അടുത്ത അമേരിക്കൻ പ്രസിഡന്റ് കമലയോ ട്രംപോ ?
അഡ്വ. പി.എസ്.ശ്രീകുമാർ
ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥിയായി മത്സരിച്ച ഹില്ലരി ക്ലിന്റണ് സാധിക്കാതിരുന്നത് 2024 ലെ തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് സാധിക്കുമോ? അതാണ് ഇനി അറിയേണ്ടത് . 2020 ലെ തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ആദ്യ വനിതാ വൈസ്-പ്രസിഡൻറ്റായി തെരഞ്ഞെടുക്കപ്പെട്ടതുപോലെ, പ്രസിഡന്റ് സ്ഥാനത്തേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടാൽ, അതൊരു ചരിത്രമായി മാറുമെന്നതിന് പുറമേ, നിരവധി റെക്കോർഡുകൾക്കും ഇടയാക്കും . ആദ്യ വനിതാ പ്രസിഡന്റ് എന്നത് മാത്രമല്ല, ആദ്യ ആഫ്റിക്കൻ വനിതാ പ്രസിഡന്റ്, ആദ്യ ഏഷ്യൻ വംശജ, ആദ്യ ഇന്ത്യൻ വംശജ തുടങ്ങിയ കിരീടങ്ങളും തലയിൽ ചൂടാൻ അവർക്കു അവസരം ലഭിക്കും. വെളുത്ത വർഗക്കാർ മാത്രം പ്രസിഡന്റായിരുന്ന ചരിത്രം മാറ്റിയെഴുതിക്കൊണ്ട് ബരാക്ക് ഒബാമ എന്ന ആഫ്രിക്കൻ-അമേരിക്കൻ ആദ്യമായി പ്രസിഡന്റ് ആയത് 2008 ലെ തെരഞ്ഞെടുപ്പിലായിരുന്നു. ഇപ്രാവശ്യത്തെ ഒരു പ്രത്യേകത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ പോർക്കളത്തിൽ നിലനിന്നിരുന്ന ശാന്തതയായിരുന്നു. പോർക്കളത്തിൽ യുദ്ധസന്നദ്ധരായി നിന്നത് നിലവിലെ പ്രസിഡന്റും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ 81 കാരനായ ജോ ബൈഡനും, 78 വയസ്സുള്ള ഡൊണാൾഡ് ട്രമ്പുമായിരുന്നു. "ഉറക്കം തൂങ്ങി ജോ യ്ക്ക് മത്സരരംഗത്തേക്കു സ്വാഗതം" എന്ന് ട്വിറ്ററിലൂടെ അധിക്ഷേപിച്ചുകൊണ്ടാണ്, ജോ ബൈഡനെതിരെയുള്ള പ്രചാരണം 2020 ലെ തെരഞ്ഞെടുപ്പിൽ ട്രംപ് തുടങ്ങിയത്. അന്നത്തെ അധിക്ഷേപവാക്കുകൾ വീണ്ടും അവർത്തിച്ചുകൊണ്ടാണ് പ്രായത്തിന്റ്റേതായ അനാരോഗ്യവും, ഇടക്കിടെയുണ്ടാകുന്ന മറവിയും ബാധിച്ച ബൈഡനെതിരയുള്ള പ്രചാരണം ഇത്തവണയും തുടങ്ങിയത്. ബൈഡൻ സ്ഥാനാർത്ഥിയായതുകൊണ്ട് വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലായിരുന്നു ട്രംപ്.
ബൈഡൻ പിൻവാങ്ങുന്നു
ആദ്യ തെരഞ്ഞെടുപ്പ് സംവാദത്തോടെ എല്ലാം തകിടം മറിഞ്ഞു. പുലിമടയിൽ അകപ്പെട്ട മാനിനെപ്പോലെ ട്രംപിന് മുമ്പിൽ ബൈഡൻ പരുങ്ങുന്നതാണ് ടെലിവിഷനിലൂടെ സംവാദം കണ്ടുകൊണ്ടിരുന്ന ജനലക്ഷങ്ങൾ കണ്ടത്. ട്രംപിന്റെ ആരോപണ ശരങ്ങൾക്കുമുമ്പിൽ പരാജിതനായി നിൽക്കേണ്ടിവന്നതോടെ, അദ്ദേഹം മത്സരരംഗത്തുനിന്നു മാറിയില്ലെങ്കിൽ ട്രംപ് അനായാസം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നു മനസ്സിലാക്കിയ അമേരിക്കൻ കോൺഗ്രസ് മുൻ സ്‍പീക്കറും ഡെമോക്രാറ്റിക് പാർട്ടി സീനിയർ നേതാവുമായ നാൻസി പെലോസി ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടി നേതാക്കൾ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിയശേഷമാണ് മത്സര രംഗത്തുനിന്നും പിന്മാറാനുള്ള തൻറ്റെ തീരുമാനം ബൈഡൻ പ്രഖ്യാപിച്ചതും , വൈസ്-പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർത്ഥിയായി നോമിനേറ്റ് ചെയ്തതും . ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ, തൻറ്റെ പ്രസിഡന്റ് പദവിയേക്കാൾ പ്രാധാന്യം ജനാധിപത്യ സംരക്ഷണത്തിന് നൽകുന്നതിനാലാണ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും പിന്മാറുന്നതെന്നു അദ്ദേഹം ജൂലൈ 21 നു വ്യക്തമാക്കി. 1968 ൽ പ്രസിഡൻറ്റായിരുന്ന ലിൻഡൻ ബി ജോൺസൻ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും പിന്മാറിയതിനു ശേഷം , ആദ്യമായിട്ടാണ് ഒരു സിറ്റിംഗ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് രംഗതതുനിന്നും പിന്മാറുന്നത്. അമേരിക്ക നടത്തിയ വിയറ്റ്നാം യുദ്ധത്തിനെതിരെ ജനരോഷം ശക്തമായപ്പോൾ, ഡെമോക്രാറ്റിക് പാർട്ടിനേതാക്കൾ പോലും ജോൺസൻ പിന്മാറുന്നതാണ് നല്ലതെന്ന അഭിപ്രായമ പ്രകടിപ്പിച്ച സാഹചര്യത്തിലാണ്, പിയൻമാറാനുള്ള പ്രഖ്യാപനം ജോൺസൻ നടത്തിയത്.
പ്രചാരണരംഗത്തെ മത്സരം
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമല ഹാരിസിനെ ബൈഡൻ പ്രഖ്യാപിച്ചതോടെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും, പ്രവർത്തകരുമെല്ലാം കമലക്കു പിന്നിൽ അണിനിരന്നു. പ്രഖ്യാപനം വന്നു ഒരു മണിക്കൂറിനുള്ളിൽ 81 ദശലക്ഷം ഡോളർ അവരുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയത് റെക്കോർഡ് ആയിരുന്നു. പത്തു ദിവസങ്ങൾക്കുള്ളിൽ 310 ദശലക്ഷം ഡോളർ സ്വരൂപിക്കുവാൻ സാധിച്ചതു അവരുടെ ജന സ്വീകാര്യതയായി ഡെമോക്രറ്റുകൾ കരുതുന്നു.ഓഗസ്റ്റ് മൂന്നാം വാരത്തിലെ ചിക്കാഗോ ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷനിൽ , ഔപചാരികമായി അവരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് യോഗം ഫിലാഡൽഫിയയിലെ ടെംപിൾ സർവകലാശാല ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു. കമലയും, വൈസ് - പ്രസിഡന്റ് സ്ഥാനാർഥിയായ മിന്നസോട്ട ഗവർണർ ടിം വാൽസും രംഗപ്രവേശം ചെയ്‌തപ്പോൾ, നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയം അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു, ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാണാതിരുന്ന ആവേശമാണ് കമലയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ കാണുന്നത്. വൈകിയെത്തിയ സ്ഥാനാര്ഥിയെന്ന നിലയിൽ ട്രമ്പിനൊപ്പം അവർക്കു എതാൻ സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നവരെ അതിശയിപ്പിച്ചുകൊണ്ടു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രമ്പിനൊപ്പം എത്തുവാൻ അവർക്കു സാധിച്ചു.
ഡിബേറ്റുകളുടെ സ്വാധീനം
ട്രംപ് സ്ഥാനാർത്ഥിയായതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രംഗം ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ട്രംപും കമലയും അണിനിരന്ന ആദ്യ തെരഞ്ഞെടുപ്പ് ഡിബേറ്റ് നടത്തിയത് എ ബി സി ന്യൂസ് ആയിരുന്നു. സെപ്തംബര് 10 നു ഫിലാഡൽഫിയയിൽ നടന്ന ഡിബേറ്റ് 67 ദശലക്ഷത്തിൽപരം ആളുകളാണ് കണ്ടത്. ആഫ്രിക്കൻ വംശജനായ പിതാവ് ഡൊണാൾഡ് ഹാരിസിൻറ്റെ സാമ്പത്തിക സിദ്ധാന്ധം ഓർമിപ്പിച്ചുകൊണ്ട് , റാഡിക്കൽ ലെഫ്റ്, മാർക്സിസ്റ് എന്നൊക്കെയുള്ള പട്ടങ്ങൾ കമലക്കുമേൽ ചാർത്താൻ ട്രംപ് ശ്രമിച്ചു. അവരുടെ മാതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് "dumb as a rock" എന്നു വിളിച്ചു അവഹേളിക്കാൻ അദ്ദേഹം ശ്രമിച്ചു. അമേരിക്കയുടെ അറ്റോർണി ജനറൽ ആയിരുന്ന കമല, 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം ട്രംപ് പാർട്ടിപ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ ക്യാപിറ്റൽ ഹിൽ പ്രക്ഷോഭത്തെ ഓർമിപ്പിച്ചുകൊണ്ട് , ട്രംപ് ഒരു തെരഞ്ഞെടുപ്പ് കുറ്റവാളിയാണെന്ന് ആരോപിച്ചു. മാത്രമല്ല അമേരിക്കൻ ഭരണഘടന സംരക്ഷിക്കുവാൻ അവർക്കുമാത്രമേ സാധിക്കുകയുള്ളു എന്നും അവർ സ്ഥാപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാൻ കലാപം നടത്തിയ കുറ്റവാളി എന്നതിനുപുറമേ, ഒരു ഫാസിസിസ്റ്റും, സ്ത്രീ പീഡകനുമാണ് ട്രംപെന്നും അവർ ചിത്രീകരിച്ചു. ഈ ഡിബേറ്റിലൂടെ ട്രംപിനുമേൽ പ്രചാരണരംഗത്തു മേധാവിത്വം പുലർത്തുവാൻ അവർക്കു സാധിച്ചു. ആദ്യ ഡിബേറ്റിൽ കമലക്കു കിട്ടിയ മുൻതൂക്കത്തോടെ പിന്നീടുള്ള ഡിബേറ്റുകളിൽ നിന്നും ട്രംപ് പിന്മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
കമലയുടെയും, ട്രംപിന്റ്റെയും വാഗ്‌ദാനങ്ങൾ
തൻറ്റെ സാമ്പത്തിക മുൻഗണകൾ വ്യക്തമാക്കുന്ന 82 പേജുള്ള ഒരു ചെറുപുസ്തകം കമല ഹാരിസ് പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ പാർപ്പിട രംഗത്തെ ദൗർലഭ്യവും, ഉയർന്ന വിലയും പരിഹരിക്കുവാനുമായി , ആദ്യമായി വീട് വാങ്ങുന്നവർക്ക് 25000 ഡോളർ സബ്സിഡി നൽകുമെന്നും, അന്യായമായ വീട്ടുവാടക വർധനക്ക് പരിധി വക്കുമെന്നും, വൻകിട വ്യവസായങ്ങൾക്ക്കു വരുമാന നികുതി വർധിപ്പിക്കുന്നതിനൊപ്പം , കുറഞ്ഞ കൂലി ഉയർത്തുമെന്നും, കുട്ടികൾക്ക് ഒരു വയസ് പ്രായമാകുന്നതുവരെ നൽകുവാനായി 6000 ഡോളറിൻറെ പ്രത്യേക ടാക്‌സ് ഏർപ്പെടുത്തുമെന്നും, ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന അദൃശ്യ ഫീസുകൾ നിരോധിക്കുമെന്നും കമല വ്യക്തമാക്കിയിട്ടുണ്ട്. ഗർഭഛിദ്രത്തിന് അനുകൂലമായുള്ള അവരുടെ പഴയ നിലപാട്ക ആവർത്തിക്കുന്നതിനൊപ്പം, എൽ.ജി.ബി.ടി. സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർ വാഗ്‌ദാനം ചെയ്യുന്നു. കുറഞ്ഞവേതനക്കാരെയും, മധ്യവർഗക്കാരെയും ആകർഷിക്കാൻ ഉതകുന്ന വാഗ്‌ദാനങ്ങളും അവർ നൽകുന്നു. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് നിയമ നിർമാണം, ആരോഗ്യപരിരക്ഷ നിയമം, മുതിർന്നവരുടെ ആരോഗ്യ പരിപാലനം , വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെ വിലനിയന്ത്രണം, വോട്ട് ചെയ്യാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിൽ വർധിച്ചുവരുന്ന വെടിവെപ്പുകളുടെ പശ്ചാത്തലത്തിൽ, ഗൺ നിർമ്മാണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കമല വാഗ്ദാനം നൽകുന്നുണ്ട്.
പ്രസിഡന്റ് ആയിരുന്നപ്പോൾ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നതിനൊപ്പം, വ്യവസായ സംരംഭങ്ങൾ അമേരിക്കയിൽ തന്നെ നിലനിര്തുനുള്ള നടപടികൾ, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള ശക്തമായ നടപടികൾ, മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതികൾക്കു ചുങ്കം ഏർപ്പെടുത്തുക, ടിപ്പുകൾക്കുള്ള ആദായ നികുതി ഒഴിവാക്കുക , വൻകിട വ്യവസായങ്ങൾക്ക് നികുതി ഇളവ് തുടങ്ങിയവയാണ് ട്രംപ് നൽകുന്ന വാഗ്‌ദാനങ്ങൾ. മറ്റൊരു പ്രധാന വാഗ്‌ദാനം ഇന്ധന ഉദ്പാദനം കൂട്ടുമെന്നും, അവയുടെ വില കുറക്കുമെന്നതുമാണ്. അദ്ദേഹം മുമ്പ് പ്രസിഡന്റ് ആയപ്പോൾ തുടക്കം കുറിച്ച അമേരിക്ക - മെക്സിക്കോ അതിർത്തിയിലെ മതിൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൺ നിർമാണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്തുമെന്നും അദ്ദേഹം പറയുന്നു. നിലവിലുള്ള ഉയർന്ന വിലക്കയറ്റവും, ഇസ്രായേൽ ഒരു വശത്തും മറുവശത്തു ഇറാന്റെ പിന്തുണയോടെ ഹമാസ്,ഹൂതി, ഹിസ്‌ബൊല്ല എന്നിവരുമായുള്ള യുദ്ധവും, റഷ്യ-യുക്രൈൻ യുദ്ധവും തനിക്കനുകൂലമാക്കുവാൻ ട്രംപ് ശ്രമിക്കുന്നുണ്ട്. 70 ലക്ഷത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാർ പല സംസ്ഥാനങ്ങളിൻ അഴിച്ചു വിടുന്ന അക്രമങ്ങളും,അരാജകത്വവും ബൈഡൻ-കമല ഭരണകൂടം അതിനെ ശക്തമായി നേരിടാത്തതും വെള്ളക്കാർ ഉൾപ്പെടെയുള്ള ജന വിഭാഗ ങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായ ഒരു ചലനം ഉണ്ടാക്കിയതായി ചില രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
പിന്തുണ തേടിക്കൊണ്ടുള്ള പരക്കംപാച്ചിലിൽ, ഡെമോക്രറ്റുകൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, കെന്നഡി കുടുംബാംഗവും, പ്രസിഡൻറ് സ്ഥാനത്തേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന റോബർട്ട് എഫ്. കെന്നഡിയെയും, ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് അംഗമായിരുന്ന തുൾസി ഗബ്ബാർഡിനെയും തൻറ്റെ പാളയത്തിലെത്തിക്കുവാൻ ട്രംപിന് കഴിഞ്ഞത് വലിയ നേട്ടമായി. ലോകത്തിലെ അതിസമ്പന്നനായ വ്യവസായി എലോൺ മസ്ക്നേയും പ്രചാരണ രംഗത്തിറക്കാൻ ട്രംപിന് സാധിച്ചു. ട്രംപിന്റെ ഈ നീക്കങ്ങൾക്കു തിരിച്ചടി നൽകിക്കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസ് പ്രതിനിധിയായ ലിസ് ചീനിയെയും, ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന മുൻ സ്റ്റാഫ് ഓഫീസർ ജോൺ കെല്ലി, അലിസാ ഫറാ , കാസ്സിഡി ഹച്ചിൻസൺ എന്നിവരെയും തൻറ്റെ ഒപ്പം പ്രചാരണ രംഗത്ത് കൊണ്ടുവരുവാൻ കമല ഹാരിസിന് കഴിഞ്ഞു.
ഇന്ത്യൻ വംശജർ ആർക്കൊപ്പം?
കമല ഹാരിസിനെ ആഫ്രിക്കൻ-അമേരിക്കക്കാർ അവരിലൊരാളായി കാണുന്നതുപോലെ, കമലയെ ഇന്ത്യൻ-അമേരിക്കക്കാരും തങ്ങളിൽ ഒരാളായാണ് കാണുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 54 ലക്ഷം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ ഉള്ളത്. മൊത്തം ജനസംഖ്യയുടെ 1.56 ശതമാനം ആണിത്. ഏഷ്യൻ വംശജരിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളതും ഇന്ത്യൻ-അമേരിക്കക്കാർക്കാണ്. അതുകൊണ്ടുതന്നെ, അമേരിക്കയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ഇന്ത്യൻ വംശജർക്ക് സാധിക്കുന്നുണ്ട്. രണ്ട് പാർട്ടിക്കളിലുംകൂടി ഇന്ത്യൻ വംശജരായ 5 കോൺഗ്രസ് അംഗങ്ങൾ ഉണ്ട്. പാരമ്പര്യമായി ഇന്ത്യൻ വംശജരിൽ ഭൂരിപക്ഷവും ഡെമോക്രറ്റുകൾക്കൊപ്പമാണ്. പ്യൂ റിസേർച്ചിന്റെ സർവ്വേ പ്രകാരം 83 ശതമാനം ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാൽ ഇന്ത്യൻ വംശജരിലും ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാൻ ട്രംപിന്എ സാധിച്ചിട്ടുണ്ട്. അവരിൽ ഒരുവിഭാഗം ആളുകൾ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടിയും പ്രവർത്തന രംഗത്തുണ്ട്. ഇന്ത്യൻ വംശജരുടെ സാമ്പത്തിക അടിത്തറയും, രാഷ്ട്രീയ ഇടപെടലുകളും രണ്ടു കക്ഷികളെയും അവരിലേക്ക് ആകർഷിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. . ഇവരുടെ വോട്ടുകൾ ക്യാൻവാസ് ചെയ്യാൻ പ്രത്യേക സംവിധാനം ഇരുപാർട്ടികളും ഒരുക്കിയിട്ടുണ്ട്.
ആര് ജയിക്കും?
അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും നേരത്തേ വോട്ട് രേഖപ്പെടുത്തുവാനുള്ള സംവിധാനം ഒരുക്കിട്ടുണ്ട്. അതനുസരിച്ചു ഇതിനോടകം 29 ദശലക്ഷത്തോളം പേർ നേരത്തെതന്നെ വോട്ടു ചെയ്തു. ഇനിയുള്ളദിവസങ്ങളിൽ ഈ എണ്ണം വീണ്ടും കൂടും. നിലവിലുള്ള തെരഞ്ഞെടുപപ്പ് രീതി അനുസരിച്ചു പ്രസിഡന്റ് സ്ഥാനാർഥിക്കു ജനങ്ങളുടെ നേരിട്ടുള്ള വോട്ട് മാത്രം ലഭിച്ചാൽ പോരാ , സംസ്ഥാനങ്ങളുടെ ഇലക്ട്‌റൽ കോളേജിലെ വോട്ടിലും ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ജയിക്കുവാൻ സാധിക്കുകയുള്ളു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2016 ലെ തെരഞ്ഞെടുപ്പ്. അന്ന് ട്രംപിനെതിരെ മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്തി ഹിലരി ക്ലിന്റണ് ട്രംപിനെക്കാൾ 2.87 ദശ ലക്ഷം പോപ്പുലർ വോട്ടുകൾ കൂടുതൽ ലഭിച്ചെങ്കിലും, ഇലക്ടറൽ കോളേജ് വോട്ട് കൂടുതൽ ലഭിച്ചത് ട്രമ്പിനായിരുന്നതിനാൽ, തെരഞ്ഞെടുക്കപ്പെട്ടത് ട്രംപായിരുന്നു. ട്രംപിന് 306 ഇലക്ട്‌റൽ വോട്ടു ലഭിച്ചപ്പോൾ , ഹിലാരിക്ക് 227 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 270 ഇലക്ട്‌റൽ വോട്ടെങ്കിലും കുറഞ്ഞത് ലഭിക്കുന്ന സ്ഥാനാര്ഥിക്കെ വിജയിക്കാൻ കഴിയുകയുള്ളു. അതിൽ നിർണായകമായ പങ്കു വഹിക്കുന്നത് യുദ്ധഭൂമി സംസ്ഥാനങ്ങൾ അല്ലെങ്കിൽ സ്വിങ്ങ് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന നോർത്ത് കരോലിന,നെവാദ, ജോർജിയ, പെൻസിൽവാനിയ, വിസ്കോൺസിൻ, അരിസോണ, മിഷിഗൻ എന്നീ സംസ്ഥാനങ്ങളാണ്. രണ്ടു സ്ഥാനാർത്ഥികളും ഈ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വോട്ട് ലഭിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ആഗസ്റ് സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ അഭിപ്രായ 47 വോട്ടെടുപ്പുകളിൽ കമലക്കു 4 പോയിന്റ് മുന്തൂക്കമുണ്ടായിരുന്നു. ഒടുവിൽ ലഭിക്കുന്ന വിവിധ ന്യൂസ് ഏജൻസിയുടെ സർവ്വേകൾ പ്രകാരം ട്രംപും, കമലയും തുല്യശക്തികളെപ്പോലെ പോരാടുകയാണ്. ഒക്ടോബര് രണ്ടാംവരെ അഭിപ്രായ സർവേകളിൽ ചെറിയ മുൻതൂക്കം കമലക്കു ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ വരുന്ന പല സർവ്വേകളിലും ട്രംപിന് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നു. ഒരാഴ്ചക്ക് മുമ്പ് വന്ന ന്യൂ യോർക്ക് ടൈംസ് സർവ്വേ പ്രകാരം കമലക്കു 49 ശതമാനവും, ട്രംപിന് 47 ശതമാനമാനം പേരുടെ പിന്തുണയാണ് ഉള്ളത്. എക്കണോമിസ്റ് പറയുന്നത് 46.2 ഉം 49.9 ശതമാനവുമാണ്. ഗാർഡിയൻ പത്രത്തിന്റെ സർവ്വേ അനുസരിച്ചു ഇത് 48.2 ഉം, 44.4 ശതമാനവുമാണ്. എന്നാൽ സി.എൻ.ബി.സി യുടെ ഏറ്റവും പുതിയ അഭിപ്രായ സർവ്വേ അനുസരിച്ചു് ട്രംപിന് 48 ശതമാനം പേരുടെയും, കമലക്കു 46 ശതമാനം പേരുടെയും പിന്തുണ പ്രവചിക്കുന്നു. പ്രമുഖ ദിന പത്രമായ വോൾ സ്ട്രീറ്റ് ജേർണലിൻറ്റെ സർവേയിൽ, ഇത് 47 ശതമാനവും 45 ശതമാനവുമെന്നാണ്. വാഷിംഗ്ടൺ പോസ്റ്റിന്റെ സർവ്വേ പ്രകാരം രണ്ടു പേർക്കും 47 ശതമാനം പേരുടെ പിന്തുണയാണുള്ളത്. അമേരിക്കൻ ചരിത്രകാരനും, എഴുപതുകൾ മുതലുള്ള പ്രസിഡന്റ തെരഞ്ഞെടുപ്പുകളിൽ ശാസ്ത്രീയമായി പ്രവചങ്ങൾ നടത്തി വിശ്വാസ്യത തെളിയിച്ചിട്ടുള്ള അലൻ ലിച്ച് മാൻ പ്രവചിച്ചിട്ടുള്ളത് കമല ഹാരിസ് വിജയിക്കുമെന്നാണ് . ഏതായാലും ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് ഇഞ്ചോടിഞ്ച് പൊരുതിയാണ് രണ്ടുപേരും മത്സരരംഗത്തു മുന്നേറുന്നത് . പോപ്പുലർ വോട്ടിലും, ഇലക്ട്‌റൽ വോട്ടിലും ഉള്ള ചെറിയ മുൻതൂക്കം നിലനിർത്തുവാൻ സാധിച്ചാൽ ആദ്യ വനിതാ പ്രസിഡണ്റ്റായി ചരിത്രം കുറിക്കുവാൻ കമല ഹാരിസിന് സാധിക്കും, ഇല്ലെങ്കിൽ നൂറു വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റായി ട്രംപ് ഒരിക്കൽക്കൂടി ആ സ്ഥാനത്തെത്തും.
പി .എസ് . ശ്രീകുമാർ
9495577700
No comments:
Post a Comment