാദിനെ അധികാരത്തിനു പുറത്താക്കുവാൻ ,  ഖാലിദ സിയായും, ഷെയ്ഖ്  ഹസീനയും ഒരുമിച്ചുനിന്നാണ് പോരാടിയത്. ഇർഷാദിനെ പുറത്താക്കിയശേഷം നടന്ന  1991 ലെ തെരഞ്ഞെടുപ്പിൽ  , ഇരുവരും അവരുടെ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടിയെയും, അവാമി ലീഗിനെയും  നയിച്ചുകൊണ്ട് മുഖത്തോടു മുഖം പോരാടി.  തെരഞ്ഞെടുപ്പിൽ  ബംഗ്ലാദേശ് നാഷണലിസ്റ് പാർട്ടി (ബി എൻ പി)  വിജയിക്കുകയും  ഖാലിദ സിയാ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആവുകയും ചെയ്തു. 

          അധികാരത്തിലേറിയ ഖാലിദയും പ്രതിപക്ഷ നേതാവായിരുന്ന ഷെയ്ഖ് ഹസീനയും  തമ്മിലുള്ള ബന്ധത്തിൽ  വിള്ളലുകൾ ഉണ്ടായതോടെ,  ഇരുവരും ബദ്ധ  ശത്രുക്കളായി .   1991 ൽ ഖാലിദ സിയ   തെരഞ്ഞെടുപ്പിലൂടെ   അധികാരത്തിൽ വന്നതോടെ, രാജ്യത്തെ വീണ്ടും ജനാധിപത്യ ഭരണരീതിയിലേക്ക്  തിരിച്ചുകൊണ്ടുവന്നു. ബംഗ്ലാദേശിലെ ജനാധിപത്യ സംവിധാനത്തിന് അവർ നൽകിയ വലിയ സംഭവനയാണത്. എന്നാൽ ഇടയ്ക്കു അധികാരം പിടിച്ചെടുത്ത  ജനറൽ  ഇർഷാദ് കൊണ്ടുവന്ന ഇസ്ലാമിസ്റ് നയങ്ങളിൽ നിന്നും പിന്മാറാൻ അവർ തയ്യാറായില്ല.  മതേതര കാഴ്ചപ്പാടിൽ  നിന്നും അവർ  അകലം പാലിച്ചു.  മാത്രമല്ലാ,  ഇസ്ലാമിസ്റ് മതമൗലിക ശക്തിയായ ജമാത്-ഇ-ഇസ്‌ലാമിയുമായി  ഖാലിദ കൂടുതൽ അടുത്തു.   ഇന്ത്യയുമായി ശത്രുതയുള്ള ജമാത് -ഇ-ഇസ്‌ലാമി,  ഖാലിദയെയും അവരുടെ ആശയഗതിയിലേക്കു കൊണ്ടുവന്നു.   ഇന്ത്യക്കെതിരെ പോരാടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദി സംഘടനകൾക്ക്  ബംഗ്ലാദേശിന്റെ മണ്ണിൽ എല്ലാവിധ സൗകര്യങ്ങളും നൽകി.ഹസീനയുടെ പിതാവായ മുജീബുർ  റഹമാൻറ്റെയും  കുടുംബാംഗങ്ങളുടേയും   കൊലയാളികളെ  നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാൻ  ജമാത് -ഇ-ഇസ്ലാമിയുടെ സ്വാധീനത്തിൽ , ഖാലിദ തയ്യാറാവാതിരുന്നതോടെ, ഖാലിദക്കെതിരെ  ശക്തമായ പ്രക്ഷോഭങ്ങൾ അവാമി ലീഗും, ഹസീനയും നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അഴിമതി നടത്തിയെന്നാരോപിച്ച് ,  1996 ലെ തെരഞ്ഞെടുപ്പ്  അവാമി ലീഗ് ബോയ്‌കോട്ട് ചെയ്തു.  വീണ്ടും അധികാരത്തിൽ കയറിയെങ്കിലും, അതിശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടർന്ന്  ഖാലിദക്ക്   അധികം വൈകാതെ  രാജിവച്ച്  ഒഴിയേണ്ടിവന്നു.  തുടർന്ന്   നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഹസീന  പ്രധാനമന്ത്രി പദത്തിലെത്തി. 2001 ലെ തെരഞ്ഞെടുപ്പിൽ  വീണ്ടും പ്രധാനമന്ത്രിയായ ഖാലിദ  2006  വരെ ഭരണത്തിൽ തുടർന്നു .   ഏതാണ്ട് മൂന്ന്  ദശാബ്ദക്കാലം,  മറ്റാർക്കും അവസരം നൽകാതെ ഇവർ  ഇരുവരും മാറി മാറി അധികാരത്തിലേറുകയായിരുന്നു.   2008 ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ ഹസീന , പിന്നീട്  തിരിഞ്ഞു നോക്കിയിട്ടില്ല. നീണ്ട 16  വർഷത്തോളം അവർ അധികാരത്തിൽ തുടർന്നു.  ഈ കാലയളവിൽ, ഖാലിദാ  സിയയെയും കുടുംബത്തെയും, വിവിധ കേസുകളിൽ കുടുക്കി അവർ  പീഡിപ്പിച്ചു.

          ഹസീനയുടെ  നീണ്ട ഭരണ കാലയളവിൽ, ബംഗ്ലാദേശ് സാമ്പത്തികമായി വളർച്ചനേടി എന്നത് ഒരു യാഥാർഥ്യമാണ്. 1999 ൽ പുതിയ  വ്യവസായ നയം പ്രഖ്യാപിച്ചുകൊണ്ട് വ്യാവസായിക വളർച്ചക്ക് തുടക്കം കുറിച്ചു.  റെഡി മെയ്‌ഡ്‌  ഗാർമെൻറ്  വ്യവസായം കുതിച്ചുയർന്നു.   ഒട്ടേറെ ബംഗ്ലാദേശികൾ ജോലിക്കായി വിദേശരാജ്യങ്ങളിലേക്ക്  ചേക്കേറി.. അതിലൂടെയുള്ള വരുമാനവും സാമ്പത്  വ്യവസ്ഥയിൽ പ്രതിഫലിച്ചു. ശരാശരി 5.5 ശതമാനമായിരുന്നു പ്രതിവർഷ  ജി ഡി പി  വളർച്ച. 2019 ൽ അത്  8 ശതമാനമായി.  2020 ൽ ബംഗ്ലാദേശിൻറ്റെ  ജി ഡി പി ,  ഇന്ത്യയുടെ ജി ഡി പി യെയും പിന്നിലാക്കി. അതുപോലെ, റോഡ്, റെയിൽവേ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഹസീന  പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. 

ജൻ സി പ്രക്ഷോഭവും ഭരണ മാറ്റവും 

 പക്ഷേ  ഇതിനിടയിലും  തൊഴിലില്ലായ്മ നിരക്ക് ഉയർന്നത് യുവാക്കളുടെ ഇടയിൽ അസ്വസ്ഥത ഉണ്ടാക്കി. യുവതയുടെ പൊട്ടിത്തെറിക്ക് പെട്ടെന്നുള്ള കാരണം, ബംഗ്ലാദേശ്  സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറക്ക് നൽകിയ ജോലിസംവരണം  പുനഃസ്ഥാപിക്കാനുള്ള   ഹസീന  സർക്കാരിന്റെ തീരുമാനമായിരുന്നെങ്കിലും,  വർധിച്ച തൊഴിലില്ലായ്മയാണ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചതും, ഹസീനക്ക് രാജിവച്ചു രാജ്യം വിടേണ്ടിവന്നതും. മുഹമ്മദ് യൂനസിൻറ്റെ  നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാർ, വിവിധ കേസുകളിൽ പെടുത്തി ഹസീനയെ  ശിക്ഷാനടപടികൾക്ക്  വിധേയയാക്കി.  ജൻ  സി നയിച്ച പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതിലൂടെ  ഉണ്ടായ വെടിവെപ്പുകളുടെ ഉത്തരവാദിത്വം ഹസീനക്ക് മേൽ ചുമത്തി അവരെ വധ ശിക്ഷക്ക്  വിധേയയാക്കിയിരിക്കയാണ്.   ഖാലിദ സിയാ  അന്തരിച്ചതിനെ തുടർന്ന്         യു കെ യിൽ നിന്നും  ബംഗ്ലാദേശിൽ തിരിച്ചെത്തിയ അവരുടെ മകൻ  താരിഖ് റഹ്‌മാൻ  ബി.എൻ.പി യുടെ നേതൃത്വം ഏറ്റെടുത്തു.    താരിഖ്  അൻവറിൻറ്റെ  നേതൃത്വത്തിലാണ്  ഈ തെരഞ്ഞെടുപ്പിൽ ബി എൻ പി  ഇരുപതോളം വരുന്ന സഖ്യകക്ഷികളോടൊപ്പം മത്സരിച്ചത്.  ഭരണത്തിൽ ഇരുന്ന  മുൻ കാലഘട്ടങ്ങളിൽ  അവർ പുലർത്തിയിരുന്ന ഇന്ത്യ വിരുദ്ധ സമീപനവും ,  ന്യുനപക്ഷങ്ങളോട്  കാട്ടിയിരുന്ന ശത്രുത മനോഭാവവും  ഉപേക്ഷിച്ചതായാണ്  താരിഖ് റഹ്‌മാൻ  തെരഞ്ഞെടുപ്പ് വേളയിൽ  പ്രഖ്യാപിച്ചത് . രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ  കക്ഷിയും,  ഇവരുടെ ബദ്ധ  ശത്രുവുമായ  ഷെയ്ഖ്  ഹസീനയുടെ  അവാമി ലീഗിനെ  മത്സരിക്കുന്നതിൽ നിന്നും  ഇലക്ഷൻ കമ്മീഷൻ   വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ അവർ ചിത്രത്തിലില്ലായിരുന്നു.  

വർഗീയ ശക്തികൾ പിടിമുറുക്കുന്നു 

തെരഞ്ഞെടുപ്പിൽ ബി എൻ പിയെ  എതിർത്തത്   ഒരു വിചിത്രമായ സഖ്യമാണ്.  ഹസീനയെ  അധികാര ഭ്രഷ്ടയാക്കുവാൻ മുന്നിട്ടിറങ്ങിയ ജെൻ സി പ്രക്ഷോഭ നേതാക്കൾ  രൂപം  നൽകിയ  നാഷണൽ സിറ്റിസൺ പാർട്ടിയും, മത വർഗീയ  പാർട്ടിയായ  ജമാഅത് - ഇസ്ലാമിയും ഉൾപ്പെട്ട സഖ്യമാണത്. ഏതായാലും  തെരഞ്ഞെടുപ്പുനടന്ന  297 മണ്ഡലങ്ങളിൽ  209 ലും വിജയിച്ചുകൊണ്ട്  ബി എൻ പി വമ്പിച്ച വിജയമാണ് നേടിയത്. മുഖ്യപ്രതിപക്ഷമായി മാറിയത് 68 സീറ്റുകളിൽ വിജയിച്ച  ജമാഅത്- ഇ- ഇസ്ലാമിയാണ്. സഖ്യ കക്ഷിയും പ്രക്ഷോഭം നയിച്ച യുവനേതാക്കൾ രൂപം നൽകിയതുമായ  എൻ സി പി 30 സീറ്റുകളിലേക്ക് മത്സരിച്ചെങ്കിലും 6 സീറ്റുകൾ  മാത്രമേ അവർക്കു ലഭിച്ചുള്ളൂ. പാർലമെൻ്റിലേക്കുള്ള  തെരഞ്ഞെടുപ്പിനൊപ്പം യൂനസ് സർക്കാർ പ്രഖ്യാപിച്ച "ജൂലൈ ചാർട്ടറിനെ" കുറിച്ചുള്ള ഹിതപരിശോധനയും നടന്നു. പ്രധാനമന്ത്രി പദം  രണ്ടു തവണയായി നിയന്ത്രിക്കാനും, പ്രസിഡണ്ടിന് കുറച്ചു കൂടി അധികാരം നൽകാനും, ജുഡീഷ്യറിക്ക് സ്വതന്ത്രാധികാരം നൽകാനും ജൂലൈ ചാർട്ടറിൽ നിർദേശങ്ങളുണ്ട്. ഹിത പരിശോധനയിലും, ജനങ്ങൾ അനുകൂലമായാണ് വോട്ട് ചെയ്തത്.

തലമുറ മാറ്റം 

താരിഖ് റഹ്‌മാനിലൂടെ  ഒരു തലമുറ മാറ്റമാണ്  ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുന്നത് .  അവാമി ലീഗ് നിരോധിക്കപ്പെട്ടതിലൂടെ  മതേതര ശക്തികൾക്ക് ബംഗ്ലാദേശ് രാഷ്ട്രീയത്തിലുണ്ടായിരുന്ന  സാന്നിധ്യവും പരിമിതമായിരുന്ന  സ്വാധീനവും  ഇല്ലാതെയായിരിക്കുന്നു.   അതുകൊണ്ടുതന്നെ  ന്യുനപക്ഷങ്ങൾ   ബി എൻ പി യിൽ കൂടുതൽ പ്രതീക്ഷപുലർത്തുന്നുണ്ട്.  ബി എൻ പിയുടെ ഓരോ കാൽവെപ്പും വളരെ സൂക്ഷിച്ചല്ലെങ്കിൽ , അത് മുതലാക്കുവാൻ ജമാഅത്  തയ്യാറായി പ്രതിപക്ഷത്തുണ്ട്.  വനിതകൾക്കും, ന്യുനപക്ഷങ്ങൾക്കും ബംഗ്ളാദേശിന്റെ   ചരിത്രത്റത്തിലെ  ഏറ്റവും  കുറഞ്ഞ പ്രതിനിധ്യമാണ് ഈ  തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ളത്. 7 വനിതകളും, 4 ന്യുനപക്ഷ പ്രതിനിധികളും മാത്രമാണ്  പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 7 വനിതകളിൽ 6 പേരും  ബി എൻ പി ടിക്കറ്റിലാണ് ജയിച്ചത്. സ്വതന്ത്രയായി ജയിച്ച   വനിതയും            ബി എൻ പി യിൽ നിന്നും തെറ്റിപ്പിരിഞ്ഞു വിമതയായി മത്സരിച്ചു ജയിച്ചയാളാണ്, 2024 ലെ തെരഞ്ഞെടുപ്പിൽ 19 വനിതകളായിരുന്നു വിജയിച്ചത്. 2014 ലും, 2018 ലും 18 പേർ വീതവും, 2024 ൽ 14 പേരും ന്യുനപക്ഷ സമുദായങ്ങളിൽ നിന്നും വിജയിച്ച സ്ഥാനത്താണ് ഇത്തവണ വെറും 4 പേരായി ചുരുങ്ങിയത്.

ഇന്ത്യാ -ബംഗ്ലാദേശ് ബന്ധങ്ങൾ 

2001 മുതൽ 2006 വരെ ബംഗ്ലാദേശ് ഭരിച്ച ബി എൻ പിയുടെ നേതൃത്വത്തിലുള്ള ഖാലിദ സർക്കാർ ഇന്ത്യയെ  അകറ്റിനിർത്തുകയായിരുന്നു .  ചൈനയോടായിരുന്നു അവരുടെ മമത.  ഇന്ത്യയുടെ  വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ  തീവ്രവാദ പ്രവർത്തനം നടത്തിയ രാജ്യ വിരുദ്ധ ശക്തികൾക്ക്,  അന്ന് ബംഗ്ലാദേശ് അഭയം നൽകിയിരുന്നു.  എന്നാൽ  ഇന്ത്യയോടും, ചൈനയോടും, പാകിസ്താനോടും,  രാജ്യ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്,  സന്തുലിതമായ ബന്ധം സ്ഥാപിക്കുമെന്നാണ്  തെരഞ്ഞെടുപ്പിനുശേഷം നൽകിയ  പ്രസ്താവനകളിൽ താരിഖ് റഹ്‌മാൻ  പറഞ്ഞിട്ടുള്ളത്. ഷെയ്ഖ് ഹസീനക്ക് ഇന്ത്യ അഭയം നൽകിയതിൽ  അവാമി ലീഗ് ഒഴിലെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഇന്ത്യക്കെതിരാണ്.  അതിനാൽ, ഹസീനക്ക്  അഭയം നൽകുന്നത് തുടർന്നുകൊണ്ട്  ബംഗ്ലാദേശുമായി നല്ല ബന്ധം സ്ഥാപിക്കാൻ നമുക്ക്  സാധിക്കുകയില്ല.  ഒന്നുകിൽ ഇന്റർനാഷണൽ  ക്രൈംസ് ട്രിബുണൽ   വിധിയനുസരിച്ചു  ഹസീനയെ ബംഗ്ലാദേശിന് കൈമാറുകയോ, അല്ലെങ്കിൽ ഒരു മൂന്നാം രാജ്യത്തു അഭയം പ്രാപിക്കാൻ  അവരെ  പ്രേരിപ്പിക്കുകയോ ചെയ്യേണ്ടി വരും.  ഗംഗാ  നദീ ജലം പങ്കിടുന്നതുൾപ്പെടെയുള്ള  മറ്റു തർക്ക പ്രശ്നങ്ങൾ ഉഭയ കക്ഷി ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും.  4096  കിലോ മീറ്ററിലേറെ അതിർത്തിയുള്ള ബംഗ്ലാദേശുമായി രമ്യതയിൽ പോകുവാനുള്ള നയതന്ത്ര നീക്കങ്ങൾ ഇന്ത്യക്ക്‌ ത്വരിതഗതിയിൽ  നടത്തേങ്ങിവരും. ഇന്ത്യയുടെ നീക്കങ്ങളെല്ലാം  സസൂക്ഷ്‌മം  വീക്ഷിച്ചുകൊണ്ടു ചൈനയും, പാകിസ്ഥാനും ഉള്ളതിനാൽ,  വളരെ ശ്രദ്ധിച്ചു നാം നയതന്ത്ര നീക്കങ്ങൾ നടത്തേണ്ടത്.

അഡ്വ.പി.എസ് .ശ്രീകുമാർ 

9495577700


 

 .






No comments:

Post a Comment