വൈറ്റ് ഹൗസിന് നാഥനായി ജോ ബൈഡൻ
പി .എസ് .ശ്രീകുമാർ
അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേറ്റെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ നിരവധി തടസ്സങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ബൈഡൻ ഈ സ്ഥാനത്തെത്തുന്നത് . 78 കാരനായ ബൈഡൻ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ പ്രസിഡന്റ് ആണ്. അമേരിക്കൻ സമയം ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ, പതിവിനു വിരുദ്ധമായി നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്നില്ല. ഇപ്പ്പോഴും തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാത്ത ട്രംപ്, അന്ന് രാവിലെ തന്നെ ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള, തന്റെ മാർ-എ-ലാഗോ ക്ലബ് ലേക്ക് താമസം മാറ്റുകയാണ്. അധികാരമേറ്റെടുക്കൽ ചടങ്ങുകൾ നടക്കുന്നത് ക്യാപിറ്റോൾ മന്ദിരത്തിൻറ്റെ പശ്ചിമ ഭാഗത്തുവച്ചാണ്. അമേരിക്കയുടെ ഫെഡറൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ബൈബിളിൽ തൊട്ടു പ്രതിജ്ഞ എടുത്തു പ്രസിഡന്റ് പദവി ഏറ്റെടുത്തു കഴിഞ്ഞാണ്,സൈനികരുടെ അകമ്പടിയോടെ ചെറിയ ഘോഷയാത്രയായി ബൈഡനും ജിൽ ബൈഡനും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ എത്തുന്നത്.
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ അധികാരസ്ഥാനമെന്ന നിലയിൽ വൈറ്റ് ഹൗസിന്റെ പ്രാധാന്യം വലുതാണ്. ഈ മന്ദിരത്തിൽ നിന്നും പുറത്തുവരുന്ന കല്പനകൾ ലോകത്തിന്റെ തന്നെ ഗതിവിഗതികളെ നിയന്ത്രിക്കുന്നു. വൈറ്റ് ഹൗസിലിരുന്നുകൊണ്ടു അമേരിക്കൻ പ്രസിഡന്റ് മാർ നടത്തുന്ന പ്രഖ്യാപനങ്ങൾ അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുന്നവരിൽ പലരും ഈ അധികാര സ്ഥാനത്തെ പറ്റി കൂടുതൽ അറിയാൻ ആകാംക്ഷയുള്ളവരാണ്.
വൈറ്റ് ഹൗസിന്റെ പ്രാധാന്യം ആ മന്ദിരത്തിന്റെ ശില്പ ഭംഗിയോ, മനോഹാരിതയോ ഒന്നുമല്ല. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റിന്റെ താമസ സ്ഥലമാണിത്. ലോകസമാധാനത്തിനും സമാധാന ഭഞ്ജനത്തിലേക്കും നയിക്കുന്ന ഒട്ടേറെ തീരുമാനങ്ങൾ ഈ മന്ദിരത്തിൽനിന്നുമാണ് വരുന്നത്.ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും , അവിടെ നിന്നും വരുന്ന തീരുമാനങ്ങളിൽ പലതും ലോകത്തിന്റെ ഏതു കോണിലുമുള്ള ജനതയെയും ബാധിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
മന്ദിര നിർമാണം
രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മന്ദിരത്തിൻറ്റെ നിർമാണം ആരംഭിച്ചത് 1792 ൽ ആണ് . ഐറിഷ്‌കാരനായ ജെയിംസ് ഹോബനായിരുന്നു ഇതിൻറ്റെ വാസ്തുശില്പി. പതിനെട്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന യൂറോപ്യൻ ശില്പകലാ മാതൃകയിലാണ് ഇതിന്റ്റെ പ്ലാൻ തയാറാക്കിയത്. വെളുത്ത ചുണ്ണാമ്പുകല്ലു കൊണ്ട് നിർമിച്ചതായതുകൊണ്ടു ഇത് വൈറ്റ് ഹൌസ് എന്നറിയപ്പെട്ടു തുടങ്ങി. യഥാർത്ഥത്തിൽ ഈ മന്ദിരത്തിൻറ്റെ ആദ്യകാല പേര് പ്രസിഡൻഷ്യൽ റെസിഡൻസ് എന്നായിരുന്നു. തിയഡോർ റൂസ്‌വെൽറ്റ് പ്രസിഡന്റായിരുന്ന പ്പോൾ 1901 ലാണ് ' വൈറ്റ് ഹൗസ്' എന്ന് ഔദ്യോഗികമായി പ്രക്ഖ്യാപിച്ചത് . 1800 ൽ ഈ മന്ദിരം പൂർത്തീകരിച്ചു. ഇതിലെ ആദ്യ താമസക്കാരനായ പ്രസിഡണ്ട് ജോൺ ആഡംസ് ആയിരുന്നു. 1814 ൽ ബ്രിട്ടീഷ് സൈന്യം ഈ മന്ദിരം അക്രമിയ്ക്കുകയും അഗ്നിയ്ക്കിരയാക്കുകയും ചെയ്തു.
മൂന്നു നിലകളിലുള്ള വൈറ്റ് ഹൗസ് മന്ദിരം സ്ഥിതി ചെയ്യുന്നത് വാഷിങ്ടണിന്റെ വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള 1600, പെൻസിൽവാനിയ അവന്യൂവിലെ 2 ഹെക്ടർ താമസ സ്ഥലത്താണ്. പ്രസിഡന്റിന്റെ താമസസ്ഥലത്തിന് പുറമെ , അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസ് , വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസ് ,കമ്മ്യൂണിക്കേഷൻസ് ഓഫീസ് , നാഷണൽ സെക്യൂരിറ്റി കൌൺസിൽ ,വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ,വൈസ് പ്രെസിഡണ്ടിൻറ്റെ ഓഫീസ് തുടങ്ങിയവയും ഈ മന്ദിര സമുച്ചയത്തിലുണ്ട് .
പ്രസിഡന്റിന്റെയും അദ്ദേഹത്തിൻറ്റെ സ്റ്റാഫിന്റെയും ഓഫീസും , ക്യാബിനെറ്റ് റൂമും മന്ദിരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള എക്സിക്യൂട്ടീവ് വിങ്ങിലാണ് .കിഴക്കുഭാഗത്താണ് അദ്ദേഹത്തിൻറ്റെ സൈനികരുടെ ഓഫീസ് .തെക്കു ഭാഗത്തു പ്രസിഡൻഷ്യൽ പാർക്ക് എന്ന പുൽത്തകിടി എന്നിവ സ്ഥിതി ചെയ്യുന്നു.
വൈറ്റ് ഹൗസിൻറ്റെ കിഴക്കുവശത്തു കൂടിയാണ് സന്ദർശകരെ കടത്തിവിടുന്നത്. ഒരേ സമയം 140 പേർക്ക് ഭക്ഷണം കഴിക്കാൻ സാധിയ്ക്കുന്ന സ്റ്റേറ്റ് ഡൈനിങ്ങ് റൂം ഈ കെട്ടിടത്തിലാണ് . പ്രധാനപ്പെട്ട രാഷ്ട്ര തലവന്മാരുമായുള്ള ഔദ്യോഗിക വിരുന്നൊരുക്കുന്നത് ഈ ഡൈനിങ്ങ് ഹാളിലാണ്.
അതിഥികളെ സ്വീകരിയ്ക്കുന്ന സ്വീകരണ മുറി താഴത്തെ നിലയിലാണ്. പ്രസിഡണ്ടും കുടുംബാംഗങ്ങളും താമസിയ്ക്കുന്നത് രണ്ടാം നിലയിലാണ്. ലിങ്കൺ ബെഡ്‌റൂം, ക്വീൻ സ് റൂം , ട്രീറ്റി റൂം എന്നിവയും ഇവിടെയാണ്. അതിഥികൾക്കുള്ള മുറികളും, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ മുറികളും മൂന്നാം നിലയിലാണ് .തീയേറ്റർ , നീന്തൽ കുളം ,അണുബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള സംവിധാനം എന്നിവയെല്ലാം വൈറ്റ് ഹൗസിലുണ്ട്.
ഓവൽ ഓഫീസ്
അമേരിയ്ക്കൻ പ്രസിഡണ്ടിൻറ്റെ ഓഫീസ് റൂമാണ് ഓവൽ ഓഫീസ് .ബ്ലൂ റൂമെന്നും ഇത് അറിയപ്പെടുന്നു. നഥാൻ .സി വോയത് എന്ന ശില്പിയാണ് ഈ മുറി രൂപകൽപന ചെയ്തത്.1909 ൽ അന്നത്തെ പ്രസിഡന്റായിരുന്ന ഹൊവാർഡ് ടാഫ്റ്റിന്റ്റെ നിർദേശപ്രകാരമാണ് നഥാൻ .സി. വോയ്‌ത് ഇത് ഡിസൈൻ ചെയ്തത്. ഓവൽ ഷേ പ്പിലായതിനാലാണ് ഈ മുറി ഓവൽ ഓഫീസ് എന്നറിയപ്പെടുന്നത്. 1929 ൽ ഉണ്ടായ തീ പിടുത്തത്തിൽ ഈ ഓഫീസിനു കേടുപാട് സംഭവിച്ചപ്പോൾ അന്ന് പ്രസിഡന്റായിരുന്ന ഹെർബെർട് .സി.ഹൂവർ ഇത് പുനർ നിര്മിയ്ക്കാൻ നിർദ്ദേശിച്ചു.1934 ൽ പ്രസിഡണ്ട് ഫ്രാങ്ക്‌ളിൻ .ഡി .റൂസ്‌വെൽട് ഈ ഓഫീസിന്റ്റെ വലുപ്പം കൂടി നിർമ്മിച്ചു .
പ്രസിഡണ്ടിൻറ്റെ മേശയ്ക്കു പിറകിലായി മൂന്നു വലിയ ജനാലകളും , വിവിധ ഭാഗങ്ങളിലേക്ക് പോകുവാൻ നാലു വാതിലുകളും ഈ മുറിയിലുണ്ട്. ഔദ്യോഗിക കൃത്യ നിർവഹണത്തിനും ,ടെലിവിഷൻ- റേഡിയോ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതും ഈ മുറിയിലിരുന്ന് കൊണ്ടാണ് .വിദേശ രാഷ്ട്രത്തലവന്മാരുമായുള്ള ഔദ്യോഗിക മീറ്റിംഗുകളുടെയും വേദി ഈ ഓഫീസാണ് . ഇതാണ് വൈറ്റ് ഹൗസ് എന്ന പവർ ഹൗസിന്റ്റെ സംക്ഷിപ്ത ചരിത്രം .
ട്രംപിൽ നിന്നും വ്യത്യസ്‌തനായി കറുത്ത വർഗക്കാർ ഉൾപ്പെടെ സമൂഹത്തിലെ ദുർബലരായ ജനങ്ങളുടെ പ്രശ്നങ്ങളും, ബുദ്ധിമുട്ടും മനസ്സിലാക്കിയിട്ടുള്ള ജോ ബൈഡൻ, വൈറ്റ് ഹൗസിൽ ഇരുന്നുകൊണ്ട് അവർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കും എന്നതിൽ സംശയമില്ല.
പി.എസ് .ശ്രീകുമാർ
98471 73177
No comments:
Post a Comment