പുതിയ ചരിത്രം രചിച്ചു കമല ഹാരിസ്
പി എസ് ശ്രീകുമാർ
"പലതും ആദ്യം ചെയ്യുന്നത് നീ ആയിരിക്കാം, പക്ഷെ, ഒരിക്കലും അവസാനത്തേതാകാതിരിക്കാൻ നീ ശ്രദ്ധിക്കണം" എന്ന അമ്മ ശ്യാമളാ ഗോപാലൻറ്റെ വാക്കുകൾ ഓര്മിച്ചുകൊണ്ടാണ് , " അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിത ഞാൻ ആയിരിക്കാം, എന്നാൽ അത് അവസാനത്തേതല്ല" എന്ന് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ കമല ദേവി ഹാരിസ് പറഞ്ഞത്. അമേരിക്കയുടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ടാണ് കമല ഈ ഉന്നത സ്ഥാനത്തു എത്തുന്നത്. ഇതോടെ കമല ഹാരിസ് അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
2020 ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായാണ് ആദ്യം അവർ രംഗപ്രവേശം ചെയ്തത്. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നേതാവായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിണ്റ്റെ ജന്മദിനമായ 2019 ജനുവരി 21 നായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള തീരുമാനം അവർ സ്വന്തം സംസ്ഥാനമായ കാലിഫോർണിയയിൽ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ അവർക്ക് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും നല്ല പിന്തുണ ലഭിച്ചെങ്കിലും, പിന്നീട് അവരുടെ എതിർ സ്ഥാനാര്ഥികളായിരുന്ന ജോ ബൈഡനും, ബെർണി സാൻഡേഴ്സിനും , തുൾസി ഗബ്ബാർഡിനും പിന്നിലാവാൻ തുടങ്ങി. ഒടുവിൽ, പ്രതീക്ഷിച്ചപോലെ തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാതെവന്നതോടെ മത്സര രംഗത്തുനിന്നും പിന്മാറുന്നതായി അവർ 2019 ഡിസംബർ 3 ന് അറിയിക്കുകയും ജോ ബൈഡനു പിന്തുണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
2020 മേയിൽ വര്ണവെറിയനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ, ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ ഒരു കാരണവുമില്ലാതെ കൊലപ്പെടുത്തിയതിന് തുടർന്ന് അമേരിക്കയിൽ എമ്പാടും പോലീസിനും വര്ണവെറിയന്മാരെ സഹായിക്കുന്ന ട്രംപിനുമെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്തു് കറുത്ത വർഗക്കാർക്ക് സാന്ത്വനവുമായി എത്തിയത് ജോ ബൈഡനും കമല ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുമായിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നോമിനേറ്റ് ചെയ്യപ്പെട്ട ബൈഡൻ , കമല ഹാരിസിനെ തൻറ്റെ വൈസ്-പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
കുടുംബവേരുകൾ ചെന്നൈയിൽ
1958 ൽ ഉന്നത പഠനത്തിനായി അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയ ചെന്നൈ സ്വദേശിയായ ശ്യാമളാ ഗോപാലനാണ് കമലയുടെ 'അമ്മ. പഠനശേഷം കാൻസർ ചികിത്സ രംഗത്ത് ഗവേഷകയായിരുന്നു അവർ. അവരോടൊപ്പം സർവകലാശാലയുടെ സാമ്പത്തിക ശാസ്ത്രം വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജമൈക്കൻ വംശജനായ ഡൊണാൾഡ് ഹാരിസ് ആണ് കമലയുടെ അച്ഛൻ. ഇവരുടെ രണ്ടു മക്കളിൽ മൂത്തവളാണ് കമല. മായയാണ് അവരുടെ സഹോദരി. കമലക്കു ഏഴു വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് അമ്മയുടെ സ്നേഹസ്പര്ശത്തിലും തണലിലുമാണ് കമലയും സഹോദരി മായയും വളർന്നത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുത്തച്ഛൻ പി.വി. ഗോപാലനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പൊതുപ്രവർത്തനത്തിൽ കമലയുടെ 'അമ്മ ശ്യാമളയും കമലയും ആകൃഷ്ടരായത്.
ഒട്ടേറെ മേഖലകളിൽ ആദ്യ വനിത
വാഷിങ്ങ്ടണിലെ ഹൊവാഡ് സർവകലാശാലയിൽനിന്ന് രാഷ്ട്രമീമാംസയിലും, നിയമത്തിലും ബിരുദമെടുത്തശേഷം കാലിഫോർണിയ സർവകലാശാലയിൽ അവർ നിയമത്തിൽ ഉപരിപഠനം നടത്തി. അഭിഭാഷകയായാണ് അവർ തൊഴിൽപരമായ ജീവിതം ആരംഭിച്ചത്. സാൻഫ്രാൻസിസ്‌കോയിലെ ആദ്യ വനിതാ അറ്റോർണിയായി അവർ 2004 ൽ നിയമിക്കപ്പെട്ടു 2011 ൽ കാലിഫോർണിയ സംസ്ഥാനത്തെ അറ്റോർണി ജനറലായി. അതും ആദ്യ വനിതാ അറ്റോർണി ജനറൽ ആയിരുന്നു. അറ്റോർണി ജനറൽ എന്ന നിലയിൽ കുറ്റകൃത്യങ്ങൾക്കും, വംശീയതക്കുമെതിരെ ശക്തമായ നിലപാടെടുത്ത കമല ഹാരിസ് മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ചില പദ്ധതികൾ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. വരുമാനത്തിലെ അസമത്വം, വിദ്യാർത്ഥികളുടെ ഉയരുന്ന പഠനച്ചിലവ്, ആരോഗ്യ സംരക്ഷണോപാധികളുടെ അനിയന്ത്രിതമായ വില , വര്ണവെറിയന്മാരായ പോലീസുകാരുടെ അതിക്രമങ്ങൾ എന്നിവക്കെതിരെ അവർ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. 2008 ൽ അമേരിക്കൻ ബാങ്കുകളെയും, അതുവഴി ലോക സമ്പദ്ഘടനയെയും പ്രതിസന്ധിയിലാക്കിയ സബ്-പ്രൈം ലോൺ വിവാദത്തിലെ കേസുകളിൽ, കടമെടുത്ത കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാൻ അവർ മുന്പന്തിയിലുണ്ടായിരുന്നു. കുടിയേറ്റത്തിനും, കുടിയേറ്റക്കാർക്കുമെതിരെ ട്രംപ് ഭരണകൂടം കൈകൊണ്ട മനുഷ്യത്വരഹിതമായ നിലപാടുകളെ അതിനിശിതമായാണ് കമല വിമർശിച്ചത്. സമൂഹത്തിലെ അധസ്ഥിതർക്കും, മധ്യവർഗക്കാർക്കും അനുകൂലമായ നിലപാടെടുക്കുന്ന കമല ഹാരിസ്, 2016 ലാണ് ആദ്യ ഇന്ത്യൻ വംശജയായ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് . അധസ്ഥിതർക്കനുകൂലമായ നിലപാടുകൾ എടുക്കുന്നത് കൊണ്ടാകാം അവരെ " വനിതാ ഒബാമ" എന്ന് ഒരു വിഭാഗം അമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം
വൈസ് പ്രസിഡന്റ് എന്ന നിലയിൽ, അമേരിക്കയുടെ സമ്പത്‌വ്യവസ്ഥ ശക്തിപ്പെടുത്തണമെന്നും തൊഴിൽ എടുത്തു ജീവിക്കുന്നവർക്ക് അനുകൂലമാകണമെന്നും അവർ ആഗ്രഹിക്കുന്നു.അതുപോലെ സമൂഹത്തിൽ നിന്നും, ഭരണകൂടത്തിൽ നിന്നും വംശീയത ഇല്ലാതാക്കണമെന്നും കാലാവസ്ഥാ സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും ആഗ്രഹിക്കുന്ന കമല, രാജ്യത്തെ ജനങ്ങളെ, അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കി ഒന്നിപ്പിക്കാനും ഉദ്ദേശിക്കുന്നു. ഒബാമയുടെ കാലത്തു കൊണ്ടുവന്ന അഫൊർഡബിൾ കെയർ ആക്റ്റ്, ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പിൽ വരുത്തുവാൻ ശ്രമിക്കുമെന്ന് തെരെഞ്ഞെടുപ്പ് കാലത്തു വാഗ്ദാനം നൽകിയിരുന്നത് നടപ്പിലാക്കാൻ അവർ പ്രതിജ്ഞാബദ്ധയാണ്. മണിക്കൂറിന്
7 .25 ഡോളർ കൂലി എന്നത്, 15 ഡോളർ ആയി വർധിപ്പിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഇത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനവിഭാഗങ്ങൾക്ക് സഹായകമായിരിക്കും. മറ്റൊരു പ്രധാന വാഗ്‌ദാനം , അമേരിക്കയിലെ പോലീസ്, നീതിന്യായ വ്യവസ്ഥ എന്നിവയിൽ വരുത്തേണ്ട മാറ്റങ്ങളാണ്. വെള്ളക്കാരൊഴിച്ചു ബാക്കി എല്ലാവരെയും സംശയ ദൃഷ്ടിയോടെയും , കുറ്റക്കാരുമായി കരുതുന്ന വ്യവസ്ഥയാണ് ഇന്നും അമേരിക്കയിൽ ഉള്ളത്. ഇതിനെതിരെ അഭിഭാഷകയെന്ന നിലയിലും , അറ്റോർണി എന്നനിലയിലും ശക്തമായി പ്രതികരിച്ചിട്ടുള്ള കമലക്കു ഈ രംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് താന്റ്റേതായ കാഴ്ചപ്പാടുണ്ട്. അതിനനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ അവർ ശ്രമിക്കും എന്നാണ് കരുതുന്നത്.
കുടിയേറ്റക്കാർക്ക് സാന്ത്വനം
കമലയുടെ അച്ഛനും അമ്മയും കുടിയേറ്റക്കാരായിരുന്നതിനാൽ, കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ അവർക്കു നന്നായി അറിയാം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിയമങ്ങളിൽ പൊളിച്ചെഴുത്തു വരുത്തുമെന്ന് കമല ഹാരിസും, ജോ ബൈഡനും പറഞ്ഞിട്ടുള്ളത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകും.എച് 1 ബി വീസ യുടെ കാര്യത്തിലും പുതിയ ഭരണകൂടം അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വംശജയായാണെങ്കിലും, ഇന്ത്യയോട് പ്രത്യേകമായി ഒരു അനുഭവം കാണിക്കാൻ സാധ്യത കുറവാണു. ഏതായാലും കഴിഞ്ഞ നാല് വർഷ കാലയളവിൽ ട്രംപ് നടത്തിയ വിഭജന, വിദ്വെഷ ഭരണത്തിൽ നിന്നും ഒരു മാറ്റം ദേശീയ തലത്തിലും, അന്തർദേശിയ തലത്തിലും കമലയിൽ നിന്നും ബൈഡണിൽ നിന്നും ഉണ്ടാകുമെന്നതിൽ സംശയമില്ല.
പി എസ് ശ്രീകുമാർ
98471 73177
No comments:
Post a Comment