വീണിട്ടും നിവർന്നുനിൽക്കാൻ ശ്രമിക്കുന്ന ഇമ്രാൻഖാൻ
1992 ൽ ലോക കപ്പ് ആദ്യമായി പാകിസ്ഥാൻറ്റെ മണ്ണിൽ എത്തിച്ച ക്യാപ്റ്റൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഇമ്രാൻഖാൻ, മറ്റൊരു ചരിത്ര നേട്ടവുമായാണ് ഏപ്രിലിൽ പ്രധാന മന്ത്രി കസേര വിട്ടൊഴിഞ്ഞത് . പാകിസ്താൻറ്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് പാർലമെന്റ്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതിനെ തുടർന്ന്, ഒരു പ്രധാന മന്ത്രി അധികാ രത്തിനു പുറത്തു പോകുന്നത്. ഇതിനു മുമ്പ് നവാസ് ഷെരീഫും , ബേനസീർ ഭുട്ടോയുമുൾപ്പെടെയുള്ള പ്രധാന മന്ത്രിമാർ കാലാവധി പൂർത്തീകരിക്കാതെ അധികാരത്തിനു വെളിയിലായത് പട്ടാളം ഇടപെട്ട് അവരെ പുറത്താക്കിയതിനെ തുടർന്നായിരുന്നു.
ഇമ്രാൻ ഖാൻ പുറത്തായത് പ്രതിപക്ഷം ഒന്നടങ്കം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നായിരുന്നെങ്കിലും, അതിൻറ്റെ പിറകിലും പട്ടാളത്തിൻറ്റെ അദൃശ്യകരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ചാര സംഘടനയായ ഐഎസ് ഐയുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിൻറ്റെ കാലാവധി 2021 ഒക്ടോബറിൽ അവസാനിച്ചപ്പോൾ, 2018 ലെ തെരഞ്ഞെടുപ്പിൽ തന്നെ അധികാരത്തിലേറാൻ സഹായിച്ച ആളെന്ന നിലയിൽ, അദ്ദേഹത്തിന്റെ കാലാവധി നീട്ടികൊടുക്കാൻ ഇമ്രാൻ ഖാൻ ആഗ്രഹിച്ചു. എന്നാൽ പട്ടാള മേധാവിയായ ഖമർ ജാവേദ് ബജ്‌വ ആ സ്ഥാനത്തേക്ക് ശുപാര്ശചെയ്തത് ലെഫ്റ്റനൻ്റ് ജനറൽ നദീം അഞ്ജുമിനെയായിരുന്നു. ഇവർ തമ്മിലുള്ള ശീത യുദ്ധം ആഴ്ചകളോളം തുടർന്നെങ്കിലും, ഒടുവിൽ പട്ടാള മേധാവി ശുപാർശ ചെയ്തയാളെത്തന്നെ ഇമ്രാന് അംഗീകരിക്കേണ്ടിവന്നു. അന്ന് തുടങ്ങിയ അകൽച്ചയാണ് അധികാരത്തിനു വെളിയിലേക്കുള്ള ഇമ്രാൻറ്റെ വഴി തുറന്നത് . ഇന്നും അധികാരത്തിൻറ്റെ കടിഞ്ഞാൺ പട്ടാളത്തിന്റെ കയ്യിൽ തന്നെയാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
അനുഗ്രഹമായിമാറുന്ന പുറത്താക്കൽ
ഒരുവിധത്തിൽ, അധികാരത്തിൽ നിന്നും പുറത്തായത് ഇമ്രാന് അനുഗ്രഹമാണ്."പുതിയ പാക്കിസ്ഥാൻ" എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. പണപ്പെരുപ്പം കുതിക്കുകയാണ്. 2022 ജനുവരിയിൽ 12 ശതമായി ഉയർന്ന പണപ്പെരുപ്പം ഏപ്രിൽ ആയപ്പോഴേക്കും, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലയും ക്രമാതീതമായി ഉയർന്നു . പാകിസ്ഥാനിൽ , മൊത്തം ഇറക്കുമതിയുടെ ഏകദേശം 16 ശതമാനം ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്. മാത്രമല്ലാ , പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയായിരുന്നു . ഒരു അമേരിക്കൻ ഡോളർ 200 പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു. തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി 30 ശതമാനമാനതിലേറെ വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു. വിദേശ കടം 20 ത്രില്ലിയൺ ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ ഉത്പ്പാദനമോ, വർധിച്ചതുമില്ല. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയർന്നു . 2022 ജനുവരിയിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ് ധന കമ്മി. വിലക്കയറ്റവും, തൊഴിലില്ലായ്മയും ജനങ്ങളെ കഷ്ടത്തിലാക്കിയപ്പോഴാണ്, ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിപക്ഷം ജനങ്ങളുടെ അസംതൃപ്തി ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. പട്ടാളത്തിൻറ്റെ സഹായവും കിട്ടാതെ വന്ന സാഹചര്യത്തിലാണ്, അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിലേക്ക് പോകുവാൻ ഇമ്രാൻ തീരുമാനിച്ചത്. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചപ്പോൾ , പ്രധാനമന്ത്രിയായുള്ള ഷാബാസ് ഷെറീഫിന്റെ നിയമനത്തെ എതിർക്കുന്നതിനൊപ്പം, തന്നെ പുറത്താക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി അദ്ദേഹം രാജ്യമെമ്പാടും റാലി നടത്തിക്കൊണ്ടിരിക്കുന്നത്. റാലികളിലെല്ലാം, വമ്പിച്ച ആൾക്കൂട്ടമാണുള്ളത്. ജനങ്ങളെ അണിനിരത്തി തൻറ്റെ ഭരണ പരാജയം മറച്ചുവെക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.
വ്യത്യസ്‌ത ആശയക്കാരുടെ ഭരണം
വിരുദ്ധ ആശയഗതിയുള്ള ഒരു കൂട്ടം പാർട്ടികളെ കൂട്ടികൊണ്ടാണ് ഷാബാസ് ഷെരീഫ് അധികാരത്തിലേറിയിരിക്കുന്നത് . ഷെരീഫിൻറ്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്[പി.എം.എൽ -നവാസ്] കഴിഞ്ഞാൽ സഖ്യത്തിലെ ഒരു പ്രമുഖ പാർട്ടി ഭൂട്ടോ കുടുംബം നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ്[പി.പി,പി] പാർട്ടിയാണ്. ഇമ്രാൻഖാനെതിരെ ഈ രണ്ടു പാർട്ടികളും ഇപ്പോൾ യോജിച്ചു നിൽക്കുകയാണെങ്കിലും, എന്നും പരസ്പരം പോരടിച്ച ചരിത്രമാണ് ഇരു പാർട്ടികൾക്കും ഉള്ളത്. പി പി പി നയിക്കുന്നത്, മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവും, മുൻ പ്രസിഡന്റുമായ സര്ദാരിയും, മകൻ ബിലാവൽ ഭുട്ടോയുമാണ്. അതെ സമയം പി.എം.എൽ ൻറ്റെ ശക്തി മുൻ പ്രധാനമന്ത്രിയും ഇപ്പോൾ പനാമ പേപ്പർസ് അഴിമതിയിൽ, ശിക്ഷിക്കപ്പെട്ടു കഴിയുന്ന നവാസ് ഷെരീഫും, അദ്ദേഹത്തിന്റെ ഇളയ സഹോദരനും, ഇപ്പോൾ പ്രധാനമന്ത്രിയുമായ ഷാബാസ് ശരീഫുമാണ്. ഇമ്രാൻഖാൻ വെളിയിലാക്കുക എന്ന ഏക ലക്ഷ്യത്തിനാണ് ഈ രണ്ടു പാർട്ടികളും യോജിച്ചിട്ടുള്ളത്. ഈ യോജിപ്പ് എത്രനാൾ കാണുമെന്നു ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. നിലവിലെ പാർലമെൻറ്റിൻറ്റെ കാലാവധി 2023 ആഗസ്റ്റ് മാസം വരെയാണ്. സാമ്പത്തികവും, രാഷ്ട്രീയവുമായ നിരവധി പ്രശ്നങ്ങളെ അതിജീവിച് പട്ടാളത്തിന്റെ സഹായത്തോടെ അടുത്ത തെരഞ്ഞെടുപ്പുവരെ ഭരിക്കാൻ സാധിക്കുമെന്നാണ് ഷെരീഫിന്റെ പ്രതീക്ഷ. ഷെരീഫ് സഹോദരന്മാരുടെ നേതൃത്വത്തിൽ അഴിമതിക്കാരായ നേതാക്കൾ നേതൃത്വം നൽകുന്ന കക്ഷികളും, അമേരിക്കയും ചേർന്നുള്ള ഗൂഡലോചനയുടെ ഫലമായിട്ടാണ് തന്റെ സർക്കാരിനെ പുറത്താക്കിയതെന്നും, അതിനു തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്കണമെന്നതാണ് ഇമ്രാൻ ജനങ്ങളോട് ആവശ്യപ്പെട്ഫുന്നത് . ഷെരീഫ് സർക്കാരിന്റെ വീഴ്ച്ചകളെ പർവതീകരിച്ചു തനിക്കനുകൂലമാക്കി മാറ്റാനായിരിക്കും ഇമ്രാൻഖാൻറ്റെ നീക്കങ്ങൾ എല്ലാം. അതിലൂടെ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു. ഏതായാലും, രണ്ടുകൂട്ടർക്കും ഇനിയുള്ള ദിനങ്ങൾ നിർണായകമാണ്.
.
പി.എസ് .ശ്രീകുമാർ
9847173177
No comments:
Post a Comment