ശ്മശാനതിൻറ്റെ കാവലാൾ
ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിദ് -19 ഇതിനോടകം പതിനേഴ് ദശലക്ഷത്തില്പരം ഇന്ത്യക്കാരെ ബാധിക്കുകയും രണ്ടു ലക്ഷത്തോളം മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡൽഹി യിൽ നിന്നുമുള്ള വാർത്തകൾ ഹൃദയഭേദകമാണ്. ഈയാംപാറ്റകളെപ്പോലെയാണ് ജനങ്ങൾ ആശുപത്രി കിടക്കകളിലും, ആശുപത്രികളിൽ പ്രവേശനത്തിനായുള്ള ഓട്ടത്തിലും കൊഴിഞ്ഞു വീണുമരിക്കുന്നത് .ഓക്സിജൻ സിലിണ്ടറും താങ്ങി ഏന്തി ഏന്തി നടക്കുന്ന മനുഷ്യരുടെ കാഴ്ചകൾ കരളലിയിക്കുന്നതാണ്. പ്രാണവായുവിനു വേണ്ടിയുള്ള മരണപ്പാച്ചിലിൽ മാതാപിതാക്കളെയും തോളിലേറ്റി ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്ക് മരണ വെപ്രാളത്തോടെ ഓടുന്ന ഭയചകിതരും, ഹതാശരുമായ മക്കളെയും, ഭാര്യ-ഭർത്താക്കന്മാരെയും നമ്മുടെ ദൃശ്യ മാധ്യമങ്ങളിലൂടെ നാം കാണുന്നു. കോവിദ് രോഗികളുടെ എണ്ണം റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന ഡൽഹിയിൽ , ആരോഗ്യ സംവിധാനങ്ങൾ താറുമാറായി കിടക്കുകയാണ്. അവിടെ ഓരോ മണിക്കൂറിലും 12 പേര് വീതം വൈറസ് ബാധിച്ചു മരിക്കുന്നു. കഴിഞ്ഞ ആഴ്ച ഓരോ മണിക്കൂറിലും 5 പേര് മരിച്ച സ്ഥാനത്താണ് ഇപ്പോൾ 12 പേര് മരിക്കുന്നതു.വാക്സിനും, ഓക്സിജനും ലഭിക്കാൻ മുഖ്യമന്ത്രി കെജ്‌രിവാളിന്, പ്രധാനമന്ത്രി മോദിയോട് കൈ കൂപ്പി കെഞ്ചേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരം അക്ഷരാർഥത്തിൽ ശ്മശാനമായി മാറിയിരിക്കുന്നു. മൃതദേഹങ്ങൾ കൂട്ടിയിട്ട് ചിത ഒരുക്കിയാണ് മറവു ചെയ്യുന്നത്. ശവശരീരങ്ങളുടെ അനിയന്ത്രിതമായ പ്രവാഹത്തിൽ ശ്മശാനങ്ങൾ പോലും ഡൽഹിയിൽ വീർപ്പുമുട്ടുകയാണ്. ഡൽഹി സർക്കാരിന്റെ പിടിപ്പുകേടെന്നു കേന്ദ്രവും, കേന്ദ്രത്തിന്റെ ആസൂത്രണം,ഇല്ലായ്മ്മയെന്നു സംസ്ഥാനവും പരസ്പരം ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു. ഒരു ഫെഡറൽ രാജ്യമെന്ന നിലയിൽ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതും അവക്ക് സഹായകവുമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടത്.
രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഈ ദയനീയ കാഴ്ചക്കുമുമ്പിൽ കഠിന ഹൃദയവുമായി ഇരുന്ന കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകൾ ഒടുവിൽ ഡൽഹി ഹൈക്കോടതിക്കു എണ്ണി എണ്ണി പറയേണ്ടിവന്നു. "ഞങ്ങളുടെ കണ്മുന്നിൽ ജനങ്ങൾ പിടഞ്ഞു മരിക്കുന്നതു കണ്ടു കൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല. കാരണം അവർ മരിച്ചുകൊണ്ടിരിക്കുകയാണ്. അനുകമ്പ എന്നത് അല്പം പോലും നിങ്ങളിൽ അവശേഷിക്കുന്നില്ലേ ? ഇത് വാസ്തവത്തിൽ, തികഞ്ഞ അസംബന്ധമാണ്. ഈ അതീവ ഗുരുതരമായ സമയത്തു പോലും നിങ്ങള്ക്ക് പരിഗണന വ്യവസായങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനാണ്. അത് തല്ക്കാലം നിറുത്തി വക്കുകയോ, അല്ലെങ്കിൽ പരിമിതപ്പെടുത്തുകയോ ചെയ്താൽ ഇവിടെ ഒന്നും സംഭവിക്കുകയില്ല. ആയിരകണക്കിന് ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ, നിങ്ങളുടെ വ്യവസായങ്ങൾക്ക് ഒന്നോ രണ്ടോ ആഴ്ചകൾ കാത്തിരിക്കാം. ഇതൊരു ദേശീയ അടിയന്തിരാവസ്ഥയാണ്. ഞങ്ങൾ വീണ്ടും പറയുന്നു ഇത് രാഷ്ട്രത്തിന്റെ പൂർണ ഉത്തരവാദിത്വമാണ്. നിങ്ങൾക്കതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല." ഹൈക്കോടതി ജഡ്ജിമാർ സഹികെട്ടാണ് ഇത് പറഞ്ഞത്. അവർ ഒരു വാചകം കൂടി പറഞ്ഞു. ഇത് ജനങ്ങളുടെ മൗലികാവകാശങ്ങൾ ആണെന്നും, ഈ മൗലികാവകാശങ്ങൾ ഉറപ്പു വരുത്തേണ്ടത് ജുഡീഷ്യറിയുടെ കടമയാണെന്നും അസന്നിഗ്ദ്ധമായി കോടതി പറഞ്ഞു.
രാഹുൽഗാന്ധിയുടെ മുന്നറിയിപ്പുകൾ
കൊറോണ മഹാമാരി പര ന്നതുമുതൽ വ്യക്തതയില്ലാതെയാണ് കേന്ദ്ര സർക്കാർ ഓരോ നടപടികൾ എടുത്തുകൊണ്ടിരുന്നത്. അതേസമയം , കൊറോണ വൈറസ് രാജ്യത്തിനും സമ്പദ്ഘടനക്കും ദോഷകരമാണെന്നും ഇതിനെ നേരിടാൻ വ്യക്തമായ ആസൂത്രണം നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകൾ കേന്ദ്ര സർക്കാർ അവഗണിച്ചപ്പോൾ , കോവിദ് സുനാമിയാണ് രാജ്യത്തു ഉണ്ടാകാൻ പോകുന്നതെന്ന് വീണ്ടും അദ്ദേഹം മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെയെല്ലാം പുച്ഛിച്ചു തള്ളുവാനായിരുന്നു കേന്ദ്ര മന്ത്രിമാർ ശ്രമിച്ചത്.
പരാജയപ്പെട്ട കേന്ദ്ര നയം
കേന്ദ്രത്തിന്റെ വാക്‌സിനേഷൻ നയം അനുസരിച്ചു് ആദ്യം വാക്‌സിൻ നൽകേണ്ടത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള മുന്നണി പോരാളികൾക്കും, പിന്നീട് 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും, മറ്റു അസുഖങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കും ആയിരുന്നു. 2021 മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ളവർക്കു വാക്‌സിൻ നൽകുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്. 2021 ജനുവരി മാസം 16 മുതലാണ് കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്നും സംഭരിച്ച , വാക്‌സിനുകൾ നൽകി തുടങ്ങിയത്. കേന്ദ്രആരോഗ്യ മന്ത്രി ഹർഷ് വർധൻ 2020 ഒക്ടോബര് മാസത്തിൽ പ്രഖ്യാപിച്ചത് 2021 ജൂലൈ മാസത്തിനുള്ളിൽ 400- 500 ദശലക്ഷം ഡോസ് വാക്‌സിനുകൾ നമുക്ക് ലഭിക്കുമെന്നും അതുപയോഗിച്ചു 200-250 ദശലക്ഷം ജനങൾക്ക് വാക്‌സിനേഷൻ നൽകുമെന്നാണ്. എന്നാൽ ഇപ്പോഴത്തെ നിലയിൽ പോകുകയാണെങ്കിൽ, 2021 ജൂലൈ 31 ആകുമ്പോൾ ലക്‌ഷ്യം വച്ചതിന്റെ 15 ശതമാനം മാത്രമേ നേടുവാൻ നമുക്ക് സാധിക്കൂ. ഇനിയുള്ള ദിവസങ്ങളില്മ ഓരോ ദിവസവും 2.44 ദശലക്ഷം ഡോസ് വാക്‌സിനുകൾ നൽകിയാലേ പ്രഖ്യാപിച്ച ലക്ഷ്യത്തിൽ എത്തുകയുള്ളൂ. പുറത്തു വന്ന കണക്കുകൾ പ്രകാരം ഏപ്രിൽ 25 ഓടെ 22.3 ദശ ലക്ഷം ആളുകൾക്കാണ് വാക്‌സിൻ നൽകിയിട്ടുള്ളത്. ജനങ്ങൾക്ക് മൊത്തത്തിൽ രോഗ പ്രതി രോധ ശക്തി ലഭിക്കണമെങ്കിൽ, ജനസംഖ്യയുടെ 70-75 ശതമാനം പേർക്ക് വാക്‌സിൻ നൽകേണ്ടതുണ്ട്. ഇപ്പോഴത്തെ നിലക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഈ വര്ഷം അവസാനമായാലും നമ്മൾ എങ്ങും എത്തില്ല.
വാക്‌സിനേഷൻ തുടങ്ങിക്കഴിഞ്ഞാൽ എത്രയും വേഗം അത് പൂർത്തിയാക്കണം. ഇല്ലെങ്കിൽ വാക്‌സിനേഷൻ എടുത്തവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസിന്റെ പ്രധിരോധ ശേഷിയിൽ നിന്നും രക്ഷപ്പെടാനായി " എസ്‌കേപ്പ് മൂട്ടൻ " ഉണ്ടാകും. അതോടെ രോഗം അതിവേഗം വ്യാപിക്കും. ഇന്ത്യയിൽ സംഭവിക്കുന്നത് ഇതാണ്. ഈ കാര്യം സജീവമായി പരിഗണിച്ചു അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ വര്ഷം വാക്‌സിനുകൾ പരീക്ഷണ ത്തിൽ ഇരിക്കുമ്പോൾ തന്നെ വാക്‌സിൻ നിർമിക്കുന്ന വിവിധ കമ്പനികളുമായി 44000 കോടി രൂപയുടെ കരാർ ഉണ്ടാക്കി തങ്ങളുടെ ജനങ്ങൾക്ക് നൽകാനുള്ള തയ്യാറെടുപ്പു, ശാസ്ത്രത്തോടു പിന്തിരിഞ്ഞു നിന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്തു. അതിന്റെ ഫലമായി 18 വയസ്സിനു മുകളിലുള്ള പകുതിയോളം ജനങ്ങൾക്ക് വാക്‌സിനേഷൻ നടത്താൻ അവർക്കു സാധിച്ചു. വരുന്ന ജൂലൈ മാസത്തോടെ 33 കോടി വരുന്ന അമേരിക്കൻ ജനതയുടെ എഴുപതു ശതമാനത്തോളം പേർക്ക് വാക്‌സിൻ നൽകാനാണ് ജോ ബൈഡൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ രംഗത്ത് ഇന്ന് മുന്നിൽ നിൽക്കുന്നത് ഇസ്രായേൽ ആണ്. 93 ലക്ഷമാണ് അവരുടെ ജനസംഖ്യ. വാക്‌സിനേഷൻ എടുക്കനാർഹതപ്പെട്ട ജനങ്ങളിൽ 81 ശതമാനം പേർക്കും അവർ രണ്ടാം ഘട്ട വാക്‌സിനേഷൻ നൽകിക്കഴിഞ്ഞു. ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല.അർഹരായ 25 ശതമാനത്തിലേറെ പേർക്കും അവർ വാക്‌സിനേഷൻ നൽകി.
വാക്സിൻ ഇല്ലാതെ വാക്സിനുകളുടെ ഈറ്റില്ലം
വാക്സിനുകളുടെ ഈറ്റില്ലം എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വാക്‌സിൻ ഉദ്പാദിപ്പിക്കുന്ന രാജ്യമെന്ന് അവകാശപ്പെടുന്ന നമ്മൾ, നമ്മുടെ ജനങ്ങൾക്ക് സമയ ബന്ധിതമായും, സൗജന്യമായും വാക്‌സിൻ നൽകി ഈ രോഗത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിൽ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ദീര്ഘവീക്ഷണമില്ലായ്മയുടെ ദുരന്തഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ഇനിയെങ്കിലും രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി എല്ലാ സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും വിശ്വാസത്തിലെടുതും രാജ്യത്തെ ഒന്നായി കണ്ടും, കോവിദ് എന്ന മഹാമരിക്കെതിരെ വ്യക്തമായ നയരൂപീകരണം നടത്തി, അതി ശക്തമായ നടപടി എടുക്കാൻ കേന്ദ്ര സർക്കാരും മോദിയും തയ്യാറാകണം. ഇല്ലെങ്കിൽ, ലക്ഷക്കണക്കിന് വരുന്ന സ്വന്തം ജനതയെ കുരുതിക്കു കൊടുത്ത ഹിറ്റ്ലറെയും, സ്റ്റാലിനെയും പോലുള്ള ഏകാധിപധികൾക്കൊപ്പം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും മോദിയുടെ സ്ഥാനം .
പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment