Tuesday, 19 December 2023

                      

 രാജശില്പിയായ  കരുണാകരൻ  

 

അഡ്വ.പി.എസ് .ശ്രീകുമാർ 

                1991 ലെ പാർലമെൻറ്  തെരഞ്ഞെടുപ്പ്  പ്രചാരണത്തിന്റ്റെ  ഭാഗമായി  ശ്രീ പെരുമ്പത്തൂരിലെ  തെരഞ്ഞെടുപ്പ്  സമ്മേളനത്തിൽ  പങ്കെടുക്കാനെത്തിയ  രാജീവ് ഗാന്ധി   എൽടിടിഇ  ആത്മഹത്യാ  സ്‌ക്വാഡിലെ  വനിതാ  അംഗം നടത്തിയ  ബോംബ്  സ്‌ഫോടനത്തിൽ  ചിന്നിച്ചിതറിയപ്പോൾഅനാഥത്വത്തിൻറ്റെ   ആഴക്കയങ്ങളി ലേക്കാണ്  കോൺഗ്രസ്  വീണത് . നെഹ്‌റു കുടുംബത്തിൽ നിന്നും  ഒരാൾ പോലും  അന്ന്  കോൺഗ്രസ്സിനെ  നയിക്കാൻ  വരാതിരുന്ന  സാഹചര്യത്തിൽകോൺഗ്രസ്സിനെ   നയിക്കാൻ     ഒരു  നേതാവിനെ  കണ്ടെത്തുക  ശ്രമകരമാ യിരുന്നു.  അവസരത്തിനൊത്തു  ഉയർന്ന് നരസിംഹ റാവുവിനെ  അധ്യക്ഷസ്ഥാനത്തേക്കു  തെരഞ്ഞെടുക്കാനും  പിന്നീട്  പ്രധാനമന്ത്രിസ്ഥാനത്തേക്ക്   അവരോധിക്കാനും   മുന്നിട്ടിറങ്ങി  ചരടുവലി  നടത്തിയത്  കേരളാ  രാഷ്ട്രീയം  ദേശിയ രാഷ്ട്രീയത്തിന്  നൽകിയ  പ്രതിഭാശാലിയുംരാഷ്ട്ര തന്ത്രജ്ഞനുമായ    കെ.കരുണാകരനായിരുന്നു.  അതോടെ   ദേശിയ  മാധ്യമങ്ങൾ  അദ്ദേഹത്തെ  രാജശില്പിയായി {King  Maker } ആയിവിശേഷിപ്പിച്ചു.

         തലയെടുപ്പുള്ള  നിരവധി  രാഷ്ട്രീയ നേതാക്കൾക്ക് കേരളം  ജന്മം നൽകിയിട്ടുണ്ടെങ്കിലും,  ലീഡർ  എന്ന  വിശേഷണത്തിന്   അക്ഷരാർഥത്തിൽതന്നെ  അർഹനായ  ഒരു നേതാവ്  കെ. കരുണാകരൻ  മാത്രമായിരുന്നു.  അദ്ദേഹം  എല്ലാവരുടെയും  നേതാവായിരുന്നു.  കോൺഗ്രസ്  പ്രവർത്തകരും  നേതാക്കളും   മാത്രമല്ല,  മറ്റു രാഷ്ട്രീയ  പാർട്ടി  നേതാക്കളും  അദ്ദഹത്തെ    ലീഡറായി  അംഗീകരിച്ചു.  

         കണ്ണൂരിലെ  ചിറക്കൽ  കോവിലകത്തിന്   സമീപമുള്ള  കണ്ണോത്തു   തറവാട്ടിൽ   ജനിച്ച  കരുണാകരൻ,  ഹൈ സ്കൂൾ  വിദ്യാഭ്യാസത്തിനു ശേഷമാണ്,  ജന്മനാ ലഭിച്ച ചിത്രകലാ അഭിരുചിയിൽ  തുടര്പഠനത്തിനായി   തൃശൂർ ആർട്സ്  സ്‌കൂളിൽ  എത്തിയത്.  ചിത്ര രചനയോടുള്ള  ഈ അഭിനിവേശത്തിൽ  നിന്നും  ആവേശം ഉൾക്കൊണ്ടാണ്,  പിന്നീട്,   അദ്ദേഹം  കേരളത്തിൻറ്റെ  രാഷ്ട്രീയ ചിത്രം തന്നെ  മാറ്റി വരച്ചത്. ദിവാൻ ഭരണത്തിനെതിരായി   കോൺഗ്രസ് അനുഭാവികളായ  ചെറുപ്പക്കാർപ്രജാമണ്ഡലം എന്ന സംഘടന  രൂപം കൊടുത്തപ്പോൾ  കരുണാകരൻ  അതിൻറ്റെ   പ്രവർത്തനങ്ങളിൽ സജീവമായി.  1942   മഹാത്മാ ഗാന്ധി  ക്വിറ്റ് ഇന്ത്യാ  സമരം പ്രഖ്യാപിച്ചപ്പോൾ,   അദ്ദേഹവും  അതിൽ പങ്കാളിയായി. പോലീസ് മർദ്ദനവും   തുടർന്ന്  ജയിൽ വാസവും  അദ്ദേഹം അനുഭവിച്ചു. പിന്നീടാണ്,    അദ്ദേഹം  തൊഴിലാളി സംഘടനാ രംഗത്തേക്ക് എത്തിയത്.  തൊഴിലാളി സംഘടനാ  രംഗത്തു  വളർത്തിയെടുത്ത  സംഘാടക  പ്രതിഭയാണ്പിൽക്കാലത്തു  അദ്ദേഹത്തെ  തിരു-കൊച്ചി  കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിച്ചതും,  തൃശൂർ നഗരസഭാ  കൗൺസിലറായും  , പിന്നീട്,  കൊച്ചി നിയമസഭാംഗമാക്കി  മാറ്റിയതും. കേരള  പിറവിക്കു  ശേഷം നടന്ന  1957 ലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ,  അദ്ദേഹം   തൃശ്ശൂരിൽ  നിന്ന്  മത്സരിച്ചെങ്കിലും,   തോറ്റു.  1965   മാളയിൽ നിന്നും  വിജയിച്ചശേഷംപാർലമെൻറ്റിലേക്കു  പോകുന്നതുവരെ  മാളയുടെ മാണിക്യമായി അദ്ദേഹം  മാറി.

 

         കോൺഗ്രസ്  നേതാവും  മുൻ  ആഭ്യന്തര മന്ത്രിയുമായിരുന്ന  പി.ടി.ചാക്കോയുടെ  മരണശേഷമുണ്ടായ  പിളർപ്പോടെ   കോൺഗ്രസ്  നന്നേ ശോഷിച്ചുപോയി.   1967 ലെ   നിയമസഭാ  തെരഞ്ഞെടുപ്പിലൂടെ   ഒരു അംബാസിഡർ  കാറിൽ  യാത്ര ചെയ്യാവുന്നത്ര   അംഗബലം  മാത്രമുണ്ടായിരുന്ന  കോൺഗ്രസ്സിനെ   പിന്നീട്    നയിച്ചത്  അദ്ദേഹമായിരുന്നു. കുശാഗ്ര  ബുദ്ധിമാനായിരുന്ന  ഇ.എം.എസ്സിന്റ്റെ  നേതൃത്വത്തിലുണ്ടായിരുന്ന   സപ്തകക്ഷി  മുന്നണിയുടെ  പരാജയങ്ങൾ,   അദ്ദേഹം,   കോൺഗ്രസ്സിൻറ്റെ   നേട്ടമാക്കി  മാറ്റി.  1970 ലെ തെരഞ്ഞെടുപ്പോടെ  യുവ  നിരയെ   ഉൾപ്പെടുത്തി   കോൺഗ്രസ്സിനെ  ശക്തമായ  രീതിയിൽ  തിരിച്ചു കൊണ്ടുവരുവാനും,  ഐക്യ  മുന്നണി  സംവിധാനത്തിന്  അടിത്തറയിടാനും  അദ്ദേഹത്തിന്റ്റെ   ചാണക്യ  തന്ത്രങ്ങൾക്ക്    സാധിച്ചു.  കേരളത്തിൻറ്റെയും,  കോൺഗ്രസ്സിൻറ്റെയും   രാഷ്ട്രീയ  ചിത്രം    അദ്ദേഹം  മാറ്റി  വരച്ചു.  ജനാധിപത്യ ചേരിയിലുള്ള  എല്ലാ  രാഷ്ട്രീയ പാർട്ടികളേയും  ഒരേ കുടക്കീഴിൽ  കൊണ്ടുവന്നതിലൂടെ         ഐക്യ ജനാധിപത്യ  മുന്നണിയുടെ  യഥാർത്ഥ  ശില്പിയായി   കരുണാകരൻ   മാറി.   

           അച്യുതമേനോൻ  മന്ത്രിസഭയിൽ  ശക്തനായ  ആഭ്യന്തര  മന്ത്രിയെന്നനിലയിൽ   അസാമാന്യമായ  ഭരണ  നൈപുണ്യവും,  രാഷ്ട്രീയ തന്ത്രജ്ഞതയും   അദ്ദേഹം  കാഴ്ചവച്ചു.    പോലീസ് സ്റ്റേഷനുകളിൽ    ആക്രമണം  നടത്തികൊണ്ട്   കേരളത്തിൽ  വേരുറപ്പിക്കുവാൻ  ശ്രമിച്ച  നക്സലൈറ്റ്  പ്രസ്ഥാനത്തെ  വേരോടെ  പിഴുതെറിയാൻ   അദ്ദേഹം   നേതൃത്വം നൽകി.  ചില  പോലീസ്  ഉദ്യോഗസ്ഥരുടെ  അത്യുത്സാഹത്തിൽ  ഉണ്ടായ  രാജൻ  കേസ്  ഒഴിച്ചുനിർത്തിയാൽ,   അടിയന്തരാവസ്ഥയുടെ  ദൂഷ്യ  വശങ്ങൾ  ഒഴിവാക്കി  ആഭ്യന്തര  വകുപ്പിനെ   ജനോപകാരപ്രദമാക്കി  മാറ്റുന്നതിൽ   അദ്ദേഹത്തിന്റെ  സംഭാവന  വളരെ  വലുതാണ്.    അദ്ദേഹം  കണ്ടെത്തി  നിയമിച്ച  ശിങ്കാരവേലു   എന്ന  ഐ.ജിയിലൂടെയാണ്  പോലീസിനെ  ജനകീയവൽക്കരിക്കാനുള്ള  ശ്രമങ്ങൾക്ക്    തുടക്കമിട്ടത്.  പോലീസ് സ്റ്റേഷനുകളിലേക്ക്  കടന്നുചെല്ലാൻ  മാത്രമല്ലഫോൺ  ചെയ്യാന്പോലും   സാധാരണക്കാർ   ഭയപ്പെട്ടിരുന്ന   ഒരു    കാലഘട്ടമായിരുന്നു  അത്.  പോലീസ്  സ്റ്റേഷനിലേക്ക്  ആര്  ഫോൺ  ചെയ്താലും,  ഫോൺ എടുക്കുന്ന  ഉദ്യോഗസ്ഥന്റെ  പേരുംനമ്പറും  പറയുന്നതിനൊപ്പം,  "ഗുഡ് മോണിങ്ഗുഡ് ആഫ്‌റ്റർനൂൺ ഗുഡ്  ഈവെനിംഗ്" എന്നിവ  അവസരോചിതമായി  പറയണമെന്ന്  നിർബന്ധമാക്കി.  ഇന്ത്യയുടെ  പോലീസ്   ചരിത്രത്തിൽ  തന്നെവിപ്ലവകരമായ  മാറ്റമായിരുന്നു  അത്.  ജനങ്ങളോട്  മാന്യമായും,  മര്യാദയോടും  കൂടി  പെരുമാറണമെന്നത്  ശക്തമായി  നടപ്പിലാക്കി.  ഒന്നിൽ കൂടുതൽ  ആളുകളുമായി  സൈക്കിളിലിൽ  യാത്ര  ചെയ്താൽ  പെറ്റിയടിക്കുന്ന  സമ്പ്രദായവും  എഴുപതുകളിൽ തന്നെ  അദ്ദേഹം  നിർത്തലാക്കിച്ചു.

 

           ആഭ്യന്തര  മന്ത്രിയായിരുന്ന  കരുണാകരന് തന്നെയായിരുന്നു  സിനിമ ഉൾപ്പെടെയുള്ള  സാംസ്‌കാരിക വകുപ്പിൻറ്റെയും   ചുമതല.   മലയാള സിനിമ  നിർമ്മാണം    കാലഘട്ടത്തിൽ  കേന്ദ്രികരിച്ചിരുന്നത്  മദ്രാസിലായിരുന്നു. അവിടെനിന്നും,  മലയാള സിനിമയെ  കേരളത്തിലേക്ക്  പറിച്ചുനടേണ്ടതിൻറ്റെ   ആവശ്യകത   ചലച്ചിത്രലോകത്തെ  പ്രഗത്ഭർ ആയിരുന്ന  രാമുകാര്യാട്ട്പി.ഭാസ്കരൻതോപ്പിൽ ഭാസി   എന്നിവർ  കരുണാകരനെ  കണ്ടു  സംസാരിച്ചു.  ഇതിൻറ്റെ   പ്രാധാന്യം മനസ്സിലാക്കിയ  കരുണാകരനാണ്,  ഫിലിം ഡെവലപ്മെൻറ്  കോര്പറേഷന്  രൂപീകരിക്കാൻ നടപടിയെടുത്തത്.  അന്നത്  രൂപീകരിക്കുമ്പോൾഇന്ത്യയിൽ തന്നെ  പൊതുമേഖലയിൽ  രൂപീകരിക്കുന്ന  ആദ്യ ഫിലിം കോര്പറേഷൻ   ആയിരുന്നു.  പട്ടികജാതി-പട്ടിക വർഗ  വിഭാഗങ്ങളുടെ  ഉന്നമനത്തിനായും അദ്ദേഹം നിരവധി  നടപടികൾ  കൈക്കൊണ്ടു.

 

.          നാല് തവണ മുഖ്യമന്ത്രിയുംഒരു തവണ  കേന്ദ്രമന്ത്രിയുമായ  കരുണാകരൻ,  ഭരണാധികാരിയെന്ന  നിലയിൽ  സംസ്ഥാനത്തിൻറ്റെ  വികസനത്തിൽ  വലിയ   പങ്കാണ്   വഹിച്ചിട്ടുള്ളത്.  അസാധ്യമെന്ന്  തോന്നുന്ന  പല  പദ്ധതികളും  യാഥാർഥ്യമാക്കി  മാറ്റുന്നതിൽ  വൈദഗ്ധ്യമുള്ള  നേതാവായിരുന്നു  അദ്ദേഹം.  അതിൻറ്റെ    തെളിമയാർന്ന   ഉദാഹരണമാണ്  നെടുമ്പാശ്ശേരി  അന്തർദേശിയ  വിമാനത്താവളം.  പൊതുമേഖലയെയുംസ്വകാര്യ  മേഖലയെയും ഒരുമിപ്പിക്കുന്ന  PPP  എന്ന  ആശയം  ഇന്ത്യയിൽ  തന്നെ നിലവിലില്ലാതിരുന്ന  അവസരത്തിലാണ്,  പൊതുമേഖലയെയുംസ്വകാര്യമേഖലയെയും  സംയോജിപ്പിച്ചുകൊണ്ട്   നെടുമ്പാശ്ശേരിയിൽ  അന്തർദേശിയ  വിമാനത്താവളം  നിർമിക്കാൻ  അദ്ദേഹം  മുൻകൈ  എടുത്തത്.  കൊച്ചിയിലെ  ഗോശ്രീ  പദ്ധതി,  തൃശൂർ-ഗുരുവായൂർ  റെയിൽവേ ലൈൻ,  ഏഴിമല  നാവിക അക്കാദമി,  ദക്ഷിണ വ്യോമസേനാ കമാൻഡ്കായംകുളം എൻ.ടി.പി,സി   താപ നിലയം ,  കൊച്ചിയിലെ  അന്തരാഷ്ട്ര  സ്റ്റേഡിയം ,  കാലടി സംസ്‌കൃത  സർവകലാശാല,  മഹാത്മാ  ഗാന്ധി  സർവകലാശാല ,  തിരുവനന്തപുരത്തെ  റീജിയണൽ  കാൻസർ  സെന്റർരാജീവ് ഗാന്ധി സെന്റർ  ഫോർ ബയോ-ടെക്നോളജി,    എന്നിവ  സ്ഥാപിക്കുന്നതിലും   അദ്ദേഹത്തിണ്റ്റെ   ദീർഘവീക്ഷണം  കാണുവാൻ  സാധിക്കും.  കൊച്ചിയിൽ  കയറ്റുമതി  വികസന  മേഖല  സ്ഥാപിക്കുന്നതിലും,   ഏഷ്യാഡ്‌  നടന്ന  അവസരത്തിൽ   കേരളത്തിൽ  ദൂരദർശൻ  പ്രക്ഷേപണ നിലയം സ്ഥാപിക്കുന്നതിലും    അദ്ദേഹം    പ്രത്യേകം   താല്പര്യം  എടുത്തിരുന്നു.

         ഒരു  കാര്യം  നടപ്പിലാക്കുവാൻ  തീരുമാനിച്ചാൽ,  എല്ലാ  പ്രതിബന്ധങ്ങളെയും  അതിജീവിച്ചു  അത്  നടപ്പിലാക്കുവാൻ  അദ്ദേഹം  ശുഷ്‌കാന്തി  കാണിച്ചിരുന്നു.  അതുപോലെ,   സർക്കാർ  നയങ്ങൾ  ആത്മാർത്ഥതയോടെ  നടപ്പിലാക്കുവാൻ  ശ്രമിക്കുന്ന  ഉദ്യോഗസ്ഥർക്ക്  മനഃപൂർവമല്ലാത്ത  പിഴവുകൾ  ഉണ്ടായാൽ    അവരെ സംരക്ഷിക്കുവാൻ  അദ്ദേഹത്തിന്  മടിയില്ലായിരുന്നു.  അതുകൊണ്ടു തന്നെയാണ്  ഉദ്യോഗസ്ഥന്മാർക്ക്  അദ്ദേഹം  പ്രിയങ്കരനായി  മാറിയത്.

കേരളം ഭരിച്ചആജ്ഞാശക്തിയും കരുത്തുംഭരണപാടവവും  കാഴ്ചവച്ച  അപൂർവം  ഭരണാധിപന്മാരിൽ   ഒരാളായിരുന്നു  അദ്ദേഹം.  അദ്ദേഹത്തിന്റെ   ഓർമ്മക്കു  മുന്നിൽ   സ്മരണാഞ്ജലി  അർപ്പിക്കുന്നു .

 

അഡ്വ.പി.എസ്‌ .ശ്രീകുമാർ 

 

9847173177 

                                 





  






Wednesday, 15 November 2023

 ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രൂപീകരണവും        ഉമ്മൻചാണ്ടിയും   

 ജോർജ്  എബ്രഹാം 

  കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന    നേതാക്കളിൽ   മലയാളികൾ ഹൃദയത്തിൽ  കൊണ്ടുനടന്ന നേതാവാണ് ഉമ്മൻചാണ്ടിക്ക്.  അദ്ദേഹം നടത്തിയ എണ്ണമറ്റ  അമേരിക്കൻ സന്ദര്ശനങ്ങളും , അദ്ദേഹത്തെ   കാണാനും അഭിവാദ്യം ചെയ്യാനും ഉള്ള മലയാളി സമൂഹത്തിൻറ്റെ  ഉണർവും,ആകാംക്ഷയും,അഭിവാഞ്ചയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.   ഫലപ്രദമായ  നേതൃത്വം എന്നത് പ്രചോദനം  നൽകലും,  അണിനിരത്തലുമാണെന്ന് പറയപ്പെടുന്നു.  ഈ ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ ജനങ്ങളെ  സ്നേഹത്തോടെയും,  സൗഹൃദത്തോടെയും, ഒരുമിപ്പിയ്ക്കാൻ ഉമ്മൻചാണ്ടി  ശ്രമിച്ചിരുന്നു.     

        1998-ൽ അദ്ദേഹം നടത്തിയ അമേരിക്കൻ സന്ദർശനം എൻറ്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്.  യാത്രയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനും, തൻറ്റെ  മണ്ഡലത്തിൽ നിന്നും അമേരിക്കയിലേക്ക് വന്നവരെയും, അതുപോലെ കഴിയുന്നത്ര   മറ്റുള്ളവരെയും  നേരിൽ കാണുവാനുമായി   അദ്ദേഹം എന്നെ ബന്ധപ്പെട്ടു . അന്നത്തെ സന്ദർശനത്തിൽ, ഭാര്യ മറിയാമ്മയും മകൻ ചാണ്ടിയും  ഉൾപ്പെടെയുള്ള  കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.  രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറ്റെ ഏറ്റവും അടുത്ത  സഹപ്രവർത്തകനായ   ബെന്നിബെഹ്‌നാനാനും,   അദ്ദേഹത്തെ അനുഗമിച്ചിരുന്നു .പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള  ബിജെപി ആണ് അന്ന്  ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്നത്.  ഇന്ത്യൻ വംശജരായ പ്രവാസികൾ  അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന  മാധ്യമങ്ങളിലെ  റിപ്പോർട്ടുകളിൽ, വസ്തുനിഷ്ഠവും  സൃഷ്ടിപരവുമായ വിമർശനങ്ങൾ  ഒന്നും  ഇല്ലാതെ,  വാജ്പേയി  സർക്കാരിനെ പ്രകീർത്തിക്കുന്ന  വാർത്തകൾ മാത്രമേ  പ്രസിദ്ധീകരിച്ചിരുന്നുള്ളു.   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ  മോശമാക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതുമായ  വാർത്തകൾ മാത്രം  പ്രവാസികൾക്കിടയിൽ  എത്തിക്കുന്ന   ഈ പ്രവണതയെ ചോദ്യം  ചെയ്യണ്ടതിൻറ്റെ  ആവശ്യകതയെക്കുറിച്ച്   ഞങ്ങളിൽ ചിലർ ഒത്തുചേർന്ന്  ചർച്ച ചെയ്തു.

  പ്രവാസികൾക്കിടയിൽ,  ഏകപക്ഷീയമായി , ബി.ജെ.പിയുടെ   പ്രചരണം മാത്രം   നടത്തുന്നത്   തടയിടുന്നതിനായി,    ഇന്ത്യൻ നാഷണൽ  കോൺഗ്രസുമായി  ബന്ധമുള്ള  ഒരു സംഘടന രൂപീകരിക്കുന്നതു സംബന്ധിച്ച്കെ.പി.സി.സി.യിൽ,  ഉമ്മന്ചാണ്ടിയോടൊപ്പം . പ്രവർത്തിക്കുകയും പിന്നീട്  സാൻഫ്രാൻസിസ്‌കോയിലേക്ക്   താമസം  മാറ്റുകയും ചെയ്‌ത   ജോൺ  ഫിലിപ്പോസും ഞാനും സംസാരിച്ചു.   അമേരിക്കക്കു   വെളിയിലുള്ള ഒരാളുമായി  ആദ്യം   ഈ ആശയം പങ്കുവെച്ചത്  ഉമ്മൻചാണ്ടിയുമായിട്ടായിരുന്നു.  പുതിയ ആശയങ്ങളെ  ഉൾക്കൊള്ളാനും,  അതിനനുസൃതമായി  പ്രവർത്തിക്കാനും  അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം ഉണ്ടായിരുന്നു.  ഞങ്ങളുടെ  ആശയം  അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയും,  അതുമായി മുന്നോട്ടു പോകുവാൻ ഞങ്ങൾക്കു വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു.

       ജോൺ ഫിലിപ്പോസിനൊപ്പം ന്യൂയോർക്കിലെ ട്രൈ-സ്റ്റേറ്റ് ഏരിയയിൽ താമസിക്കുന്ന,  ഞങ്ങളിൽ  കുറേപ്പേർ ന്യൂയോർക്കിലെ ജാക്‌സൺ ഹൈറ്റ്‌സിലെ എൻറ്റെ  വീട്ടിൽ ഒത്തുകൂടി. 'ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ് ' എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിക്കുകയും, ന്യൂയോർക്കിൽ വന്ന് പുതിയ  സംഘടന  ഉദ്ഘാടനം ചെയ്യാൻ  അന്നത്തെ പ്രതിപക്ഷ നേതാവായ   ഉമ്മൻചാണ്ടിയെ  ക്ഷണിക്കുകയും ചെയ്തു.  ജോൺ ഫിലിപ്പോസ് പ്രസിഡണ്ടായും ,  ഞാൻ  ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

                         ജാക്‌സൺ  ഹൈറ്സിലെ  , ഡൽഹി പാലസ്  ഹോട്ടലിൽ വച്ചുകൂടിയ യോഗത്തിൽ വച്ച്  ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സിൻറ്റെ  ഉദ്‌ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ,  ജനിച്ചു വളർന്ന നാടിനെയും,  ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയെയും  പ്രവാസികൾ മറക്കരുതെന്ന് അദ്ദേഹം  പ്രത്യേകം ഓർമിപ്പിച്ചു.  കോൺഗ്രസ് പാർട്ടിയുമായി  എല്ലാ  രംഗങ്ങളിലും   യോജിച്ചു  പ്രവർത്തിക്കണമെന്നും   അദ്ദേഹം  പങ്കെടുത്തവരോട് ആവശ്യപ്പെട്ടു.

                         ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ  പിറവി ഇങ്ങിനെയായിരുന്നു.   2001 ൽ കോൺഗ്രസ് പ്രസിഡണ്ട്   ആയിരുന്ന  സോണിയഗാന്ധി ന്യൂയോർക്കിൽ എത്തി  ഈ സംഘടനയുടെ ഔപചാരികമായ  ഉദ്‌ഘാടനം നിർവഹിക്കുകയും,  അതുവഴി  ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുമായി  നേരിട്ട് ബന്ധം സ്ഥാപിക്കുകയും ചെയ്തു.  പിന്നീട്,    ഓൾ  ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ,   ഒരു  പ്രത്യക ഡിപ്പാർട്മെന്റായി , ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്  രൂപീകരിക്കുകയും  , ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റ്റെ   ശിൽപിയായ  സാം പിട്രോഡയെ   സംഘടനയുടെ  ചെയർമാനായി  നിയമിക്കുകയും ചെയ്തു.   കോൺഗ്രസ് പാർട്ടിയുടെ  ആശയങ്ങൾ പ്രചരിപ്പിക്കുവാനും,  പ്രവാസികളെയും, ഇന്ത്യൻ വംശജരെയും    കോൺഗ്രസ്സിൻറ്റെ  കുടക്കീഴിൽ   അണിനിരത്തുവാനും പരിശ്രമിക്കുന്ന  ഈ സംഘടന ഇന്ന്  മുപ്പതിലേറെ  രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

 കോൺഗ്രസ് അനുഭാവികളുടെ  ഇത്രയും ബൃഹത്തായ   സംഘടനാ ശൃംഖല ആഗോളതലത്തിൽ എത്തിയ്ക്കാനും, പാർട്ടിയെ ശക്തിപ്പെടുതുന്ന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണവും, പ്രോത്സാഹനവും ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹത്തോടുള്ള നന്ദിയും, കടപ്പാടും,ദീപ്തമായ  ഓർമ്മകളും ഭാവിയിൽ  ഞങ്ങൾക്ക്                   പ്രത്യാശയുടെ ദീപമായി നില നിൽക്കും .

(ഐക്യ രാഷ്ട്ര  സഭയുടെ  മുൻ ചീഫ് ടെക്നോളജി ഓഫീസറും , അമേരിക്കയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻറ്റെ  മുൻ ജനറൽ സെക്രട്ടറിയുമാണ്  ജോർജ് എബ്രഹാം)

                             

                       

 

 

 

Sunday, 5 November 2023

                              ചോര പുഴയൊഴുകുന്ന  പലസ്റ്റീൻ .

 അഡ്വ.പി.എസ് .ശ്രീകുമാർ 

മനുഷ്യത്വരഹിതമായ  ഒരു പ്രതിസന്ധിയിലൂടെയാണ്  പലസ്റ്റീനിലെ  ജനങ്ങൾ കടന്നുപോകുന്നത്.  വെടിയൊച്ചകളുടെയും, ബോംബ് സ്ഫോടനങ്ങളുടെയും  നടുവിൽ,   ആശ്രയമില്ലാതെ  എല്ലാം ഉപേക്ഷിച്ചു  പലായനം ചെയ്യുകയാണവർ. കഴിഞ്ഞ ഒക്ടോബർ  7 ന്     ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൻറ്റെ    പേരിൽ    ,   പാലസ്റ്റീൻ ജനതക്കെതിരെ  ഇസ്രായേൽ,  ഏകപക്ഷീയമായി   നടത്തുന്ന    നിഷ്ട്ടൂരമായ    സൈനികാക്രമണം  സമാനതകളില്ലാത്ത ക്രൂരതയോടെ തുടരുകയാണ്.  ഹമാസ് നടത്തിയ  ആക്രമണങ്ങളിൽ  1400 ൽ ഏറെപ്പേരാണ് ഇസ്രായേലിൽ  കൊല്ലപ്പെട്ടത്.  നിരവധി കുട്ടികളും സ്ത്രീകളും  കൊല്ലപ്പെട്ടു. 250 ഓളം ഇസ്രേലികളെ ബന്ദികളാക്കി.  എന്നാൽ  ഇതിനു പ്രതികാരമായി ഇസ്രായേൽ  അഴിച്ചുവിട്ട  ആക്രമണങ്ങളിൽ   10,000 ൽപ്പരം   പേരാണ്   ഇതിനോടകം  കൊല്ലപ്പെട്ടത്. അതിൽ  കുട്ടികൾ മാത്രം   4000  മേൽ   വരും.  ഇസ്രായേലിന്റെ  ബോംബാക്രമണങ്ങളിൽ  ആശുപത്രികളും, സ്കൂളുകളും ഉൾപ്പെടെ നശിപ്പിക്കപ്പെടുന്നു.  കരളലിയിക്കുന്ന ചിത്രങ്ങളാണ്  യുദ്ധമേഖലയിൽ നിന്നും പുറത്തുവരുന്നത്.  പാലസ്റ്റീനിലെ ഊഷരഭൂമിയിലൂടെ  ഒഴുകുന്നത്  സ്ത്രീകളും, കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരുടെ  രക്തപ്പുഴയാണ്.  പച്ചയായ  മനുഷ്യാവകാശ ധ്വംസനമാണ്    ഇസ്രായേൽ   ഗാസയിൽ  നടത്തിക്കൊണ്ടിരിക്കുന്നത്.  ഇതിനെതിരെ  ലോകമെങ്ങുമുള്ള  മനുഷ്യാവകാശ പ്രവർത്തകരും,  ജനാധിപത്യ വിശ്വാസികളും  പ്രതിഷേധിക്കുകയാണ്.   ഒക്ടോബർ  7  ന്   ഹമാസ്   നടത്തിയ  ആക്രമണത്തെ നിശിതമായി വിമർശിച്ച  മോദി  സർക്കാർ,  ഇസ്രായേൽ നടത്തുന്ന ക്രൂരമായ  ആക്രമണങ്ങളെ തള്ളിപ്പറയാൻ ഇതുവരെയും   തയ്യാറായിട്ടില്ല  എന്നത്  തികച്ചും ലജ്ജാകരമാണ്.

അവിടെനടക്കുന്ന കൊടും ക്രൂരതകൾക്ക്  അറുതിവരുത്തുവാൻ,   വെടിനിർത്തൽ അടിയന്തിരമായി  പ്രഖ്യാപിക്കണം   എന്ന് ആവശ്യപ്പെട്ടുകൊണ്ട്  ഒക്ടോബര്  26 നു  ഐക്യരാഷ്ട്ര സഭയുടെ   പൊതു സഭയിൽ   വന്ന പ്രമേയം  120  രാജ്യങ്ങൾ അനുകൂലിച്ചു വോട്ടു ചെയ്തു.  അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെ 14   രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു.മുൻ നിലപാടുകളിൽ നിന്നും വ്യത്യസ്‍തമായി  ഇന്ത്യ ഈ പ്രമേയത്തെകുറിച്ചുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാതെ  വിട്ടു നിൽക്കുകയാണ് ചെയ്തത്.  ഇന്ത്യ കൈക്കൊണ്ട  ഈ  നടപടിയെ  പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ  അപലപിച്ചപ്പോൾ,  വിദേശകാര്യ മന്ത്രി എസ്‌ .ജയശങ്കർ  പറഞ്ഞത്,  ഒക്ടോബർ  7 ആം തീയതി  "ഹമാസ് നടത്തിയ  തീവ്രവാദി ആക്രമണങ്ങളിൽ"   1405  ഇസ്രേലികൾ കൊല്ലപ്പെട്ടെന്നും  ആ കാര്യം  പ്രമേയത്തിൽ ഉൾപ്പെടുത്താത്തതുകൊണ്ടാണ്  ഇന്ത്യ വിട്ടുനിന്നതെന്നുമാണ്.  ഹമാസ് ബന്ദികളാക്കിയ  ഇസ്രയേലി  പൗരന്മാരുടെ  മോചനം  ഉടനടി  നടത്തണമെന്നും  അദ്ദേഹം   ആവശ്യപ്പെട്ടു.  എന്നാൽ  ഇന്ത്യയുടെ ആവശ്യം ശക്തമായി പൊതു   സഭയിലെ ചർച്ചയിൽ  ഉന്നയിക്കുന്നതിനൊപ്പം   വെടിനിർത്തൽ  ആവശ്യപ്പെട്ടുകൊണ്ട്     അവതരിപ്പിച്ച    പ്രമേയത്തിൽ   അനുകൂലമായി  വോട്ട്    ചെയ്യുകയായിരുന്നു   മോദി  സർക്കാർ ചെയ്യേണ്ടിയിരുന്നത്. പക്ഷേ  അത് ചെയ്യാതെ  വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്   സ്വതന്ത്ര ഇന്ത്യ  ഇത്രയും വര്ഷം പിന്തുടർന്ന  നിലപാടുകളിൽ നിന്നുമുള്ള  വ്യതിയാനമായിരുന്നു.

90  വർഷങ്ങൾക്ക്  മുമ്പ്,  1933  മേയ്  29 ന് ,  ജവാഹർലാൽ  നെഹ്‌റു,   മകൾ ഇന്ദിരക്ക് അയച്ച കത്തിൽ പലസ്തീനിന്റെ  ചരിത്രം വളരെ വിശദമായി എഴുതി.  യഹൂദരും, അറബികളും തമ്മിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചു പരാമർശിച്ച ശേഷം  അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു." But we must remember that Palestine is essentially an Arab country, and must remain so, and the Arabs must not be crushed and suppressed in their own homelands.  The two peoples could well co-operate together in a free Palestine, without encroaching  on each other's  legitimate interests, and help in building up a progressive country."[Glimpses  of  World  History].സ്വതന്ത്ര ഇന്ത്യയുടെ  പ്രധാനമന്ത്രിയായപ്പോളും,  ഈ നിലപാടിൽ നിന്നും അദ്ദേഹം അണുവിട മാറിയില്ല.

പലസ്റ്റീൻ വിഭജിച്ചു  ഇസ്രായേൽ രാജ്യം രൂപീകരിക്കാനായി  1947  ൽ അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു  അന്നത്തെ നെഹ്‌റു സർക്കാർ  ചെയ്തത്.  അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യ രാഷ്ട്ര സഭ  എതിർപ്പുകളെയെല്ലാം അവഗണിച്ച്  ഇസ്രായേൽ  രാഷ്ട്രത്തിന്  അംഗീകാരം നല്കിയപ്പോഴും   ഇന്ത്യ അതിനെ എതിർത്തു .  എന്നാൽ, പിന്നീട്, ഇറാനും, തുർക്കിയും ഉൾപ്പെടെ ചില  അറബ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകാരം  നൽകി കഴിഞ്ഞപ്പോൾ മാത്രമാണ്,    ആ രാജ്യത്തെ   ഇന്ത്യ  അംഗീകരിച്ചത്.   അതിനുശേഷം  1956 ൽ   ഉണ്ടായ   സൂയസ് കനാൽ  പ്രശ്നത്തിൽ   ,  ബ്രിട്ടനും, ഫ്രാൻസും,   ഇസ്രയേലും  ചേർന്നാണ്   ഈജിപ്തിനെ ആക്രമിച്ചത്‌ .   ഈജിപ്റ്റിൻറ്റെ   പരമാധികാരത്തെ  കടന്നുകയറിയുള്ള ആക്രമണത്തെ  പ്രധാനമന്ത്രി നെഹ്‌റു നിശിതമായി വിമർശിച്ചു.  മാത്രമല്ല,   ഈജിപ്റ്റിന്റ്റെയും  അതിന്റെ പ്രസിഡന്റ്  ആയിരുന്ന  ഗമാൽ  അബ്ദുൽ നാസ്സറിന്റ്റെയും   നേതൃത്വത്തിനു പിന്നിൽ  ഇന്ത്യ അടിയുറച്ചു നിന്നു.  അതിനുമുപരി , മറ്റു ചേരിചേരാ  രാജ്യങ്ങളെയും ഈജിപ്തിന്  അനുകൂലമായി  മാറ്റുവാൻ  നെഹ്രുവിനും, വിദേശകാര്യ മന്ത്രിയായിരുന്ന  വി.കെ.കൃഷ്ണ മേനോനും  സാധിച്ചു.  

പിന്നീട്, 1948 ലും, 1967 ലും, ഇസ്രായേൽ   പാലസ്റ്റീനെ   ആക്രമിച്ച്  സിനായ് , ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കി. മാത്രമല്ലാ, പുതുതായി  പിടിച്ചെടുത്ത  സ്ഥലങ്ങളിലേക്ക് ഇസ്രായേലികളെ   കുടിയേറ്റി .  ഇന്നും ഈ കുടിയേറ്റം ഇസ്രായേൽ  തുടർന്നുകൊണ്ടിരിക്കുന്നു .  1982 ൽ ഗാസയും, സിനായ്  ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളും  ഒത്തുതീർപ്പു ഭാഗമായി  ഇസ്രായേൽ  തിരിച്ചു നല്കാൻ നിര്ബന്ധിതരായെങ്കിലും,  മറ്റു പ്രദേശങ്ങളിലുള്ള ആധിപത്യം  ഇപ്പോഴും ഇസ്രായേലിന്റെ   നിയന്ത്രണത്തിലാണ്.  അന്ന് നടത്തിയ  ഈ  അക്രമങ്ങളെയും ഇന്ത്യ അതിശക്തമായി എതിർത്തു .   അതുപോലെ   പലസ്റ്റീൻ ജനതയുടെ പ്രാതിനിധ്യമുള്ള പലസ്റ്റീൻ ലിബറഷൻ  ഓർഗനൈസേഷനെ  അമേരിക്ക 1987 ൽ തീവ്രാദി സംഘടനയായി പ്രഖ്യാപിച്ചു.   എന്നാൽ,   പി.എൽ ഒ യെ,  1988 ൽ   ആദ്യം അംഗീകരിച്ച അറബ്- ഇതര രാജ്യം  ഇന്ത്യയായിരുന്നു. 2014 ൽ  മോദി  സർക്കാർ അധികാരത്തിൽ വരുന്നതുവരെ,  ഐക്യ രാഷ്ട്ര സഭ  ഉൾപ്പെടെയുള്ള  അന്താരാഷ്ട്ര വേദികളിൽ     പലസ്റ്റീൻ അനുകൂല നിലപാടായിരുന്നു ഇന്ത്യ എന്നും എടുത്തിരുന്നത്. 

പലസ്റ്റീനിൽ  ജനിച്ചുവളർന്ന  ജനങ്ങളെ  സംബന്ധിച്ചേടത്തോളം, ഒരു സ്വതന്ത്ര രാജ്യമെന്നത്    അവരുടെ അവകാശമാണ്. പിറന്ന മണ്ണിൽപോലും  സ്വതന്ത്രമായി  ജീവിക്കാൻ സാധിക്കാത്ത  ദുഃഖകരവും, ദയനീയവുമായ  അവസ്ഥയിലാണ്  അവിടത്തെ ജനങ്ങൾ.   ഇവിടെയാണ് അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ  ഇസ്രയേലുമായി  ചേർന്ന്  ഒളിച്ചുകളിക്കുന്നത്.       സ്വതന്ത്ര പലസ്റ്റീൻ  ഉണ്ടായെങ്കിൽ മാത്രമേ  പശ്ചിമേഷ്യയിലെ  ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.  മോദി  സർക്കാരും ഇപ്പോഴത്തെ ഇസ്രായേൽ അനുകൂല നിലപാട് മാറ്റി,  1947  മുതൽ  ഇന്ത്യ പിന്തുടർന്ന് വന്ന  നിലപാടിലേക്ക് മടങ്ങണം.  അടിയന്തിരമായി വേണ്ടത്  പാവപ്പെട്ട  പലസ്റ്റീൻ  ജനതയുടെ  ജീവൻ രക്ഷിക്കുകയെന്നതാണ്. അതിനു  വെടിനിർത്തൽ  നടപ്പിലാക്കണം. ജി-20  യുടെ   അധ്യക്ഷ സ്ഥാനം  വഹിക്കുന്ന  ഇന്ത്യ വെടിനിർത്തൽ ഉടനടി നടപ്പിലാക്കുവാനായി   മറ്റുള്ള രാജ്യങ്ങളുമായി ചേർന്ന്  ശ്രമിക്കണം.

പി.എസ്‌ .ശ്രീകുമാർ 

9847173177 


                                                    ---------------







Saturday, 4 November 2023

  



               ജവാഹർലാൽ നെഹ്‌റുവും  പാലസ്തീനും 


അഡ്വ. പി.എസ്‌ .ശ്രീകുമാർ 


2023  ഒക്ടോബർ  7 ന്     ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന്     പ്രതികാരമായി  ,   പാലസ്റ്റീൻ ജനതക്കെതിരെ  ഇസ്രായേൽ,  നടത്തുന്ന   പൈശാചികമായ   സൈനികാക്രമണം  സമാനതകളില്ലാതെ   തുടരുകയാണ്.  ഹമാസ് നടത്തിയ  ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും  ഉൾപ്പെടെ 1400 ൽ ഏറെപ്പേരാണ് ഇസ്രായേലിൽ  കൊല്ലപ്പെട്ടത്.   250 ഓളം ഇസ്രേലികളെ ബന്ദികളാക്കി.  എന്നാൽ   ഹമാസിനെ തുടച്ചുനീക്കും  എന്ന്  പ്രഖ്യാപിച്ചുകൊണ്ട്  ഇസ്രായേൽ  അഴിച്ചുവിട്ട  ആക്രമണങ്ങളിൽ   ആയിരങ്ങളാണ്  ഈയാംപാറ്റകളെപ്പോലെ  മരിച്ചുവീഴുന്നതു.  ഇസ്രായേൽ ഏകപക്ഷീയമായി  പ്രഖ്യാപിച്ച യുദ്ധം ഒരു മാസം തികഞ്ഞപ്പോൾ,  10000 ൽ ഏറെ  പാലസ്റ്റീനികളാണ്  നവംബർ    കൊല്ലപ്പെട്ടത്. അതിൽ  കുട്ടികൾ മാത്രം   4000 ൽ പ്പരം   വരും.  ഇസ്രായേലിന്റെ  ബോംബാക്രമണങ്ങളിൽ , വാസസ്ഥലങ്ങളും,  ആശുപത്രികളും, സ്കൂളുകളും  വ്യാപകമായി  തകർക്കപ്പെടുന്നു.  കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ  വെള്ളത്തുണിയിൽ പൊതിഞ്ഞു  നിരനിരയായി  വച്ചിരിക്കുന്ന   ചിത്രങ്ങൾ  ഹൃദയഭേദകമാണ്.      പച്ചയായ  മനുഷ്യാവകാശ  ധ്വംസനമാണ്    ഇസ്രായേൽ   ഗാസയിൽ  നടത്തിക്കൊണ്ടിരിക്കുന്നത്.  ഇസ്രയേലിനെതിരെ നടന്ന  ആക്രമണങ്ങളെ  അപലപിച്ച  തീവ്രതയോടെ  പാലസ്റ്റീനെതിരെ നടക്കുന്ന  കണ്ണിൽച്ചോരയില്ലാത്ത  ആക്രമണങ്ങളെ   അപലപിക്കാൻ  ലോകത്തിലെ പല  വൻരാജ്യങ്ങളും  എന്തുകൊണ്ടോ   തയ്യാറാകുന്നില്ല.  ഹമാസ്   നടത്തിയ  ആക്രമണത്തെ നിശിതമായി വിമർശിച്ച മോദി  സർക്കാർ,  ഇസ്രായേൽ നടത്തുന്ന ക്രൂരമായ  ആക്രമണങ്ങളെ തള്ളിപ്പറയാൻ ഇതുവരെയും   തയ്യാറായിട്ടില്ല. 

പാലസ്റ്റീൻ  വിഷയത്തിൽ   സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ ഇന്ത്യ എടുത്ത നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ട്  ഇസ്രായേലിന് അനുകൂലമായ നിലപാടാണ്  ഇപ്പോൾ  നരേന്ദ്ര മോദി  സർക്കാർ എടുത്തിട്ടുള്ളത്. ലോകമെങ്ങുമുള്ള അടിച്ചമർത്തപ്പെട്ട  ജനങ്ങളുടെ  സ്വാതന്ത്ര്യം  എന്നത്  മഹാത്മാ ഗാന്ധിയും, ജവാഹർലാൽ നെഹ്രുവും, സുഭാഷ് ചന്ദ്ര ബോസും ഉൾപ്പെടെയുള്ള    സ്വാതന്ത്ര്യ സമര നേതാക്കൾ   നമുക്ക് പകർന്നു തന്ന  ആപ്തവാക്യമാണ്.  പാലസ്റ്റീൻറ്റെ  കുഴഞ്ഞുമറിഞ്ഞ ചരിത്രം പഠനവിധേയമാക്കിയ ശേഷമാണ്  പാലസ്റ്റീനിലെ ജനങ്ങൾക്കനുകൂലമായ നിലപാട്  ഗാന്ധിജിയും, നെഹ്‌റുവും  കൈക്കൊണ്ടത്. 

 90  വർഷങ്ങൾക്ക്  മുമ്പ്,  1933  മേയ്  29 ന് ,  ജവാഹർലാൽ  നെഹ്‌റു,   മകൾ ഇന്ദിരക്ക് അയച്ച കത്തിൽ പാലസ്തീനിന്റെ  ചരിത്രം വളരെ വിശദമായി എഴുതി.  യഹൂദരും, അറബികളും തമ്മിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെക്കുറിച്ചു പരാമർശിച്ച ശേഷം  അദ്ദേഹം ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു." But we must remember that Palestine is essentially an Arab country, and must remain so, and the Arabs must not be crushed and suppressed in their own homelands.  The two peoples could well co-operate together in a free Palestine, without encroacing  on each other's  legitimate interests, and help in building up a progressive country."

  പിന്നീട്  ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ  പ്രസിഡന്റ്  എന്ന നിലയിൽ  1936  മേയ്  13 ന്   നെഹ്‌റു  പുറപ്പെടുവിച്ച പത്ര കുറിപ്പിലും   ഇക്കാര്യം പ്രദിപാദിക്കുന്നുണ്ട്.    അദ്ദേഹം എഴുതിയ   Glimpses  of  World  History " എന്ന വിഖ്യാതമായ  ഗ്രന്ഥത്തിൽ  ഇത് വിശദമായി കൊടുത്തിട്ടുണ്ട്..

"അറബ് ദേശീയ പ്രസ്ഥാനത്തോടും , സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പ്രക്ഷോഭങ്ങളോടും  എനിക്കുള്ള  സഹാനുഭൂതി  ഇന്ത്യയിലെ ചില യഹൂദരുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്.  ഇക്കാര്യത്തിലുള്ള എൻ്റെ  നിലപാട് അൽപ്പം  ദീർഘമായിട്ടാണെങ്കിലും ഞാൻ  വ്യക്തമാക്കാം.  യഹൂദർ നൂറ്റാണ്ടുകളായി   യൂറോപ്പിൽ  അനുഭവിക്കുന്ന അടിച്ചമർത്തലുകൾ കണ്ടില്ലെന്നു നടിക്കാൻ  ആർകും സാധിക്കുമെന്ന് തോന്നുന്നില്ല.  അവർക്കെതിരെ നാസികൾ ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ സാധിക്കുകയില്ല. തുടരുന്ന  മൃഗീയമായ  അടിച്ചമർത്തൽ.  യഹൂദരെ വേട്ടയാടുകയെന്നത്, ജർമനിക്കു വെളിയിലുള്ള  ചില ഫാസിസിസ്റ്റുകളുടെ വിനോദമായി മാറിയിട്ടുണ്ട്.............സ്വന്തമായി രാജ്യമോ വീടോ ഇല്ലാതെ ഒളിവിൽ കഴിയുന്ന നിർഭഗ്യവാന്മാരായ  ചില യഹൂദ സുഹൃത്തുക്കളെ എനിക്ക് നേരിട്ടറിയാം.  എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം,  അവരുടെ വംശീയമോ, മതപരമോ  ആയ  പ്രശ്നങ്ങൾ ഒന്നും എന്റ്റെ അഭിപ്രായത്തെ സ്വാധീനിക്കുന്നില്ല.

യുദ്ധ സമയത്തെയും, യുദ്ധാനന്തര കാലത്തെയും  ചരിത്രം പറയുന്നത്  ബ്രിട്ടീഷ് സാമ്രാജ്യത്വം  അറബികളോട്  കൊടും വഞ്ചനയാണ്  കാണിച്ചിട്ടുള്ളതെന്നാണ്.  ബ്രിട്ടീഷ് സർക്കാരിനുവേണ്ടി കേണൽ ലോറൻസും മറ്റു ഉയർന്ന സൈനിക മേധാവികളും  , അവരുടെ  സഹായം സ്വീകരിച്ചുകൊണ്ട്,യുദ്ധ സമയത്തു നൽകിയ വാഗ്‌ദാനങ്ങൾ  യുദ്ധാനന്തരം  തുടർച്ചയായി അവഗണിക്കപെടുകയാണ്. സിറിയയിലെയും, ഇറാഖിലെയും, ജോർദാനിലെയും , പാലസ്റ്റീനിലെയും അറബികൾ എല്ലാം തന്നെ  ഈ  വഞ്ചനക്കു ഇരയായെങ്കിലും,  പാലസ്റ്റീനിലെ  അറബികളുടേതാണ്  ഏറ്റവും മോശമായത്.

............സയോണിസ്റ്റുകൾ അറബികളെ എതിർക്കുകയും,  ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിനും, പിന്തുണക്കും വേണ്ടി  ശ്രമിക്കുകയും ചെയ്യുന്നു. പുണ്യഭൂമിയുമായുള്ള  അവരുടെ  പൗരാണികമായ ബന്ധത്തെ  അവർ ആദരവോടെ കാണുന്നു.അങ്ങിനെയാണെങ്കിൽ അറബികളുടെ കാര്യമോ?മുസ്ലിം, ക്രിസ്ത്യൻ അറബികൾക്കും  അത് പുണ്യഭൂമിയാണ്.

...........ഒട്ടേറെ യഹൂദന്മാരെ  പലസ്‌തീൻ സ്വാഗതം ചെയ്യുകയും, അവർക്കു അവിടെ വസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ അറബികളെ അവിടെനിന്നും പുറത്താക്കാമെന്നും,  അവരുടെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കയ്യടക്കാം   എന്നുമുള്ള  ഉദ്ദേശത്തോടെ വരുന്നവരെ അവർക്കു  സ്വാഗതം ചെയ്യുവാൻ സാധിക്കുകയില്ല.  വെളിയിൽ നിന്നും ധാരാളം ധനവും, വ്യവസായങ്ങളും, സ്കൂളുകളും, സർവകലാശാലകളും  കൊണ്ടുവന്നു അതിലൂടെ പ്രദേശവാസികളായ അറബികൾക്കുമേൽ  സാമ്പത്തികമായും രാഷ്ട്രീയമായും മേധാവിത്തം പുലർത്താം എന്ന്അ ധരിച്ചാൽ, അതിനെ ശക്തമായി തന്നെ അറബികൾ എതിർക്കും.  

 സാമ്രാജ്യത്വത്തിൽ  നിന്നും, ചൂഷണത്തിൽ    നിന്നും    സ്വാതന്ത്ര്യം  നേടാനുള്ള പാലസ്റ്റീനിലെ ജനങ്ങളുടെ പോരാട്ടമാണ് അവിടത്തെ പ്രശ്‌നം. അല്ലാതെ, വംശീയമോ, മതപരമോ ആയ ഒന്നല്ല.

........... യഹൂദർ  ബുദ്ധിമാന്മാരാണെങ്കിൽ  സ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തുന്ന അറബികൾക്കൊപ്പം  അവർ നിൽക്കണമായിരുന്നു. അതിനുപകരം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിന്ന്  ആ രാജ്യത്തിലെ ജനങ്ങൾക്കെതിരെ  അവർ നിൽക്കുകയാണ്.

പാലസ്റ്റീനിലെ അറബികൾ സ്വാതന്ത്ര്യം നേടുമെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഇപ്പോഴത്തെ   പ്രതിസന്ധികളിൽ നിന്നും പുറത്തുവരുന്ന ഒരു പുതിയ ലോക ക്രമത്തിൽ പശ്ചിമേഷ്യയിലെ മറ്റ്  രാജ്യങ്ങൾക്കൊപ്പം  ആയിരിക്കാനാണ്  സാധ്യത. ചരിത്രത്തിൽ നിന്നും പഠിച്ച പാഠം  ഉൾക്കൊണ്ടു  കൊണ്ട്  അറബികളുമായി സൗഹാർദ്ദത്തിലാകുകയും , അവരുടെ സ്വാതന്ത്ര്യത്തിന്  വേണ്ടി അവർക്കൊപ്പം നിക്കുകയുമാണ് ചെയ്യേണ്ടത്.  അല്ലാതെ,  സാമ്രാജ്യത്വത്തിനൊപ്പം നിന്ന് നേട്ടമുണ്ടാക്കുവാനും , മേൽക്കോയ്മ നേടുവാനുമല്ല യഹൂദർ  ശ്രമിക്കേണ്ടത്."

പലസ്‌തീൻ  പ്രശ്നത്തെക്കുറിച്ചു  പഠിച്ചു  റിപ്പോർട്ട് സമർപ്പിക്കുവാൻ  1936 ൽ ബ്രിട്ടീഷ് സർക്കാർ,  പീൽ  പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു.  പലസ്‌തീൻ  പ്രദേശത്തെ 20  ശതമാനം ഭൂപ്രദേശങ്ങൾ  ഉൾപ്പെടുത്തി ഒരു പ്രത്യേക രാജ്യം യഹൂദർക്കായി രൂപീകരിക്കണമെന്ന് 1937 ൽ പീൽ പ്രഭു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഈ റിപ്പോർട്ട് പുറത്തുവന്ന ഉടൻ തന്നെ അതിനെതിരെയുള്ള   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ  അഭിപ്രായം ബ്രിട്ടീഷ് സർക്കാരിനെ  അറിയിച്ചു.

 1930 കൾ  മുതൽ തന്നെ  അദ്ദേഹം  പാലസ്റ്റീനിനുള്ളിൽ ഒരു യഹൂദ രാജ്യമെന്ന വാദത്തോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു  പോന്നു .പുറത്തുനിന്നും വരുന്നവരെ കുടിപാർപ്പിക്കുവാൻ  തക്കവണ്ണം    ഒഴിഞ്ഞു  കിടക്കുന്ന സ്ഥലമല്ല പാലസ്റ്റീനെന്ന്  നെഹ്‌റു വ്യക്തമാക്കി. മാത്രമല്ല, അവിടെ ഒരു യഹൂദ രാജ്യം രൂപീകരിക്കണമെന്നത് , ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറ്റെ  അനാവശ്യമായ കടന്നുകയറ്റമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലസ്റ്റീൻ വിഭജിച്ചു  ഇസ്രായേൽ രാജ്യം രൂപീകരിക്കാനായി  1948 ൽ അമേരിക്കയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ വോട്ട് ചെയ്യുകയായിരുന്നു  അന്നത്തെ നെഹ്‌റു സർക്കാർ  ചെയ്തത്.  അമേരിക്കയുടെ നേതൃത്വത്തിൽ,    ,   ഇസ്രായേൽ  രാഷ്ട്ര രൂപീകരണത്തിനായി  1948 ൽ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ, അതിനെതിരെ   വോട്ട് ചെയ്ത 13  രാജ്യങ്ങളിൽ  ഒന്ന്  ഇന്ത്യയായിരുന്നു.  അമേരിക്കയുടെ നേതൃത്വത്തിൽ    എതിർപ്പുകളെയെല്ലാം അവഗണിച്ച്  ഇസ്രായേൽ  രാഷ്ട്രത്തിനു  ഐക്യ രാഷ്ട്ര സഭ  അംഗീകാരം നല്കിയപ്പോഴും   ഇന്ത്യ അതിനെ എതിർത്തു .ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരത്തിൻറ്റെ  അടിസ്ഥാനത്തിൽ 1948  മെയ് 14  നാണ്  ഇസ്രായേൽ രൂപീകരിക്കപ്പെട്ടതു.  ആദ്യ കാലഘട്ടത്തിൽ ഇസ്രയേലിനെ അംഗീകരിക്കാൻ  ഇന്ത്യ  വിസമ്മതിച്ചു.  എന്നാൽ, പിന്നീട്, ഇറാനും, തുർക്കിയും ഉൾപ്പെടെ ചില  അറബ് രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകാരം  നൽകി കഴിഞ്ഞപ്പോൾ മാത്രമാണ്,   ആ രാജ്യത്തെ   ഇന്ത്യ  അംഗീകരിച്ചത്.  ജവാഹർലാൽ നെഹ്‌റു ജീവിച്ചിരുന്ന  കാലത്ത്,    അദ്ദേഹം  സ്വതന്ത്ര പാലസ്റ്റീൻ എന്ന  ആവശ്യത്തിന് ശക്തമായ പിന്തുണ നൽകി. ഒപ്പം ചേരി-ചേരാ  രാജ്യങ്ങളെയും   പാലസ്റ്റീൻറ്റെ  സ്വാതന്ത്ര്യത്തിനു വേണ്ടി  അണിചേർത്തു. 

പാലസ്റ്റീനിൽ  ജനിച്ചുവളർന്ന   മുസ്ലിം, ക്രിസ്ത്യൻ അറബികളെ   സംബന്ധിച്ചേടത്തോളം, ഒരു സ്വതന്ത്ര രാജ്യമെന്നത്    അവരുടെ അവകാശമാണ്. പിറന്ന മണ്ണിൽപോലും  സ്വതന്ത്രമായി  ജീവിക്കാൻ സാധിക്കാത്ത  ദുഃഖകരവും, ദയനീയവുമായ  അവസ്ഥയിലാണ്  അവിടത്തെ  ജനങ്ങൾ  ഇന്ന് .         .  ഓരോ ദിവസവും  നൂറു കണക്കിന് അമ്മമാരും, കുഞ്ഞുങ്ങളുമാണ്  അവിടെ ഇസ്രായേലി സൈന്യത്തിൻററ്റെ  വെടിയുണ്ടാക്കു മുമ്പിൽ  ഇയാംപാറ്റകളെപ്പോലെ  മരിച്ചുവീഴുന്നത്.  വെടിനിർത്തൽ എത്രയും വേഗം നടപ്പിലാക്കുകയും, ഒപ്പം   സ്വതന്ത്ര പാലസ്റ്റീൻ   രാജ്യം  യാഥാർഥ്യമാക്കാനുമുള്ള നടപടികൾക്ക്  തുടക്കം കുറിക്കുകയും ചെയ്യണം.   സ്വതന്ത്ര പാലസ്റ്റീൻ  ഉണ്ടായെങ്കിൽ മാത്രമേ  പശ്ചിമേഷ്യയിലെ  ഈ പ്രധാന പ്രശ്നത്തിന് പരിഹാരം ഉണ്ടാകൂ.





Tuesday, 19 September 2023

                      വഷളാകുന്ന   ഇന്ത്യാ -കാനഡ  ബന്ധം  

   അഡ്വ. പി .എസ് .ശ്രീകുമാർ 

 ഇന്ത്യയും, കാനഡയും തമ്മിൽ ചരിത്രപരമായി വളരെ നല്ല ബന്ധമാണ്   ഉണ്ടായിരുന്നത്.  എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി  ആ ബന്ധത്തിൽ  വിള്ളൽ  വീണിരിക്കുകയാണ്. ഇരുരാജ്യങ്ങളും  തമ്മിലുള്ള  ബന്ധം വഷളാകുന്ന  രീതിയിലുള്ള  നടപടികളാണ്  ഇപ്പോൾ  ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ  ജൂണിൽ  ബ്രിട്ടീഷ്  കൊളമ്പിയയിൽ  വച്ച്  ഖാലിസ്ഥാൻ  നേതാവിനെ  കൊലപ്പെടുത്തിയതിൽ  ഇന്ത്യ   നിയോഗിച്ച  ഏജന്റുമാർക്ക്  പങ്കുണ്ടെന്ന്   വിശ്വസനീയമായ  വിവരമുണ്ടെന്നു  കാനഡ  പ്രധാനമന്ത്രി  ജസ്റ്റിൻ  ട്രൂഡോ  പാർലമെന്റിൻറ്റെ    അടിയന്തിര  സമ്മേളനത്തിൽ  അറിയിക്കുകയും,      കാനഡയിലെ  ഇന്ത്യൻ  നയതന്ത്ര  ഉദ്യോഗസ്ഥനായ  പവൻ കുമാർ റായിയെ  പുറത്താക്കാനുള്ള  കാനഡ സർക്കാരിന്റെ   തീരുമാനവുമാണ്  പൊടുന്നനെയുണ്ടായ  പ്രതിസന്ധിക്കു  കാരണം.   പകരം വീട്ടിക്കൊണ്ട്,   ഇന്ത്യയിലെ  മുതിർന്ന  കാനഡ  നയതന്ത്ര പ്രതിനിധിയായ  ഒലിവർ  സിൽവെസ്റ്ററിനെ   പുറത്താക്കിക്കൊണ്ട്   ഇന്ത്യയും     തിരിച്ചടിച്ചു..

               ഏറ്റവും  ഒടുവിലുണ്ടായ   ഈ നടപടികൾക്ക്   ഹേതുവായത്   ജി-20  ഉച്ചകോടി  സമ്മേളനത്തിൽ  പങ്കെടുക്കാൻ  കാനഡ  പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോ  ഡൽഹിയിൽ  എത്തിയപ്പോൾ  മുതലാണ്.   പ്രധാനമന്ത്രി  നരേന്ദ്ര മോദിയും  ജസ്റ്റിൻ ട്രൂഡോയും  തമ്മിലുണ്ടായ  ഉഭയകക്ഷി  ചർച്ചയിൽ,   ഖാലിസ്ഥാൻ  വാദികളായ  ചില  സിഖ് ഭീകരർ  കാനഡയുടെ  മണ്ണിൽ  നടത്തുന്ന  ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ    കാനഡ  സർക്കാർ  നടപടി സ്വീകരിക്കാത്തതിൽ     മോദി ശക്തമായ  പ്രതിഷേധം  രേഖപ്പെടുത്തിയെങ്കിലും,  ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ  അഭിപ്രായം പറയാനും,  സമാധാനപരമായ പ്രകടനങ്ങൾ  നടത്താനുമുള്ള  അവകാശത്തെ  മാനിക്കുമെന്നാണ്  ട്രൂഡോ പറഞ്ഞത്.   ഉച്ചകോടിക്ക്  ശേഷം   ട്രൂഡോ  മടങ്ങേണ്ടിയിരുന്ന  വിമാനത്തിന്  യന്ത്രത്തരാർ  സംഭവിച്ച്   അദ്ദേഹം  രണ്ടുദിവസം  കൂടി    ഹോട്ടലിൽ  തന്നെ  തങ്ങേണ്ടിവന്നതും, ജി-20  ഉച്ചകോടിയിൽ    ട്രൂഡോക്ക്‌     അർഹമായ  പ്രാധാന്യം നൽകിയില്ലെന്ന  കാനഡയിലെ  മാധ്യമങ്ങളുടേയും   രാഷ്ട്രീയ  വൃത്തങ്ങളുടെയും  പ്രചാരണവും,  ഇരു  രാജ്യങ്ങളും  തമ്മിലുള്ള  ബന്ധത്തിൽ  കരിനിഴൽ  വീഴ്ത്തി. 

             ഇരു രാജ്യങ്ങളും തമ്മിലുള്ള  അകൽച്ച   വർധിച്ചതോടെ   കാനഡയും, ഇന്ത്യയുമായി  കഴിഞ്ഞ കുറെ  വര്ഷങ്ങളായി  നടത്തിവന്ന  വാണിജ്യ  ചർച്ചകൾ  നിർത്തിവക്കുകയും,  ഇക്കാര്യത്തിനായുള്ള  കാനഡ  വാണിജ്യ മന്ത്രിയുടെ  ഇന്ത്യ  സന്ദർശനം  റദ്ദാക്കുകയും  ചെയ്തു.  

ട്രൂഡോയും ഇന്ത്യാ വിരുദ്ധ സംഘടനകളും 

                               2015 ലാണ്  ജസ്റ്റിൻ  ട്രൂഡോ  ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തിയത്.  പാർലമെന്റിൽ  ഭൂരിപക്ഷമില്ലാതിരുന്ന  ട്രൂഡോയുടെ  ലിബറൽ  പാർട്ടി   ഇന്ത്യാ  വിരുദ്ധനായ   ജഗ്‌മീത്    സിങ്  നേതൃത്വം  കൊടുക്കുന്ന  ന്യൂ  ഡെമോക്രാറ്റിക്‌  പാർട്ടിയുമായി   ധാരണ  ഉണ്ടാക്കിയാണ്  മന്ത്രിസഭ  രൂപീകരിച്ചത്.   അന്നത്തെ  അദേഹത്തിൻറ്റെ   മന്ത്രിസഭയിൽ  ഇന്ത്യൻ  വംശജരായ    നാല്  മന്ത്രിമാരിൽ   പേരിൽ  മൂന്നു  പേരും  സിഖ്  വംശജരായിരുന്നു. മന്ത്രിസഭയിലെ  സിഖ്  മന്ത്രിമാരുടെ  സ്വാധീനത്തിനു  വഴങ്ങി  ഇന്ത്യാ   വിരുദ്ധരായ  പല  സംഘടനകളുടെയും  മീറ്റിംഗുകളിൽ  അദ്ദേഹത്തിന്  പങ്കെടുക്കേണ്ടി  വന്നു.  ഖാലിസ്ഥാൻ വാദികളായ  സിഖ്  ഖൽസയുടെ  നേതൃത്വത്തിൽ  2017 ൽ കാനഡയിൽ  നടത്തിയ  പരേഡിൽ  ട്രൂഡോ  മുഖ്യാതിഥിയായി  പങ്കെടുത്തപ്പോൾ,  ഇന്ത്യൻ  വിദേശകാര്യവകുപ്പ്    ശക്തമായ   പ്രതിഷേധം  അറിയിക്കുകയുണ്ടായി.  ഈ  ഒരു  പശ്ചാത്തലത്തിൽ,  ഇന്ത്യയുമായുള്ള  ബന്ധം  സുദൃഡമാക്കുവാൻ  2018  ഫെബ്രുവരിയിൽ   8  ദിവസം  നീണ്ടുനിന്ന  ഇന്ത്യ  സന്ദർശനത്തിന്  അദ്ദേഹം  എത്തി.  എന്നാൽ,  ഡൽഹിയിൽ    നടത്തിയ  അത്താഴവിരുന്നിൽ,  പഞ്ചാബ് സംസ്ഥാന മന്ത്രിസഭയിലെ  അംഗമായിരുന്ന    മൽക്കിയത്  സിങ്  സിധുവിനെ  കൊലപ്പെടുത്താൻ  ശ്രമിച്ച  കേസിൽ  കാനഡ  കോടതി  ശിക്ഷിച്ച   ജസ്പാൽ  അത്‌വാലിനെ   ഔദ്യോഗിക  അംഗമായി  ട്രൂഡോ  ക്ഷണിച്ചത്  വലിയ  പ്രശ്നമായി.  അയാളെ  ഒഴിവാക്കാൻ  ഇന്ത്യ  ആവശ്യപ്പെടുകയും,  കാനഡ  സർക്കാരിന്  ഒടുവിൽ  അയാളെ  ഒഴിവാക്കേണ്ടിവരുകയും   ചെയ്തത്  ട്രൂഡോക്കും,  അന്തർദേശിയ  തലത്തിൽ  കാനഡാക്കും,    വലിയ ക്ഷീണമായി മാറി.  2019 ലെ  പാർലമെന്റ്  തെരഞ്ഞെടുപ്പിനുശേഷം    ന്യൂ  ഡെമോക്രാറ്റിക്‌  പാർട്ടിയുടെ  പിന്തുണയോടെയാണ്  ട്രൂഡോ   വീണ്ടും   പ്രധാനമന്ത്രിയായത്. അദ്ദേഹത്തിൻറ്റെ  നിലവിലുള്ള  മന്ത്രിസഭയിലും  ഖാലിസ്ഥാൻ  തീവ്രവാദികളോട്  അനുഭാവം  പുലർത്തുന്ന   മന്ത്രിമാർ   ഉണ്ടെന്നത്  ശ്രദ്ധേയമാണ്.

ആരാണ്  ഹർദീപ്‌സിങ് നിജ്ജ? 

                 ഇന്ത്യാ - കാനഡ  ബന്ധത്തിൽ   ഇപ്പോൾ  ഉണ്ടായിട്ടുള്ള   പ്രതിസന്ധിക്ക്   കാരണമായ   സംഭവമാണ്   ഖാലിസ്ഥാൻ  നേതാവ്  ഹർദീപ്‌സിങ്  നിജ്ജയുടെ  കൊലപാതകം.  കഴിഞ്ഞ ജൂൺ  18 നായിരുന്നു   ഹർദീപ്‌സിങ്   നിജ്ജാർ  എന്ന  തീവ്രവാദി,     വാൻകൂവറിലെ   ഗുരുനാനാക്    ഗുരുദ്വാരക്കു  സമീപം    അജ്ഞാതരായ  രണ്ടുപേരുടെ  വെടിയേറ്റ്  കൊല്ലപ്പെട്ടത്. പഞ്ചാബിലെ  ജലന്ധറിൽ  1977 ൽ  ജനിച്ച  നിജ്ജാർ,  1997 ലാണ്  കാനഡയിലേക്ക്  കുടിയേറിയത്.    പ്ലംബറായി  ജോലിചെയ്തിരുന്ന   നിജ്ജാർ ,  സിഖ്  തീവ്രവാദ  പ്രവർത്തനങ്ങളിൽ  ആകൃഷ്ടനായി,  ബാബ്ബർ  ഖൽസ  ഇന്റർനാഷണൽ   എന്ന  വിഘടനവാദ സംഘടനയുടെ  സജീവ  പ്രവർത്തകനായി.  പിന്നീട്, ഖാലിസ്ഥാൻ  ടൈഗർ  ഫോഴ്സ്  എന്ന  തീവ്രവാദ  സംഘടനയുടെ  തലവനായി  മാറി.   പഞ്ചാബിനെ  സ്വതന്ത്രമാക്കി  ഒരു  ഖാലിസ്ഥാൻ  രാജ്യം  സ്ഥാപിക്കണമെന്ന  ലക്ഷ്യത്തോടെയുള്ള  പ്രവർത്തനങ്ങളിൽ  അയാൾ  സജീവമാകുകയും,   ഇന്ത്യയിലേതുൾപ്പെടുയുള്ള  സിഖ്  യുവാക്കളെ    ആകർഷിച്ച്  കൂടെക്കൂട്ടി  ഹിതപരിശോധന  എന്ന  ആവശ്യത്തിന്  വേണ്ടി  പ്രചാരണ  പ്രവർത്തനങ്ങൾ  നടത്തുകയും  ചെയ്തു.   പാകിസ്ഥാൻ  ചാര  സംഘടയായ ഐ.എസ് .ഐ യുടെ സഹായത്തോടെയാണ്  ഖാലിസ്ഥാൻ  ടൈഗർ  ഫോഴ്‌സ്   ദേശവിരുദ്ധ  പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നതെന്ന്   ആരോപിച്ചുകൊണ്ട്  ഇന്ത്യാ സർക്കാർ  ഈ  സംഘടനയെ  നിരോധിക്കുകയും ,2020  ജൂലൈയിൽ   നിജ്ജാറിനെ    തീവ്രവാദിയായി      പ്രഖ്യാപിക്കുകയും  ചെയ്തു. ഇയാളെ  പിടിച്ചുകൊടുക്കുന്നവർക്കു  10  ലക്ഷം  രൂപയും  ഇന്ത്യ  പ്രഖ്യാപിച്ചു. .  പിന്നീട്   ഇയാളെ   പ്രതിയാക്കി,   ദേശിയ  അന്വേഷണ  ഏജൻസി (NIA )  ഒരു  കേസ്   രജിസ്റ്റർ  ചെയ്ത്‌   കാനഡ  സർക്കാരിനെയും  അറിയിച്ചു.  ഇക്കഴിഞ്ഞ  ജൂണിൽ  കാനഡയിലെ     സിഖ്  മതവിശ്വാസികൾ  നടത്തിയ  ഘോഷയാത്രയിൽ  നുഴഞ്ഞുകയറിയ  തീവ്രവാദികൾ,   മുൻ  പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയെ  അവഹേളിക്കുന്ന  ഒരു  ഫ്‌ളോട്ട്  ഉൾപ്പെടുത്തിയിരുന്നു.  ഇത്  ശ്രദ്ധയിൽപെട്ട  ഉടൻ തന്നെ  ഇന്ത്യൻ  വിദേശകാര്യ  മന്ത്രാലയം    ശക്തമായ  പ്രതിഷേധം  കാനഡ  സർക്കാരിനെ  അറിയിച്ചു. ടൊറൊനന്റോയിലെ   ഇന്ത്യൻ  നയതന്ത്ര  കാര്യാലയത്തിന്  നേരെയും  അടുത്തിടെ  ആക്രമണം  ഉണ്ടായി.  ഈ   വിധ്വംസക  ശക്തികളുടെ  ഇന്ത്യാ  വിരുദ്ധ  പ്രചാരണത്തിനെതിരെ   കാനഡ  സർക്കാർ  ശക്തമായ  നടപടികൾ  സ്വീകരിക്കു ന്നില്ലെന്നതാണ്  ഇന്ത്യയുടെ  ആരോപണം.      സിഖ്  തീവ്രവവാദികളോടുള്ള കാനഡ  സർക്കാരിൻറ്റെ  മൃദു  സമീപനമാണ്  തീവ്രവാദി  സംഘടനകൾക്ക്  വളമായി  മാറുന്നത്.  

വോട്ട് ബാങ്കായി മാറിയ സിഖ് സമൂഹം 

2024 ൽ   രണ്ടാം ഊഴം  പൂർത്തിയാക്കുന്ന  പ്രധാനമന്ത്രി  ട്രൂഡോ  വീണ്ടും  ഒരു  തെരഞ്ഞെടുപ്പിനെ  അഭിമുഖീകരിക്കേണ്ടതുണ്ട്.  കാനഡയുടെ  ജനസംഖ്യയുടെ  4 ശതമാനം  ഇന്ത്യൻ  വംശജരാണ്. ഏകദേശം  14  ലക്ഷം ഇന്ത്യൻ വംശജരാണ്  അവിടെയുള്ളത്.  അതിൽ 2.12  ശതമാനം  പേരും    സിഖ് വംശജരാണ്.  അതായതു  സിഖ്  വംശജരുടെ എണ്ണം  2021 ലെ സ്ഥിതിവിവരക്കണക്കനുസരിച്ചു  7,71,790  പേർ.  ഇന്ത്യക്കു  വെളിയിൽ  ഏറ്റവും  കൂടുതൽ  സിഖ്  വംശജർ  ഉള്ളത്  കാനഡയിലാണ്.  അമേരിക്കയിലും, ബ്രിട്ടനിലും  5,00,000  പേർ  വീതവും ,  ഓസ്‌ട്രേലിയയിൽ 2,00,.000  സിഖ്  വംശജരുമാണ്  ഉള്ളത്.  സിഖ് വംശജരെ   വോട്ട്  ബാങ്കായി   ട്രൂഡോ  ഉപയോഗിക്കുന്നതാണ്    തീവ്രവാദികൾക്കെതിരെ  ശക്തമായ  നടപടികൾ  എടുക്കുന്നതിൽ  നിന്നും  കാനഡ സർക്കാരിനെ  പിന്നോട്ടുവലിക്കുന്ന  പ്രധാന ഘടകം.

  വിദ്യാർത്ഥികളുടെ  ആശങ്ക  

ഇന്ത്യയിൽ  നിന്നും,    പഠനത്തിനായി     ഏറ്റവും  കൂടുതൽ   വിദ്യാർഥികൾ    പോകുന്ന  രാജ്യമാണ്  കാനഡ.     2022 ൽ    ഇന്ത്യയിൽ  നിന്നും    കാനഡയിൽ  എത്തിയ  വിദ്യാർത്ഥികളുടെ  എണ്ണം  2,26,450  ആയിരുന്നു.  2023 ൽ   ആഗസ്റ്റ്  വരെ    വിവിധ രാജ്യങ്ങളിൽ നിന്നുമായി  4,34,899   വിദ്യാർത്ഥികളാണ്  പഠനത്തിനായി  അവിടെ എത്തിയത്.  അതിൽ  40 ശതമാനം     വിദ്യാർഥികളാണ്   ഇന്ത്യയിൽ  നിന്നും  ഉണ്ടായിരുന്നത് .    അതായത് 1,75,021   വിദ്യാർഥികൾ.   ആയിരക്കണക്കിന്  വിദ്യാർത്ഥികളാണ്  വീസയ്‌ക്കും  പി.ആറിനും  അപേക്ഷിച്ചു  ഇപ്പോൾ  കാത്തിരിക്കുന്നത്.   കേരളത്തിലെ  ഒരു  ഏജൻസി  മുഖാന്തിരം  ഈ  വര്ഷം കാനഡയിലേക്കു   7300  ഓളം  വിദ്യാർത്ഥികളാണ്  പോയത്.     ഇന്ത്യയും കാനഡയും  തമ്മിലുണ്ടായ    അസ്വാരസ്യങ്ങൾ   കാനഡയിലേക്ക്  പഠനത്തിനും,  ജോലിക്കുമായി  പോകുവാൻ   വീസ /പി.ആർ   എന്നിവ പ്രതീക്ഷിച്ചിരിക്കുന്ന  ആയിരക്കണക്കിന്  വിദ്യാർത്ഥികളെയും,, യുവാക്കളെയും  ആശങ്കാകുലരാക്കിയിരിക്കുകയാണ്.  വിദേശവിദ്യാർഥികളിൽ നിന്നും  ഏറ്റവും  കൂടുതൽ  വരുമാനം  ഉണ്ടാക്കുന്ന  ഒരു  രാജ്യമാണ്  കാനഡ.  അവിടത്തെ  സർവ്വകലാശാലകളുടെ   പ്രധാന  വരുമാന  സ്രോതസും  ഇന്ത്യൻ  വിദ്യാർത്ഥികളാണ്.   2021 ൽ   വിദ്യാർഥികളിൽ   നിന്നും  ലഭിച്ചത്  600  കോടി  ഡോളർ  ആയിരുന്നു. ഇന്ത്യയിലെ    ഷെയർ മാർക്കറ്റിൽ  കാനഡയിൽ  നിന്ന്  ലഭിച്ച  നിക്ഷേപം  4000  കോടി  ഡോളറാണ്. ഇരുരാജ്യങ്ങളും  തമ്മിലുള്ള  വ്യാപാരം  800  കോടി ഡോളറിന്റ്റെതാണ്‌.  ഈ  സാഹചര്യത്തിൽ,  വരുമാനത്തിൽ  ഇടിവുണ്ടാകുന്ന  നടപടികൾ  കാനഡ  കൈക്കൊള്ളാനായുള്ള  സാധ്യത  കുറവാണ്‌.  

അഡ്വ. പി.എസ് .ശ്രീകുമാർ 

9847173177 




Wednesday, 6 September 2023

                           ഇമ്രാൻഖാനും   പാകിസ്താൻ   രാഷ്ട്രീയവും 

അഡ്വ.പി.എസ്‌ . ശ്രീകുമാർ 

പാകിസ്ഥാൻ  പട്ടാളവുമായി  ഉണ്ടാക്കിയ  ധാരണയുടെ  അടിസ്ഥാനത്തിലാണ്  2018 ലെ തെരഞ്ഞെടുപ്പിൽ  പട്ടാളത്തിൻറ്റെ  സഹായത്തോടെ   ഇമ്രാൻഖാൻ  അധികാരത്തിലേറിയത്.   പട്ടാളമേധാവിയായിരുന്ന  ജാവേദ്  ബാജ്‌വക്ക്   കാലാവധി  നീട്ടിനൽകുന്നത്  സംബന്ധിച്ച്   ഉണ്ടായ   അഭിപ്രായ വ്യത്യാസത്തെ തുടർന്ന്   അധികാരത്തിൽ നിന്ന്  പുറത്തായതുമുതൽ പാക്കിസ്ഥാൻ രാഷ്ട്രീയം  കലങ്ങിമറിയുകയാണ്. 2022  ഏപ്രിൽ മാസത്തിൽ  പാകിസ്ഥാൻ നാഷണൽ അസ്സംബ്ലിയിൽ  അവതരിപ്പിച്ച  അവിശ്വാസ  പ്രമേയത്തെത്തുടർന്നാണ് ഇമ്രാൻ ഖാന്  രാജിവച്ചു ഒഴിയേണ്ടിവന്നതെങ്കിലും,  ഇമ്രാൻറ്റെ  ഘടക കക്ഷികളെക്കൊണ്ട് പിന്തുണ പിൻവലിപ്പിച്ചതിൻറ്റെ,   പിറകിൽ ചരട് വലിച്ചത്    പട്ടാളമേധാവിയായിരുന്ന  ജാവേദ്ബജ്‌വയായിരുന്നു.  അധികാരത്തിൽ നിന്ന് പുറത്തുപോയത് മുതൽ  നാഷണൽ  അസ്സംബ്ലിയിലേക്കുള്ള   തെരഞ്ഞെടുപ്പ്   ഉടൻ  നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്     നിരന്തരമായ പ്രക്ഷോഭങ്ങൾ   നടത്തി ,   പ്രധാനമന്ത്രി ഷാബാസ്  ഷെരീഫിനും, പട്ടാളത്തിനും  കനത്ത വെല്ലുവിളി ഉയർത്തിയ   ഇമ്രാൻഖാനെ  തളക്കേണ്ടത്  രണ്ടുകൂട്ടരുടെയും ആവശ്യമായിരുന്നു. അതിനായി  വിവിധ  കാരണങ്ങളുടെ പേരിൽ  നൂറ്റിഅമ്പതില്പരം  കേസുകളാണ്  ഇമ്രാൻ ഖാനെതിരെ  എടുത്തിട്ടുള്ളത്.

ഇമ്രാനും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്‌റാബീഗവും ചേർന്ന് രൂപീകരിച്ച അൽ- ക്വാദിർ ട്രസ്റ്റിൽ  നടത്തിയതായി പറയുന്ന അഴിമതികളുടെ പേരിൽ എടുത്ത കേസിൽ, ലാഹോർ ഹൈകോടതിയിൽ  അദ്ദേഹം ഹാജരായ അവസരത്തിലാണ്  നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ യുടെ  ഉത്തരവ് അനുസരിച്ചു്   2022  മെയ് 9 ന്   അദ്ദേഹത്തെ  ആദ്യമായി  ബലാൽക്കാരമായി  അറസ്റ്റ് ചെയ്‌ത്‌  ജയിലിലാക്കിയത്.  അതേത്തുടർന്ന്  പട്ടാളത്തിനും, ഷാബാസ്  ഷെരീഫിന്റെ  സർക്കാരിനുമെതിരെ  രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായി.   അതിനെതിരെ അദ്ദേഹം സുപ്രീം കോടതിയിൽ  ഫയൽ ചെയ്‌ത  കേസിൽ, അനുകൂലമായ വിധി വന്നതിനാലാണ്    അടുത്ത ദിവസം  അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചത്‌ 

.  ജാമ്യം ലഭിച്ചതിനെ തുടർന്ന്  സ്വന്തം വീട്ടിൽ അദ്ദേഹം  എത്തിയെങ്കിലും, അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലായ്‌മ  ചെയ്യാനുള്ള   ഗൂഢാലോചനയിലായിരുന്നു   എതിർപാർട്ടിക്കാരും,  പട്ടാളവും. അദ്ദേഹത്തിന്റെ പാർട്ടി  നേതാക്കളെയും, പ്രവർത്തകരെയും വിവിധ കേസുകളുടെ മറവിൽ  അറസ്റ്റ് ചെയ്തു ജയിലിലാക്കികൊണ്ട് , അദ്ദേഹത്തിന്റെ ചിറകുകൾ ആദ്യം അവർ അരിഞ്ഞു തുടർന്ന്,അദ്ദേഹത്തെ  സ്ഥിരമായി ജയിലിലാക്കുവാനുള്ള  കരുക്കൾ നീക്കി.  അതിന്റെഭാഗമായാണ്   നേരത്തെ  എടുത്ത തോഷാഖാനാ കേസിലെ വിചാരണ ഊര്ജിതപ്പെടുത്തിയത് . പാകിസ്താനിലെ നിയമമനുസരിച്ചു  അധികാരസ്ഥാനത്തിരിക്കുന്നവർക്   ലഭിക്കുന്ന ഉപഹാരങ്ങൾ  തോഷഖാന വകുപ്പിന്  നൽകണം.  അവർ അത് വിറ്റു പണമാക്കി  സർക്കാർ ഖജനാവിലേക്ക്  മുതൽ  കൂട്ടും.   എന്നാൽ  പ്രധാനമന്ത്രിയെന്ന നിലയിൽ  ഇമ്രാന്ഖാന്   ലഭിച്ച  ഉപഹാരങ്ങൾ   അദ്ദേഹം  കുറഞ്ഞ  വിലക്ക്  തോഷഖാനയിൽനിന്നും  വാങ്ങിയ  ശേഷം,  കൂടിയ  വിലക്ക് വിറ്റു പണമാക്കി  എന്നതാണ്  കേസ്.  635000  ഡോളർ  വിലവരുന്ന  ഉപഹാരങ്ങളാണ്  (140  ദശലക്ഷം പാക്കിസ്ഥാൻ രൂപ) തോഷഖാനാ  കേസിൽ  പെട്ടത്.  ലാഹോറിലെ വിചാരണ കോടതി ഈ കേസിൽ  ഓഗസ്റ്റ്  5 ന്      മൂന്ന്  വർഷത്തെ തടവ് ശിക്ഷയാണ്  ഇമ്രാന്‌  വിധിച്ചത്. വിധിയുടെ അടിസ്ഥാനത്തിൽ   അദ്ദേഹത്തിന് അടുത്ത  5 വർഷം   തെരഞ്ഞെടുപ്പുകളിൽ  മത്സരിക്കാൻ  വിലക്കുണ്ട്.  വിധി  പ്രസ്താവിച്ചു  മണിക്കൂറുകൾക്കകം  അദ്ദേഹത്തെ  വീണ്ടും  അറസ്റ്റ്  ചെയ്തു   റാവൽപിണ്ടിയിലെ   ജയിലിലാക്കി.    ഭരണത്തിലെ സഖ്യകക്ഷികളായ   പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്),  പാക്കിസ്ഥാൻ പ്യൂപ്പിൾസ് പാർട്ടി  എന്നിവരുടെയും  പട്ടാളത്തിന്റെയും   ആസൂത്രണം  അനുസരിച്ചാണ് പാക്കിസ്ഥാൻ രാഷ്ട്രീയം   ചലിച്ചുകൊണ്ടിരിക്കുന്നത്. 

നവാസ് ഷെരീഫും മടങ്ങി വരുന്നു  ?

ഇമ്രാൻ ഖാൻറ്റെ  പി.ടി.ഐ   പാർട്ടി നേതാക്കളും, പ്രവർത്തകരുമെല്ലാം വിവിധ കേസുകളിൽ പെട്ട്   അറസ്‌റ്റിലായതിനാലും ,  ഷിറീൻ മസാരി, ഫവാദ് ചൗധുരി തുടങ്ങിയ ചില മുൻമന്ത്രിമാർ  പുതിയ പാർട്ടി രൂപീകരിച്ചു  പട്ടാളത്തിന്റെ പ്രീതി പിടിച്ചു  പറ്റാൻ കാലുമറിയതിനാലും,  അറസ്റ്റിനെതിരെ  വലിയ പ്രകടനങ്ങളോ, എതിർപ്പോ ഉണ്ടായില്ല. അറസ്റ്റിനെതിരെ പ്രതീക്ഷിച്ച രീതിയിൽ  എതിർപ്പ് ഇല്ലാതിരുന്നത്  പാകിസ്ഥാൻ ഭരണകൂടത്തിനും, പട്ടാളത്തിനും വലിയ ആശ്വാസമാണ് നൽകിയത്.  എന്നാൽ  അവർ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി  അറസ്റ്റിലായ  ആഴ്ച തന്നെ  കിട്ടി.  പെഷവാറിൽ   , തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ഇമ്രാൻറ്റെ  പാക്കിസ്ഥാൻ തെഹ്രീക് -ഇ-ഇൻസാഫ് പാർട്ടി വൻ ഭൂരിപക്ഷത്തിനു വിജയിച്ചു. അത് നൽകുന്ന  സൂചന,  ഇമ്രാൻറ്റെ  ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ്.  നിലവിലെ സാഹചര്യത്തിൽ  പാക് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന സ്ഥാനം നിലനിർത്താൻ  അദ്ദേഹത്തിന് ഇപ്പോഴും സാധിക്കുന്നു.

താത്ക്കാലിക മന്ത്രിസഭയും  തെരഞ്ഞെടുപ്പും 

പാക്കിസ്ഥാൻ ഭരണഘടനപ്രകാരം, നാഷണൽ അസംബ്ലിയുടെ  കാലാവധിപൂർത്തിയായാൽ  നിലവിലെ സർക്കാർ രാജിവച്ചു  ഒരു  കാവൽ  സർക്കാരിന് അധികാരം കൈമാറണം.  അതനുസരിച്ചു  ഓഗസ്റ്റ് 9 ന്  പ്രസിഡന്റ് ആരിഫ് ആൽവിയോടെ  നാഷണൽ അസംബ്‌ളി പിരിച്ചുവിടാൻ പ്രധാനമന്ത്രി ഷാബാസ്  ഷെരീഫ്  ശുപാര്ശചെയ്യുകയും, പ്രസിഡന്റ് നാഷണൽ അസംബ്ലി പിരിച്ചുവിടുകയും ചെയ്തു.  പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ശുപാർശ ചെയ്ത ബലൂചിസ്ഥാൻ അവാമി പാർട്ടി നേതാവായ അൻവൽ -  ഉൽ- ഹഖ് കാക്കറിനെയാണ്   കാവൽ  പ്രധാനമന്ത്രിയായി  ഇപ്പോൾ  നിയമിച്ചത്. സാധാരണഗതിയിൽ, 90 ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടത്തണം. പക്ഷേ, രാജിവക്കുന്നതിനു മുമ്പ്    ഷെരീഫ്   സർക്കാർ   പാസ്സാക്കിയ  മണ്ഡലം പുനർനിർണയ  നിയമമനുസരിച്ചു, മണ്ഡലങ്ങൾ പുനർനിർണയം നടത്തേണ്ടതുണ്ട്.  അതിനാൽ, ആ കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.  അങ്ങിനെ ചെയ്യുന്നതിലൂടെ    ചില   സാദ്ധ്യതകൾ  ഷാബാസ്  ഷെരീഫ് കാണുന്നു.

 ഒന്ന്, ഇമ്രാൻഖാൻ ദീർഘനാൾ  പൊതുപ്രവർത്തന രംഗത്തുനിന്നും, സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതിനാൽ,  വിസ്‌മൃതിയിൽ ആകുമെന്നും,  അദേഹത്തിന്റെ  പാർട്ടി ഇല്ലാതെയാകുമെന്നും  കണക്കുകൂട്ടുന്നു.  ഈ സാഹചര്യം   പാകിസ്ഥാൻ മുസ്ലിം ലീഗിന്   അനുകൂലമായ  അന്തരീക്ഷം ഉണ്ടാക്കും.

  രണ്ടാമതായി അദ്ദേഹം കണക്കുകൂട്ടുന്നത്,  തൻറ്റെ  ജേഷ്ഠനും, മുൻ പ്രധാനമന്ത്രിയുമായ  നവാസ് ഷെരീഫിന്റ്റെ  സാന്നിധ്യമാണ്.    അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട്   തടവറയിൽ ആയിരുന്ന നവാസ് ഷെരീഫ്  2019  മുതൽ   ബ്രിട്ടനിൽ   ഒളിവിൽ കഴിയുകയാണ് .  അദ്ദേഹത്തിനെതിരെയുള്ള കേസുകളെല്ലാം പട്ടാളത്തിന്റെ സഹായത്തോടെ  പിൻവലിച്ച ശേഷം,  ഈ   വർഷം  അവസാനത്തോടെ പാകിസ്ഥാനിൽ മടക്കികൊണ്ടുവരുവാൻ   സാധിക്കുമെന്നും,  അദ്ദേഹം , തെരഞ്ഞെടുപ്പിൽ  പാർട്ടിയെ നയിച്ചാൽ  വൻ ഭൂരിപക്ഷത്തിൽ  അധികാരത്തിലെത്തുമെന്നുമാണ്  പി.എം.എൽ പാർട്ടി കരുതുന്നത്..  

ഒരു കാര്യം വ്യക്തമാണ്.  നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ജനസമ്മതിയുള്ളത്    ഇമ്രാൻ  ഖാനാണ്.  ഇസ്ലാമബാദ്  ഹൈക്കോടതി  അദ്ദേഹത്തിന്റെ ശിക്ഷ  സസ്‌പെൻഡ്  ചെയ്‌തതോടെ  അദ്ദേഹത്തിന്  ജയിലിൽ നിന്നും പുറത്തുവരുവാൻ  സാധിക്കുമെന്നും, അടുത്തു  വരുന്ന തെരഞ്ഞെടുപ്പിൽ  മത്സരിക്കാമെന്നും  പ്രതീക്ഷിക്കുന്നു.  മറ്റ്   ഏതെങ്കിലും  കേസിൽ പെടുത്തി  വീണ്ടും  ജയിലിലാക്കിയാൽ  അദ്ദേഹത്തിന്  മത്സരിക്കാൻ  സാധിക്കുകയില്ല.    തെരഞ്ഞെടുപ്പിൽ,  അദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചില്ലെങ്കിലും,  അദ്ദേഹത്തിന്റെ  പാർട്ടി വിജയിച്ചാൽ   ഇമ്രാൻ ഖാന്  ഭരണരംഗത്തു   മടങ്ങിവരുവാൻ  വഴിയൊരുങ്ങുമെന്നാണ്    അദ്ദേഹത്തിന്റെയും,  അടുത്ത അനുയായികളുടെയും  പ്രതീക്ഷ.  അതേസമയം   പട്ടാളവുമായുണ്ടായ   അഭിപ്രായ വ്യത്യാസങ്ങൾ   പരിഹരിച്ച  സാഹചര്യത്തിൽ,    അവരുടെ സഹായത്തോടെ  അധികാരത്തിൽ തിരിച്ചുവരാമെന്നാണ്  ഷെരീഫ്   കുടുംബം  പ്രതീക്ഷിക്കുന്നത്.  കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിൽ  അവസരം മുതലെടുത്ത്   മുമ്പ് പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ  പട്ടാളം തന്നെ  അധികാരം ഏറ്റെടുക്കുമോ എന്ന ആശങ്കയും  ഇല്ലാതില്ല. 

അഡ്വ. പി.എസ്‌ .ശ്രീകുമാർ 

9847173177 


 

 




Friday, 18 August 2023

 മുഖ്യമന്ത്രിക്കൊപ്പം --

2011 ലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്  ഏപ്രിൽ മാസം 13 നു ആയിരുന്നു.  13  എന്ന നമ്പർ പൊതുവെ അശുഭകരമാണല്ലോ. കേരളത്തെ ഈ തെരഞ്ഞെടുപ്പ് എങ്ങിനെ ബാധിക്കും എന്നൊക്കെ ആലോചിച്ചാണ്  ഭാര്യയുമൊത്ത്  വോട്ട് ചെയ്യാൻ പോയത്.  മുഖ്യമന്ത്രി വി.എസ. അച്യുതാനന്ദൻ പുന്നപ്രയിൽ തന്റെ വീടിനു അടുത്തുള്ള സർക്കാർ സ്കൂളിലും, പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി പതിവ് പോലെ പുതുപ്പള്ളിയിലെ  അദ്ദേഹത്തിന്റെ വീടിനു അടുത്തുള്ള  സ്കൂളിലും  കുടുംബസമേതം പോയി വോട്ട് ചെയ്ത ശേഷം  മാധ്യമ പ്രതിനിധികളെ നോക്കി  തങ്ങളുടെ മുന്നണി അധികാരത്തിൽ എത്തും എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന രംഗങ്ങൾ  ചാനലുകളിൽ മാറിമാറി കാണിച്ചുകൊണ്ടിരുന്നു..  

കൃത്യം ഒരു മാസം കഴിഞ്ഞു, അതും, മേയ്  13 നു ആയിരുന്നു വോട്ടെണ്ണൽ. അന്ന് ഞാൻ, പൊതുമരാമത്തു വകുപ്പിലെ  സ്പെഷ്യൽ  സെക്രട്ടറി എന്ന നിലയിൽ  ത്രിപുരയിൽവച്ച് നടക്കുന്ന ഇന്ത്യൻ റോഡ് കോൺഗ്രസ്സ് സമ്മേളനത്തിൽ,  സംസ്ഥാനത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാനുള്ള യാത്രയുമായി  ബന്ധപ്പെട്ടു ചെന്നൈയിൽ ആയിരുന്നു.  എന്നോടൊപ്പം പൊതുമരാമത്തു വകുപ്പിലെ ചീഫ്  എഞ്ചിനീയർ ആയ പി. ബാബുരാജും  ഉണ്ടായിരുന്നു.   കേരളത്തോടൊപ്പം, തമിഴ് നാട്, പോണ്ടിച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും   അന്നുതന്നെയായിരുന്നു. തമിഴ്‌നാട്ടിൽ  ജയലളിയുടെ നേതൃത്വത്തിൽ  ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം  വമ്പിച്ച ഭൂരിപക്ഷത്തിലേക്ക്  മുന്നേറുന്നതിനാൽ,  റോഡുകളിലെല്ലാം മുദ്രാവാക്യം വിളിച്ചും, പടക്കം പൊട്ടിച്ചും  വലിയ  ആഘോഷമായിരുന്നു.  ഉച്ചക്ക് ഒരു മണിക്ക് ചെന്നൈ വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണ്  72-68 എന്ന നിലയിൽ  കേരളത്തിൽ  ഐക്യ ജനാധിപത്യ മുന്നണി   നേരിയ ഭൂരിപക്ഷത്തിനു വിജയിച്ചതായി  ഫ്ലാഷ് ന്യൂസ്  ടെലിവിഷനിൽ മിന്നിമറയുന്നത്.   ഇന്ത്യൻ റോഡ് കോൺഗ്രസ് സമ്മേളനം മെയ് 14, 15  തീയതികളിൽ അഗർത്തല സർക്കാർ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു. അന്നത്തെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന മാണിക്  സർക്കാരായിരുന്നു ഉദ്‌ഘാടനം ചെയ്തത്. സമ്മേളനം കഴിഞ്ഞു 16 നു മടങ്ങി തിരുവന്തപുരത്തെത്തി.   അപ്പോഴേക്കും കോൺഗ്രസ് നിയമസഭാ  കക്ഷി യോഗം ചേർന്ന് ഉമ്മൻ ചാണ്ടിയെ  നിയമസഭാ കക്ഷി  നേതാവായി തെരഞ്ഞെടുത്തു. ഐക്യജനാധിപത്യ മുന്നണിയുടെ നിയമസഭാ  നേതാവായും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിൽ  മന്ത്രിസഭാ രൂപീകരിക്കാനുള്ള അനുമതിക്കായി അദ്ദേഹം ഗവർണറെ കണ്ടു അവകാശം ഉന്നയിക്കുകയും ചെയ്തു. ഇതിനിടക്ക്,  മെയ് 17 നു ഉച്ചക്ക്  2  മണിക്ക് മുഖ്യമന്ത്രിക്കൊപ്പം വിവിധ കക്ഷി നേതാക്കളും   സത്യ പ്രതിജ്ഞ നടത്താൻ തീരുമാനിച്ചതായി നിയുക്ത മുഖ്യമന്ത്രി ,  ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. 

 വീട്ടിൽ പോയി ഫ്രഷ് ആയ ശേഷം   ഞാൻ നേരെ ഓഫീസിലേക്ക് പോയി. സത്യ പ്രതിജ്ഞയുമായി   ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തേണ്ട ചുമതല  പൊതു ഭരണ  (പ്രോട്ടോകോൾ)  വിഭാഗവും, പൊതുമരാമത്തു വകുപ്പും, ടൂറിസം വകുപ്പും സംയുക്തമായാണ്  ചെയ്യേണ്ടത്.  . ഇത് സംയോജിപ്പിക്കാനുള്ള ഉത്തരവാദിത്വം പൊതു ഭരണ വകുപ്പ് സെക്രട്ടറിക്കാന്.  അതുകൊണ്ടു  സത്യ പ്രതിജ്ഞാ   ചടങ്ങിൻറ്റെ  ഒരുക്കങ്ങളുമായി  ബന്ധപ്പെട്ട ചർച്ചകൾക്കായി  പൊതു ഭരണ വകുപ്പ് സെക്രട്ടറി  കെ.ആർ .ജ്യോതിലാലിൻറ്റെ  മുറിയിൽ പോയി.  വൈകിട്ട്  5  മണിക്ക്  കെ.ആർ. ജ്യോതിലാലും,  ഞാനും, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറായിരുന്ന രാജാറാം തമ്പിയും കൂടി  നിയുക്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കന്റോൺമെന്റ് ഹൗസിൽ  ചെന്ന്    സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു.  ചർച്ചയിൽ  തീരുമാനിച്ച കാര്യങ്ങൾ അറിയിക്കാനായി  അവിടെ നിന്നും ഞങ്ങൾ  രാജ്ഭവിലെത്തി  ഗവർണറുടെ സെക്രട്ടറി അജിത്കുമാർ, കംപ്ട്രോളർ  സഞ്ജീവ് എന്നിവരെ കണ്ടു  അറിയിച്ചശേഷമാണ് മടങ്ങിയത്. കെ പി സി സി  ജനറൽ സെക്രട്ടറിയായ തമ്പാനൂർ രവിയെയാണ്  സത്യ പ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ  കോഓർഡിനേറ്റ്  ചെയ്യാൻ  കോൺഗ്രസ് പാർട്ടി   നിയോഗിച്ചത്.  അദ്ദേഹവും രാജ്ഭവനിൽ എത്തിയതിനാൽ അദ്ദേഹവുമായി വിശദമായി കാര്യങ്ങൾ ചർച്ചചെയ്യുകായും അതനുസരിച്ചുള്ള നടപടികൾ ഔദ്യോഗികമായി എടുക്കുകയും ചെയ്തു.

മേയ്  17 നു രാവിലെ ഒൻപതു മണിക്ക്  ഞാനും പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരും, പൊതുമരാമത്തു വകുപ്പിലെ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും, സത്യാ പ്രതിജ്ഞ ചടങ്ങിൻറ്റെ  ഒരുക്കങ്ങളുടെ വിലയിരുത്തലിനായി  രാജ്ഭവനിൽ എത്തി. നിയുക്ത മുഖ്യമന്ത്രി  അദ്ദേഹത്തിന്റെ നിയമ സഭ മണ്ഡലമായ പുതുപ്പള്ളിയിൽ നിന്നും നിരവധി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയാണ്  സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്തു എത്തിയത്. സത്യാ പ്രതിജ്ഞക്കു ശേഷം  അതുമായി ബന്ധപ്പെട്ട രേഖകളിലും ഒപ്പിട്ട ശേഷം, ഗവർണർ നൽകിയ ചായ സൽക്കാരത്തിലും പങ്കെടുത്ത ശേഷമാണ്  മുഖ്യമന്ത്രിയും, മന്ത്രിമാരും, അവർക്കായി അനുവദിച്ച സെക്രട്ടറിയേറ്റിലെ ഓഫീസുകളിലേക്കു പോയത്. മന്ത്രിമാരായി ചാർജെടുത്ത ശേഷം  ആദ്യത്തെ മന്ത്രിസഭാ യോഗത്തിന്  എല്ലാവരും സെക്രട്ടറിയേറ്റിൻറ്റെ  വടക്കേ അറ്റത്തുള്ള  മന്ദിരത്തിലെ  മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്നുള്ള  ക്യാബിനറ്റ് റൂമിലേക്ക് പോയി. ഇതിനിടയിൽ കേരളാ  സെക്രട്ടേറിയറ്റ് അസോസിയേഷൻ  എന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന്  മുഖ്യമന്ത്രിയോട്  ആവശ്യപ്പെട്ടതായും, അദ്ദേഹം ആ  നിർദേശം തത്വത്തിൽ അംഗീകരിച്ചതായും  അറിഞ്ഞു.   കോൺഗ്രസ്സിൻറ്റെയും  മറ്റു ഘടക കക്ഷികളുടെയും ബാക്കിയുള്ള മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചർച്ചകൾ  മുഖ്യമന്ത്രിയും  വിവിധ പാർട്ടി നേതാക്കളുമായി  തകൃതിയായി  നടക്കുകയായിരുന്നു.

 ബാക്കിയുള്ള മന്ത്രിമാരുടെ സത്യ പ്രതിജ്ഞ  മേയ്  23 ന്   നടത്തുവാൻ, ഗവർണറുമായി നടത്തിയ ചർച്ചക്ക് ശേഷം    മുഖ്യമന്ത്രി  ചീഫ് സെക്രട്ടറിക്കു  നിർദേശം നൽകി.  സത്യപ്രതിജ്ഞക്ക്  ശേഷം ഞാൻ പൊതുമരാമത്തു വകുപ്പിലെ എന്റ്റെ ഓഫീസിലേക്ക് മടങ്ങി.  മെയ് 24 ന്  പ്രൈവറ്റ് സെക്രട്ടറിയായി എന്നെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്  എന്റ്റെ ഓഫീസിൽ കിട്ടി. പൊതുമരാമത്തു വകുപ്പിലെ ബാക്കിയുള്ള ജോലികൾ പൂർത്തീകരിക്കാനുള്ളതിനാൽ   രണ്ടു മൂന്നു ദിവസത്തെ സമയം ആവശ്യമുണ്ടെന്ന്  അന്ന് രാത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടു  ഞാൻ അറിയിച്ചു.  അവിടെ ചെല്ലുമ്പോൾ അദ്ദേഹം ആൾക്കൂട്ടത്തിനു നടുവിലായിരുന്നു. അതിനിടയിലൂടെ നുഴഞ്ഞുകയിയാണ്  അദ്ദേഹത്തിന്റെ അടുത്തെത്തി  വിഷയം അവതരിപ്പിച്ചത്. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു.  പൊതുമരാമത്തു വകുപ്പിലെ ജോലികളെല്ലാം തീർത്ത്   27 ആം തീയതി   രാവിലെ മുഖ്യമന്ത്രിയെ കണ്ട്‌  ഞാൻ പ്രൈവറ്റ് സെക്രട്ടറിയായി ചാർജ് എടുത്തു.  അപ്പോഴും  അദ്ദേഹം ആളുകൾക്കിടയിലായിരുന്നു. ആ സമയത്ത്     അദ്ദേഹം നൽകിയ ഉപദേശം  മുഖ്യമന്ത്രിയുടെ ഓഫീസിൽ  എത്തുന്ന ഫയലുകളിൽ കാലവിളംബം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നതായിരുന്നു.

നൂറുദിന പരിപാടി 

മന്ത്രിസഭാ അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങളെ  ആയുള്ളൂ എങ്കിലും, ആദ്യത്തെ നൂറുദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കേണ്ട ഒരു പദ്ധതിക്കു രൂപം കൊടുക്കുവാൻ തീരുമാനിച്ചു.  മന്ത്രിമാർ അവരവരുടെ വകുപ്പുകളിൽ നടപ്പിലാക്കേണ്ട  പദ്ധതികൾ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി.ജൂൺ ഒന്നാം തീയതി പ്രോടെം സ്‌പീക്കറുടെ അധ്യക്ഷതയിൽ   നിയമസഭാ കൂടി  പുതിയ അംഗങ്ങൾ സത്യപ്രതിഞ്ഞേ  ചെയ്‌തു.  അതിനുശേഷം കൂടിയ  മന്ത്രിസഭായോഗത്തിൽ  ചർച്ചചെയ്ത്  100 ദിന പദ്ധതിക്ക്  അന്തിമ രൂപം നൽകി. അന്ന് തന്നെ വൈകുന്നേരം  വഴുതക്കാട് ടാഗോർ തീയേറ്ററിൽ  ചേർന്ന പൊതുയോഗത്തിൽ വച്ച്   മറ്റ്  മന്ത്രിസഭാംഗങ്ങളുടെ  സാന്നിധ്യത്തിൽ 100  ദിന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രഖ്യാപിച്ച ശേഷം മന്ത്രിസഭായോഗങ്ങളിൽ  പദ്ധതിയുടെ പുരോഗതി  വിലയിരുത്തികൊണ്ടിരുന്നു. നൂറാം ദിവസം  പ്രോഗ്രസ്സ് റിപ്പോർട്ട്  വി.ജെ.ടി ഹാളിൽ കൂടിയ  പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. മറ്റു മന്ത്രിമാരെല്ലാവരും മീറ്റിംഗിൽ ഉണ്ടായിരുന്നു. നൂറു ദിനപരിപാടിയിൽ 107  പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതിൽ 102  പദ്ധതികളും നടപ്പാക്കിയതിന്റെ വിശദ  വിവരങ്ങൾ മുഖ്യമന്ത്രി  പ്രഖ്യാപിച്ചു.

വെബ് ക്യാമറ 

നൂറുദിന പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ വെബ് കാമറ സ്ഥാപിച്ചു, ഓഫീസിന്റെ പ്രവർത്തനം  സജീവമായി സംപ്രേഷണം  നടത്തി തുടങ്ങി. തന്റെ ഓഫീസിൽ നടക്കുന്ന സംഭവങ്ങളൊക്കെ ലോകമെമ്പാടുമുള്ളവർ കാണട്ടെയെന്നും,  ആരൊക്കെ അവിടെ വരുന്നു, മുഖ്യമന്ത്രി എന്ത് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ  തത്സമയം തന്നെ ജനങ്ങൾ കാണട്ടെയെന്നുമായിരുന്നു  മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  ഒരു ഭരണാധിപൻറ്റെ  ഓഫീസിൽ  വെബ് കാമറ സ്ഥാപിച്ചു സംപ്രേഷണം ചെയ്യുന്നത് ലോകത്തു തന്നെ ആദ്യമായിരുന്നു. സെക്രട്ടറിയേറ്റിലെ  നിലവിലുണ്ടായിരുന്ന ചട്ടങ്ങൾ പ്രകാരം  മന്ത്രിമാരോ, ഉന്നത ഉദ്യോഗസ്ഥരോ നേരത്തെ അറിയിക്കുന്നവരെ മാത്രമേ  സെക്രെട്ടറിയേറ്റിനുള്ളിൽ കടത്തി വിടുകയുള്ളു. അല്ലാതെ വരുന്നവർക്കും, പൊതുജനങ്ങൾക്കുമുള്ള സന്ദർശന സമയം  പ്രവർത്തി ദിവസങ്ങളിൽ, 3 മുതൽ 5 മണിവരെയാണ്.  എന്നാൽ തന്നെ  കാണാൻ വരുന്ന എല്ലാവർക്കും  മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുവാൻ  അനുവാദം നൽകണമെന്ന്  അദ്ദേഹം നിർദേശിച്ചു.  അദ്ദേഹത്തിന്റെ നിർദേശം ഞാൻ പൊതുഭരണ വകുപ്പ് സെക്രട്ടറിയേയും, ആഭ്യന്തര വകുപ്പ് സെക്രട്ടറിയേയും, സെക്രട്ടറിയേറ്റിലെ  ചീഫ് സെക്യൂരിറ്റി ഓഫീസറെയും  രേഖാമൂലം അറിയിച്ചു.  അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ  എപ്പോഴും  ആൾകൂട്ടം ഉണ്ടാകും. പ്രത്യേകിച്ചു്  അദ്ദേഹം ഉണ്ടെന്നറിഞ്ഞാൽ  അവിടെ ഉത്സാവ പ്രതീതിയാണ്.  ഓഫീസിൽ മാത്രമല്ല, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ  ക്ലിഫ് ഹൗസിലും  യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങൾക്ക്  കയറി ചെല്ലാമായിരുന്നു. ജനപ്രതിനിധികളുടെയോ, പാർട്ടി നേതാക്കളുടെയോ  ശുപാർശ  കത്തൊന്നും അദ്ദേഹത്തെ കാണാൻ ആവശ്യമില്ലായിരുന്നു.  എന്നുമാത്രമല്ല കാണാൻ വരുന്നവരുടെ ജാതിയോ, മതമോ, രാഷ്ട്രീയ ചായ്‌വോ ഒന്നും അദ്ദേഹം നോക്കിയിരുന്നില്ല.

"മുഖ്യമന്ത്രിയുടെ കസേരയിൽ കയറി ഇരുന്ന   വിരുതൻ "

മുഖ്യമന്ത്രിയുടെ   കാർക്കശ്യമില്ലായ്മ   അദ്ദേഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ജാഗ്രതക്കുറവിലേക്കും നയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്  മുഖ്യമന്ത്രിയുടെ ചേംബറിലെ ഔദ്യോഗിക  കസേരയിൽ  ഒരിക്കൽ ഒരാൾ  കയറി ഇരിക്കാൻ ഇടയായ സംഭവം. 2011  ഓഗസ്റ്റ് 3, ബുധനാഴ്ച. പതിവുപോലെ  മന്ത്രിസഭായോഗമുള്ള  ദിവസമാണത്.  മന്ത്രിസഭായോഗം കഴിഞ്ഞു ഇറങ്ങിവരുന്ന മുഖ്യമന്ത്രിയെ കാണാൻ  സെക്രട്ടേറിയറ്റ് വടക്കേ ബ്ലോക്കിലെ  ഓഫീസിനും  ക്യാബിനറ്റ് റൂമിനും ഇടയിലുള്ള  ഇടനാഴിയിൽ ജനപ്രളയം.  ഇതിനിടയിലാണ്  വെബ് സംപ്രേഷണം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഗൾഫ് പ്രവാസി  ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ച്, മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റാരോ ഇരിക്കുന്ന കാര്യം പറഞ്ഞത്. ഉടൻ തന്നെ സെക്യൂരിറ്റി വിഭാഗത്തെ അറിയിച്ചു. അതിനിടയിൽ  എക്‌സൈസ് മന്ത്രി കെ.ബാബു മുഖ്യമന്ത്രിയുടെ ചേമ്പറിലേക്കു കയറിവന്നപ്പോൾ  കസേരയിൽ ഇരുന്നുകൊണ്ട് അയാൾ മേശപ്പുറത്തിരുന്ന  ഫയലുകൾ എടുക്കാൻ ശ്രമിക്കുന്നത് കണ്ടു. മന്ത്രി ഇതുകണ്ട് അയാളോട് ചോദിക്കുന്നതിനിടയിൽ, അയാൾ  കസേരയിൽ നിന്നും എഴുനേറ്റ്  പുറത്തേക്കു പോകാൻ ശ്രമിച്ചു. അപ്പോൾ മന്ത്രിയുടെ സെക്യൂരിറ്റി ഓഫീസറും, മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാരും കൂടി അയാളെ പെട്ടെന്ന് പിടികൂടി. വിവരം അറിഞ്ഞു  മുഖ്യമന്ത്രി തന്നെ അങ്ങോട്ടേക്കെത്തി  നിങ്ങള്ക്ക് എന്താ വേണ്ടതെന്നു ചോദിച്ചു.  അയാളുടെ മറുപടികെട്ടു മുഖ്യമന്ത്രിയും  കൂടെ ഉണ്ടായിരുന്നവരും ചിരിച്ചുപോയി. "ഞാൻ പ്രധാനമന്ത്രിയാണ്. എല്ലാ ഫയലുകളും എനിക്ക് അയക്കണം" എന്നായിരുന്നു അയാളുടെ മറുപടി.

മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി, അയാളെ ദേഹോപദ്രവം ചെയ്യരുതെന്നും, കേസൊന്നും എടുക്കേണ്ട എന്നും സുരക്ഷാ ജീവനക്കാരോട്   പ്രത്യേകം പറഞ്ഞു.  മുഖ്യമന്ത്രി നിർ ദേശിച്ചതിനാൽ അയാളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയശേഷം  പോലീസ് വെറുതെ വിട്ടു.  വലിയ സുരക്ഷാ വീക്ഷയാണെന്നും, കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമോയെന്നും  പത്രപ്രവർത്തകർ ആരാഞ്ഞു. "പുള്ളി പ്രധാനമന്ത്രി ആണെന്നല്ല പറഞ്ഞത് . മുഖ്യമന്ത്രിക്കും മുകളിലുള്ള ആൾ " ആ  സ്ഥിതിക്ക് ഞാനെന്ത്  നടപടി എടുക്കാനാണെന്നു ചിരിച്ചുകൊണ്ട് പറഞ്ഞു അദ്ദേഹം അന്തരീക്ഷം തണുപ്പിച്ചു.

ഈ സംഭവത്തിന് ശേഷം  അന്നത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ.ജയകുമാറും, പോലീസ് മേധാവി  ജേക്കബ് പുന്നൂസും കൂടി മുഖ്യമന്ത്രിയെ കണ്ടു സന്ദർശകരെ  നിയന്ത്രിക്കേണ്ട ആവശ്യകത പറഞ്ഞു.  എന്നാൽ  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും  കൈക്കൊള്ളുവാൻ  താന്റ്റേതായ  ശൈലിയിൽ  അദ്ദേഹം  വിസമ്മതിച്ചു.   സന്ദർശകർ മുറിയിലുള്ള സമയത്തെല്ലാം, യൂണിഫോ അണിയാതെ  സാധാരണ വേഷത്തിൽ  ഒരു പോലീസ് ഉദ്യോഗസ്ഥനെ   മുറിയിൽ ഏർപ്പാട് ചെയ്തു. മന്ത്രിമാരോ, ഉന്നത ഉദ്യോഗസ്ഥരോ, പേർസണൽ സ്റ്റാഫോ മാത്രമാകുന്ന  അവസരങ്ങളിലൊഴികെ ഈ പോലീസ് ഉദ്യോഗസ്ഥൻ മുറിയിൽ തന്നെ ഉണ്ടാകണമെന്നും, മുഖ്യമന്ത്രി മുറിയിൽ ഇല്ലാത്ത അവസരങ്ങളിൽ, പ്രധാന വാതിലിനു മുമ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ, മുഖ്യമന്ത്രിയുടെ അനുവാദം  വാങ്ങാതെ  തന്നെ  പ്രത്യേകം നിയോഗിക്കുകയും ചെയ്തു.  

സർക്കാരിനെ വിറപ്പിച്ച പാമോലിൻ വിധി.

1991-96  ലെ  കെ.കരുണാകരൻ സർക്കാരിന്റെ  ഭരണ കാലയളവിൽ   ഭഗസ്യ വകുപ്പ്  സെക്രട്ടറി പി.ജെ. തോമസും, സിവിൽ സപ്ലൈസ് കോര്പറേഷൻ   മാനേജിംഗ്  ഡയറക്ടർ ആയിരുന്ന  ജിജി തോംസനും   മലേഷ്യയിലെ    പവർ ആൻഡ് എനർജി  എന്ന കമ്പനിയുമായി പാമോലിൻ ഇറക്കുന്നതിനു കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട്‌   പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണമാണ്  പാമോലിൻ  കേസിലെ വിഷയം.  ഉത്സാവ കാലഘട്ടത്തിൽ എന്ന വില കുതിച്ചുയരാൻ  ഇടയാകാതെ വിളനിയന്ത്രണത്തിനായാണ്  വിദേശത്തു നിന്നും പാമോയിൽ  ഇറക്കുമതി ചെയ്യുവാൻ തീരുമാനിച്ചത്.  എന്നാൽ  പാമോയിൽ  ഇറക്കുമതിയിൽ ക്രമക്കേടുണ്ടെന്ന്   പിന്നീട്                   അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടി. എം.എം.ഹസ്സൻ ചെയർമാനായിരുന്ന പബ്ലിക് അണ്ടർടേക്കിങ്സ്  കമ്മിറ്റിയും അത് ശരിവച്ചു. ഉദ്യോഗസ്ഥന്മാർ നടപ്പിലാക്കിയതിലെ പിഴവാണ് അതെന്നാണ് പി.യു .സി അവരുടെ റിപ്പോർട്ടിൽ പറഞ്ഞത്. 1996 ൽ ഒമ്പതാം കേരളാ  നിയമസഭയുടെ അവസാനത്തെ സമ്മേളനത്തിൽ അവസാന ദിവസമാണ് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചത്. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 

1996 ലെ തെരഞ്ഞെടുപ്പിൽ യു .ഡി. എഫ് പരാജയപ്പെടുകയും ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി അധികാരത്തിൽ വരികയും ചെയ്തശേഷമാണ്  അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കരാറിലെ ഒരു നിബന്ധനയായ  ഒപ്പിടുന്ന ദിവസത്തെ വിദേശ വിനിമയ നിരക്ക് അടിസ്ഥാനമാക്കി മന്ത്രിസഭ തീരുമാനമെടുത്തപ്പോൾ, ഒരു കോടിയോളം രൂപ ലാഭമായി സർക്കാരിന് കിട്ടേണ്ടത് ,  സർക്കാരിന്  നഷ്ടമായി മാറി എന്നതായിരുന്നു  കുറ്റപത്രത്തിലെ ആരോപണം.  അന്ന് മുഖ്യമന്ത്രിയായിരുന്ന  കെ.കരുണാകരനായിരുന്നു ഒന്നാം പ്രതി. ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച് .മുസ്തഫ,ചീഫ് സെക്രട്ടറിയായിരുന്ന എസ് .പദ്മകുമാർ, അഡിഷണൽ ചീഫ് സെക്രട്ടറി സക്കറിയ  മാത്യു,എം ഡി ജിജി തോംസൺ, പി ആൻഡ് ഇ കമ്പനി ഡയറക്ടർ ശിവരാമകൃഷ്ണൻ, ഭക്ഷ്യ വകുപ്പ്  സെക്രട്ടറി  പി .ജെ. തോമസ്  തോമസ് എന്നിവരായിരുന്നു മറ്റ്  പ്രതികൾ. കേസിൽ അന്ന് ധന മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ 23 ആം സാക്ഷിയായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ  കേസ് ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പല തവണ കയറിയിറങ്ങി  തീരുമാനമാകാതെ കിടക്കുകയായിരുന്നു.  അച്യുതാനന്ദൻ  2006 ൽ മുഖ്യമന്ത്രിയായപ്പോൾ, അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന കല്ലട സുകുമാരന്റെ ആവശ്യപ്രകാരം, കേസിൽ തുടരന്വേഷണത്തിന്  വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു.  പാമോലിൻ ഇറക്കുമതി സംബന്ധിച്ച മന്ത്രിസഭാ  യോഗത്തിൽ  അന്നത്തെ ധന മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും  പങ്കെടുത്തിരുന്നെന്നും, അതിനാലാണ്  അദ്ദേഹത്തെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന്  ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉമ്മൻ ചാണ്ടിയെ പ്രതിയാക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും,  പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി അനുവദിച്ചു.

 പുനരന്വേഷണം നടത്തിയശേഷം, പുതിയതായി ആരെയും ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന്  വിജിലൻസ്  ഡയറക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സ്വഭാവികമായും കോടതി   വിജിലൻസ്   ഡയറക്ടറുടെ  റിപ്പോർട്ട് അംഗീകരിക്കാറാണ് പതിവ്.  2011  ഓഗസ്റ്റ്  8 ന്ന്  ഈ കേസ് വിജിലൻസ് ജഡ്ജി ഹനീഫയുടെ പരിഗണക്കു വന്നു.  ഈ സമയം മുഖ്യമന്ത്രി  കോൺഫറൻസ് ഹാളിൽ ഒരു മീറ്റിംഗിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ്   ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പങ്കു അന്വേഷിച്ചു മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ   വിജിലൻസ് ജഡ്‌ജി   ഉത്തരവിട്ടതായി  കോടതിയിൽ നിന്നും അഡ്വക്കേറ്റ് അബ്ദുൽ കരീം എന്നെ വിളിച്ചു പറഞ്ഞത് . ഇക്കാര്യം മുഖ്യമന്ത്രിയെ ഉടനെ തന്നെ അറിയിക്കുന്നതാണ് നല്ലതെന്നതിനാൽ, ഫോണുമായി ഞാൻ കോൺഫറൻസ് ഹാളിൽ ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ ശേഷം  കരീമിനെ കണക്ട് ചെയ്തുകൊടുത്തു.  ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മുഖ്യമന്ത്രി മീറ്റിംഗ്  തുടർന്ന്.   കോടതിവിധി  പുറത്തുവന്നയുടൻ  മുഖ്യമന്ത്രി രാജിവെക്കണമെന്ന്  പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും, വിജിലൻസ് വകുപ്പ് ഒഴിയണമെന്ന്  ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണനും ആവശ്യപ്പെട്ടതായി ചാനലുകളിൽ ഫ്ലാഷ് ന്യൂസ് വന്നു തുടങ്ങി. ഇതിനോടകം തന്നെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ അദ്ദേഹം മാനസികമായി തീരുമാനിച്ചു.  ഞാൻ ഉടൻ തന്നെ കെ.എം. മാണിസാറിനെയും, വ്യവസായ മന്ത്രി കുഞ്ഞാലികുട്ടിയെയും ,  കോൺഗ്രസ് നേതാക്കളയായ .എം. എം.ഹസ്സൻ, തമ്പാനൂർ രവി എന്നിവരെയും  വിവരം  അറിയിച്ചു.     ഇവരെല്ലാവരും ഓഫീസിൽ എത്തി കോൺഫറൻസ് തീരാൻ കാത്തിരുന്നു.   മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമ പ്രവർത്തകരും   കോൺഫറൻസ് ഹാളിനു മുമ്പിൽ എത്തിതുടങ്ങി. പത്രപ്രവർത്തകരെ അദ്ദേഹം കാണുന്നതിന് മുമ്പ് നേതാക്കളെല്ലാം കോൺഫറൻസ് ഹാളിൽ കയറി. അവരോടൊപ്പം ഞാനും അകത്തുകയറി,   മറ്റു ആരെയും  കോൺഫറൻസ് ഹാളിലേക്ക് കടത്തി വിടരുതെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകി.  നേതാക്കളുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ രാജിവെക്കാനുള്ള തീരുമാനത്തിൽനിന്നു  അദ്ദേഹം പിന്തിരിയാമെന്നു   സമ്മതിച്ചു .  അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന തീരുമാനം പത്രപ്രവർത്തകരെ   അറിയിക്കാനുള്ള  ഉത്തരവാദിത്വം  കെ.എം.മാണിയും  പി.കെ.കുഞ്ഞാലിക്കുട്ടിയും ഏറ്റെടുത്തു.  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവരാണ്      പത്രപ്രവർത്തകരെ തീരുമാനം അറിയിച്ചത്. അങ്ങിനെ   ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന് നേരെവന്ന  വലിയ   ഒരു  പ്രതിസന്ധി  ചായ കോപ്പയിലെ കൊടുംകാറ്റായി  ഒതുങ്ങി.

ജയിൽ വാസവും  ബാലകൃഷ്ണപിള്ളയും  

ഇടമലയാർ കേസിൽ  ആർ.ബാലകൃഷ്ണ പിള്ളയെ  വിജിലൻസ് കോടതി ഒരു വർഷത്തെ  തടവിന്  ശിക്ഷിച്ചത്  1996 ൽ   ആയിരുന്നു. അന്ന് മുതൽ  കേസിൽ നിന്നും രക്ഷപ്പെടാനായി ബാലകൃഷ്ണ പിള്ളയും, പിള്ളയുടെ  ശിക്ഷ നടപ്പിലാക്കിക്കാനായി      പ്രതിപക്ഷ നേതാവായിരുന്ന  വി.എസ് .അച്യുതാനന്ദൻ    തമ്മിൽ  നടന്ന    നിയമ യുദ്ധമാണ്  സുപ്രീം കോടതിയുടെ അവസാന  വിധിയിലൂടെ  യാഥാർഥ്യമായി മാറിയതും, പിള്ള   2011  ഫെബ്രുവരിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ  അടക്കപ്പെട്ടതും. പിള്ള അഴിക്കുള്ളിലായപ്പോൾ വി.എസ്  സംസ്ഥാന മുഖ്യമന്ത്രിയാണ്. ഐക്യ ജനാധിപത്യ മുന്നണിയിലെ ഒരു ഘടക കക്ഷി നേതാവായാൽ  പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ  അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചു.

ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ പിള്ള  ഉമ്മൻ ചാണ്ടി സർക്കാരിന് തലവേദന സൃഷ്ടിക്കാൻ തുടങ്ങി.   ജയിലിൽനിന്നും പുറത്തിറങ്ങാനായി  പരോളിന്‌ വേണ്ടിയായിരുന്നു  ആദ്യം അദ്ദേഹത്തിന്റെ ആഭ്യർത്ഥന.  ആഭ്യന്തര വകുപ്പ്  മുഖ്യമന്ത്രിയുടെ കൈവശം ആയിരുന്നതിനാൽ , നിയമം അനുശാസിക്കുന്ന പരോൾ അദ്ദേഹത്തിന്  കൊടുത്തു.  പിന്നീടാണ് ശിക്ഷ ഇളവ് ചെയ്തു ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന   ആവശ്യം  അദ്ദേഹം  തന്റെ പാർട്ടി നേതാക്കളിലൂടെ ഉന്നയിക്കാൻ തുടങ്ങിയത്. ഈ ആവശ്യത്തിനായി അദ്ദേഹം പാർട്ടി നേതാക്കൾ ഉൾപ്പെടെ പലരെയും ജയിലിൽ നിന്നും മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു തുടങ്ങി.  അദ്ദേഹത്തിന്റെ ഫോൺ വിളി മാധ്യമങ്ങളിൽ വരുകയും   പ്രതിപക്ഷ നേതാവ്  വി.എസ്‌ . അച്യുതാനന്ദൻ നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു.  സർക്കാർ ഒത്താശ ചെയ്യുന്നതുകൊണ്ടാണ്  ജയിലിൽ കിടന്നു വെളിയിലുള്ളവരുമായി  ഫോണിൽ ബന്ധപ്പെടാൻ  പിള്ളക്ക് സൗകര്യം ഉണ്ടാകുന്നതെന്നായിരുന്നു  അച്യുതാനന്ദൻറ്റെ  ആരോപണം.

സാധാരണഗതിയിൽ, മുഖ്യമന്ത്രി തലസ്ഥാനത്ത്  ഒന്നോ രണ്ടോ ദിവസങ്ങൾ ഇല്ലെങ്കിൽ, ഫയലുകളുമായി അദ്ദേഹം തങ്ങുന്ന സർക്കാർ അതിഥി മന്ദിരങ്ങളിൽ  വൈകുന്നേരത്തോടെ ചെല്ലാൻ  അദ്ദേഹം പറയും. 2011  സെപ്തംബര്  23 ന്  നിയമസഭാ സമ്മേളനത്തിന്  ശേഷം, ഔദ്യോഗിക  കാര്യങ്ങൾക്കായി ഡൽഹിക്കു പോയ മുഖ്യമന്ത്രി  25  നു കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങിയത്.   ഇറങ്ങിയ    ഉടൻ എന്നെ വിളിച്ചു നിയമ സഭയുമായി ബന്ധപ്പെട്ട ഫയലുകളുമായി  അന്ന് രാത്രി കോട്ടയം  റസ്റ്റ്  ഹൗസിൽ ചെല്ലാൻ പറഞ്ഞു.   ഫയലുമായി ഞാൻ അദ്ദേഹം താമസിക്കുന്ന കോട്ടയം അതിഥി മന്ദിരത്തിലേക്ക്  ഓഫീസ്‌  കാറിൽ  യാത്ര തിരിച്ചു. ഇടയ്ക്കു ബാലകൃഷ്ണ പിള്ളയുടെ പാർട്ടി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായർ എന്നെ വിളിച്ചു  ജയിൽ മോചനവുമായി ബന്ധപ്പെട്ടു ബാലകൃഷ്ണ പിള്ള തന്നെ നിവേദനത്തെക്കുറിച്ചു ചോദിച്ചു.  ചെങ്ങന്നൂരിനടുത്തു  എത്താറായപ്പോൾ എൻറ്റെ  ഫോണിൽ  ഒരു കാൾ വന്നു. ഞാൻ ഫീഡ് ചെയ്യാത്ത  നമ്പർ ആയിരുന്നതിനാൽ, ആരാണ് വിളിച്ചതെന്ന്  മനസ്സിലായില്ലെങ്കിലും, ഫോൺ ഞാൻ എടുത്തു. " ഞാൻ ആർ. ബാലകൃഷ്ണ പിള്ളയാണ്. മുഖ്യമന്ത്രിയുമായി സംസാരിക്കണം. ഫോൺ കൊടുക്കാമോ  എന്ന് എന്നോട് ചോദിച്ചു." ഞാൻ പറഞ്ഞു ഞാൻ ഇപ്പോൾ ഒരു യാത്രയിലായതിനാൽ   മുഖ്യമന്ത്രിയുടെ ഒപ്പം     ഇല്ല..   കോട്ടയത്തു  നിരവധി പരിപാടികൾ ഉള്ളതിനാൽ കോട്ടയത്തെവിടെയോ അദ്ദേഹം ഉണ്ടാകും എന്ന്  പറഞ്ഞു  സംഭാഷണം അവസാനിപ്പിച്ചു.    രാത്രിയിൽ  ഫയലുകൾ പരിശോധിക്കുന്നതിനിടയിൽ ഇക്കാര്യം ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു.  അദ്ദേഹത്തെ പിള്ള വിളിച്ചിരുന്നോ  എന്ന്  ഞാൻ  ചോദിച്ചപ്പോൾ ഇല്ലായെന്നും   പറഞ്ഞു.അതോടെ അക്കാര്യം ഞാൻ മറന്നു.

നിയമസഭാ കൂടിക്കൊണ്ടിരിക്കുന്ന  ദിവസങ്ങളിൽ  മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട  ചോദ്യോത്തരങ്ങൾക്കു മുഖ്യമന്ത്രി സഭയിൽ ഉണ്ടെങ്കിൽ അദ്ദേഹം തന്നെയാണ്  മറുപടി  നൽകുന്നത്. 2011  ഒക്‌ടോബർ 3 ന്  ചോദ്യോത്തരവേള കഴിഞ്ഞ ഉടൻ  ബാലകൃഷ്ണ പിള്ളയുടെ  ഫോൺ വിളി സംബന്ധിച്ച്  പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു.    ജയിലിൽ കിടന്നു കൊണ്ട്  നിയമ വിരുദ്ധമായി മൊബൈൽ ഫോണിലൂടെ   ഭരണ കക്ഷി നേതാക്കളെയും പ്രവർത്തകരെയുമൊക്കെ  ഫോൺ വിളിക്കുന്നെന്നും, സർക്കാർ ഇതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നുണ്ടെന്നും ആരോപിച്ചു.  നിയമ വിരുദ്ധമായ ഒരു നടപടിക്കും സർക്കാർ സഹായം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, പ്രതിപക്ഷം ഉന്നയിച്ച  ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ  ജയിൽ ഡി ജി പി ക്കു നിദേശം നൽകിയ കാര്യവും അദ്ദേഹം മറുപടിയിൽ പറഞ്ഞു. 

ബാലകൃഷ്‌ണപിള്ളയുടെ  ഫോൺ വിളിയുമായി  ബന്ധപ്പെട്ട്   അടുത്ത ദിവസവും ചോദ്യാത്തരവേള  കഴിഞ്ഞ ഉടൻ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം  അനുമതി ചോദിച്ചു .  പ്രതിപക്ഷ ഉപനേതാവ്  കോടിയേരി ബാലകൃഷ്‌ണനാണ്  നോട്ടീസ് കൊടുത്തത്  .  ഇതേ  പ്രശ്‍നം   തലേദിവസവും  അടിയന്തിര പ്രമേയമായി ചർച്ച ചെയ്തതിനാൽ സ്പീക്കർ അനുമതി നിഷേധിച്ചു. നോട്ടീസിൽ ഒരു പുതിയ പ്രശ്നമാണ് പ്രതിപക്ഷം ഉന്നയിച്ചത്. .    സെപ്റ്റംബർ 25  വൈകുന്നേരം 5.55 ന്  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ  ബാലകൃഷ്ണപിള്ളയുമായി  മുഖ്യമന്ത്രി സംസാരിച്ചു എന്നതായിരുന്നു  ആരോപണം.എൻറ്റെ  ഫോണിൻറ്റെ  ലോഗ്  സഹിതമാണ്  ആരോപണം  ഉന്നയിച്ചത്.ഒടുവിൽ സബ്‌മിഷനായി  പ്രശ്‍നം  അവതരിപ്പിക്കാൻ അനുമതി നൽകി. അതിനു പ്രതിപക്ഷം സമ്മതിച്ചില്ല. അവർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളം നിലക്കാതെവന്നതോടെ  അസംബ്ലി അന്നത്തേക്കു പിരിഞ്ഞു.  ഓഫീസിൽ വന്ന മുഖ്യമന്ത്രി  എവിടെവച്ചാണ് പിള്ള സംസാരിച്ചതെന്ന് ചോദിച്ചു. ചെങ്ങന്നൂരിനടുത്തു എവിടെയോ ആണെന്നും ശരിക്കുള്ള സ്ഥലം അറിയില്ലെന്നും ഞാൻ പറഞ്ഞു.  ഇന്റലിജൻസ് എ.ഡി.ജി.പി ഹേമചന്ദ്രനും അപ്പോൾ  ഓഫീസിൽ ഉണ്ടായിരുന്നു.  അതിനൊരു പരിഹാരം അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയിൽ തെളിഞ്ഞു.  ഹേമചന്ദ്രനോട്  ഫോണിൽ സംസാരിച്ച സമയം എന്റ്റെ ഫോണിന്റ്റെ  ടവർ  ലൊക്കേഷൻ  സംബന്ധിച്ച രേഖ എടുക്കാൻ നിർദേശിച്ചു.  ടവർ  ലൊക്കേഷൻ എടുത്തപ്പോൾ  മുഖ്യമന്ത്രി കോട്ടയത്ത്  പൊതുമരാമത്തു വകുപ്പിന്റെ റസ്റ്റ് ഹൗസിലും, പ്രൈവറ്റ് സെക്രട്ടറിയായ ഞാൻ ചെങ്ങന്നൂരിനടുത്ത മുളക്കട  എന്ന് സ്ഥലത്തുമാണ്.  ഈ കാര്യം പത്രസമ്മേളനം നടത്തി  മുഖ്യമന്ത്രി പറഞ്ഞു. അതിനിടക്ക് മറ്റൊരു വെളിപ്പെടുത്തലും പുറത്തു വന്നു.  അന്ന് ബാലകൃഷ്ണ പിള്ളയുടെ ഫോണിൽ നിന്നും   എന്നോട് സംസാരിച്ചത്  അദ്ദേഹത്തിന്റെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായ  വേണുഗോപാലൻ നായരായിരുന്നുവെന്ന്, അദ്ദേഹം തന്നെ പത്രപ്രസ്താവന ഇറക്കി.  വസ്തുതകളുടെയും, രേഖകളുടെയും അടിസ്ഥാനത്തിലുള്ള ഈ കാര്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷത്തിൻറ്റെ  ആരോപണങ്ങൾ ചാപിള്ളയായി മാറി. ബുദ്ധിപരമായ രീതിയിൽ പ്രതിസന്ധികളെ നേരിടാനും, പരിഹരിക്കാനുമുള്ള  അദേഹത്തിന്റെ അസാമാന്യമായ  ബുദ്ധിവൈഭവമാണ്  പ്രതിപക്ഷത്തിന്റെ കുന്തമുന  ഒടിച്ചു കളഞ്ഞത്. ഈ സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞു ആർ. ബാലകൃഷ്ണ പിള്ളയുടെ മകനും മന്ത്രിയുമായ  ഗണേഷ്‌കുമാർ  അച്യുതാനന്ദനെ വിമർശിച്ചു പത്തനാപുരത്ത്  പ്രസംഗിച്ചു. അത് കഴിഞ്ഞുള്ള  അടുത്ത ദിവസം   നിയമസഭ ചേർന്നപ്പോൾ   അച്യുതാനന്ദനെതിരെയുള്ള  ഗണേഷ് കുമാറിൻറ്റെ  അപകീർത്തികരമായ പ്രസംഗത്തിനെതിരെ പ്രതിപക്ഷം  ബഹളം വച്ചു.   സർക്കാരിന് വേണ്ടി മുഖ്യമന്ത്രി തന്നെ മാപ്പു പറഞ്ഞു. പിന്നാലെ,          ഗണേഷ്‌കുമാർ മാപ്പു പറയണം എന്നതായിരുന്നു അവരുടെ ആവശ്യം. ഒടുവിൽ ഗണേഷ്‌കുമാർ    ഖേദം പ്രകടിപ്പിച്ചതോടെ പ്രശനം തീർന്നു.

ആർ.ബാലകൃഷ്ണ പിള്ളയും അദ്ദേഹത്തിന്റെ പാർട്ടിയും  അദ്ദേഹത്തെ മാപ്പു നൽകി മോചിപ്പിക്കണമെന്ന് ആവശ്യം  ഉയർത്തികൊണ്ടിരുന്നു.  റിപ്പബ്ലിക്ക് ഡേ, സ്വാതന്ത്യ ദിനം, കേരളപ്പിറവി ദിനം എന്നിങ്ങനെയുള്ള അവസരങ്ങളിൽ ശിക്ഷിക്കപ്പെട്ട്, ജയിലിൽ കിടക്കുന്ന കുറ്റവാളികൾക്ക്  ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ, സർക്കാരുകൾ  മാപ്പു നൽകി മോചിപ്പിക്കാറുണ്ട്.  2011 ലെ കേരള പിറവിയോട് അനുബന്ധിച്ചു ശിക്ഷാകാലാവധിയുടെ മുക്കാൽ ഭാഗത്തോളം പൂർത്തിയാക്കിയ  75  വയസ്സിനുമേൽ പ്രായമുള്ളവരെയും നിബന്ധനകൾക്ക് വിധേയമായും, മന്ത്രിസഭയുടേയും, ഗവര്ണരുടെയും  അനുമതിയോടെയും മോചിപ്പിക്കാൻ ഉത്തരവിറക്കി.  സർക്കാർ ഉത്തരവിൽ പറഞ്ഞ നിബന്ധനകൾക്ക് ഉള്ളിൽ വരുന്നതിനാൽ  ആർ. ബാലകൃഷ്ണപിള്ളയും   ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിൽ മോചിതനായി.