ലോകത്തിൻറ്റെ ശബ്ദമായി മാറാനുള്ള അവസരം
വികസിത രാജ്യങ്ങളുടേയും, വികസ്വര രാജ്യങ്ങളുടെയും കരുത്തുറ്റ കൂട്ടായ്മയാണ് ജി-20 . 1999 ൽ ധനകാര്യ മന്ത്രിമാരുടെയും, അതാതു രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് ഗവർണർമാരുടേയും സമ്മേളനമായിട്ടായിരുന്നു ഇതിൻറ്റെ തുടക്കം. 1997-99 ലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനായി വികസ്വര രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരുമായും, കേന്ദ ബാങ്ക് ഗവര്ണര്മാരുമായും ചർച്ചചെയ്തു പരിഹാരം കണ്ടെത്തണമെന്ന ജി-7 ധനകാര്യ മന്ത്രിമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 1999 ൽ ഇങ്ങനെയൊരു കൂട്ടായ്മക്ക് രൂപം നൽകിയത്. അർജന്റ്റിന , ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രിട്ടൻ, അമേരിക്ക എന്നീ 19 രാജ്യങ്ങളും, യൂറോപ്യൻ യൂണിയനുമാണ് ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ. ലോക ജി.ഡി.പി യുടെ 80 ശതമാനവും, വാണിജ്യത്തിന്റ്റെ 75 ശതമാനവും ജനസംഖ്യയുടെ 60 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ കൂട്ടായ്മയിലെ രാജ്യങ്ങളാണ്. ലോകം ഒരു മാന്ദ്യത്തിലൂടെ കടന്നുപോയ 2008 മുതലാണ് രാഷ്ട്ര തലവന്മാരുടെ സമ്മേളനമായി ഇത് മാറിയത്. മാന്ദ്യത്തെ അതിജീവിക്കുവാനുള്ള നയപരമായ ചർച്ചകളും തീരുമാനങ്ങളും ആദ്യത്തെ രാജ്യത്തലവന്മാരുടെ സമ്മേളനത്തിൽ തന്നെ ആഴത്തിൽ ചർച്ചചെയ്യപ്പെട്ടു.
ബാലി ഉച്ചകോടി
ഇൻഡോനേഷ്യയിലെ ബാലിയിൽ വച്ച് നവംബർ 15, 16 തീയതികളിൽ നടന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടി വളരെ ശ്രദ്ധേയമായിരുന്നു. മുമ്പ് ഉണ്ടാക്കിയ ധാരണ അനുസരിച്ചു ഈ സമ്മേളനം ഇന്ത്യയിൽ വച്ച് നടക്കേണ്ടിയിരുന്നതാണ്. എന്നാൽ 2023 ൽ ഇന്തോനേഷ്യയിൽ വച്ച് ആസിയാൻ രാജ്യങ്ങളുടെ സമ്മേളനം നടക്കുന്നതിനാൽ ആ രാജ്യത്തിൻറ്റെ അഭ്യർത്ഥന മാനിച്ചു 2022 ൽ ഇന്ത്യക്ക് ലഭിക്കേണ്ടിയിരുന്ന ജി-20 പ്രസിഡന്റ് സ്ഥാനം ഇന്തോനേഷ്യയുമായി വച്ച് മാറുകയാണുണ്ടായത്. ബാലി സമ്മേളനത്തിൽ വച്ച് 2023 ലെ പ്രസിഡന്റ് സ്ഥാനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയിൽ നിന്നും ഏറ്റെടുത്തു.
സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുമോ ?
കോവിഡും ,റഷ്യ-യുക്രൈൻ യുദ്ധവും ലോക സമ്പത് ഘടനക്കുമേൽ ഏൽപ്പിച്ച ആഘാതം വളരെ രൂക്ഷമാണ്. അതിൻറ്റെ അലയൊലികൾ ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിച്ചു കഴിഞ്ഞു. കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കുതറി മാറി, ലോക സമ്പത് ഘടന വീണ്ടും ഉയർ ത്തെഴുനേൽക്കാൻ തുടങ്ങിയ ഘട്ടത്തിലാണ് റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പ്രതീക്ഷക്കു വിരുദ്ധമായി യുദ്ധം നീണ്ടുപോയതോടെയാണ് സാമ്പത്തിക പ്രതിസന്ധി വീണ്ടും ലോക രാജ്യങ്ങളെ തുറിച്ചു നോക്കാൻ തുടങ്ങിയത്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം , വിലക്കയറ്റവും ദാരിദ്ര്യവും വർധിപ്പിക്കുമെന്നാണ് ഉച്ചകോടിയിലെ നിരീക്ഷണം. പരസ്പര സഹകരണത്തോടെ ഭക്ഷ്യ വിളകളുടെ ഉത്പ്പാദനം വർധിപ്പിക്കണമെന്നും, വള ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഒന്നും ഉരുത്തിരിഞ്ഞു വന്നില്ലെങ്കിലും , ഇത് യുദ്ധത്തിൻറ്റെ യുഗമല്ലെന്ന് റഷ്യൻ പ്രസിഡന്റ് പുതിനോടു ഷാങ്ഹായിയിൽവച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിപ്രായ പ്രകടനം , ബാലി സമ്മേളനത്തിന്റ്റെ പ്രമേയമായി അംഗീകരിച്ചു . ഈ പ്രതിസന്ധിയെ മറികടക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിൽക്കണമെന്ന സന്ദേശമാണ് സമ്മേളനം നൽകിയത്. പോളണ്ടും, കാനഡയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ റഷ്യക്കെതിരെ കടുത്ത നടപടികൾ കൈക്കൊള്ളണമെന്നും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കരുതെന്നും നിലപാടെത്തിരുന്നെങ്കിലും , സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്ന് പുതിൻ അറിയിച്ചതോടെ തുടക്കത്തിൽ ഉണ്ടായ പ്രതിസന്ധി ഒഴിവായി.
അധ്യക്ഷപദത്തിൽ ഇന്ത്യ
അടുത്ത ഒരു വര്ഷം ജി-20 യുടെ അധ്യക്ഷ പദവി ഇൻഡ്യക്കായതോടെ , നമ്മുടെ ഉത്തരവാദിത്വം കൂടുകയാണ്. വരുന്ന ഒരു വർഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം സമ്മേളനങ്ങൾ നടത്തുവാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത് . 2023 സെപ്റ്റംബർ 9 ,10 തീയതികളിൽ ഡൽഹിയിൽ വച്ചാണ് അടുത്ത ഉച്ചകോടി നടക്കുന്നത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വസുധൈവ കുടുംബ സങ്കൽപ്പമാണ് ജി-20 ഉച്ചകോടിയുടെ അടുത്ത ഒരു വർഷത്തെ മുദ്രാവാക്യം. ഇതിനൊപ്പം വനിതാ വികസനത്തിനും പ്രാമുഖ്യം കൊടുക്കുമെന്നാണ് പ്രധാനമന്ത്രി മോദി ഈ കൂട്ടായ്‌മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപിച്ചത്. ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ അപ്രമാദിത്വം ഇതര രാജ്യങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനും അതിനെ വാണിജ്യവൽക്കരിക്കാനുമുള്ള അസുലഭ അവസരമാണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ഡിജിറ്റൽ മേഖലയുടെ വളർച്ചക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിക്കണം.
നമ്മുടെ രാജ്യം വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. തലമുറകളായി നമുക്ക് ലഭിച്ച കലാ-സാംസ്‌കാരിക പാരമ്പര്യങ്ങൾ ലോകത്തിനു മുമ്പിൽ കാണിച്ചു വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്ഷിക്കുവാനുള്ള പദ്ധതികൾക്കു നാം രൂപം നൽകണം. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ, വിനോദ സഞ്ചാര മേഖലയിൽ വളരെ പിറകിലാണ്. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന പത്തു രാജ്യങ്ങളിൽ ഇന്ത്യയെ നമുക്ക് കണ്ടെത്താൻ സാധിക്കുകയില്ല. കോവിഡിനു മുമ്പത്തെ വിനോദ സഞ്ചാരികളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച രാജ്യം ഫ്രാൻസ് ആയിരുന്നു. 2018 ൽ ആ രാജ്യം സന്ദർശിച്ചത് 89.4 ദശ ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. തൊട്ടു പിറകിൽ 82.8 ദശ ലക്ഷം പേരുമായി സ്പെയിനും, 80 ദശലക്ഷം പേരുമായി അമേരിക്കയുമുണ്ട്. പത്താം സ്ഥാനത്തുള്ള തായ്‌ലൻഡിൽ പോലും 38 ദശലക്ഷം വിനോദ സഞ്ചാരികളാണ് 2018 ൽ എത്തിയത്. അതെ സമയം ഇന്ത്യയിൽ എത്തിയത് 18 ദശലക്ഷം ആളുകൾ മാത്രമായിരുന്നു. നമ്മുടെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചക്ക് ജി-20 നേതൃത്വം ഉപകരിക്കത്തക്ക രീതിയിൽ വേണം വിവിധ സമ്മേളനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്.
സമാധാനത്തിന് വഴിതെളിയുമോ?
അനന്തമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് ഒരു വിരാമം ഉണ്ടാക്കുവാൻ ഇന്ത്യക്കു കഴിഞ്ഞാൽ അത് ലോക സമാധാനത്തിനു നൽകുവാൻ സാധിക്കുന്ന വലിയ സംഭാവന ആയിരിക്കും. പരസ്പരം യുദ്ധം ചെയ്യുന്ന ഈ രണ്ടു രാജ്യങ്ങളെയും ഒരു മേശക്കു ചുറ്റും ഇരുത്തുവാൻ ജി-20 ന്റ്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ മുൻകൈ എടുക്കണം. ഈ രണ്ടു രാജ്യങ്ങളുമായും സൗഹൃദം പങ്കിടുന്ന ഇന്ത്യക്ക് അത് സാധിക്കും. ജി-20 ൻറ്റെ നേതൃത്വം, രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാതെ രാജ്യത്തിൻറ്റെയും, അന്തർദേശിയ സമൂഹത്തിൻറ്റെയും വികസനത്തിനും, സമാധാനത്തിനും ഉപയോഗിക്കാൻ കേന്ദ്ര സർക്കാരും, പ്രധാനമന്ത്രി മോദിയും ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം .
പി.എസ് .ശ്രീകുമാർ
9847173177

No comments:
Post a Comment