Thursday, 19 June 2025

                 നിലമ്പൂർ  തേക്കിൻറ്റെ  കരുത്തുള്ള  ആര്യാടൻ മുഹമ്മദ്

അഡ്വ .പി.എസ് .ശ്രീകുമാർ 

നിലമ്പൂർ തേക്കിൻറ്റെ  കരുത്തും, കാമ്പും ലോകപ്രശസ്തമാണ്.  നിലമ്പൂർ തേക്കിൻറ്റെ  കരുത്തുമുഴുവൻ തന്നിലേക്ക് ആവാഹിച്ച  ജനനേതാവായിരുന്നു  ആര്യാടൻ മുഹമ്മദ്.   ഏതു പ്രതിസന്ധിയേയും  തന്ത്രപൂർവം  നേരിടാനും,  പരിഹരിക്കാനുള്ള  വഴി കണ്ടെത്താൻ അദ്ദേഹത്തോളം  സമർത്ഥനായ  മറ്റൊരു ഭരണാധികാരിയോ നേതാവോ  കേരളാ  രാഷ്ട്രീയത്തിൽ  വിരളമാണ് എന്നത് ഒരു വസ്തുതയാണ് . മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്ഞൻ, ട്രേഡ്  യൂണിയൻ  നേതാവ് തുടങ്ങിയ നിലകളിലെല്ലാം തന്റ്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന്റെ  അഭാവം  നിലമ്പൂർ  നിയമസഭാ മണ്ഡലത്തിന് മാത്രമല്ല  ഏറനാടിനും, സംസ്ഥാനത്തിന് തന്നെയും  സൃഷ്ടിച്ചിട്ടുള്ളത്  നികത്താനാവാത്ത വിടവാണ്. 

1956 ൽ  വണ്ടൂർ ഫർക്കാ  കോൺഗ്രസ് കമ്മിറ്റിയുടെ  ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ  അദ്ദേഹം 1958 ലാണ് , കെ പി സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.  അന്നുമുതൽ അദ്ദേഹത്തിന്റെ മരണമുണ്ടായ 2022 വരെ അദ്ദേഹം കെ പി സി സി അംഗമായി തുടർന്നു . മലപ്പുറം ജില്ലയുടെ പ്രഥമ ഡി സി സി  പ്രസിഡണ്ടും അദ്ദേഹമായിരുന്നു.  പിന്നീടാണ് അദ്ദേഹം ഐ എൻ ടി യു  സി യുടെ  പ്രവർത്തന മേഖലയിലേക്ക് കടന്നത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഐ എൻ ടി യു  സി  യൂണിയൻറ്റെ  പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തോട്ടം തൊഴിലാളി രംഗത്തു     സജീവമായി.  സി.എം.സ്റ്റീഫൻ,  കെ. കരുണാകരൻ എന്നിവരോടൊപ്പം ഐ എൻ ടി യു സിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം  അതിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനവും, ദേശീയ ഭാരവാഹിത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.  തൊഴിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ  ഒരു അഭിഭാഷകനെക്കാൾ വീര്യത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച്  അവ നേടിയെടുക്കുന്നതിൽ അതീവ ശുഷ്‌കാന്തി പുലർത്തിയ നേതാവായിരുന്നു  ആര്യാടൻ മുഹമ്മദ് .അതുപോലെ,  തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ നിയമ ഭേദഗതികൾ, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ എന്നിവ നടപ്പിലാക്കുവാനും  അദ്ദേഹം  തൊഴിൽ മന്ത്രിയായിരുന്നപ്പോൾ മുൻകൈ എടുത്തു

കർഷകത്തൊഴിലാളി പെൻഷൻറ്റെ  ഉപജ്ഞാതാവ്   

നിലമ്പൂർ  മാനവേദൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന ആര്യാടൻ എട്ടു തവണയാണ്  നിയമസഭാ സാമാജികനായിരുന്നത്.  നായനാർ, ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ, വനം, തൊഴിൽ, ടൂറിസം, ഗതാഗതം,വൈദ്യുതി, റെയിൽവേ  തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1980 ൽ  നായനാരുടെ നേതൃത്വത്തിൽ  രൂപീകരിച്ച  സർക്കാരിൽ  വനം-തൊഴിൽ വകുപ്പ് മന്ത്രിയായിട്ടായിരുന്നു ആര്യാടൻ മുഹമ്മദിൻറ്റെ  ഭരണത്തലത്തിലേക്കുള്ള പ്രവേശനം. നിരവധി തൊഴിൽ തർക്കങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കുവാൻ കഴിഞ്ഞ,  അദ്ദേഹമായിരുന്നു  കർഷകത്തൊഴിലാളികൾക്ക്  പെൻഷൻ  എന്ന ആശയം  കൊണ്ടുവന്നതും ,    നടപ്പിലാക്കിയതും.   വൈദ്യുതി മന്ത്രിയെന്ന നിലയിൽ, മലപ്പുറം ജില്ലയിൽ; മാത്രമല്ല,  ഉത്തരകേരളത്തിലാകെ വൈദ്യുതി എത്തിക്കാൻ അദ്ദേഹം നടപടി സ്വീകരിച്ചു. ആദ്യ  ഉമ്മൻചാണ്ടി  മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ്  രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന എന്ന പദ്ധതി   മൻമോഹൻ സിംഗ് സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹം നടപ്പിലാക്കിയത്. ഈ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താതിരിക്കാൻ കേന്ദ്ര ഊർജവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, അതിനെ  മറുതന്ത്രത്തിലൂടെ നേരിട്ടാണ് പ്രസ്തുത പദ്ധതി അദ്ദേഹം നടപ്പിലാക്കിയത്. 2011 ൽ  വീണ്ടും അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ്  ആർ.ജി .ജി.വി.വൈ പദ്ധതി ശക്തമായി നടപ്പാക്കിയത് . അതിനുശേഷമാണ് സംസ്ഥാനത്തു സമ്പൂർണ വൈദ്യുതീകരണത്തിനു വഴിയൊരുക്കിയത്.  അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ,   പതിറ്റാണ്ടുകൾക്ക് ശേഷം,  2011-16  പവർ കട്ട്  ആദ്യമായി സംസ്ഥാനത്തു ഒഴിവായത്. 

അനുരഞ്ജനത്തിൻറ്റെ  വക്താവ് 

 കേരളത്തെ പിടിച്ചുകുലുക്കിയ മൂന്നാറിലെ  സ്ത്രീ തൊഴിലാളി കൂട്ടായ്മയായ  പെമ്പിളൈ ഒരുമൈ സമരം  നടന്നത്  2015  അവസാനമായിരുന്നു . നീണ്ടുനിന്ന   ഈ സമരം    ഒത്തുതീർപ്പിലെത്തിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  തൊഴിൽ മന്ത്രിയായിരുന്ന ഷിബു ജോണിനെ സഹായിക്കാൻ നിയോഗിച്ചത് ആര്യാടൻ മുഹമ്മദിനെയായിരുന്നു. അദ്ദേഹം പുറത്തിറക്കിയ തന്ത്രങ്ങളിലൂടെയാണ്  പെമ്പിളൈ ഒരുമൈ സമരം ഒത്തുതീർപ്പിലെത്തിച്ചത്. ന്യായമായ കൂലി വർധനവും, അനൂകൂല്യങ്ങളും നൽകുവാൻ  തോട്ടം ഉടമകളെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു .  .  

വൈദ്യുതി വകുപ്പിനെ പാവങ്ങൾക്ക് തുണയാക്കി മാറ്റി.

 വൻകിട വ്യവസായ ശാലകൾ  നടത്തിവന്ന വൈദ്യുതി മോഷണം കണ്ടുപിടിച്ച്   700  കോടിയിൽ പരം  തുക സർക്കാർ ഖജനാവിൽ എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ രൂപീകരിച്ച്  വൈദ്യുതി ബോര്ഡിനെ കരകയറ്റാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതി, ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയിൽ  100  ച.മീ.  താഴെ വിസ്തൃതിയുള്ള വീടുകൾക്ക് താൽക്കാലിക റെസിഡൻഷ്യൽ  സര്ടിഫിക്കറ്റിൻറ്റെ  അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതി,  നിർമാതാക്കളിൽ നിന്നും നേരിട്ട്  വൈദ്യുത മീറ്റർ  വാങ്ങുന്നതിനും,  അങ്ങിനെ വൈദ്യുത ബോർഡിന് നൽകേണ്ടിവന്ന മീറ്റർ വാടക ഒഴിവാക്കുന്നതിനും ഉപഭോക്താവിനെ അവസരം നൽകുന്ന പദ്ധതി,  എന്നിവ  നടപ്പിലാക്കിയത് അദ്ദേഹം വൈദ്യുത മന്ത്രിയായിരുന്ന അവസരത്തിലാണ്.  എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ ഇവയിൽ പലതും നിർത്തലാക്കി.

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി   സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ നിരക്കിൽ രണ്ട്  എൽ.ഇ.ഡി  ബൾബുകൾ വീതം നൽകി. 9  വാട്ടിന്റെ  400  രൂപ വിലയുള്ള ബൾബ് 95  രൂപയ്ക്കാണ് അന്ന് നൽകിയത്.  നിലമ്പൂരിലെ പാവപ്പെട്ടവർ ഉൾപ്പെടെ സംസ്ഥാനത്തെ  പാവപ്പെട്ടവർക്ക് വലിയ സഹായമായിരുന്നു ഈ പദ്ധതി.

കൊച്ചിമെട്രോക്ക് പിന്നിലും ആര്യാടൻ 

2011 ലെ സർക്കാരിൽ  വൈദ്യുതി വകുപ്പിന്  പുറമേ  സംസ്ഥാനത്തെ  റയിൽവെയുടെ  ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.  കൊച്ചി മെട്രോ നടപ്പാക്കുകയെന്നത് ആ സർക്കാരിൻറ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മെട്രോമാൻ ഇ. ശ്രീധരനെ  കൊച്ചിമെട്രോയുടെ  ചുമതല ഏൽപ്പിക്കാനായിരുന്നു  സർക്കാർ താല്പര്യപ്പെട്ടത്. എന്നാൽ ഉന്നത  ഐ എ എസ്  ഉദ്യോഗസ്ഥരുടെ ലോബി ഇ. ശ്രീധരനെ കൊണ്ടുവരുന്നതിനെതിരായിരുന്നു.  ഇക്കാര്യത്തിലുള്ള   സർക്കാർ  തീരുമാനങ്ങൾ പോലും  നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയപ്പോൾ, ആ നീക്കങ്ങളെ തടയിട്ടുകൊണ്ട്  ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താൻ  സാധിച്ചത്  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും,  ആര്യാടൻ മുഹമ്മദിൻറ്റേയും ഉറച്ച തീരുമാനമായിരുന്നു.     കൊച്ചി മെട്രോ യാഥാർഥ്യമാക്കുന്നതിന്  കേന്ദ്ര അനുമതി നേടിയെടുക്കുന്നതിലും അതിൻറ്റെ  നടപടി ക്രമങ്ങളിലും ഫലപ്രദമായ നടപടികളാണ്  മന്തിയായിരുന്ന ആര്യാടൻ കൈക്കൊണ്ടത്.

നിയോജക മണ്ഡല വികസനം 

പുഴകളും,  ഉപനദികളും ധാരാളമുള്ള മണ്ഡലം എഴുപതുകളിൽ,   ഒന്ന് ചുറ്റിവരണമെങ്കിൽ  നാലഞ്ച് ദിവസങ്ങൾ എടുത്തിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദ്  നിയമസഭാ  സാമാജികനായി വന്നശേഷമാണ്  മൈലാടി പാലം, കൂട്ടപ്പായി  പാലം, മൂട്ടിക്കടവ് പാലം തുടങ്ങി നിരവധി പാലങ്ങൾ നിർമിച്ച്   മണ്ഡലത്തെ  ഗതാഗതയോഗ്യമാക്കിയത് . ഇന്ന്,  ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് വാഹനത്തിൽ മണ്ഡലം മുഴുവൻ ചുറ്റിവരുവാൻ സാധിക്കും.  ആഢ്യൻപാറ  വെള്ളച്ചാട്ടം, കരിമ്പുഴ വന്യമൃഗ സംരക്ഷണ കേന്ദ്രം, കോട്ടപ്പുഴ ചെക് ഡാം  തുടങ്ങിയവും  അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുവാൻ സാധിച്ചത്.   നിലംബുരിലുള്ള,   ലോകത്തിലെ ആദ്യത്തെ തേക്കു മ്യൂസിയം  നവീകരിച്ചത്  അദ്ദേഹത്തിന്  വനം  വകുപ്പിൻറ്റെ  ചുമതല ഉള്ളപ്പോഴായിരുന്നു.  പൂക്കോട്ടുപാടത്തെ  സർക്കാർ കോളേജ്, സർക്കാർ ഐ.ടി.ഐ, എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കന്ററി സ്കൂളുകൾ, നിലമ്പൂരിലെ വൈദ്യുതി ഡിവിഷനും ഓഫീസിൽ സമുച്ചയവും, നിലംബൂർ വനമേഖലയിലെ  ആദിവാസികൾക്ക് വൈദ്യുതി കണക്ഷൻ,  അപകടങ്ങളും കാട്ടുതീയും  ഒഴിവാക്കുന്നതിനായി  വനത്തിലൂടെ ഭൂഗർഭ കേബിളുകൾ എന്നിവ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടും. ഇങ്ങനെ  നിരവധി വികസന പദ്ധതികളാണ് അദ്ദേഹം നിയമസഭാ സാമാജികനും, മന്തിയുമായിരുന്ന  കാലഘട്ടത്തിൽ നിലമ്പൂർ നിയമ സഭാ  മണ്ഡലത്തിൽ  നടപ്പിലാക്കിയിട്ടുള്ളത്. അതിനൊരു തുടർച്ച നല്കുവാൻ  അദ്ദേഹത്തിനൻറ്റെ   മകനും ഊർജസ്വലനായ നേതാവുമായ  ആര്യാടൻ ഷൗക്കത്തിൻറ്റെ  വിജയത്തിലൂടെ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

( ഉമ്മൻചാണ്ടി  മുഖ്യമന്ത്രിയായിരുന്നപ്പോൾ  അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു  ലേഖകൻ)













 


                 ആർ.ശങ്കർ തുടങ്ങിവച്ച സാമൂഹ്യ പെൻഷനുകൾ 


സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മാസങ്ങളോളം  കുടിശ്ശിക വരുത്തിയശേഷം,  തെരഞ്ഞെടുപ്പുകൾ  വരുമ്പോൾ പ്രഖ്യാപിക്കുന്ന  പിണറായി സർക്കാരിൻറ്റെ    പ്രവർത്തിയെ   വിമർശിച്ചുകൊണ്ട്  എ.ഐ.സി സി സംഘടനാ ജനറൽ സെക്രട്ടറി കെ,സി, വേണുഗോപാൽ   പ്രസംഗിച്ചതിനെ  വളച്ചൊടിച്ച്  "വെടക്കാക്കി തനിക്കാക്കുന്ന" പഴയ തേങ്ങാ കച്ചവടക്കാരുടെ  തന്ത്രമാണ്  എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് , മുൻ ധനകാര്യ മന്ത്രി ഡോ . തോമസ് ഐസക്  എന്നിവർ  നടത്തിക്കൊണ്ടിരിക്കുന്നത്. "കേരളത്തിൽ ക്ഷേമ പെൻഷൻ നടപ്പാക്കിയതിന്റ്റെയോ  പെൻഷൻ തുക കാലോചിതമായി പരിഷ്കരിച്ചതിന്റെയോ ഒരു ക്രഡിറ്റും യുഡിഎഫിന് ഇല്ലെന്നും, കേരളത്തിൽ ക്ഷേമ പെന്ഷനുകൾക്ക്  തുടക്കം കുറിച്ചത് 1980 ലെ ഇ.കെ.നായനാർ സർക്കാരാണെന്നുമാണ് " ഐസക് അവകാശപ്പെടുന്നത്.  ഒന്നുകിൽ ഡോ .തോമസ് ഐസക്  കേരളത്തിലെ സാമൂഹ്യ ക്ഷേമ പെന്ഷനുകളുടെ ചരിത്രം ബോധപൂർവം   തമസ്ക്കരിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അദ്ദേഹം അത്  പഠിക്കാൻ  ശ്രമിക്കുകയോ ചെയ്തിട്ടില്ല  എന്നതാണ് വാസ്തവം.

സാമൂഹ്യ സുരക്ഷാ പെന്ഷനുകളുടെ ഉപജ്ഞാതാവ്  ആർ.ശങ്കർ 

 കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ആദ്യമായി  അനുവദിച്ചത്  1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു.  70 വയസുകഴിഞ്ഞ  അനാഥരായ എല്ലാവര്ക്കും പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന്  ധനകാര്യ വകുപ്പിൻറ്റെ  ചുമതലയുണ്ടായിരുന്ന  ഉപമുഖ്യമന്ത്രി ആർ.ശങ്കർ  1960 ജൂൺ 24 ന്  അവതരിപ്പിച്ച  സംസ്ഥാന  ബജറ്റിൽ  പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക)  അത്  നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ്‌  അവതരിപ്പിച്ചുകൊണ്ട്     അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക)  നിർ മിക്കുമെന്നു  പ്രഖ്യാപിച്ചതും  അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ്  ശാരീരിക  അംഗ പരിമിതി (Differently abled) ഉള്ളവർക്ക്  ധനസഹായം നൽകുന്ന പദ്ധതിയും 1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ  ഉപജ്ഞാതാവ്  ആർ. ശങ്കറാണ്‌  അല്ലാതെ, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന  ഇ എം എസ്സോ , 1980 ൽ മുഖ്യമന്ത്രിയായ  ഇ.കെ. നായനാരോ അല്ല.  എന്നാൽ  1980 ലെ നായനാർ സർക്കാരിൽ   തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ  നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  45 രൂപ കാർഷിക തൊഴിലാളി പെൻഷനായി  അന്ന്  അനുവദിച്ചത്. 

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  സെസ് ഏർപ്പെടുത്തി  ജനങ്ങളെ  പിഴിയുന്ന നടപടിയാണ് പിണറായി സർക്കാർ എടുത്തത്.    ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന  മുൻ  യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം  ധന മന്ത്രി  കെ.എൻ. ബാലഗോപാലും ഓർക്കണം.

 

  അച്യുതാനന്ദൻ സർക്കാർ   വരുത്തിയ പെൻഷൻ കുടിശ്ശിക

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി, 2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 


ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 62 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായത് . ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഏകദേശം  ഇത്രയും  ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം. 

ശ്രുതിതരംഗം, സ്നേഹപൂർവ്വം, സ്നേഹസ്പർശം, താലോലം, കാൻസർ സുരക്ഷാ, സ്നേഹസാന്ത്വനം, പകൽവീട്, വയോമിത്രം തുടങ്ങി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആരംഭിച്ചത് 2011-16 കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു. ഈ യാഥാർഥ്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട്  ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കാൻ ഡോ .തോമസ് ഐസക്കും മറ്റു സഖാക്കളും  ശ്രമിക്കുന്നത് തികച്ചും അപഹാസ്യമാണ്.


അഡ്വ.പി.എസ്‌ ,ശ്രീകുമാർ 

9495577700 

Thursday, 5 June 2025

 


   ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ  ബിജെപി യുടെ രാഷ്ട്രീയ മുതലെടുപ്പ് 

ഒരിക്കലും മറക്കാനാകാത്തതാണ്  ഏപ്രിൽ 22 ന്  കാശ്മീരിലെ  പഹൽഗാമിൽ  സംഭവിച്ചത്. കശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികളായി എത്തിയ  നിരപരാധികളായ  26  പേരുടെ ജീവനാണ്  അതിർത്തികടന്നെത്തിയ ഭീകരാക്രമണത്തിലൂടെ  നഷ്ടപ്പെട്ടത്. അതിനുള്ള  രാജ്യത്തിൻറ്റെ  പ്രതികരണമാണ്    ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) ലൂടെ 2025 മേയ് 7-ന്  നമ്മുടെ സൈന്യം  പാകിസ്താന് നൽകിയത്. 

ലക്ഷ്യങ്ങൾ

പാകിസ്ഥാൻ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിച്ചുവരുന്ന  ജയ്‌ഷ്-എ-മൊഹമ്മദ്, ലഷ്കർ-എ-തോയ്ബ, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ,  പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും പാകിസ്താൻ അധീന കശ്മീരിലും (PoK) ഉള്ള ഒമ്പത് കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  ആക്രമിച്ചത് .  ബഹാവൽപൂർ (Bahawalpur), മുരിദ്കെ (Muridke), സിയാൽക്കോട്ട്  (Sialkot), മുസ്സ ഫറാബാദ് (Muzaffarabad), കോട്ട്ലി (Kotli) തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  25  മിനിറ്റ് മാത്രം ഉണ്ടായിരുന്ന ഓപ്പറേഷനിലൂടെ  തരിപ്പണമാക്കിയത്.

 സാങ്കേതിക വിദ്യയുടെ പങ്ക്

ഓപ്പറേഷനിൽ ഇന്ത്യയുടെ ആഭ്യന്തരമായി വികസിപ്പിച്ച ആയുധങ്ങൾ പ്രധാന പങ്ക് വഹിച്ചു:ബ്രഹ്മോസ് (BrahMos) ക്രൂയിസ് മിസൈലുകൾ,അകാശ് (Akash) വ്യോമ പ്രതിരോധ മിസൈലുകൾ, റഫാൽ (Rafale) യുദ്ധവിമാനങ്ങൾ,  SCALP മിസൈലുകൾ, സ്കൈസ്ട്രൈക്കർ (SkyStriker) സ്വയം നശിപ്പിക്കുന്ന ഡ്രോണുകൾ എന്നിവയുടെ  സംയുക്ത ഉപയോഗമാണ്  പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സഹായിച്ചത് .ഡമ്മി ജെറ്റുകൾ ഉപയോഗിച്ച് പാകിസ്താന്റെ റഡാർ സംവിധാനങ്ങളെ  ജാം ചെയ്തതിനു പുറമേ , സാറ്റലൈറ്റ് നിരീക്ഷണവും മനുഷ്യബുദ്ധിവിവരവും (HUMINT) ഉപയോഗിച്ച് ലക്ഷ്യങ്ങൾ നിർണ്ണയിച്ചശേഷമാണ്  പാകിസ്താന്റെ സൈനിക താവളങ്ങളെ ഒഴിവാക്കി, ഭീകര താവളങ്ങളെ മാത്രം  നമ്മുടെ സൈന്യം ലക്ഷ്യമാക്കിയത്.

ഇന്ത്യയുടെ സൈനികമായ കരുത്തും പാകിസ്താൻ ഉപയോഗിച്ച ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കനത്ത പരാജയവും ഓപ്പറേഷൻ സിന്ദൂർ ലോകത്തിനു കാട്ടിക്കൊടുത്തു. ഇന്ത്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളായ ആകാശും,  ആകാശ് തീറും പിനാക്കാ മിസൈലും ബ്രഹ്മോസ് മിസൈലുമൊക്കെ പ്രതിരോധ സാങ്കേതികവിദ്യയില്‍ ഭാരതത്തിന്റെ മേന്മ  ലോകത്തിനു കാട്ടിക്കൊടുത്തു. പുറമെ , രാജ്യത്തെ ഉപഗ്രഹരംഗത്തെ മികവും. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക്  അയച്ച  ഡ്രോണുകളെയും മിസൈലുകളെയും  അതിർത്തി കടക്കുംമുൻപ്   വെടിവച്ചിടാൻ ഇന്ത്യക്കു കഴിഞ്ഞു. അതേസമയം, ശത്രുരാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാനും എല്ലാ മിസൈലുകളും ലക്ഷ്യത്തില്‍ പതിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

 ഇന്ത്യയുടെ ആത്മാഭിമാനം പണയപ്പെടുത്തിയ  വെടിനിറുത്തൽ പ്രഖ്യാപനം 

ഓപ്പറേഷൻ സിന്ദൂർ,  ഇന്ത്യയുടെ സൈനിക ശേഷിയും തന്ത്രപരമായ കഴിവുകളും ലോകത്തിന് മുന്നിൽ തെളിയിച്ച ഒരു നിർണായക നടപടിയായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശൂന്യ സഹിഷ്ണുതാ നയത്തിന്റെ ഉദാഹരണമായും ഇത് മാറി.  നാല് ദിവസം നീണ്ടുനിന്ന  ഈ  സൈനിക നടപടിക്ക്  ജാതി, മത, രാഷ്ട്രീയ  ചിന്തകൾക്കതീതമായി   ഇന്ത്യയിലെ പ്രതിപക്ഷവും, ജനങ്ങളും  മോദി സർക്കാരിന്  പിന്തുണ പ്രഖ്യാപിക്കുകയും,  സർക്കാരിന് പിന്നിൽ അണിനിരക്കുകയും ചെയ്തു.  എന്നാൽ കേന്ദ്ര സർക്കാർ  പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുവാൻ തയ്യാറായില്ല. പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ  പെരുമാറ്റം പോലും  മാന്യതയോടെയായിരുന്നില്ല.  സർക്കാർ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുവാനോ  പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുവാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് തികച്ചും ഖേദകരമാണ്.  മാത്രമല്ല, താൽക്കാലിക വെടിനിർത്തൽ ആദ്യം  അറിയിച്ചത്   അമേരിക്കൻ പ്രസിഡണ്ടായ   ഡൊണാൾഡ്   ട്രംപായിരുന്നു   എന്നത്  ഇന്ത്യൻ ജനത  തെല്ല്  ജാള്യതയോടെയാണ്    ശ്രവിച്ചത്.  അതിനുശേഷമാണ്  നമ്മുടെ സേനാവക്താക്കൾ  പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.  . മാത്രമല്ല, വെടിനിർത്തിയില്ലെങ്കില്‍ അമേരിക്കയുമായി വ്യാപാരം അനുവദിക്കില്ലെന്നു താൻ പറഞ്ഞെന്നും അത് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ മനസ്സിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥതയ്ക്കു തയ്യാറാണെന്നു ട്രംപ് പ്രഖ്യാപിച്ചതും ഇന്ത്യക്ക്  നാണക്കേടുണ്ടാക്കിയിരിക്കയാണ് .  ദക്ഷിണേഷ്യൻ മേഖലയിൽ  ചൈനീസ് സ്വാധീനം ചെറുക്കുന്നതില്‍ നിർണായകമായ പങ്കുവഹിക്കുന്ന  ഇന്ത്യയെ പാകിസ്താനുമായി സമീകരിച്ചത് രാജ്യത്ത് കടുത്ത നീരസം ഉണ്ടാക്കിയിട്ടുണ്ട്.

അമേരിക്കയുടെ നയതന്ത്രവിജയം എന്ന നിലയില്‍ ട്രംപ് നടത്തിയ വെടിനിർത്തല്‍ പ്രഖ്യാപനം തന്റെ മറ്റു പരാജയങ്ങള്‍ മറച്ചുവെക്കാനായിരുന്നുവെന്ന് കരുതപ്പെടുന്നു. അധികാരമേറ്റാല്‍ ഒരു മാസത്തിനകം റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിന് വിരാമമുണ്ടാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനം. മാസം നാലു തികയുമ്ബോള്‍ ഇരു രാജ്യങ്ങളെയും സമാധാന ചർച്ചയ്ക്കിരുത്താനായിട്ടില്ല. ഗാസയിലെ യുദ്ധവും അനന്തമായി നീളുകയാണ്. നിർണായകമായ വ്യാപാരചർച്ചകള്‍ നടക്കുന്നതിനിടെ ട്രംപ് നടത്തിയ ഈ പ്രസ്താവനകള്‍ ഇന്ത്യ  തള്ളിക്കളഞ്ഞുവെങ്കിലും പരസ്യവിമർശനത്തിന്  തയ്യാറായിട്ടില്ല. .


പക്ഷേ, അമേരിക്കയുടെ മധ്യസ്ഥതയെ തുടർന്നാണ് വെടിനിർത്തലുണ്ടായതെന്ന ട്രംപിന്റെ അവകാശം  ഇന്ത്യയ്ക്കകത്തും പുറത്തും വലിയതോതില്‍ ചർച്ചയായി. പതിറ്റാണ്ടുകളായി, ഇന്ത്യ മുന്നോട്ടു വച്ച നിലപാടിൽ നിന്നും വ്യത്യസ്ഥമായി ,  എന്തുകൊണ്ടാണ് ഇന്ത്യ-പാകിസ്താൻ വിഷയത്തില്‍ ഇടപെടാൻ ഒരു മൂന്നാംകക്ഷിയെ അനുവദിച്ചതെന്ന ചോദ്യമുയർന്നു. സാമ്ബത്തികത്തകർച്ചയെ നേരിടുന്ന, രാഷ്ട്രീയമായി അസ്ഥിരമായ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ  ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി  സമീകരിക്കുന്നത് (equate)  അപമാനകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ  ചൂണ്ടിക്കാട്ടുന്നു .  വെടിനിർത്തൽ നിലവിൽ വരുത്തുവാൻ  ട്രംപ് മധ്യസ്ഥത വഹിച്ചു എന്ന് അവകാശപ്പെടുന്നത് നിർഭാഗ്യകരമാണെന്നത്തിൽ സംശയമില്ല .  ഇന്ത്യയുടെ എതിർപ്പുപോലും അവഗണിച്ചു് ,  പാക്കിസ്താന്  ഐ.എം.എഫിൽ നിന്നും വായ്‌പ  നൽകുന്നതിന് മുൻകൈ എടുത്തത് അമേരിക്കയാണ്. അമേരിക്കയുടെ  ഇതുപോലെയുള്ള   അവസരവാദപരമായ   നടപടികൾക്ക്  പുറകിൽ അമേരിക്കയുടെ ഗൂഡലക്ഷ്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മത സ്പർദ്ധ വളർത്തുന്ന  ബിജെപി തന്ത്രങ്ങൾ 

ഓപ്പറേഷൻ സിന്ദൂർ  പോലും  സമൂഹത്തിൽ മതസ്പർദ്ധ  വളർത്താൻ ബിജെപി  ഉപയോഗിക്കുകയാണ്.  അതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് സൈനിക വക്താവായ കേണൽ സോഫിയ ഖുറേഷിക്കെതിരെ  മധ്യപ്രദേശ്  മന്ത്രിയായ വിജയ് ഷായുടെ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇന്ത്യയുടെ വിജയം ആഘോഷിക്കാനായി  മധ്യപ്രദേശിൽ സംഘടിപ്പിച്ച  ഒരു മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടാണ്  പാകിസ്താനെതിരെ  "ഭീകരുടെ സഹോദരി" യെ ഉപയോഗിച്ച് തിരിച്ചടിച്ചു എന്ന് പറഞ്ഞുകൊണ്ട്  കേണൽ ഖുറേഷിയെ  അധിക്ഷേപിച്ചത്.  അധിക്ഷേപാര്ഹമായ പരാമർശം നടത്തിയ ഈ മന്ത്രിക്കെതിരെ  കേസ് എടുക്കാൻ സുപ്രീം കോടതി നിർദേശിച്ച ശേഷമാണ് അയാൾക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് എടുത്തത്.  എന്നിട്ടും,  വിദ്വെഷപരമായ പരാമർശം നടത്തിയ മന്ത്രി ഷായെ  മന്ത്രിസഭയിൽ നിന്നും പുറത്താക്കുന്നതിനു പകരം അയാളെ സംരക്ഷിക്കുന്ന നിലപാടാണ്  ബിജെപി കൈക്കൊണ്ടിട്ടുള്ളത്.  ഇതിന്റെ തുടർച്ചയായാണ്  മധ്യപ്രദേശിലെ  ഉപമുഖ്യ  മന്ത്രി   ജഗദിഷ് ദേവ്‌ദാ  രാജ്യവും സൈന്യവും മോദിയുടെ  കാൽപ്പാദങ്ങളിൽ  സാഷ്ടാംഗം വണങ്ങണമെന്നു  പ്രസംഗിച്ചത്. ഇതൊക്കെ കാണിക്കുന്നത്  ഓപ്പറേഷൻ സിന്ദൂറിൻറ്റെ  പേരിൽ   സാമുദായിക സ്പർധ വളർത്തി  രാഷ്ട്രീയ മുതലെടുപ്പിന്  ശ്രമിക്കുന്ന ബിജെപി യുടെ   കുടില തന്ത്രങ്ങളാണ്.

ജനാധിപത്യത്തിന് വിലകല്പിക്കാത്ത മോദി സർക്കാർ 

പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം ഏപ്രിൽ 22 ന്  പഹൽഗാമിൽ ഉണ്ടായ   സുരക്ഷാവീഴ്‌ചയും , ഓപ്പറേഷൻ സിന്ദൂർ  സംബന്ധിച്ച  വിശദ  വിവരങ്ങളും  പ്രതിപക്ഷവുമായി സംസാരിക്കണമെന്നതാണ്.   ഇന്ത്യ-ചൈന യുദ്ധം നടന്ന 1962 ൽ അന്നത്തെ പ്രതിപക്ഷം  ആവശ്യപ്പെട്ടതനുസരിച്ചു  പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പ്രത്യേക പാർലമെൻറ്  സമ്മേളനം വിളിച്ചുകൂട്ടി  യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു.  ഇന്ത്യക്കെതിരെയുള്ള ചൈനയുടെ   സൈനിക കടന്നുകയറ്റം ആരംഭിച്ചത്  1962  ഒക്ടോബർ  20  മുതൽ നവംബർ  20 വരെയായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന  ജനസംഘത്തിന്റെ  വിരലിൽ എണ്ണാവുന്ന  അംഗങ്ങളിൽ  ഒരാളായിരുന്ന    എ.ബി. വാജ്പേയി ഉൾപ്പെടെയുള്ളവരുടെ  അഭ്യർത്ഥന മാനിച്ചാണ്  1962  നവംബർ  14 ന്   പാർലമെൻറ്റിൻറ്റെ  പ്രത്യേക സമ്മേളനം നെഹ്‌റു വിളിച്ചു ചേർത്തത് . യുദ്ധം നടക്കുന്നതിനിടയിലായിരുന്നു   സമ്മേളനം നടന്നത് എന്നതാണ്‌  അതിൻറ്റെ  പ്രത്യേകത. ജനാധിപത്യ വിശ്വാസിയായിരുന്ന നെഹ്‌റു  പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോൾ തന്നെ  സമ്മേളനം വിളിച്ചു കൂട്ടി സർക്കാരിന്റെ വീഴ്ചയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ യാതൊരു  മടിയും കാണിച്ചില്ല.  എന്നാൽ മോദി  സർക്കാർ  ഈ പ്രശ്നങ്ങൾ ഒന്നും  പാർലമെണ്റ്റിൽ  ചർച്ചചെയ്യാൻ തയ്യാറാകുന്നില്ല. ജനാധിപത്യത്തോടും, ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബിജെപി യുടെയും, പ്രധാനമന്ത്രി മോദിയുടെയും അവജ്ഞാപരമായ  നിലപാടിൻറ്റെ  വ്യക്തമായ സൂചനയാണിത്.

അഡ്വ.പി.എസ്‌ .ശ്രീകുമാർ 


Thursday, 15 May 2025

                      സ്വാതന്ത്ര്യം സ്വപ്നം കാണുന്ന ബലൂചികൾ 

 പതിറ്റാണ്ടുകളായി  ഒരു നെരിപ്പോടുപോലെ  പാകിസ്താൻറ്റെ  മണ്ണിൽ പുകഞ്ഞുകൊണ്ടിരുന്ന  ബലൂചിസ്ഥാൻ പ്രശ്നം ഇന്ന് പൊട്ടിത്തെറിച്ചു ലാവപോലെ  ഒഴുകാൻ ആരംഭിച്ചിരിക്കുന്നു എന്നാണ്  പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബലൂചിസ്ഥാൻ ലിബറേഷൻ  ആർമിയുടെ (BLA)  അവകാശവാദത്തിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്ത്യ-പാകിസ്ഥാൻ വിഭജന കാലഘട്ടം മുതൽ തുടങ്ങിയ  പ്രശ്നങ്ങളാണ്  ഒരു പൊട്ടിത്തെറിയിൽ എത്തിനിൽക്കുന്നത്.  പാകിസ്താനിലെ ഏറ്റവും ദീർഘകാലമായി നിലനിൽക്കുന്ന  രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് ബലൂചിസ്ഥാനിലെ അസ്വസ്ഥതകൾ.  

ഭൂപ്രദേശത്തിന്റെ സമ്പത്ത്, രാഷ്ട്രീയ അവഗണന, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ്  പതിറ്റാണ്ടുകളായി  ഇവിടെ നിലനിൽക്കുന്ന  അസ്വസ്ഥത .

സ്വതന്ത്ര രാജ്യമായിരുന്നു കലാട്ട് 

           ഇന്ത്യ-പാകിസ്ഥാൻ  വിഭജനകാലത്ത്  നാട്ടു രാജ്യങ്ങളായിരുന്നു  ബലൂചിസ്ഥാൻ മേഖലയിലെ കലാട്ട്.  ഖറാൻ , ലാസ്‌ബേല, മകരാൻ  എന്നിവ. ഇന്ത്യയോടും, പാകിസ്താനോടും ചേരാതെ സ്വതന്ത്രമായി നിൽക്കാനായിരുന്നു  ഈ നാട്ടുരാജ്യങ്ങൾ തീരുമാനിച്ചത്. എന്നാൽ കലാട്ട്  ഒഴിച്ചുള്ള ബലൂചിസ്ഥാൻ മേഖലയിലെ  മറ്റു മൂന്ന്  നാട്ടുരാജ്യങ്ങളും, മുഹമ്മദാലി ജിന്നയുടെ  സമ്മർദത്തെ തുടർന്ന്  പാകിസ്ഥാനിൽ ചേർന്നു .  എന്നാൽ  കാലാട്ടിലെ രാജാവ് ഖാൻ മീർ  അഹമ്മദ് യാർഖാൻ ഇതിനെ എതിർക്കുകയും, സ്വാതന്ത്രരാജ്യമായി നില്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ജിന്നയും  ഈ തീരുമാനം അംഗീകരിച്ചു.  1947  ഓഗസ്റ്റ് 15 ന്  കലാട്ട്   സ്വതന്ത്ര രാജ്യമായി ഖാൻ പ്രഖ്യാപിക്കുകയും, പ്രത്യേകം പാർലമെന്റ് രൂപീകരിക്കുകയും ചെയ്തു. കലാട്ട്  രാജാവിന് നൽകിയ വാഗ്‌ദാനങ്ങൾ  കാറ്റിൽ പരത്തിയ ജിന്ന പാകിസ്ഥാൻ പട്ടാളത്തെ വിട്ട്  1948 ഏപ്രിൽ 1 നു കാലാട്ടിനെയും ബലാൽക്കാരമായി പാകിസ്ഥാനിൽ ലയിപ്പിച്ചു.

           കലാട്ടിനെ  പാകിസ്താനിൽ    ലയിപ്പിച്ചതിന്  പിന്നാലെ, പ്രാദേശിക നേതാക്കളും ജനതയും പ്രതിഷേധം ആരംഭിച്ചു.  നാട്ടുരാജ്യങ്ങളുടെ അധികാരങ്ങൾ  ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി  "ഒരു യൂണിറ്റ്" എന്ന പദ്ധതിയും പാകിസ്ഥാൻ നടപ്പാക്കി. "ഒരു യൂണിറ്റ് " പദ്ധതി പിൻവലിച്ചു സ്വതന്ത്ര രാജ്യമാക്കണമെന്ന്  പ്രഖ്യാപിച്ചുകൊണ്ട് ,  പ്രിൻസ് അബ്ദുൽ കരീം, നവാബ് നൗറോസ് ഖാൻ, ഷെർ മുഹമ്മദ് മറി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സായുധ സമരങ്ങൾക്ക് നേതൃത്വം നൽകി.   1958 ലും, 1961 ലും, 1971 ലും ഉൾപ്പെടെ നിരവധി ആഭ്യന്തര  കലാപങ്ങൾ ബലൂചികൾ  പാകിസ്താനെതിരെ നടത്തിയെങ്കിലും, അവയെല്ലാം പാകിസ്ഥാൻ സൈന്യം അതിക്രൂരമായി  അടിച്ചമർത്തി. 2006 -ൽ ബലൂച് സ്വാതന്ത്ര്യപ്രസ്ഥാന നേതാവായിരുന്ന  നവാബ് അക്ബർ ബുഗ്തിയുടെ കൊലപാതകത്തിന് ശേഷം, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള സംഘടനകൾ സായുധ സമരങ്ങൾ ശക്തമാക്കി. 2025-ൽ, BLA പാകിസ്താനിൽ 71 ആക്രമണങ്ങൾ നടത്തിയതായി പ്രഖ്യാപിച്ചു. 

 അവഗണയുടെ നെല്ലിപ്പലക കണ്ട ബലൂചികൾ 


മരുഭൂമിക്ക് സമാനമായ രീതിയിൽ  വരണ്ട ഭൂപ്രകൃതിയാണ്  ബലൂചിസ്ഥാനിലേത്. , പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായും ഏറ്റവും കുറച്ച് വികസിതമായ പ്രദേശമായും അറിയപ്പെടുന്നു.  ആ രാജ്യത്തിൻറ്റെ  വിസ്‌തൃതിയുടെ  ഏകദേശം 44  ശതമാനം വരും ബലൂചിസ്ഥാൻ പ്രവിശ്യ.എന്നാൽ ജനസംഖ്യ  നാലുപ്രവശ്യകളിലെ ഏറ്റവും കുറവും. 13 ദശലക്ഷം  മാത്രമാണ്   അവിടത്തെ  ജനസംഖ്യ.  അതായത്   മൊത്തം പാക് ജനസംഖ്യയുടെ 5 ശതമാനം മാത്രം. പ്രകൃതിവാതകവും , കൽക്കരി ഉൾപ്പെടെയുള്ള പ്രകൃതിസമ്പത്തുക്കളാൽ  സമ്പന്നമാണ് ഈ പ്രദേശം. പക്ഷെ ജനങ്ങളുടെ  വരുമാനസ്രോതസ് കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം ക്ഷീരമേഖല എന്നിവയാണ്. ഇവിടത്തെ ധാതുസമ്പത്തുക്കൾ ഉപയോഗിച്ചാണ് പാകിസ്താനിലെ ഇതര പ്രവിശ്യകളിൽ വ്യവസായം നടത്തുന്നത്. ഇതൊന്നും ഈ പ്രവിശ്യയുടെ വികസനത്തിന്  പാക് സർക്കാർ ഉപയോഗിക്കുന്നില്ല. അങ്ങിനെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമാണ് ബലൂചിസ്ഥാൻ. 85 ബില്യൺ അമേരിക്കൻ ഡോളറാണ് ഈ പ്രദേശത്തെ ജിഡിപി . ഇത് പാകിസ്താന്റെ മൊത്തം ജിഡിപി യുടെ 3.7 ശതമാനം വരും.എന്നാൽ പ്രതിശീർഷവരുമാനം  വെറും 710 അമേരിക്കൻ ഡോളർ(PKR 178000) മാത്രമാണ്. 2001 ൽ  ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ  എണ്ണം  48 ശതമാനമായിരുന്നത്  2017 ൽ 58 ശതമാനമായി വർധിച്ചു.  ബലൂചികളോടുള്ള പാകിസ്താൻറ്റെ   ഈ അവഗണയാണ്  അവർക്കു ഒട്ടും സഹിക്കാൻ  പറ്റാത്തത് .

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി 


ഇന്ത്യയുടെ പരമാധികാരത്തെ  മാനിക്കാതെ  പാകിസ്ഥാൻ കയ്യടക്കിവച്ചിരിക്കുന്ന കാശ്മീരിലൂടെ കടന്നുപോകുന്നു എന്നതിനാലാണ്  ചൈനയുടെ OBOR(One Belt One Road)  പദ്ധതിയിൽ ഇന്ത്യ ചേരാതിരുന്നത് .  ഈ  പദ്ധതിയുടെ  ഭാഗമായുള്ള   ചൈനയിലെ സിൻജിയാങ് പ്രവശ്യയെയും,   ബലൂചിസ്ഥാനിലെ  ഗ്വാദർ  തുറമുഖത്തെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേക്കും, ഗ്വാദർ തുറമുഖത്തിനും വേണ്ടി ചൈന മുടക്കുന്നത്  62 ബില്യൺ അമേരിക്കൻ ഡോളറാണ്.   പദ്ധതിയുടെ ഏറ്റവും വലിയ ഉപഭോക്താവും ചൈനയാണ്.  എന്നാൽ ബലൂചിസ്ഥാന്റെ വികസനത്തിന് വേണ്ടി  OBOR പദ്ധതിയിൽ ഒന്നുമില്ലെന്ന്‌ മാത്രമല്ല,  ബലൂചിസ്ഥാൻറ്റെ  ധാതുസമ്പത്   കൊള്ളയടിച്ചാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്ന കാരണത്താൽ ബലൂച് ജനത  ഇതിനെതിരാണ്.   ഈ പദ്ധതിയുടെ നിർമാണത്തിനു തടസ്സമുണ്ടാക്കുവാനായി   ബലൂച് ജനത അട്ടിമറി ശ്രമങ്ങളും സ്ഫോടനങ്ങളും നടത്തി.  ഇതിൻറ്റെ  ഭാഗമായി  നിർമ്മിച്ച ന്യൂ ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം,  വിമാനയാത്രക്കാരില്ലാതെ   പ്രവർത്തനരഹിതമായി തുടരുന്നു. പ്രദേശവാസികൾക്ക്  വികസന പദ്ധതികളിൽ നിന്ന് യാതൊരു നേട്ടവും ലഭിക്കുന്നില്ല .

ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ 

ബലൂചിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാണ്. പ്രതിഷേധകക്കാരെ  കസ്റ്റഡിയിലെടുത്തു    പീഡിപ്പിക്കുന്നതു   നിത്യസംഭവമാണ്. അതുപോലെതന്നെയാണ്  കസ്റ്റഡിയിൽ എടുത്ത പലരെയും  പിന്നെ  കാണാതാകുന്നതും.  2000 ൽ ബലൂച് ലിബറേഷൻ ആർമി രൂപീകരിക്കപ്പെട്ടശേഷം മാത്രം 16000 ൽ പരം ബലൂചികളെ പാകിസ്ഥാൻ പട്ടാളം കൊലപ്പെടുത്തിയിട്ടുണ്ട്. പൈശാചികതയുടെ പ്രതീകമായ   പാകിസ്ഥാൻ  പട്ടാളത്തിനെതിരെ ഇവർ ആയുധമെടുത്തുള്ള പോരാട്ടമാണ് നടത്തുന്നത്. ബി എൽ എ യെ അമേരിക്കയും, ചൈനയു, പാകിസ്ഥാനും ഭീകരവാദി സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ അതിനു തയ്യാറാകാത്തതുകൊണ്ടാണ്,  അവിടത്തെ വിഘടന വാദത്തിന്  ഇന്ത്യ സഹായിക്കുന്നു എന്ന് പാകിസ്ഥാൻ  ആരോപിക്കുന്നത്.  ഏതാനും മാസങ്ങൾക്കു മുമ്പ് ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽ നിന്നും,  പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിൻ ബി എൽ എ ആക്രമിച്ചു തട്ടിയെടുത്തു. ഒടുവിൽ പാക് പട്ടാളം എത്തിയാണ് 354  യാത്രക്കാരെ മോചിപ്പിച്ചത്.  അന്നുണ്ടായ ഏറ്റുമുട്ടലിൽ 31  പേര് കൊല്ലപ്പെട്ടു.  

ജാഫർ  ട്രെയിൻ തട്ടിയെടുത്തതോടെ ബലൂചിസ്ഥാൻ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു എന്നത് വാസ്തവമാണ് . ഇന്ത്യൻ  യൂട്യൂബർ  നിതീഷ് രാജ്പുത് ബലൂചിസ്ഥാനെക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം പാകിസ്താനിൽ നിരോധിക്കപ്പെട്ടു .  ലോക്കമെങ്ങുമുള്ള ലക്ഷങ്ങളാണ്  ഇത് കണ്ടത്.

ബലൂചിസ്ഥാൻ മോചനം അകലെയോ?

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി  സ്വതന്ത്ര ബലൂചിസ്ഥാൻ പ്രഖ്യാപിക്കുക മാത്രമല്ല, അംഗീകാരത്തിനായി ഐക്യ രാഷ്ട്ര സഭയോടും ഇന്ത്യയോടും അഭ്യർത്ഥിച്ചിട്ടുമുണ്ട്. എന്നാൽ  നിലവിലെ സാഹചര്യത്തിൽ  സ്വതന്ത്ര ബലൂചിസ്ഥാൻ  എന്ന  രാജ്യത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകാരം നൽകാനുള്ള സാധ്യത ഇല്ല. കുറെ നാളുകൾ കൂടി  ബി എൽ എ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടിവരും. ഇത് പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ഇടപെടലും ആവശ്യമാണ്  

അഡ്വ.പി.എസ്‌.ശ്രീകുമാർ  

Tuesday, 29 April 2025

 

                                       യാഥാർഥ്യമാകുന്ന  സ്വപ്‌നം 


വിഴിഞ്ഞതിൻറ്റെ  പ്രശസ്തിക്ക്  ആയ്  വംശത്തോളം പഴക്കമുണ്ടെന്നാണ്  "തിരുവനന്തപുരത്തിന്റെ ഇതിഹാസം" എന്ന ഗ്രന്ഥത്തിൽ പട്ടം ജി.രാമചന്ദ്രൻ നായർ പറഞ്ഞിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടുവരെ ആയ്  രാജവംശത്തിന്റെ തലസ്ഥാനം ഇന്ന് കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ആയിക്കുടിയായിരുന്നു.  പിന്നീടാണ് രാജധാനിയും, സൈനിക കേന്ദ്രവും തുറമുഖപട്ടണമായി മാറിയ വിഴിഞ്ഞത്തേക്ക് മാറ്റിയത്.  കൂറ്റൻ മണിമന്ദിരങ്ങൾ, രാജകീയ പ്രഭാവം വിളംബരം ചെയ്യുന്ന കൊട്ടാരക്കെട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സൈനികത്താവളങ്ങൾ എന്നിവയെല്ലാം അക്കാലത്തു വിഴിഞ്ഞത്ത്  ഉണ്ടായിരുന്നു. പാണ്ട്യ - ചോള രാജാക്കന്മാരുടെ തുടരെ,  തുടരെയുണ്ടായ ആക്രമണങ്ങൾ  മൂലം വിഴിഞ്ഞത്തിന്റെ പ്രഭാവം ക്രമേണ അസ്തമിച്ചു. രാജാ  കേശവദാസൻറ്റെ  കാലഘട്ടത്തിൽ  വിഴിഞ്ഞം വീണ്ടും വാണിജ്യ തലസ്ഥാനമായി മാറിയെങ്കിലും, കാലത്തിന്റെ വേഗപ്പാച്ചിലിൽ  പ്രഭാവം വീണ്ടും  നഷ്ടപ്പെട്ടു . പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവിൻറ്റെ  രാജഭരണ കാലത്തു  ദിവാനായിരുന്ന സർ സി.പി  വിഴിഞ്ഞത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിന്റെ തന്ത്രപ്രാധാന്യം  മനസ്സിലാക്കിയ  സർ സി..പി,  വെള്ളായണി കായലുമായി ബന്ധപ്പെടുത്തി  തുറമുഖം വികസിപ്പിക്കാനുള്ള വൻ പദ്ധതി വിഭാവനം ചെയ്തു.  സർ സി.പി. തിരുവിതാംകൂർ വിടാൻ നിർബന്ധിതനാവുകയും, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തതോടെ  വിഴിഞ്ഞം വികസന പദ്ധതി  വിസ്‌മൃതിയിലായി.  

ആദ്യ കരുക്കൾ നീക്കി എം.വി.ആർ 

വര്ഷങ്ങള്ക്കുശേഷം, 1991 ലെ കരുണാകരൻ സർക്കാരിന്റെ കാലത്തു തുറമുഖ  മന്ത്രിയായിരുന്ന എം.വി. രാഘവനാണ്  വിഴിഞ്ഞം തുറമുഖ  പദ്ധതിക്ക് ജീവൻ വയ്പ്പിച്ചത്. കേരളത്തിൽ ആദ്യമായി തുറമുഖ നയത്തിന്  രൂപം നൽകിയ അദ്ദേഹം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ,  1995  ഒക്‌ടോബറിൽ  ഹെദരാബാദിലെ കുമാർ ഗ്രൂപ്പുമായി  ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ 1996 ൽ സർക്കാർ മാറിയതോടെ  ഈ പദ്ധതി ശീതികരണപെട്ടിയിലായി. 2001 ൽ അദ്ദേഹം വീണ്ടും മന്ത്രിയായപ്പോൾ  അന്നത്തെ ചീഫ് സെക്രട്ടറി ബാബു ജേക്കബ്, തുറമുഖ  കാര്യ ഉപദേശകൻ  പി. ജയകുമാർ  എന്നിവർക്കൊപ്പം  ലോകത്തെ പ്രധാന തുറമുഖ നഗരങ്ങളിൽ  പര്യടനം നടത്തി നിക്ഷേപകരെ ക്ഷണിച്ചു. അതേത്തുടർന്നാണ്  വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ്  (VSIL)  രൂപീകരിചത്.   തുടർന്ന് നടത്തിയ ടെണ്ടറിൽ 12  കമ്പനികൾ ടെൻഡർ നൽകി. ചൈന സർക്കാറിന്റെ  കമ്പനി ഉൾപ്പെടുന്ന കൺസോർഷ്യത്തിനു കരാർ  നല്കാൻ തീരുമാനമായെങ്കിലും,  അദ്ദേഹം ഭരണത്തിൽ നിന്നും മാറുന്നതുവരെ സാങ്കേതികയുടെ  പ്രതിബന്ധത്തിൽ തട്ടിക്കിടന്നു. 2010 ലെ വി.എസ്  സർക്കാർ  ടെൻഡർ വിളിച്ചെങ്കിലും, അതിൽ അവസാനമെത്തിയ വെൽസ്‌പൻ കൺസോർഷ്യത്തിന്  സർക്കാർ അംഗീകാരം നൽകിയില്ല.  തുറമുഖത്തിന് വീണ്ടും ജീവൻ വച്ചതു ഉമ്മൻചാണ്ടി സർക്കാർ 2012ൽ  അധികാരത്തിൽ വന്നശേഷമാണ്.    ഉമ്മൻചാണ്ടി സർക്കാർ  നിയോഗിച്ച സാങ്കേതിക ഉപദേഷ്ടാക്കൾ  തയ്യാറാക്കിയ രൂപരേഖ പ്രകാരം പദ്ധതിയിൽ കാര്യമായ മാറ്റം വരുത്തി. വലിയ കപ്പലുകൾ തുറമുഖത്തു എത്തുന്ന രീതിയിൽ രൂപരേഖ നവീകരിച്ചു. 2013  ഡിസംബറിൽ ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും, ഉദ്ദേശിച്ച രീതിയിൽ വൻകിട കമ്പനികളുടെ  സഹകരണം ഉണ്ടായില്ല. തുടർന്നാണ് 2014 ൽ പൊതു - സ്വകാര്യ - സംരംഭം എന്ന ആശയത്തിലേക്ക്,  അന്നത്തെ പ്ലാനിംഗ് കമ്മീഷൻ ഉപദേശകനായിരുന്ന ഗജേന്ദ്ര ഹാൽദിയയുടെ  ശുപാർശപ്രകാരം ,   പദ്ധതിയിൽ   മാറ്റം വരുത്തിയത്.  ഇതുപ്രകാരം, തുറമുഖത്തിന്റെ ഉടമസ്ഥാവകാശം  സംസ്ഥാന സർക്കാരിൽ  നിക്ഷിപ്‌തമായിരിക്കും , എന്നാൽ അത് നിർമിച്ചു  ദീർഘകാല വ്യവസ്ഥയിൽ,   പ്രവർത്തനം നടത്തുന്നത്  ടെൻഡർ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്പനിയായിരിക്കും.  രൂപരേഖയിൽ വന്ന ഈ മാറ്റത്തോടെയാണ് വിഴിഞ്ഞത്തിന്റെ തലവര മാറിയത്.  

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ 

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുത്തശേഷമാണ്,     മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെയും, അദാനി പോർട്ട് കമ്പനി ചെയർമാൻ ഗൗതം അദാനിയുടെയും  സാന്നിധ്യത്തിൽ   തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന ജെയിംസ് വർഗീസും,     അദാനി പോർട്ടിൻറ്റെ   സി.ഇ.ഒ  ആയിരുന്ന സന്തോഷ് കുമാർ മഹോപത്രയും     2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച്  കരാറിൽ ഒപ്പുവച്ചത്.    7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  .  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  വയബിലിറ്റി  ഗാപ് ഫണ്ട് ആയി കേന്ദ്ര സർക്കാർ 800  കോടി രൂപ വാഗ്‌ദാനം  ചെയ്തു.   206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.   മത്സ്യ തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതിയും അംഗീകരിച്ചു നടപ്പാക്കി.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്    ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.  

1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019  ഡിസംബറിൽ    പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  വിജയൻറ്റെ  നേതൃത്വത്തിലുള്ള  സർക്കാർ,   പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളെ ക്കുറിച്ചു  വിജിലൻസ്  അന്വേഷണം നടത്താനാണ്   ഉത്തരവിട്ടത്.    ഒരഴിമതിയും നടന്നിട്ടില്ലെന്ന്   വിജിലൻസ്  അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു .  അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ,  ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.       ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ചു.  .   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി. പിണറായി സർക്കാർ    ഏർപ്പെടുത്തിയ   എല്ലാ  അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി  തൻറ്റെ   നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻ‌ചാണ്ടി  ഈ ലോകത്തോട് വിടപറഞ്ഞത്.  

വിഴിഞ്ഞത്തിന്റെ പ്രത്യേകതകൾ    

75166  കിലോമീറ്റര് തീരപ്രദേശമുള്ള ഇന്ത്യയിൽ  229  തുറമുഖങ്ങളാണുള്ളത്. അവയിൽ മുംബൈയും, കൊച്ചിയുമുൾപ്പെടെ 13  മേജർ തുറമുഖങ്ങൾ നമുക്കുണ്ട്.  എന്നാൽ  അന്തർദേശിയ കപ്പൽ ചാനലിനോട്  അടുത്തുള്ള  ഒരു ട്രാൻസ് ഷിപ്മെന്റ് ഡീപ് പോർട്ട് നമുക്കില്ല. .  അതിനാലാണ് ഇന്ത്യയിലേക്ക്  മദർഷിപ്  വഴിയുള്ള ചരക്കു ഗതാഗതത്തിന്   കൊളംബോ, ദുബായ്,  സലാല, സിങ്കപ്പൂർ  തുടങ്ങിയ   വൻകിട തുറമുഖങ്ങളെ  നമ്മൾ ആശ്രയിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് പോലും പ്രകൃതിദത്ത ആഴം 16.5 മീറ്റർ മാത്രമേയുള്ളു.  അന്തർദേശിയ കപ്പൽ പാതയിലേക്ക് വിഴിഞ്ഞത്തുനിന്നും,  ഒരു നോട്ടിക്കൽ മൈൽ മാത്രമേ അകലമുള്ളൂ.  ഇവിടെയാണ് വിഴിഞ്ഞത്തിന്റെ പ്രസക്തി.  ഡ്രെഡ്ജിങ് ഇല്ലാതെതന്നെ വിഴിഞ്ഞം  തുറമുഖത്തിന്   20 മീറ്റർ ആഴമുണ്ട്.  അതിനാൽ ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ  കണ്ടൈനർ  കപ്പലിനുപോലും  അനായാസേന  വിഴിഞ്ഞത്ത്  എത്തി കണ്ടൈനറുകൾ കയറ്റി ഇറക്കുവാൻ സാധിക്കുന്നു.  ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ  ആയ MSC Turkiye  എന്ന മദർ ഷിപ് ഏതാനും മാസങ്ങൾക്കു മുമ്പ് വിഴിഞ്ഞത്തുവന്ന്  കണ്ടൈനറുകൾ ഇറക്കിയിരുന്നു.  ഈ കപ്പലിന്റെ TEU (Twenty Foot Equivalent)  24346 ആണ്. അതോടെ ഇക്കാര്യത്തിൽ ചിലർക്കുണ്ടായിരുന്ന ആശങ്കകളും മാറി. 

വിഴിഞ്ഞം പോലൊരു മാതൃ തുറമുഖം(Mother Port)  രാജ്യത്തിനുണ്ടാക്കുന്ന വളർച്ച വളരെ വലുതാണ്.  തലസ്ഥാന ജില്ലക്കാകെ പ്രയോജനകരമാകുന്ന രീതിയിലുള്ള  അടിസ്ഥാന വികസന സൗകര്യങ്ങൾ,  ജില്ലക്കും  സംസ്ഥാനത്തിനും ലഭിക്കും. വലിയ കണ്ടൈനർ  കപ്പലുകൾ വരുന്നതോടെ ഒരു വലിയ വ്യവസായ നഗരമായി തിരുവനന്തപുരം മാറാനാണ് സാധ്യത. തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ  തിരുവനന്തപുരം ജില്ലയുടെ ചരിത്രവും മാറും. ലോജിസ്റ്റിക്സ് മേഖലയിൽ  വലിയ തൊഴിൽ സാധ്യതയും ഉണ്ടാകും.  മറ്റു മേഖലകളിലെപ്പോലെ,   കേരളത്തിന്റെ വിനോദസഞ്ചാര  മേഖലയിലും കാതലായ മാറ്റങ്ങൾ ഉണ്ടാക്കും. ആഡംബര കപ്പലുകൾക്കും  വിഴിഞ്ഞം ഒരു പ്രധാന കേന്ദ്രമായി മാറും.  ഇക്കാര്യത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്  കരാർ ഒപ്പിടീൽ ചടങ്ങിനോടനുബന്ധിച്ച്  VSIL ഇറക്കിയ കൈപ്പുസ്തകത്തിൽ മുഖ്യമന്ത്രി   ഉമ്മൻചാണ്ടി  ഇങ്ങനെ വ്യക്തമാക്കിയത് ." The government's vision for the State's development reaffirmed that Vizhinjam was one of the dream projects that could place Kerala on a course of unprecedented and impressive growth."

 സർക്കാർ തലത്തിൽ ചെയ്യേണ്ട നിർമാണങ്ങൾ   

 ട്രയൽ റൺ കാലത്ത്  ഇവിടെ എത്തിയ മദർ ഷിപ്പുകളിൽ നിന്നും, മറ്റു ചെറു കപ്പലുകളിലേക്കാണ് ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്തത്.  എന്നാൽ റോഡ് മാർഗവും, റെയിൽ മാർഗവും കണ്ടൈനറുകൾ  പോകുകയും വരുകയും ചെയ്യുമ്പോഴാണ്  വിഴിഞ്ഞതിന്റെയും സമീപ പ്രദേശങ്ങളുടെയും  വികസനം  ഉണ്ടാകുക.  തുറമുഖത്തിൻറ്റെ  ശരിക്കുള്ള പ്രയോജനം ലഭിക്കാൻ  അത്യാവശ്യം ചെയ്തുതീർക്കേണ്ട  ചില  വികസന പദ്ധതികൾ കൂടി  സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.    പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  10.7  കി.മി  റെയിൽവേ  ലൈൻ  പൂർത്തീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.  ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർഥമായ ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.  2015 ൽ റെയിൽവേ വികാസ് നിഗം ലിമിറ്റഡ് തയ്യാറാക്കിയ കരട്‌  DPR ഉപേക്ഷിക്കുകയും, പകരം  കൊങ്കൺ റയിൽവേയെ കൊണ്ട് പുതിയ DPR തയ്യാറാക്കി എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ.  അതിനപ്പുറത്തേക്ക് പോയിട്ടില്ല. ചുരുക്കത്തിൽ റെയിൽവേ ലൈൻ വരണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.  അദാനിയുമായുള്ള എഗ്രിമെന്റ് അനുസരിച്ചു  2021 ൽ റെയിൽവെ   കണക്റ്റിവിറ്റി  പൂർത്തീകരിക്കേണ്ടതായിരുന്നു.

 അതുപോലെ  2017  ൽ  സംസ്ഥാന സർക്കാർ പൂർത്തീകരിക്കേണ്ട  വിഴിഞ്ഞം-ബാലരാമപുരം റോഡ് നിർമാണം, ഇതുവരെയും തുടങ്ങിയിട്ടില്ല.  ഇതിനാവശ്യമായ സ്ഥലം 2016 നു മുമ്പ് തന്നെ ഏറ്റെടുത്തിരുന്നതാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിച്ചിട്ടില്ല.  മറ്റൊന്ന് കഴക്കൂട്ടം-കാരോട് ബൈ പാസ്സ്‌ റോഡിൻറ്റെ  നിർമാണമാണ്. പലവിധ സാങ്കേതിക പ്രശ്നങ്ങളിൽപെട്ട്   ഇതിൻറ്റെ  നിർമ്മാണവും  ഇതുവരെ പൂർത്തിയായിട്ടില്ല.

വിഴിഞ്ഞത്തിന്  ലഭിച്ച പരിസ്ഥി അനുമതി നിബന്ധന പ്രകാരം  സംസ്ഥാന സർക്കാർ പദ്ധതിപ്രദേശത്ത്  ഒരു  മത്സ്യബന്ധന തുറമുഖവും, സീ ഫുഡ് പാർക്കും നിർമിക്കണം. ഈ നിർമാണ പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല.മേല്പറഞ്ഞ  പ്രധാനപ്പെട്ട  നിർമാണ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ വികസനത്തിന്റെ ഗുണഫലം അനുഭവവേദ്യമാകുകയുള്ളു. അതിനുള്ള ശ്രമമാണ് ഇനി സർക്കാർ തലത്തിൽ ചെയ്യേണ്ടത്.

അഡ്വ. പി.എസ് .ശ്രീകുമാർ 

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു)



Monday, 28 April 2025

               വിഴിഞ്ഞം:  നന്ദി പറയേണ്ടത് ഉമ്മൻചാണ്ടിയോട് 


മേയ്  2 ന്   വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുമ്പോൾ  കേരളം നന്ദിപറയേണ്ടത്  ആരോടാണ്? വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലൂടെ   തിരുവനന്തപുരത്തിൻറ്റെയും, കേരളത്തിന്റെയും  മുഖച്ഛായ മാറ്റുന്ന വികസനം യാഥാർഥ്യമാക്കിയ  മൺമറഞ്ഞ  ജനപ്രിയ നേതാവും, മുൻ മുഖ്യമന്ത്രിയുമായ  ഉമ്മൻചാണ്ടിയോടോ, അതോ ഈ പദ്ധതി മുഴുവൻ അഴിമതിയാണെന്നും, അതുകൊണ്ട്  പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞ  അന്നത്തെ സി.പി.എം സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനോടോ?


വിഴിഞ്ഞം തുറമുഖത്ത്  കൂറ്റൻ ക്രെയിനുകളുമായി  എത്തിയ  ആദ്യ  കണ്ടൈനർ  കപ്പലിന്  സ്വീകരണമൊരുക്കികൊണ്ട്   പിണറായി സർക്കാർ  ചടങ്ങു്   സംഘടിപ്പിച്ച,  2024   ഒക്ടോബർ  13 ന്  ഇറങ്ങിയ "ദേശാഭിമാനി " പത്രം  നൽകിയ തലക്കെട്ട്  രസകരമാണ്.


  "തെളിഞ്ഞത്  സർക്കാരിൻറ്റെ  ഇച്ഛാശക്തി" എന്നാണ്.  "വിഴിഞ്ഞം  അന്താരാഷ്ട്ര തുറമുഖത്തു  പടുകൂറ്റൻ  കപ്പൽ  നങ്കൂരമിട്ടതോടെ  തെളിഞ്ഞത്   എൽ.ഡി.എഫ്  സർക്കാരിന്റെ  ഇച്ഛാശക്തി.  മലയാളിയുടെ  ദീർഘകാല  സ്വപ്നമായിരുന്നു  ആഴവും  അനുകൂല സാഹചര്യവുമുള്ള  വിഴിഞ്ഞം  തീരം  ഉപയോഗപ്പെടുത്തുകയെന്നത്.  പ്രതികൂല ഘടകങ്ങൾ  തരണം ചെയ്‌ത്‌   പൂർത്തീകരണത്തിലേക്കു  അടുക്കുമ്പോൾ  സർക്കാരിനും  മലയാളിസമൂഹത്തിനും  അഭിമാനിക്കാം.  കഴിഞ്ഞ  ഏഴര വർഷമായി  പദ്ധതിയുടെ  ഓരോ  ഘട്ടത്തിലും  ശ്രദ്ധപതിപ്പിച്ചു  ലക്ഷ്യത്തിലേക്കു  അടുക്കുകയായിരുന്നു.  വികസന, വ്യാപാര,  തൊഴിൽ  മേഖലകളിൽ വലിയ  നേട്ടമുണ്ടാക്കുന്നതാണ്  പദ്ധതി. അതിവേഗം എത്തുന്നതിന്റെ  ആദ്യപടിയായിട്ടാണ്  ചൈനീസ് കപ്പൽ അടുത്തതും പടുകൂറ്റൻ  ക്രെയിനുകൾ  ഇറങ്ങുന്നതും."   

 ഇങ്ങനെ    ഊറ്റം  കൊണ്ട   ദേശാഭിമാനി ,  ഈ  പദ്ധതിക്കായി   ഉമ്മൻചാണ്ടി  സർക്കാരിന്റെ  പ്രതിനിധിയും ,   അദാനി പോർട്ടിൻറ്റെ  പ്രതിനിധിയും  2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച് ഒപ്പിട്ടപ്പോൾ  വെണ്ടയ്ക്ക  അക്ഷരത്തിൽ  നിരത്തിയ  ഹെഡിങ് " കടൽക്കൊള്ള "  എന്നായിരുന്നു.   7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്  വിഴിഞ്ഞം പോർട്ടിൻറ്റെ   പേരിൽ  ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.     മറവിരോഗം    ബാധിച്ച  ദേശാഭിമാനിയും, സി.പി.എം നേതാക്കളും   ഇതൊക്കെ    മറന്നുകാണുമായിരിക്കും.    എന്നാൽ  കേരളത്തിലെ  ജനങ്ങൾ  ഇതൊന്നും  മറന്നിട്ടില്ല.   

അഴിമതി  ആരോപണം  ഉന്നയിക്കപ്പെട്ടപ്പോൾ  മുഖ്യമന്ത്രി  ഉമ്മൻചാണ്ടി  പറഞ്ഞത്,  വിവാദങ്ങളിൽ  കുടുങ്ങി  കേരളത്തിന്  ഇനി  ഒരു  വികസന  പദ്ധതിയും  നഷ്ടപ്പെടാൻ   പാടില്ലെന്നത്  യു,ഡി.എഫ്.  സർക്കാരിന്റെ  പ്രഖ്യാപിത നയമാണ്  എന്നാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി   ഇക്കാര്യം  അദ്ദേഹം  നിയമസഭയിൽ   തറപ്പിച്ചു പറയുകയും ചെയ്തു.  ഈ നയത്തിന്റെ  സാക്ഷാത്കാരമാണ്    2025  മെയ് 2 ന്  വിഴിഞ്ഞതു നടക്കുന്നത്.   അന്താരാഷ്ട്ര  തുറമുഖ  പദ്ധതിയിലൂടെ  ഒരു  സമൂഹത്തിന്റെ  സ്വപ്നം   യാഥാർഥ്യമാകുന്നതിനൊപ്പം  സംസ്ഥാനത്തിന്റെ  വളർച്ചയുമാണ്  സർക്കാർ  വിഭാവന  ചെയ്തത്.  ഭൂമിയുടെ  ഉടമസ്ഥാവകാശം  പൂർണമായും സംസ്ഥാന  സർക്കാരിൽ  നിലനിർത്തി  പദ്ധതി  നടപ്പാക്കാൻ  കഴിയുന്നുവെന്നതും  പ്രധാന  നേട്ടങ്ങളിൽ   പെടുന്നു.  സ്വകാര്യ  പങ്കാളിക്ക്  തുറമുഖ  നിർമാണ  നടത്തിപ്പിനുള്ള  ലൈസൻസ്  മാത്രമാണുള്ളത്.  ഏഴാം  വര്ഷം  മുതൽ  സർക്കാരിന്  തുറമുഖേതര  പ്രവർത്തനങ്ങളിൽനിന്നും  10 ശതമാനം  വരുമാനവിഹിതം  കിട്ടിത്തുടങ്ങും.  പതിനഞ്ചാം  വര്ഷം  മുതൽ  ഓരോ  കൊല്ലവും  തുറമുഖ  നടത്തിപ്പിൽ  നിന്നുള്ള  മൊത്തം  വരുമാനത്തിന്റെ  ഒരു  ശതമാനം, രണ്ട്  ശതമാനം, മൂന്ന്   ശതമാനം  എന്നീ  ക്രമത്തിൽ  40   ശതമാനം  വരെ  റവന്യൂ  വിഹിതം  ലഭിക്കും.  സംസ്ഥാനത്തിന്റെ  ഭൂമി  കൈകാര്യം  ചെയ്യുന്നതിലും,  ലാഭം  നിശ്ചയിക്കുന്നതിലും  വളരെ  കരുതലോടെയാണ്  സർക്കാർ  പ്രവർത്തിച്ചത്.

1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019  ഡിസംബറിൽ    പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  സർക്കാർ,   പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളെ ക്കുറിച്ചു  വിജിലൻസ്  അന്വേഷണം നടത്താനാണ്   ഉത്തരവിട്ടത്.    ഒരഴിമതിയും നടന്നിട്ടില്ലെന്ന്   വിജിലൻസ്  അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വെട്ടിലായത് പിണറായിയും, സി.പി.എം  നേതാക്കളുമായിരുന്നു.  അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ,  ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.       ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ച്  വിഴിഞ്ഞം തുറമുഖത്തിൻറ്റെ   ശിൽപ്പിയായ  ഉമ്മൻചാണ്ടിയെയും,  തുറമുഖ വകുപ്പ്  മന്ത്രിയായിരുന്ന കെ. ബാബുവിനെയും, ഉദ്യോഗസ്ഥന്മാരെയും   കുടുക്കാൻ സാധിക്കുമോ എന്നാണ്  സർക്കാർ  ശ്രമിച്ചതു.   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി. പിണറായി സർക്കാരിന്റെ  ദുഷ്ടലാക്കോടെയുള്ള  എല്ലാ  അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി  തൻറ്റെ   നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻ‌ചാണ്ടി  ഈ ലോകത്തോട് വിടപറഞ്ഞത്.     വിഴിഞ്ഞം  പദ്ധതി  അഞ്ചു വർഷം  വൈകിയതിന്റെ കാരണം    ഉമ്മൻചാണ്ടി സർക്കാരിനെ ഏതെങ്കിലും രീതിയിൽ കുടുക്കുവാനുള്ള  വൃധാ  ശ്രമങ്ങളുമായിരുന്നു. .  സംസ്ഥാന താല്പര്യം  ബലികഴിച്ചും   പാർട്ടി  താല്പര്യങ്ങൾ  സംരക്ഷിക്കുന്ന  എൽ ഡി എഫ്  സർക്കാരിന്റെ  ഇടുങ്ങിയ  മനസ്ഥിതിയാണ്  ഇതിന്റെയൊക്കെ  പിറകിൽ  ഉണ്ടായിരുന്നത്.  

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുക്കുകയും,, സ്ഥലമെടുപ്പ്  പൂർത്തിയാക്കുകയും,  പുനരധിവാസ പാക്കേജ്  നടപ്പാക്കുകയും ചെയ്ത്  പണി തുടങ്ങിയ  ശേഷമാണ്  ഉമ്മൻചാണ്ടി  സർക്കാർ  അധികാരം ഒഴിഞ്ഞത്.  2019 ൽ നിർമാണം  പൂർത്തിയാക്കാൻ വേണ്ടി  എല്ലാ  നടപടികളും  അന്ന്  എടുത്തു.  പിടിപ്പുകേട്  മാത്രം  കൈമുതലായുള്ള  പിണറായി   സർക്കാരിന്  സമയബന്ധിതമായി  പദ്ധതിയുമായി  മുന്നോട്ടുപോകാൻ  സാധിച്ചിട്ടില്ല.  ഈ  പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  12 കി.മി  റെയിൽവേ  ലൈനിനും,  വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിക്കാൻ  പോലും  ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും  പിണറായി  സർക്കാരിന്  സാധിച്ചിട്ടില്ല.   വിഴിഞ്ഞം പദ്ധതിയെ  ഭ്രുണവസ്ഥയിൽ അലസിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ്  ഇന്ന് പദ്ധതിയുടെ നേട്ടം കൊയ്യാൻ   പി.ആർ. ഏജൻസികളെ ഉപയോഗിച്ച് പ്രചാരണ പ്രവർത്തനങ്ങളുമായി  പിണറായി സർക്കാർ ഇറങ്ങിയിരിക്കുന്നത്.   നെല്ലും പതിരും തിരിച്ചറിയാനുള്ള   ബുദ്ധിശക്തി  കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ടെന്ന യാഥാർഥ്യം പിണറായി സർക്കാർ ഓർക്കണം.

അഡ്വ. പി.എസ് ,ശ്രീകുമാർ 

Thursday, 6 March 2025

    


ആശ വർക്കർമാർക്ക്  ആദ്യമായി വേതനം നൽകിയത് ഉമ്മൻചാണ്ടി സർക്കാർ

അഡ്വ.പി.എസ് .ശ്രീകുമാർ 

 

സർക്കാർ നൽകുന്ന ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി  അഞ്ചു ലക്ഷം രൂപ നൽകുക, പെൻഷൻ അനുവദിക്കുക  എന്നീ പ്രധാനവും, ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആശ വർക്കർമാർ  (Acceredited Social and Health  Activist)   കഴിഞ്ഞ   മൂന്നാഴ്ചയായി  സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്.   അവർ സമരം ആരംഭിച്ച ദിവസം മുതൽ അവരെയും, അവർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെയും  തള്ളിപ്പറയാനും, ആശാ  വർക്കർമാരെ  അധിക്ഷേപിക്കുവാനുമാണ്  സി.പി.എം നേതാക്കളും, അവരുടെ ട്രേഡ് യൂണിയനായ സി.ഐ.ടി.യു വിൻറ്റെ  നേതാക്കളും ശ്രമിക്കുന്നത്.  സി.ഐ.ടി.യു  പ്രസിഡണ്ടായ എളമരം കരീം സമരം ചെയ്യുന്ന ആശ വർക്കർ മാരെ  കൃമികളായിട്ടാണ്  ഉപമിച്ചത്.  ഇവരുടെ മറ്റൊരു സംസ്ഥാന നേതാവ്  ലൈംഗികച്ചുവയോടെ  അവരെ അപമാനിച്ചു സംസാരിച്ചു. തൊഴിലാളികളുടെ പേരിൽ നിലകൊള്ളുന്നു  എന്ന്  അവകാശപ്പെടുന്ന  ഒരു പ്രസ്ഥാനത്തിന് ഈ രീതിയിൽ   പ്രതികരിക്കാൻ   എങ്ങിനെ സാധിക്കുന്നു? സമൂഹത്തിനു വേണ്ടി ഇവർ നടത്തുന്ന പ്രവർത്തനങ്ങളെ   തൊഴിലാളി വിരുദ്ധത  കൈമുതലായ ഒരു സർക്കാരിന് മാത്രമേ തള്ളിപ്പറയുവാൻ സാധിക്കുകയുള്ളു. 

2005 ൽ  മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  നാഷണൽ റൂറൽ  ഹെൽത്ത് മിഷൻ  രൂപീകരിച്ചപ്പോൾ, ജനങ്ങളും, പൊതുജനാരോഗ്യ വിഭാഗവുമായി ഒരു ബന്ധം ഉണ്ടാക്കുന്നതിനായാണ്  ആശ വർക്കർമാരെ  ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി  നിയമിച്ചത്. ഇന്ന് രാജ്യത്ത്  10 ലക്ഷത്തോളം ആശ വർക്കർമാരാണ് വിവിധ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നത്.  അതാതു പ്രദേശത്തെ ജനന - മരണ കണക്കുകൾ എടുക്കുക, പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കുക, അമ്മമാരുടെയും, കുഞ്ഞുങ്ങളുടേയും  ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, പരിസര ശുചീകരണം ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു  അവരുടെ ചുമതലകൾ. ആദ്യ കാലഘട്ടത്തിൽ  ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരുന്നു  അവർക്കു ജോലി ഉണ്ടായിരുന്നത്. അതിനായി അവർക്കു ഓണറേറിയം ആണ് നൽകിയിരുന്നത്.കേരളത്തിൽ അന്ന് വി.എസ് .അച്യുതാനന്ദൻറ്റെ  നേതൃത്വത്തിലുള്ള  ഇടതുപക്ഷ സർക്കാരായിരുന്നു അധികാരത്തിലിരുന്നത്.  2007 ലാണ് കേരളത്തിൽ  ആശ വർക്കർമാരെ നിയമിക്കാൻ തീരുമാനിച്ചത്. അതനുസരിച്ചു  എല്ലായിടത്തും  അവരെ നിയമിച്ചെങ്കിലും, സർക്കാർ അവർക്ക്  ഓണറേറിയം നൽകാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നൽകിയില്ല. 2007 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഓണറേറിയമായി ഒരു രൂപ പോലും അച്യുതാനന്ദൻ സർക്കാർ നൽകിയില്ല.  എന്നാൽ   ആ സർക്കാരിന്റെ 2011  -  2012 ലെ അവസാനത്തെ  ബജറ്റിൽ  300 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ അധികാരത്തിൽ നിന്നും പോകുന്നതുവരെയും  പ്രഖ്യാപനം ബജറ്റ് പേപ്പറിൽ മാത്രമായി അവശേഷിച്ചു. എന്നാൽ തുടർന്ന് 2011  മേയിൽ  അധികാരത്തിലേറിയ ഉമ്മൻചാണ്ടി സർക്കാർ, മുൻ സർക്കാർ  പ്രഖ്യാപിച്ച  300 രൂപ 500  രൂപയായി വർധിപ്പിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു. ആ സർക്കാരിന്റെ കാലയളവിൽ ഓരോ വർഷവും തുക കാലാനുസൃതമായി വർധിപ്പിക്കുകയും,   സർക്കാർ  2016 ൽ അധികാരത്തിനു പുറത്തു പോയ സമയത്തു ഓണറേറിയം 1000  രൂപയായി നൽകുകയും ചെയ്തു.  മാത്രമല്ല, രാജ്യത്തു  ആദ്യമായി  ആശ  വർക്കർമാർക്ക്  ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉമ്മൻചാണ്ടി സർക്കാർ   2015  ജൂലൈ മാസത്തിൽ നടപ്പിലാക്കി.  കോവിഡ്    കാലത്തു  കേരളത്തിലെ ആശ വർക്കർമാർക്ക്  അധിക ജോലി ഭാരമാണ് സംസ്ഥാന സർക്കാർ നൽകിയത്.  സ്വന്തം ജീവൻ  പോലും അനിശ്ചിതത്വത്തിലാക്കിയാണ്  ആ കാലയളവിൽ ഇവർ സംസ്ഥാനത്തു പതിനഞ്ചും, പതിനാറും മണിക്കൂറുകൾ ജോലിചെയ്താണ്  ജനസേവനം നടത്തിയത്.  അതിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ട്  പരസ്യപ്രചാരണം നടത്തിയത്  അന്നത്തെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചറും, പിണറായിയുമായിരുന്നു.    നിലവിൽ 26116 പേരാണ് ആശ വർക്കർമാരായി കേരളത്തിലുള്ളത്. ഇന്ന് ആശ വർക്കർമാരെ  അധിക്ഷേപിച്ചു സംസാരിക്കുന്ന എളമരം കരീം, 2014  ഡിസംബർ 8 ന്  അവരുടെ വേതനം 10000  രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ  സബ്‌മിഷൻ  നടത്തിയ കാര്യം  അദ്ദേഹം  മറന്നുപോയി കാണില്ലെന്ന് വിശ്വസിക്കുന്നു.

ആശാവർക്കർമാരുടെ  വേതനം 21000  രൂപയായി വർധിപ്പിക്കുമെന്ന്  തെരഞ്ഞെടുപ്പ് സമയത്തിറക്കിയ  ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്‌ദാനം  നൽകിയാണ്  പിണറായി  സർക്കാർ അധികാരത്തിലേറിയത്. മാത്രമല്ല, ഈ ആവശ്യമുന്നയിച്ചുകൊണ്ട്  സി  ഐ ടി  യു വിന്  സംഘടനാ  സാന്നിധ്യമുള്ള  ബംഗാൾ, ബീഹാർ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര ,ആന്ധ്ര, തെലുങ്കാന, കർണാടകം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഇവർ പ്രക്ഷോഭം നടത്തി.  എന്നാൽ തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന  പിണറായി  ഭരിക്കുന്ന കേരളത്തിൽ  വേതന വർദ്ധനവ് എന്ന ആവശ്യം ഉന്നയിച്ചു സമരം നടത്തുന്നതിന് പകരം,  അവർ തന്നെ ഉന്നയിച്ച ആവശ്യത്തിന് വേണ്ടി സമരം നടത്തുന്ന ആശ വര്ക്കര്മാരുടെ സമരത്തെ പരാജയപ്പെടുത്താനാണ്  സി.ഐ.ടി.യൂ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവർ കണ്ടില്ലെന്നു നടിക്കുന്ന ഒരു കാര്യം,  സിക്കിം,ആന്ധ്ര പ്രദേശ്,  സർക്കാരുകൾ  ആശ വര്ക്കര്മാര്ക്ക്  പ്രതിമാസം 10000  രൂപ വച്ച് നല്കുന്നുണ്ടെന്നുള്ളതാണ്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തു നൽകിയ വാഗ്‌ദാനമാണ്  അവിടെ നടപ്പിലാക്കിയത്.  മാത്രമല്ല ആശ വര്ക്കര്മാര്ക്ക്  180  ദിവസത്തെ പ്രസവാവധിയും, ഒന്നര ലക്ഷം രൂപ ഗ്രാറ്റുവിറ്റി യും സർക്കാർ  പ്രഖ്യാപിച്ചു. എന്നാൽ  ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ അംഗങ്ങൾ  കേരളം നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ  അടിയന്തിര പ്രമേയം ഉന്നയിച്ചപ്പോൾ, സിക്കിം സർക്കാർ 10000  രൂപ മാസവേതനം നല്കുന്നില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്. സിക്കിം സർക്കാർ 2022  മുതൽ വേതനം വർധിപ്പിച്ചതിന്റെ ഉത്തരവ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ  പുറത്തു വിടുകയും ആരോഗ്യ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന്  വ്യക്തമാക്കുകയും ചെയ്തു.  അതുപോലെ കേന്ദ്ര സർക്കാരിന്റെ വിഹിതം ഇതുവരെ നൽകിയിട്ടില്ലെന്നും  അതുകൊണ്ടാണ് കുടിശ്ശികയുണ്ടായതെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ 2025 ഫെബ്രുവരി 7 നു എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭയിൽ  ഉന്നയിച്ച  ഒരു ചോദ്യത്തിന് മറുപടിയായി 2023 -24 ൽ 189.15 കോടി രൂപയും, 2024 -25 ൽ 815.73 കോടി രൂപയും  അനുവദിച്ചു നൽകിയെന്ന്  കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി പ്രതാപ്  റാവു   ജാദവ് മറുപടി നൽകി.  അനുവദിച്ച തുക കേന്ദ്ര വിഹിതം മാത്രമാണെന്നും, സംസ്ഥാന വിഹിതം    ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം മറ്റൊരു കാര്യം കൂടി വ്യക്തമാക്കി, 2023  -24 ൽ കേന്ദ്ര വിഹിതം കുടിശ്ശികയായതിനു കാരണം  കേന്ദ്രം പറഞ്ഞ  മാർഗനിർദേശങ്ങൾ  നടപ്പാക്കുവാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതുകൊണ്ടാണെന്നും, 2024 ജൂൺ 26 ന്  എല്ലാ മാർഗ നിർദേശങ്ങളും നടപ്പിലാമെന്നു കാണിച്ചു സംസ്ഥാന  സർക്കാർ അറിയിച്ചതിനെ തുടർന്നാണ് കുടിശ്ശിക  അനുവദിച്ചതെന്നും  അദ്ദേഹം അറിയിച്ചു.  

 സമരം പൊളിക്കാനുള്ള സർക്കാരിന്റെയും  സി.പി.എം നേതാക്കളുടെയും  കള്ള പ്രചാരണം ഉപേക്ഷിച്ച്  ആശ വർക്കർമാർ ഉന്നയിച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങൾ  സംബന്ധിച്ച് അവരുമായി ചർച്ചചെയ്ത്  എത്രയും വേഗം പരിഹാരം കണ്ടെത്താൻ തയ്യാറാക്കുകയാണ് വേണ്ടത്.