Thursday, 13 May 2021

           ഗംഗാനദിയിലെ  മൃതശരീരങ്ങളും മോദിസർക്കാരും 

പി.എസ്‌ .ശ്രീകുമാർ 

ഗംഗാ നദിയിലൂടെ ഒഴുകിനടന്ന അജ്ഞാത മൃതശരീരങ്ങളുടെ ദൃശ്യങ്ങൾ കണ്ട് നൊമ്പരപ്പെടാത്തവരോ കണ്ണീർ പൊഴിയ്ക്കാത്തവരോ കാണില്ല. മൃതദേഹങ്ങളിൽ പലതും ഒഴുക്കിവിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാമണ്ഡലമായ വാരാണസിയുടെ 

പ്രാന്തപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ നിന്നുമായിരുന്നു. തങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളുടെ, അല്ലെങ്കിൽ തങ്ങൾ ജീവൻ നൽകിയ മക്കളുടെ, അതുമല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ട പ്രിയതമാരുടെ മൃത ദേഹങ്ങളാണ് ഈ രീതിയിൽ ഗംഗ നദിയിൽ ഒഴുക്കി വിടാൻ ബന്ധുമിത്രദികളെ നിർബന്ധിതരാക്കിയത് . ഒഴുക്കിൽ പെട്ട് നദീതീരങ്ങളിൽ അടിഞ്ഞ ചില മൃതശരീര ങ്ങൾ തെരുവുനായ്ക്കൾ കടിച്ചു കീറുന്ന രംഗം കരളലിയിക്കുന്നതാണ് . ഇത്രയും ഹൃദയഭേദകവും, വേദനാജനകവുമായ സംഭവം , ഒരു പക്ഷെ, സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം ഇന്ത്യയിൽ  ആദ്യമായാണെന്നു തോന്നുന്നു. ഈ രീതിയിൽ മൃതദേഹങ്ങൾ ഒഴുക്കി വിടാൻ ബന്ധുമിത്രാദികൾ തയ്യാറാകേണ്ടി വന്നത് അവ ദഹിപ്പിയ്ക്കുവാനുള്ള ഉയർന്ന ചെലവ് ഉ കാരണമാണ്. കോവിഡ്  രോഗത്തിൻറ്റെ  തീവ്ര വ്യാപനത്തോടെ നിരവധി ആളുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിനവും മരിച്ചുവീഴുന്നത് . മരണനിരക്കുയർന്നതോടെ മൃത ശരീരങ്ങൾ ദഹിപ്പിയ്ക്കുവാൻ ആവശ്യമായ വിറകുൾപ്പെടെയുള്ള  സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയും ,ലഭ്യമല്ലാതാകുകയും  ചെയ്തു. അതോടെ ശവദാഹത്തിനുള്ള ചെലവ് അൻപതിനായിരം രൂപ വരെയായി വർധിച്ചു.കോവിടിന്റ്റെ വ്യാപനത്തോടെ പണിയും,കൂലിയും,വരുമാനവും നഷ്ടപ്പെട്ട ഗ്രാമീണർ കൊടും പട്ടിണിയിലാണ്. ബന്ധുജനങ്ങളുടെ                         ശവദാഹത്തിനുള്ള തുക സ്വരൂപിയ്ക്കുവാനോ,  താങ്ങാനോ കഴിവില്ലാത്ത പാവപ്പെട്ട ഗ്രാമവാസികളാണ് ഗത്യന്തരമില്ലാതെ മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുക്കി വിട്ടത് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലോ, സൂക്ഷ്മമാ യ ആസൂത്രണങ്ങളിലോ ശ്രദ്ധിയ്ക്കാതെ തൻറ്റെ പ്രതിച്ഛായയിൽ മാത്രം ആനന്ദം കണ്ടെത്തുന്ന മോദി  - അമിത്  ദ്വന്ദങ്ങളിൽനിന്നും  നിന്നും കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ!

            ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം, 2020 മാർച്ചിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കീഴിൽ,അമേരിയ്ക്കയിൽ സംഭവിച്ചതിനു സമാനമാണ്.   കോവിടിന്റ്റെ ഒന്നാം തരംഗംവ്യാപിച്ചപ്പോൾ ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശങ്ങൾ അവഗണിക്കുകയും,  മാസ്ക് ധരിയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതെയും ലോക്ഡൌൺ  നടത്താതെയും അശാസ്ത്രീയമായ  രീതിയിലായിരുന്നു   ട്രംപ്  പ്രശ്‍നം  കൈകാര്യം ചെയ്തത്. പ്രസിഡൻറ്റിൻറ്റെ  മെഡിക്കൽ അഡ്വൈസർ ആയ ആൻറണി  ഫൗച്ചിയുടെ  ഉപദേശങ്ങൾ പോലും  അദ്ദേഹം തള്ളിക്കളഞ്ഞു.   കോവിഡ്  പരിശോധനയ്ക്കുള്ള കിറ്റുകളോ  വെന്റിലെറ്റർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും അദ്ദേഹം അന്ന് പരാജയപ്പെട്ടു.  അതോടെ , കോവിഡ്  വ്യാപനത്തിൻറ്റെ   കേന്ദ്രമായി അമേരിക്ക മാറി. ലോകത്ത്‌   ഏറ്റവും കൂടുതൽ കോവിഡ്   രോഗികളും, ഏറ്റവും കൂടുതൽ കോവിഡ്  മരണങ്ങളും  ഉണ്ടായതും  അമേരിക്കയിലാണ്. 2020  നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ്  പരാജയപ്പെടുവാനുണ്ടായ  പ്രധാന  കാരണം  കോവിഡ്   മഹാമാരി കൈകാര്യം ചെയ്തതിലെ പാളിച്ചയായിരുന്നു.  ഈ വര്ഷം ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തു എത്തിയ ശേഷമെടുത്ത നടപടികളും, സമയ ബന്ധിതമായി വാക്‌സിൻ നൽകുകയും  ചെയ്ത  ശേഷമാണ്  അമേരിക്ക അപകട ഘട്ടത്തിൽ നിന്നും കരകയറിയതും സാധാരണ നില കൈവരിച്ചതും .

              കോവിടിന്റ്റെ ആദ്യ തരംഗം ഇന്ത്യയിൽ അൽപമൊന്ന്  ശമിച്ചപ്പോൾത്തന്നെ, യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായപ്പോലെ  ഒരു രണ്ടാം തരംഗത്തിൻറ്റെ  മുന്നറിയിപ്പ്  ആരോഗ്യ വിദഗ്ദ്ധർ  നൽകിയിരുന്നു.  എന്നാൽ, കോവിഡിനെ  ഇന്ത്യയിൽ നിന്നും  കെട്ടുകെട്ടിച്ചെന്ന വീരവാദം ഉന്നയിച്ചു കൊണ്ട് ,  യാതൊരു തയ്യാറെടുപ്പും നടത്താതെ  ഇരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ.  ഈ പശ്ചാത്തലത്തിലാണ് , ഇന്ത്യ ഇന്ന് നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കാരണക്കാരൻ നരേന്ദ്ര മോദി യാണെന്നും , സ്വയം വരുത്തിവച്ച ഈ മഹാദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം  മോദി  സർക്കാരിനാണെന്നും ലോക പ്രശസ്ത മെഡിക്കൽ ജേർണൽ ആയ  "ലാൻഡ്‌സെറ്റ് "  അതിന്റെ മുഖപ്രസംഗത്തിൽ  ആരോപിച്ചത്.  ഒന്നാം തരംഗം നേരിട്ട ശേഷം മോദി  സർക്കാർ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കോവിഡ്  വ്യാപകമാകാൻ തുടങ്ങിയപ്പോൾ, ഇന്ത്യക്ക്  സ്വയാർജിത പ്രതിരോധശേഷിയുണ്ടെന്ന  അമിത വിശ്വാസത്തിലായിരുന്നു  മോദി യും , ആരോഗ്യമന്ത്രി ഹർഷ്  വർദ്ധനും.  അതോടെ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ തികഞ്ഞ അലസതയാണ് കേന്ദ്ര സർക്കാർ കാട്ടിയത് .കോവിടിന്റ്റെ  തീവ്ര വ്യാപനം ഉണ്ടാകുമെന്ന  മുന്നറിയിപ്പുകൾ അവഗണിച്ച മോദി  സർക്കാർ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേളപോലെയുള്ള  ആഘോഷങ്ങൾക്ക് അനുമതി നൽകിയതും,  ലക്ഷകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾ നടത്തിയതും അക്ഷന്ത്യവ്യമായ തെറ്റായിരുന്നുവെന്നും  ലാൻഡ്‌സെറ്റ്  കുറ്റപ്പെടുത്തി.   ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ്  ഇവാലുവേഷനെ ഉദ്ധരിച്ചുകൊണ്ടുള്ള മുഖ പ്രസംഗത്തിൽ  ഈ വര്ഷം ഓഗസ്റ്റ്  ഒന്നിനകം   ഇന്ത്യയിലെ കോവിഡ്  മരണങ്ങൾ 10 ലക്ഷം കടക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

             കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയും, അശാസ്ത്രിയമായ രീതിയിൽ ഈ മഹാമാരിയെ കൈകാര്യം ചെയ്തതിൽ വന്ന പാകപ്പിഴകളുമാണ് കോവിഡ്  രോഗത്തിൻറ്റെ  കേന്ദ്രമായി ഇന്ത്യ ഇന്ന് മാറിയതിന്റ്റെ  പ്രധാന കാരണം.  രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്‌സിൻ അല്ലാതെ മറ്റു ഫലപ്രദമായ മാർഗ്ഗമില്ലെന്നു മനസ്സിലാക്കിയ അമേരിക്ക, ബ്രിട്ടൺ, ജർമ്മനി,റഷ്യ,ചൈന  തുടങ്ങിയ  രാജ്യങ്ങൾ വാക്‌സിൻ വികസനത്തിന് കോടിക്കണക്കിനു തുകയാണ് പ്രധാന ഗവേഷണ സ്ഥാപനങ്ങൾക്ക് നൽകിയത്.  വാക്‌സിൻ ഗവേഷണം നടക്കുമ്പോൾ തന്നെ  ഫൈസർ, മോഡേണ, തുടങ്ങിയ വാക്‌സിൻ നിർമാണ  കമ്പനികളുമായി  തങ്ങൾക്കു ആവശ്യമായതിലും അധികം  വാക്‌സിനുകൾ  വാങ്ങുവാൻ  അമേരിക്ക കരാറുകളുണ്ടാക്കി.  അതുതന്നെയാണ്  ബ്രിട്ടനും, ജര്മനിയുമൊക്കെ ചെയ്തത്.  ബ്രിട്ടന്റെ പ്രധാന കോവിഡ്  വാക്‌സിൻ ദാതാവ്  നമ്മുടെ  സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.   ലോകത്തെ ഏറ്റവും വലിയ  കോവിഡ്  ഇതര വാക്‌സിൻ നിർമാണ കമ്പനി സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് എന്നത് അഭിമാനാർഹമായ കാര്യമാണ് . ആഗോളതലത്തിൽ ആവശ്യമായ വാക്‌സിനുകളുടെ 60  ശതമാനം  ഉദ്പാദിപ്പിക്കുന്നതു ഇന്ത്യയിലാണ്.  എന്നാൽ ഈ കമ്പനികളെ ഉപയോഗിച്ച് നമുക്ക് ആവശ്യമായ കോവിഡ്  വാക്‌സിൻ നിർമിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.  2020-21 ലെ ബജറ്റിൽ  വാക്‌സിനായി 35000  കോടി രൂപ വറ്റിവച്ചെങ്കിലും,  നമ്മുടെ വാക്‌സിൻ നിർമാണ കമ്പനികൾക്ക് ആവശ്യമായ ധനം നൽകി  വാക്‌സിൻ വാങ്ങുവാൻ കരാർ നൽകുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രായോഗിക നിർദേശങ്ങൾ നൽകിയ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് മുൻ പ്രസിഡന്റ്  രാഹുൽ ഗാന്ധി എന്നിവരെ  ആക്ഷേപിക്കാനാണ് കേന്ദ്ര മന്ത്രിമാരും, ബി ജെ പി  നേതാക്കളും മുതിർന്നത് സീറം ഇന്സ്ടിട്യൂട്ടിനു  70-100 ദശലക്ഷം  കോവിഷീൽഡ്‌   വാക്‌സിൻ  ഡോസുകൾ  പ്രതിമാസം  ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.  എന്നാൽ അവർ 85  ദശലക്ഷം ഡോസ് വാക്‌സിൻ മാത്രമേ ഉത്പ്പാദിപ്പിക്കുന്നുള്ളു.  അതുതന്നെ ഇപ്പോൾ വീണ്ടും കുറച്ചു.  ഭാരത് ബയോട്ടേക്കിന്റെ  വാക്‌സിൻ ഉൽപ്പാദനശേഷി 58 ദശലക്ഷം ഡോസ് ആണ് എന്നാൽ ഇപ്പോഴത്തെ അവരുടെ വാക്‌സിൻ ഉത്പാദനം 30 ദശലക്ഷം ഡോസ് മാത്രമാണ്. ഈ രണ്ടു കമ്പനികളും കൂടി പ്രതിദിനം ഇപ്പോൾ ഉല്പാദിപ്പിയ്ക്കുന്നതു 2.5 ദശലക്ഷം ഡോസ് മാത്രമാണ്. 2020 ഡിസംബറിനുള്ളിൽ അർഹതയുള്ള 30 ശതമാനം ആളുകൾക്ക് വാക്‌സിൻ നൽകുവാനാണ്‌ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ലക്‌ഷ്യം നിറവേറ്റുവാനാവശ്യമായ വാക്‌സിനുകൾ ലഭ്യമാക്കുവാൻ പ്രയാസമാണ്.  മാത്രമല്ലാ , ഇന്നത്തെനിലയിൽ പോയാൽ, ഇന്ത്യയിലെ അർഹതപ്പെട്ടവർക്ക് മുഴുവൻ വാക്‌സിൻ  ലഭ്യമാകണം എങ്കിൽ  വർഷങ്ങൾ എടുക്കും എന്ന കാര്യത്തിലും സംശയമില്ല.നമുക്കാവശ്യമായ വാക്‌സിനുകൾ ഇന്ത്യയിലെ കമ്പനികളിൽ ഉല്പാദിപ്പിയ്ക്കുവാനോ ,വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുവാനോ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.ഒടുവിൽ  കോവിടിൻറ്റെ  രണ്ടാം വ്യാപനം തുടങ്ങിയ ശേഷമാണ്   സീറം ഇന്സ്ടിട്യൂട്ടിനും, ഭാരത് ബയോ ടെക്കിനും 4500  കോടി രൂപയെങ്കിലും ധന സഹായം  നല്കാൻ  കേന്ദ്ര സർക്കാർ തയ്യാറായതും  ഫൈസർ, സ്പുട്നിക്  തുടങ്ങിയ വാക്‌സിനുകൾ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തിയതും .

            കേന്ദ്രസർക്കാരിൻറെ ആസൂത്രണമില്ലായ്മയും,അശാസ്ത്രീയമായ രീതിയിൽ ഈ മഹാമാരിയെ നേരിടുന്നതിലും,പ്രതിരോധിയ്ക്കുന്നതിലും വന്ന പാകപ്പിഴകളാണ് കോവിഡ് രോഗ വ്യാപനം  അനിയന്ത്രിതമായ രീതിയിൽ   ഇന്ന് മാറിയതിന്റ്റെ പ്രധാന കാരണം.

പി .എസ്‌ .ശ്രീകുമാർ 





















       കുടിയേറ്റക്കാർക്ക് അവസരങ്ങൾ തുറന്ന്  അമേരിക്ക

പി.എസ് .ശ്രീകുമാർ  

വിദഗ്‌ധ  ജോലി ചെയ്യുന്നവർക്കുള്ള  എച് 1 ബി  വിസ നൽകുന്നതിന് കഴിഞ്ഞ വർഷം  അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്  നീട്ടേണ്ടതില്ലെന്ന പ്രസിഡന്റ് ജോ ബൈഡന്റെ  തീരുമാനം ഇന്ത്യയിലെ  ഐ ടി മേഖലയിൽ ഉള്ളവർ  ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്.  2020  ജൂൺ മാസത്തിൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പാണ്   എച് 1 ബി  വിസ നൽകുന്നതിന് 2020  ഡിസംബർ മാസം വരെ വിലക്കേർപ്പെടുത്തിയത്.  പിന്നീട് ഈ ഉത്തരവ് 2021  മാർച്ച് വരെ അദ്ദേഹം നീട്ടി.

 ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും ഡൊണാൾഡ്  ട്രംപിനുണ്ടായിരുന്ന    അടുത്ത ബന്ധത്തിന് ഉണ്ടായ തിരിച്ചടിയായിട്ടാണ്  ഈ വിലക്കിനെ  അന്ന്   ചില രാഷ്ട്രീയ നിരീക്ഷകർ   കണ്ടത്.  അമേരിക്കയിലും പിന്നീട് അതിന്റെ തുടർച്ചയായി ,   2020   ഫെബ്രുവരിയിൽ  , ഗുജറാത്തിലും ട്രമ്പിനായി , മോഡി  ഒരുക്കിയ വമ്പിച്ച റാലികളിലൂടെ രണ്ടു നേതാക്കളും ഉണ്ടാക്കിയ  വ്യക്തിപരമായ ഊഷ്മളബന്ധത്തിൽ  വിള്ളലുണ്ടായോ എന്നും   രാഷ്ട്രീയ എതിരാളികൾ സംശയിച്ചു.

കോവിഡ്  മഹാമാരി  അമേരിക്കയുടെ  സമ്പദ് വ്യവസ്ഥക്ക്  വലിയ ആഘാതമാണ് ഉണ്ടാക്കിയത്.  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ  ഏർപ്പെടുത്തിയ കോവിദ്  നിയന്ത്രണങ്ങൾ കാരണം നിരവധി വ്യവസായ ശാലകൾ മാസങ്ങളോളം അടച്ചിടേണ്ടിവന്നു.  അതോടെ  നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കോവിഡിൻെറ ആദ്യ ഘട്ടത്തിൽ 30  ലക്ഷം പേർക്കാണ് അവിടെ   തൊഴിൽ നഷ്ടപ്പെട്ടത്.  തൊഴിലില്ലായ്മ നിരക്ക് 2020  ഫെബ്രുവരിക്കും മെയ് മാസത്തിനുമിടയിൽ 13  ശതമാനം വർധിച്ചു.  അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്ര അധികം വർധിച്ചത് . ഈ പശ്ചാത്തലത്തിലാണ് നിയമാനുസ്‌മൃതമല്ലാത്ത  കുടിയേറ്റങ്ങൾക്കും  എച് 1 ബി വിസ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി, തൻദേശീയരായ  അമേരിക്കക്കാരെ പ്രീതിപ്പെടുത്തുവാൻ  ട്രംപ്  ഭരണകൂടം  ശ്രമിച്ചത്.  ട്രംപിന്റ്റെ  കുടിയേറ്റ വിരുദ്ധ നയം മറ്റ്  രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവരെയും ബാധിച്ചെങ്കിലും, ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വംശജരെയാണ്.

കുടിയേറ്റ വിരുദ്ധ നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കാൻ ട്രംപ് തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളായിരുന്നു . ഒന്നാമത്തേത് , കോവിഡ്  മഹാമാരിമൂലം ഉണ്ടായ ഉയർന്ന  തൊഴിലില്ലായ്മ നിരക്കിൽ നിന്നും  തന്നെ  പിന്തുണക്കുന്ന  മധ്യവർത്തികളായ വെള്ളക്കാരുടെ   ജന ശ്രദ്ധ തിരിച്ചുവിടുക.  രണ്ടാമത്തേത്, കുടിയേറ്റത്തിനെതിരെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണ  കാലത്തു നൽകിയ വാഗ്‌ദാനം പാലിക്കുക.ആദ്യ ഘട്ടമായി, നിയമനുസ്‌മൃതമുള്ള  കുടിയേറ്റക്കാർക്ക്  ഗ്രീൻ കാർഡ്  നൽകുന്നത് 2020  ഏപ്രിൽ മുതൽ  നിർത്തിവച്ചു.  ഇതിന്റെ തുടർച്ചയായിട്ടാണ്  എച് 1 ബി വിസ നൽകുന്നതിന്  ഏർപ്പെടുത്തിയ വിലക്ക് .ഓരോ വർഷവും 65000  എച് 1 ബി വിസയും  വിദ്യാർത്ഥികൾക്കുള്ള 20,000 വിസയുമാണ് നൽകുന്നത്.  ഈ  വിസകളിൽ  70  ശതമാനവും  ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത് . അതുകൊണ്ടുതന്നെ  ട്രംപിന്റെ തീരുമാനം  ബാധിച്ചത് ഇന്ത്യൻ ഐ ടി കമ്പനികളെയും വിദഗ്ധരായ ഇന്ത്യൻ  തൊഴിൽ അന്വേഷകരെയുമാണ്.  ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും നിർത്തിവച്ചു.

2019 ൽ ഇന്ത്യയിൽ നിന്നും 29.7  ബില്യൺ ഡോളറിന്റെ ഐ ടി സർവീസ് ആണ്  അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.  2018  ലേതിനേക്കാൾ 3  ശതമാനം വർധനവാണ്  ഉണ്ടായതു.  2009  ലെ കയറ്റുമതിയുമായി താരതമ്യം ചെയ്താൽ  143  ശതമാനം വർധനവാണ്   പത്തുവർഷത്തിനിടെ  ഈ രംഗത്ത്  ഉണ്ടായതു.  2020  ഒക്ടോബറിൽ റിസേർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം  സർവീസ് സെക്ടർ കയറ്റുമതി 17.29  ബില്യൺ ഡോളർ മാത്രമായിരുന്നു.  ഇന്ത്യൻ കമ്പനികളുടെ ബിസിനസ്സിനെയും, ഇന്ത്യക്കാരുടെ  തൊഴിൽ സാധ്യതകളെയും കുടിയേറ്റ വിലക്കുകൾ  ബാധിച്ചതിനാൽ, ഈ വിലക്ക് നീക്കുവാനുള്ള ശ്രമത്തിലായിരുന്നു, അമേരിക്കയിൽ വാണിജ്യ ബന്ധമുള്ള ,  ഇന്ത്യയിലെ ഐ ടി കമ്പനികൾ എല്ലാം. അതുപോലെ പല പ്രധാന സര്വകലാശാലകളുടെയും  വരുമാനം ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ആശ്രയിച്ചായതിനാൽ, വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ   സർവ്വകലാശാലകൾ  നിയമ നടപടികളുമായി സുപ്രീം കോടതിയിൽ പോയതിനെ തുടർന്ന്, വിദ്യാർത്ഥികളുടെ കാര്യത്തിൽ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുനൽകാൻ  ട്രംപ് ഭരണകൂടം നിർബന്ധിതമായി.

എച് 1 ബി ഉൾപ്പെടയുള്ള  വിസകൾക്കെതിരെ ശക്തമായി പ്രതികരിച്ച ഒരു പ്രമുഖൻ ഇന്ത്യൻ വംശജനും ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ  സുന്ദർ പിച്ച ആയിരുന്നു.  അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും  ഐ ടി രംഗത്ത്  ആഗോള നേതൃത്വം നൽകാനും അമേരിക്കക്കു   സാധിക്കുന്നതും, കുടിയേറ്റക്കാർ നൽകിയ സംഭാവന  കൊണ്ടാണെന്ന കാര്യം വിസ്മരിക്കരുതെന്നു അദ്ദേഹം  ഓർമിപ്പിച്ചു. എല്ലാവര്ക്കും അവസരം നൽകുക എന്ന കാഴ്ചപ്പാടിൽ ഗൂഗിൾ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് എക്സിന്റെ സ്ഥാപകനും സി ഇ ഓ യുമായ എലോൺ മസ്ക്,ആപ്പിൾ സി ഇ ഓ   ടിം  കുക്ക് എന്നിവരും കുടിയേറ്റ  നിയന്ത്രണങ്ങൾക്കു  എതിരെ പ്രതികരിച്ചു.


വില ക്കിനു പിറകിൽ  രാഷ്ട്രീയം

 സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും,, രാഷ്ട്രീയ കാരണങ്ങളാണ് കുടിയേറ്റ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ ട്രംപ് തയ്യാറായത്. ഐ ടി വിദഗ്ധർക്കുള്ള എച്  1 ബി  വിസ നിയന്ത്രിച്ചതുകൊണ്ടു  സാമ്പത്തിക നേട്ടങ്ങളൊന്നും, കോവിഡ്   കാലഘട്ടത്തിൽ  അമേരിക്കക്കു ഉണ്ടായില്ല.കാരണം, എച് 1 ബി വിസ ലഭിച്ചു അമേരിക്കയിൽ എത്തിയവർക്ക് മേല്പറഞ്ഞ  നിയന്ത്രണങ്ങൾ ബാധകമല്ലായിരുന്നു.   കോവിഡ്  അമേരിക്കൻ സമ്പദ് ഘടനക്കു  ആഘാതമേല്പിച്ച സാഹചര്യത്തിൽ, വെളിയിൽ നിന്നുമുള്ള വിദഗ്ധർക്കും   തൊഴിൽ അവസരങ്ങൾ പരിമിതമായിരുന്നു.  ഈ പശ്ചാത്തലത്തിലാണ്, കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം  രാഷ്ട്രീയ കാരണങ്ങളാണ് എന്ന് പറഞ്ഞത്.

വാക്കുപാലിച്ചു ബൈഡൻ 

പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ  സ്ഥാനാർത്ഥികൾ  എന്ന നിലയിൽ  ജോ ബൈഡനും  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച  കമല ഹാരിസും  നിയമാനുസൃതമായ കുടിയേറ്റങ്ങൾക്കുള്ള വില ക്കുകളും നിയന്ത്രണങ്ങളും നീക്കുമെന്ന്  വാഗ്ദാനം നൽകിയിരുന്നു.  ആ വാഗ്ദാനം നിറവേറ്റാലിൻറ്റെ ഭാഗമായാണ്  മാർച്ച് 31  നു അവസാനിക്കുന്ന വിലക്ക്  നീട്ടേണ്ടയെന്നു  ബൈഡൻ ഭരണകൂടം തീരുമാനിച്ചത്.  കു ടിയേറ്റ വിസകൾക്കെതിരെയുള്ള  വിലക്ക്  മാർച്ച് 31  നു  അവസാനിച്ചതോടെ  എച് 1 ബി വിസക്ക് അപേക്ഷ നൽകിയ എല്ലാവര്ക്കും വിസ വാങ്ങി അമേരിക്കയിലേക്ക് യാത്ര ചെയ്തു  ജോലിയിൽ പ്രവേശിക്കുവാൻ അവസരം കൈവന്നിരിക്കയാണ്.വിദേശത്തു നിന്നുമുള്ള പ്രതിഭകളെയും വിദഗ്ധരെയും കൊണ്ടുവന്നു  തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ അമേരിക്കയിലെ ഐ ടി കമ്പനികൾക്ക്  ഇപ്പോൾ  സാധിക്കും.  ടിസിഎസ്, ഇൻഫോസിസ്  തുടങ്ങി അമേരിക്കയിൽ പ്രോജക്ടുകൾ ഉള്ള എല്ലാ  ഇന്ത്യൻ ഐ ടി കമ്പനികൾക്കും  അവരുടെ ഇന്ത്യയിലെ ഐ ടി വിദഗ്ധരെ എച് 1 ബി വിസയിലൂടെ അമേരിക്കയിൽ കൊണ്ടുപോയി തങ്ങളുടെ പ്രോജെക്ട്കളിൽ നിയോഗിക്കാൻ സാധിക്കും.  ഇന്ത്യയിൽ നിന്നുമുള്ള നിരവധി  വിദഗ്ധർക്ക്  അമേരിക്കയിൽ തൊഴിൽ തേടി പോകാനുള്ള അവസരം വീണ്ടും  ലഭിച്ചിരിക്കുകയാണ്. 


പി.എസ് .ശ്രീകുമാർ 

9847173177 









                                              ശ്മശാനതിൻറ്റെ  കാവലാൾ 

പി.എസ് .ശ്രീകുമാർ 

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിദ് -19   ഇതിനോടകം പതിനേഴ്‌  ദശലക്ഷത്തില്പരം  ഇന്ത്യക്കാരെ ബാധിക്കുകയും  രണ്ടു ലക്ഷത്തോളം    മനുഷ്യജീവനുകൾ അപഹരിക്കുകയും  ചെയ്തിരിക്കുകയാണ്.  രാജ്യ തലസ്ഥാനമായ ഡൽഹി യിൽ നിന്നുമുള്ള വാർത്തകൾ ഹൃദയഭേദകമാണ്.  ഈയാംപാറ്റകളെപ്പോലെയാണ് ജനങ്ങൾ ആശുപത്രി കിടക്കകളിലും,  ആശുപത്രികളിൽ  പ്രവേശനത്തിനായുള്ള ഓട്ടത്തിലും  കൊഴിഞ്ഞു വീണുമരിക്കുന്നത് .ഓക്സിജൻ സിലിണ്ടറും താങ്ങി ഏന്തി ഏന്തി നടക്കുന്ന മനുഷ്യരുടെ കാഴ്ചകൾ കരളലിയിക്കുന്നതാണ്.   പ്രാണവായുവിനു വേണ്ടിയുള്ള മരണപ്പാച്ചിലിൽ  മാതാപിതാക്കളെയും തോളിലേറ്റി ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക്   മരണ വെപ്രാളത്തോടെ ഓടുന്ന  ഭയചകിതരും, ഹതാശരുമായ മക്കളെയും, ഭാര്യ-ഭർത്താക്കന്മാരെയും  നമ്മുടെ ദൃശ്യ മാധ്യമങ്ങളിലൂടെ നാം കാണുന്നു.  കോവിദ്  രോഗികളുടെ  എണ്ണം റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന ഡൽഹിയിൽ , ആരോഗ്യ സംവിധാനങ്ങൾ  താറുമാറായി കിടക്കുകയാണ്.  അവിടെ ഓരോ മണിക്കൂറിലും 12 പേര് വീതം വൈറസ് ബാധിച്ചു മരിക്കുന്നു.  കഴിഞ്ഞ ആഴ്ച ഓരോ മണിക്കൂറിലും 5  പേര് മരിച്ച സ്ഥാനത്താണ് ഇപ്പോൾ 12  പേര് മരിക്കുന്നതു.വാക്സിനും, ഓക്സിജനും ലഭിക്കാൻ മുഖ്യമന്ത്രി കെജ്‌രിവാളിന്, പ്രധാനമന്ത്രി മോദിയോട്   കൈ കൂപ്പി കെഞ്ചേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്.  ഇന്ത്യയുടെ തലസ്ഥാന നഗരം അക്ഷരാർഥത്തിൽ  ശ്മശാനമായി മാറിയിരിക്കുന്നു.  മൃതദേഹങ്ങൾ  കൂട്ടിയിട്ട്  ചിത ഒരുക്കിയാണ്  മറവു ചെയ്യുന്നത്. ശവശരീരങ്ങളുടെ  അനിയന്ത്രിതമായ പ്രവാഹത്തിൽ  ശ്മശാനങ്ങൾ പോലും ഡൽഹിയിൽ വീർപ്പുമുട്ടുകയാണ്.  ഡൽഹി സർക്കാരിന്റെ പിടിപ്പുകേടെന്നു  കേന്ദ്രവും, കേന്ദ്രത്തിന്റെ ആസൂത്രണം,ഇല്ലായ്മ്മയെന്നു സംസ്ഥാനവും   പരസ്പരം ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു. ഒരു ഫെഡറൽ രാജ്യമെന്ന നിലയിൽ  സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതും അവക്ക് സഹായകവുമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടത്.

 രൂക്ഷ വിമർശനവുമായി  ഹൈക്കോടതി 

ഈ ദയനീയ കാഴ്ചക്കുമുമ്പിൽ  കഠിന ഹൃദയവുമായി ഇരുന്ന  കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകൾ ഒടുവിൽ ഡൽഹി ഹൈക്കോടതിക്കു  എണ്ണി  എണ്ണി പറയേണ്ടിവന്നു.  "ഞങ്ങളുടെ കണ്മുന്നിൽ ജനങ്ങൾ പിടഞ്ഞു മരിക്കുന്നതു കണ്ടു കൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല.  കാരണം അവർ മരിച്ചുകൊണ്ടിരിക്കുകയാണ്.  അനുകമ്പ എന്നത് അല്പം പോലും നിങ്ങളിൽ അവശേഷിക്കുന്നില്ലേ ?  ഇത് വാസ്തവത്തിൽ, തികഞ്ഞ അസംബന്ധമാണ്.  ഈ അതീവ ഗുരുതരമായ  സമയത്തു പോലും നിങ്ങള്ക്ക് പരിഗണന വ്യവസായങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനാണ്.  അത് തല്ക്കാലം നിറുത്തി വക്കുകയോ, അല്ലെങ്കിൽ പരിമിതപ്പെടുത്തുകയോ ചെയ്താൽ ഇവിടെ ഒന്നും സംഭവിക്കുകയില്ല.  ആയിരകണക്കിന് ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ, നിങ്ങളുടെ  വ്യവസായങ്ങൾക്ക് ഒന്നോ രണ്ടോ ആഴ്ചകൾ കാത്തിരിക്കാം.  ഇതൊരു ദേശീയ അടിയന്തിരാവസ്ഥയാണ്. ഞങ്ങൾ വീണ്ടും  പറയുന്നു ഇത് രാഷ്ട്രത്തിന്റെ പൂർണ ഉത്തരവാദിത്വമാണ്.  നിങ്ങൾക്കതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല." ഹൈക്കോടതി ജഡ്ജിമാർ സഹികെട്ടാണ് ഇത്  പറഞ്ഞത്. അവർ ഒരു വാചകം കൂടി പറഞ്ഞു. ഇത് ജനങ്ങളുടെ മൗലികാവകാശങ്ങൾ ആണെന്നും,  ഈ മൗലികാവകാശങ്ങൾ  ഉറപ്പു വരുത്തേണ്ടത് ജുഡീഷ്യറിയുടെ  കടമയാണെന്നും  അസന്നിഗ്ദ്ധമായി  കോടതി പറഞ്ഞു.

രാഹുൽഗാന്ധിയുടെ മുന്നറിയിപ്പുകൾ 

കൊറോണ മഹാമാരി പര ന്നതുമുതൽ വ്യക്തതയില്ലാതെയാണ്  കേന്ദ്ര സർക്കാർ ഓരോ നടപടികൾ എടുത്തുകൊണ്ടിരുന്നത്.  അതേസമയം , കൊറോണ വൈറസ്  രാജ്യത്തിനും സമ്പദ്ഘടനക്കും ദോഷകരമാണെന്നും  ഇതിനെ നേരിടാൻ വ്യക്തമായ ആസൂത്രണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.  രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകൾ കേന്ദ്ര സർക്കാർ അവഗണിച്ചപ്പോൾ , കോവിദ്  സുനാമിയാണ്  രാജ്യത്തു ഉണ്ടാകാൻ പോകുന്നതെന്ന്  വീണ്ടും അദ്ദേഹം മുന്നറിയിപ്പ് നൽകി.  അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെയെല്ലാം പുച്ഛിച്ചു തള്ളുവാനായിരുന്നു  കേന്ദ്ര മന്ത്രിമാർ ശ്രമിച്ചത്.

  പരാജയപ്പെട്ട കേന്ദ്ര നയം 

കേന്ദ്രത്തിന്റെ വാക്‌സിനേഷൻ നയം അനുസരിച്ചു് ആദ്യം വാക്‌സിൻ നൽകേണ്ടത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുന്നണി പോരാളികൾക്കും, പിന്നീട് 60  കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും, മറ്റു അസുഖങ്ങളുള്ള 45  വയസ്സ് കഴിഞ്ഞവർക്കും   ആയിരുന്നു. 2021  മേയ് 1  മുതൽ 18  വയസ്സിനു മുകളിലുള്ളവർക്കു വാക്‌സിൻ നൽകുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്.    2021  ജനുവരി മാസം 16  മുതലാണ് കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്നും സംഭരിച്ച ,   വാക്‌സിനുകൾ നൽകി തുടങ്ങിയത്.   കേന്ദ്രആരോഗ്യ  മന്ത്രി  ഹർഷ് വർധൻ  2020  ഒക്ടോബര് മാസത്തിൽ പ്രഖ്യാപിച്ചത്  2021  ജൂലൈ  മാസത്തിനുള്ളിൽ 400- 500  ദശലക്ഷം ഡോസ് വാക്‌സിനുകൾ നമുക്ക് ലഭിക്കുമെന്നും അതുപയോഗിച്ചു  200-250  ദശലക്ഷം ജനങൾക്ക്  വാക്‌സിനേഷൻ നൽകുമെന്നാണ്.  എന്നാൽ ഇപ്പോഴത്തെ നിലയിൽ പോകുകയാണെങ്കിൽ,  2021  ജൂലൈ 31  ആകുമ്പോൾ ലക്‌ഷ്യം വച്ചതിന്റെ 15  ശതമാനം മാത്രമേ  നേടുവാൻ നമുക്ക് സാധിക്കൂ.  ഇനിയുള്ള ദിവസങ്ങളില്മ ഓരോ ദിവസവും 2.44  ദശലക്ഷം ഡോസ് വാക്‌സിനുകൾ നൽകിയാലേ പ്രഖ്യാപിച്ച ലക്ഷ്യത്തിൽ എത്തുകയുള്ളൂ. പുറത്തു വന്ന കണക്കുകൾ പ്രകാരം ഏപ്രിൽ  25 ഓടെ  22.3  ദശ  ലക്ഷം ആളുകൾക്കാണ് വാക്‌സിൻ നൽകിയിട്ടുള്ളത്.   ജനങ്ങൾക്ക് മൊത്തത്തിൽ രോഗ പ്രതി രോധ ശക്തി ലഭിക്കണമെങ്കിൽ, ജനസംഖ്യയുടെ  70-75 ശതമാനം പേർക്ക്  വാക്‌സിൻ നൽകേണ്ടതുണ്ട്.  ഇപ്പോഴത്തെ നിലക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ  ഈ വര്ഷം അവസാനമായാലും നമ്മൾ എങ്ങും എത്തില്ല.

വാക്‌സിനേഷൻ തുടങ്ങിക്കഴിഞ്ഞാൽ  എത്രയും വേഗം അത് പൂർത്തിയാക്കണം. ഇല്ലെങ്കിൽ  വാക്‌സിനേഷൻ എടുത്തവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസിന്റെ  പ്രധിരോധ ശേഷിയിൽ നിന്നും രക്ഷപ്പെടാനായി " എസ്‌കേപ്പ് മൂട്ടൻ " ഉണ്ടാകും. അതോടെ രോഗം അതിവേഗം വ്യാപിക്കും. ഇന്ത്യയിൽ സംഭവിക്കുന്നത് ഇതാണ്.  ഈ കാര്യം സജീവമായി പരിഗണിച്ചു അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ  കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.  കഴിഞ്ഞ വര്ഷം  വാക്‌സിനുകൾ പരീക്ഷണ ത്തിൽ ഇരിക്കുമ്പോൾ തന്നെ വാക്‌സിൻ നിർമിക്കുന്ന വിവിധ കമ്പനികളുമായി 44000  കോടി രൂപയുടെ കരാർ ഉണ്ടാക്കി തങ്ങളുടെ ജനങ്ങൾക്ക് നൽകാനുള്ള തയ്യാറെടുപ്പു,  ശാസ്ത്രത്തോടു പിന്തിരിഞ്ഞു നിന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ്  ചെയ്തു.  അതിന്റെ ഫലമായി  18  വയസ്സിനു മുകളിലുള്ള പകുതിയോളം ജനങ്ങൾക്ക് വാക്‌സിനേഷൻ നടത്താൻ അവർക്കു സാധിച്ചു. വരുന്ന ജൂലൈ  മാസത്തോടെ   33  കോടി വരുന്ന അമേരിക്കൻ  ജനതയുടെ   എഴുപതു ശതമാനത്തോളം പേർക്ക് വാക്‌സിൻ നൽകാനാണ് ജോ ബൈഡൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.    ഈ രംഗത്ത് ഇന്ന് മുന്നിൽ നിൽക്കുന്നത് ഇസ്രായേൽ ആണ്. 93  ലക്ഷമാണ് അവരുടെ ജനസംഖ്യ.  വാക്‌സിനേഷൻ എടുക്കനാർഹതപ്പെട്ട ജനങ്ങളിൽ  81  ശതമാനം പേർക്കും  അവർ രണ്ടാം ഘട്ട  വാക്‌സിനേഷൻ നൽകിക്കഴിഞ്ഞു.  ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല.അർഹരായ 25  ശതമാനത്തിലേറെ പേർക്കും അവർ വാക്‌സിനേഷൻ നൽകി.  

വാക്സിൻ ഇല്ലാതെ  വാക്സിനുകളുടെ  ഈറ്റില്ലം

 വാക്സിനുകളുടെ ഈറ്റില്ലം എന്നാണ്  ഇന്ത്യ അറിയപ്പെടുന്നത്.  എന്നാൽ  ലോകത്തിൽ ഏറ്റവും കൂടുതൽ  വാക്‌സിൻ  ഉദ്പാദിപ്പിക്കുന്ന രാജ്യമെന്ന്  അവകാശപ്പെടുന്ന നമ്മൾ, നമ്മുടെ ജനങ്ങൾക്ക്  സമയ ബന്ധിതമായും,  സൗജന്യമായും  വാക്‌സിൻ നൽകി ഈ രോഗത്തിനെതിരെ  പ്രതിരോധം സൃഷ്ടിക്കുന്നതിൽ  നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ദീര്ഘവീക്ഷണമില്ലായ്മയുടെ ദുരന്തഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ഇനിയെങ്കിലും രാഷ്ട്രീയ നേട്ടങ്ങൾക്ക്  ഉപരിയായി എല്ലാ സംസ്ഥാനങ്ങളെയും  പ്രതിപക്ഷ നേതാക്കളെയും വിശ്വാസത്തിലെടുതും  രാജ്യത്തെ ഒന്നായി കണ്ടും, കോവിദ്  എന്ന മഹാമരിക്കെതിരെ   വ്യക്തമായ നയരൂപീകരണം നടത്തി, അതി ശക്തമായ  നടപടി എടുക്കാൻ കേന്ദ്ര സർക്കാരും മോദിയും തയ്യാറാകണം.  ഇല്ലെങ്കിൽ,    ലക്ഷക്കണക്കിന് വരുന്ന സ്വന്തം ജനതയെ കുരുതിക്കു കൊടുത്ത  ഹിറ്റ്ലറെയും, സ്റ്റാലിനെയും പോലുള്ള ഏകാധിപധികൾക്കൊപ്പം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും മോദിയുടെ സ്ഥാനം .

പി.എസ്‌ .ശ്രീകുമാർ 

9847173177