ദിസ നായകെ ശ്രീലങ്കയുടെ രക്ഷകനാകുമോ?
അഡ്വ. പി.എസ് .ശ്രീകുമാർ
ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് സിംഹള വംശീയത ഉയർത്തിപ്പിടിക്കുന്ന ഇടതു പക്ഷ പാർട്ടിയായ ജനത വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ സെപ്തംബര് 23 ന് പ്രസിഡന്റ് ആയി അധികാരമേറ്റു. 2019ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രം വോട്ട് ലഭിച്ച അനുര കുമാര ദിസനായകെയാണ് 21 ന് നടന്ന തെരഞ്ഞെടുപ്പിൽ, മത്സരിച്ച മറ്റ് മുപ്പത്തിയെട്ട് സ്ഥാനാർത്ഥികളെ പിന്തള്ളി വിജയതിലകമണിഞ്ഞത്. ശ്രീലങ്ക പൊതുജന പെരമുന സ്ഥാനാർത്ഥിയും (SLPP
), മഹിന്ദ രാജ പക്സെയുടെ സഹോദരനുമായ ഗോതബയ്യ രാജപക്സെയും, യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ (UNP ) നിന്നും തെറ്റിപ്പിരിഞ്ഞ സജിത് പ്രേമദാസയുമായിരുന്നു പ്രധാന എതിരാളികൾ." ശ്രീലങ്കയെ മഹത്തരമാക്കുക"(Make Srilanka
Great " എന്ന മുദ്രാവാക്യവുമായി മത്സരിച്ചു വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു പ്രസിഡണ്റ്റായെങ്കിലും, ഭരണത്തിൽ ഉടനീളം രാജപക്‌സേ കുടുംബം നടത്തിയ അഴിമതിയും, ധൂർത്തും, അതിനൊക്കെ മകുടം ചാർത്തുന്ന രീതിയിൽ അഭൂതപൂർവമായ വിലക്കയറ്റവും, ഭക്ഷ്യക്ഷാമവും ഉണ്ടായതോടെ,
2022 ജൂലൈയിൽ ജനങ്ങൾ ഒന്നാകെ പസിഡൻറ്റിൻറ്റെ കൊട്ടാരം കയ്യേറുകയും, പ്രസിഡന്റ് ഗോതബയ്യ, രാജ്യം വിടുകയും ചെയ്തു. തുടന്ന്, രജപക്സെ യുടെ പാർട്ടിയുടെ പിന്തുണയോടെയാണ് റെനിൽ വിക്രമസിംഗെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
പ്രസിഡൻറ് സ്ഥാനത്തിരുന്നു മത്സരിച്ച റെനിൽ വിക്രമ സിംഗയെയും, പ്രതിപക്ഷ നേതാവും സമാഗി ജന ബലവെഗയ (SJV ) പാർട്ടി സ്ഥാനാർഥിയായിരുന്ന സജിത് പ്രേമദാസയെയും, പിന്തള്ളിയാണ്
ജെ വി.പി സ്ഥാനാർത്ഥിയായി നാഷണൽ പ്യുപ്പിൾസ് പവർ എന്ന കൂട്ടായ്മയുടെ ബാനറിൽ മത്സരിച്ച അനുര കുമാര ദിസ നായകെ തെരഞ്ഞെടുക്കപ്പെട്ടത്. 39 സ്ഥാനാർഥികളിൽ ഒരാളായി മത്സരിച്ച മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകനായ നമൽ രാജപക്‌സെയുടെ തോൽവി ദയനീയമായിരുന്നു. കാൽ നൂറ്റാണ്ടുകാലം ശ്രീലങ്കൻ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ച രാജപക്സെ കുടുംബാംഗമായ നമലിനു 3 ശതമാനത്തിനു താഴെ വോട്ടുമാത്രമേ ലഭിച്ചുള്ളൂ. ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത, കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ രാജപക്സെ കുടുംബത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാതിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു എന്നതാണ്.
പ്രസിഡൻഷ്യൽ ഭരണരീതിയിലേക്കു മാറിയ ശേഷം ആദ്യമായാണ് ഈ സ്ഥാനത്തേക്കുള്ളസ് തെരഞ്ഞെടുപ്പിൽ, ത്രികോണ മത്സരമുണ്ടായത്. ഭരണഘടനയനുസരിച്ചു 50 ശതമാനത്തിലേറെ വോട്ടുകിട്ടുന്ന ആൾ മാത്രമേ തെരഞ്ഞെടുക്കപ്പെടുകയുള്ളു. ഏറ്റവും കൂടുതൽ വോട്ട് നേടിയ ദിസ നായകെക്ക്
42.31 ശതമാനവും, രണ്ടാം സ്ഥാനത്തെത്തിയ സജത് പ്രേമദാസക്ക് 32.76 ശതമാനവും , റെനിൽ വിക്രമ സിംഗെക്ക് 17.27 ശതമാനം വോട്ടുമാണ് ലഭിച്ചത്. വോട്ടെണ്ണിയപ്പോൾ ഒരു സ്ഥാർത്തിക്കും 50 ശതമാനം വോട്ട് ലഭിക്കാതിരുന്നതിനാൽ, രണ്ടാം പരിഗണനാ വോട്ടുകൾ കൂടി എണ്ണിയ ശേഷമാണ് ദിസ നായകെ വിജയിച്ചതായി പ്രഖ്യാപിച്ചത്.
ജനപ്രിയ വാഗ്‌ദാനങ്ങൾ
തെരഞ്ഞെടുപ്പ് രംഗത്ത് തൻറ്റെ എതിരാളികൾക്ക് ശക്തമായ വെല്ലുവിളിയാണ് 55 കാരനായ ദിസ നായകെ ഉയർത്തിയത്. മാർക്സിസ്റ്-ലെനിനിസ്റ്റ് കാഴ്ച്ചപ്പാടുള്ള ജനത വിമുക്തി പെരമുനയുടെ പ്രസിഡണ്ട് എന്നനിലയിൽ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ കൊടികുത്തി വാഴുന്ന അഴിമതിമതിക്കെതിരെ ശക്തമായി പ്രചാരണം നടത്തിപ്പോന്ന നേതാവാണ് അദ്ദേഹം. ഗോത ബയ്യയെ അധികാരത്തിൽ നിന്നും പുറത്താക്കിയ 2022 ലെ പ്രക്ഷോഭത്തിൽ സജീവമായി അദ്ദേഹവും, അദ്ദേഹത്തിന്റെ പാർട്ടിയായ ജെ.വി.പിയും പങ്കെടുത്തിരുന്നു. മാത്രമല്ല, പ്രക്ഷോഭത്തിൻറ്റെ വിജയത്തിനായി , എല്ലാവിധ സഹായങ്ങളും നൽകിയ ഏക ശ്രീലങ്കൻ രാഷ്ട്രീയ പാർട്ടി ജെ.വി.പിയായിരുന്നു. വിദ്യാർത്ഥി-യുവജന സംഘടനകളുമായി അന്നുമുതൽ അദ്ദേഹമുണ്ടാക്കിയെടുത്ത അടുത്ത ബന്ധം, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നേട്ടമായി മാറി. ഐ.എം.എഫുമായി 2.9 ബില്യൺ ഡോളർ വായ്‌പക്കായി വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒപ്പുവച്ച വായ്‌പാ ഉടമ്പടി സാധാരണ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ പുനപരിശോധന നടത്തുമെന്നും, സമ്പത് വ്യവസ്ഥ, പെട്രോളും, ആവശ്യവസ്തുക്കൾക്കും ഉൾപ്പെടെ ചുമത്തിയ വിക്രമ സിംഗെ സർക്കാർ ചുമത്തിയ അമിത നികുതി ഭാരം ഒഴിവാക്കി ജനോപകാരപ്രദമായ രീതിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ട്. .
1.7 കോടി വരുന്ന വോട്ടർമാരിൽ 75 ശതമാനം പേർ സിംഹള വിഭാഗക്കാരാണ്. ജനസംഖ്യയിൽ 11 ശതമാനം തമിഴ് വംശജരും 9 ശതമാനം പേർ ഇസ്ലാം മത വിഭാഗക്കാരുമാണ്. പ്രധാന സ്ഥാർത്ഥികൾ എല്ലാവരും സിംഹള വംശജർ ആയിരുന്നെങ്കിലും, സിംഹള വംശീയതയുടെ പേരിൽ പോരാടിയിട്ടുള്ള പാർട്ടിയുടെ നേതാവെന്ന നിലയിൽ, കൂടുതൽ പങ്ക് അദ്ദേഹത്തിന് ലഭിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . അതേസമയം, വടക്ക് -കിഴക്ക് പ്രദേശങ്ങളിലുള്ള തമിഴ്, ഇസ്ലാം വിഭാഗ ന്യുന പക്ഷങ്ങളുടെ ഇടയിൽ അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടാകാം, പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ, തനിക്കെതിരെ വോട്ട് ചെയ്തവരുടെയും പ്രസിഡന്റ് ആണ് താൻ എന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുള്ളത്.
മാർക്സിസ്റ് പശ്ചാത്തലം
മാർക്സിസ്റ്-ലെനിനിസ്റ്റ് ചിന്താഗതിക്കാരായ ഒരു പറ്റം ചെറുപ്പക്കാരാണ് റോഹന വിജവീരയുടെ നേതൃത്വത്തിൽ ,
ജനത വിമുക്തി പെരമുന എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അറുപതുകളുടെ ആദ്യപാദത്തിൽ രൂപം നൽകിയത്. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെയും, മുതലാളിത്ത-സാമ്പത്തിക വ്യവസ്ഥകൾക്കുമെതിരെയാണ് ആദ്യ കാലഘട്ടത്തിൽ അവർ പ്രക്ഷോഭം നടത്തിയത്. പിന്നീട് കൂടുതൽ യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ച് അമേരിക്കൻ നയങ്ങൾക്ക് പിന്തുണ നൽകിയ അന്നത്തെ ശ്രീലങ്കൻ സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. ഗറില്ലാ യുദ്ധമുറകളിൽ പരിശീലനം നൽകി, സായുധ പ്രക്ഷോഭം നടത്തിയതോടെ സർക്കാർ, സംഘടനയെ അമർച്ചചെയ്യുകയും നിരോധിക്കുകയും ചെയ്തു. വര്ഷങ്ങള്ക്കു ശേഷം 1977 ലെ ജെ.ആർ. ജയവർദ്ധന സർക്കാരാണ്, ജെ.വി.പിയുടെ നിരോധനം നീക്കിയത്. 1987 ലെ ഇൻഡോ-ശ്രീലങ്കൻ കരാറിനെ എതിർത്ത ജെ.വി.പി, വീണ്ടും ശ്രീലങ്കൻ സർക്കാരിനും, ഇന്ത്യൻ സമാധാന സംരക്ഷണ സേനക്കും എതിരായി സായുധ പ്രക്ഷോഭത്തിനിറങ്ങി. സർക്കാർ ഓഫീസുകളും, സ്ഥാപങ്ങളും കൊള്ളയടിക്കുകയും, ശ്രീലങ്കയിൽ പ്രസിഡൻഡന്റ്റും പ്രധാനമന്ത്രിയുമായിരുന്ന ചന്ദ്രിക കുമാരതുങ്കെയുടെ ഭർത്താവും സിനിമ നടനുമായിരുന്ന വിജയ കുമാരതൂങ്കെ തുടങ്ങി നിരവധി നേതാക്കളെയും, ജനപ്രതിനിധികളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുകയും ചെയ്തതോടെ വീണ്ടും സംഘടനാ നിരോധിക്കപ്പെട്ടു. വിവിധ ഘട്ടങ്ങളിൽ ജെ.വി.പി നടത്തിയ കലാപങ്ങളിൽ 80000 ൽ പരം ആളുകളാണ് കൊല്ലപ്പെട്ടത് 1991 ൽ ജെ വി പി നേതാവ് റൊഹന ശ്രീലങ്കൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജെ.വി.പിയുടെ ഗറില്ലാ പ്രവർത്തനങ്ങളും, അക്രമങ്ങളും, ശ്രീലങ്കൻ സൈന്യം വീണ്ടും അടിച്ചമർത്തിയതോടെ, സാവകാശത്തിൽ ജെ.വി.പി സായുധ കലാപം ഉപേക്ഷിച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ തുടങ്ങി.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന നേതാവ്
വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ ജെ.വി.പി യിൽ ആകൃഷ്ടനായ ദിസ നായകെ സംഘടനയുടെ വിദ്യാർത്ഥി വിഭാഗത്തിലും പിന്നീട് സംഘടനയിലും സജീവമായി, പടിപടിയായി നേതൃ നിരയിലേക്ക് ഉയർന്നു. 1998 മുതൽ പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗമായ അദ്ദേഹം , 2000 ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെന്റ് അംഗമാകുന്നത്. അന്നത്തെ ചന്ദ്രിക കുമാരതുങ്കെയുടെ സർക്കാരിൽ കൃഷിമന്ത്രിയായി. 2014 ൽ ദിസ നായകെ നേതൃസ്ഥാനം ഏറ്റെടുത്തതോടെ പാർട്ടി ജനകീയമായി മാറ്റുവാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. മാത്രമല്ല, മുമ്പ് നടത്തിയ അക്രമസംഭവങ്ങളിൽ അദ്ദേഹം പരസ്യമായി മാപ്പുപറയുകയും ചെയ്തു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് 2019 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തുനിന്നും അദ്ദേഹം ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടുള്ളത് .
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയുമായുള്ള ബന്ധത്തെ മുമ്പ് തള്ളിപ്പറഞ്ഞ ജെ.വി.പിയും, ദിസ നായകെയും ആ നിലപാടിൽ നിന്നും മാറിയെന്നുള്ളതിന്റെ സൂചനയാണ്, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുവച്ചു ജെ.വി.പിയുടെ വിദേശ നയത്തെക്കുറിച്ചു അദ്ദേഹം നൽകിയ സൂചനകൾ. ചൈനയിൽ നിന്നും, മുൻ രാജപക്സെ സർക്കാർ വൻപലിശക്ക് വായ്പ വാങ്ങി നടത്തിയ ഹമ്പൻതോട്ട തുറമുഖ നിർമാണം ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ വരുത്തിവച്ച കടക്കെണിയെക്കുറിച്ചും അദ്ദേഹം ബോധവാനാണ്. ദക്ഷിണേഷ്യയിലെ വൻ ശക്തിയും, ഏറ്റവും അടുത്ത അയൽരാജ്യവുമായ ഇന്ത്യയെ അവഗണിച്ചുകൊണ്ടും, ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയിലും ശ്രീലങ്കക്ക് മുന്നോട്ടുപോകുവാൻ സാധിക്കുകയില്ലെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. അതുകൊണ്ടാണ്, ശ്രീലങ്കയുടെ മണ്ണ് ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കുവാൻ അനുവദിക്കുകയില്ലെന്ന നിലപാട് അദ്ദേഹം എടുത്തിട്ടുള്ളത് . മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള ശാക്തിക മത്സരത്തിൽ, ഒരു പക്ഷവും പിടിക്കാതെ നിഷ്പക്ഷമായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ചുഴിയിൽപ്പെട്ട ശ്രീലങ്കയെ അതിൽ നിന്നും രക്ഷപ്പെടുത്തുവാൻ ഇന്ത്യ നൽകിയ സാമ്പത്തിക സഹായം നിർണായകമായിരുന്നു. കഴിഞ്ഞ ശ്രീലങ്കൻ പാർലമെന്ററിലെ പ്രതിപക്ഷ വിപ് എന്ന നിലയിൽ 2024 ഫെബ്രുവരിയിൽ, കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇന്ത്യ സന്ദർശിക്കുകയും , വിദേശകാര്യ മന്ത്രി ജയശങ്കറുമായും, ദേശിയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലുമായും , മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, ചൈനയുമായുള്ള സഹകരണം തുടരുന്നതിനൊപ്പം, ഇന്ത്യയുമായി നിലവിലുള്ള ബന്ധവും, സാമ്പത്തിക സഹകരണവും കൂടുതൽ ദൃഡപ്പെടുത്തുവാനായിരിക്കും ദിസ നായകെ സർക്കാർ ശ്രമിക്കുക
അഡ്വ. പി.എസ് .ശ്രീകുമാർ
9495577700
No comments:
Post a Comment