നർമഭാവന
ബണ്ടിച്ചോർ വെളിപ്പെടുത്തിയ ആ രഹസ്യം !
അഡ്വ.പി എസ് ശ്രീകുമാർ
തൻറ്റെ ഇഷ്ട ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിട്ടുള്ള ബണ്ടിച്ചോർ എന്ന ദേവീന്ദർ സിംഗിന് ഏറ്റവും ഇഷ്ട്ടപ്പെട്ട സംസ്ഥാനമേതെന്നു ചോദിച്ചാൽ അത് പിണറായി ഭരിക്കുന്ന നമ്മുടെ കേരളമാണ്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ ഉത്തർ പ്രദേശിൽ ജനിച്ച ബണ്ടിച്ചോർ ഒമ്പതാം ക്ലാസ്സിൽ വച്ച് പഠനമുപേക്ഷിച്ചാണ് മോഷണമെന്ന കലയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ആഡംബര ജീവിതത്തിൽ ആകൃഷ്ടനായ അയാൾ, മോഷണകലയിൽ പ്രമാണിയായി മാറിയത് അങ്ങിനെയാണ്. ഇതുപോലെയുള്ള കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ചാനൽ സിംഹങ്ങൾ ബണ്ടിചോറിൻറ്റെ കഴിവുകൾ കണ്ടറിഞ്ഞാണ് "ബിഗ്‌ബോസ്സ് " സീസൺ 4 ൽ, ബണ്ടിചോറിനെ ക്ഷണിച്ചുവരുത്തി ആദരിച്ചു പ്രസ്തുത ലൈവ് ഷോയിൽ എത്തിച്ചത്. പക്ഷെ സീസൺ 4 ൽ അതിഥിയായെത്തിയ ഹിന്ദി സിനിമ സൂപ്പർസ്റ്റാർ സൽമാൻ ഖാനോട് മോശമായി പെരുമാറിയതിനെത്തുടർന്ന് ബണ്ടിച്ചോറിനെ ചാനലുകാർ പുറത്താക്കി. അതോടെ അയാൾ താൻ വളർത്തിക്കൊണ്ടുവന്ന സുകുമാരകല പ്രോത്സാഹിപ്പിക്കുവാൻ ഡൽഹി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. അവിടെ വച്ച് പോലീസിന്റെ പിടിയിലായെങ്കിലും, അവരുടെ അവരെ വെട്ടിച്ചു തന്ത്രപൂർവം അയാൾ രക്ഷപ്പെട്ടു. പിന്നീട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ തന്റെ സുകുമാര കലയുടെ വല നീട്ടി വീശിത്തുടങ്ങി. ഇടക്ക് വീണ്ടും പോലീസിന്റെ പിടിയിൽ പെട്ട് ചെറിയ കാലയളവിൽ ജയിൽ വാസം പൂർത്തിയാക്കി പുറത്തുവന്ന ബണ്ടിച്ചോർ അപ്പോഴേക്കും സിനിമാക്കാരുടെ ആരാധനാപാത്രമായി മാറി. അങ്ങിനെയാണ് അയാളുടെ ജീവിതത്തെ ആസ്പദമാക്കി "Oye Lucky Lucky Oye " എന്ന ഹിന്ദി സിനിമ റിലീസ് ചെയ്തത്.
വീണ്ടും തൻറ്റെ സുകുമാരകല ഊട്ടി വളർത്തിയും രാജകീയ ജീവിതം നയിച്ചും കഴിഞ്ഞുവന്നപ്പോഴാണ് ഇടതു തണലിൽ സരിത വലിയ തട്ടിപ്പുകളുമായി കേരളത്തിൽ വിഹരിച്ച കാര്യം ബണ്ടിച്ചോർ അറിഞ്ഞത്. അത് കേൽക്കേണ്ട താമസം, 2013 ൽബണ്ടി തിരുവനന്തപുരത്തു പൊങ്ങി. പട്ടത്തെ ഒരു വീട്ടിൽ കയറി 28 ലക്ഷം രൂപ വിലയുള്ള ഒരു ആഡംബര കാറും, ലാപ്ടോപ്പ്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും തട്ടി എടുത്തുകൊണ്ടു കടക്കാൻ ശ്രമിച്ച ബണ്ടിയെ പോലീസ് പിടിച്ചു ജയിലിലാക്കി. ഉമ്മൻചാണ്ടി എന്ന നീതിമാൻ ഭരിച്ച കാലമായതുകൊണ്ടു കോടതിയിൽ നിന്ന് 6 വർഷത്തെ ശിക്ഷയും വാങ്ങി കൊടുത്തു. ശിക്ഷാ കാലാവധി കഴിഞ്ഞു ആരുമറിയാതെ രാജ്യ തലസ്ഥാനത്തേക്ക് കടന്ന ബണ്ടി ഒച്ചപ്പാടില്ലാതെ കുറെ നാളായി കഴിയുകയായിരുന്നു. അപ്പോഴാണ് ശബരിമല ക്ഷേത്രത്തിലെ കോടികൾ വിലയുള്ള സ്വർണ കട്ടിളപ്പടിയും, ദ്വാരക പാലക ശില്പങ്ങളും കവർച്ച ചെയ്ത വിവരം ബണ്ടിയോട് ആരോ പറഞ്ഞുകൊടുത്തത്. തന്നെയും നിഷ്പ്രഭരാക്കുന്ന തസ്‌ക്കര രാജാക്കന്മാർ ഇടതു തണലിൽ കേരളത്തിൽ ഉണ്ടെന്നറിഞ്ഞാണ് ബണ്ടിച്ചോർ വീണ്ടും കൊച്ചിയിലെത്തിയത്. ഈ തസ്‌ക്കര രാജാക്കന്മാരെ നേരിൽ കണ്ടു വിജയ രഹസ്യം ചോർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബണ്ടി എത്തിയതും, എറണാകുളത്തു വച്ചും, തിരുവനന്തപുരത്തു വച്ചും പോലീസ് പിടിച്ചതും. . ചോദ്യം ചെയ്തപ്പോൾ അയാളുടെ കയ്യിൽ ഒരു വെറ്റിലയും പാക്കും അല്ലാതെ മറ്റൊരു മോഷണ വസ്‌തുവും കിട്ടിയില്ല. കേരള പോലീസ് മൂന്നാം മുറ ഉൾപ്പെടെ എല്ലാം പ്രയോഗിച്ചപ്പോഴാണ് വെറ്റിലയും പാക്കുമായി നടക്കുന്നതിൻറ്റെ രഹസ്യം പോലീസ് ഉന്നതരോട് അയാൾ വെളിപ്പെടുത്തിയത്. മോഷണകലയിൽ സൂപ്പർസ്റ്റാറായി വിഹരിക്കുന്ന തന്നെക്കാൾ കേമന്മാരായ മെഗാ തസ്‌ക്കരവീരന്മാരാണ് സ്വർണകട്ടിള അടിച്ചു മാറ്റിയതെന്ന് അറിഞ്ഞു , അവരെ നേരിൽ കണ്ടു വെറ്റിലയും പാക്കും സമർപ്പിച്ചു ശിഷ്യത്വം സ്വീകരിക്കുക എന്ന സദുദ്ദേശം മാത്രമാണ് ഇപ്പോഴത്തെ യാത്രക്ക് പിന്നിലുള്ള ലക്‌ഷ്യം എന്ന രഹസ്യമാണ് കേരളാപോലീസിനോട് അയാൾ വെളിപ്പെടുത്തിയത്. പോലീസ് അയാളെ വെർതെ സംശയിച്ചു! ഇനിയെങ്കിലും പോലീസ് അയാളോട് ക്ഷമിക്കുമെന്നു പ്രതീക്ഷിക്കാം!
No comments:
Post a Comment