പ്രതിസന്ധികൾക്കിടയിലെ അധികാരമേറ്റെടുക്കൽ
പി എസ് ശ്രീകുമാർ
അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ എന്ന ജോ സഫ് ആർ ബൈഡൻ ജൂനിയറും, വൈസ് -പ്രസിഡന്റ് ആയി ആദ്യ ഇന്ത്യൻ വംശജയും, ആദ്യ വനിതയുമായ കമലാ ദേവി ഹാരിസും ജനുവരി 20 ന് അധികാരമേൽക്കുകയാണ്. പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന്റ്റെ പടിഞ്ഞാറു ഭാഗത്താണ് സത്യാ പ്രതിജ്ഞ ചടങ്ങു സംഘടിപ്പിച്ചിട്ടുള്ളത്. "ഐക്യ അമേരിക്ക " എന്നതാണ് ഇത്തവണത്തെ സത്യപ്രതിജ്ഞ ചടങ്ങിൻറ്റെ മുദ്രാവാക്യം. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ അമേരിക്കയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ.ജി. റോബെർട്സ് ജൂനിയർ ആണ് സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത് . പാർട്ടി അംഗങ്ങളും , അനുഭാവികളും സാധാരണഗതിയിൽ പങ്കെടുക്കാറുണ്ടെങ്കിലും, കോവിടിന്റ്റെ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ക്ഷണിക്കപ്പെട്ടവരും, മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും, ടെമ്പറേച്ചർ ടെസ്റ്റിന് വിധേയമായുമാണ് ചടങ്ങു വീക്ഷിക്കാൻ എത്തേണ്ടത്. പതിവിന് വിരുദ്ധമായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കുന്നില്ല. 152 വര്ഷങ്ങള്ക്കു ശേഷം ആദ്യമായാണ് നിലവിലെ പ്രസിഡന്റ് പങ്കെടുക്കാതിരിക്കുന്നത്. 1869 ൽ ആൻഡ്രൂ ജോൺസൻ ആണ് ഇതിനുമുമ്പ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്ന പ്രസിഡന്റ്.
കൊറോണ തകർത്ത അമേരിക്ക
അമേരിക്ക നിരവധി പ്രതിസന്ധികളെ നേരിടുന്ന അവസരത്തിലാണ് ഡൊണാൾഡ് ട്രമ്പിൽനിന്നും ബൈഡനിലേക്ക് അധികാരം എത്തുന്നത്. 2020 ജനുവരി 20 നായിരുന്നു ആദ്യ കൊറോണ കേസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം ഉണ്ടായ സംഭവ പരമ്പര അമേരിക്കയുടെ ചരിത്ര ഗതി തന്നെ മാറ്റി മറിച്ചു. കോവിഡ് ഒരു മഹാമാരിയായി അമേരിക്കയിൽ എമ്പാടും വ്യാപിച്ചു. പ്രസിഡന്റ് ട്രംപ് ആദ്യ ഘട്ടത്തിൽ ഈ രോഗത്തെ നിസ്സാരവൽക്കരിക്കുകയും, പുച്ഛിച്ചു തള്ളുകയും ചെയ്തു. ആരോഗ്യ വിദഗ്ധരുടെയും, ശാസ്ത്രജ്ഞൻമാരുടെയും എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ച ട്രംപ്, കോറോണയുടെ വ്യാപനത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതിനോടകം 24 ലക്ഷം പേരെയാണ് കൊറോണ രോഗം ബാധിച്ചത്. ഏകദേശം 4 ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു. ലോകത്തു ഏറ്റവും കൂടുതൽ പേര് കോവിഡ് ബാധിച്ചു മരിച്ചത് ഏറ്റവും വികസിത രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയിലാണ്.
കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ഗുരുതരമാണ്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി തൊഴിലില്ലായ്മ 2020 മേയ് മാസത്തിൽ 13 ശതമാനമായി.തൊഴിലില്ലാത്തവരുടെ എണ്ണം 2020 ഫെബ്രുവരിയിൽ 6 .2 ദശലക്ഷമായിരുന്നതു് 2020 മേയ് ആയപ്പോഴേക്കും 20 .5 ദശ ലക്ഷമായി വർധിച്ചു. വ്യാവസായിക ഉല്പാദനത്തെയും ഭക്ഷ്യ ഉല്പാദനത്തെയും കോവിഡ് ബാധിച്ചു. അമേരിക്കയിലെ നാഷണൽ ബ്യുറോ ഓഫ് ഇക്കണോമിക് റിസേർച്ചിന്റെ പഠനമനുസരിച്ചു അമേരിക്കയുടെ സാമ്പത്തിക രംഗം മാന്ദ്യത്തിലാണ്.
ക്യാപിറ്റൽ മന്ദിരത്തിലെ സുരക്ഷാ വീഴ്ച
ട്രംപ് ഭരണത്തിന്റെ അവസാന നാളുകളിൽ ഉണ്ടായ സുരക്ഷാ വീഴ്ച അമേരിക്കക്ക് നാണക്കേടുണ്ടാക്കി. ലോക പോലീസ് ചമയുന്ന അമേരിക്കക്കു ഏറ്റ കനത്ത പ്രഹരമായിരുന്നു ജനുവരി 6 ന് തലസ്ഥാനമായ വാഷിംഗ്ടണിലെ പാർലമെന്റ് മന്ദിരത്തിൽ നടന്നത്. നവംബർ 3 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇലക്ട്‌റൽ കോളേജ് വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ് അന്ന് അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനം ചേർന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമവും, അട്ടിമറിയും നടന്നുവെന്ന് ആരോപിച്ചു പരാജയം സമ്മതിക്കാത്ത ഡൊണാൾഡ് ട്രംപ്, അന്നുതന്നെ ക്യാപിറ്റോൾ മന്ദിരത്തിനു സമീപത്തെ നാഷണൽ മാളിൽ അനുയായികളുടെ സമ്മേളനം വിളിച്ചുകൂട്ടി. സമ്മേളനത്തിൽ ട്രംപ് നടത്തിയ പ്രസംഗം അണികളെ അക്രമാസക്തരാകാൻ പ്രേരിപ്പിക്കുന്നതായിരുന്നു. സമ്മേളനത്തിന് ശേഷം ട്രംപ് അനുകൂലികൾ സംയുക്തസമ്മേളനവേദിയിലേക്കു ഇരച്ചു കയറി സമ്മേളനം അലങ്കോലപ്പെടുത്തി. കൈയൂക്കിലൂടെയും, മാടമ്പിത്തരത്തിലൂടെയും ജനഹിതം അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് റാലിയും, അതിനുശേഷം നടത്തിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള തള്ളിക്കയറ്റവും. ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധികളെയും , സ്പീക്കർ നാൻസി പെലോസിയെയും കൈയ്യേറ്റം ചെയ്യാനും അവർ ഉദ്ദേശിച്ചിരുന്നു. അന്ന് നടന്ന ആക്രമണങ്ങളിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഏതായാലും ട്രംപിന്റെ പ്രേരണയിലും, അനുവാദത്തോടും കൂടി നടന്ന പാർലമെന്റ് ആക്രമണങ്ങളുടെ തുടർച്ചയായി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി രണ്ടാമതും കുറ്റവിചാരണ [impeach ] ചെയ്യപ്പെടുന്ന പ്രസിഡന്റ് ആയി ട്രംപ് മാറിയിരിക്കയാണ്. ബൈഡൻ അധികാരമേറ്റെടുക്കുന്ന ദിവസവും രാജ്യമെങ്ങും പ്രധിഷേധ പ്രകടനങ്ങൾ നടത്താൻ ട്രംപ് അനുകൂലികൾ ആഹ്വാനം ചെയ്തിടുള്ള പശ്ചാത്തലത്തിൽ, സത്യാ പ്രതിജ്ഞ ചടങ്ങിന് വലിയ സുരക്ഷാ സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. വാഷിങ്ടൺ നഗരത്തിലും പരിസര പ്രദേശങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സത്യാ പ്രതിജ്ഞ ചടങ്ങിന്റെ സുരക്ഷാ സംവിധാനം ഇരുപതിനായിരത്തോളം നാഷണൽ ഗാർഡ് ഭടന്മാരെ ഏല്പിച്ചിരിക്കയാണ്.
ആദ്യനാളുകളിൽ തന്നെ തിരുത്തലുകളും
തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് തൊടുത്തുവിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് 78 കാരനായ ബൈഡൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും പ്രായമുള്ള പ്രസിഡന്റ് ബൈഡനാണ്. ബൈഡനുമുമ്പ് ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയിരുന്നത് 77 കാരനായിരുന്ന റൊണാൾഡ് റീഗനായിരുന്നു.
അദ്ദേഹത്തിന്റെ ആദ്യത്തെ ഉത്തരവാദിത്വം ട്രംപ് ഭരണത്തിന് കീഴിൽ ഭിന്ന തലങ്ങളിലാക്കിയ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനൊപ്പം, കോവിഡ് മഹാമാരിയെ നിയന്ത്രണവിധേയമാക്കുക എന്നതാണ്. മാസ്ക് ധാരണത്തിനും , സാമൂഹ്യ അകലം പാലിക്കലിനും അദ്ദേഹം വളരെയേറെ പ്രാധാന്യം നൽകും. വാക്‌സിൻ കുത്തിവെപ്പ്, കറുത്തവരും സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർ ഉൾപ്പെടെയുള്ളവര്കും ലഭ്യമാകുന്നുവെന്നു ഉറപ്പു വരുത്തുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി 2000 ഡോളർ വീതം നൽകുമെന്ന് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള നടപടികൾ ആദ്യനാളുകളിൽ തന്നെഅദ്ദേഹം കൈക്കൊള്ളും. അതുപോലെ വാണിജ്യ- വ്യാവസായിക രംഗങ്ങളിൽ ഉത്തേജന പാക്കേജുകളും പ്രതീക്ഷിക്കാം.
ഉദാരമായ കുടിയേറ്റനിയമം കൊണ്ടുവരുമെന്ന് ബൈഡൻ തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം നല്കിയിട്ടുള്ളതിനാൽ, എച്1 ബി വീസ യുടെ കാര്യത്തിലും ഗ്രീൻ കാർഡിന്റെ കാര്യത്തിലും ട്രംപിന്റെ ഉത്തരവുകൾ മാറ്റി ഉദാരമായ വ്യവസ്ഥകൾ കൊണ്ടുവരും . അതുപോലെ , ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം നിരോധിച്ചതും അദ്ദേഹം പുനഃ പരിശോധിക്കും. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും പിൻവാങ്ങിയ ട്രംപിന്റെ നടപടി പുനഃപരിശോധിച്ചു, മറ്റു രാജ്യങ്ങൾക്കൊപ്പം പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളും
ട്രാപ് എടുത്ത മറ്റൊരു തെറ്റായ തീരുമാനം ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിന്മാറിയതാണ്. കോവിഡ് മഹാമാരി ലോകത്തെ ആദ്യം തന്നെ അറിയിക്കാതിരുന്ന ചൈനക്ക് അനുകൂലമായി ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപ് അതിൽ നിന്നും പിന്മാറിയത്. ഈ തീരുമാനം തിരുത്തി ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ബൈഡൻ തീരുമാനിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള നടപടികൾക്കും അദ്ദേഹം ആദ്യ ദിനങ്ങളിൽ തന്നെ തയ്യാറാകും.
ഇന്ത്യയോട് എങ്ങിനെ ?
2009 മുതൽ 2017 വരെ ഒബാമയുടെ ടീമിൽ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച നാൾ മുതൽ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നു ആഗ്രഹിച്ച നേതാവാണ് ബൈഡൻ. വൈസ് പ്രസിഡന്റ് ആകുന്നതിനു മുമ്പ് സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗമെന്ന നിലയിലും, പിന്നീട് ചെയര്മാന് എന്ന നിലയിലും ഡോ .മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി 2008 ൽ, സൈനികേതര ആണവ കരാർ ഉണ്ടാക്കുന്നതിൽ മുൻകൈ എടുത്തതും ബൈഡനായിരുന്നു . 2009 നും 2014 നും ഇടയിലുള്ള കാലഘട്ടത്തിൽ, ഇന്ത്യ-അമേരിക്ക വാണിജ്യബന്ധം ഇരട്ടിയായി വർധിച്ചു. 2009 ൽ ഇന്ത്യൻ നിന്നുമുള്ള കയറ്റുമതി 33 .9 ബില്യൺ ഡോളർ ആയിരുന്നത് 2014 ൽ 67 .9 ബില്യൺ ഡോളർ ആയി വർധിച്ചു. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വത്തിനുള്ള അർഹതയുണ്ടെന്ന് അമേരിക്ക അംഗീകരിച്ചതും, ന്യൂക്ലിയർ സപ്പ്ലയേഴ്‌സ് ഗ്രൂപ്പിൽ ഇന്ത്യയെ അംഗമാക്കണമെന്ന ആവശ്യത്തിന് ആദ്യമായി പിന്തുണ നൽകിയതും ഈ സമയത്തു തന്നെ ആയിരുന്നു. 2020 ആകുമ്പോഴേക്കും ഇന്ത്യയും അമേരിക്കയും തമ്മിൽ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളായി മാറുമെന്ന് ഇരുപതു വര്ഷങ്ങള്ക്കു മുമ്പ് ദീര്ഘദൃഷ്ടിയോടെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമാക്കുവാൻ ഇന്ത്യയിലും അമേരിക്കയിലും കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാറി മാറി ഭരണത്തിൽ വന്ന സർക്കാരുകൾ ശ്രമിച്ചത് ബൈഡന്റെ കാഴ്ചപ്പാട് ശരിവെക്കുന്നതാണ്.
ഒബാമ സർക്കാരിന്റെ അവസാനകാലത്തു ഇന്ത്യയുമായി ഒപ്പുവച്ച ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്(LEMOA } റ്റെ പിറകിലും ബൈഡൻറ്റെ കരസ്പർശം ഉണ്ടായിരുന്നു. സാധാരണഗതിയിൽ പ്രതിരോധ പങ്കാളികളുമായി മാത്രമേ അമേരിക്ക ഇത്തരം കരാറുകളിൽ ഏർപ്പെടുകയുള്ളു. സഖ്യകക്ഷി അല്ലാത്ത ഒരു രാജ്യവുമായി ഈ കരാർ ഒപ്പിടുന്നത് ആദ്യമായിരുന്നു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുവാനും , സ്പെയർ പാർട്ടുകൾ നൽകുവാനും, തുറമുഖങ്ങളും, വിമാനത്താവളങ്ങളും, അതുപോലെ സൈനിക താവളങ്ങളും ഉപയോഗിക്കാനും ഈ കരാറിലൂടെ സാധിക്കും. ഇതിനു തുടർച്ചയായ COMCASA , BECA എന്നിവ ട്രംപിന്റെ കാലത്താണ് ഒപ്പിട്ടത്. ഈ പശ്ചാലത്തിൽ നോക്കുമ്പോൾ, പ്രതിരോധ രംഗത്ത് മാത്രമല്ല, വ്യാപാര-വാണിജ്യ രംഗങ്ങളിലും ബൈഡൻറ്റെ നേതൃത്വത്തിൽ വരുന്ന സർക്കാർ ഇന്ത്യയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുവാനാണ് സാധ്യത.
പി.എസ് .ശ്രീകുമാർ
98471 73177
No comments:
Post a Comment