കുടിയേറ്റക്കാർക്ക് അവസരങ്ങൾ തുറന്ന് അമേരിക്ക
പി.എസ് .ശ്രീകുമാർ
വിദഗ്‌ധ ജോലി ചെയ്യുന്നവർക്കുള്ള എച് 1 ബി വിസ നൽകുന്നതിന് കഴിഞ്ഞ വർഷം അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് നീട്ടേണ്ടതില്ലെന്ന പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം ഇന്ത്യയിലെ ഐ ടി മേഖലയിൽ ഉള്ളവർ ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. 2020 ജൂൺ മാസത്തിൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പാണ് എച് 1 ബി വിസ നൽകുന്നതിന് 2020 ഡിസംബർ മാസം വരെ വിലക്കേർപ്പെടുത്തിയത്. പിന്നീട് ഈ ഉത്തരവ് 2021 മാർച്ച് വരെ അദ്ദേഹം നീട്ടി.
ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും ഡൊണാൾഡ് ട്രംപിനുണ്ടായിരുന്ന അടുത്ത ബന്ധത്തിന് ഉണ്ടായ തിരിച്ചടിയായിട്ടാണ് ഈ വിലക്കിനെ അന്ന് ചില രാഷ്ട്രീയ നിരീക്ഷകർ കണ്ടത്. അമേരിക്കയിലും പിന്നീട് അതിന്റെ തുടർച്ചയായി , 2020 ഫെബ്രുവരിയിൽ , ഗുജറാത്തിലും ട്രമ്പിനായി , മോഡി ഒരുക്കിയ വമ്പിച്ച റാലികളിലൂടെ രണ്ടു നേതാക്കളും ഉണ്ടാക്കിയ വ്യക്തിപരമായ ഊഷ്മളബന്ധത്തിൽ വിള്ളലുണ്ടായോ എന്നും രാഷ്ട്രീയ എതിരാളികൾ സംശയിച്ചു.
കോവിഡ് മഹാമാരി അമേരിക്കയുടെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ കോവിദ് നിയന്ത്രണങ്ങൾ കാരണം നിരവധി വ്യവസായ ശാലകൾ മാസങ്ങളോളം അടച്ചിടേണ്ടിവന്നു. അതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കോവിഡിൻെറ ആദ്യ ഘട്ടത്തിൽ 30 ലക്ഷം പേർക്കാണ് അവിടെ തൊഴിൽ നഷ്ടപ്പെട്ടത്. തൊഴിലില്ലായ്മ നിരക്ക് 2020 ഫെബ്രുവരിക്കും മെയ് മാസത്തിനുമിടയിൽ 13 ശതമാനം വർധിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്ര അധികം വർധിച്ചത് . ഈ പശ്ചാത്തലത്തിലാണ് നിയമാനുസ്‌മൃതമല്ലാത്ത കുടിയേറ്റങ്ങൾക്കും എച് 1 ബി വിസ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി, തൻദേശീയരായ അമേരിക്കക്കാരെ പ്രീതിപ്പെടുത്തുവാൻ ട്രംപ് ഭരണകൂടം ശ്രമിച്ചത്. ട്രംപിന്റ്റെ കുടിയേറ്റ വിരുദ്ധ നയം മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവരെയും ബാധിച്ചെങ്കിലും, ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ വംശജരെയാണ്.
കുടിയേറ്റ വിരുദ്ധ നിയന്ത്രണങ്ങൾ ശക്തമായി നടപ്പിലാക്കാൻ ട്രംപ് തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളായിരുന്നു . ഒന്നാമത്തേത് , കോവിഡ് മഹാമാരിമൂലം ഉണ്ടായ ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ നിന്നും തന്നെ പിന്തുണക്കുന്ന മധ്യവർത്തികളായ വെള്ളക്കാരുടെ ജന ശ്രദ്ധ തിരിച്ചുവിടുക. രണ്ടാമത്തേത്, കുടിയേറ്റത്തിനെതിരെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു നൽകിയ വാഗ്‌ദാനം പാലിക്കുക.ആദ്യ ഘട്ടമായി, നിയമനുസ്‌മൃതമുള്ള കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് നൽകുന്നത് 2020 ഏപ്രിൽ മുതൽ നിർത്തിവച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് എച് 1 ബി വിസ നൽകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് .ഓരോ വർഷവും 65000 എച് 1 ബി വിസയും വിദ്യാർത്ഥികൾക്കുള്ള 20,000 വിസയുമാണ് നൽകുന്നത്. ഈ വിസകളിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത് . അതുകൊണ്ടുതന്നെ ട്രംപിന്റെ തീരുമാനം ബാധിച്ചത് ഇന്ത്യൻ ഐ ടി കമ്പനികളെയും വിദഗ്ധരായ ഇന്ത്യൻ തൊഴിൽ അന്വേഷകരെയുമാണ്. ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും നിർത്തിവച്ചു.
2019 ൽ ഇന്ത്യയിൽ നിന്നും 29.7 ബില്യൺ ഡോളറിന്റെ ഐ ടി സർവീസ് ആണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. 2018 ലേതിനേക്കാൾ 3 ശതമാനം വർധനവാണ് ഉണ്ടായതു. 2009 ലെ കയറ്റുമതിയുമായി താരതമ്യം ചെയ്താൽ 143 ശതമാനം വർധനവാണ് പത്തുവർഷത്തിനിടെ ഈ രംഗത്ത് ഉണ്ടായതു. 2020 ഒക്ടോബറിൽ റിസേർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം സർവീസ് സെക്ടർ കയറ്റുമതി 17.29 ബില്യൺ ഡോളർ മാത്രമായിരുന്നു. ഇന്ത്യൻ കമ്പനികളുടെ ബിസിനസ്സിനെയും, ഇന്ത്യക്കാരുടെ തൊഴിൽ സാധ്യതകളെയും കുടിയേറ്റ വിലക്കുകൾ ബാധിച്ചതിനാൽ, ഈ വിലക്ക് നീക്കുവാനുള്ള ശ്രമത്തിലായിരുന്നു, അമേരിക്കയിൽ വാണിജ്യ ബന്ധമുള്ള , ഇന്ത്യയിലെ ഐ ടി കമ്പനികൾ എല്ലാം. അതുപോലെ പല പ്രധാന സര്വകലാശാലകളുടെയും വരുമാനം ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ആശ്രയിച്ചായതിനാൽ, വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ സർവ്വകലാശാലകൾ നിയമ നടപടികളുമായി സുപ്രീം കോടതിയിൽ പോയതിനെ തുടർന്ന്, വിദ്യാർത്ഥികളുടെ കാര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുനൽകാൻ ട്രംപ് ഭരണകൂടം നിർബന്ധിതമായി.
എച് 1 ബി ഉൾപ്പെടയുള്ള വിസകൾക്കെതിരെ ശക്തമായി പ്രതികരിച്ച ഒരു പ്രമുഖൻ ഇന്ത്യൻ വംശജനും ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുന്ദർ പിച്ച ആയിരുന്നു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും ഐ ടി രംഗത്ത് ആഗോള നേതൃത്വം നൽകാനും അമേരിക്കക്കു സാധിക്കുന്നതും, കുടിയേറ്റക്കാർ നൽകിയ സംഭാവന കൊണ്ടാണെന്ന കാര്യം വിസ്മരിക്കരുതെന്നു അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവര്ക്കും അവസരം നൽകുക എന്ന കാഴ്ചപ്പാടിൽ ഗൂഗിൾ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് എക്സിന്റെ സ്ഥാപകനും സി ഇ ഓ യുമായ എലോൺ മസ്ക്,ആപ്പിൾ സി ഇ ഓ ടിം കുക്ക് എന്നിവരും കുടിയേറ്റ നിയന്ത്രണങ്ങൾക്കു എതിരെ പ്രതികരിച്ചു.
വില ക്കിനു പിറകിൽ രാഷ്ട്രീയം
സാമ്പത്തിക താല്പര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും,, രാഷ്ട്രീയ കാരണങ്ങളാണ് കുടിയേറ്റ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ ട്രംപ് തയ്യാറായത്. ഐ ടി വിദഗ്ധർക്കുള്ള എച് 1 ബി വിസ നിയന്ത്രിച്ചതുകൊണ്ടു സാമ്പത്തിക നേട്ടങ്ങളൊന്നും, കോവിഡ് കാലഘട്ടത്തിൽ അമേരിക്കക്കു ഉണ്ടായില്ല.കാരണം, എച് 1 ബി വിസ ലഭിച്ചു അമേരിക്കയിൽ എത്തിയവർക്ക് മേല്പറഞ്ഞ നിയന്ത്രണങ്ങൾ ബാധകമല്ലായിരുന്നു. കോവിഡ് അമേരിക്കൻ സമ്പദ് ഘടനക്കു ആഘാതമേല്പിച്ച സാഹചര്യത്തിൽ, വെളിയിൽ നിന്നുമുള്ള വിദഗ്ധർക്കും തൊഴിൽ അവസരങ്ങൾ പരിമിതമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം രാഷ്ട്രീയ കാരണങ്ങളാണ് എന്ന് പറഞ്ഞത്.
വാക്കുപാലിച്ചു ബൈഡൻ
പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾ എന്ന നിലയിൽ ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല ഹാരിസും നിയമാനുസൃതമായ കുടിയേറ്റങ്ങൾക്കുള്ള വില ക്കുകളും നിയന്ത്രണങ്ങളും നീക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ആ വാഗ്ദാനം നിറവേറ്റാലിൻറ്റെ ഭാഗമായാണ് മാർച്ച് 31 നു അവസാനിക്കുന്ന വിലക്ക് നീട്ടേണ്ടയെന്നു ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. കു ടിയേറ്റ വിസകൾക്കെതിരെയുള്ള വിലക്ക് മാർച്ച് 31 നു അവസാനിച്ചതോടെ എച് 1 ബി വിസക്ക് അപേക്ഷ നൽകിയ എല്ലാവര്ക്കും വിസ വാങ്ങി അമേരിക്കയിലേക്ക് യാത്ര ചെയ്തു ജോലിയിൽ പ്രവേശിക്കുവാൻ അവസരം കൈവന്നിരിക്കയാണ്.വിദേശത്തു നിന്നുമുള്ള പ്രതിഭകളെയും വിദഗ്ധരെയും കൊണ്ടുവന്നു തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ അമേരിക്കയിലെ ഐ ടി കമ്പനികൾക്ക് ഇപ്പോൾ സാധിക്കും. ടിസിഎസ്, ഇൻഫോസിസ് തുടങ്ങി അമേരിക്കയിൽ പ്രോജക്ടുകൾ ഉള്ള എല്ലാ ഇന്ത്യൻ ഐ ടി കമ്പനികൾക്കും അവരുടെ ഇന്ത്യയിലെ ഐ ടി വിദഗ്ധരെ എച് 1 ബി വിസയിലൂടെ അമേരിക്കയിൽ കൊണ്ടുപോയി തങ്ങളുടെ പ്രോജെക്ട്കളിൽ നിയോഗിക്കാൻ സാധിക്കും. ഇന്ത്യയിൽ നിന്നുമുള്ള നിരവധി വിദഗ്ധർക്ക് അമേരിക്കയിൽ തൊഴിൽ തേടി പോകാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുകയാണ്.
പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment