Friday, 2 January 2026

 

                           മസാലബോണ്ടിലെ അഴിമതിയും  കിഫ്ബിയും


അഡ്വ.പി.എസ് .ശ്രീകുമാർ 

കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ ബജറ്റിന് പുറമെ ഒരു സംവിധാനം വേണമെന്ന " ഇടത് ആശയത്തിൻറ്റെ " അടിസ്ഥാനത്തിലാണ് നായനാർ സർക്കാരിന്റെ  കാലയളവിൽ കേരളാ  ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ആക്റ്റ് 1999 ൽ   നിയമസഭയിൽ അവതരിപ്പിച്ചു  പാസ്സാക്കി കിഫ്‌ബി എന്ന ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV)  രൂപീകരിച്ചത്. നായനാർ സർക്കാരും, പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാരും, വി.എസ്  അച്യുതാനന്ദൻ സർക്കാരും  ഈ സ്ഥാപനത്തിന് അമിത പ്രാധാന്യം നൽകുകയോ ബജറ്റിന് പുറത്തുള്ള ഒരു പ്രധാന കടമെടുപ്പ് കേന്ദ്രമാക്കി മാറ്റുകയോ ചെയ്തില്ല.  എന്നാൽ 2016 ലെ പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ . തോമസ് ഐസക്കാണ്, വികസന പ്രവർത്തനങ്ങളുടെ പേരിൽ ലോകമെങ്ങുനിന്നും കടം വാങ്ങിക്കൂട്ടുവാൻ ഈ സംവിധാനം ഉപയോഗിക്കാമെന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചത്. 

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും, ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിൽ ചെലവാകുകയാണെന്നും, മൂലധന നിക്ഷേപത്തിന്  കടമെടുക്കാതെ നിവൃത്തിയില്ലെന്നും പറഞ്ഞാണ്  തോമസ് ഐസക്  കിഫ്‌ബിക്കു  കൂടുതൽ പ്രാധാന്യം നല്കിയതുടങ്ങിയത്. 2016-17 ൽ കിഫ്ബിക്കു പുതിയ രൂപഭാവങ്ങൾ നൽകിയപ്പോൾ പറഞ്ഞത്, അഞ്ച്  വർഷത്തേക്ക് 50000  കോടി രൂപയുടെ  വികസന പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കുമെന്നും ബജറ്റിന് പുറത്തുനിന്നും ഇതിനുള്ള ഫണ്ട് കണ്ടെത്തുമെന്നുമാണ്.  എന്നാൽ അത് നടപ്പിലാക്കിത്തുടങ്ങിയപ്പോൾ മനസ്സിലായത്  മോട്ടോർ വെഹിക്കിൾ നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൻറ്റെ 10 ശതമാനം ആദ്യ വർഷവും, പിന്നീട് ഓരോ വർഷവും 10 ശതമാനം വീതം വർധിപ്പിച്ചു 10  ശതമാനം വരെ എത്തുന്ന തുകയും പെട്രോളിയം ഉത്പന്നങ്ങളിൽ ചുമത്തുന്ന സെസ്സുമാണ് സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നും കിഫബിയിലേക്കു വരുന്നതെന്നാണ്. ബാക്കി തുക ബോണ്ടുകൾ, വായ്പകൾ എന്നിവയിൽ നിന്നും ആഭ്യന്തര വിപണിയിൽ നിന്നും, കെ എസ്  എഫ്  ഇ ചിട്ടികൾ വഴിയും  സമാഹരിക്കാനാണ്  ലക്ഷ്യമിട്ടത്.

കിഫ്‌ബിയുടെ  ഓഫീസ്‌   ചിലവ് 

കിഫ്ബിക്കായി തിരുവനന്തപുരത്തു എടുത്തിട്ടുള്ള ഓഫീസിനു ഏകദേശം 10 ലക്ഷം രൂപയോളമാണ് വാടകയിനത്തിൽ നൽകുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ ഉയർന്ന ശമ്പളം പറ്റുന്ന  ഇരുന്നൂറോളം   ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.    ചെലവാകുന്നത് ഏകദേശം അമ്പതു കോടിയോളം രൂപയാണ്. പരസ്യത്തിനായി വൻതുക വേറെ ചിലവാക്കുന്നു .  പരസ്യത്തിന്റെ പേരിൽ 2021 ലെ  നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും, 2024 ലെ  ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും, എൽ  ഡി എഫിന് വേണ്ടിയുള്ള   തെരഞ്ഞെടുപ്പിന് സഹായകമായ രീതിയിലുള്ള പരസ്യങ്ങളാണ് കിഫ്‌ബി  പ്രിൻറ് /വിഷ്വൽ മീഡിയ വഴി നൽകിയത്.  ഇക്കാര്യത്തിലെല്ലാം കേന്ദ്രത്തിൽ മോഡി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ്  പിണറായി സർക്കാർ അണുവിട മാറാതെ ഇവിടെ  ചെയ്തത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പ്, ഇലക്ട്രിസിറ്റി ബോർഡ്  തുടങ്ങിയ വലിയ എഞ്ചിനീയറിംഗ് സംവിധാനങ്ങളുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ  നോക്കുകുത്തികളായി മാറ്റി നിർത്തിയശേഷമാണ് കിഫ്‌ബി കോൺട്രാക്ട്/കൺസൽട്ടൻറ് സ്റ്റാഫുകളെ  പ്രത്യേകം നിയമിച്ചു ഈ വകുപ്പുകളിലെ പദ്ധതികൾ നടപ്പിലാക്കുന്നത്.  ഇതുവഴി ഇത്രയും വർഷങ്ങൾ ജോലി നിർവഹിച്ചുകൊണ്ടിരുന്ന ഒരു വലിയ വിഭാഗം ജീവനക്കാരെ കാഴ്ചക്കാരായി  മാറ്റിനിര്ത്തുന്നു എന്ന് മാത്രമല്ല അധിക ചെലവും വരുത്തിവക്കുകയാണ് ചെയ്യുന്നത്.

മന്ത്രിയുടെ അവകാശവാദം 

കിഫ്ബിയുടെ  രജത ജൂബിലി ആഘോഷങ്ങളെക്കുറിച്ചു അറിയിക്കാനായി ധന മന്ത്രി കെ.എൻ.ബാലഗോപാൽ അടുത്തകാലത്തു  വിളിച്ചു ചേർത്ത  പത്ര സമ്മേളനത്തിൽ  അറിയിച്ചത് 2016-17  നു ശേഷം,  90562 കോടി രൂപയുടെ,  1190  പദ്ധതികൾക്കാണ് കിഫ്‌ബി  അനുമതി നൽകിയതെന്നാണ്. വിവിധ പദ്ധതികൾക്കായി 37388  കോടി രൂപയാണ് ഇതുവരെ  ചെലവായിട്ടുള്ളത്.  എന്നാൽ നാളിതുവരെയും പൂർത്തീകരിക്കാൻ സാധിച്ചത് 21881 കോടി രൂപയുടെ പദ്ധതികൽ മാത്രമാണ് . കഴിഞ്ഞ ഒൻപതു വർഷത്തെ കണക്കാണിത്.  ഇതിൽ പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട 104  പദ്ധതികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്.  കിഫ്‌ബി ഇതുവരെ ഏറ്റെടുത്ത പദ്ധതികളിലൊന്നിൽ നിന്നുപോലും സർക്കാരിന് വരുമാനം ലഭിക്കുന്നില്ലാ എന്നത് മന്ത്രി തന്നെ പത്ര സമ്മേളനത്തിൽ സമ്മതിച്ചു.അതുകൊണ്ടാണ് വരുമാനം ലഭിക്കുന്ന പദ്ധതികൾ  നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  അദ്ദേഹത്തിന്  പറയേണ്ടിവന്നത്.

2025  ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം,  കിഫ്‌ബിയുടെ വരുമാന സ്രോതസ്സുകളിൽ മുഖ്യം മോട്ടോർ വാഹന നികുതിയിലെ സെസ് ആണ്.  ഇതുവരെയും ലഭിച്ച 51022  കോടി രൂപയിൽ,  15585  കോടി വാഹന സെസിൽ നിന്നും, 7450  കോടി ബാങ്ക്  വായ്പകളിലൂടെയും,  5650  കോടി ബോണ്ടുകളിലൂടെയും, 4583 കോടി പെട്രോളിയം സെസിലൂടെയും, 4808  കോടി നമ്പർ വായ്പയിലൂടെയും, 3780 കോടി ഹഡ്കോ വായ്‌പയായും, 1718 കോടി പ്രവാസി ചിട്ടിയിലൂടെയും, 1500 കോടി കെ എഫ് സി, 871 കോടി പി എഫ് സി ,331 കോടി പ്രവാസി ഡിവിഡന്റ് സ്കീം എന്നിവയിലൂടെയും,ആണ് സ്വരൂപിച്ചിട്ടുള്ളത്.  ചെലവായത് 36160 കോടി രൂപ മാത്രമാണ്.  ബാക്കി തുക വിവിധ ബാങ്കുകളിൽ നിക്ഷേപമായാണ് കിഫ്‌ബി സൂക്ഷിക്കുന്നത്.

കിഫ്ബിയും മസാല ബോണ്ടുകളും 

കിഫ്ബിയുടെ അക്കൗണ്ടുകളിൽ ആവശ്യത്തിന് പണം ഉള്ളപ്പോൾ,  മസാല ബോണ്ടുകളിൽ നിക്ഷേപിക്കുവാൻ കിഫ്‌ബി മുൻകൈ എടുത്തത്  എന്തിനാണെന്നത്  ദുരൂഹമാണ്. മാത്രമല്ല 2019 മാർച്ച് 19  ന് 2150 കോടി രൂപയാണ് മസാല ബോണ്ട് വഴി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നും സ്വരൂപിച്ചത്. അതും അന്ന് ഇന്ത്യയിലെ ബാങ്കുകളിൽ ലഭ്യമായ വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന പലിശ നൽകിയാണ് മസാല ബോണ്ട് വാങ്ങിയത്.9.72 ശതമാനമായിരുന്നു അതിൻറ്റെ  പലിശ നിരക്ക്. 5 വർഷ കാലാവധിക്കാന് മസാല ബോണ്ടുകൾ വാങ്ങിയത്. ബോണ്ടിൻറ്റെ  പലിശ ഉൾപ്പെടെ 3195.23 കോടി രൂപയാണ് കിഫ്‌ബി ഈ മസാല ബോണ്ടിനത്തിൽ തിരിച്ചടച്ചത്.  2019 മാർച്ച് 29 നു മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ നേരിട്ടെത്തിയാണ് മസാല ബോണ്ടിന്റെ ലിസ്റ്റിംഗിന്  സാക്ഷ്യം വഹിച്ചത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്റ്റിൻറ്റെ (ഫെമ) നിയമ ലംഘനത്തിലൂടെയാണ് മസാല ബോണ്ട് വാങ്ങിയതെന്ന് പ്രതിപക്ഷം ആനി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിനെയൊക്കെ ഡോ .തോമസ് ഐസക്  നിഷേധിച്ചു. മാത്രമല്ല,  പിണറായി  വിജയൻ, ആരോപണ വിധേയനായിട്ടുള്ള   എസ്‌ എൻ സി ലാവലിൻ  കമ്പനിയുമായി ബന്ധമുള്ള സി ഡി പി ക്യു  എന്ന കമ്പനിയെ സഹായിക്കാനാണ് കൂടിയ പലിശക്ക് മസാല ബോണ്ട് പുറത്തിറക്കിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും  പ്രതിപക്ഷം ആരോപിച്ചിരുന്നു .  പ്രസ്തുത ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവാണ്  പിണറായിക്കും, കിഫ്‌ബി എം. ഡിക്കും  എൻഫോഴ്‌സ്‌മെന്റ്  ഡയറക്റ്ററേറ്റ്  നവംബര് 11 ന്  നൽകിയ നോട്ടീസിലൂടെ  പുറത്തുവന്നിരിക്കുന്നത്.  കൂടിയ പലിശക്ക് വായ്പ എടുക്കുന്നതിനെ 2018 ൽ നടന്ന കിഫ്‌ബി യോഗത്തിൽ, അന്നത്തെ ചീഫ് സെക്രട്ടറിയും, ധനകാര്യ വകുപ്പ് സെക്രട്ടറിയും എതിത്തിരുന്നതാണ്. അവരുടെ എതിർപ്പ് അവഗണിച്ചാണ് ധനമന്ത്രി ഡോ .തോമസ് ഐസക്കും, മുഖ്യമന്ത്രി പിണറായിയും  മസാല ബോണ്ട് ഇറക്കുവാൻ  തീരുമാനമെടുത്തത്.  ഈ തീരുമാനം ഭരണഘടനയുടെ 293(1)  പ്രകാരം ഒരു സംസ്ഥാനത്തിന് രാജ്യത്തിനുള്ളിൽ നിന്ന് മാത്രമേ കടമെടുക്കുവാൻ കഴിയു.  ഈ  ഭരണഘടനാ നിയമം ലംഘിച്ചുകൊണ്ടാണ് മസാലബോർഡ് ഇറക്കുവാൻ  മുഖ്യമന്ത്രിയും, ധന മന്ത്രിയും തീരുമാനിച്ചത്. ഇത് തന്നെ പ്രകടമായ അഴിമതിയാണ്.

 മസാല ബോണ്ടിലെ അഴിമതി 

 മുകളിൽ പറഞ്ഞിട്ടുള്ള  ആരോപണങ്ങൾ സാധൂകരിക്കുന്നതാണ്  ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷെർഷാദ് എന്ന വ്യക്തി ഡൽഹി  ഹൈക്കോടതിയിൽ നൽകിയിട്ടുള്ള  കേസ്. മാത്രമല്ല, മസാല ബോണ്ട് ഇടപാടിൽ  കിങ്‌പിൻ  ആയി പ്രവർത്തിച്ചത് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണെന്ന്  ഇതിൽ  ഷെർഷാദ് ആരോപിക്കുന്നു .  ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങൾ  മുദ്രവച്ച കവറിൽ സമർപ്പിക്കാൻ തയ്യാറാണെന്നും, ഷെർഷാദ് ഹൈക്കോടതിൽ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. ആരോപണ വിധേയനായ  ഈ വ്യവസായിയുമായി പിണറായിക്കുള്ള ബന്ധമാണ്  മസാല ബോണ്ടിലെ അഴിമതിയിലേക്കു വിരൽ ചൂണ്ടുന്നത്. 










No comments:

Post a Comment