Wednesday, 25 January 2023

 


                                             നേപ്പാൾ: മൂന്നാമൂഴവുമായി പ്രചണ്ഡ 

പി.എസ്‌ .ശ്രീകുമാർ 


ചെറുതാണ്  മനോഹരം എന്ന്   പറഞ്ഞ   പ്രസിദ്ധ ബ്രിട്ടീഷ്   സാമ്പത്തിക ശാസ്ത്രജ്ഞനായ  ഏർണെസ്ട്  ഫ്രഡറിച് ഷുമച്ചേറിൻറ്റെ    ഉദ്ധരണിയെ  അന്വർഥമാക്കിക്കൊണ്ടാണ്‌,      തൊണ്ണൂറുകളിൽ   നേപ്പാളിലെ  രാജഭരണത്തിനെതിരെ   ആയുധമേന്തി   പടപൊരുതാൻ  നേതൃത്വം കൊടുത്ത   പ്രചണ്ഡ പ്രധാന മന്ത്രി കസേരയിൽ  മൂന്നാമതും എത്തിയിരിക്കുന്നത് .  275  അംഗങ്ങളുള്ള നേപ്പാൾ പാർലമെൻറ്റിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ  32  സീറ്റുകൾ മാത്രമാണ്    പ്രചണ്ഡ എന്ന പുഷ്പ കുമാർ ദഹ്ൽ  നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ  [മാവോയിസ്റ്] ന്  ലഭിച്ചത്.  ഭരണ സഖ്യത്തിലെ വലിയ കക്ഷിയായ  കെ.പി. ശർമ്മ ഒലി  നേതൃത്വം നൽകുന്ന  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ[യു എം എൽ ] നു 78  അംഗങ്ങളാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. മറ്റ്‌  6  ചെറു പാർട്ടികൾ കൂടി ഇപ്പോഴത്തെ ഭരണ സഖ്യത്തിലുണ്ട്.  എന്നാൽ  നവംബർ മാസത്തിൽ നടന്ന  തെരഞ്ഞെടുപ്പിൽ  പ്രചണ്ഡയുടെ പാർട്ടി മത്സരിച്ചത്  ഈ സഖ്യത്തോടൊപ്പമല്ലായിരുന്നു.  നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ  ഉണ്ടായിരുന്ന  സഖ്യത്തിൻറ്റെ   ഭാഗമായാണ്  പ്രചണ്ഡയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  89  സീറ്റ് ലഭിച്ച നേപ്പാളി  കോൺഗ്രസ്സിൻറ്റെ  നേതൃത്വത്തിൽ  ഈ സഖ്യത്തിന്  136   സീറ്റോടെ  കേവല ഭൂരിപക്ഷം   ലഭിച്ചു.  ചതുരംഗ പലകയിൽ കരുക്കൾ നീക്കുന്നതുപോലെ  പ്രധാനമന്ത്രി കസേരയിലേക്കുള്ള പ്രയാണത്തിന്റ്റെ  ഭാഗമായുള്ള കരുക്കൾ നീക്കിയാണ് ,  തെരഞ്ഞെടുപ്പിന് ശേഷം പ്രചണ്ഡ  നേപ്പാളി കോൺഗ്രസ് സഖ്യത്തിൽ നിന്നും പുറത്തു ചാടി  കെ.പി.ശർമ്മ ഒലി  നേതൃത്വം നൽകുന്ന സഖ്യത്തിലേക്കു എത്തി ചേർന്നത് .  വിപ്ലവകാരിയായ  നേതാവിൽനിന്നും ,അവസരവാദ രാഷ്ട്രീയത്തിന്റ്റെ  പ്രയോക്താവായാണ് പ്രചണ്ഡ മാറിയത്. 2008 ൽ രാജഭരണം അവസാനിച്ച ശേഷമുള്ള  അവസരവാദ  രാഷ്ട്രീയത്തിൻറ്റെ    തുടർച്ചയായാണ്  പ്രധാനമന്ത്രി കസേരയിലേക്കുള്ള  പ്രചണ്ഡയുടെ ഇപ്പോഴത്തെ കടന്നുവരവ്.

ആദ്യ പ്രധാനമന്ത്രിപദം 2008 ൽ 

രാജഭരണം അവസാനിച്ച ശേഷം 2008 ൽ  ഭരണഘടനാ സമിതിയിലേക്ക്            നടത്തിയ  തെരഞ്ഞെടുപ്പിലാണ്  പ്രചണ്ഡ ആദ്യമായി  പ്രധാനമന്ത്രിയായത്. അതുവരെയും  ഒളിപ്പോരും, വിപ്ലവുമായി രാഷ്ട്രീയത്തിൽ നിന്ന,  പ്രചണ്ഡക്ക്  ഭരണത്തിൽ യാതൊരുവിധ മുന്പരിചയവുമില്ലായിരുന്നു.  ആ ഒരു പോരായ്‌മ അദ്ദേഹത്തിന്റെ ഭരണത്തെ ബാധിച്ചു.  ഒളിപ്പോരുമായി പ്രചണ്ഡ നടന്ന കാലത്തു  അറസ്റ്റിലായ  20,000 ത്തോളം മാവോയിസ്റ്  പ്രവർത്തകരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ  2009 ൽ അദ്ദേഹം ഉത്തരവ് കൊടുത്തു. എന്നാൽ പട്ടാള മേധാവി അതിനു തയ്യാറായില്ല.  തൻറ്റെ  ഉത്തരവ് അനുസരിക്കാത്ത    പട്ടാള മേധാവിയെ മാറ്റാൻ ഉടൻതന്നെ അദ്ദേഹം  ഉത്തരവ് പുറപ്പെടുവിച്ചു.പ്രചണ്ഡയുടെ ഉത്തരവ് അന്നത്തെ പ്രസിഡന്റ് ആയിരുന്ന റാം  ബാരൻ  യാദവ്  റദ്ദാക്കി. അതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു ഒഴിഞ്ഞു.

നേപ്പാളി കോൺഗ്രസ്സിൻറ്റെ  തോളിലേന്തിയുള്ള  രണ്ടാം ഭരണം 

2016 ലാണ് അദ്ദേഹം രണ്ടാമത് പ്രധാനമന്ത്രിയായത്.   കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ [യു എം എൽ ] നേതാവ് കെ.പി.ശർമ്മ ഒലി  രാജിവച്ചതിന് തുടർന്ന്, നേപ്പാളി കോൺഗ്രസ്, മധേസി ഫ്രണ്ട് എന്നീ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെയാണ് അദ്ദേഹം പ്രധാന മന്ത്രി സ്ഥാനത്തു വീണ്ടും എത്തിയത്.നേപ്പാളി കോൺഗ്രസുമായുള്ള കരാറിന്റ്റെ  അടിസ്ഥാനത്തിൽ ഒരു വർഷത്തിന് ശേഷം 2017  മേയ്  മാസത്തിൽ  പ്രചണ്ഡ രാജിവെക്കുകയും നേപ്പാളി  കോൺഗ്രസ്   നേതാവ് ഷേർ ബഹാദൂർ ദൂബാ  പ്രധാനമന്ത്രിയാകുകയും ചെയ്തു.

2017 ൽ തെരഞ്ഞെടുപ്പ് വന്നപ്പോളേക്കും പ്രചണ്ഡ കളം  മാറ്റി ചവുട്ടി. കെ.പി.ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ[യു എം എൽ ]മായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച്ചു  വിജയിച്ചു സർക്കാർ രൂപീകരിച്ച്ചു .  2018 ൽ  ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ലയിച്ചു ഒരു പാർട്ടിയായി മാറി.  പ്രധാനമന്ത്രി സ്ഥാനം പങ്കിടാമെന്നും, രണ്ടു പേരും ഒന്നായ പാർട്ടിയുടെ കോ-ചെയർമാന്മാരായി  പ്രവർത്തിക്കുമെന്നും ധാരണ ഉണ്ടാക്കി.  എല്ലാ ധാരണകളും കാറ്റിൽ പറത്തിക്കൊണ്ട്  ശർമ്മ ഒലി  ഭരണത്തിൽ പിടിമുറുക്കി. അതോടെ ശർമ്മ ഒലിയും  പ്രചണ്ഡയും  തമ്മിൽ തെറ്റി. പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്നും  ശർമ്മ ഒലിയെ  നീക്കം ചെയ്തു. യു എം എൽ -മാവോയിസ്ററ്  ലയനത്തിനെതിരെ ഉണ്ടായ കേസിൽ  ലയനത്തിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ശർമ്മ ഒലിക്കെതിരെ പ്രചണ്ഡയുടെ നേതൃത്വത്തിൽ പാർലമെന്റ്റിൽ  അവിശ്വാസ പ്രമേയം പാസ്സാക്കിയതോടെ ഒലിയുടെ  പ്രധാനമന്ത്രി കസേര തെറിച്ചു.  സുപ്രീം കോടതി വിധിയുടെയും, പ്രചണ്ഡ ഉൾപ്പെടെയുള്ള ഒലി  വിരുദ്ധ പാർട്ടികളുടെയും പിന്തുണയോടെ  ഷേർ ബഹദൂർ ദൂബാ  പ്രധാനമന്ത്രിയായി.  അദ്ദേഹത്തിന്റെ  നേതൃത്വത്തിലുള്ള സർക്കാർ 2022  അവസാനം തെരഞ്ഞെടുപ്പ് നടക്കുന്നവരെ അതുകാരത്തിൽ തുടർന്നു.

പ്രചണ്ഡയുടെ പാർട്ടിയും  ദൂബെയുടെ  നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് 2022  നവംബർ  മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.  അഞ്ചു  വർഷ കാലാവധിയിൽ,  പ്രധാനമന്ത്രി സ്ഥാനം പകുതി സമയം വച്ച് പങ്കിറ്റെടുക്കാമെന്നു പ്രചണ്ഡയും, ദൂബെയുമായി  ധാരണ ഉണ്ടാക്കിയെങ്കിലും, ആദ്യ പകുതി തനിക്കു വേണമെന്ന് പ്രചണ്ഡ നിർബന്ധം പിടിച്ചതോടെ സഖ്യം തകർന്നു.  പ്രധാനമന്ത്രി കസേരയിലെ ആദ്യ അവസരം പ്രചണ്ഡക്കു നൽകാമെന്ന്  ശർമ്മ ഒലി  പ്രചണ്ഡയുമായി ധാരണ ഉണ്ടാക്കി.  അങ്ങിനെയാണ് മൂന്നാം വട്ടം പ്രധാനമന്ത്രിയായി  പ്രചണ്ഡ അധികാരത്തിലെത്തിയത്.  

ഇന്ത്യയുമായുള്ള ബന്ധം   

രാജഭരണത്തിനെതിരെ  പ്രചണ്ഡയുടെ നേതൃത്വത്തിൽ മാവോയിസ്‌റ്റുകൾ  ഒളിയുദ്ധം  നടത്തിയ അവസരത്തിൽ  പ്രചണ്ഡയും അദ്ദേഹത്തിന്റെ പാർട്ടിയിലെ പ്രധാന നേതാക്കളും ഒളിവിൽ കഴിഞ്ഞത് ഇന്ത്യയിലായിരുന്നു. എന്നാൽ അദ്ദേഹം  2008 ൽ  പ്രധാനമന്ത്രിയായപ്പോൾ, ആദ്യം സന്ദർശിച്ച രാജ്യം ചൈനയായിരുന്നു. അതുവരെ നേപ്പാളി ഭരണാധികാരികൾ തുടർന്ന് വന്ന കീഴ്വഴക്കങ്ങൾ  ലംഘിച്ചുകൊണ്ടാണ്  അന്ന് അദ്ദേഹം ചൈന സന്ദർശനം നടത്തിയത്.   ചൈന അനുകൂല നിലപാടാണ്  അന്ന്   അദ്ദേഹം സ്വീകരിച്ചത്.    ഇന്ത്യമായുള്ള  കരാറുകളൊക്കെ റദ്ദാക്കണമെന്ന് ഉൾപ്പെടെയുള്ള ഇന്ത്യ-വിരുദ്ധ നിലപാടുകൾ നേപ്പാൾ-ഇന്ത്യ ബന്ധത്തെ ദോഷകരമായി ബാധിച്ചു. പ്രചണ്ഡക്കെതിരെ ഇന്ത്യയും അന്ന് കരുക്കൾ നീക്കിയിരുന്നു. പിന്നീട്  നേപ്പാളി കോൺഗ്രസ്സുമായി പ്രചണ്ഡ സഖ്യമുണ്ടാക്കിയപ്പോൾ ഇന്ത്യയോടുള്ള നിലപാടിൽ കുറെ മാറ്റങ്ങൾ ദൃശ്യമായി.

 പ്രചണ്ഡയേക്കാൾ  ചൈനയുമായി കൂടുതൽ ബന്ധമുള്ളത് ശർമ്മ ഒലിക്കാണ്. ഒലിയും  പ്രചണ്ഡയും തമ്മിലുള്ള ധാരണ എത്രനാൾ തുടരുമെന്നാണ് ആർക്കും പ്രവചിക്കാൻ സാധിക്കുകയില്ല. ഇത് അറിയാവുന്ന പ്രചണ്ഡ പഴയതുപോലെ ഇന്ത്യയെ ശത്രു പക്ഷത്തു നിർത്താൻ സാധ്യതയില്ല.  ഒലിയുടെ  ഭരണകാലത്താണ്, ഇന്ത്യയുടെ ഭാഗമായ ലിമ്പിയാധുര, കാലാപാനി,ലിപുലേഖ് തുടങ്ങിയ ഭാഗങ്ങൾ നേപ്പാളിന്റ്റെതാണെന്ന്  അവകാശപ്പെട്ടുകൊണ്ട്  പുതിയ ഭൂപടം  പാർലമെന്റ് കൂടി പാസാക്കുകയും,ഇന്ത്യയുമായി കുറി നാൾ വാക്‌പോര് നടത്തുകയും ചെയ്തത്.ഈ പ്രശ്നങ്ങൾ,  പ്രചണ്ഡ സമാധാന പൂർവം   നയതന്ത്ര തലത്തിൽ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേപ്പാളിൻറ്റെ  ഏറ്റവും വലിയ  വാണിജ്യ ഇടപാടുകൾ ഇന്ത്യയുമായാണ്.  ആ രാജ്യത്തിൻറ്റെ  കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും  ഏറ്റവും വലിയ സ്രോതസ് കൽക്കട്ട തുറമുഖമാണ്.   ഇരു രാജ്യങ്ങളും തമ്മിലുള്ള  വാണിജ്യ ഇടപാട്  2018-19 ൽ  57858 കോടി രൂപയുടേതായിരുന്നു. അതിൽ 54300  കോടിയും ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതിയായിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾ മുതൽ മരുന്നുകൾ വരെയുള്ളവക്ക്  നേപ്പാൾ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. അതിനാൽ  പഴയപോലെയുള്ള ഇന്ത്യാ  വിരുദ്ധ നിലപാടുമായി പ്രചണ്ഡ  പോകാൻ സാധ്യതയില്ല.  അതുകൊണ്ടുതന്നെയാണ്  തൻറ്റെ  ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരിക്കുമെന്ന്   ആദ്യ പത്ര സമ്മേളനത്തിൽ  അദ്ദേഹം  പ്രഖ്യാപിച്ചത്. 


പി.എസ് .ശ്രീകുമാർ 9847173177 









No comments:

Post a Comment