കളിക്കളത്തിന് വെളിയിലായി ഇമ്രാൻഖാൻ
ജനാധിപത്യ ഭരണകൂടങ്ങൾ കാലാവധി തികക്കാതെ പുറത്തുപോകുക എന്ന ദുര്യോഗം ഇമ്രാൻ ഖാൻ എന്ന നായകനും നേരിട്ടിരിക്കുകയാണ്. അദ്ദേഹവും ക്ലീൻ ബൗൾഡ് ആയിരിക്കുകയാണ്. ഇമ്രാൻ ഖാൻ പാകിസ്താന്റെ 22 ആം പ്രധാനമന്ത്രിയായി അധികാരമേറ്റത് 2018 ഓഗസ്റ്റ് 18 നു ആയിരുന്നു. നവാസ് ഷെരീഫിന്റെ ഭരണത്തിന് കീഴിൽ അഴിമതിയും, കെടുകാര്യസ്ഥതയും നടന്നു എന്ന് ആരോപിച്ചു നടത്തിയ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയും , പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെയുമാണ് അദ്ദേഹം അധികാരത്തിലേറിയത്. 342 അംഗങ്ങളുള്ള പാക്കിസ്ഥാൻ പാർലമെന്റായ നാഷണൽ അസ്സെംബ്ലിയിൽ 179 അംഗങ്ങളുടെ പിന്തുണയാണ് ഇമ്രാന് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹവും പട്ടാള മേധാവി ജാവേദ് ബജ്‌വയുമായി അത്ര രസത്തിലല്ല. കഴിഞ്ഞ വര്ഷം ബജ്‌വയുടെ കാലാവധി അവസാനിച്ചപ്പോൾ, അദ്ദേഹത്തിന് സർവീസ് നീട്ടികൊടു ക്കുന്ന ഫയൽ ആഴ്ചകളോളം പ്രധാനമന്ത്രിയുടെ ഓഫീസിൽ താമസിപ്പിച്ചു. പട്ടാള മേധാവിയുമായി ഉണ്ടായ ഈ അകൽച്ചയാണ്, ഇമ്രാൻഖാന്റെ പതനത്തിലേക്കു നയിച്ചത് .
അവിശ്വാസപ്രമേയം
കഴിഞ്ഞ മൂന്നര വർഷത്തെ ഇമ്രാൻ ഖാന്റെ ദുർഭരണം കാരണം പാകിസ്ഥാൻ സാമ്പത്തികമായി തകർന്നെന്നും, വിദേശനയത്തിലും വലിയ പാളിച്ചകൾ ഉണ്ടായെന്നും ആരോപിച്ചാണ് നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പ്രതിപക്ഷ നേതാവുമായ മിയാൻ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത് . ഇമ്രാന്റെ പാർട്ടിയായ തെഹ്‌റീക് -ഇ-ഇൻസാഫിലെ ചില അംഗങ്ങളും, ഘടക കക്ഷികളിൽ ചിലതും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭാവി തുലാസിലായി. നാഷണൽ അസ്സംബ്ലിയിൽ അവിശ്വാസ പ്രമേയം പാസ്സാകുമെന്നു മനസ്സിലാക്കിയ ഇമ്രാൻ ഡെപ്യൂട്ടി സ്പീക്കർ കാസ്സിം നൂരിയെ ഉപയോഗിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകാതെ തള്ളുകയെന്ന തന്ത്രമാണ് ആദ്യം പരീക്ഷിച്ചത്. മാത്രമല്ല, പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനും സർക്കാർ പ്രസിഡന്റിനോട് ശുപാർശ ചെയ്യ്യുകയും, അത് അംഗീകരിച്ചു പ്രസിഡന്റ് ഉടൻ തന്നെ പാർലമെന്റ് പിരിച്ചുവിടാനും മൂന്നു മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താനും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.. ഈ നടപടികളാണ് പാക്കിസ്ഥാൻ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധം എന്നു വിധിച്ചത്, മാത്രമല്ലാ, പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്‌പീക്കറുടെ നടപടി റദ്ദാക്കുകയും പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തു.
എവിടെയാണ് പിഴച്ചത്?
"പുതിയ പാക്കിസ്ഥാൻ" എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കുമെന്നു വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ ഇമ്രാൻ സർക്കാർ , മൂന്ന് വര്ഷം കഴിഞ്ഞപ്പോഴേക്കും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം കുതിക്കുകയാണ്. 2022 ജനുവരിയിൽ 12 ശതമായി ഉയർന്ന പണപ്പെരുപ്പം ഇപ്പോൾ, 16 ശതമാനമായി വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിലകളും ക്രമാതീതമായി ഉയരുകയാണ്. മൊത്തം ഇറക്കുമതിയുടെ ഏകദേശം 16 ശതമാനം ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയാണ്. ഗോതമ്പ് ,പാൽ,അരി,പഞ്ചസാര, ഉള്ളി, കിഴങ്ങു തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും, പെട്രോളിയം ഉത്പന്നങ്ങൾക്കും ദിനം പ്രതി വില വർധിക്കുകയാണ്. മതമല്ല, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഓരോ ദിവസവും കുറയുകയാണ്. ഒരു അമേരിക്കൻ ഡോളർ 200 പാക്കിസ്ഥാൻ രൂപയായി കുറഞ്ഞു. തൊഴിലില്ലായ്മ പാക്കിസ്ഥാൻ ചരിത്രത്തിലാദ്യമായി 31 ശതമാനമായി വർധിച്ചു.കഴിഞ്ഞ കുറെ വര്ഷങ്ങളായി കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിക്കൂട്ടുകയായിരുന്നു. ഗ്വാദർ തുറമുഖ നിർമാണം ഉൾപ്പെടെയുള്ളയുള്ള ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമാണത്തിനായി 47 ബില്യൺ അമേരിക്കൻ ഡോളറാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും, അതിപ്പോൾ 64 ബില്യൺ ഡോളർ ആയി വർധിച്ചു. എന്നിട്ടും നിർമാണം പകുതി പോലും ആയില്ല.മൊത്തം വിദേശ കടം 20 ത്രില്ലിയൺ ഡോളർ ആയി വർധിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള കയറ്റുമതിയോ ഉത്പ്പാദനമോ, വർധിച്ചതുമില്ല. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ ധന കമ്മിയും ഉയരുകയാണ്. 2022 ജനുവരിയിലെ സ്ഥിതി വിവര കണക്കുകൾ പ്രകാരം 256 കോടി ഡോളറാണ് ധന കമ്മി. ഉയർന്ന പലിശക്ക് വാങ്ങുന്ന വിദേശ കടങ്ങൾ പാകിസ്താനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുമോ എന്നാണ് സാധാരണ ജനങ്ങൾ ഇപ്പോൾ ഭയപ്പെടുന്നത്.
മുന്നോട്ടുള്ള വഴി എങ്ങിനെ ?
സുപ്രീം കോടതി വിധി അനുസരിചാണ് ശനിയാഴ്ച നാഷണൽ അസംബ്‌ളി കൂടി അവിശ്വാസം പ്രമേയം ചർച്ചക്കെടുത്തത് . പ്രമേയം ചർച്ചക്ക് എടുത്താൽ ഇമ്രാൻ ഖാൻ സർക്കാർ പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ വോട്ടെടുപ്പ് കഴിയുന്നത്ര നീട്ടുവാനും, പറ്റുമെങ്കിൽ ഒഴിവാക്കുവാനും, സ്പീക്കറുടെ സഹായത്തോടെ ഇമ്രാൻഖാൻ പരമാവധി ശ്രമിച്ചു. അമേരിക്കയുടെ ഇടപെടലിലാണ് തന്നെ പുറത്താക്കുന്നതെന്നാണ് അദ്ദേഹം ശക്തമായി ആരോപിക്കുന്നത്. ഒടുവിൽ പട്ടാള മേധാവിയുടെ ഭീഷണിക്ക് വഴങ്ങിയാണ് ശനിയാഴ്ച അർധരാത്രിക്കുശേഷം വിശ്വാസപ്രമേയത്തിന്മേൽ വോട്ടെടുപ്പ് നടന്നത്. ഇമ്രാൻ ഖാനും ഭരണ പക്ഷവും ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 174 വോട്ടണ് ലഭിച്ചത് . അങ്ങിനെ പാകിസ്താന്റെ ചരിത്രത്തിൽ ആദ്യമായി അവിശ്വാസ പ്രമേയ ചർച്ചയിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി. ഇതിനു മുമ്പൊക്കെ കോടതിയുടെയോ, പട്ടാളത്തിന്റെയോ ഇടപെടലിലാണ് പ്രധാന മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നിട്ടുള്ളത്. പനാമ പേപ്പർ വിവാദത്തിൽപെട്ട് കോടതിയുടെ ശിക്ഷ അനുഭവിക്കുന്ന നവാസ് ഷെരീഫിന് ഉടനെയൊന്നും പാകിസ്ഥാനിൽ അധികാരത്തിലെത്താൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് നവാസ് ഷെരീഫിന്റെ സഹോദരനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ഷഹ്ബാസ് ഷെരീഫിനെ പ്രതിപക്ഷത്തുനിന്നും പ്രധാനമന്ത്രിയായി നിർദേശിച്ചത് . അധികാരത്തിലേറുന്നതുമുതൽ, പാർലമെന്റിന്റെ ബാക്കിയുള്ള കാലാവധിയായ 2023 ആഗസ്റ് വരെ
അദ്ദേഹത്തിന് ആ സ്ഥാനത്തു തുടരുവാൻ സാധിക്കും. പട്ടാളത്തിനും, അമേരിക്കക്കും, ചൈനക്കും ഒരുപോലെ ഇഷ്ടമുള്ള നേതാവാണ് ഷഹ്ബാസ് ഷെരീഫ് . തകർന്ന സമ്പത്ഘടന ശരിയാക്കുക, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ഭീകര സംഘടനകളെ നിലക്ക് നിർത്തുക എന്നിവയാണ് അദ്ദേഹം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങൾ.
പി.എസ് .ശ്രീകുമാർ
9847173177
No comments:
New comments are not allowed.