Monday, 16 January 2023

 ബഫർ സോണും   ഇടത്  സർക്കാറിൻറ്റെ ഒളിച്ചുകളിയും 

അഡ്വ.പി.എസ്‌ .ശ്രീകുമാർ  


ബഫർ സോൺ  സംബന്ധിച്ച  2021  ജൂൺ 3  ലെ സുപ്രീം കോടതി വിധി കേരളം  ചർച്ചചെയ്യുകയാണല്ലോ.   പരിസ്ഥിതിലോല വിഷയവുമായി ബന്ധപ്പെട്ട ഈ വിധിയുടെ അടിസ്ഥാനത്തിൽ മലയോര മേഖലയിലെ  ജനങ്ങളുടെ   പ്രശ്നങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാതിരുന്ന  സംസ്ഥാന സർക്കാരിന്റെ നടപടി   ജനങ്ങൾ വളരെ ആശങ്കയോടെയാണ്  കാണുന്നത്.  സംരക്ഷിത വനമേഖല, ദേശിയ പാർക്കുകൾ, വന്യ ജീവിജീവി സങ്കേതം എന്നിവിടങ്ങളിൽ  കുറഞ്ഞത്  ഒരു കിലോ മീറ്റർ  ദൂരം  പരിസ്ഥിതി ലോല പ്രദേശമായി അതിര് തിരിക്കണം  എന്നാണ് സുപ്രീം കോടതി വിധി.  ഈ വിധി പുറപ്പെടുവിക്കുമ്പോളും എല്ലാ ദേശിയ പാര്കുകൾക്കും,  വന്യജീവി സങ്കേതങ്ങൾക്കും  ഒരുപോലെ നടപ്പിലാക്കുവാൻ സാധിക്കുന്ന  പരിസ്ഥിതി ലോല മേഖല നിര്ണയിക്കുവാൻ സാധിക്കുകയില്ലെന്ന   ബോധ്യം  സുപ്രീം   കോടതിക്കുണ്ടായിരുന്നു.  ആ ഒരു കാഴ്ചപ്പാടിലാണ് മുംബയിലെ  സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, ചെന്നൈയിലെ ഗിണ്ടി  നാഷണൽ പാർക്ക്  എന്നിവയുടെ കാര്യത്തിൽ  പ്രത്യേക പരിഗണ അർഹിക്കുന്നുവെന്ന്  കോടതി പറഞ്ഞത്.  സുപ്രീം കോടതിയുടെ വിധി  പ്രധാനമായും, താഴെ പറയുന്ന രീതിയിലാണ് പരിസ്ഥിതി ലോല മേഖലകളെ  ബാധിക്കുന്നത് .

1 . ഏതെങ്കിലും നിയമപ്രകാരം ഒരു കിലോ മീറ്ററിന് മുകളിൽ  ബഫർസോൺ ഇതിനോടകം  നിശ്ചയിച്ചിട്ടുണ്ടെങ്കിൽ,  ആ നിയമമായിരിക്കും പ്രാബല്യത്തിൽ വരിക.

2   നാഷണൽ പാർക്കുകളിലും, വന്യജീവി സങ്കേതങ്ങളിലും  ഖനനം അനുവദിക്കുന്നതല്ല.

3 . സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ, എന്തങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ, ബന്ധപ്പെട്ട സംസ്ഥാനം സെൻട്രൽ എംപോവെർഡ് കമ്മിറ്റി,  കേന്ദ്രത്തിലെ പരിസ്ഥിതിയും, കാലാവസ്ഥ മാറ്റവും മന്ത്രാലയമ എന്നിവയുടെ വ്യക്തമായ  ശുപാർശയോടെ  കോടതി മുമ്പാകെ  വസ്തുതകൾ സമർപ്പിക്കണം.

4 . ദേശിയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയോടു ചേർന്നുകിടക്കുന്ന പരിസ്ഥിതി ലോല മേഖലകളിൽ  തുടർന്നും നടന്നുവരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച്  സംസ്ഥാന  മുഖ്യ  വനപാലകർ   മൂന്നു മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

5 . പരിസ്ഥിതി ലോല മേഖലകളിൽ  സ്ഥിരമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന്  മുഖ്യ വനപാലകർ ഉറപ്പുവരുത്തണം . എന്തെങ്കിലും നിർമ്മാണ  പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിൽ  ആറ്  മാസങ്ങൾക്കുള്ളിൽ അവക്ക് അനുമതി വാങ്ങേണ്ടതാണ്.

സുപ്രീം കോടതി വിധിവന്ന്  ഒരു മാസത്തിനു ശേഷമാണ്  സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ്   ഏജൻസിയെ  സംസ്ഥാന   സർക്കാർ ഉപഗ്രഹ സർവേയിലൂടെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുവാൻ  ചുമതലപ്പെടുത്തിയത്.   അവർ ഉപഗ്രഹ ഫോട്ടോയുടെ സഹായത്തോടെ ഒരു കിലോമീറ്റര് ബഫ്ഫർ സോൺ മാപ് തയ്യാറാക്കുകയും  ചെയ്തു.  യാഥാർഥ്യവുമായി യാതൊരു ബന്ധമില്ലാത്ത മാപ്പാണ് തയ്യാറാക്കിയത്. നേരിട്ട് പരിശോധന നടത്താതെ തയ്യാറാക്കിയ മാപ്പിൽ  എല്ലാ നിര്മിതികളും പച്ച നിറത്തിലാണ് അടയാളപ്പെടുത്തിയത്.  ഇതിനെതിരെ   അറുപതിനാലായിരത്തോളം     പരാതികളാണ് വിവിധ സംരക്ഷിത പ്രദേശങ്ങളിലെ    തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിച്ചത്.  ഈ പരാതികളിൽ ബഹു ഭൂരിപക്ഷവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.  ഇക്കാരണത്താൽ തന്നെ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന ജനുവരി 11 നു വ്യക്തമായ ഒരു പഠന റിപ്പോർട്ട് എംപവർഡ്‌  കമ്മിറ്റിക്കോ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ സമർപ്പിച്ച് ,  അവരുടെ ശുപാർശയോടെ   സുപ്രീം കോടതിയിൽ എത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുകയില്ല.

ഉമ്മൻചാണ്ടി സർക്കാർ എന്താണ് ചെയ്തത് ?

മേല്പറഞ്ഞ സാഹചര്യത്തിൽ വേണം കസ്‌തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാർ എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ടത്.   കസ്തുരിരംഗൻ  റിപ്പോർട്ടിന്റ്റെ  ശുപാർശ, വനാതിർത്തികളോട് ചേർന്നുള്ള ഭാഗങ്ങളിൽ  12  കിലോമീറ്റരർ   ദൂരത്തിൽ  ബഫർ സോൺ വേണം എന്നായിരുന്നു. ഈ റിപ്പോർട്ട് പുറത്ത്  വന്ന  ഉടൻ തന്നെ അന്നത്തെ  ഉമ്മൻ ചാണ്ടി സർക്കാർ,  ഈ കാര്യം പരിശോധിക്കുകയും,  ജനവാസ കേന്ദ്രങ്ങളെ  പൂർണമായും ഒഴിവാക്കി,  സീറോ  ബഫർ സോൺ  ഏർപ്പെടുത്തണമെന്ന്  കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാൻ  തീരുമാനിക്കുകയും ചെയ്തു.  ജനവാസമില്ലാത്ത  മേഖലയിൽ ആർക്കും അതൊരു പ്രശ്നമല്ലായിരുന്നു.  ഇക്കാര്യം 2013  മെയ് 8  നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്.  മന്ത്രിസഭാ ശുപാർശപ്രകാരം  13-5-2013 ൽ കേന്ദ്ര ത്തിലെ  വനം.-പ്രകൃതി സംരക്ഷണ മന്ത്രാലയത്തിലേക്ക്  കരട് നോട്ടിഫിക്കേഷൻ സഹിതം കത്ത് അയക്കുകയും ചെയ്തു.

വിധി അംഗീകരിച്ചു   മന്ത്രിസഭാ തീരുമാനം 

 വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന ഭൂപ്രദേശത്തെ നിർമ്മിതികൾ  സംബന്ധിച്ച റിപ്പോർട്ട്  മൂന്നു മാസത്തിനുള്ളിൽ     നല്കാനാണ്  സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതെങ്കിലും .  സെപ്റ്റംബർ  3  നു നൽകേണ്ടിയിരുന്ന റിപ്പോർട്ട് സംസ്ഥാന വനം വകുപ്പ്  നൽകിയില്ലെന്നു മാത്രമല്ലാ,  വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റരർ  പ്രദേശം ബഫർ സോൺ ആക്കിമാറ്റാം  എന്ന്  2019  ഒക്ടോബർ  23 ൽ  മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന  മന്ത്രിസഭായോഗത്തിൽ തീരുമാനിക്കുകയും ചെയ്തു.    പിണറായി സർക്കാർ മന്ത്രിസഭയുടെ  ഈ  തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.   മന്ത്രിസഭാ തീരുമാനമനുസരിച്ചു   2019  ഒക്ടോബർ  മാസം 31 നു വിജ്ഞാപനവുമിറക്കി.   സെപ്തംബര് അവസാനം ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണനെ വിഷയം പഠിക്കുന്നതിനു  സർക്കാർ  നിയമിച്ചു. എന്നാൽ ഇതുവരെയും സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.  .  

2021  ഡിസംബറിൽ  മതികെട്ടാൻ ചോലയെ ബഫർ സോണായി പ്രഖ്യാപിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം ഇറങ്ങിയപ്പോൾ തമിഴ്‌നാട്  സർക്കാർ അവരുടെ പ്രദേശം സീറോ ബഫർ സോണായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട്  വിശദമായ റിപ്പോർട്ട് കൊടുത്തു.  അതിന്റെ അടിസ്ഥാനത്തിൽ,  അവരുടെ റിപ്പോർട്ട് അംഗീകരിക്കപ്പെടുകയും, അവിടെ സീറോ ബഫർ സോൺ ആക്കുകയും ചെയ്തു. എന്നാൽ കേരള സർക്കാർ അത്തരത്തിൽ റിപ്പോർട്ട് നൽകുകയോ ആവശ്യമുന്നയിക്കുകയോ ചെയ്യാത്തതിനാൽ മതികെട്ടാൻ ചോലയുടെ കേരളത്തിലുള്ള ഒരു കിലോ മീറ്റർ ചുറ്റളവ് ഇപ്പോൾ ബഫർ സോൺ ആണ്.

ബഫ്ഫർ സോൺ പ്രായോഗികമല്ല 

ദേശിയ  പാർക്കുകളുടേയും , വന്യജീവി സങ്കേതങ്ങളുടേയും    ജണ്ടക്ക്  പുറത്തുള്ള  ഏതാണ്ട്   എല്ലാ ഭാഗങ്ങളും   കേരളത്തിൽ ജനവാസ കേന്ദ്രങ്ങളാണ്. അവിടെ ബഫർ സോൺ എന്നത് പ്രായോഗികമല്ല.  എല്ലാ ജനവാസ കേന്ദ്രങ്ങളും സീറോ ബഫർ സോൺ എന്ന ആവശ്യം ശക്തമായി സുപ്രീം കോടതി മുമ്പാകെ  അവതരിപ്പിക്കണം.  മുമ്പ് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ചെയ്തതുപോലെ സർവ്വേ നമ്പർ അടിസ്ഥാനത്തിൽ കെഡസ്ട്രൽ മാപ്  തയ്യാറാക്കി അതിന്റെ  അടിസ്ഥാനത്തിൽ  ആധുനിക സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് , ജനവാസ കേന്ദ്രങ്ങൾ കണ്ടെത്തി ശാസ്ത്രിയമായ റിപ്പോർട്ട്  സുപ്രീം കോടതിക്ക് നൽകി അനുമതി വാങ്ങിയാലേ  പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ.  ഇത് തയ്യാറാക്കുവാൻ  കൂടുതൽ സമയം സുപ്രീം കോടതിയിൽ നിന്നും വാങ്ങണം.  അതിനുള്ള നടപടികളാണ് സംസ്ഥാന  സർക്കാർ  അടിയന്തിരമായി കൈക്കൊള്ളേണ്ടത്.


പി.എസ് .ശ്രീകുമാർ 

9847173177 

[ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദേഹത്തിൻറ്റെ  പ്രൈവറ്റ് സെക്രട്ടറിയായിരുന്നു  ലേഖകൻ]







No comments:

Post a Comment