Sunday, 31 January 2021

                       പുതിയ ചരിത്രം രചിച്ചു കമല ഹാരിസ് 

പി എസ്‌ ശ്രീകുമാർ 

"പലതും ആദ്യം ചെയ്യുന്നത് നീ ആയിരിക്കാം, പക്ഷെ, ഒരിക്കലും  അവസാനത്തേതാകാതിരിക്കാൻ നീ ശ്രദ്ധിക്കണം"  എന്ന   അമ്മ ശ്യാമളാ ഗോപാലൻറ്റെ  വാക്കുകൾ   ഓര്മിച്ചുകൊണ്ടാണ് ,  " അമേരിക്കയുടെ വൈസ്  പ്രസിഡന്റ്  ആകുന്ന  ആദ്യ  വനിത  ഞാൻ ആയിരിക്കാം,  എന്നാൽ അത് അവസാനത്തേതല്ല"  എന്ന്   വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപെട്ട ശേഷം നടത്തിയ  പ്രസംഗത്തിൽ  കമല  ദേവി  ഹാരിസ് പറഞ്ഞത്.  അമേരിക്കയുടെ ചരിത്രം  തിരുത്തികുറിച്ചുകൊണ്ടാണ് കമല  ഈ ഉന്നത സ്ഥാനത്തു എത്തുന്നത്.  ഇതോടെ   കമല ഹാരിസ് അമേരിക്കൻ   ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

2020 ലെ തെരഞ്ഞെടുപ്പിൽ  ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായാണ് ആദ്യം  അവർ രംഗപ്രവേശം ചെയ്തത്. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നേതാവായ  മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിണ്റ്റെ  ജന്മദിനമായ 2019  ജനുവരി 21 നായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള  തീരുമാനം  അവർ  സ്വന്തം സംസ്ഥാനമായ കാലിഫോർണിയയിൽ പ്രഖ്യാപിച്ചത്.  ആദ്യ ഘട്ടത്തിൽ  അവർക്ക്  ഡെമോക്രാറ്റിക്‌ പാർട്ടിയിൽ നിന്നും നല്ല പിന്തുണ ലഭിച്ചെങ്കിലും,     പിന്നീട്  അവരുടെ എതിർ സ്ഥാനാര്ഥികളായിരുന്ന ജോ ബൈഡനും, ബെർണി സാൻഡേഴ്സിനും ,  തുൾസി ഗബ്ബാർഡിനും പിന്നിലാവാൻ  തുടങ്ങി. ഒടുവിൽ,  പ്രതീക്ഷിച്ചപോലെ  തെരഞ്ഞെടുപ്പ് ഫണ്ട്  ലഭിക്കാതെവന്നതോടെ മത്സര രംഗത്തുനിന്നും പിന്മാറുന്നതായി അവർ  2019 ഡിസംബർ 3 ന്  അറിയിക്കുകയും  ജോ ബൈഡനു പിന്തുണ  പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

 2020  മേയിൽ വര്ണവെറിയനായ ഒരു പോലീസ്  ഉദ്യോഗസ്ഥൻ,   ആഫ്രിക്കൻ വംശജനായ  ജോർജ് ഫ്ലോയിഡിനെ  ഒരു കാരണവുമില്ലാതെ കൊലപ്പെടുത്തിയതിന് തുടർന്ന്  അമേരിക്കയിൽ  എമ്പാടും  പോലീസിനും വര്ണവെറിയന്മാരെ സഹായിക്കുന്ന ട്രംപിനുമെതിരെ  കലാപം പൊട്ടിപ്പുറപ്പെട്ടു.  ആ സമയത്തു്  കറുത്ത വർഗക്കാർക്ക്  സാന്ത്വനവുമായി എത്തിയത് ജോ ബൈഡനും  കമല ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കളുമായിരുന്നു.   ഈ ഒരു പശ്ചാത്തലത്തിലാണ്   ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നോമിനേറ്റ് ചെയ്യപ്പെട്ട  ബൈഡൻ ,   കമല ഹാരിസിനെ  തൻറ്റെ  വൈസ്-പ്രസിഡന്റ്  സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

കുടുംബവേരുകൾ ചെന്നൈയിൽ 

 1958 ൽ  ഉന്നത പഠനത്തിനായി  അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയ  ചെന്നൈ സ്വദേശിയായ ശ്യാമളാ ഗോപാലനാണ് കമലയുടെ 'അമ്മ.  പഠനശേഷം കാൻസർ ചികിത്സ രംഗത്ത്  ഗവേഷകയായിരുന്നു അവർ.  അവരോടൊപ്പം  സർവകലാശാലയുടെ സാമ്പത്തിക ശാസ്ത്രം വിഭാഗത്തിൽ ജോലി ചെയ്തിരുന്ന  ജമൈക്കൻ വംശജനായ ഡൊണാൾഡ് ഹാരിസ് ആണ് കമലയുടെ അച്ഛൻ.  ഇവരുടെ രണ്ടു മക്കളിൽ മൂത്തവളാണ് കമല. മായയാണ് അവരുടെ സഹോദരി.  കമലക്കു ഏഴു വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് അമ്മയുടെ സ്നേഹസ്പര്ശത്തിലും തണലിലുമാണ് കമലയും സഹോദരി മായയും വളർന്നത്.  സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുത്തച്ഛൻ പി.വി. ഗോപാലനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പൊതുപ്രവർത്തനത്തിൽ കമലയുടെ 'അമ്മ ശ്യാമളയും കമലയും ആകൃഷ്ടരായത്.

ഒട്ടേറെ മേഖലകളിൽ  ആദ്യ വനിത

വാഷിങ്ങ്ടണിലെ  ഹൊവാഡ് സർവകലാശാലയിൽനിന്ന് രാഷ്ട്രമീമാംസയിലും, നിയമത്തിലും ബിരുദമെടുത്തശേഷം കാലിഫോർണിയ സർവകലാശാലയിൽ  അവർ നിയമത്തിൽ ഉപരിപഠനം നടത്തി. അഭിഭാഷകയായാണ് അവർ  തൊഴിൽപരമായ  ജീവിതം  ആരംഭിച്ചത്.  സാൻഫ്രാൻസിസ്‌കോയിലെ ആദ്യ വനിതാ അറ്റോർണിയായി  അവർ 2004 ൽ നിയമിക്കപ്പെട്ടു   2011 ൽ കാലിഫോർണിയ സംസ്ഥാനത്തെ അറ്റോർണി ജനറലായി. അതും  ആദ്യ  വനിതാ  അറ്റോർണി ജനറൽ ആയിരുന്നു.   അറ്റോർണി ജനറൽ എന്ന നിലയിൽ  കുറ്റകൃത്യങ്ങൾക്കും,  വംശീയതക്കുമെതിരെ ശക്തമായ നിലപാടെടുത്ത  കമല ഹാരിസ്  മയക്കുമരുന്നിന് അടിമപ്പെട്ടവരെ   സാധാരണ ജീവിതത്തിലേക്ക്  മടക്കികൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ  നടപ്പിലാക്കിയ ചില  പദ്ധതികൾ  രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു.   വരുമാനത്തിലെ അസമത്വം, വിദ്യാർത്ഥികളുടെ ഉയരുന്ന പഠനച്ചിലവ്, ആരോഗ്യ സംരക്ഷണോപാധികളുടെ അനിയന്ത്രിതമായ വില , വര്ണവെറിയന്മാരായ  പോലീസുകാരുടെ അതിക്രമങ്ങൾ എന്നിവക്കെതിരെ അവർ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്.  2008 ൽ അമേരിക്കൻ ബാങ്കുകളെയും, അതുവഴി ലോക സമ്പദ്ഘടനയെയും പ്രതിസന്ധിയിലാക്കിയ  സബ്-പ്രൈം  ലോൺ  വിവാദത്തിലെ കേസുകളിൽ, കടമെടുത്ത കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാൻ അവർ മുന്പന്തിയിലുണ്ടായിരുന്നു.  കുടിയേറ്റത്തിനും, കുടിയേറ്റക്കാർക്കുമെതിരെ ട്രംപ് ഭരണകൂടം കൈകൊണ്ട മനുഷ്യത്വരഹിതമായ നിലപാടുകളെ അതിനിശിതമായാണ് കമല വിമർശിച്ചത്.  സമൂഹത്തിലെ അധസ്ഥിതർക്കും, മധ്യവർഗക്കാർക്കും അനുകൂലമായ നിലപാടെടുക്കുന്ന കമല ഹാരിസ്,  2016 ലാണ്  ആദ്യ  ഇന്ത്യൻ വംശജയായ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് . അധസ്ഥിതർക്കനുകൂലമായ നിലപാടുകൾ   എടുക്കുന്നത് കൊണ്ടാകാം അവരെ " വനിതാ  ഒബാമ"  എന്ന് ഒരു വിഭാഗം  അമേരിക്കൻ  മാധ്യമങ്ങൾ  വിശേഷിപ്പിക്കുന്നത്.


ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം 

വൈസ് പ്രസിഡന്റ് എന്ന നിലയിൽ, അമേരിക്കയുടെ സമ്പത്‌വ്യവസ്ഥ  ശക്തിപ്പെടുത്തണമെന്നും തൊഴിൽ എടുത്തു ജീവിക്കുന്നവർക്ക് അനുകൂലമാകണമെന്നും അവർ ആഗ്രഹിക്കുന്നു.അതുപോലെ സമൂഹത്തിൽ നിന്നും, ഭരണകൂടത്തിൽ നിന്നും വംശീയത ഇല്ലാതാക്കണമെന്നും  കാലാവസ്ഥാ  സംരക്ഷണത്തിന്  പ്രാധാന്യം നൽകണമെന്നും ആഗ്രഹിക്കുന്ന കമല, രാജ്യത്തെ ജനങ്ങളെ,  അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കി ഒന്നിപ്പിക്കാനും ഉദ്ദേശിക്കുന്നു.  ഒബാമയുടെ കാലത്തു കൊണ്ടുവന്ന അഫൊർഡബിൾ  കെയർ  ആക്റ്റ്, ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പിൽ വരുത്തുവാൻ ശ്രമിക്കുമെന്ന് തെരെഞ്ഞെടുപ്പ് കാലത്തു  വാഗ്ദാനം നൽകിയിരുന്നത് നടപ്പിലാക്കാൻ അവർ പ്രതിജ്ഞാബദ്ധയാണ്. മണിക്കൂറിന് 

7  .25 ഡോളർ കൂലി എന്നത്,  15  ഡോളർ ആയി വർധിപ്പിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്ക് സഹായകമായിരിക്കും.  മറ്റൊരു പ്രധാന വാഗ്‌ദാനം , അമേരിക്കയിലെ പോലീസ്, നീതിന്യായ വ്യവസ്ഥ  എന്നിവയിൽ  വരുത്തേണ്ട മാറ്റങ്ങളാണ്.  വെള്ളക്കാരൊഴിച്ചു ബാക്കി എല്ലാവരെയും സംശയ ദൃഷ്ടിയോടെയും , കുറ്റക്കാരുമായി കരുതുന്ന വ്യവസ്ഥയാണ് ഇന്നും അമേരിക്കയിൽ ഉള്ളത്.  ഇതിനെതിരെ അഭിഭാഷകയെന്ന നിലയിലും , അറ്റോർണി എന്നനിലയിലും ശക്തമായി പ്രതികരിച്ചിട്ടുള്ള  കമലക്കു  ഈ രംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് താന്റ്റേതായ  കാഴ്ചപ്പാടുണ്ട്. അതിനനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ അവർ ശ്രമിക്കും എന്നാണ് കരുതുന്നത്. 

കുടിയേറ്റക്കാർക്ക്  സാന്ത്വനം 

കമലയുടെ അച്ഛനും അമ്മയും കുടിയേറ്റക്കാരായിരുന്നതിനാൽ, കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ അവർക്കു നന്നായി അറിയാം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമങ്ങളിൽ പൊളിച്ചെഴുത്തു  വരുത്തുമെന്ന്  കമല ഹാരിസും, ജോ ബൈഡനും പറഞ്ഞിട്ടുള്ളത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകും.എച് 1 ബി  വീസ യുടെ കാര്യത്തിലും പുതിയ ഭരണകൂടം അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.  ഇന്ത്യൻ വംശജയായാണെങ്കിലും, ഇന്ത്യയോട്  പ്രത്യേകമായി  ഒരു അനുഭവം കാണിക്കാൻ സാധ്യത കുറവാണു. ഏതായാലും കഴിഞ്ഞ നാല് വർഷ കാലയളവിൽ ട്രംപ് നടത്തിയ  വിഭജന, വിദ്വെഷ   ഭരണത്തിൽ നിന്നും ഒരു മാറ്റം ദേശീയ  തലത്തിലും, അന്തർദേശിയ തലത്തിലും  കമലയിൽ നിന്നും ബൈഡണിൽ നിന്നും ഉണ്ടാകുമെന്നതിൽ സംശയമില്ല.

പി എസ്‌ ശ്രീകുമാർ 

98471 73177 

 




Biden inauguration

               പ്രതിസന്ധികൾക്കിടയിലെ  അധികാരമേറ്റെടുക്കൽ 

പി  എസ്‌  ശ്രീകുമാർ 

അമേരിക്കയുടെ 46 ആം  പ്രസിഡന്റ് ആയി  ജോ ബൈഡൻ എന്ന ജോ സഫ്  ആർ  ബൈഡൻ ജൂനിയറും,   വൈസ് -പ്രസിഡന്റ്  ആയി  ആദ്യ ഇന്ത്യൻ വംശജയും,  ആദ്യ വനിതയുമായ  കമലാ  ദേവി  ഹാരിസും  ജനുവരി  20 ന്  അധികാരമേൽക്കുകയാണ്. പാർലമെന്റ് മന്ദിരമായ  ക്യാപിറ്റോളിന്റ്റെ  പടിഞ്ഞാറു ഭാഗത്താണ് സത്യാ പ്രതിജ്ഞ ചടങ്ങു സംഘടിപ്പിച്ചിട്ടുള്ളത്.  "ഐക്യ അമേരിക്ക " എന്നതാണ് ഇത്തവണത്തെ  സത്യപ്രതിജ്ഞ ചടങ്ങിൻറ്റെ  മുദ്രാവാക്യം.   ഉച്ചക്ക് 12  മണിക്ക് നടക്കുന്ന ചടങ്ങിൽ  അമേരിക്കയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  ജോൺ.ജി. റോബെർട്സ് ജൂനിയർ ആണ്  സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത് . പാർട്ടി അംഗങ്ങളും  , അനുഭാവികളും  സാധാരണഗതിയിൽ പങ്കെടുക്കാറുണ്ടെങ്കിലും, കോവിടിന്റ്റെ  പശ്ചാത്തലത്തിൽ  ഇത്തവണ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടവരും, മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും, ടെമ്പറേച്ചർ ടെസ്റ്റിന്  വിധേയമായുമാണ്   ചടങ്ങു വീക്ഷിക്കാൻ എത്തേണ്ടത്.  പതിവിന്  വിരുദ്ധമായി  സ്ഥാനമൊഴിയുന്ന പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കുന്നില്ല.  152   വര്ഷങ്ങള്ക്കു ശേഷം  ആദ്യമായാണ്  നിലവിലെ പ്രസിഡന്റ് പങ്കെടുക്കാതിരിക്കുന്നത്.   1869 ൽ  ആൻഡ്രൂ ജോൺസൻ ആണ്  ഇതിനുമുമ്പ്  സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്ന   പ്രസിഡന്റ്. 

കൊറോണ തകർത്ത അമേരിക്ക 

അമേരിക്ക നിരവധി പ്രതിസന്ധികളെ  നേരിടുന്ന അവസരത്തിലാണ്  ഡൊണാൾഡ് ട്രമ്പിൽനിന്നും ബൈഡനിലേക്ക്  അധികാരം എത്തുന്നത്. 2020  ജനുവരി 20  നായിരുന്നു  ആദ്യ കൊറോണ കേസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.  അതിനുശേഷം ഉണ്ടായ സംഭവ പരമ്പര  അമേരിക്കയുടെ ചരിത്ര ഗതി  തന്നെ   മാറ്റി മറിച്ചു.  കോവിഡ്  ഒരു മഹാമാരിയായി  അമേരിക്കയിൽ  എമ്പാടും വ്യാപിച്ചു.  പ്രസിഡന്റ് ട്രംപ്  ആദ്യ ഘട്ടത്തിൽ  ഈ രോഗത്തെ നിസ്സാരവൽക്കരിക്കുകയും, പുച്ഛിച്ചു തള്ളുകയും ചെയ്തു.  ആരോഗ്യ വിദഗ്ധരുടെയും, ശാസ്ത്രജ്ഞൻമാരുടെയും  എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ച ട്രംപ്, കോറോണയുടെ വ്യാപനത്തിന് വഴിയൊരുക്കുകയായിരുന്നു.  ഇതിനോടകം 24  ലക്ഷം പേരെയാണ് കൊറോണ രോഗം ബാധിച്ചത്. ഏകദേശം 4  ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു. ലോകത്തു ഏറ്റവും കൂടുതൽ പേര്  കോവിഡ്  ബാധിച്ചു മരിച്ചത് ഏറ്റവും വികസിത രാജ്യമെന്ന്  അവകാശപ്പെടുന്ന അമേരിക്കയിലാണ്.

കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഗുരുതരമാണ്.  അമേരിക്കയുടെ ചരിത്രത്തിലാദ്യമായി  തൊഴിലില്ലായ്മ  2020  മേയ്  മാസത്തിൽ 13  ശതമാനമായി.തൊഴിലില്ലാത്തവരുടെ എണ്ണം 2020  ഫെബ്രുവരിയിൽ 6 .2 ദശലക്ഷമായിരുന്നതു് 2020  മേയ്  ആയപ്പോഴേക്കും 20 .5  ദശ  ലക്ഷമായി വർധിച്ചു. വ്യാവസായിക ഉല്പാദനത്തെയും ഭക്ഷ്യ ഉല്പാദനത്തെയും  കോവിഡ്  ബാധിച്ചു. അമേരിക്കയിലെ നാഷണൽ ബ്യുറോ ഓഫ് ഇക്കണോമിക് റിസേർച്ചിന്റെ  പഠനമനുസരിച്ചു അമേരിക്കയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലാണ്.

ക്യാപിറ്റൽ മന്ദിരത്തിലെ സുരക്ഷാ വീഴ്ച 

ട്രംപ് ഭരണത്തിന്റെ അവസാന നാളുകളിൽ ഉണ്ടായ സുരക്ഷാ വീഴ്ച അമേരിക്കക്ക്  നാണക്കേടുണ്ടാക്കി. ലോക പോലീസ് ചമയുന്ന അമേരിക്കക്കു ഏറ്റ  കനത്ത പ്രഹരമായിരുന്നു  ജനുവരി 6 ന്  തലസ്ഥാനമായ വാഷിംഗ്ടണിലെ പാർലമെന്റ് മന്ദിരത്തിൽ നടന്നത്.  നവംബർ  3 ന്  നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇലക്ട്‌റൽ കോളേജ് വോട്ടുകൾ എണ്ണി  തിട്ടപ്പെടുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ്  അന്ന് അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനം ചേർന്നത്.  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമവും, അട്ടിമറിയും നടന്നുവെന്ന് ആരോപിച്ചു പരാജയം സമ്മതിക്കാത്ത ഡൊണാൾഡ് ട്രംപ്,  അന്നുതന്നെ ക്യാപിറ്റോൾ  മന്ദിരത്തിനു സമീപത്തെ നാഷണൽ മാളിൽ  അനുയായികളുടെ സമ്മേളനം വിളിച്ചുകൂട്ടി.  സമ്മേളനത്തിൽ ട്രംപ് നടത്തിയ പ്രസംഗം അണികളെ അക്രമാസക്തരാകാൻ പ്രേരിപ്പിക്കുന്നതായിരുന്നു.  സമ്മേളനത്തിന് ശേഷം ട്രംപ്  അനുകൂലികൾ സംയുക്തസമ്മേളനവേദിയിലേക്കു ഇരച്ചു കയറി  സമ്മേളനം അലങ്കോലപ്പെടുത്തി. കൈയൂക്കിലൂടെയും, മാടമ്പിത്തരത്തിലൂടെയും  ജനഹിതം അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്  റാലിയും, അതിനുശേഷം നടത്തിയ പാർലമെന്റ്  മന്ദിരത്തിലേക്കുള്ള തള്ളിക്കയറ്റവും. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ജനപ്രതിനിധികളെയും , സ്പീക്കർ നാൻസി പെലോസിയെയും കൈയ്യേറ്റം ചെയ്യാനും അവർ ഉദ്ദേശിച്ചിരുന്നു.  അന്ന് നടന്ന ആക്രമണങ്ങളിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഏതായാലും  ട്രംപിന്റെ പ്രേരണയിലും, അനുവാദത്തോടും കൂടി നടന്ന പാർലമെന്റ് ആക്രമണങ്ങളുടെ തുടർച്ചയായി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി രണ്ടാമതും  കുറ്റവിചാരണ [impeach ] ചെയ്യപ്പെടുന്ന പ്രസിഡന്റ് ആയി ട്രംപ് മാറിയിരിക്കയാണ്.  ബൈഡൻ അധികാരമേറ്റെടുക്കുന്ന ദിവസവും  രാജ്യമെങ്ങും പ്രധിഷേധ പ്രകടനങ്ങൾ നടത്താൻ ട്രംപ് അനുകൂലികൾ ആഹ്വാനം ചെയ്തിടുള്ള  പശ്ചാത്തലത്തിൽ, സത്യാ പ്രതിജ്ഞ ചടങ്ങിന് വലിയ സുരക്ഷാ സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. വാഷിങ്ടൺ നഗരത്തിലും പരിസര പ്രദേശങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സത്യാ പ്രതിജ്ഞ ചടങ്ങിന്റെ സുരക്ഷാ സംവിധാനം ഇരുപതിനായിരത്തോളം നാഷണൽ ഗാർഡ്  ഭടന്മാരെ ഏല്പിച്ചിരിക്കയാണ്.

ആദ്യനാളുകളിൽ തന്നെ തിരുത്തലുകളും 

തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് തൊടുത്തുവിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് 78 കാരനായ ബൈഡൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും പ്രായമുള്ള  പ്രസിഡന്റ് ബൈഡനാണ്.  ബൈഡനുമുമ്പ് ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയിരുന്നത് 77  കാരനായിരുന്ന  റൊണാൾഡ്‌ റീഗനായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യത്തെ ഉത്തരവാദിത്വം   ട്രംപ് ഭരണത്തിന് കീഴിൽ ഭിന്ന തലങ്ങളിലാക്കിയ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനൊപ്പം, കോവിഡ്  മഹാമാരിയെ നിയന്ത്രണവിധേയമാക്കുക എന്നതാണ്. മാസ്ക് ധാരണത്തിനും , സാമൂഹ്യ അകലം പാലിക്കലിനും  അദ്ദേഹം വളരെയേറെ പ്രാധാന്യം നൽകും.  വാക്‌സിൻ കുത്തിവെപ്പ്,  കറുത്തവരും സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർ ഉൾപ്പെടെയുള്ളവര്കും ലഭ്യമാകുന്നുവെന്നു ഉറപ്പു വരുത്തുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും.  കോവിഡ്  മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി 2000  ഡോളർ  വീതം നൽകുമെന്ന്  നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം  പാലിക്കാനുള്ള നടപടികൾ ആദ്യനാളുകളിൽ തന്നെഅദ്ദേഹം കൈക്കൊള്ളും.  അതുപോലെ വാണിജ്യ- വ്യാവസായിക രംഗങ്ങളിൽ ഉത്തേജന പാക്കേജുകളും പ്രതീക്ഷിക്കാം.

ഉദാരമായ കുടിയേറ്റനിയമം  കൊണ്ടുവരുമെന്ന്  ബൈഡൻ തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം നല്കിയിട്ടുള്ളതിനാൽ, എച്1 ബി   വീസ യുടെ കാര്യത്തിലും ഗ്രീൻ കാർഡിന്റെ  കാര്യത്തിലും ട്രംപിന്റെ ഉത്തരവുകൾ മാറ്റി ഉദാരമായ വ്യവസ്ഥകൾ കൊണ്ടുവരും . അതുപോലെ ,  ചില മുസ്ലിം  രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം നിരോധിച്ചതും അദ്ദേഹം പുനഃ പരിശോധിക്കും. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും പിൻവാങ്ങിയ ട്രംപിന്റെ നടപടി പുനഃപരിശോധിച്ചു,  മറ്റു രാജ്യങ്ങൾക്കൊപ്പം പാരീസ്  ഉടമ്പടിയിൽ വീണ്ടും ചേരാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളും 

ട്രാപ് എടുത്ത മറ്റൊരു തെറ്റായ തീരുമാനം ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിന്മാറിയതാണ്.    കോവിഡ്  മഹാമാരി ലോകത്തെ ആദ്യം തന്നെ അറിയിക്കാതിരുന്ന ചൈനക്ക് അനുകൂലമായി ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപ്  അതിൽ നിന്നും പിന്മാറിയത്.  ഈ തീരുമാനം തിരുത്തി ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ബൈഡൻ തീരുമാനിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  അതിനുള്ള നടപടികൾക്കും അദ്ദേഹം ആദ്യ ദിനങ്ങളിൽ  തന്നെ തയ്യാറാകും.

ഇന്ത്യയോട് എങ്ങിനെ ?

2009 മുതൽ 2017 വരെ  ഒബാമയുടെ ടീമിൽ   വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച  നാൾ മുതൽ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നു ആഗ്രഹിച്ച നേതാവാണ് ബൈഡൻ.   വൈസ് പ്രസിഡന്റ് ആകുന്നതിനു മുമ്പ്   സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗമെന്ന നിലയിലും, പിന്നീട്  ചെയര്മാന്  എന്ന നിലയിലും   ഡോ .മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള സർക്കാരുമായി    2008 ൽ,  സൈനികേതര  ആണവ   കരാർ ഉണ്ടാക്കുന്നതിൽ  മുൻകൈ എടുത്തതും ബൈഡനായിരുന്നു .  2009  നും 2014  നും  ഇടയിലുള്ള കാലഘട്ടത്തിൽ,  ഇന്ത്യ-അമേരിക്ക വാണിജ്യബന്ധം ഇരട്ടിയായി വർധിച്ചു.  2009  ൽ  ഇന്ത്യൻ നിന്നുമുള്ള കയറ്റുമതി 33 .9  ബില്യൺ ഡോളർ ആയിരുന്നത്  2014 ൽ 67 .9  ബില്യൺ ഡോളർ ആയി വർധിച്ചു.  ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വത്തിനുള്ള അർഹതയുണ്ടെന്ന് അമേരിക്ക അംഗീകരിച്ചതും, ന്യൂക്ലിയർ സപ്പ്ലയേഴ്‌സ്  ഗ്രൂപ്പിൽ  ഇന്ത്യയെ അംഗമാക്കണമെന്ന ആവശ്യത്തിന് ആദ്യമായി   പിന്തുണ നൽകിയതും  ഈ സമയത്തു തന്നെ ആയിരുന്നു.  2020  ആകുമ്പോഴേക്കും   ഇന്ത്യയും അമേരിക്കയും തമ്മിൽ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളായി  മാറുമെന്ന്   ഇരുപതു വര്ഷങ്ങള്ക്കു മുമ്പ്  ദീര്ഘദൃഷ്ടിയോടെ   അദ്ദേഹം പറഞ്ഞിരുന്നു.  ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമാക്കുവാൻ   ഇന്ത്യയിലും അമേരിക്കയിലും കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാറി മാറി ഭരണത്തിൽ  വന്ന സർക്കാരുകൾ  ശ്രമിച്ചത് ബൈഡന്റെ കാഴ്ചപ്പാട്  ശരിവെക്കുന്നതാണ്.

            ഒബാമ സർക്കാരിന്റെ  അവസാനകാലത്തു  ഇന്ത്യയുമായി ഒപ്പുവച്ച ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്(LEMOA } റ്റെ  പിറകിലും ബൈഡൻറ്റെ  കരസ്പർശം ഉണ്ടായിരുന്നു. സാധാരണഗതിയിൽ  പ്രതിരോധ പങ്കാളികളുമായി മാത്രമേ അമേരിക്ക ഇത്തരം കരാറുകളിൽ ഏർപ്പെടുകയുള്ളു. സഖ്യകക്ഷി അല്ലാത്ത ഒരു രാജ്യവുമായി  ഈ കരാർ ഒപ്പിടുന്നത് ആദ്യമായിരുന്നു.  ഇരു രാജ്യങ്ങളുടെയും പ്രതിരോധ  സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുവാനും , സ്പെയർ  പാർട്ടുകൾ  നൽകുവാനും, തുറമുഖങ്ങളും, വിമാനത്താവളങ്ങളും, അതുപോലെ സൈനിക താവളങ്ങളും ഉപയോഗിക്കാനും  ഈ കരാറിലൂടെ  സാധിക്കും. ഇതിനു തുടർച്ചയായ  COMCASA , BECA എന്നിവ ട്രംപിന്റെ  കാലത്താണ് ഒപ്പിട്ടത്. ഈ പശ്ചാലത്തിൽ നോക്കുമ്പോൾ, പ്രതിരോധ രംഗത്ത് മാത്രമല്ല,  വ്യാപാര-വാണിജ്യ രംഗങ്ങളിലും  ബൈഡൻറ്റെ  നേതൃത്വത്തിൽ വരുന്ന സർക്കാർ  ഇന്ത്യയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാനാണ് സാധ്യത.

പി.എസ്‌ .ശ്രീകുമാർ 

98471  73177 



 




Thursday, 21 January 2021

                               വൈറ്റ് ഹൗസിന്  നാഥനായി ജോ ബൈഡൻ  

പി .എസ്‌ .ശ്രീകുമാർ 


അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേറ്റെടുക്കുകയാണ്.  തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ നിരവധി തടസ്സങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ്  ബൈഡൻ ഈ സ്ഥാനത്തെത്തുന്നത് . 78  കാരനായ ബൈഡൻ ഈ സ്ഥാനത്തെത്തുന്ന  ഏറ്റവും പ്രായമേറിയ  പ്രസിഡന്റ്  ആണ്. അമേരിക്കൻ സമയം ഉച്ചക്ക് 12 മണിക്ക് നടക്കുന്ന  ചടങ്ങിൽ, പതിവിനു വിരുദ്ധമായി  നിലവിലെ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ്  പങ്കെടുക്കുന്നില്ല. ഇപ്പ്പോഴും തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാത്ത ട്രംപ്,    അന്ന് രാവിലെ തന്നെ   ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള,  തന്റെ  മാർ-എ-ലാഗോ ക്ലബ് ലേക്ക്  താമസം മാറ്റുകയാണ്.  അധികാരമേറ്റെടുക്കൽ ചടങ്ങുകൾ നടക്കുന്നത്  ക്യാപിറ്റോൾ  മന്ദിരത്തിൻറ്റെ   പശ്ചിമ ഭാഗത്തുവച്ചാണ്.  അമേരിക്കയുടെ ഫെഡറൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ബൈബിളിൽ തൊട്ടു പ്രതിജ്ഞ എടുത്തു പ്രസിഡന്റ് പദവി ഏറ്റെടുത്തു കഴിഞ്ഞാണ്,സൈനികരുടെ അകമ്പടിയോടെ  ചെറിയ ഘോഷയാത്രയായി ബൈഡനും  ജിൽ  ബൈഡനും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ എത്തുന്നത്.


 ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ അധികാരസ്ഥാനമെന്ന നിലയിൽ  വൈറ്റ് ഹൗസിന്റെ  പ്രാധാന്യം വലുതാണ്.  ഈ മന്ദിരത്തിൽ നിന്നും പുറത്തുവരുന്ന കല്പനകൾ  ലോകത്തിന്റെ തന്നെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു.  വൈറ്റ് ഹൗസിലിരുന്നുകൊണ്ടു അമേരിക്കൻ പ്രസിഡന്റ് മാർ  നടത്തുന്ന പ്രഖ്യാപനങ്ങൾ അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ കാണുകയും  കേൾക്കുകയും ചെയ്യുന്നവരിൽ പലരും ഈ അധികാര സ്ഥാനത്തെ പറ്റി  കൂടുതൽ അറിയാൻ ആകാംക്ഷയുള്ളവരാണ്.

വൈറ്റ് ഹൗസിന്റെ പ്രാധാന്യം ആ മന്ദിരത്തിന്റെ ശില്പ ഭംഗിയോ, മനോഹാരിതയോ  ഒന്നുമല്ല.  ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റിന്റെ  താമസ സ്ഥലമാണിത്.    ലോകസമാധാനത്തിനും സമാധാന ഭഞ്ജനത്തിലേക്കും നയിക്കുന്ന ഒട്ടേറെ തീരുമാനങ്ങൾ ഈ മന്ദിരത്തിൽനിന്നുമാണ് വരുന്നത്.ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും , അവിടെ നിന്നും വരുന്ന  തീരുമാനങ്ങളിൽ പലതും ലോകത്തിന്റെ ഏതു കോണിലുമുള്ള ജനതയെയും ബാധിക്കുന്നു എന്നത് ഒരു വസ്തുതയാണ്.

മന്ദിര നിർമാണം 

  രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മന്ദിരത്തിൻറ്റെ നിർമാണം ആരംഭിച്ചത് 1792 ൽ ആണ് . ഐറിഷ്‌കാരനായ ജെയിംസ് ഹോബനായിരുന്നു ഇതിൻറ്റെ  വാസ്തുശില്പി. പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന യൂറോപ്യൻ ശില്പകലാ മാതൃകയിലാണ് ഇതിന്റ്റെ പ്ലാൻ തയാറാക്കിയത്.  വെളുത്ത ചുണ്ണാമ്പുകല്ലു  കൊണ്ട് നിർമിച്ചതായതുകൊണ്ടു ഇത് വൈറ്റ് ഹൌസ് എന്നറിയപ്പെട്ടു തുടങ്ങി. യഥാർത്ഥത്തിൽ ഈ മന്ദിരത്തിൻറ്റെ ആദ്യകാല പേര് പ്രസിഡൻഷ്യൽ റെസിഡൻസ് എന്നായിരുന്നു. തിയഡോർ റൂസ്‌വെൽറ്റ്  പ്രസിഡന്റായിരുന്ന പ്പോൾ 1901 ലാണ് ' വൈറ്റ് ഹൗസ്' എന്ന് ഔദ്യോഗികമായി പ്രക്ഖ്യാപിച്ചത്‌ .  1800 ൽ ഈ മന്ദിരം പൂർത്തീകരിച്ചു. ഇതിലെ ആദ്യ താമസക്കാരനായ പ്രസിഡണ്ട് ജോൺ ആഡംസ് ആയിരുന്നു. 1814 ൽ ബ്രിട്ടീഷ് സൈന്യം ഈ മന്ദിരം അക്രമിയ്ക്കുകയും അഗ്നിയ്ക്കിരയാക്കുകയും ചെയ്തു. 

 മൂന്നു നിലകളിലുള്ള  വൈറ്റ് ഹൗസ് മന്ദിരം സ്ഥിതി ചെയ്യുന്നത് വാഷിങ്ടണിന്റെ വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള 1600, പെൻസിൽവാനിയ അവന്യൂവിലെ 2 ഹെക്ടർ താമസ സ്ഥലത്താണ്. പ്രസിഡന്റിന്റെ താമസസ്ഥലത്തിന് പുറമെ , അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസ് , വൈറ്റ് ഹൗസ് ചീഫ്  ഓഫ്  സ്റ്റാഫിന്റെ  ഓഫീസ്  ,കമ്മ്യൂണിക്കേഷൻസ് ഓഫീസ് , നാഷണൽ സെക്യൂരിറ്റി കൌൺസിൽ ,വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ,വൈസ് പ്രെസിഡണ്ടിൻറ്റെ   ഓഫീസ് തുടങ്ങിയവയും ഈ മന്ദിര സമുച്ചയത്തിലുണ്ട് .

 പ്രസിഡന്റിന്റെയും  അദ്ദേഹത്തിൻറ്റെ സ്റ്റാഫിന്റെയും ഓഫീസും , ക്യാബിനെറ്റ്‌ റൂമും മന്ദിരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള എക്സിക്യൂട്ടീവ് വിങ്ങിലാണ് .കിഴക്കുഭാഗത്താണ് അദ്ദേഹത്തിൻറ്റെ സൈനികരുടെ ഓഫീസ് .തെക്കു ഭാഗത്തു   പ്രസിഡൻഷ്യൽ  പാർക്ക് എന്ന പുൽത്തകിടി എന്നിവ  സ്ഥിതി ചെയ്യുന്നു.

 വൈറ്റ് ഹൗസിൻറ്റെ കിഴക്കുവശത്തു കൂടിയാണ് സന്ദർശകരെ കടത്തിവിടുന്നത്. ഒരേ സമയം 140 പേർക്ക് ഭക്ഷണം കഴിക്കാൻ സാധിയ്ക്കുന്ന സ്റ്റേറ്റ് ഡൈനിങ്ങ് റൂം ഈ കെട്ടിടത്തിലാണ് .  പ്രധാനപ്പെട്ട രാഷ്ട്ര തലവന്മാരുമായുള്ള ഔദ്യോഗിക  വിരുന്നൊരുക്കുന്നത്  ഈ ഡൈനിങ്ങ് ഹാളിലാണ്. 

 അതിഥികളെ സ്വീകരിയ്ക്കുന്ന  സ്വീകരണ മുറി  താഴത്തെ നിലയിലാണ്. പ്രസിഡണ്ടും കുടുംബാംഗങ്ങളും താമസിയ്ക്കുന്നത് രണ്ടാം നിലയിലാണ്. ലിങ്കൺ ബെഡ്‌റൂം, ക്വീൻ സ് റൂം , ട്രീറ്റി റൂം എന്നിവയും ഇവിടെയാണ്. അതിഥികൾക്കുള്ള മുറികളും, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ മുറികളും മൂന്നാം നിലയിലാണ് .തീയേറ്റർ , നീന്തൽ കുളം ,അണുബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള സംവിധാനം എന്നിവയെല്ലാം വൈറ്റ് ഹൗസിലുണ്ട്. 

ഓവൽ ഓഫീസ് 

 അമേരിയ്ക്കൻ പ്രസിഡണ്ടിൻറ്റെ  ഓഫീസ് റൂമാണ് ഓവൽ ഓഫീസ് .ബ്ലൂ റൂമെന്നും ഇത് അറിയപ്പെടുന്നു. നഥാൻ .സി വോയത് എന്ന ശില്പിയാണ് ഈ മുറി രൂപകൽപന ചെയ്തത്.1909 ൽ അന്നത്തെ പ്രസിഡന്റായിരുന്ന ഹൊവാർഡ് ടാഫ്റ്റിന്റ്റെ നിർദേശപ്രകാരമാണ് നഥാൻ .സി. വോയ്‌ത്‌ ഇത് ഡിസൈൻ ചെയ്തത്. ഓവൽ ഷേ പ്പിലായതിനാലാണ് ഈ മുറി ഓവൽ ഓഫീസ്  എന്നറിയപ്പെടുന്നത്. 1929 ൽ ഉണ്ടായ തീ പിടുത്തത്തിൽ ഈ ഓഫീസിനു കേടുപാട് സംഭവിച്ചപ്പോൾ അന്ന് പ്രസിഡന്റായിരുന്ന ഹെർബെർട് .സി.ഹൂവർ ഇത് പുനർ നിര്മിയ്ക്കാൻ നിർദ്ദേശിച്ചു.1934 ൽ പ്രസിഡണ്ട് ഫ്രാങ്ക്‌ളിൻ .ഡി .റൂസ്‌വെൽട് ഈ ഓഫീസിന്റ്റെ വലുപ്പം കൂടി നിർമ്മിച്ചു .

          പ്രസിഡണ്ടിൻറ്റെ മേശയ്ക്കു പിറകിലായി മൂന്നു വലിയ ജനാലകളും , വിവിധ ഭാഗങ്ങളിലേക്ക് പോകുവാൻ നാലു  വാതിലുകളും ഈ മുറിയിലുണ്ട്. ഔദ്യോഗിക കൃത്യ നിർവഹണത്തിനും ,ടെലിവിഷൻ- റേഡിയോ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതും  ഈ മുറിയിലിരുന്ന് കൊണ്ടാണ് .വിദേശ രാഷ്ട്രത്തലവന്മാരുമായുള്ള ഔദ്യോഗിക മീറ്റിംഗുകളുടെയും വേദി ഈ ഓഫീസാണ് . ഇതാണ് വൈറ്റ് ഹൗസ് എന്ന പവർ ഹൗസിന്റ്റെ സംക്ഷിപ്ത ചരിത്രം .

ട്രംപിൽ  നിന്നും വ്യത്യസ്‌തനായി   കറുത്ത വർഗക്കാർ ഉൾപ്പെടെ സമൂഹത്തിലെ ദുർബലരായ ജനങ്ങളുടെ  പ്രശ്നങ്ങളും, ബുദ്ധിമുട്ടും മനസ്സിലാക്കിയിട്ടുള്ള  ജോ ബൈഡൻ,  വൈറ്റ് ഹൗസിൽ ഇരുന്നുകൊണ്ട്  അവർക്ക്  അനുകൂലമായ തീരുമാനങ്ങൾ  എടുക്കും എന്നതിൽ സംശയമില്ല.

പി.എസ്‌ .ശ്രീകുമാർ 

98471 73177 

       


Friday, 8 January 2021

 സാമൂഹ്യ ക്ഷേമ  പദ്ധതികളും കോൺഗ്രസ് സർക്കാരുകളും 

പി എസ് ശ്രീകുമാർ 

കേരളം രൂപം കൊണ്ടശേഷം ഉണ്ടായ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെയും  പിതൃത്വം ഏറ്റെടുത്തുകൊണ്ടാണ്  ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രചാരണം  നടത്തിയത്.  ഇവർ പ്ര‌ചരിപ്പിച്ച പല പദ്ധതികളും  യഥാർത്ഥത്തിൽ തുടക്കം കുറിച്ചത് കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുത്ത സര്കാരുകളായിരുന്നു എന്നതാണ് യാഥാർഥ്യം.  എന്നാൽ , വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥാപാത്രമായ എട്ടുകാലി മമ്മൂഞ്  നാട്ടിലുള്ള ഗർഭത്തിനെല്ലാം  പിതൃത്വം  "ഞമ്മളാണെന്ന് "   പറഞ്ഞുനടന്നതുപോലെയാണ്  സാമൂഹ്യക്ഷേമ പദ്ധതികളുടെ  എല്ലാം പിതൃത്വം  ഇടതു മുന്നണി സ്വയം ഏറ്റെടുത്തത് .  ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം  41 ൽ ഉൾപ്പെടുത്തിയ   നിർദേശക തത്വത്തിൽ   രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ  സമൂഹത്തിലെ അശരണരായ വിഭാഗങ്ങൾക്ക്  സർക്കാരിന്റെ സഹായം നൽകണമെന്നുള്ള  കാഴ്ചപ്പാടാണ് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ അടിസ്ഥാനം.  ഈ കാഴ്ചപ്പാട്  ഉൾക്കൊണ്ടുകൊണ്ടാണ്  സാമൂഹ്യ  ക്ഷേമത്തിനായുള്ള  പദ്ധതികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുത്ത സർക്കാരുകൾ മുൻകൈ എടുത്തത്.

സാമൂഹ്യക്ഷേമ പദ്ധതികളുടെ തുടക്കം 

കേരളത്തിൽ സാമൂഹ്യ  ക്ഷേമപ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചത് 1961 -1963 ൽ കോൺഗ്രസ് നേതൃത്വം കൊടുത്ത  സർക്കാരായിരുന്നു. തുച്ഛമായ വിലക്ക് അരി വിതരണം ചെയ്തുകൊണ്ട്  വിലക്കയത്തിൽ നിന്നും ജനങ്ങൾക്കു സംരക്ഷണം നൽകിയ സർക്കാർ, പ്രൈമറി  വിദ്യാർത്ഥികൾക്ക്  ഉച്ചക്കഞ്ഞി സമ്പ്രദായം  ഇന്ത്യയിൽ ആദ്യമായി  ആരംഭിച്ചതിനു പുറമേ , എട്ടാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. അറുപതുകളുടെ തുടക്കത്തിൽ  നില നിന്നിരുന്ന സാമൂഹ്യ സാഹചര്യം, ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുകയില്ല.  ഈ നടപടിയിലൂടെ ജാതീയമായും മതപരമായും പിന്നോക്കകുടുംബങ്ങളിൽ ജനിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ്, സ്കൂളുകളിൽ  ചേരുവാനും,  പഠിക്കുവാനും  സാഹചര്യമൊരുക്കിയത്.   അതുപോലെതന്നെ പ്രാധാന്യമുള്ളതാണ്, കടുത്ത ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന  വൃദ്ധ ജനങ്ങൾക്ക്  വാർദ്ധക്യകാല  പെൻഷൻ അനുവദിച്ചത് . അന്ന് മുഖ്യമന്ത്രിയായിരുന്നത്‌, പിന്നോക്ക സമുദായത്തിൽ  നിന്നും മുഖ്യമന്ത്രി കസേരയിൽ  ആദ്യമായി    എത്തിയ  ആർ  ശങ്കർ  ആയിരുന്നു.

അതേസമയം  സാമൂഹ്യ സുരക്ഷിതത്വത്തിനും  ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തികൊണ്ട്, കേരളം രൂപീകൃതമായ കാലം മുതൽ നിലവിൽ  ഉണ്ടായിരുന്ന  മദ്യനിരോധനം നിര്ത്തലാക്കിയത്,   1967 ലെ ഈ എം എസ്സിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന   സർക്കാർ ആയിരുന്നു.

കൃഷിഭൂമി കർഷകർക്ക് 

ജന്മിത്വം അവസാനിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഉദ്ഭവകാലം മുതലുള്ള  മുദ്രാവാക്യമായിരുന്നു.  എന്നാൽ അത് നടപ്പിലാക്കിയത് കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന  അച്യുതമേനോൻ സർക്കാരായിരുന്നു. ജന്മിത്വം അവസാനിപ്പിച്ചുകൊണ്ട്  അഞ്ചു ലക്ഷം കര്ഷക തൊഴിലാളികൾക്കു  പത്തു സെൻറ്  വീതം  സ്ഥലം അനുവദിച്ചു നൽകിയത് 1970  ലെ  കോൺഗ്രസ്  പിന്തുണ  നൽകിയ  സർക്കാർ ആയിരുന്നു.  ഭാരത സർക്കാരിന്റെ മാതൃക പിന്തുടർന്ന്  കഷ്ടപ്പാടും ദുരിതവും അനുഭവിച്ചുപോന്ന  സ്വാതന്ത്ര്യ സമര യോദ്ധാക്കൾക്കു  പെൻഷൻ അനുവദിച്ചു.  കേരളത്തിലെ കോളേജുകളിൽ ഫീസ് ഏകീകരണം ആവശ്യപ്പെട്ടുകൊണ്ട് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ  യൂത്ത് കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ്  ഫീസ് ഏകീകരണം നടപ്പാക്കാൻ  1972 ൽ ഐക്യ മുന്നണി സർക്കാർ തയ്യാറായത്.  പട്ടികജാതി-പട്ടിക വർഗ്ഗക്കാരായ എല്ലാവര്ക്കും വീട് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  അടിയന്തിരാവസ്ഥ കാലത്തു  നടപ്പിലാക്കിയ സാമൂഹ്യ  പദ്ധതിയാണ്  ലക്ഷം വീട് പദ്ധതി.  1973 ലാണ് വിധവകൾക്ക് പെൻഷൻ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്.  സർക്കാർ സർവീസിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാതിരുന്ന പട്ടികജാതി;പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ടിട്മെന്റിലൂടെ  ഉയർന്ന ഉദ്യോഗങ്ങളിലേക്കു നിയമനം നടത്തിയത് ഈ സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരൻറ്റെ  നിര്ബന്ധത്താലായിരുന്നു.  ഈ സർക്കാരിന്റെ കാലത്തു തന്നെയാണ് , കർഷകരുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട കർഷക തൊഴിലാളി നിയമം  അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്ന വക്കം പുരുഷോത്തമൻ  1975  ഒക്ടോബര് 2 , ഗാന്ധിജയന്തി  ദിനത്തിൽ  പ്രാബല്യത്തിൽ വരുത്തിയത്. കുഷ്ഠ രോഗികൾക്കും, കാൻസർ രോഗികൾക്കും സാമ്പത്തിക സഹായം അനുവദിക്കുവാൻ തീരുമാനിച്ചതും അച്യുതമേനോൻ സർക്കാർ ആയിരുന്നു. 

വോട്ടിങ്‌  പ്രായം 18  വയസ്സാകുന്നു 

യുവ ജനങ്ങൾക്ക് ജനാധിപത്യ ഭരണത്തിൽ  കൂടുതൽ പ്രാതിനിധ്യം  വേണമെന്ന് ആവശ്യപ്പെട്ട പ്രസ്ഥാനം  എ.കെ.ആന്റണിയും, ഉമ്മൻ ചാണ്ടിയും  നയിച്ച അന്നത്തെ യൂത്ത് കോൺഗ്രസ് ആയിരുന്നു.  1977 ൽ മുപ്പത്തി ഏഴാം വയസ്സിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആയ  ആന്റണിയും  തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന  ഉമ്മൻ ചാണ്ടിയും   ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന് തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 21 ൽ നിന്നും 18  ആയി  കുറക്കുക എന്നതായിരുന്നു. ഇന്ത്യക്കു തന്നെ മാതൃകയായ തീരുമാനമായിരുന്നു അത്. ഇതിനെ തുടർന്നാണ് മറ്റു സംസ്ഥാനങ്ങളും  വോട്ടിംഗ് പ്രായം 18  ആയി   കുറച്ചത് . പി എസ്  സി വഴിയുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായം 35  ആയി ഉയർത്തിയതും   സർക്കാർ ജീവനക്കാർക്ക്, ഇന്ത്യയിൽ ആദ്യമായി ഉത്സവ ബത്ത   അനുവദിച്ചതും  അതേ സർക്കാർ തന്നെ ആയിരുന്നു. സാമൂഹ്യമായി പിന്നോക്കാവസ്ഥയിൽ ആയിരുന്ന മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക്  കാൽ  ലക്ഷം  വീടുകൾ നിർമിച്ചു നൽകിയ അന്റണി  സർക്കാർ, ചെങ്കൽച്ചൂളയിലെ  ഹരിജൻ കോളനികൾ പുനരുദ്ധീകരിക്കുകയും  ചെയ്‌തു .  കർഷകരുടെ  സാമ്പത്തിക പ്രയാസങ്ങൾക്ക് ആശ്വാസം പകരുവാനായി നെല്ലിനും, മരച്ചീനിക്കും താങ്ങു വില ഏർപ്പെടുതി.  സാധുക്കളായ   വിധവകളുടെ പെൺമക്കളുടെ  വിവാഹത്തിന് ധന സഹായം നൽകുന്ന പദ്ധതി ആരംഭിച്ചതും  എ.കെ.ആന്റണി ആയിരുന്നു. കായിക താരങ്ങൾക്ക്  പെൻഷൻ എന്ന ആശയം നടപ്പിൽ വരുത്തിയതും ഈ സർക്കാർ ആയിരുന്നു. തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതുവരെ തൊഴിൽരഹിത വേതനം  നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും  ആന്റണി സർക്കാർ ആയിരുന്നു.

കലാകാരന്മാർക്ക്  പെൻഷൻ അനുവദിച്ചു കരുണാകരൻ 

അവശത അനുഭവിക്കുന്ന കലാകാരന്മാരെ   ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ ആയിരുന്നു. അങ്ങിനെ ഉള്ളവർക്ക് സഹായമായാണ് പെൻഷൻ അനുവദിക്കുവാൻ  കരുണാകരൻ സർക്കാർ തീരുമാനിച്ചത്. പത്രപ്രവർത്തകർക്കുള്ള പെൻഷൻ  അനുവദിക്കുവാൻ തീരുമാനിച്ചതും അദ്ദേഹമായിരുന്നു.

പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കണമെന്നത്  വിദ്യാർത്ഥി സംഘടനകളുടെ  ദീർഘനാളത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പിലാക്കിയത്   1991 ലെ  കരുണാകരൻ സർക്കാരായിരുന്നു.  സർക്കാർ ജീവനക്കാരുടെ  ഉത്സവ ബത്ത ബോണസ് ആക്കി  മാറ്റിയതും അദ്ദേഹമായിരുന്നു. 

ഇന്ദിരാഗാന്ധി ദേശീയ പെൻഷനുകൾ 

പ്രധാനമന്ത്രിയായിരുന്ന  ഇന്ദിരാഗാന്ധിയുടെ  സ്മരണ നിലനിർത്തുവാനായി  അവശരും,വൃദ്ധരും, വികലാൻകരും  അശരണരുമായവ്യക്തികൾക്ക്   സഹായം നൽകുക എന്ന ഉദ്ദേശത്തോടെ  1993 ൽ ഡോ .മൻമോഹൻസിംഗിന്റെ  നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രൂപം  കൊടുത്തതാണ്  ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിര ഗാന്ധി   ദേശീയ  വിധവാ  പെൻഷൻ, വികലാങ്ക  പെൻഷൻ എന്നിവ. കേന്ദ്ര  സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതികൾക്കാവശ്യമായ തുക  യോജിച്ചാണ് കണ്ടെത്തുന്നത്. 1995 ലാണ്‌  കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയതെങ്കിലും, കരുണാകരൻ സർക്കാർ ഈ പദ്ധതി 1993 ൽ തന്നെ കേരളത്തിൽ നടപ്പിലാക്കി.                                                                                                              

ഇന്ന് കേരളത്തിൽ നാല്പത്തി നാല് ലക്ഷത്തിൽ പരം ആളുകൾക്ക് പ്രതിമാസം 623  കോടി രൂപക്ക് മുകളിൽ വിവിധ പെന്ഷനുകളായി  ഈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നുണ്ട്.

1996 ഏപ്രിൽ 1 മുതൽ കേരളത്തിൽ ചാരായ നിരോധനം നടപ്പിലാക്കുവാനുള്ള ആന്റണി സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനവും സമൂഹത്തിലെ പാവങ്ങളുടെ  സാമൂഹ്യ സുരക്ഷാ ഉറപ്പുവരുത്തുക  എന്നതായിരുന്നു.  വീടുകളിൽ സമാധാന അന്തരീക്ഷം പുലരണമെന്നു ആഗ്രഹിച്ച വീട്ടമ്മമാരും, സുഗതകുമാരി ടീച്ചറിനെ പോലെയുള്ള സാംസ്‌കാരിക പ്രവർത്തകരും, മത മേലധ്യക്ഷന്മാരും നിരന്തരമായി ഉന്നയിച്ചുപോന്ന ഒരു ആവശ്യമായിരുന്നു ചാരായ നിരോധനം എന്നത്.

വിവരാവകാശനിയമം നടപ്പിലാക്കുന്നു 

2001 -2005  കാലഘട്ടത്തിലെ ആന്റണി-ഉമ്മൻ ചാണ്ടി സർക്കാരുകളുടെ കാലത്താണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ  വിവരാവകാശ നിയമം കേരളത്തിൽ നടപ്പിലാക്കിയത്. സർക്കാർ തലത്തിൽ നടക്കുന്ന അഴിമതിയും ധൂർത്തും പൊതുജന മധ്യത്തിൽ കൊണ്ടുവരുവാനും  സുതാര്യത ഉറപ്പുവരുത്തുവാനും ഈ നിയമം സഹായിച്ചു. ജില്ലാ തലസ്ഥാനങ്ങളിൽ  എത്തി ജനങ്ങളുടെ പരാതികൾ കേൾക്കാനും അവ പരിഹരിക്കാനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ചത് അന്ന് മുഖ്യമന്ത്രി ആയിരുന്ന എ.കെ..ആന്റണി ആയിരുന്നു. മൂന്നു രൂപ നിരക്കിൽ അരി, ദരിദ്ര വിഭാഗങ്ങൾക്ക് ഇൻഷുറൻസ്‌ പരിരക്ഷ, സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങിയ ഒട്ടേറെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ  നടപ്പിലാക്കിയത്  ആന്റണിക്കുശേഷം  മുഖ്യമന്ത്രിയായ  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള  ഐക്യ ജനാധിപത്യ മുന്നണി സർക്കാരായിരുന്നു . 

ഒരു രൂപക്ക് അരി നൽകി ചരിത്രം സൃഷ്ടിക്കുന്നു 

2011 -2016 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മുദ്രാവാക്യം  "വികസനവും കരുതലും" എന്നതായിരുന്നു. സർക്കാർ അധികാരത്തിലേറി നൂറു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു രൂപയ്ക്കു  പാവങ്ങൾക്ക്  അരി നൽകുന്ന പദ്ധതി നടപ്പിലാക്കി. 5 .8  ലക്ഷം അതിദരിദ്ര കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ  35 കിലോയ് അരിയും , 14 .7  ലക്ഷം ബി പി ൽ  കുടുംബങ്ങൾക്ക് ഒരു രൂപ നിരക്കിൽ 25 കിലോ അരിയും  രണ്ടു രൂപക്ക് ഗോതമ്പും  വിതരണം ചെയ്തു. ഈ പദ്ധതി മൊത്തത്തിൽ 94  ലക്ഷം പേർക്ക് പ്രയോജനപ്പെട്ടു.  ഇന്ത്യയിൽ നടാടെയാണ് ഒരു സംസ്ഥാന സർക്കാർ ഇങ്ങിനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്.  2011 ൽ അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ രണ്ടര ലക്ഷത്തിലേറെ പേര് റേഷൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുകയായിരുന്നു. നടപടിക്രമങ്ങളിൽ നൂലാമാലകൾ കാരണം പരിശോധന പൂർത്തിയാക്കി കഴിഞ്ഞാലേ കാർഡ് അനുവദിക്കുകയുള്ളു. ഈ ബുദ്ധിമുട്ടു ഒഴിവാക്കുവാൻ  അപേക്ഷിച്ചവർക്കെല്ലാം 24  മണിക്കൂറിനുള്ളിൽ കാർഡ് നൽകാനായിരുന്നു മന്ത്രിസഭായോഗം എടുത്ത തീരുമാനം. പഴയ കുടിശ്ശിക ഒരു മാസത്തിനുള്ളിൽ കൊടുക്കുവാനും തീരുമാനിച്ചു. ആരെങ്കിലും വ്യാജമായി കാർഡ് സമ്പാദിച്ചു എന്ന് പിന്നീട് തെളിഞ്ഞാൽ അത്  ക്യാൻസൽ ചെയ്യുവാനുള്ള അധികാരം വകുപ്പിനു നൽകുകയും ചെയ്തു. അതുകൊണ്ടു അർഹരായ എല്ലാവര്ക്കും  അപേക്ഷ സമർപ്പിച്ചു 24 മണിക്കൂറിനുള്ളിൽ കാർഡ് ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കുവാൻ സർക്കാരിന് കഴിഞ്ഞു.    

ഉറവവറ്റാതിരുന്ന കാരുണ്യ 

സംസ്ഥാന ലോട്ടറി വകുപ്പിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ചതിനോപ്പം കാരുണ്യ പ്ലസ് എന്ന പേരിൽ ഒരു ലോട്ടറി തുടങ്ങുകയും, അതില്നിന്നുമുള്ള വരുമാനം മുഴുവൻ  പാവങ്ങൾക്കായുള്ള ചികിത്സ ധനസഹായം നൽകുവാൻ ഉപയോഗിക്കുകയും ചെയ്തു. നടപടി ക്രമങ്ങൾ ലളിത വൽക്കരിച്ചു നടപ്പിലാക്കിയ കാരുണ്യ ചികിത്സ പദ്ധതിക്കു   1200  കോടി രൂപയുടെ ധനസഹായമാണ്  അനുവദിച്ചത്.

പിടിപാടുള്ളവർക് മാത്രം ലഭ്യമായിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  ജനകീയവത്കരിച്ചുകൊണ്ടു പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ ഉപയോഗിച്ചു .600  കോടിയോളം രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്തത്.

മൂന്നു തവണകളായി  നടന്ന  ജനസമ്പർക്ക പരിപാടിയിലൂടെ ലഭിച്ച  12 .5  ലക്ഷം പരാതികളിൽ 7 .89  ലക്ഷത്തിനു പരിഹാരം കണ്ടു. ലോകം കണ്ട ഏറ്റവും വലിയ  ഈ പ്രശ്നപരിഹാര പരിപാടിക്ക് ഐക്യ രാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചു.

പിന്നോക്ക-മുന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ 

പിന്നോക്ക സമുദായ വികസന വകുപ്പ് , മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുവേണ്ടി മുന്നോക്ക കോര്പറേഷന്, മുന്നോക്ക കമ്മീഷൻ എന്നിവ രൂപീകരിക്കുകയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക്  പഠനാവശ്യത്തിനു സാമ്പത്തിക സഹായം നൽകുകയും ചെയ്തു.   ധീവരർ, വിശ്വകര്മാര്,മൺപാത്ര നിർമാണ സമുദായം തുടങ്ങിയവയിലെ വിദ്യാർത്ഥികൾക്ക്  പ്രത്യേക സംവരണം ഏർപ്പെടുത്തി. മറ്റു  മുപ്പതോളം പിന്നോക്കസമുദായങ്ങളിലെ അംഗങ്ങൾക്കും  വിദ്യാഭ്യാസത്തിനായി പ്രത്യേക സംവരണം ഏർപ്പെടുത്തി.  ബാർബർ ഷോപ്പുകൾ നവീകരിക്കാൻ സാമ്പത്തിക സഹായം അനുവദിച്ചത്തിലൂടെ എല്ലാവരാലും തഴയപ്പെട്ട ഒരു സമുദായത്തിന്റെ  ആവശ്യമാണ് നടപ്പിലാക്കിയത്.   ഒബിസി വിഭാഗത്തിലെ സമർഥരായ വിദ്യാർത്ഥികൾക്ക് വിദേശത്തു ഉന്നത വിദ്യാഭ്യാസത്തിനായി 10  ലക്ഷം രൂപവച്ചു നൽകി. കുമാരപിള്ള കമ്മീഷൻ ശുപാർശ പ്രകാരമുള്ള  വരുമാന പരിധി കാലോചിതമായി വർധിപ്പിച്ചു.

റബ്ബറിന് വിലയിടിഞ്ഞ സമയത്തു നടപ്പാക്കിയ വില സ്ഥിരത പദ്ധതിയിലൂടെ ഒരു കിലോ റബ്ബറിന്  കുറഞ്ഞ വില 150 രൂപ  ഉറപ്പ്പുവരുത്തി. സർക്കാരിന്റെ ഏജൻസികൾ മുഖേന റബര് സംഭരണം നടത്തി വിയിടിച്ചിലിൽ നിന്നും കർഷകരെ രക്ഷിച്ചു. 300  കോടി രൂപയാണ് ഈ ആവശ്യത്തിനായി ചിലവഴിച്ചത്. പിണറായി സർക്കാർ അധികാരത്തിൽ  വന്നു അഞ്ചു വർഷമായിട്ടും സംഭരണ വിലയിൽ ഒരു രൂപ പോലും  വർധിപ്പിക്കാൻ തയ്യാറായിട്ടില്ല.

സൗജന്യ മരുന്ന് 

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി ജനരിക്  മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് സർക്കാർ മാതൃക സൃഷ്ടിച്ചു. 69  ആന്റി കാൻസർ മരുന്നുകൾ ഉൾപ്പെടെ 565 

ഇനം ആവശ്യമരുന്നുകൾ വിതരണം ചെയ്തു. 1200  കോടി രൂപയുടെ മരുന്നുകളാണ് ഇങ്ങനെ വിതരണം ചെയ്തത്. മരുന്ന് വില നിയന്ത്രിക്കാൻ ജില്ലാ ആശുപത്രികളോട് ചേർന്ന് കുറഞ്ഞ വിലക്ക് മരുന്നുകൾ നൽകുന്ന  കാരുണ്യ ഫർമാസികൾ ആരംഭിച്ചു.

കരുത്തുറ്റ സാമൂഹ്യ സുരക്ഷ 

സാമൂഹ്യ സുരക്ഷാ മിഷൻറ്റെ  കീഴിൽ 14  പദ്ധതികൾ നടപ്പാക്കി. 48  ലക്ഷം ഗുണഭോക്താക്കൾക്കു ഇതിന്റെ പ്രയോജനം ലഭിച്ചു. കിടപ്പിൽ ആയവർക്ക് സാമ്പത്തിക സഹായം നൽകുന്ന ആശ്വാസ കിരണം, അവിവാഹിതരായ അമ്മമാർക്ക് സ്നേഹസ്പർശം, എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ നൽകുന്ന സ്നേഹ സാന്ത്വനം, ഗുരുതര രോഗബാധിതരായ കുട്ടികളുടെ സൗജന്യ ചികിത്സക്ക് താലോലം , 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിരക്ഷക്കു വയോമിത്രം, സൗജന്യ ഭക്ഷണത്തിനു വിശപ്പുരഹിത നഗരം, കേൾവി ഇല്ലാത്ത കുഞ്ഞുങ്ങൾക്ക്   ശ്രുതിതരംഗം , മാതാവോ പിതാവോ മരിച്ച കുട്ടികൾക്ക് സ്നേഹപൂർവ്വം, ഡയാലിസിസ് നടതുന്നവർ,, ലിവർ/കിഡ്നി  മാറ്റിവച്ചവർ, ഹീമോഫീലിയ രോഗികൾ എന്നിവർക്കു സാമ്പത്തിക സഹായം  തുടങ്ങി നിരവധി പദ്ധതികൾ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കി.

സർക്കാർ ആശുപതികളിൽ പ്രസവ ചികിത്സയും,  നവജാത ശിശുവിന്റെ 30  ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതി, നവജാത ശിശുക്കളിലെ ജനിതക രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ന്യൂ ബോൺ  സ്ക്രീനിംഗ്, 18  വയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ കിരണം പദ്ധതി എന്നിവ നടപ്പാക്കി. 13270  സ്കൂളുകളിലെ 48  ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ചികിത്സയും,മരുന്നും  ലഭ്യമാക്കുന്ന വിദ്യാലയാരോഗ്യ   പദ്ധതിക്കും തുടക്കം കുറിച്ച്.

 പട്ടയം

അഞ്ചു വര്ഷം കൊണ്ട് 1.84 ലക്‍ഷം പേര്‍ക്  പട്ടയം നല്‍കി. ഇന്ദിര അവാസ് യോജന, എസ്.ടി. സ്നേഹ വീട്, ഗോത്രവര്‍ഗം, മത്സ്യതൊഴിലാളി ഭവനം, പട്ടികജാതി ഭവനം എന്നിങ്ങനെ വിവിധ പദ്ധതികളിലായി  4,24,449  വീടുകളാണ്  ഉമ്മൻ ചാണ്ടി സർക്കാർ അഞ്ചു വര്ഷം കൊണ്ട് പൂർത്തീകരിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ 10280  കുടുംബങ്ങൾക്ക് മൂന്ന്  സെനറ്റ് വീതം ഭൂമി വിതരണം ചെയ്തു.

സൗജന്യ വൈദ്യുതി 

ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി  നൽകി.കൊണ്ട്  അവരുടെ സാമ്പത്തിക ഭാരം കുറക്കുവാനുള്ള തീരുമാനം എടത്തു.

സാമൂഹ്യക്ഷേമ പെൻഷനുകൾ 

കഴിഞ്ഞ UDF സർക്കാർ അധികാരത്തിൽ വരുമ്പോൾ (18/05/2011) കേരളത്തിൽ സാമൂഹ്യ  ക്ഷേമ പെൻഷൻ തുക പ്രതിമാസം 300 രൂപ ആയിരുന്നു.

250 ആയിരുന്നത് അച്ച്യതാനന്ദൻ സർക്കാർ അവസാനവർഷം 50 രൂപ കൂട്ടി 300 ആക്കിയതാണ്. പിന്നീട്  ഉമ്മൻ ചാണ്ടി സർക്കാർ ആദ്യവർഷം 300ൽ നിന്ന് 400 ആക്കി ഉയർത്തി. ( GO (ms) 60/2011 SWD-13/12/2011).  2012 ൽ  വീണ്ടും ഉമ്മൻ ചാണ്ടി സർക്കാർ GO (ms) 50/2012-22/8/2012 നമ്പർ ഉത്തരവ് പ്രകാരം:

1. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400 ൽ നിന്ന്  900 രൂപയാക്കി.
2. വികലാംഗ പെൻഷൻ 400ൽ നിന്ന് 700 ആക്കി.
3. മറ്റുള്ള മുഴുവൻ പെൻഷനുകളും 400ൽ നിന്ന് 525 ആക്കി.

മാത്രമല്ല വർദ്ധിച്ച നിരക്ക്  2012 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നൽകാനും തീരുമാനിച്ചു.

കൂടാതെ 20/06/2014 ന് GO (ms) 52/2014 നമ്പർ ഉത്തരവ് പ്രകാരം പെൻഷൻ നൽകാനുള്ള വരുമാന പരിധി ഒരു ലക്ഷം ആക്കിയതോടൊപ്പം, 
വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് ലഭിക്കുന്ന പെൻഷൻ വാങ്ങുന്നവർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങാം എന്നും തീരുമാനിച്ചു.

G0 (MS ) 24/2016 - 1/3/2016 നമ്പർ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാർ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ 900 രൂപയിൽ നിന്ന് വീണ്ടും 1500 രൂപയായി ഉയർത്തി.  5,28,117 ലക്ഷം പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. അതുപോലെ 80 ശതമാനത്തിനുമുകളിൽ വൈകല്യം ഉള്ളവരുടെ പെൻഷൻ 1100  രൂപയാണ് വർധിപ്പിച്ചു.49,082  പേർക്ക് ഈ വർദ്ധനവ് അനുഗ്രഹമായി മാറി. മറ്റു പെൻഷനുകൾ 600  രൂപയായും  വര്ധിപിപ്പിച്ചു.

2016  മേയിൽ   അതിന് ശേഷം അധികാരത്തിൽ വന്ന പിണറായി സർക്കാർ ആദ്യമേ ചെയ്തത് GO (ms) 282/2016-15/7/2016 നമ്പർ ഉത്തരവ് പ്രകാരം എല്ലാ പെൻഷനുകളും പ്രതിമാസം 1000 രൂപയായി നിജപ്പെടുത്തി.മാത്രവുമല്ല, ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ പാടില്ല എന്ന ക്രൂരമായ ചട്ടവും പാസ്സാക്കി.രണ്ടു പെൻഷനു കളിലൂടെ  കൂടുതൽ ലഭിച്ചിരുന്ന വരുമാനം  വെട്ടികുറക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.

തുടർന്ന് വർഷാവർഷം ബജറ്റ് പരാമർശങ്ങളുടെ പേരിൽ പെൻഷൻ തുക വർദ്ധിപ്പിക്കുക എന്ന എല്ലാ സർക്കാരുകളും ചെയ്തു വരുന്ന വർദ്ധനവുമാത്രമണ് പിണറായി സർകാർ ചെയ്തിട്ടുള്ളത്. മാത്രമല്ലാ ,പെൻഷൻ സൊസൈറ്റി കളുടെ പേരിൽ പാർട്ടി പ്രവർത്തകരെ കൊണ്ട് പെൻഷൻ തുക  വീടുകളിൽ എത്തിക്കുകയാണ് ഈ സർകാർ ചെയ്യുന്നത്. അങ്ങിനെ സാമൂഹ്യ സുരക്ഷാ പെൻഷൻപോലും രാഷ്ട്രീയവത്കരിച്ചുകൊണ്ട്  പാർട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് 
സർക്കാർ നടത്തുന്നത്. കേരളം ഭരിച്ച മുൻ സര്കാരുകളൊന്നും ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പിണറായി സർക്കാർ ചെയ്യുന്നത്.  ഇത് ജനങ്ങളിലെത്തിക്കുവാൻ  ജനാധിപത്യ പ്രസ്ഥാനങ്ങളും  പ്രവർത്തകരും  തയ്യാറാകണം.

പി എസ് ശ്രീകുമാർ ,
കൺവീനർ , ഓഫീസെർസ്  ആൻഡ്  സർവീസ് ഓർഗനൈസേഷൻസ് സെൽ,
9847173177