അനുകമ്പയുടെ മുഖമായിരുന്ന ജസീന്ത
യുവ ഭരണാധികാരികളിൽ ശ്രദ്ധേയയായ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡീൻ, താൻ രാജിവയ്ക്കുകയാണെന്നും, അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചത് അത്ഭുതത്തോടെയാണ് ലോകം കേട്ടത്. അഞ്ചര വർഷക്കാലമാണ് അവർ പ്രധാനമന്ത്രിസ്ഥാനത്തിരുന്നത്. 2017 ൽ 37 ആം വയസ്സിൽ ആദ്യമായി പ്രധാനമന്ത്രിയാകുമ്പോൾ, ഏറ്റവും പ്രായം കുറഞ്ഞ ലോകനേതാവ് അവരായിരുന്നു. . അധികാരത്തോടൊപ്പം ഉത്തരവാദിത്വവും നിർവ ഹിക്കപ്പെടണമെന്നും, അതിനു പറ്റിയതും, പറ്റാത്തതുമായ അവസരം ഏതാണെന്നു മനസ്സിലായെന്നും, പ്രധാനമന്ത്രി സ്ഥാനത്തോട് നീതി പുലർത്താൻ തനിക്കു സാധിക്കാതെ വന്നതിനാലാണ് ഉത്തരവാദിത്വം ഒഴിയുന്നതെന്നും പ്രഖ്യാപിച്ച അവർ, കുടുംബത്തോടൊപ്പമുള്ള ജീവിതത്തിനാണ് ഇനിയുള്ള നാളുകളിൽ പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി.
2008 ലാണ് അവർ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്കു മത്സരിച്ചു വിജയിച്ചത്. ആത്മാർത്ഥമായ പ്രവർത്തനം കൊണ്ട് ലേബർ പാർട്ടി അണികളുടെ പ്രീതി പിടിച്ചുപറ്റുവാനും, ഒരു ദശാബ്ദം പൂർത്തിയാകുന്നതിനു മുമ്പ് ലേബർ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയാകുവാനും അവർക്കു സാധിച്ചു. ന്യൂസിലൻഡിലെ തദ്ദേശീയരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായ മൗറികൾ, ഭിന്നലിംഗക്കാർ, സ്വവർഗാനുരാഗികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്കുകൊടുത്തതിനാൽ തെരഞ്ഞെടുപ്പിൽ ആ വിഭാഗങ്ങളൊക്കെ ജസീന്തയോടൊപ്പം നിന്നു.
സമാധാന ദൂതുമായി ക്രൈസ്റ്റ് ചർച്ചിൽ
ജസീന്തയുടെ നേതൃപാടവം തെളിയിച്ച സംഭവമായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ കൂട്ടകൊലപാതകം. 2019 ൽ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിൽ പ്രാർത്ഥനക്കെത്തിയ 51 മുസ്ലിം മത വിശ്വാസികൾ ഒരു വര്ണവെറിയൻറ്റെ നിറതോക്കിന് മുംബിൽ പിടഞ്ഞു വീണപ്പോൾ, ശാന്തിമന്ത്രവുമായി ഓടിയെത്തി സമാധാനത്തിനു മുന്നിട്ടിറങ്ങിയ ജസീന്തയുടെ പ്രവർത്തനങ്ങൾ ലോക ജനത ശ്രദ്ദിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ഒരാളെപ്പോലെ ഹിജാബ് ധരിച്ചാണ് അവർ ആശ്വാസവാക്കുകളുമായി എത്തിയത്. സംസ്ക്കാരത്തിന്റെ മുഴുവൻ ചിലവും സർക്കാർ വഹിച്ചതിനു പുറമേ, ഓട്ടോമാറ്റിക് റൈഫിളുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തികൊണ്ടു ലൈസൻസ് നിയമങ്ങൾ മാറ്റുവാനും ജസീന്ത ഉടൻതന്നെ തയ്യാറായി. ജസീന്തയുടെ നടപടികൾ, വെടിവെപ്പിനെ തുടർന്ന് ഉണ്ടാകുമായിരുന്ന വർഗീയ സംഘര്ഷങ്ങൾ ഒഴിവാക്കുവാൻ സഹായിച്ചു. കത്തിപ്പടരാണ് സാധ്യതയുണ്ടായിരുന്ന ഒരു സംഭവം സമചിത്തതയോടെയും വിദ്യോഷരഹിതമായും കൈകാര്യം ചെയ്തതിലൂടെ ഇസ്ലാമിക വിശ്വാസികളുടെ മാത്രമല്ല, ലോകത്തെ പുരോഗമന വാദികളുടെയും സോഷ്യലിസ്റ്റ് ചേരിയുടെയും ബിംബമായി മാറുവാൻ ജസീന്തക്കു കഴിഞ്ഞു.
മാതൃത്വത്തിനു നൽകിയ പ്രാധാന്യം
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ സഹാനുഭൂതിയും, ആർദ്രതയും ഉള്ള, ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുന്ന, നേതാവായി അവർ മാറി. ബേനസീർ ഭുട്ടോക്കുശേഷം, അധികാരത്തിലിരിക്കുമ്പോൾ തന്നെ മാതൃത്വത്തെ ഉൾക്കൊണ്ടുകൊണ്ട്, ഒരു കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു അവർ . തന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു ഐക്യ രാഷ്ട്രസഭയിൽ എത്തിയതോടെ അവർ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. മൂന്നു മാസം പ്രായമായ മകൾ നേവയെയും , ജീവിത പങ്കാളിയെയും കൂട്ടിയാണ് അവർ നെൽസൺ മണ്ടേല സമാധാന ഉച്ചകോടിക്ക്, 2018 ൽ പോയത്. ഇത് ജീവിതത്തിലെ സ്വാഭാവികമായ കാര്യമാണെന്നും, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനായിട്ടാണ് അങ്ങിനെ ചെയ്തതെന്നുമാണ് അന്ന് അവർ പറഞ്ഞത്.
കോവിഡിനെതിരെയുള്ള പ്രതിരോധം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയും കോവിഡിനെ തീരെ പോരാടാതെ ജനങ്ങളെ കോവിഡ് മരണത്തിന് വിട്ടുകൊടുത്തപ്പോൾ, അതിനെതിരെ, ആദ്യ കാലഘട്ടത്തിൽ തന്നെ ശക്തമായ നടപടികൾ എടുത്ത നേതാവായിരുന്നു ജസിന്ത. ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ്, ന്യൂസിലണ്ടിന്റ്റെ അതിർത്തികൾ അടയ്കുകയും, ശക്തമായ ക്വാറന്റയിൻ നിബന്ധനകൾ നടപ്പിൽ വരുത്തുകയും ചെയ്തു. അതിനു പുറമെ കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രിയമായ വസ്തുതകൾ ജനങ്ങളെ നിരന്തരം അറിയിച്ചുകൊണ്ടിരുന്നു. ഇങ്ങനെയുള്ള നടപടികളിലൂടെ കോവിഡ് മരണം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നായി ന്യൂസിലൻഡ് മാറി. ഈ നേട്ടങ്ങളുടെ അംഗീകാരമായാണ് 2020 ലെ തെരഞ്ഞെടുപ്പിൽ വർധിച്ച ഭൂരിപക്ഷത്തോടെ, അവരുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ ഏറ്റിയത്.
വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ട് പോയോ?
2017 ലെയും, 2020 ലെയും തെരഞ്ഞെടുപ്പുകളിൽ നിരവധി വാഗ്‌ദാനങ്ങൾ അവർ ജനങ്ങൾക്ക് നൽകിയിരുന്നു. ജനങ്ങൾക്ക് പ്രാപ്യമായ വിലയ്ക്ക് ഒരുലക്ഷം വീടുകൾ നിർമിച്ചു നൽകും എന്നതായിരുന്നു ഒന്ന്. എന്നാൽ ആയിരം വീടുകൾ പോലും നിര്മിച്ചുനൽകാൻ സാധിച്ചില്ല. മാത്രമല്ല, പലിശനിരക്ക് വർധിച്ചതോടെ വീടുകൾ സ്വന്തമാക്കുക എന്ന സ്വപ്നം സാധാരണക്കാർക്ക് അപ്രാപ്ര്യമായി മാറി. കുട്ടികളുടെ ഇടയിലുള്ള ദാരിദ്ര്യം ഇല്ലായ്മ ചെയ്ത് , ദാരിദ്ര്യമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ഒരു രാജ്യമാക്കി ന്യൂസിലൻഡിനെ മാറ്റും എന്നും അവർ വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ തദ്ദേശീയരായ മൗറികൾ ഉൾപ്പെടെയുള്ള മേഖലകളിലെ ജനങ്ങളിൽ ദാരിദ്ര്യം വര്ധിച്ചതായിട്ടാണ് പഠനങ്ങൾ പുറത്തുവന്നത്. കുട്ടികളുടെ ഇടയിലുള്ള ദാരിദ്ര്യം അഞ്ചുമടങ്ങു വർധിച്ചു. 30,000 കുട്ടികൾ രാജ്യത്തു ദാരിദ്ര്യം അനുഭവിക്കുന്നു എന്ന കണക്കുകൾ പുറത്തുവന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതയിൽ ശക്തമായ ക്വാറന്റയിൻ വ്യവസ്ഥകളും, അടച്ചിടലും മാസങ്ങളോളം നീണ്ടുപോയപ്പോൾ, വാണിജ്യ-വ്യാവസായിക മേഖലകൾ വലിയ തിരിച്ചടികൾ നേരിട്ടു. നിരവധിപേർക്കാണ് തൊഴിലും, വരുമാനവും നഷ്ടപ്പെട്ടത്. പശ്ചാത്തല വികസനത്തിനുള്ള പദ്ധതികൾ നടപ്പിലാക്കുവാൻ സാധിച്ചില്ല. പണപ്പെരുപ്പം ഉയർന്നു. ഭക്ഷണ പദാർത്ഥങ്ങളുടെ വില പന്ത്രണ്ടു ശതമാനം വർധിച്ചു.
തെരഞ്ഞെടുപ്പ് സമയത്തു നൽകിയ മറ്റൊരു വാഗ്‌ദാനം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടതായിരുന്നു. ആഗോളതാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉൾക്കടൽ എണ്ണ കിണറുകൾ പുതിയതായി ആരംഭിക്കുകയില്ലെന്നും, സീറോ കാർബൺ ആക്റ്റ് ശക്തമായ രീതിയിൽ നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. ഈ വാഗ്‌ദാനങ്ങളൊക്കെ നടപ്പിലാക്കുന്ന കാര്യത്തിൽ ജസീന്തക്കു കാര്യമായി മുന്നോട്ടു പോകുവാൻ സാധിച്ചില്ല. അതോടെ അവരുടെ ജനസമ്മതിയിൽ ഇടിവുണ്ടായി. അടുത്തിടെ നടന്ന അഭിപ്രായ സർവ്വേകളിലെ ഫലം , ജസീന്തയുടെ ജനസമ്മതിയിൽ 20 ശതമാനം കുറവുണ്ടായി എന്നാണ് . പ്രധാന പ്രതിപക്ഷ പാർട്ടിയായ നാഷണൽ പാർട്ടിയേക്കാൾ ഏകദേശം 6 ശതമാനം പിറകിലാണ് ജസീന്തയുടെ ലേബർ പാർട്ടി. ഒരുപക്ഷെ ജനങ്ങളുടെ മനസ്ഥിതിയിൽ വന്ന മാറ്റം അവരുടെ രാജിക്ക് പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കുകയില്ല.
പി.എസ.ശ്രീകുമാർ
9847173177
