Tuesday, 12 July 2022

 

                            ഡെമോക്ലിസിൻറ്റെ  വാളുപോലെ  മെഡിസെപ് 

  

അഡ്വ.പി എസ്  ശ്രീകുമാർ 

  സംസ്ഥാന   സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കും, വിരമിച്ച ജീവനക്കാർക്കുമായി  ജൂലൈ 1  മുതൽ   സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ച  സമഗ്ര ഇൻഷുറൻസ്  പദ്ധതിയായ  മെഡിസെപ്,   ഡെമോക്ലിസിൻറ്റെ  വാളുപോലെ  അവരുടെ തലക്കുമേലെ  തൂങ്ങികിടക്കുകയാണ്. സ്വന്തം ജീവനക്കാരുടെ  ആരോഗ്യ സുരക്ഷ  ഇൻഷുറൻസ് കമ്പനിയുടെ   ഇഷ്ടാനിഷ്ടങ്ങൾക്ക്  വിടുന്നതിനു  പുറമെ, കൈ നനയാതെ മീൻ പിടിക്കുന്ന ലാഘവത്തോടെ  ജീവനക്കാരുടെയും, പെൻഷൻ പറ്റിയവരുടെയും  പോക്കറ്റടിക്കുന്ന   തന്ത്രമാണ്  സർക്കാർ      അവലംബിച്ചിരിക്കുന്നത്.

       സർക്കാർ ജീവനക്കാർക്കും ,പെൻഷൻകാർക്കും  മാത്രമായി ഒരു  സമഗ്ര ആരോഗ്യ ഇൻഷുറൻസ്  പദ്ധതി നടപ്പിലാക്കണമെന്നതു കേരളത്തിലെ  സർവീസ്   സംഘടനകളുടെയുംവിരമിച്ച ജീവനക്കാരുടെയും    ചിരകാല അഭിലാഷമായിരുന്നു.  വെറുമൊരു  മുദ്രാവാക്യം മാത്രമായി  നിലനിന്നിരുന്ന ഈ ആവശ്യത്തിന്  ജീവൻ നൽകിയത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു.  ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന  വിവിധ സർക്കാർ, പെൻഷൻ സംഘടനകളുടെ      ആവശ്യങ്ങൾ സംബന്ധിച്ച് നിവേദനം 2014 ൽ നൽകിയപ്പോൾ ,  മുഖ്യമന്ത്രിയായിരുന്ന  ഉമ്മൻ ചാണ്ടി,   ആവശ്യം ഉന്നയിച്ച സംഘടനകളുമായി  ചർച്ച നടത്തി.  ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ  ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ചെയർമാനായി  രൂപീകരിച്ച      പത്താം ശമ്പള കമ്മീഷൻറ്റെ  പരിഗണനാ  വിഷയങ്ങളിൽ, ഈ ആവശ്യം ഉൾപ്പെടുത്തു വാൻ തീരുമാനിച്ചു. പത്താം ശമ്പള കമ്മീഷൻറ്റെ  പരിഗണനാ  വിഷയം സംബന്ധിച്ച് സർക്കാർ ഇറക്കിയ  ഉത്തരവിൽ  ഈ വിഷയം  ഒന്പതാമത്തെ  ഇനമായി  ഉൾപ്പെടുത്തുകയും  ചെയ്തു. ശമ്പള കമ്മീഷൻ  ശുപാര്ശകൾ  അംഗീകരിച്ചുകൊണ്ട്  സർക്കാർ 2016  ജനുവരിയിലാണ്  ഉത്തരവിറക്കിയത്.  ഈ ഉത്തരവിൽ, ശമ്പള കമ്മീഷൻ ശുപാർശ ചെയ്തത് പ്രകാരം  സമഗ്ര ആരോഗ്യ പരിരക്ഷ എന്ന ആവശ്യം  സർക്കാർ തത്വത്തിൽ അംഗീകരിച്ചു.  ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി  റിപ്പോർട്ട് സമർപ്പിക്കുവാൻ  ധനകാര്യ വകുപ്പിന് നിർദേശവും  നൽകി. ധനകാര്യവകുപ്പ്   പ്രാഥമിക പഠനം നടക്കുന്നതിനിടയിലാണ്  സംസ്‌ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  തുടർന്ന് അധികാരത്തിലെത്തിയ   ഒന്നാം പിണറായി  സർക്കാർ  സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെന്ന പത്താം  ശമ്പള കമ്മീഷൻ റിപ്പോർട്ടിനോട് തണുത്ത സമീപനമാണ് കൈക്കൊണ്ടത്.  ഉമ്മൻചാണ്ടി സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ ഈ ആവശ്യം  എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്   സംഘടനകൾ  പ്രക്ഷോഭ രംഗത്തേക്ക് വന്ന സാഹചര്യത്തിലാണ്സാമ്പത്തികമായി തകർന്ന  അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഷുറൻസ് കമ്പനിയെ  ഈ പദ്ധതി നടപ്പിലാക്കുവാൻ ചുമതല നൽകി പിണറായി സർക്കാർ ഉത്തരവിറക്കിയത് .  റിലയൻസുമായി  ഒപ്പിട്ട കരാർ  ചാപിള്ളയായി മാറി. അതോടെ അവരെ ഒഴിവാക്കുവാൻ സർക്കാർ തീരുമാനിച്ചു.  ഒഴിവാക്കിയതിനെതിരെ അവർ നൽകിയ കേസ് ഇന്നും കേരള ഹൈക്കോടതിയിൽ  നിലനിൽക്കുകയാണ്.  പിന്നീട്  വിളിച്ച ടെണ്ടറിൻറ്റെ  അടിസ്ഥാനത്തിലാണ്  ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി  സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി  ഒപ്പിട്ടതും  ജൂലൈ മുതൽ  നടപ്പിലാക്കുവാൻ   തീരുമാനിച്ചതും.  കമ്പനി മാറിയപ്പോൾ വന്ന വലിയ വ്യത്യാസങ്ങളിലൊന്ന്  റിലയൻസിന്റെ പ്രീമിയം തുക വര്ഷം 3000  രൂപയായിരുന്നെങ്കിൽ  ഓറിയന്റൽ ഇൻഷുറൻസിൻറ്റെ  പേരിൽ  ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ  നിന്നും  സർക്കാർ പിടിക്കുന്നത് 6000  രൂപയാണ് എന്നതാണ്.  പ്രീമിയം തുകയിൽ മാത്രം  100  ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഇൻഷുറൻസ് പരിരക്ഷ 

          സർക്കാർ അംഗീകരിച്ച  ചികിത്സകൾക്ക് പോളിസി കാലാവധിയായ മൂന്ന് വർഷത്തേക്ക്, വര്ഷം മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് നൽകുന്നത്.ഇതിൽ  1.5 ലക്ഷം രൂപ അതാതു  വർഷം  ഉപയോഗിക്കണം. ബാക്കിയുള്ള 1.5 ലക്ഷം രൂപ മൂന്നുവർഷത്തിനകം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.  ഇരുപത്തിനാലു മണിക്കൂർ  എങ്കിലും ആശുപത്രിയിൽ  കഴിയുന്നവർക്ക്  മെഡിക്കൽ, സർജിക്കൽ  ചികിത്സക്കാവശ്യമായ  ചെലവ് ഇൻഷുറൻസിലൂടെ ലഭിക്കും എന്നാൽ ഒ.പി ചികിത്സക്ക് ഇൻഷുറൻസ് ലഭിക്കുകയില്ല.മരുന്നിന്റെ വില, ഡോക്ടർ ഫീസ്പരിശോധനകളുടെ ചെലവ്, ഇമ്പ്ലാൻറ് ചെലവ്, ഭക്ഷണ ചെലവ്ആശുപത്രിയിൽ  ശസ്ത്രക്രിയക്കായി അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പും, പിമ്പുമുള്ള 15 ദിവസങ്ങളിലെ  മെഡിക്കൽ, ലബോറട്ടറി ചെലവ്  എന്നിവയും പരിരക്ഷയിൽ ലഭിക്കും എന്നാണ് സർക്കാർ  ഉത്തരവിൽ പറയുന്നത് . എന്നാൽ   1000  രൂപ മുതൽ പരമാവധി 2000  രൂപവരെ മാത്രമേ  മുറി വാടകയിനത്തിൽ  ലഭിക്കുകയുള്ളു.  12  മാരക രോഗങ്ങൾക്കും,അവയവ മാറ്റ ശസ്ത്രക്രിയകൾക്കും 35  കോടി രൂപയുടെ  ബഫർ    ഫണ്ട് സ്വരൂപിച്ച് , അതിൽനിന്നും ചെലവ് വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു.

പോക്കറ്റടി ഇങ്ങനെയും 

         സർക്കാരിന് ഒരു രൂപയുടെ പോലും ചെലവ്  ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്നില്ല. സംസ്ഥാനത്തെ സർക്കാർ എയിഡഡ് സ്കൂൾ/കോളേജ്, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ 6.50  ലക്ഷം ജീവനക്കാരും,  5.50  ലക്ഷം വിരമിച്ച ജീവനക്കാരും കൂടെ മൊത്തം 12  ലക്ഷം പേർക്കാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇവരുടെ ശമ്പളം/പെൻഷൻ ഇനത്തിൽ  പ്രതിമാസം 500  രൂപവച്ചു ഏകപക്ഷീയമായി സർക്കാർ കുറവുവരുത്തുകയാണ്.  അതിലൂടെ  720 കോടി രൂപയാണ്  സർക്കാരിന് ലഭിക്കുന്നത്.ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം തുകയായ 4600 രൂപയും അതിൻറ്റെ  18 ശതമാനം ജി എസ്‌ ടി യും  ചേർത്ത് 5664 രൂപയാണ്  സർക്കാർ  ഈടാക്കുന്നത്. ജിഎസ്‌ടി യുടെ 9  ശതമാനം കേന്ദ്രസർക്കാരിനും ൯ശതമാനം സംസ്ഥാനസറിനുമാണ് ലഭിക്കുന്നത്.    അതിനുപുറമെ  ഓരോ  ജീവനക്കാർ/വിരമിച്ചവർ  എന്നിവരിൽ നിന്നും 336  രൂപ ബഫർ ഫണ്ട് എന്ന പേരിലും, സർക്കാർ വർഷംതോറും  ഈടാക്കുകയാണ്..  ഇതിലൂടെ  സർക്കാരിന് 270.32 കോടി രൂപയാണ്പ്രതിവർഷം  ഒരു പൈസ പോലും ചെലവഴിക്കാതെലഭിക്കുന്നത്.  അതിനുപുറമെ നേരത്തെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് , പലിശയില്ലാത്ത മെഡിക്കൽ അഡ്വാൻസ് എന്നീ ഇനങ്ങളിൽ ഓരോ വർഷവും  സർക്കാർ ചെലവഴിച്ചുകൊണ്ടിരുന്ന  50  കോടിയോളം രൂപ     ലാഭിക്കുകയും ചെയ്യുന്നു. എല്ലാംകൊണ്ടും സർക്കാരിന് ലാഭം മാത്രമേ ഉണ്ടാകുന്നുള്ളൂ. 

       സർക്കാർ ഇപ്പോൾ നടപ്പിലാക്കിയ   ഇൻഷുറൻസ് പദ്ധതിയുടെ പ്രധാന ന്യുനത സർക്കാരിൻറ്റെ   ഓഹരി ഇതിൽ ഇല്ലായെന്നതാണ്.  ജീവനക്കാർക്കായുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി  ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്ന്   പഞ്ചാബ് സർക്കാരായിരുന്നു. 2015 സെപ്‌റ്റംബർ മാസത്തിലാണ് അവിടെ ഈ പദ്ധതി നടപ്പിലാക്കിയത്. മെഡിക്കൽ റീഇമ്പേർഷ്മെൻറ്  സ്കീം നിർത്തലാക്കിയിട്ടാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. ജീവനക്കാരിൽ നിന്നും ഒരു രൂപ പോലും പിടിക്കാതെ  പ്രീമിയം തുകയായ 250  രൂപ, സർക്കാരാണ് വഹിച്ചത്.  മൂന്നുലക്ഷം രൂപയായിരുന്നു ഇൻഷുറൻസ് പരിരക്ഷ.

കേരളത്തിലെ പദ്ധതിയുടെ മറ്റൊരു പ്രധാന ന്യുനത, ഭാര്യയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ അല്ലെങ്കിൽ രണ്ടുപേരും സർക്കാർ സർവീസിൽ  നിന്നും വിരമിച്ചവരാണെങ്കിൽ,   രണ്ടുപേരുടെയും മാസ ശമ്പളത്തിൽ/പെൻഷൻ തുകയിൽ നിന്നും  നിര്ബന്ധമായി 500  രൂപ ട്രഷറിയിൽ നിന്നുതന്നെ മാറ്റുകയാണ് എന്നതാണ്.ഒരു കുടുംബത്തിൽ രണ്ടുപേർ വിരമിച്ച ജീവനക്കാരും, രണ്ടു പേര് സർവീസിൽ  ഉള്ളവരാണെങ്കിൽ, 2000  രൂപയാണ് അവരിൽ നിന്നും ഈടാക്കുക. ആശ്രിതരുടെ എണ്ണത്തിലോഇൻഷുറൻസ് പരിരക്ഷയായ ലക്ഷം രൂപയെന്ന പരിധിക്കോ യാതൊരു വ്യത്യാസവും വരുത്തുന്നുമില്ല. ഈ പദ്ധതിയിൽ ചേരാനോ, ചേരാതിരിക്കാനോയുള്ള  ഓപ്ഷനും  നൽകിയിട്ടില്ല.

പ്രധാന ആശുപത്രികളുടെ  നിസ്സഹകരണം  

         പ്രധാനപ്പെട്ട   ആശുപത്രികളെ  ഈ പദ്ധതിയുമായി സഹകരിപ്പിക്കുന്നതിൽ  സർക്കാർ പരാജയപ്പെട്ടു . സർക്കാർ നിയന്ത്രണത്തിലുള്ള  ആർ.സി സി , കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ശ്രീ ചിത്തിര തിരുനാൾ  മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവയോ, ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാർ ജോലി ചെയ്യുന്ന,   തലസ്ഥാന നഗരത്തിലെ  കിംസ്,അനന്തപുരി,എസ്‌.യു.ടികോസ്മോ  തുടങ്ങിയ  പ്രശസ്ത  ആശുപതികൾ  പോലും   ഈ പദ്ധതിയുടെ  ഭാഗമല്ല.  മാത്രമല്ല  സർക്കാർ പ്രസിദ്ധികരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികളിൽ പോലും നടത്തുന്ന എല്ലാ ചികിത്സയ്ക്കും പരിരക്ഷ ഇല്ലായെന്ന് ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുമുണ്ട്.  അതുപോലെ വിരമിച്ച ജീവനക്കാർ  ആശ്രയിക്കുന്ന ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സകളൊന്നും ഈ പദ്ധതിയുടെ  പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.  വിരമിച്ച ജീവനക്കാരെ സംബന്ധിച്ചാണെങ്കിൽ, അവരുടെ ജീവിത പങ്കാളിയും ശാരീരിക,മാനസിക വെല്ലുവിളി നേരിടുന്ന മക്കളും മാത്രമേ പദ്ധതിയുടെ കീഴിൽ വരുന്നുള്ളു.  ആശ്രിതരായ മറ്റു മക്കളും, മാതാപിതാക്കളും പദ്ധതിക്ക് പുറത്താണ്. ജീവനക്കാരുടേതുപോലെതന്നെ 500 രൂപയാണ് പെൻഷൻകാരുടെ മാസ പെന്ഷനിലൽ  നിന്നും പ്രീമിയം ആയി  പിടിക്കുന്നത്.  എന്നിട്ടാണ് ഈ വിവേചനം  അവരോടു കാണിക്കുന്നത്.

പങ്കാളിത്ത  പെൻഷനിൽ ഉൾപ്പെട്ടവരോട് വലിയ നെറികേടാണ്  സർക്കാർ കാണിക്കുന്നത്.എൻ.പി.എസ്  പെൻഷൻകാർ  മെഡിസിപ്പിൽ അംഗമാകണമെങ്കിൽ  മൂന്നു വർഷത്തെ പ്രീമിയം തുകയായ 18000  രൂപ  ഒറ്റ തവണയായി അടക്കണം.  തികച്ചും വിവേചനപരമായ നടപടിയാണിത്.

ഇങ്ങനെയുള്ള പോരായ്മകൾ നിരവധിയാണ്.  ഇവയൊക്കെ പരിഹരിച്ച്   ജീവനക്കാർക്കും, വിരമിച്ച ജീവനക്കാർക്കും പ്രയോജനകരമായ രീതിയിൽ ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. പ്രീമിയം തുക കുറയ്ക്കുകയോ അല്ലെങ്കിൽ, അതിൻറ്റെ  പകുതിയെങ്കിലും സർക്കാർ വഹിക്കുകയും ചെയ്യണം.  ഒപ്പം സംസ്ഥാന സർക്കാരിന്റെ ജിഎസ്‌ടി വിഹിതമായ 9 ശതമാനം സർക്കാറിന്  വേണ്ടെന്നുവച്  ജീവനക്കാരോടുള്ള  പ്രതിബദ്ധത കാണിക്കാം. അങ്ങനെ ഒന്നും ചെയ്യാൻ തയ്യാറാകുന്നില്ലെങ്കിൽ,    സറണ്ടർ, ക്ഷാമബത്ത, എച്ബിഎ തുടങ്ങിയ കാര്യങ്ങളിൽ ചെയ്തപോലെ , ജീവനക്കാരുടെ പോക്കറ്റടിക്കാനുള്ള    മറ്റൊരു  പദ്ധതി മാത്രമായി ഇത് മാറും  എന്ന കാര്യത്തിൽ സംശയമില്ല.

പി.എസ് .ശ്രീകുമാർ 

9847173177 

[ഓഫീസർസ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെല്ലിൻറ്റെ  സംസ്ഥാന കൺവീനറും, കേരള സെക്രട്ടേറിയറ്റ് അസ്സോസിയേഷൻറ്റെ  മുൻ പ്രസിഡണ്ടുമാണ്‌  ലേഖകൻ]

Saturday, 9 July 2022

                          ഷിൻസോ ആബെ : ജപ്പാൻ സംഭാവന ചെയ്ത വിശ്വപൗരൻ 

പി.എസ് .ശ്രീകുമാർ 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ആഗോള നയതന്ത്ര രംഗത്ത് ജപ്പാൻ  സംഭാവന ചെയ്ത  മഹത്തായ  വ്യക്തിത്വമാണ്  കഴിഞ്ഞ ദിവസം ഒരു അക്രമിയുടെ വെടിയേറ്റ്  മരിച്ച  മുൻ  പ്രധാനമന്ത്രിയായ  ഷിൻസോ ആബെ .  നേതാക്കൾ വന്നും പോയും ഇരിക്കുന്ന ജപ്പാനിലെ രാഷ്ട്രീയ നഭസ്സിൽ,   എട്ടു  വര്ഷം പ്രധാനമന്ത്രി കസേരയിൽ ഇരിക്കുകയെന്നത്  നിസ്സാരമല്ല.  ആബേക്കു മുമ്പുള്ള പ്രധാനമന്ത്രിമാർ സമ്പത്‌വ്യവസ്ഥ  പുഷ്ടിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രികരിച്ചപ്പോൾ, ആബെ  വിദേശനയത്തിനും സമ്പത്‌വ്യവസ്ഥക്കും  തുല്യ പ്രാധാന്യമാണ് നൽകിയത്.  ഒരു പക്ഷെ,വിദേശനയത്തിനു തെല്ലു മുൻഗണന  അദ്ദേഹം നൽകിയിരുന്നു  എന്നതാണ് വാസ്തവം.

ക്വാഡിൻറ്റെ  ഉപജ്ഞാതാവ് 

മുത്തച്ഛൻ പ്രധാനമന്ത്രിയും, അച്ഛൻ വിദേശകാര്യമന്ത്രിയുമായിരുന്ന  ഒരു കുടുംബത്തിൽ പിറന്നു വീണ അദ്ദേഹം  നയതന്ത്ര രംഗത്ത് ശോഭിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. ആദ്യമായി അദ്ദേഹം പ്രധാന മന്ത്രിയാകുന്നത് 2006  ൽ ആയിരുന്നു, ചൈനയുടെ  സാമ്രാജ്യത്വ മോഹങ്ങൾക്കെതിരെ  ഏഷ്യയിലെ  മറ്റൊരു  വൻശക്തിയായ   ഇന്ത്യയുമായി  ഉള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന്  അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു.  ദക്ഷിണ ചൈന സമുദ്ര മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന   ചൈനയുടെ ഏകപക്ഷീയമായ  നയങ്ങളോട്  വിയോജിപ്പുള്ള  അദ്ദേഹം,  ഇന്ത്യയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങൾ   സുരക്ഷാ രംഗത്തേക്കും വ്യാപിപ്പിക്കണമെന്നും   ആഗ്രഹിച്ചു. അതിനായി  ഇൻഡോ-പസിഫിക് മേഖലയിലെ ജനാധിപത്യ രാജ്യങ്ങൾ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കേണ്ട  ആവശ്യകത  മനസ്സിലാക്കിയാണ്  ഇൻഡോ-പസിഫിക് മേഖലയിലെ പ്രധാന  ജനാധിപത്യ രാജ്യങ്ങളായ  അമേരിക്ക,ഇന്ത്യ,ഓസ്ട്രേലിയ  എന്നീ രാജ്യങ്ങളെ കൂട്ടി ഒരു ചതുർ രാഷ്‌ട്ര  കൂട്ടായ്മയായ " ക്വാഡ്" എന്ന ആശയം  അദ്ദേഹം  അവതരിപ്പിച്ചത്,  ഈ ആശയം മൂർത്തഭാവം വെക്കുന്നതിനു മുമ്പ് തന്നെ അമേരിക്കയും, ഇന്ത്യയും, ജപ്പാനും യോജിച്ചു  മലബാർ എക്സർസൈസ് എന്ന പേരിൽ  നാവിക സേനകളുടെ യോജിച്ച  പ്രകടനം നടത്തിയിരുന്നു .   ക്വാഡ്  കൂട്ടായ്മയുടെ  ആദ്യ യോഗം  2007 ൽ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ  വച്ച്   കൂടി,  അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ ,മൻമോഹൻസിംഗ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജോൺ  ഹൊവാഡ്, അമേരിക്കൻ വൈസ്-പ്രസിഡന്റ് ഡിക്ക് ചീനി എന്നിവരാണ്  ആബെയോടൊപ്പം ചർച്ചയിൽ പങ്കെടുത്ത്  സുരക്ഷാ  സഹകരണം മെച്ചപ്പെടുത്തുവാൻ തീരുമാനിച്ചത്. ക്വാഡിൻറ്റെ  യഥാർത്ഥ ശിൽപ്പി  ഷിൻസോ ആബെയാണ്.    ഈ കൂട്ടായ്മയെ  ഒരു ഏഷ്യൻ നാറ്റോ സഖ്യമായി ചൈന ചിത്രീകരിക്കുകയും അതിനെതിരെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  2007 ആഗസ്റ്റിൽ  അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലയിൽ  ആദ്യമായി ഇന്ത്യയിൽ വന്നു.    ഡോ ,മൻമോഹൻസിങ്ങുമായി  ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി നിരവധി കരാറുകളാണ് ഒപ്പുവച്ചത്. മാത്രമല്ല,  അന്ന്  അദ്ദേഹം   നമ്മുടെ പാർലമെന്റിനെ  അഭിസംബോധന ചെയ്തു  പ്രസംഗിക്കുകയും ചെയ്തു. ഇന്ത്യയും ജപ്പാനുമായുള്ള അടുത്ത ബന്ധത്തെ  "രണ്ട് മഹാസമുദ്രങ്ങളുടെ സംഗമം " [Confluence of two seas] എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.   തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്  പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം, 2012 ലെ തെരഞ്ഞെടുപ്പിലൂടെ ശക്തമായ ഒരു തിരിച്ചുവരവാണ് നടത്തിയത്.  അന്ന് മുതൽ  2020  ഓഗസ്റ്റിൽ,  ആരോഗ്യപരമായ കാരണങ്ങളാൽ രാജിവക്കുന്നതുവരെയുള്ള  എട്ടു  വർഷ കാലയളവിൽ,   ജനാധിപത്യ രാജ്യങ്ങളുടെ  സഹകരണത്തിനും, സാമ്പത്തിക ഉന്നമനത്തിനും വളരെ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്.

സമാധാനത്തിൽ ഊന്നിയുള്ള നയം 

അദ്ദേഹം 2012 ൽ   വീണ്ടും പ്രധാനമന്ത്രിയാകുന്നതിനു തൊട്ടുമുമ്പാണ്  ചൈനയുമായി തർക്കമുണ്ടായിരുന്ന  സെൻകാകു ദ്വീപ്   രാഷ്ട്രത്തിൻറ്റെ  സ്വത്തായി  ജപ്പാൻ  പ്രഖ്യാപിച്ചത്.  അതോടെ ചൈന, ജപ്പാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു.  ചൈനയുടെ പല നടപടികളോടും എതിർപ്പുണ്ടായിരുന്ന   ആബെ, വീണ്ടും പ്രധാനമന്ത്രിയായ ശേഷം ചൈനയുമായുള്ള സാമ്പത്തിക, വാണിജ്യ സഹകരണം  മെച്ചപ്പെടുത്തുവാൻ ശ്രമിച്ചു.  ഏഷ്യ-പസിഫിക് മേഖലയിലെ  രാജ്യങ്ങളുടെ കൂട്ടായ്മയായ  അപ്പക്കിന്റ്റെ [ഏഷ്യ-പസിഫിക് ഇക്കണോമിക്  കോ-ഒപ്പറേഷന്] സമ്മേളനം ചൈനയിൽ വച്ച് നടന്നപ്പോൾ  അദ്ദേഹം അതിൽ നേരിട്ട് പങ്കെടുക്കുകയും ചൈനയുടെ പ്രസിഡന്റായ  ഷി ജിൻപിങ്ങുമായി  നേരിൽ കണ്ടു  സഹകരണം മെച്ചപ്പെടുത്തുവാൻ  തീരുമാനിക്കുകയും ചെയ്തു.  അപ്പോഴും, ദക്ഷിണ ചൈന മേഖലയിൽ  ചൈന സ്വീകരിക്കുന്ന ഏകപക്ഷീയമായ നടപടികളെ അദ്ദേഹം ശക്തിയുക്തം എതിർത്തിരുന്നു. ആഗോള രംഗത്ത് സമാധാനം നിലനിർത്തിക്കൊണ്ടു  സാമ്പത്തിക പുരോഗതിയിലേക്ക്  നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം.

ട്രാൻസ്വി പസിഫിക് ഉടമ്പടി  യാഥാർഥ്യമാക്കി 

വിദേശ രംഗത്തുള്ള ആദ്ദേഹത്തിന്റെ  മറ്റൊരു പ്രധാന സംഭാവന  ട്രാൻസ്-പസിഫിക്- പാർട്ണർഷിപ്‌ [TPP ] യാഥാർഥ്യമാക്കുന്നതിലായിരുന്നു.  അമേരിക്കയുടെ പ്രസിഡണ്ട്  ആയിരുന്ന ബരാക്ക് ഒബാമയുടെ ആശയമായിരുന്നു  ടി.പി.പി.  പസിഫിക് സമുദ്രമേഖലയിലെ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വാണിജ്യ-സാമ്പത്തിക ഉടമ്പടി ഒപ്പുവെക്കുകയായിരുന്നു ഇതിന്റെ ലക്‌ഷ്യം.  എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ  ഉടമ്പടി ഒപ്പുവെക്കുന്നതിൽ നിന്നും അമേരിക്ക പിന്മാറി. ഈ ആശയത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന ആബെ, അമേരിക്ക ഒഴിച്ചുള്ള രാജ്യങ്ങളെ  സംഘടിപ്പിച്ചുകൊണ്ട്‌  മുന്നോട്ടുപോയി.  അങ്ങിനെയാണ്, ജപ്പാൻ, ഓസ്ട്രേലിയ, ബ്രൂണെ, കാനഡ, ചിലി, മലേഷ്യ,മെക്സിക്കോ, പെറു , ന്യൂസിലാൻഡ്, സിംഗപ്പൂർ, വിയറ്റ്നാം  എന്നീ രാജ്യങ്ങളെ ഒരു മേശക്കു ചുറ്റുമിരുത്തി  2018  മാർച്ചിൽ  കൊമ്പ്രീഹെൻസീവ്  ആൻഡ് പ്രോഗ്രസ്സിവ്  എഗ്രിമെന്റ് ഫോർ ട്രാൻസ്-പസിഫിക് പാർട്ണർഷിപ്  എന്ന ഉടമ്പടി യാഥാർഥ്യമാക്കിയത് .

 ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ്  എന്ന പേരിൽ  ചൈന വൻകിട സാമ്പത്തിക  സഹായവുമായി മുന്നോട്ടുവന്ന്ഏഷ്യയിലെയും,ആഫ്രിക്കയിലെയും, ലാറ്റിൻ  അമേരിക്കയിലെയും  രാജ്യങ്ങളെ കടക്കെണിയിൽപെടുത്തിയപ്പോൾ  അമേരിക്കയോടും മറ്റു ജനാധിപത്യ രാജ്യങ്ങളോടും ചേർന്ന്  ആ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാൻ  മുന്നോട്ടു വന്നത്  ഷിൻസോ ആബെയായിരുന്നു.

ജപ്പാൻറ്റെ  സമ്പത്‌വ്യവസ്ഥയെ  ശക്തമാക്കുന്നതിനൊപ്പം, മറ്റ്  ജനാധിപത്യ രാജ്യങ്ങളുടെ  വളർച്ചയും, സുരക്ഷയും   ശക്തിപ്പെടുത്തണമെന്ന  ആശയത്തിൽ    ഊന്നിയുള്ള    നയമാണ്  അദ്ദേഹത്തിന്റെ  വിദേശനയത്തിന്റെ  അടിസ്ഥാന ശില.

പി.എസ് .ശ്രീകുമാർ 

9847173177 















{  

 

Saturday, 18 June 2022


                               മോദി  സർക്കാർ വരുത്തിവച്ച വിന 


അഡ്വ .പി എസ്  ശ്രീകുമാർ   



ഇന്ത്യയുടെ ഭരണ ഘടനയുടെ ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുള്ളത്  നാമൊരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് ആയിരിക്കുമെന്നും  പൗരന്മാരുടെ ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യം ഉറപ്പു നൽകും,എന്നുമാണ്.ഭരണഘടനയിലെ ഈ അടിസ്ഥാന തത്വങ്ങൾക്ക് കടക വിരുദ്ധമായ പ്രവർത്തികളാണ്  കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന  ബി ജെ പി , അധികാരത്തിലേറിയ നാൾ മുതൽ ചെയ്തുകൊണ്ടിരിക്കുന്നത്.  ബി ജെ പി യുടെ  ഉന്നത പദവിയിൽ ഇരിക്കുന്നവർ തുടങ്ങി താഴെ തട്ടിലുള്ള പ്രവർത്തകർവരെ സാമുദായിക സൗഹൃദവും, സാഹോദര്യവും തകർക്കുന്ന രീതിയിലുള്ള  വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും നടത്തി  രാജ്യത്ത്  സാമുദായിക  സ്പർദ്ധ ഊട്ടിവളർത്തുവാനും അതുവഴി  സാമുദായിക കലാപങ്ങൾ   ഉണ്ടാക്കുവാനും വഴിതെളിക്കുകയാണ്.  ഇതിൻറ്റെ  ഏറ്റവും ഒടുവിലത്തെ  ഉദാഹരണമാണ്  ഒരു ദേശിയ ചാനലിൻറ്റെ  ചർച്ചയിൽ പങ്കെടുത്തുകൊണ്ട്  പാർട്ടിയുടെ ഔദ്യോഗിക വക്താവായ നൂപുർ  ശർമ്മ  പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ,   ഏതാനും ദിവസങ്ങൾക്ക്  മുമ്പ്  പറഞ്ഞതും, ഡൽഹിയിലെ  ബി ജെ പി  മാധ്യമ  വിഭാഗം മേധാവി  അതേറ്റുപിടിച്‌ച്‌   പ്രസ്താവിച്ചതും.

അനാവശ്യവിവാദങ്ങൾ  

ബനാറസിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട്    തീവ്ര ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന  ചില ആളുകൾ കഴിഞ്ഞ കുറെ നാളുകളായി  അനാവശ്യമായ ഒച്ചപ്പാടുകളാണ്  ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നതു.  നീതീകരണമില്ലാത്ത തങ്ങളുടെ നിലപാടുകൾക്ക്  നിയമ പരിരക്ഷ ലഭിക്കുമോ എന്നുള്ള പരീക്ഷണത്തിൻറ്റെ  ഭാഗമായാണ്  വിവിധ കോടതികളിൽ മാറി മാറി കേസുമായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്  ഒരു ദേശിയ ചാനലിൽ നടന്ന ചർച്ചയിലാണ്  നൂപുർ  ശർമ്മ  വിവാദ പ്രസ്താവന നടത്തിയത്.    ചാനലിലെ  അവരുടെ  പ്രസ്താവനക്കെതിരെ , മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകൻ    ട്വിറ്ററിൽ  വീഡിയോ ക്ലിപ്പിംഗ്  സഹിതം  പങ്കുവച്ചതോടെയാണ്  ഇത് ശ്രദ്ധിക്കപ്പെട്ടത്.   ഇതിൻറ്റെ  തുടർച്ചയായി,  ഡൽഹി സംസ്ഥാന ബി ജെ പി മീഡിയ തലവൻ  നബിവിരുദ്ധ പരാമർശങ്ങൾ  ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ്  രാജ്യത്തിനകത്തും   ഇത് ചർച്ചാവിഷയവും, വിവാദവുമായത് .    ജൂൺ  3 നു കാൺപൂരിൽ കലാപം ഉണ്ടായി.  പിന്നീട്  രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉടലെടുത്തു. മഹാരാഷ്ട്ര പോലീസും, ഹൈദരാബാദ് പോലീസും നൂപുർ  ശർമക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ  ചെയ്തിട്ട് പോലും, ബി ജെ പി  ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല .

ഇന്ത്യയുടെ സൽപ്പേരിനു കളങ്കമാകുന്നു 

 രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ  സാമുദായിക കലാപം  ഉണ്ടായതോടെയാണ്,   അറബ് മാധ്യമ ലോകം വലിയ പ്രാധാന്യത്തോടെ ഈ വിഷയം  പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് .   ഈ  പ്രശ്‍നം   ഒമാനിലെ  മതമേധാവിയായ    അഹ്മദ്  അൽ ഖലീലി   ഇസ്ലാമിനെതിരെയുള്ള   കടന്നു കയറ്റമാണെന്നു    ആരോപിച്ചതോടെ മറ്റു ഇസ്ലാമിക  രാഷ്ട്രങ്ങളും  ഇതിനെ അപലപിക്കുകയും, മോദി  സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഖത്തർ,  ഒമാൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, മൊറോക്കോ, മാലി, ഇന്തോനേഷ്യ,ജോർദാൻ, ലിബിയ, അഫ്ഘാനിസ്ഥാൻ  തുടങ്ങിയ രാജ്യങ്ങളും  ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ   ഒ ഐ സി യും   ഇതിനെ ശക്തിയായി അപലപിച്ചു.   ഗൾഫ് രാജ്യങ്ങൾ നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ,  സാമ്പത്തികമായി തകർന്ന് , വിശ്വാസ്യത നഷ്ടപ്പെട്ട് ,  ഗൾഫ് രാജ്യങ്ങൾപോലും കൈവിട്ട,  പാകിസ്ഥാൻ  എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇന്ത്യക്കെതിരെ  സടകുടഞ്ഞു  എഴുനേറ്റ്  ഐക്യ രാഷ്ട്ര സഭ ഉൾപ്പെയുള്ള വേദികളിൽ   പ്രശ്‍നം  അവതരിപ്പിക്കാനുള്ള ശ്രമം നടത്തി.  ഇന്ത്യയുമായി  നൂറ്റാണ്ടുകളായി  അടുതബന്ധം പുലർത്തുന്ന   ഗൾഫ് രാജ്യങ്ങൾപോലും  ഈ പ്രസ്താവനകളെ  തള്ളിപ്പറഞ്ഞപ്പോൾ മാത്രമാണ്   നൂപുർ  ശർമയെ സസ്‌പെൻഡ് ചെയ്യാനും, നവീൻ  ജിൻഡാലിനെ  പുറത്താക്കാനും  ബി ജെ പി നേതൃത്വം  നിർബന്ധിതമായത് . 

നൂപുർ  ശർമ്മയുടെയും , നവീൻ ജിൻഡാളിൻറ്റെയും    ഇസ്ലാമിക വിരുദ്ധ പ്രസ്താവനക്കെതിരെ   ദേശീയ തലത്തിൽ ശക്തമായി പ്രതികരിച്ചത്  രാഹുൽ ഗാന്ധിയായിരുന്നു.  അതിനുശേഷമാണ്  സി പി എം ഉൾപ്പെടെയുള്ള  മറ്റ്  രാഷ്ട്രീയ പാർട്ടികൾ  പ്രസ്താവനകളുമായി  വന്നത്.  ഗൾഫ് രാജ്യങ്ങൾ ഈ പ്രസ്താവനകളെ തള്ളി പറയുകയും, ഇന്ത്യ മാപ്പുപറയണമെന്ന്  ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ്   ബി ജെ പി തങ്ങളുടെ ഔദ്യോഗിക വക്താക്കൾക്കെതിരെ  നടപടിയെടുക്കാൻ തയ്യാറായത്.  ഈ പ്രസ്താവനകൾ വന്നപ്പോൾ തന്നെ അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ , അന്തർദേശിയ തലത്തിൽ  ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടാകുമായിരുന്നില്ലായെന്നുമാത്രമല്ല,  ഈ പ്രശ്നത്തിന്റെ പേരിൽ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മത കലഹങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.  രാജ്യത്തെ എല്ലാ പൗരന്മാരെയും ഉൾക്കൊള്ളാൻ  തയ്യാറാകാത്ത  ബി ജെ പി ക്ഷണിച്ചുവരുത്തിയ പ്രതിസന്ധിയാണ്  ഇന്ന് നമ്മുടെ രാജ്യം നേരിടുന്നത്. ബാബരി മസ്ജിദ് പ്രശ്‍നം  സുപ്രീം കോടതിയുടെ വിധിയോടെ, ആറിത്തണുത്തപ്പോൾ, ഗ്യാൻവാപി മസ്‌ജിദ് ,  മധുര, ശ്രീരംഗപട്ടണം  തുടങ്ങിയ സ്ഥലങ്ങളിൽ  സംഘർഷ സാദ്ധ്യതകൾ കുത്തിപ്പൊക്കാൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിക്കുന്നത് വിധ്വംസക ശക്തികൾക്ക് ഊർജം പകരുന്നതാണ്.   ഇപ്പോഴത്തെ അനുഭവം ഒരു പാഠമായിക്കണ്ട്  ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്ന രീതിയിൽ,  അണികളെയും, നേതാക്കളെയും നിലക്കുനിർത്താനുള്ള നടപടികൾ  മോദി  സർക്കാരും,  ബി ജെ പിയും   അടിയന്തിരമായി  കൈക്കൊള്ളണം.

പി.എസ് .ശ്രീകുമാർ 

9847173177 

 








  വിദേശകാര്യ വകുപ്പിന്   തലവേദനയായി  ആഭ്യന്തര പ്രശ്നങ്ങൾ

പി.എസ് .ശ്രീകുമാർ  

ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്    വെല്ലുവിളികൾ നേരിടുന്ന  ഒരു ഘട്ടത്തിലൂടെയാണ്    കടന്നുപോകുന്നത്. യുക്രൈനിനെതിരെയുള്ള  റഷ്യയുടെ യുദ്ധവും അതുയർത്തിയ പ്രശ്നങ്ങളെയും, നമ്മുടെ ദേശീയ  താത്പര്യത്തിൻറ്റെ  മറവിൽ നാം അതിജീവിച്ചു. എന്നാൽ,  നമ്മുടെ വിദേശനയവുമായി ബന്ധമില്ലാത്തതും, തികച്ചും ആഭ്യന്തരവുമായ  ഒരു പ്രശ്നമാണ്  ഒരു  ആശങ്കയായി  പുതിയതായി വന്നത്.    ഒരു ദേശിയ ചാനലിൻറ്റെ  ചർച്ചയിൽ പങ്കെടുത്തുകൊണ്ട്   ബി ജെ പിയുടെ   ഔദ്യോഗിക വക്താവായ  നൂപുർ  ശർമ്മ,  പ്രവാചകനായ മുഹമ്മദ് നബിയേക്കുറിച്ചു ,       പറഞ്ഞതും, ഡൽഹിയിലെ  ബി ജെ പി  മാധ്യമ  വിഭാഗം മേധാവി  അതേറ്റുപിടിച്‌ച്‌    സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചതുമാണ്  തീയണക്കുന്ന  ഗൗരവത്തോടെ    വിദേശകാര്യ വകുപ്പ്  സജീവമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. 

നമ്മളുമായി നൂറ്റാണ്ടുകളായി   അടുത്ത  ബന്ധം പുലർത്തുന്ന ഗൾഫ് മേഖലയിലെ  രാജ്യങ്ങൾ  ഉൾപ്പെട്ട ,  57   ഇസ്ലാമിക  രാജ്യങ്ങളുടെ കൂട്ടായ്‌മയായ  ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്  കോ-ഓപ്പറേഷനും ,      ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു .  ഖത്തർ, കുവൈറ്റ്, ഒമാൻ,  പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തിയാണ്  പ്രതിഷേധം അറിയിച്ചത്.    കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ,   നമ്മുടെ   വിദേശകാര്യ വകുപ്പ്   നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ബി ജെ പി യുടെ  ഉന്നത പദവിയിൽ ഇരിക്കുന്നവർ തുടങ്ങി താഴെ തട്ടിലുള്ള പ്രവർത്തകർവരെ സാമുദായിക സൗഹൃദവും, സാഹോദര്യവും തകർക്കുന്ന രീതിയിലുള്ള  വിദ്വേഷ പ്രസംഗങ്ങളും, പ്രസ്താവനകളും നടത്തി  രാജ്യത്ത്  സാമുദായിക  സ്പർദ്ധ ഊട്ടിവളർത്തുവാനും അതുവഴി  സാമുദായിക കലാപങ്ങൾ   ഉണ്ടാക്കുവാനും വഴിതെളിക്കുകയാണ്. 

അനാവശ്യവിവാദങ്ങൾ  

ബനാറസിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട്    തീവ്ര ഹിന്ദുത്വ നിലപാട് കൈക്കൊള്ളുന്ന  ചില ആളുകൾ കഴിഞ്ഞ കുറെ നാളുകളായി  അനാവശ്യമായ ഒച്ചപ്പാടുകളാണ്  ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നതു.  നീതീകരണമില്ലാത്ത തങ്ങളുടെ നിലപാടുകൾക്ക്  നിയമ പരിരക്ഷ ലഭിക്കുമോ എന്നുള്ള പരീക്ഷണത്തിൻറ്റെ  ഭാഗമായാണ്  വിവിധ കോടതികളിൽ മാറി മാറി കേസുമായി നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്   ടൈംസ് നൗ  ചാനലിൽ നടന്ന ചർച്ചയിലാണ്  നൂപുർ  ശർമ്മ  വിവാദ പ്രസ്താവന നടത്തിയത്.  ചാനൽ ചർച്ചയിൽ പങ്കെടുത്ത  മറ്റൊരു പാനലിസ്റ്റ്   ഹിന്ദു ദൈവങ്ങൾക്കെതിരെ നടത്തിയ ആക്ഷേപങ്ങളാണ്  പ്രകോപിപ്പിച്ചതെന്നു  അവർ  അവകാശപ്പെടുന്നതെങ്കിലും, ഒരു തെറ്റിനെ സാധൂകരിക്കാൻ മറ്റൊരു തെറ്റ് ചെയ്യുന്നതുപോലെയായിപ്പോയി.    ചാനലിൽ  മുഹമ്മദ് നബിയുമായി  ബന്ധപ്പെട്ട      ആരോപണങ്ങൾക്കെതിരെ  , മുഹമ്മദ് സുബൈർ എന്ന മാധ്യമ പ്രവർത്തകൻ    ട്വിറ്ററിൽ  വീഡിയോ ക്ലിപ്പിംഗ്  സഹിതം  പങ്കുവച്ചതോടെയാണ്  ഇത് ശ്രദ്ധിക്കപ്പെട്ടത്.   ഇതിൻറ്റെ  തുടർച്ചയായി,  ഡൽഹി സംസ്ഥാന ബി ജെ പി മീഡിയ തലവൻ ,  നബിവിരുദ്ധ പരാമർശങ്ങൾ  ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ്   രാജ്യത്തിനകത്ത്    ഇത് ചർച്ചാവിഷയവും, വിവാദവുമായത് . തുടർന്ന് ,    ജൂൺ  3 നു കാൺപൂരിൽ കലാപം ഉണ്ടായി.  പിന്നീട്  രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ സാമുദായിക കലാപം ഉടലെടുത്തു. 

ഇന്ത്യയുടെ സൽപ്പേരിനു കളങ്കമാകുന്നു 

 രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ  സാമുദായിക കലാപം  ഉണ്ടായതോടെയാണ്,   അറബ് മാധ്യമ ലോകം വലിയ പ്രാധാന്യത്തോടെ ഈ വിഷയം  പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് .   ഈ  പ്രശ്‍നം   ഒമാനിലെ  മതമേധാവിയായ    അഹ്മദ്  അൽ ഖലീലി   ഇസ്ലാമിനെതിരെയുള്ള   കടന്നു കയറ്റമാണെന്നു    ആരോപിച്ചതോടെ മറ്റു ഇസ്ലാമിക  രാഷ്ട്രങ്ങളും  ഇതിനെ അപലപിക്കുകയും, മോദി  സർക്കാർ മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഖത്തർ,  ഒമാൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, മൊറോക്കോ, മാലി, ഇന്തോനേഷ്യ,ജോർദാൻ, ലിബിയ, അഫ്ഘാനിസ്ഥാൻ  തുടങ്ങിയ രാജ്യങ്ങളും  ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ   ഒ ഐ സി യും   ഇതിനെ ശക്തിയായി അപലപിച്ചു.   ഗൾഫ് രാജ്യങ്ങൾ നബിവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതോടെ,  സാമ്പത്തികമായി തകർന്ന് , വിശ്വാസ്യത നഷ്ടപ്പെട്ട് ,  ഗൾഫ് രാജ്യങ്ങൾപോലും കൈവിട്ട,  പാകിസ്ഥാൻ  എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ഇന്ത്യക്കെതിരെ  സടകുടഞ്ഞു  എഴുനേറ്റ്  ഐക്യ രാഷ്ട്ര സഭ ഉൾപ്പെയുള്ള വേദികളിൽ   പ്രശ്‍നം  അവതരിപ്പിക്കാനുള്ള ശ്രമം നടത്തി.  ഇന്ത്യയുമായി  നൂറ്റാണ്ടുകളായി  അടുത്തബന്ധം പുലർത്തുന്ന   ഗൾഫ് രാജ്യങ്ങൾപോലും  ഈ പ്രസ്താവനകളെ  തള്ളിപ്പറഞ്ഞപ്പോൾ മാത്രമാണ്   നൂപുർ  ശർമയെ സസ്‌പെൻഡ് ചെയ്യാനും, നവീൻ  ജിൻഡാലിനെ  പുറത്താക്കാനും  ബി ജെ പി നേതൃത്വം  നിർബന്ധിതമായത് . 

  ഗൾഫ് രാജ്യങ്ങൾ ഈ പ്രസ്താവനകളെ തള്ളി പറയുകയും, ഇന്ത്യ മാപ്പുപറയണമെന്ന്  ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ്   ബി ജെ പി തങ്ങളുടെ ഔദ്യോഗിക വക്താക്കൾക്കെതിരെ  നടപടിയെടുക്കാൻ തയ്യാറായത്.  ഈ പ്രസ്താവനകൾ വന്നപ്പോൾ തന്നെ അവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ , അന്തർദേശിയ തലത്തിൽ  ഇന്ത്യക്കെതിരെ ഒരു നീക്കം ഉണ്ടാകുമായിരുന്നില്ലായെന്നുമാത്രമല്ല,  ഈ പ്രശ്നത്തിന്റെ പേരിൽ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മത കലഹങ്ങൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.  വൈകി ആണെങ്കിലും നമ്മുടെ വിദേശനയത്തിന്  ഭീഷണിയായ സംഭവം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് നന്നായി.

  

 ബാബരി മസ്ജിദ് പ്രശ്‍നം  സുപ്രീം കോടതിയുടെ വിധിയോടെ, ആറിത്തണുത്തപ്പോൾ, ഗ്യാൻവാപി മസ്‌ജിദ് ,  മധുര, ശ്രീരംഗപട്ടണം  തുടങ്ങിയ സ്ഥലങ്ങളിൽ  സംഘർഷ സാദ്ധ്യതകൾ കുത്തിപ്പൊക്കാൻ ബി ജെ പി നേതാക്കൾ തന്നെ ശ്രമിക്കുന്നത് വിധ്വംസക ശക്തികൾക്ക് ഊർജം പകരുന്നതാണ്.   ഇപ്പോഴത്തെ അനുഭവം ഒരു പാഠമായിക്കണ്ട്  ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്ന രീതിയിൽ,  അണികളെയും, നേതാക്കളെയും നിലക്കുനിർത്താനും, അതുവഴി  എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നൽകുന്ന രാജ്യമെന്ന നമ്മുടെ സൽപ്പേര് നിലനിർത്താനും   കേന്ദ്ര സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

പി.എസ് .ശ്രീകുമാർ 

9847173177 

Saturday, 4 June 2022

തൃക്കാക്കര വിജയം പിണറായി സർക്കാരിന് നൽകിയ പ്രഹരം

  പി.എസ്‌ .ശ്രീകുമാർ 

അർദ്ധ-അതിവേഗ പാതയായ  സിൽവർ ലൈൻ പദ്ധതിക്കായിട്ടുള്ള അതിർത്തി കല്ല് ഇടുന്ന നടപടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെയും,കെ-റെയിൽ കോര്പറേഷൻറ്റെയും  തീരുമാനം ഐക്യ ജനാധിപത്യ മുന്നണിയുടെ  ഒന്നാം ഘട്ട വിജയമായി മാറിയിരിക്കുകയാണ്.ആരെതിർത്താലും   കല്ലിടീലുമായി മുന്നോട്ടുപോകുമെന്ന   സി.പി.എം   നേതാക്കളുടെ  ധാർഷ്ട്യവും, മർക്കട മുഷ്ടിയുമാണ്  ജനങ്ങളുടെ  ജനങ്ങളുടെ ശക്തമായ എതിർപ്പിന് മുന്നിൽ  അടിയറവു പറയേണ്ടിവന്നത്. തർക്കമുള്ള സ്ഥലങ്ങളിൽ കല്ലിനു പകരം ജി.പി.എസ്‌   സാങ്കേതിക  സഹായത്തോടെ ജിയോ - ടാഗിംഗ് നടത്തിയാകും അതിരു നിശ്ചയിക്കുക എന്നാണ് ഇപ്പോൾ പറയുന്നത്.  ഇതും നടപ്പിലാക്കാൻ പോകുന്നില്ല. ജനങ്ങളുടെ വ്യാപകമായ എതിർപ്പിൻറ്റെയും ,  ഐക്യ ജനാധിപത്യ  മുന്നണി  ഉയർത്തിയിട്ടുള്ള  ശക്തമായ  സമരത്തിൻറ്റെയും  പശ്ചാത്തലത്തിൽ, കെ-റെയിൽ പദ്ധതി തന്നെ ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. തൃക്കാക്കരയിലെ ജനങ്ങൾ  അങ്ങിനെയൊരു  മുന്നറിയിപ്പായിരിക്കും, തെരഞ്ഞെടുപ്പിലൂടെ നൽകുക എന്നതിൽ സംശയമില്ല.

കേരളത്തിൻറ്റെ  ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെ  എന്തുവിലകൊടുത്തും  നടപ്പിലാക്കുമെന്ന്, ധിക്കാരത്തോടെ  പിണറായി സർക്കാർ പ്രഖ്യാപിച്ച  കെ -റയിലുമായി ,  ബന്ധപ്പെട്ട ചർച്ച ഉണ്ടാകുമ്പോൾ,  ഇടതു സഹയാത്രികർ  പറയുന്ന ഒരു  കാര്യം,  ഹൈ സ്പീഡ് റെയിൽ  നടപ്പിലാക്കാൻ      ഉമ്മൻ ചാണ്ടി സർക്കാർ   തയ്യാറായില്ലേ  എന്നാണ്.     എന്താണ്   ഇതിന്റ്റെ  യാഥാർഥ്യം?  

ഹൈസ്പീഡ് റെയിൽ  ഇടതുമുന്നണിയുടെ സന്തതി.

 തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വേഗ തീവണ്ടി ഇടനാഴി നിർമിക്കുമെന്ന് പ്രഖ്യാപിച്ചത് , വി.എസ് . അച്യുതാനന്ദൻ സർക്കാരിന്റെ  കാലയളവിലായിരുന്നു.  2009 -2010 ലെ ബജറ്റ്  അവതരിപ്പിച്ചുകൊണ്ട്  ഈ പദ്ധതി പ്രഖ്യാപിച്ചത്  അന്നത്തെ ധന മന്ത്രിയായിരുന്ന  ഡോ . ടി.എം.തോമസ് ഐസക് ആയിരുന്നു.  മാത്രമല്ല,  കേരളാ  ഹൈ സ്പീഡ് റെയിൽ കോർപറേഷൻ  എന്ന പേരിൽ ഒരു കമ്പനി രൂപീകരിക്കാനുള്ള  നടപടികളും അന്നത്തെ അച്യുതാനന്ദൻ സർക്കാർ കൈകൊണ്ടു.   സംസ്ഥാന   സർക്കാർ കൊണ്ടുവന്ന ഒരു വികസന പദ്ധതി മുഖവിലക്കെടുത്തുകൊണ്ടും,  രാഷ്ട്രീയാടിസ്ഥാനത്തിൽ  കാണാതെയുമാണ്   ഐക്യ ജനാധിപത്യ മുന്നണി   എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ  ഉമ്മൻചാണ്ടി സർക്കാർ,  ഈ പദ്ധതി സംബന്ധിച്ച സാധ്യതാപഠനം  നടത്തുവാനായി  2011 ൽ  ശ്രീ. ഈ .ശ്രീധരൻറ്റെ  നേതൃത്വത്തിലുള്ള  ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. 2012 ൽ ഡി എം ആർ സി  നൽകിയ സാധ്യത റിപ്പോർട്ടിലാണ് 560  കി.മീ  നീളത്തിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ,, കോഴിക്കോട്, കണ്ണൂർ എന്നീ  11  സ്റ്റേഷനുകളോടെയുള്ള  വേഗ തീവണ്ടി ഇടനാഴിക്ക്  1,27,000  ലക്ഷം കോടി ചെലവാകുമെന്ന്  റിപ്പോർട്ട് നൽകിയത്.  ഈ സാധ്യത പഠന റിപ്പോർട്ട്, കേന്ദ്രസർക്കാരിന് അയച്ചതിനൊപ്പം,  വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ  ഡി എം ആർ സി യോട് സർക്കാർ ആവശ്യപ്പെട്ടു.  അതേസമയം,  സാധ്യത പഠന റിപ്പോർട്ട്  പൊതുജനങ്ങളുടെ അറിവിനായി  പബ്ലിക് റിലേഷൻസ്  വകുപ്പ്  മുഖേന   പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജന മധ്യത്തിൽ സാധ്യത പഠന റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടപ്പോഴാണ്, വേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ  ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത്.  ജനങ്ങളുടെ എതിർപ്പ് ജനപ്രതിനിധികൾ സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്  വേഗ റെയിൽ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും,  ബദൽ മാര്ഗങ്ങൾ  ആരായാൻ തീരുമാനിക്കുകയും ചെയ്തു.  

എന്താണ് സബർബൻ റെയിൽ  ?

ഹൈസ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.65  കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.   ഇതിനായി, സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  50 :50  അനുപാതത്തിൽ ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

സബർബൻ റയിലിന്റെ , റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ നിവർക്കുവാനും  ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിറ്റെ  ആവശ്യത്തിനായി വേണ്ടിയിരുന്നത്, അന്നത്തെ കണക്കനുസരിച്ചു  300  ഏക്കർ സ്ഥലവും, 10000  കോടി രൂപയുമായിരുന്നു.  അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്. മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ്  120  കി മീ  വേഗതയിൽ  സബർബൻ ട്രെയിനുകൾ ഓടിക്കുവാൻ ലക്ഷ്യമിട്ടിരുന്നത്.  അന്ന് കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന ഡോ . മൻമോഹൻ സിംഗിൻറ്റെ  നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ  ഈ പദ്ധതിക്ക് എല്ലാവിധ സഹായവും നൽകാമെന്ന് വാഗ്ദാനം  ചെയ്തിരുന്നു. 

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റ്ഫോമുകൾ  പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. ന്  1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനായിരം കോടി രൂപയും 300  ഏക്കർ സ്ഥലവും   മാത്രമേ അധികമായി  വേണ്ടിവരികയുണ്ടായിരുന്നുള്ളു .എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു.

പി.എസ് .ശ്രീകുമാർ