Thursday, 13 May 2021

           ഗംഗാനദിയിലെ  മൃതശരീരങ്ങളും മോദിസർക്കാരും 

പി.എസ്‌ .ശ്രീകുമാർ 

ഗംഗാ നദിയിലൂടെ ഒഴുകിനടന്ന അജ്ഞാത മൃതശരീരങ്ങളുടെ ദൃശ്യങ്ങൾ കണ്ട് നൊമ്പരപ്പെടാത്തവരോ കണ്ണീർ പൊഴിയ്ക്കാത്തവരോ കാണില്ല. മൃതദേഹങ്ങളിൽ പലതും ഒഴുക്കിവിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാമണ്ഡലമായ വാരാണസിയുടെ 

പ്രാന്തപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ നിന്നുമായിരുന്നു. തങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളുടെ, അല്ലെങ്കിൽ തങ്ങൾ ജീവൻ നൽകിയ മക്കളുടെ, അതുമല്ലെങ്കിൽ രക്തബന്ധത്തിൽ പെട്ട പ്രിയതമാരുടെ മൃത ദേഹങ്ങളാണ് ഈ രീതിയിൽ ഗംഗ നദിയിൽ ഒഴുക്കി വിടാൻ ബന്ധുമിത്രദികളെ നിർബന്ധിതരാക്കിയത് . ഒഴുക്കിൽ പെട്ട് നദീതീരങ്ങളിൽ അടിഞ്ഞ ചില മൃതശരീര ങ്ങൾ തെരുവുനായ്ക്കൾ കടിച്ചു കീറുന്ന രംഗം കരളലിയിക്കുന്നതാണ് . ഇത്രയും ഹൃദയഭേദകവും, വേദനാജനകവുമായ സംഭവം , ഒരു പക്ഷെ, സ്വാതന്ത്ര്യ ലബ്ധിയ്ക്കു ശേഷം ഇന്ത്യയിൽ  ആദ്യമായാണെന്നു തോന്നുന്നു. ഈ രീതിയിൽ മൃതദേഹങ്ങൾ ഒഴുക്കി വിടാൻ ബന്ധുമിത്രാദികൾ തയ്യാറാകേണ്ടി വന്നത് അവ ദഹിപ്പിയ്ക്കുവാനുള്ള ഉയർന്ന ചെലവ് ഉ കാരണമാണ്. കോവിഡ്  രോഗത്തിൻറ്റെ  തീവ്ര വ്യാപനത്തോടെ നിരവധി ആളുകളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ദിനവും മരിച്ചുവീഴുന്നത് . മരണനിരക്കുയർന്നതോടെ മൃത ശരീരങ്ങൾ ദഹിപ്പിയ്ക്കുവാൻ ആവശ്യമായ വിറകുൾപ്പെടെയുള്ള  സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയും ,ലഭ്യമല്ലാതാകുകയും  ചെയ്തു. അതോടെ ശവദാഹത്തിനുള്ള ചെലവ് അൻപതിനായിരം രൂപ വരെയായി വർധിച്ചു.കോവിടിന്റ്റെ വ്യാപനത്തോടെ പണിയും,കൂലിയും,വരുമാനവും നഷ്ടപ്പെട്ട ഗ്രാമീണർ കൊടും പട്ടിണിയിലാണ്. ബന്ധുജനങ്ങളുടെ                         ശവദാഹത്തിനുള്ള തുക സ്വരൂപിയ്ക്കുവാനോ,  താങ്ങാനോ കഴിവില്ലാത്ത പാവപ്പെട്ട ഗ്രാമവാസികളാണ് ഗത്യന്തരമില്ലാതെ മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുക്കി വിട്ടത് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലോ, സൂക്ഷ്മമാ യ ആസൂത്രണങ്ങളിലോ ശ്രദ്ധിയ്ക്കാതെ തൻറ്റെ പ്രതിച്ഛായയിൽ മാത്രം ആനന്ദം കണ്ടെത്തുന്ന മോദി  - അമിത്  ദ്വന്ദങ്ങളിൽനിന്നും  നിന്നും കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ!

            ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം, 2020 മാർച്ചിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കീഴിൽ,അമേരിയ്ക്കയിൽ സംഭവിച്ചതിനു സമാനമാണ്.   കോവിടിന്റ്റെ ഒന്നാം തരംഗംവ്യാപിച്ചപ്പോൾ ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശങ്ങൾ അവഗണിക്കുകയും,  മാസ്ക് ധരിയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതെയും ലോക്ഡൌൺ  നടത്താതെയും അശാസ്ത്രീയമായ  രീതിയിലായിരുന്നു   ട്രംപ്  പ്രശ്‍നം  കൈകാര്യം ചെയ്തത്. പ്രസിഡൻറ്റിൻറ്റെ  മെഡിക്കൽ അഡ്വൈസർ ആയ ആൻറണി  ഫൗച്ചിയുടെ  ഉപദേശങ്ങൾ പോലും  അദ്ദേഹം തള്ളിക്കളഞ്ഞു.   കോവിഡ്  പരിശോധനയ്ക്കുള്ള കിറ്റുകളോ  വെന്റിലെറ്റർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും അദ്ദേഹം അന്ന് പരാജയപ്പെട്ടു.  അതോടെ , കോവിഡ്  വ്യാപനത്തിൻറ്റെ   കേന്ദ്രമായി അമേരിക്ക മാറി. ലോകത്ത്‌   ഏറ്റവും കൂടുതൽ കോവിഡ്   രോഗികളും, ഏറ്റവും കൂടുതൽ കോവിഡ്  മരണങ്ങളും  ഉണ്ടായതും  അമേരിക്കയിലാണ്. 2020  നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ്  പരാജയപ്പെടുവാനുണ്ടായ  പ്രധാന  കാരണം  കോവിഡ്   മഹാമാരി കൈകാര്യം ചെയ്തതിലെ പാളിച്ചയായിരുന്നു.  ഈ വര്ഷം ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തു എത്തിയ ശേഷമെടുത്ത നടപടികളും, സമയ ബന്ധിതമായി വാക്‌സിൻ നൽകുകയും  ചെയ്ത  ശേഷമാണ്  അമേരിക്ക അപകട ഘട്ടത്തിൽ നിന്നും കരകയറിയതും സാധാരണ നില കൈവരിച്ചതും .

              കോവിടിന്റ്റെ ആദ്യ തരംഗം ഇന്ത്യയിൽ അൽപമൊന്ന്  ശമിച്ചപ്പോൾത്തന്നെ, യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായപ്പോലെ  ഒരു രണ്ടാം തരംഗത്തിൻറ്റെ  മുന്നറിയിപ്പ്  ആരോഗ്യ വിദഗ്ദ്ധർ  നൽകിയിരുന്നു.  എന്നാൽ, കോവിഡിനെ  ഇന്ത്യയിൽ നിന്നും  കെട്ടുകെട്ടിച്ചെന്ന വീരവാദം ഉന്നയിച്ചു കൊണ്ട് ,  യാതൊരു തയ്യാറെടുപ്പും നടത്താതെ  ഇരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ.  ഈ പശ്ചാത്തലത്തിലാണ് , ഇന്ത്യ ഇന്ന് നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കാരണക്കാരൻ നരേന്ദ്ര മോദി യാണെന്നും , സ്വയം വരുത്തിവച്ച ഈ മഹാദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം  മോദി  സർക്കാരിനാണെന്നും ലോക പ്രശസ്ത മെഡിക്കൽ ജേർണൽ ആയ  "ലാൻഡ്‌സെറ്റ് "  അതിന്റെ മുഖപ്രസംഗത്തിൽ  ആരോപിച്ചത്.  ഒന്നാം തരംഗം നേരിട്ട ശേഷം മോദി  സർക്കാർ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കോവിഡ്  വ്യാപകമാകാൻ തുടങ്ങിയപ്പോൾ, ഇന്ത്യക്ക്  സ്വയാർജിത പ്രതിരോധശേഷിയുണ്ടെന്ന  അമിത വിശ്വാസത്തിലായിരുന്നു  മോദി യും , ആരോഗ്യമന്ത്രി ഹർഷ്  വർദ്ധനും.  അതോടെ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ തികഞ്ഞ അലസതയാണ് കേന്ദ്ര സർക്കാർ കാട്ടിയത് .കോവിടിന്റ്റെ  തീവ്ര വ്യാപനം ഉണ്ടാകുമെന്ന  മുന്നറിയിപ്പുകൾ അവഗണിച്ച മോദി  സർക്കാർ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേളപോലെയുള്ള  ആഘോഷങ്ങൾക്ക് അനുമതി നൽകിയതും,  ലക്ഷകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾ നടത്തിയതും അക്ഷന്ത്യവ്യമായ തെറ്റായിരുന്നുവെന്നും  ലാൻഡ്‌സെറ്റ്  കുറ്റപ്പെടുത്തി.   ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ്  ഇവാലുവേഷനെ ഉദ്ധരിച്ചുകൊണ്ടുള്ള മുഖ പ്രസംഗത്തിൽ  ഈ വര്ഷം ഓഗസ്റ്റ്  ഒന്നിനകം   ഇന്ത്യയിലെ കോവിഡ്  മരണങ്ങൾ 10 ലക്ഷം കടക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

             കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയും, അശാസ്ത്രിയമായ രീതിയിൽ ഈ മഹാമാരിയെ കൈകാര്യം ചെയ്തതിൽ വന്ന പാകപ്പിഴകളുമാണ് കോവിഡ്  രോഗത്തിൻറ്റെ  കേന്ദ്രമായി ഇന്ത്യ ഇന്ന് മാറിയതിന്റ്റെ  പ്രധാന കാരണം.  രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്‌സിൻ അല്ലാതെ മറ്റു ഫലപ്രദമായ മാർഗ്ഗമില്ലെന്നു മനസ്സിലാക്കിയ അമേരിക്ക, ബ്രിട്ടൺ, ജർമ്മനി,റഷ്യ,ചൈന  തുടങ്ങിയ  രാജ്യങ്ങൾ വാക്‌സിൻ വികസനത്തിന് കോടിക്കണക്കിനു തുകയാണ് പ്രധാന ഗവേഷണ സ്ഥാപനങ്ങൾക്ക് നൽകിയത്.  വാക്‌സിൻ ഗവേഷണം നടക്കുമ്പോൾ തന്നെ  ഫൈസർ, മോഡേണ, തുടങ്ങിയ വാക്‌സിൻ നിർമാണ  കമ്പനികളുമായി  തങ്ങൾക്കു ആവശ്യമായതിലും അധികം  വാക്‌സിനുകൾ  വാങ്ങുവാൻ  അമേരിക്ക കരാറുകളുണ്ടാക്കി.  അതുതന്നെയാണ്  ബ്രിട്ടനും, ജര്മനിയുമൊക്കെ ചെയ്തത്.  ബ്രിട്ടന്റെ പ്രധാന കോവിഡ്  വാക്‌സിൻ ദാതാവ്  നമ്മുടെ  സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.   ലോകത്തെ ഏറ്റവും വലിയ  കോവിഡ്  ഇതര വാക്‌സിൻ നിർമാണ കമ്പനി സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് എന്നത് അഭിമാനാർഹമായ കാര്യമാണ് . ആഗോളതലത്തിൽ ആവശ്യമായ വാക്‌സിനുകളുടെ 60  ശതമാനം  ഉദ്പാദിപ്പിക്കുന്നതു ഇന്ത്യയിലാണ്.  എന്നാൽ ഈ കമ്പനികളെ ഉപയോഗിച്ച് നമുക്ക് ആവശ്യമായ കോവിഡ്  വാക്‌സിൻ നിർമിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല.  2020-21 ലെ ബജറ്റിൽ  വാക്‌സിനായി 35000  കോടി രൂപ വറ്റിവച്ചെങ്കിലും,  നമ്മുടെ വാക്‌സിൻ നിർമാണ കമ്പനികൾക്ക് ആവശ്യമായ ധനം നൽകി  വാക്‌സിൻ വാങ്ങുവാൻ കരാർ നൽകുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രായോഗിക നിർദേശങ്ങൾ നൽകിയ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് മുൻ പ്രസിഡന്റ്  രാഹുൽ ഗാന്ധി എന്നിവരെ  ആക്ഷേപിക്കാനാണ് കേന്ദ്ര മന്ത്രിമാരും, ബി ജെ പി  നേതാക്കളും മുതിർന്നത് സീറം ഇന്സ്ടിട്യൂട്ടിനു  70-100 ദശലക്ഷം  കോവിഷീൽഡ്‌   വാക്‌സിൻ  ഡോസുകൾ  പ്രതിമാസം  ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.  എന്നാൽ അവർ 85  ദശലക്ഷം ഡോസ് വാക്‌സിൻ മാത്രമേ ഉത്പ്പാദിപ്പിക്കുന്നുള്ളു.  അതുതന്നെ ഇപ്പോൾ വീണ്ടും കുറച്ചു.  ഭാരത് ബയോട്ടേക്കിന്റെ  വാക്‌സിൻ ഉൽപ്പാദനശേഷി 58 ദശലക്ഷം ഡോസ് ആണ് എന്നാൽ ഇപ്പോഴത്തെ അവരുടെ വാക്‌സിൻ ഉത്പാദനം 30 ദശലക്ഷം ഡോസ് മാത്രമാണ്. ഈ രണ്ടു കമ്പനികളും കൂടി പ്രതിദിനം ഇപ്പോൾ ഉല്പാദിപ്പിയ്ക്കുന്നതു 2.5 ദശലക്ഷം ഡോസ് മാത്രമാണ്. 2020 ഡിസംബറിനുള്ളിൽ അർഹതയുള്ള 30 ശതമാനം ആളുകൾക്ക് വാക്‌സിൻ നൽകുവാനാണ്‌ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ലക്‌ഷ്യം നിറവേറ്റുവാനാവശ്യമായ വാക്‌സിനുകൾ ലഭ്യമാക്കുവാൻ പ്രയാസമാണ്.  മാത്രമല്ലാ , ഇന്നത്തെനിലയിൽ പോയാൽ, ഇന്ത്യയിലെ അർഹതപ്പെട്ടവർക്ക് മുഴുവൻ വാക്‌സിൻ  ലഭ്യമാകണം എങ്കിൽ  വർഷങ്ങൾ എടുക്കും എന്ന കാര്യത്തിലും സംശയമില്ല.നമുക്കാവശ്യമായ വാക്‌സിനുകൾ ഇന്ത്യയിലെ കമ്പനികളിൽ ഉല്പാദിപ്പിയ്ക്കുവാനോ ,വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുവാനോ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.ഒടുവിൽ  കോവിടിൻറ്റെ  രണ്ടാം വ്യാപനം തുടങ്ങിയ ശേഷമാണ്   സീറം ഇന്സ്ടിട്യൂട്ടിനും, ഭാരത് ബയോ ടെക്കിനും 4500  കോടി രൂപയെങ്കിലും ധന സഹായം  നല്കാൻ  കേന്ദ്ര സർക്കാർ തയ്യാറായതും  ഫൈസർ, സ്പുട്നിക്  തുടങ്ങിയ വാക്‌സിനുകൾ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തിയതും .

            കേന്ദ്രസർക്കാരിൻറെ ആസൂത്രണമില്ലായ്മയും,അശാസ്ത്രീയമായ രീതിയിൽ ഈ മഹാമാരിയെ നേരിടുന്നതിലും,പ്രതിരോധിയ്ക്കുന്നതിലും വന്ന പാകപ്പിഴകളാണ് കോവിഡ് രോഗ വ്യാപനം  അനിയന്ത്രിതമായ രീതിയിൽ   ഇന്ന് മാറിയതിന്റ്റെ പ്രധാന കാരണം.

പി .എസ്‌ .ശ്രീകുമാർ 





















No comments:

Post a Comment