സബർബൻ റെയിൽ
ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് പകരമായി ഉമ്മൻ ചാണ്ടി സർക്കാർ 2013 ൽ അവതരിപ്പിച്ച പദ്ധതിയാണ് സബർബൻ റെയിൽ. ദേശീയ പാതയിലെ തിരക്കും, അതിനെത്തുടർന്നുണ്ടാകുന്ന അപകടങ്ങളും, യാത്ര ക്ലേശങ്ങളും ഒഴിവാക്കുന്നതിനൊപ്പം , ഹൈ സ്പീഡ് റെയിൽ നിർമിക്കുന്നതിൽ ഉണ്ടാകുന്ന കനത്ത ചെലവും, സ്ഥലം ഏറ്റെടുക്കലിലൂടെ ഉണ്ടാകുന്ന വ്യാപകമായ കുടിയൊഴിപ്പിക്കൽ എന്നിവ ഒഴിവാക്കുന്നതിനുമാണ് സബർബൻ റെയിൽ പദ്ധതി യു ഡി എഫ് സർക്കാർ കൊണ്ടുവന്നത്. ആദ്യ ഘട്ടമായി, തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള 126.76 കി.മീ ദൂരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഉദ്ദേശിച്ചത്. ഈ പദ്ധതി സംബന്ധിച്ച പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത് മുംബൈ റെയിൽ വികാസ് കോർപറേഷനെ ആയിരുന്നു. അധികമായി ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നത് 70 ഏക്കർ മാത്രമായിരുന്നു. ഇതുതന്നെ സ്റ്റേഷൻ നവീകരണത്തിനും, യാർഡ് നിര്മാണത്തിനുമായിരുന്നു. അന്നത്തെ കണക്കനുസരിച്ചു 1943 കോടി രൂപയായിരുന്നു ആദ്യഘട്ടത്തിലെ പൈലറ്റ് പദ്ധതിയുടെ ചെലവ്. ഈ എസ്റ്റിമേറ്റ് പിന്നീട്[ 2016 ൽ ] 3063.79 കോടി രൂപയായി പുതുക്കിയിരുന്നു. ഇക്കാര്യത്തിനായി , സംസ്ഥാന സർക്കാരും, ഇന്ത്യൻ റെയ്ൽവേയുമായി 49 :51 അനുപാതത്തിൽ റാപിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിൽ ഒരു പ്രത്യേക സംയുക്ത സംരംഭം രൂപീകരിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടം പൂർത്തീകരിച്ചശേഷം, എറണാകുളംവരെയുള്ള രണ്ടാം ഘട്ടവും, കണ്ണൂർ വരെയുള്ള മൂന്നാം ഘട്ടവുമാണ് ലക്ഷ്യമിട്ടിരുന്നത്.
ഇതിനോടൊപ്പം, റയിൽവേയുടെ നിലവിലുള്ള സിഗ്നലിങ് സംവിധാനം മാറ്റി, ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനാമാക്കുവാനും, ലൈനിലുള്ള വളവുകൾ [തിരുവനന്തപുരം മുതൽ ഷൊറണൂർ വരെ 16 വളവുകൾ ] നീക്കുവാനും ഉദ്ദേശിച്ചിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സബർബൻ റയിലിന്റെ ആവശ്യത്തിനായി വേണ്ടിയിരുന്നത് 300 ഏക്കർ സ്ഥലവും, 15000 കോടി രൂപയുമായിരുന്നു.
അതേസമയം, എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതിക്ക് പണി പൂർത്തിയാകുമ്പോഴേക്കും രണ്ടു ലക്ഷം കോടി രൂപയും, 1383 ഹെക്ടർ സ്ഥലവുമാണ് ആവശ്യമായി വരികയാണ്. മാത്രമല്ല, ഇരുപത്തിനായിരത്തിൽ പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയും ചെയ്യും. ഇതിനുപുറമേ , കേരളത്തിന്റെ പാരിസ്ഥിതി വ്യവസ്ഥയെ ആകെ തകർക്കുന്നതും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. നിലവിലുള്ള റെയിൽവേ ലൈനിലൂടെയാണ് സബർബൻ ട്രെയിനുകൾ ഓടിക്കുക. എല്ലാ അനുമതികളും ലഭ്യമായാൽ, മൂന്നു വർഷംകൊണ്ട് പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നു .
ഇപ്പോൾ നിലനിൽക്കുന്ന സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആക്കി മാറ്റുക, റെയിൽവേ ലൈനിലെ വളവുകൾ നേരെയാക്കുക , പ്ലാറ്റുഫോമുകൾ പുതുക്കി പണിയുക എന്നിവയാണ് പൂർത്തീകരിക്കേണ്ട പ്രധാന ജോലികൾ.അതോടെ നിലവിൽ ഓടുന്ന ട്രെയിനുകളുടെ വേഗത വര്ധിപ്പിക്കുന്നതിനൊപ്പം, ഇരുപതോളം മെമു മോഡൽ ട്രെയിനുകൾ 20 മിനിറ്റ് ഇടവിട്ട് 160 കി.മീ സ്പീഡിൽ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതി പൂർത്തീകരിച്ച ശേഷം, ഘട്ടം ഘട്ടമായി കണ്ണൂർവരെ പൂർത്തിയാക്കാനായിരുന്നു വിഭാവനം ചെയ്തത്. 125 കി. മീ. നു 1943 കോടി രൂപവച്ചു, 530 കി.മീ പൂർത്തിയാക്കാൻ പതിനയ്യായിരം കോടി രൂപയും 300 ഏക്കർ സ്ഥലവും അധികമായി വേണ്ടിവരികയുള്ളു.
No comments:
Post a Comment