Tuesday, 26 April 2022

                        വീണിട്ടും  നിവർന്നുനിൽക്കാൻ ശ്രമിക്കുന്ന  ഇമ്രാൻഖാൻ 


പി.എസ്‌ .ശ്രീകുമാർ 

1992 ൽ ലോക കപ്പ് ആദ്യമായി പാകിസ്ഥാൻറ്റെ  മണ്ണിൽ  എത്തിച്ച    ക്യാപ്റ്റൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ  ഇമ്രാൻഖാൻ, മറ്റൊരു ചരിത്ര നേട്ടവുമായാണ്  ഏപ്രിലിൽ പ്രധാന മന്ത്രി കസേര വിട്ടൊഴിഞ്ഞത് .  പാകിസ്താൻറ്റെ  75 വർഷത്തെ  ചരിത്രത്തിലാദ്യമായാണ്  പാർലമെന്റ്റിൽ  അവതരിപ്പിച്ച അവിശ്വാസ  പ്രമേയം പാസ്സായതിനെ തുടർന്ന്,   ഒരു   പ്രധാന മന്ത്രി അധികാ രത്തിനു പുറത്തു പോകുന്നത്. ഇതിനു മുമ്പ് നവാസ് ഷെരീഫും , ബേനസീർ ഭുട്ടോയുമുൾപ്പെടെയുള്ള പ്രധാന മന്ത്രിമാർ  കാലാവധി പൂർത്തീകരിക്കാതെ  അധികാരത്തിനു വെളിയിലായത്   പട്ടാളം ഇടപെട്ട്  അവരെ പുറത്താക്കിയതിനെ തുടർന്നായിരുന്നു.  

 ഇമ്രാൻ ഖാൻ പുറത്തായത് പ്രതിപക്ഷം ഒന്നടങ്കം കൊണ്ടുവന്ന  അവിശ്വാസ പ്രമേയത്തെ തുടർന്നായിരുന്നെങ്കിലും, അതിൻറ്റെ പിറകിലും  പട്ടാളത്തിൻറ്റെ അദൃശ്യകരങ്ങൾ  ഉണ്ടായിരുന്നുവെന്നാണ്   പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.  ചാര സംഘടനയായ     ഐഎസ് ഐയുടെ  തലവനായ  ലെഫ്റ്റനന്റ് ജനറൽ  ഫായിസ് ഹമീദിൻറ്റെ   കാലാവധി  2021  ഒക്ടോബറിൽ  അവസാനിച്ചപ്പോൾ,   2018 ലെ തെരഞ്ഞെടുപ്പിൽ   തന്നെ അധികാരത്തിലേറാൻ  സഹായിച്ച   ആളെന്ന നിലയിൽ, അദ്ദേഹത്തിന്റെ  കാലാവധി  നീട്ടികൊടുക്കാൻ  ഇമ്രാൻ ഖാൻ ആഗ്രഹിച്ചു.  എന്നാൽ  പട്ടാള മേധാവിയായ ഖമർ ജാവേദ് ബജ്‌വ ആ സ്ഥാനത്തേക്ക് ശുപാര്ശചെയ്തത് ലെഫ്റ്റനൻ്റ്  ജനറൽ നദീം  അഞ്ജുമിനെയായിരുന്നു.  ഇവർ തമ്മിലുള്ള  ശീത യുദ്ധം ആഴ്ചകളോളം തുടർന്നെങ്കിലും, ഒടുവിൽ  പട്ടാള   മേധാവി  ശുപാർശ ചെയ്തയാളെത്തന്നെ  ഇമ്രാന്‌  അംഗീകരിക്കേണ്ടിവന്നു.  അന്ന് തുടങ്ങിയ അകൽച്ചയാണ്  അധികാരത്തിനു വെളിയിലേക്കുള്ള ഇമ്രാൻറ്റെ  വഴി തുറന്നത് .  ഇന്നും അധികാരത്തിൻറ്റെ  കടിഞ്ഞാൺ പട്ടാളത്തിന്റെ കയ്യിൽ തന്നെയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.

അനുഗ്രഹമായിമാറുന്ന പുറത്താക്കൽ 

ഒരുവിധത്തിൽ, അധികാരത്തിൽ നിന്നും പുറത്തായത് ഇമ്രാന് അനുഗ്രഹമാണ്."പുതിയ പാക്കിസ്ഥാൻ" എന്ന  തെരഞ്ഞെടുപ്പ്  വാഗ്ദാനം  യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്ത്  അധികാരത്തിലേറിയ  ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.  പണപ്പെരുപ്പം കുതിക്കുകയാണ്.  2022 ജനുവരിയിൽ 12 ശതമായി  ഉയർന്ന പണപ്പെരുപ്പം  ഏപ്രിൽ ആയപ്പോഴേക്കും, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ  വിലയും  ക്രമാതീതമായി ഉയർന്നു .  പാകിസ്ഥാനിൽ ,  മൊത്തം ഇറക്കുമതിയുടെ ഏകദേശം 16  ശതമാനം ഭക്ഷ്യവസ്തുക്കളുടെ  ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്.   മാത്രമല്ലാ , പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയായിരുന്നു .  ഒരു അമേരിക്കൻ ഡോളർ 200  പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു.  തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി  30  ശതമാനമാനതിലേറെ   വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി  കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു.  വിദേശ കടം 20  ത്രില്ലിയൺ  ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ  ഉത്പ്പാദനമോ, വർധിച്ചതുമില്ല.  ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയർന്നു .  2022  ജനുവരിയിലെ  സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ്  ധന കമ്മി.  വിലക്കയറ്റവും, തൊഴിലില്ലായ്മയും  ജനങ്ങളെ കഷ്ടത്തിലാക്കിയപ്പോഴാണ്, ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിപക്ഷം  ജനങ്ങളുടെ അസംതൃപ്തി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.  പട്ടാളത്തിൻറ്റെ  സഹായവും കിട്ടാതെ വന്ന സാഹചര്യത്തിലാണ്, അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ  പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിലേക്ക് പോകുവാൻ ഇമ്രാൻ  തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചപ്പോൾ , പ്രധാനമന്ത്രിയായുള്ള ഷാബാസ്  ഷെറീഫിന്റെ  നിയമനത്തെ  എതിർക്കുന്നതിനൊപ്പം,  തന്നെ പുറത്താക്കാൻ  അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രാജ്യമെമ്പാടും റാലി നടത്തിക്കൊണ്ടിരിക്കുന്നത്. റാലികളിലെല്ലാം, വമ്പിച്ച ആൾക്കൂട്ടമാണുള്ളത്.   ജനങ്ങളെ അണിനിരത്തി  തൻറ്റെ  ഭരണ പരാജയം  മറച്ചുവെക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.  

വ്യത്യസ്‌ത ആശയക്കാരുടെ  ഭരണം 

വിരുദ്ധ ആശയഗതിയുള്ള ഒരു കൂട്ടം പാർട്ടികളെ  കൂട്ടികൊണ്ടാണ് ഷാബാസ് ഷെരീഫ്  അധികാരത്തിലേറിയിരിക്കുന്നത് . ഷെരീഫിൻറ്റെ  പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്[പി.എം.എൽ -നവാസ്] കഴിഞ്ഞാൽ സഖ്യത്തിലെ ഒരു പ്രമുഖ പാർട്ടി ഭൂട്ടോ കുടുംബം നയിക്കുന്ന പാക്കിസ്ഥാൻ  പീപ്പിൾസ്[പി.പി,പി]    പാർട്ടിയാണ്. ഇമ്രാൻഖാനെതിരെ ഈ രണ്ടു പാർട്ടികളും ഇപ്പോൾ യോജിച്ചു നിൽക്കുകയാണെങ്കിലും, എന്നും  പരസ്പരം പോരടിച്ച ചരിത്രമാണ് ഇരു പാർട്ടികൾക്കും ഉള്ളത്. പി പി പി  നയിക്കുന്നത്, മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ  ഭർത്താവും, മുൻ പ്രസിഡന്റുമായ  സര്ദാരിയും, മകൻ ബിലാവൽ ഭുട്ടോയുമാണ്.  അതെ സമയം  പി.എം.എൽ ൻറ്റെ ശക്തി  മുൻ പ്രധാനമന്ത്രിയും  ഇപ്പോൾ പനാമ പേപ്പർസ്  അഴിമതിയിൽ, ശിക്ഷിക്കപ്പെട്ടു കഴിയുന്ന നവാസ് ഷെരീഫും, അദ്ദേഹത്തിന്റെ ഇളയ സഹോദരനും, ഇപ്പോൾ പ്രധാനമന്ത്രിയുമായ ഷാബാസ് ശരീഫുമാണ്. ഇമ്രാൻഖാൻ വെളിയിലാക്കുക എന്ന ഏക ലക്ഷ്യത്തിനാണ് ഈ രണ്ടു പാർട്ടികളും യോജിച്ചിട്ടുള്ളത്.  ഈ യോജിപ്പ് എത്രനാൾ കാണുമെന്നു ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. നിലവിലെ പാർലമെൻറ്റിൻറ്റെ  കാലാവധി   2023 ആഗസ്റ്റ്  മാസം വരെയാണ്. സാമ്പത്തികവും, രാഷ്ട്രീയവുമായ നിരവധി പ്രശ്നങ്ങളെ അതിജീവിച്   പട്ടാളത്തിന്റെ സഹായത്തോടെ  അടുത്ത തെരഞ്ഞെടുപ്പുവരെ ഭരിക്കാൻ സാധിക്കുമെന്നാണ് ഷെരീഫിന്റെ  പ്രതീക്ഷ.   ഷെരീഫ്  സഹോദരന്മാരുടെ  നേതൃത്വത്തിൽ   അഴിമതിക്കാരായ നേതാക്കൾ  നേതൃത്വം നൽകുന്ന   കക്ഷികളും, അമേരിക്കയും   ചേർന്നുള്ള ഗൂഡലോചനയുടെ  ഫലമായിട്ടാണ് തന്റെ സർക്കാരിനെ പുറത്താക്കിയതെന്നും, അതിനു തെരഞ്ഞെടുപ്പിലൂടെ ജനം  മറുപടി നല്കണമെന്നതാണ്   ഇമ്രാൻ    ജനങ്ങളോട്  ആവശ്യപ്പെട്ഫുന്നത് .   ഷെരീഫ് സർക്കാരിന്റെ    വീഴ്ച്ചകളെ  പർവതീകരിച്ചു  തനിക്കനുകൂലമാക്കി മാറ്റാനായിരിക്കും  ഇമ്രാൻഖാൻറ്റെ   നീക്കങ്ങൾ എല്ലാം. അതിലൂടെ അടുത്ത  തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.  ഏതായാലും, രണ്ടുകൂട്ടർക്കും ഇനിയുള്ള ദിനങ്ങൾ നിർണായകമാണ്.

.

പി.എസ്‌ .ശ്രീകുമാർ 

9847173177 




Saturday, 23 April 2022

സബർബൻ  റെയിൽ 


ഹൈ സ്പീഡ് റെയിൽ  പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ  അവതരിപ്പിച്ച പദ്ധതിയാണ്  സബർബൻ റെയിൽ.  ദേശീയ  പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന  കനത്ത  ചെലവും,  സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ  കുടിയൊഴിപ്പിക്കൽ   എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ്   സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.76   കി.മീ  ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്.  ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു.  അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70  ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു  1943  കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ  പൈലറ്റ് പദ്ധതിയുടെ ചെലവ്.  ഈ എസ്റ്റിമേറ്റ് പിന്നീട്[ 2016  ൽ ] 3063.79 കോടി രൂപയായി   പുതുക്കിയിരുന്നു.   ഇക്കാര്യത്തിനായി , സംസ്ഥാന  സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി  49  :51   അനുപാതത്തിൽ  റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിൽ  ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു.  ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള  രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.  

ഇതിനോടൊപ്പം, റയിൽവേയുടെ  നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ [തിരുവനന്തപുരം മുതൽ ഷൊറണൂർ വരെ  16  വളവുകൾ ] നീക്കുവാനും ഉദ്ദേശിച്ചിരുന്നു.  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിന്റെ ആവശ്യത്തിനായി വേണ്ടിയിരുന്നത് 300  ഏക്കർ സ്ഥലവും, 15000  കോടി രൂപയുമായിരുന്നു.  

അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക്  പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383  ഹെക്ടർ സ്ഥലവുമാണ്  ആവശ്യമായി വരികയാണ്.  മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും.  ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്.  നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ് സബർബൻ ട്രെയിനുകൾ ഓടിക്കുക.  എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു .

 ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ   വളവുകൾ നേരെയാക്കുക , പ്ലാറ്റുഫോമുകൾ പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ  സ്പീഡിൽ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125  കി. മീ. നു 1943  കോടി രൂപവച്ചു, 530  കി.മീ പൂർത്തിയാക്കാൻ പതിനയ്യായിരം  കോടി രൂപയും 300  ഏക്കർ സ്ഥലവും അധികമായി  വേണ്ടിവരികയുള്ളു.




Friday, 8 April 2022

 

                                 കളിക്കളത്തിന് വെളിയിലായി ഇമ്രാൻഖാൻ 


പി .എസ്‌ .ശ്രീകുമാർ 

 ജനാധിപത്യ ഭരണകൂടങ്ങൾ കാലാവധി തികക്കാതെ പുറത്തുപോകുക എന്ന ദുര്യോഗം ഇമ്രാൻ ഖാൻ എന്ന നായകനും നേരിട്ടിരിക്കുകയാണ്.  അദ്ദേഹവും ക്ലീൻ ബൗൾഡ് ആയിരിക്കുകയാണ്. ഇമ്രാൻ ഖാൻ  പാകിസ്താന്റെ  22 ആം പ്രധാനമന്ത്രിയായി അധികാരമേറ്റത് 2018  ഓഗസ്റ്റ് 18 നു ആയിരുന്നു.    നവാസ് ഷെരീഫിന്റെ  ഭരണത്തിന് കീഴിൽ   അഴിമതിയും, കെടുകാര്യസ്ഥതയും  നടന്നു എന്ന് ആരോപിച്ചു  നടത്തിയ  ശക്തമായ തെരഞ്ഞെടുപ്പ്  പ്രചാരണത്തിലൂടെയും , പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെയുമാണ് അദ്ദേഹം  അധികാരത്തിലേറിയത്.  342 അംഗങ്ങളുള്ള  പാക്കിസ്ഥാൻ പാർലമെന്റായ  നാഷണൽ അസ്സെംബ്ലിയിൽ  179 അംഗങ്ങളുടെ പിന്തുണയാണ് ഇമ്രാന് ഉണ്ടായിരുന്നത്.  എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹവും  പട്ടാള മേധാവി ജാവേദ്  ബജ്‌വയുമായി   അത്ര രസത്തിലല്ല. കഴിഞ്ഞ വര്ഷം ബജ്‌വയുടെ  കാലാവധി അവസാനിച്ചപ്പോൾ, അദ്ദേഹത്തിന് സർവീസ് നീട്ടികൊടു  ക്കുന്ന ഫയൽ   ആഴ്ചകളോളം   പ്രധാനമന്ത്രിയുടെ ഓഫീസിൽ താമസിപ്പിച്ചു. പട്ടാള മേധാവിയുമായി ഉണ്ടായ ഈ അകൽച്ചയാണ്,  ഇമ്രാൻഖാന്റെ  പതനത്തിലേക്കു  നയിച്ചത് .

 അവിശ്വാസപ്രമേയം 

കഴിഞ്ഞ മൂന്നര വർഷത്തെ ഇമ്രാൻ ഖാന്റെ ദുർഭരണം കാരണം  പാകിസ്ഥാൻ  സാമ്പത്തികമായി  തകർന്നെന്നും,  വിദേശനയത്തിലും വലിയ പാളിച്ചകൾ ഉണ്ടായെന്നും    ആരോപിച്ചാണ്  നവാസ് ഷെരീഫിന്റെ  ഇളയ സഹോദരനും പ്രതിപക്ഷ നേതാവുമായ മിയാൻ മുഹമ്മദ്  ഷെഹ്ബാസ്  ഷെരീഫിന്റെ  നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ അവിശ്വാസപ്രമേയത്തിന്  നോട്ടീസ്  നൽകിയത് .  ഇമ്രാന്റെ  പാർട്ടിയായ തെഹ്‌റീക് -ഇ-ഇൻസാഫിലെ  ചില  അംഗങ്ങളും,      ഘടക  കക്ഷികളിൽ   ചിലതും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. നാഷണൽ അസ്സംബ്ലിയിൽ  അവിശ്വാസ പ്രമേയം പാസ്സാകുമെന്നു മനസ്സിലാക്കിയ  ഇമ്രാൻ ഡെപ്യൂട്ടി സ്പീക്കർ  കാസ്സിം നൂരിയെ  ഉപയോഗിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകാതെ  തള്ളുകയെന്ന  തന്ത്രമാണ്  ആദ്യം  പരീക്ഷിച്ചത്.  മാത്രമല്ല,  പാർലമെന്റ് പിരിച്ചുവിട്ട്  തെരഞ്ഞെടുപ്പ് നടത്താനും സർക്കാർ പ്രസിഡന്റിനോട് ശുപാർശ ചെയ്യ്യുകയും,  അത്   അംഗീകരിച്ചു പ്രസിഡന്റ് ഉടൻ തന്നെ പാർലമെന്റ് പിരിച്ചുവിടാനും മൂന്നു മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനും വിജ്ഞാപനം പുറപ്പെടുവിക്കുകയും  ചെയ്തു..  ഈ നടപടികളാണ് പാക്കിസ്ഥാൻ സുപ്രീം കോടതി  ഭരണഘടനാ വിരുദ്ധം എന്നു വിധിച്ചത്,  മാത്രമല്ലാ,   പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്‌പീക്കറുടെ  നടപടി റദ്ദാക്കുകയും പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.  

എവിടെയാണ് പിഴച്ചത്?

"പുതിയ പാക്കിസ്ഥാൻ" എന്ന  തെരഞ്ഞെടുപ്പ്  വാഗ്ദാനം  യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ  ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും  രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം കുതിക്കുകയാണ്.  2022 ജനുവരിയിൽ 12 ശതമായി  ഉയർന്ന പണപ്പെരുപ്പം ഇപ്പോൾ, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ  വിലകളും ക്രമാതീതമായി ഉയരുകയാണ്.  മൊത്തം ഇറക്കുമതിയുടെ ഏകദേശം 16  ശതമാനം ഭക്ഷ്യവസ്തുക്കളുടെ  ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്.  മതമല്ല, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയാണ്.  ഒരു അമേരിക്കൻ ഡോളർ 200  പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു.  തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി  31 ശതമാനമായി  വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി  കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു. ഗ്വാദർ  തുറമുഖ നിർമാണം ഉൾപ്പെടെയുള്ളയുള്ള   ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമാണത്തിനായി  47 ബില്യൺ അമേരിക്കൻ ഡോളറാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും,  അതിപ്പോൾ  64 ബില്യൺ ഡോളർ ആയി വർധിച്ചു.  എന്നിട്ടും നിർമാണം പകുതി പോലും ആയില്ല.മൊത്തം വിദേശ കടം 20  ത്രില്ലിയൺ  ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ  ഉത്പ്പാദനമോ, വർധിച്ചതുമില്ല.  ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയരുകയാണ്.  2022 ജനുവരിയിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ്  ധന കമ്മി.  ഉയർന്ന പലിശക്ക്  വാങ്ങുന്ന വിദേശ കടങ്ങൾ  പാകിസ്താനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുമോ എന്നാണ് സാധാരണ ജനങ്ങൾ ഇപ്പോൾ ഭയപ്പെടുന്നത്.  

മുന്നോട്ടുള്ള വഴി എങ്ങിനെ ?

സുപ്രീം കോടതി വിധി അനുസരിചാണ്  ശനിയാഴ്ച നാഷണൽ അസംബ്‌ളി കൂടി അവിശ്വാസം പ്രമേയം ചർച്ചക്കെടുത്തത് .  പ്രമേയം ചർച്ചക്ക് എടുത്താൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ  വോട്ടെടുപ്പ് കഴിയുന്നത്ര നീട്ടുവാനും, പറ്റുമെങ്കിൽ ഒഴിവാക്കുവാനും, സ്പീക്കറുടെ സഹായത്തോടെ ഇമ്രാൻഖാൻ പരമാവധി ശ്രമിച്ചു.  അമേരിക്കയുടെ ഇടപെടലിലാണ് തന്നെ പുറത്താക്കുന്നതെന്നാണ്  അദ്ദേഹം  ശക്തമായി ആരോപിക്കുന്നത്. ഒടുവിൽ പട്ടാള മേധാവിയുടെ ഭീഷണിക്ക്  വഴങ്ങിയാണ്  ശനിയാഴ്ച അർധരാത്രിക്കുശേഷം വിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്.    ഇമ്രാൻ ഖാനും ഭരണ പക്ഷവും ബഹിഷ്കരിച്ച വോട്ടെടുപ്പിൽ  പ്രതിപക്ഷത്തിന് 174  വോട്ടണ്  ലഭിച്ചത് .  അങ്ങിനെ  പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായി  അവിശ്വാസ പ്രമേയ ചർച്ചയിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി.   ഇതിനു മുമ്പൊക്കെ  കോടതിയുടെയോ, പട്ടാളത്തിന്റെയോ ഇടപെടലിലാണ്  പ്രധാന മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നിട്ടുള്ളത്.  പനാമ പേപ്പർ വിവാദത്തിൽപെട്ട്  കോടതിയുടെ ശിക്ഷ  അനുഭവിക്കുന്ന നവാസ് ഷെരീഫിന് ഉടനെയൊന്നും പാകിസ്ഥാനിൽ അധികാരത്തിലെത്താൻ സാധിക്കുകയില്ല.  ഈ സാഹചര്യത്തിലാണ്    നവാസ് ഷെരീഫിന്റെ സഹോദരനും  ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ  ഷഹ്ബാസ് ഷെരീഫിനെ  പ്രതിപക്ഷത്തുനിന്നും  പ്രധാനമന്ത്രിയായി  നിർദേശിച്ചത്  . അധികാരത്തിലേറുന്നതുമുതൽ,  പാർലമെന്റിന്റെ  ബാക്കിയുള്ള കാലാവധിയായ 2023  ആഗസ്റ്  വരെ 

അദ്ദേഹത്തിന്     ആ  സ്ഥാനത്തു  തുടരുവാൻ സാധിക്കും. പട്ടാളത്തിനും, അമേരിക്കക്കും, ചൈനക്കും ഒരുപോലെ ഇഷ്ടമുള്ള നേതാവാണ് ഷഹ്ബാസ്  ഷെരീഫ് .  തകർന്ന സമ്പത്ഘടന  ശരിയാക്കുക, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള  ബന്ധം പുനഃസ്ഥാപിക്കുക, ഭീകര സംഘടനകളെ നിലക്ക് നിർത്തുക എന്നിവയാണ്  അദ്ദേഹം അഭിമുഖീകരിക്കുന്ന  ഏറ്റവും പ്രധാന പ്രശ്നങ്ങൾ.

പി.എസ് .ശ്രീകുമാർ 

9847173177