Tuesday, 8 July 2025

 

        

                             മദ്ധ്യേഷ്യയിലെ   യുദ്ധവും , ഇന്ത്യയും 

അഡ്വ.പി.എസ്. ശ്രീകുമാർ 

 മദ്ധ്യേഷ്യയിൽ,   ഇറാനെ അക്രമിച്ചു കൊണ്ട്    പുതിയ ഒരു യുദ്ധമുഖം കൂടി  ഇസ്രായേൽ  തുറന്നത്  ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ടായിരുന്നു .  ഇറാൻ റെവല്യൂഷനറി ഗാർഡ്ൻറ്റെ  തലവൻ ജനറൽ ഹൊസൈൻ സലാമി, സംയുക്ത സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബഖാരി, മുൻ സുരക്ഷാ ഉപദേഷ്ടാവ്  അലി ഷംഘാനി, എന്നിവരും,  ഏജൻസിയുടെ  മുൻ തലവൻ മുഹമ്മദ് മഹ്ദി ട്രെഹ്‌റാഞ്ചി  തുടങ്ങി ആറോളം ആണവ ശാസ്ത്രഞ്ജരും മറ്റ്  ഉന്നതരായ സൈനിക മേധാവികളും,  ഇസ്രയേലിൻറ്റെ  ആക്രമണത്തിൽ കൊല്ലപ്പെട്ടു.  ഇസ്രയേലിൻറ്റെ  നിലനിൽപ്പിനും അതിജീവനത്തിനും  ഭീഷണിയായി തുടരുന്നതിനാലാണ് ഇറാനുനേരെ സൈനിക നടപടി തുടങ്ങിയതെന്നും, ഇറാൻ   ഉയർത്തുന്ന ആണവഭീഷണി തുടച്ചുനീക്കുംവരെ സൈനിക നടപടി തുടരുമെന്നുമാണ്  യുദ്ധം തുടങ്ങിയപ്പോൾ   ഇസ്രായേൽ പ്രധാനമന്ത്രി   നെതന്യാഹു പ്രഖ്യാപിച്ചത് .

  തലസ്ഥാന നഗരമായ ടെഹ്‌റാനുപുറമെ ഇറാൻറ്റെ  വിവിധ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഒരേസമയം  ആക്രമണം നടത്തിക്കൊണ്ടാണ് ജൂൺ 13  വെള്ളിയാഴ്ച്ച  പുലർച്ചെ  ഇസ്രായേൽ  ആക്രമണം  തുടങ്ങിയത് .    അന്ന് രാത്രിതന്നെ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്ക് മിസൈൽ വിക്ഷേപിച്ച്  ഇറാനും തിരിച്ചടി തുടങ്ങി.   ഇറാനിലെ തന്ത്രപ്രധാനമായ  നിരവധി കേന്ദ്രങ്ങൾ  ആക്രമണത്തിനിരയായി. അതുപോലെ ഇസ്രായേലിലെ ആശുപത്രി ഉൾപ്പെടെ നിരവധി ജനവാസ മേഖലകളിൽ  ഇറാനും   പ്രത്യാക്രമണം   നടത്തി .  ഇരുപക്ഷത്തും നിരപരാധികളായ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത് .  ഏകപക്ഷീയമായി ആക്രമണം തുടങ്ങിയ ഇസ്രയേലിനോട്  ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന്  പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമെനെയ്‌  തിരിച്ചടിക്കാൻ നിർദേശം നൽകിയത് .

1979 വരെ രാജ്യം ഭരിച്ചിരുന്ന മുഹമ്മദ്  റസ്‌വ പെഹൽവിയെ,    ഭരണത്തിൽ നിന്നും പുറത്താക്കിയ   ശേഷമാണ്  അയത്തൊള്ള റൂഹുല്ല  ഖുമൈനി,  ഇസ്ലാമിക രാഷ്ട്രത്തിൻറ്റെ  പരമോന്നത സ്ഥാനം ഏറ്റെടുത്ത്.  അന്നുമുതൽ യാഥാസ്ഥിക ഇസ്ലാമിക ഭരണമാണ് ഇറാനിൽ. റൂഹുള്ള ഖൊമൈനിയുടെ കാലശേഷം പരമോന്നത സ്ഥാനത്തെത്തിയ അയത്തൊള്ള ഖമെനെയ്‌  ഇറാനെ സാമ്പത്തികമായും സൈനികമായും ശക്തിപ്പെടുത്തുവാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമർത്തി. ചുറ്റുമുള്ള  , സൗദി അറേബ്യയുടെ  ഉൾപ്പെടെയുള്ള   സുന്നി മുസ്‌ലിം  രാഷ്ട്രങ്ങളെ അരികുവൽക്കരിച്ചുകൊണ്ടു  ,മുസ്ലിം  രാഷ്ട്രങ്ങളുടെ നേതൃത്വത്തിനായുള്ള ശ്രമങ്ങളും നടത്തിവരികയായിരുന്നു.  ഇസ്രായേൽ എന്ന ശത്രു രാജ്യത്തിനെ നേരിടാനാണ്  അണുബോംബ് എന്ന ആശയത്തിലൂന്നി ആണവ പദ്ധതികളുമായി ഇറാൻ മുന്നോട്ടു പോയത്.   മാത്രമല്ല , ഇക്കാര്യത്തിൽ,  അയൽരാജ്യങ്ങളുടേയും, പാശ്ചാത്യ രാജ്യങ്ങളുടേയും എതിർപ്പുകളെ  അവർ അവഗണിച്ചു .  ഇറാൻ    ആണവായുധ ശക്തിയുള്ള  രാജ്യമാകുന്നത്  സൗദിയും, യു  എ ഇയും  ഉൾപ്പെടെയുള്ള  മറ്റു അറബ്‌  രാജ്യങ്ങൾക്കും   ഒരു ഭീഷണിയാണ്.    അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധത്തിൽ  സാമ്പത്തികമായി തകർന്നു നിന്ന അവസരത്തിലാണ്  അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബരാക്  ഒബാമയുടെ നേതൃത്വത്തിൽ  ഐക്യരാഷ്ട്ര സഭാ  രക്ഷാസമിതിയിലെ  സ്ഥിരാംഗങ്ങളും ,  യൂറോപ്യൻ യൂണിയനും ജർമനിയും   മുന്നോട്ടുവച്ച    ആണവായുധ  നിയന്ത്രണ കരാറിൽ ഇറാൻ 2015 ൽ  ഒപ്പുവച്ചത്.  അതോടെ, സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും,  വളർച്ചാമുരടിപ്പിൽ നിന്നും  ഇറാൻ കരകയറുവാൻ തുടങ്ങി. കരാറിന്റെ അടിസ്ഥാനത്തിൽ ഇറാനും ആണവ പദ്ധതികൾ ഏതാണ്ട് മരവിപ്പിച്ചു. പിന്നീട് അധികാരത്തിലെത്തിയ  ട്രംപ്,   ഒബാമ അമേരിക്കയിൽ കൊണ്ടുവന്ന  ആരോഗ്യ പരിരക്ഷ പദ്ധതിയുൾപ്പെടെ എല്ലാം ഉപേക്ഷിച്ചു. മാത്രമല്ല, 2018 ൽ   ഇറാനുമായി ഒപ്പുവച്ച  ആണവ    കരാറിൽ  നിന്നും   പിന്മാറുകയും,   സാമ്പത്തിക ഉപരോധങ്ങൾ ഇറാനുമേൽ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ  ഇറാൻ സാമ്പത്തികമായി വീണ്ടും  തകർന്നു തുടങ്ങി. അതിനിടയിലാണ്  ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ 22  വയസ്സുകാരിയായ മഹ്‌സ അമിനി  എന്ന യുവതി  അറസ്റ്റ് ചെയ്യപ്പെടുകയും, പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ കൊല്ലപ്പെടുകയും ചെയ്തത്. അതിൽ പ്രതിഷേധിച്ച്  ഇറാനിയൻ വനിതകൾ ആരംഭിച്ച  പ്രക്ഷോഭം  രാജ്യമാസകാലം വ്യാപിച്ചു.  അതൊരു രാഷ്ട്രീയ പ്രക്ഷോഭമായി പെട്ടെന്നു  മാറി. പ്രക്ഷോഭകർ  ഇസ്ലാമിക ഭരണം അവസാനിപ്പിക്കുവാനും സ്വാതന്ത്ര്യത്തിനും വേണ്ടി  പ്രക്ഷോഭം  കടുപ്പിച്ചപ്പോൾ, ഭരണകൂടത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ചുകൊണ്ടു  പ്രക്ഷോഭത്തെ ഇറാൻ ഭരണകൂടം  അടിച്ചമർത്തി.

ഇസ്രയേലിൻറ്റെ ലക്‌ഷ്യം എന്ത് ?

ഇറാൻറ്റെ  ആണവ പദ്ധതി തകർക്കുന്നതോടൊപ്പം, ഖമനേയിയുടെ  നേതൃത്വത്തിലുള്ള  ,  അമേരിക്കക്കും,  ഇസ്രയേലിനും,  എതിരായ ഭരണകൂടത്തെ  അധികാരത്തിൽ നിന്നും  പുറത്താക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ്, ഇസ്രായേൽ യുദ്ധം ആരംഭിച്ചത് .  അമേരിക്ക  ഈ യുദ്ധത്തിൽ,   തുടക്കത്തിൽ  നേരിട്ട് വന്നില്ല  എന്നതൊരു യാഥാർഥ്യമാണ്. ഇസ്രയേലിൻറ്റെ  അക്രമണങ്ങളിൽ തങ്ങൾക്ക്‌  പങ്കില്ലെന്ന്  അമേരിക്ക ആവർത്തിച്ച്  പറഞ്ഞെങ്കിലും,      ഇസ്രയേലിൻറ്റെ  പിറകിൽ ശക്തമായി നിന്നത്  അമേരിക്കയാണ് എന്നതിൽ ആർക്കും സംശയമില്ല.  അമേരിക്കയും,  ഇറാനുമായി ആണവകരാറിനുള്ള  ചർച്ചകൾ  നടക്കുന്നതിനിടയിലാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഇസ്രായേൽ ഇറാനെ ആക്രമിക്കുന്നതിന്  മുമ്പ് തന്നെ അഞ്ച്   റൗണ്ട്  ചർച്ചകൾ  നടന്നു  കഴിഞ്ഞിരുന്നു. അടുത്ത ചർച്ച ജൂൺ മാസത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. മാത്രമല്ല, ആണവ ആയുധ  നിർമാണവുമായി ഇറാൻ മുന്നോട്ടു പോകുന്നില്ലെന്ന്  അമേരിക്കൻ കോൺഗ്രസ്സിൽ അമേരിക്കയുടെ ദേശിയ രഹസ്യാന്വേഷണ ഡയറക്ടർ ആയ തുൾസി  ഗബ്ബാർഡ്  രണ്ടു മാസങ്ങൾക്കു മുമ്പ്   വ്യക്തമാക്കുകയും  ചെയ്തിരുന്നു.  തങ്ങൾ സമാധാന ആവശ്യങ്ങൾക്ക് മാത്രമാണ് ആണവ പദ്ധതികൾ ഉപയോഗിക്കുന്നതെന്ന് ഇറാനും പല അന്തർദേശിയ  വേദികളിലും പ്രഖ്യാപിച്ചു. എന്നാൽ, ഇറാൻറ്റെ  പ്രസ്താവനകളെ ഇസ്രയേലും, അമേരിക്കയും  വിശ്വസിച്ചില്ല.     ഇറാനെ കൂടുതൽ വിട്ടുവീഴ്ചകളോടെ  കരാറിൽ ഒപ്പിടീക്കുന്നതിനു പ്രേരിപ്പിക്കുവാനോ  അല്ലെങ്കിൽ,  കരാറിൽ ഒപ്പിടുന്നതിനു മുമ്പ് ഇറാൻറ്റെ  ആണവ നിലയങ്ങളുടെ പ്രവർത്തനം  തകർക്കുകയെന്ന ഉദ്ദേശത്തോടെയോ  ആയിരുന്നു ഇസ്രയേലും, അമേരിക്കയും ആക്രമണങ്ങൾ നടത്തിയത് . 

അമേരിക്കയുടെ ബോംബാക്രമണം 

 യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കണോ  വേണ്ടയോ എന്ന്  ഉടനെ  തീരുമാനിക്കുമെന്ന്   ട്രംപ്   പറഞ്ഞു  നാവെടുക്കുന്നതിനു  മുമ്പാണ്  21  ആം തീയതി രാത്രിയിൽ  ബങ്കർ ബസ്റ്റർ  ബോംബറുകളിൽനിന്നും  നതാൻസ് , ഫോർദോ , ഇസ്ഫഹാൻ  എന്നിവിടങ്ങളിൽ ഉള്ള ഇറാൻറ്റെ  ആണവനിലയങ്ങൾ ബമ്പർ ബസ്റ്റർ ഉപയോഗിച്ച് അമേരിക്ക ആക്രമിച്ചത്.  അമേരിക്കയുടെ,  ഖത്തറിലെയും, ഇറാഖിലെയും സൈനിക താവളങ്ങളും ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളും ആക്രമിച്ചുകൊണ്ട്  ഉടൻതന്നെ ഇറാൻ  മറുപടി നൽകി. ഹോർമുസ് കടലിടുക്കുവഴിയുള്ള കപ്പൽ ഗതാഗതം തടയാനുള്ള തീരുമാനവും  ഇറാൻ നേതൃത്വം  തത്വത്തിൽ  കൈക്കൊണ്ടു.   യുദ്ധം കൈവിട്ടുപോകുമെന്നു അന്തർദേശിയ സമൂഹം  ചിന്തിച്ചിരുന്നപ്പോളാണ്, ഇസ്രയേലും, ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി  ഡൊണാൾഡ് ട്രംപ്  ലോകത്തെ അറിയിച്ചത്.  ഏതായാലും, 12 ദിവസം നീണ്ടുനിന്ന  ലോകത്തെ ആശങ്കയുടെ  മുൾമുനയിൽ നിർത്തിയ , കടുത്ത യുദ്ധത്തിന്  താത്ക്കാലിക വിരാമമുണ്ടായിരിക്കുന്നു.

ആണവനിലയങ്ങൾ തകർക്കപ്പെട്ടോ ?

ഇറാൻറ്റെ  ആണവനിലയങ്ങളെ  ഇസ്രയേലിൻറ്റെയും, അമേരിക്കയുടെയും കനത്ത ബോംബാക്രമണങ്ങൾ  ബാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ഇറാൻ അതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും, ഇറാൻറ്റെ  യുറേനിയം സമ്പുഷ്‌ടീകരണത്തെ ഈ ആക്രമണങ്ങൾ ബാധിച്ചിരിക്കാം എന്നാണ് അന്തർദേശിയ സമൂഹം വിലയിരുത്തുന്നത്.  ഈ ആക്രമണങ്ങളൊന്നും, ഇറാൻറ്റെ   ആണവ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന തരത്തിലുള്ള വാർത്തകൾ  വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള ചില പാശ്ചാത്യ മാധ്യമങ്ങൾ   വെളിപ്പെടുത്തിയെങ്കിലും, അതൊന്നും  ശരിയല്ലെന്നാണ്  അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.  പക്ഷെ അപ്പോഴും നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ആണവ നിരായുധീകരണ കരാറിൽ ഒപ്പിട്ട ഒരു രാജ്യത്തെയാണ് അതിൽ ഒപ്പിടാത്ത ഇസ്രയേലും, ആണവശക്തിയായ അമേരിക്കയും ചേർന്ന് ആക്രമിച്ചത്.  അമേരിക്കയും, രക്ഷാസമിതിയിലെ  രാജ്യങ്ങളുമായി ഇറാൻ ഒപ്പുവച്ച "Joint Comprehensive Plan of Action" ൽ നിന്നും ഏകപക്ഷീയമായി പിന്മാറിയത്  ഡൊനാൾഡ്  ട്രംപ്   പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. ആണവ നിരായുധീകരണ കരാറിൽ  ഇറാൻ തുടരുന്നിടത്തോളം കാലം,  അന്തർദേശിയ ആണവ ഏജൻസിക്ക്  ഇറാൻറ്റെ  ആണവ നിലയങ്ങൾ പരിശോധിക്കാൻ സാധിക്കും.  എന്നാൽ ആ കരാർ അവസാനിപ്പിക്കുവാൻ ഇറാൻ പാർലിമെന്റ്  തീരുമാനിച്ചാൽ  ആണവ നിലയങ്ങൾ പരിശോധിക്കാനുള്ള അവസരമാണ് അന്തർദേശിയ ആണവോർജ സമിതിക്ക്  നഷ്ടപ്പെടുന്നത്.  അത് വീണ്ടും മറ്റൊരു യുദ്ധത്തിലേക്ക്  ചിലപ്പോൾ നയിച്ചേക്കാം.  അതിനാൽ, NPT യിൽ നിന്നും ഇറാൻ പുറത്തുപോകാതിരിക്കാനുള്ള  നയതന്ത്ര നീക്കങ്ങൾക്ക്  ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ  അമേരിക്കയും, റഷ്യയും,  ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ  മുൻകൈ എടുക്കണം.  തങ്ങളുടെ രാജ്യ   സുരക്ഷ ഉറപ്പുവരുത്തുന്ന  നടപടികൾ ഉണ്ടായാൽ മാത്രമേ ഇറാൻ  അങ്ങിനെയുള്ള നീക്കങ്ങളോട് സഹകരിക്കുകയുള്ളു എന്നതും ഒരു യാഥാർഥ്യമാണ്.


ഇന്ത്യയുടെ റോൾ ?

മുൻപ് പല യുദ്ധമേഖലകളിൽനിന്നും, ഇന്ത്യക്കാരെ കൊണ്ടുവന്നതുപോലെ ഇറാനിലും, ഇസ്രയേലിലുമുള്ള ഇന്ത്യക്കാരെ  യുദ്ധമേഖലകളിൽ നിന്നും മടക്കി  കൊണ്ടുവരാൻ   ഇന്ത്യ  നടത്തിയ നടപടികൾ   അഭിനന്ദനാർഹമാണ്   . എന്നാൽ, മൗലികമായ ഒരു പ്രശ്‍നം  ചോദ്യചിഹ്നമായി  നിൽക്കുന്നു. ഒരുകാലത്തു  ചേരിചേരാ രാഷ്ട്രങ്ങളുടെ നായകസ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രങ്ങൾ തമ്മിലുണ്ടായിട്ടുള്ള പ്രധാന തർക്കങ്ങളിൽ  നിഷ്പക്ഷതയോടെ ഇടപെട്ടിരുന്ന ഇന്ത്യ ഇന്ന്  ലോകത്തു നടക്കുന്ന ഒരു പ്രശ്നങ്ങളിലും ഇടപെടാതെ കാഴ്ചക്കാരെപ്പോലെ മാറിനിൽക്കുകയാണ്. റഷ്യയുമായും, യുക്രൈനുമായും സുഹൃത്ബന്ധമുള്ള ഇന്ത്യ, രണ്ടു രാജ്യങ്ങളും അഭ്യർത്ഥിച്ചിട്ടും,  യുക്രൈൻ  പ്രശ്നത്തിൽ  ഇടപെടാതെ  ഒഴിഞ്ഞുമാറി നടക്കുകയാണ്. അതുപോലെ, ഗാസയിലെ നിരപരാധികളായ   പിഞ്ചു കുഞ്ഞുങ്ങൾ  ഉൾപ്പെടെയുള്ള  ജനങ്ങൾ  കൊലപ്പെടുമ്പോളും  നിസ്സംഗതയോടെയാണ് ഇന്ത്യ പെരുമാറുന്നത്.  ഇസ്രായേലുമായും, ഇറാനുമായും നല്ല ബന്ധമുള്ള  ഇന്ത്യ,    അനുരഞ്ജനത്തിനുള്ള ഒരു ശ്രമം പോലും നടത്താൻ   മുന്നോട്ടു വന്നില്ല എന്നത്  നമ്മുടെ വിദേശനയത്തിൽ ഉണ്ടായിട്ടുള്ള  അപചയമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ?

അഡ്വ.പി.എസ് .ശ്രീകുമാർ 

pssreekumarpss@gmail.com







 

                                  ഈജിയൻ തൊഴുത്തായി മാറിയ  ആരോഗ്യവകുപ്പ് 

അഡ്വ.പി.എസ്‌ .ശ്രീകുമാർ 


കേരളം എന്നും അഭിമാനിച്ചിരുന്നത്  നമ്മുടെ പൊതുജനാരോഗ്യത്തിൻറ്റെയും , വിദ്യാഭ്യാസത്തിൻറ്റെയും , സാമൂഹ്യക്ഷേമത്തിൻറ്റെയും  പേരിലാണ്.  അതിലും മുൻഗണന ഉണ്ടായിരുന്നത് പൊതുജനാരോഗ്യത്തിനായിരുന്നു. ഏതു പാശ്ചാത്യ രാജ്യത്തോടും കിടപിടിക്കുന്ന രീതിയിലാണ് ഈ രംഗത്തുള്ള നമ്മുടെ പ്രകടനം.  ഈ മേഖലകളിലെ നമ്മുടെ നേട്ടങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അവക്ക്   നൂറ്റാണ്ടുകളുടെ  പഴക്കമുണ്ട്.  19 ആം നൂറ്റാണ്ടുവരെ ആയുർവേദ ചികിത്സ സമ്പ്രദായമായിരുന്നു  ജനങ്ങളുടെ ആരോഗ്യത്തിന് ഉതകിയിരുന്നത്.  കേരളത്തിലെ ആയുർവേദ വൈദ്യന്മാർ  ചരകൻ എഴുതിയ  ചരക സംഹിതയും, സുശ്രുതൻ എഴുതിയ  സുശ്രുത സംഹിതയും,  വാഗ്ഭടൻ എഴുതിയ അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ കൃതികളുടെയും  അടിസ്ഥാനത്തിലുള്ള  ചികിത്സ രീതികളെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ച ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു നമ്മുടെ ഗ്രാമങ്ങൾ.  പൊതുജനത്തിന്  ഏറ്റവും അനുയോജ്യമായ ചികിത്സ സമ്പ്രദായമായിരുന്നു അന്ന് നിലവിലിരുന്നതെന്നാണ് ഹോർത്തൂസ് മലബാറിക്ക എഴുതിയ കൊച്ചിയിലെ  ഡച്ച് ഗവർണർ ആയിരുന്ന  ഹെൻഡ്രിക് അഡ്രിയാൻ വാൻ റീഡ്  എഴുതിയത്.

 കൊളോണിയൽ ഭരണം നിലവിൽ വന്നതോടെയാണ്  പാശ്ചാത്യ ചികിത്സ സമ്പ്രദായം  ഇവിടെ എത്തുന്നത്. അന്ന്  ലോകമൊട്ടാകെ  ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയിരുന്നത്  വസൂരി രോഗമായിരുന്നു.  വസൂരിക്കുള്ള വാക്‌സിൻ കണ്ടുപിടിച്ചു  അധികം വൈകാതെ 1802  ൽ  അത് ബോംബെയിൽ  എത്തിച്ചു നൽകിത്തുടങ്ങി.  അതേ  വര്ഷം തന്നെ കൊച്ചിയിൽ ഒരു വാക്‌സിനേഷൻ സെന്റർ  ആരംഭിച്ചു. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന  റാണി ഗൗരി ലക്ഷ്‌മി  ബായ്  വാക്‌സിനേഷൻ വ്യാപകമാക്കുവാൻ പ്രത്യേക താത്പര്യമെടുത്തു. തിരുവനന്തപുരത്തു ഒരു  വാക്‌സിനേഷൻ സെന്റർ പൊതു ജനങ്ങൾക്കായി അവർ  തുറന്നു. അതുപോലെ ആദ്യ അലോപ്പതി  ഡിസ്‌പെൻസറി 1814 ൽ  തിരുവനന്തപുരം തൈക്കാട്  ആരംഭിച്ചു. സ്വാതിതിരുനാൾ മഹാരാജാവിൻറ്റെ  ഭരണ കാലയളവിൽ തൈക്കാടുള്ള  ഡിസ്‌പെൻസറി കിടത്തി ചികില്സിക്കുന്ന ആശുപത്രിയായി 1837 ൽ   ഉയർത്തി. അദ്ദേഹത്തിന്റെ സഹോദരനായ ഉത്ത്രം  തിരുനാൾ മഹാരാജാവ് അലോപ്പതി പഠിച്ചു  ചികില്സിച്ചുതുടങ്ങി.  ഉത്ത്രം  തിരുനാൾ മഹാരാജാവ്  മുൻകൈ എടുത്താണ്  തിരുവിതാംകൂർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലോപ്പതി ഡിസ്പെൻസറികളും, ആശുപത്രികളും സ്ഥാപിച്ചത്. മാത്രമല്ല, ചേർത്തല ഭാഗത്തുണ്ടായിരുന്ന മന്ത് രോഗം, മലേറിയ, വസൂരി എന്നീ രോഗങ്ങളെക്കുറിച്ചും വിശദമായ പഠനം  നടത്തുവാൻ റോക്ക്ഫെല്ലർ ഫൗണ്ടേഷൻറ്റെ  സഹായത്തോടെ 1928 ൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയും തിരുവനന്തപുരത്തു  സ്ഥാപിച്ചു.1848 ലാണ് ആദ്യത്തെ സിവിൽ ആശുപത്രി ( ജില്ലാ ആശുപത്രി) എറണാകുളത്തു ആരംഭിച്ചത്.  പിന്നീട് 1865 ൽ തിരുവനന്തപുരത്തും, 1870 ൽ  കൊല്ലത്തും, ആലപ്പുഴയിലും, കോട്ടയത്തും  സിവിൽ ആശുപത്രികൾ ആരംഭിച്ചു.   സ്വാതന്ത്ര്യത്തിന്  മുമ്പ് വിവിധ രാജാക്കന്മാരും, സ്വാതന്ത്ര്യശേഷം  വിവിധ ജനാധിപത്യ സർക്കാരുകളും ആരോഗ്യ മേഖലക്ക് നൽകിയ പ്രാധാന്യം കൊണ്ടാണ്  ഈ മേഖലയിൽ ഇന്നും കേരളം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത്. സംസ്ഥാനത്തെ ശിശുമരണം, മാതൃമരണം, നവജാത ശിശുമരണ നിരക്കുകൾ,  ആയുർദൈർഘ്യം  എന്നിവയിലൊക്കെ നമ്മൾ ഇന്നും മുന്നിൽ നിൽക്കുന്നത്  മേൽപ്പറഞ്ഞ കാരണങ്ങളാണ്.    എന്നാൽ 2016 ൽ  പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം  ഈ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപഭ്രംശങ്ങളും, വലിയ വീഴ്ച്ചകളും  കേരളത്തിന്റെ    അവകാശവാദങ്ങൾക്കുമേൽ  കളങ്കമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 സ്വകാര്യ ആശുപത്രിയെ ആശ്രയിച്ച  സജിചെറിയാൻ 

മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടെയും തള്ളുകൾക്കും, പൊള്ളയായ അവകാശവാദങ്ങൾക്കുമപ്പുറം,  കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല  മരണകിടക്കയിലാണെന്നതാണ് യാഥാർഥ്യം.  അതാണ്  മന്ത്രി സജി ചെറിയാൻ  ഇപ്പോൾ പരസ്യമായി സമ്മതിച്ചിരിക്കുന്നത് . ഡെങ്കി പനി  വന്നു സർക്കാർ ആശുപത്രിയിൽ ചികില്സിച്ചപ്പോൾ മരിക്കാറായി 14  ദിവസം ബോധമില്ലാതെ  കിടന്ന തൻറ്റെ  ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.   ശൈലജയും, വീണ ജോർജും  കഴിഞ്ഞ ഒമ്പത്  വർഷം  ഭരിച്ച ആരോഗ്യവകുപ്പിന്റെ നേർചിത്രമാണ് സജി ചെറിയാൻ  വരച്ചുകാണിച്ചിരിക്കുന്നത്. അതുതന്നെയാണ്   തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ .ഹാരിസ് ചിറയിൽ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമത്തിലൂടെ പൊതുജനത്തെ അറിയിച്ചതും. അദ്ദേഹത്തിന്റെ വകുപ്പിൽ   ആവശ്യം വേണ്ട സർജിക്കൽ  ഉപകരണങ്ങളില്ലാത്തതിനാൽ  നിരവധി ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്നും,  സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ്  തിരുവനന്തപുരം സർക്കാർ  മെഡിക്കൽ കോളേജിൽ അഭയം തേടുന്നുമാണ്  അദ്ദേഹം പങ്കുവച്ചത്.. തീവ്രമായ വേദനയോടെ ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ  നിരവധി സാധാരണ ജനങ്ങൾ ചികിത്സക്കായി ഒരു വശത്ത് , എതിർ വശത്ത്  ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ , നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിലാകുന്നത് ഡോക്ടർമാരും, വകുപ്പ് മേധാവിയും.   ശസ്ത്രക്രിയാ  ഉപകരണങ്ങളുടെ അഭാവത്തിൽ  തൻറ്റെ മകൻറ്റെ പ്രായമുള്ള ഒരു വിദ്യാർത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായതിൻറ്റെ  നിരാശയിലാണ് അദ്ദേഹം  സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിക്കാൻ നിര്ബന്ധിതനായത്.  ഡോ .ഹാരിസിൻറ്റെ  അഭിപ്രായപ്രകടനങ്ങളോട്  സഹിഷ്ണതയോടെയാണ്    ആരോഗ്യ മന്ത്രി വീണാ ജോർജ്  ആദ്യം പ്രതികരിച്ചത്. എന്നാൽ  മുഖ്യമന്ത്രി ഡോക്ടർക്കെതിരെ പരസ്യമായി  സംസാരിച്ചതോടെ  മന്ത്രിമാരും, സി പി എം നേതാക്കളും  ഡോക്ടറെ കടന്നാക്രമിക്കുന്ന സ്ഥിതിയിലെത്തി.  

ബിന്ദുവിൻറ്റെ  മരണത്തിനുത്തരവാദി പിണറായി സർക്കാർ 

ഈ സർക്കാർ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ഒരു കെട്ടിടം ഇടിഞ്ഞുവീണ്  ഹതഭാഗ്യയായ  ബിന്ദു എന്ന  സ്ത്രീ മരിക്കാൻ ഇടയായത്.  2013 ൽ  പൊതുമരാമത്തു വകുപ്പ്  കെട്ടിട വിഭാഗം, പൊളിച്ചുമാറ്റണം എന്ന് പറഞ്ഞു അൺഫിറ്റ്  സർട്ടിഫിക്കറ്റ്  നൽകിയ  കെട്ടിടത്തിന് ,  സർവെ  സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള  നടപടിക്രമങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ തലത്തിൽ  പൂർത്തിയായപ്പോഴേക്കും പിണറായി സർക്കാർ അധികാരത്തിലെത്തി. പകരം കെട്ടിടനിർമാണം പൂർത്തിയായിട്ടു മാസങ്ങളായെങ്കിലും, മന്ത്രിമാരുടെ അസൗകര്യങ്ങളെ  തുടർന്ന് ഉദ്‌ഘാടനം നീണ്ടുപോയി. അതുകൊണ്ടാണ് രോഗികളും, കൂട്ടിരുപ്പുകാരും പഴയ കെട്ടിടം തന്നെ ഉപയോഗിക്കാൻ നിർബന്ധിതരായത്.  ഈ കെട്ടിടം നേരത്തെ തുറന്നു കൊടുത്തിരുന്നെങ്കിൽ ബിന്ദുവിന്റ്റെ  മരണം ഒഴിവാക്കാമായിരുന്നു.

ബജറ്റ് വിഹിതം കുറയുന്നു 

ഏതിനും ഉമ്മൻചാണ്ടി സർക്കാരിനെ പഴിപറയുന്ന സി പി എം നേതാക്കൾ ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം . 2010-11 ലെ  ബജറ്റിൽ ധനമന്ത്രി ഡോ .തോമസ് ഐസക് ആരോഗ്യവകുപ്പിന് നൽകിയ പ്ലാൻ വിഹിതം 112 കോടി രൂപയായിരുന്നു.  എന്നാൽ 2016-17 ലെ  ബജറ്റിൽ ഉമ്മൻ‌ചാണ്ടി സർക്കാർ 1013  കോടി രൂപയാണ് വകയിരുത്തിയത്. അതായത്  അച്യുതാനന്ദൻ സർക്കാരിന്റെ  കാലാവധി പൂർത്തിയാകുന്ന സാമ്പത്തിക വർഷത്തിൽ  വകയിരുത്തിയതിനേക്കാൾ 10 ഇരട്ടി തുകയാണ് ഇത്. ഇതിനുപരിയാണ് മെഡിക്കൽ കോളേജുകളുടെ നിര്മാണത്തിനുവേണ്ടി ബജറ്റ് വിഹിതത്തിനു പുറമെ, വിവിധ സ്രോതസുകളിലൂടെ തുക കണ്ടെത്തിയതും, നാഷണൽ ഹെൽത്ത് മിഷനിലൂടെ 3000  കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയതും.  അതേ  സമയം  2024-25 ലെ ബജറ്റിൽ  1633.30  കോടി രൂപ മാത്രമാണ്  പ്ലാൻ വിഹിതമായി (Health services Rs.1224.30 crores and Rs.409.09 crores for DME)  ആരോഗ്യ വകുപ്പിനും, മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിനും കൂടി പത്താം  വർഷത്തിലേക്കു കടന്ന   പിണറായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഒമ്പത്  വര്ഷം ഭരിച്ചിട്ടും ഉമ്മൻ‌ചാണ്ടി സർക്കാർ വകയിരുത്തിയതിണ്റ്റെ  ഇരട്ടിത്തുക പോലും വകയിരുത്താൻ പിണറായി സർക്കാരിന്  സാധിച്ചില്ല. മാത്രമല്ല, വകയിരുത്തിയ പ്ലാൻ ഫണ്ടിൻറ്റെ  49.50 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചത് . 2018-19  സാമ്പത്തിക വർഷത്തിൽ  സർക്കാരിണ്റ്റെ  മൊത്തം ചെലവിൻറ്റെ 6.55 ശതമാനമായിരുന്നു ആരോഗ്യ മേഖലക്ക് നീക്കിവച്ചിരുന്നതെങ്കിൽ 2023-ൽ ആരോഗ്യമേഖലക്കു വേണ്ടി ചെലവഴിച്ചത്  5.50 ശതമാനമായി കുറഞ്ഞു.

16 മെഡിക്കൽ കോളേജുകൾ 

1982  മുതൽ ഏകദേശം മൂന്ന്  പതിറ്റാണ്ടുകാലം  നമുക്ക്  5 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജെങ്കിലും വേണമെന്ന് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.     ഉമ്മൻചാണ്ടി സർക്കാർ 2016 മെയ് മാസത്തിൽ  അധികാരം ഒഴിയുമ്പോൾ  മഞ്ചേരിയിലും, ഇടുക്കിയിലും, പാലക്കാടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയും കൊച്ചി സഹകരണ മെഡിക്കൽ കോളേജ്,  പര്യായം സഹകരണ മെഡിക്കൽ കോളേജ്, പാരിപ്പള്ളിയിലെ ഇ എസ് ഐ മെഡിക്കൽ കോളേജ് എന്നിവ ഏറ്റെടുക്കുവാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുവാനും  സാധിച്ചു.  പാലക്കാട് മെഡിക്കൽ കോളേജിന്റ്റെ  പ്രത്യേകത, ഷെഡ്യൂൾഡ് ട്രൈബ് വിഭാഗക്കാർ കൂടുതലുള്ള ആ  ജില്ലയിൽ,  ട്രൈബ്  വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് ആണ് അത് എന്നതാണ്. , തിരുവനന്തപുരത്ത്   രണ്ടാം മെഡിക്കൽ കോളേജും , പിന്നോക്ക ജില്ലകളായ കാസർഗോഡ്,വയനാട്, (പത്തനംതിട്ട) കോന്നി,  (ആലപ്പുഴ) ഹരിപ്പാട് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾക്കായുള്ള  ഉത്തരവു പുറപ്പെടുവിച്ച്  നിർമാണ നടപടികളിലേക്ക് കടന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജും ,  ഹരിപ്പാട്, കോന്നി മെഡിക്കൽ കോളേജുകളും  വേണ്ടെന്നു വച്ചു . പിന്നീട് കോന്നി മെഡിക്കൽ കോളേജിന്റെ നിർമാണം തുടരാൻ തീരുമാനിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കാസർഗോഡ്, വയനാട് എന്നിവിടങ്ങളിലെ  മെഡിക്കൽ കോളേജുകൾ ഇതുവരെയും തുറന്നിട്ടില്ല.  ആലപ്പുഴയിലും,ത്രിശൂരിലും  പുതിയ ഡെന്റൽ കോളേജുകളും, കോട്ടയത്ത്  പി.ജി. ബ്ലോക്കും ആരംഭിച്ചു 

കാരുണ്യ പദ്ധതി 

ഉമ്മൻചാണ്ടി സർക്കാർ  നടപ്പാക്കിയ കാരുണ്യ ചികിത്സാപദ്ധതിയിൽ  1.42 ലക്ഷം പേർക്ക്  1240 കോടി രൂപയുടെ സഹായധനം അനുവദിച്ചു.  3 ലക്ഷം രൂപവരെയായിരുന്നു അന്ന് സഹായധനമായി നൽകിയിരുന്നത്. കാരുണ്യ പ്ലസ് എന്ന പേരിൽ നടത്തിയ ഒരു ഭാഗ്യക്കുറിയുടെ വരുമാനം കൂടി കാരുണ്യ ബെനോവലെന്റ്  ഫണ്ടിലേക്ക് മീക്കിവച്ചു. ഇടത്  സർക്കാർ കാരുണ്യ പദ്ധതി ഇപ്പോൾ അട്ടിമറിച്ചിരിക്കുകയാണ്.  മരുന്ന് നൽകിയിരുന്ന കമ്പനികൾക്കും ആശുപത്രികൾക്കും കോടികളാണ് നൽകാനുള്ളത്

സുകൃതം പദ്ധതി.

ആർ.സി.സി , മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കാൻസർ ചികിത്സ സംവിധാനങ്ങൾ വിപുലീകരിച്ചു. ഇവയിലെല്ലാം കാൻസർ ചികിത്സ സൗജന്യമായി നൽകുന്ന സുകൃതം പദ്ധതി  യു ഡി എഫ് സർക്കാർ ലഭ്യമാക്കി. ആർ സി സിയെ സംസ്ഥാന കാൻസർ ഇൻസ്റ്റിട്യൂട്ടാക്കി  ഉയർത്തി. 117 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളിലൂടെ ആർ സി സിക്ക് NABL അക്രെഡിറ്റേഷൻ ലഭ്യമാക്കി. ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യരുടെ അഭ്യർത്ഥന മാനിച്ചു കൊച്ചിയിൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടും, റിസർച്ച് സെൻറ്ററും  യാഥാർഥ്യമാക്കുവാനുള്ള നടപടികൾ കൈക്കൊണ്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാവിഭാഗത്തെ  മിനി ആർ സി സി ആക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . കോഴിക്കോട്  സഹകരണ മേഖലയിൽ 300 കോടി രൂപയുടെ മുതൽമുടക്കിൽ എം വി ആർ കാൻസർ സെന്റർ  ആരംഭിക്കുവാനുള്ള  പദ്ധതിക്കു സമയബന്ധിതമായി എല്ലാവിധ അനുമതികളും ലഭ്യമാക്കുകയും നിർമ്മാണോദ്‌ഘാടനം  നടത്തുകയും ചെയ്തു

 കാരുണ്യ ഫർമസികളിലൂടെ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് കോടിക്കണക്കിനു രൂപയുടെ സഹായം ലഭ്യമാക്കി. അതുപോലെ ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതിയും ഉമ്മൻ‌ചാണ്ടി സർക്കാർ ആരംഭിച്ചു.

അമ്മയും കുഞ്ഞും 

സർക്കാർ ആശുപത്രികളിൽ പ്രസവ ചികിത്സയും, നവജാതശിശുവിൻറ്റെ  30  ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള  അമ്മയും കുഞ്ഞും പദ്ധതി, നവജാത ശിശുക്കളിലെ ജനിതകരോഗങ്ങൾ കണ്ടുപിടിക്കുന്നതിനു ന്യൂ ബോൺ  സ്ക്രീനിംഗ്, 18  വയസ്സുവരെയുള്ള കുറ്ട്ടികൾക്കു എല്ലാ രോഗങ്ങൾക്കും, സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതി എന്നിവ നടപ്പാക്കി. 59  ആശുപത്രികളിൽ നവജാതശിശു ചികിത്സാകേന്ദ്രങ്ങൾ തുടനി. 13270  സ്കൂളുകളിലെ 48  ലക്ഷം കുട്ടികൾക്ക് ചികിത്സയും, മരുന്നും ലഭ്യമാക്കുന്ന വിദ്യാലയരോഗ്യ പദ്ധതിയും  തുടങ്ങി.

സൗജന്യ മരുന്ന് വിതരണം 

സംസ്ഥാനത്തെ  സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന മുഴുവൻ രോഗികൾക്കും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാർ ആയിരുന്നു. 69 അർബുദ ചികിത്സ മരുന്നുകൾ ഉൾപ്പെടെ  585 ഇനം ആവശ്യമരുന്നുകളാണ് എല്ലാ വിഭാഗം ജനങ്ങൾക്കും  സൗജന്യമായി നൽകിയത്.1156  കോടി രൂപയുടെ മരുന്നുകളാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നൽകിയത്.  അതുപോലെ മരുന്ന് വില നിയന്ത്രിക്കാനായി നിരവധി കാരുണ്യ ഫർമാസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു.  പിണറായി സർക്കാർ  അധികാരത്തിലെത്തിയതോടെ  സർക്കാർ ആശുപത്രികളുടെ ദുർദശ ആരംഭിച്ചു. ആശുപതികളിൽ മരുന്നുകളും, ഉപകരണങ്ങളും  ഇല്ല. ചികിത്സക്ക് ചെല്ലുന്ന രോഗികളുടെ കൂട്ടിരുപ്പുകാർ വെളിയിൽ പോയി മരുന്നുകൾ വാങ്ങി നൽകിയാലേ ചികിത്സ ലഭിക്കുകയുള്ളു.  കോവിടിൻറ്റെ  കാലഘട്ടത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ്  ഉൾപ്പെടെയുള്ള ആശുപത്രികളിലെ  കോവിട്  വാർഡിൽ   മാസ്‌കും , കോവിട്  കിറ്റും ,രോഗികൾക്കും നഴ്‌സുമാർ  ഉൾപ്പെടെയുള്ള മെഡിക്കൽ സഹായികൾക്കും ഉള്ള ഭക്ഷണം പോലും സന്നദ്ധ സംഘടനകളാണ് നൽകിയിരുന്നത്. സർക്കാർ വയലിൽ വച്ചിരിക്കുന്ന നോക്കുകുത്തിപോലെ നിന്നതേയുള്ളൂ.

മൃതസഞ്ജീവനി 

 മാറ്റിവക്കൽ ശസ്ത്രക്രിയകൾക്ക് തുടക്കം കുറിച്ചത്  യു ഡി എഫ് സർക്കാരായിരുന്നു. തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ  മസ്തിഷ്കമരണം സംഭവിച്ച ശർമ്മ എന്ന രോഗിയുടെ ഹൃദയവുമായി എറണാകുളത്തു പറന്നെത്തിയ ഡോ. ജോസ് ചാക്കോ പെരിയകുളമാണ്  ഓട്ടോ ഡ്രൈവറായ മാത്യു അച്ചാടനിൽ   ആ ഹൃദയം ശസ്ത്രക്രിയയിലൂടെ  തുന്നിപിടിപ്പിച്  ജീവൻ രക്ഷിച്ചത്. 2012 ൽ ആയിരുന്നു ഈ സംഭവം നടന്നത്.  അതിനുശേഷം 2016  മെയ് വരെ 700 അവയവ ശാശ്ത്രക്രിയകൾ നടത്തി. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാരിന്റെ  9  വർഷത്തെ ഭരണത്തിൽ ആകെ നടത്തിയത് 269 അവയവ ശാസ്ത്ര ക്രിയകൾ മാത്രമാണ്.  

. ഇതിനു രണ്ടിനും എല്ലാവിധ സഹായവും നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും, ആരോഗ്യമന്ത്രിയായിരുന്ന വി.എസ് .ശിവകുമാറുമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. 2015 സെപ്തംബര് 16 ന്  ഇന്നത്തെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ .ജയകുമാറിന്റെ നേതൃത്വത്തിലാണ്  ഹൃദയ ശസ്ത്രക്രിയ  കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്.അതുപോലെ 2016 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്

കുട്ടികളിലെ ബധിരത മാറ്റുവാനുള്ള കോക്ക്ളിയാർ  ഇമ്ബളന്റ്റേഷൻ   ശസ്ത്രക്രിയക്കു തുടക്കം കുറിച്ച യു ഡി എഫ് സർക്കാർ 5  വര്ഷം കൊണ്ട് 652 കോക്ക്ളിയാർ ശാസ്ത്രക്രിയകൾ നടത്തിയപ്പോൾ  9 വര്ഷം ഭരിച്ച ഇടതു സർക്കാർ 391  ശാസ്ത്രക്രിയകൾ മാത്രമേ നടത്തിയുള്ളു എന്നുമാത്രമല്ല,  ഇപ്പോൾ ഈ  പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്.

ഡോക്ടർമാരുടെ ക്ഷാമം 

ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ,താലൂക്ക്, പി.എച് സി കൾ  തുടങ്ങിയവയിൽ ഡോക്ടർമാരുടെ 409 തസ്തികകളും , നഴ്സുമാരുടെ 547തസ്തികകളും  ഒഴിഞ്ഞു കിടക്കുകയാണ്.   മറ്റു തസ്തികകളിൽ  ഉള്ള പാരാമെഡിക്കൽസിന്റ്റെ  മൊത്തം  25731  തസ്തികകൾ   4254 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.  അതുപോലെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ കീഴിലുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ 551 തസ്തികകളും,  നഴ്‌സുമാരുടെ 329  തസ്തികകളും  പാരാമെഡിക്കൽസിന്റ്റെ 228  തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. 

സർക്കാർ ആശുപത്രികളോട് സർക്കാർ    കാട്ടുന്ന   അവഗണനയാണ് നമ്മുടെ ആരോഗ്യമേഖല  കുത്തഴിഞ്ഞ രീതിയിൽ ആയിത്തീരാനുള്ള പ്രധാനകാരണം. അതിനു പുറമെ, ആശുപത്രി വികസന സമിതികളിൽ  സിപിഎമ്മിന് ബന്ധമുള്ളവരെ  മാത്രം നിയമിച്ചുകൊണ്ട്  അർഹരായവരെ ഒഴിവാക്കുന്നു.  അതിന്റെ  ഫലം അനർഹർ താത്ക്കാലികക്കാരായി കടന്നുകൂടുകയും, ഡോക്ടർമാരെയും  മറ്റു ഉന്നത ഉദ്യോഗസ്ഥരെയും   അവരുടെ ഏറാന്മൂളികളായി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങിനെ പിടിപ്പുകേടിൻറ്റെയും , അരാജകത്വത്തിന്റെയും  ഈജിയൻ തൊഴുത്തായി  ആരോഗ്യ മേഖലമാറി.







.












Thursday, 19 June 2025

                 നിലമ്പൂർ  തേക്കിൻറ്റെ  കരുത്തുള്ള  ആര്യാടൻ മുഹമ്മദ്

അഡ്വ .പി.എസ് .ശ്രീകുമാർ 

നിലമ്പൂർ തേക്കിൻറ്റെ  കരുത്തും, കാമ്പും ലോകപ്രശസ്തമാണ്.  നിലമ്പൂർ തേക്കിൻറ്റെ  കരുത്തുമുഴുവൻ തന്നിലേക്ക് ആവാഹിച്ച  ജനനേതാവായിരുന്നു  ആര്യാടൻ മുഹമ്മദ്.   ഏതു പ്രതിസന്ധിയേയും  തന്ത്രപൂർവം  നേരിടാനും,  പരിഹരിക്കാനുള്ള  വഴി കണ്ടെത്താൻ അദ്ദേഹത്തോളം  സമർത്ഥനായ  മറ്റൊരു ഭരണാധികാരിയോ നേതാവോ  കേരളാ  രാഷ്ട്രീയത്തിൽ  വിരളമാണ് എന്നത് ഒരു വസ്തുതയാണ് . മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്ഞൻ, ട്രേഡ്  യൂണിയൻ  നേതാവ് തുടങ്ങിയ നിലകളിലെല്ലാം തന്റ്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.  അദ്ദേഹത്തിന്റെ  അഭാവം  നിലമ്പൂർ  നിയമസഭാ മണ്ഡലത്തിന് മാത്രമല്ല  ഏറനാടിനും, സംസ്ഥാനത്തിന് തന്നെയും  സൃഷ്ടിച്ചിട്ടുള്ളത്  നികത്താനാവാത്ത വിടവാണ്. 

1956 ൽ  വണ്ടൂർ ഫർക്കാ  കോൺഗ്രസ് കമ്മിറ്റിയുടെ  ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ  അദ്ദേഹം 1958 ലാണ് , കെ പി സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.  അന്നുമുതൽ അദ്ദേഹത്തിന്റെ മരണമുണ്ടായ 2022 വരെ അദ്ദേഹം കെ പി സി സി അംഗമായി തുടർന്നു . മലപ്പുറം ജില്ലയുടെ പ്രഥമ ഡി സി സി  പ്രസിഡണ്ടും അദ്ദേഹമായിരുന്നു.  പിന്നീടാണ് അദ്ദേഹം ഐ എൻ ടി യു  സി യുടെ  പ്രവർത്തന മേഖലയിലേക്ക് കടന്നത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ഐ എൻ ടി യു  സി  യൂണിയൻറ്റെ  പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തോട്ടം തൊഴിലാളി രംഗത്തു     സജീവമായി.  സി.എം.സ്റ്റീഫൻ,  കെ. കരുണാകരൻ എന്നിവരോടൊപ്പം ഐ എൻ ടി യു സിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന അദ്ദേഹം  അതിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനവും, ദേശീയ ഭാരവാഹിത്വത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.  തൊഴിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ  ഒരു അഭിഭാഷകനെക്കാൾ വീര്യത്തോടെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ച്  അവ നേടിയെടുക്കുന്നതിൽ അതീവ ശുഷ്‌കാന്തി പുലർത്തിയ നേതാവായിരുന്നു  ആര്യാടൻ മുഹമ്മദ് .അതുപോലെ,  തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ നിയമ ഭേദഗതികൾ, തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കൽ എന്നിവ നടപ്പിലാക്കുവാനും  അദ്ദേഹം  തൊഴിൽ മന്ത്രിയായിരുന്നപ്പോൾ മുൻകൈ എടുത്തു

കർഷകത്തൊഴിലാളി പെൻഷൻറ്റെ  ഉപജ്ഞാതാവ്   

നിലമ്പൂർ  മാനവേദൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന ആര്യാടൻ എട്ടു തവണയാണ്  നിയമസഭാ സാമാജികനായിരുന്നത്.  നായനാർ, ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ, വനം, തൊഴിൽ, ടൂറിസം, ഗതാഗതം,വൈദ്യുതി, റെയിൽവേ  തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1980 ൽ  നായനാരുടെ നേതൃത്വത്തിൽ  രൂപീകരിച്ച  സർക്കാരിൽ  വനം-തൊഴിൽ വകുപ്പ് മന്ത്രിയായിട്ടായിരുന്നു ആര്യാടൻ മുഹമ്മദിൻറ്റെ  ഭരണത്തലത്തിലേക്കുള്ള പ്രവേശനം. നിരവധി തൊഴിൽ തർക്കങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കുവാൻ കഴിഞ്ഞ,  അദ്ദേഹമായിരുന്നു  കർഷകത്തൊഴിലാളികൾക്ക്  പെൻഷൻ  എന്ന ആശയം  കൊണ്ടുവന്നതും ,    നടപ്പിലാക്കിയതും.   വൈദ്യുതി മന്ത്രിയെന്ന നിലയിൽ, മലപ്പുറം ജില്ലയിൽ; മാത്രമല്ല,  ഉത്തരകേരളത്തിലാകെ വൈദ്യുതി എത്തിക്കാൻ അദ്ദേഹം നടപടി സ്വീകരിച്ചു. ആദ്യ  ഉമ്മൻചാണ്ടി  മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ്  രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന എന്ന പദ്ധതി   മൻമോഹൻ സിംഗ് സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹം നടപ്പിലാക്കിയത്. ഈ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താതിരിക്കാൻ കേന്ദ്ര ഊർജവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, അതിനെ  മറുതന്ത്രത്തിലൂടെ നേരിട്ടാണ് പ്രസ്തുത പദ്ധതി അദ്ദേഹം നടപ്പിലാക്കിയത്. 2011 ൽ  വീണ്ടും അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോളാണ്  ആർ.ജി .ജി.വി.വൈ പദ്ധതി ശക്തമായി നടപ്പാക്കിയത് . അതിനുശേഷമാണ് സംസ്ഥാനത്തു സമ്പൂർണ വൈദ്യുതീകരണത്തിനു വഴിയൊരുക്കിയത്.  അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ,   പതിറ്റാണ്ടുകൾക്ക് ശേഷം,  2011-16  പവർ കട്ട്  ആദ്യമായി സംസ്ഥാനത്തു ഒഴിവായത്. 

അനുരഞ്ജനത്തിൻറ്റെ  വക്താവ് 

 കേരളത്തെ പിടിച്ചുകുലുക്കിയ മൂന്നാറിലെ  സ്ത്രീ തൊഴിലാളി കൂട്ടായ്മയായ  പെമ്പിളൈ ഒരുമൈ സമരം  നടന്നത്  2015  അവസാനമായിരുന്നു . നീണ്ടുനിന്ന   ഈ സമരം    ഒത്തുതീർപ്പിലെത്തിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി  തൊഴിൽ മന്ത്രിയായിരുന്ന ഷിബു ജോണിനെ സഹായിക്കാൻ നിയോഗിച്ചത് ആര്യാടൻ മുഹമ്മദിനെയായിരുന്നു. അദ്ദേഹം പുറത്തിറക്കിയ തന്ത്രങ്ങളിലൂടെയാണ്  പെമ്പിളൈ ഒരുമൈ സമരം ഒത്തുതീർപ്പിലെത്തിച്ചത്. ന്യായമായ കൂലി വർധനവും, അനൂകൂല്യങ്ങളും നൽകുവാൻ  തോട്ടം ഉടമകളെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു .  .  

വൈദ്യുതി വകുപ്പിനെ പാവങ്ങൾക്ക് തുണയാക്കി മാറ്റി.

 വൻകിട വ്യവസായ ശാലകൾ  നടത്തിവന്ന വൈദ്യുതി മോഷണം കണ്ടുപിടിച്ച്   700  കോടിയിൽ പരം  തുക സർക്കാർ ഖജനാവിൽ എത്തിക്കുന്നതിനാവശ്യമായ പദ്ധതികൾ രൂപീകരിച്ച്  വൈദ്യുതി ബോര്ഡിനെ കരകയറ്റാൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായിരുന്നു.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ജീവൻ നിലനിർത്തുവാൻ വേണ്ടി ലൈഫ് സപ്പോർട്ട് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗജന്യമായി നൽകുന്ന പദ്ധതി, ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയിൽ  100  ച.മീ.  താഴെ വിസ്തൃതിയുള്ള വീടുകൾക്ക് താൽക്കാലിക റെസിഡൻഷ്യൽ  സര്ടിഫിക്കറ്റിൻറ്റെ  അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതി,  നിർമാതാക്കളിൽ നിന്നും നേരിട്ട്  വൈദ്യുത മീറ്റർ  വാങ്ങുന്നതിനും,  അങ്ങിനെ വൈദ്യുത ബോർഡിന് നൽകേണ്ടിവന്ന മീറ്റർ വാടക ഒഴിവാക്കുന്നതിനും ഉപഭോക്താവിനെ അവസരം നൽകുന്ന പദ്ധതി,  എന്നിവ  നടപ്പിലാക്കിയത് അദ്ദേഹം വൈദ്യുത മന്ത്രിയായിരുന്ന അവസരത്തിലാണ്.  എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ ഇവയിൽ പലതും നിർത്തലാക്കി.

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി   സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യ നിരക്കിൽ രണ്ട്  എൽ.ഇ.ഡി  ബൾബുകൾ വീതം നൽകി. 9  വാട്ടിന്റെ  400  രൂപ വിലയുള്ള ബൾബ് 95  രൂപയ്ക്കാണ് അന്ന് നൽകിയത്.  നിലമ്പൂരിലെ പാവപ്പെട്ടവർ ഉൾപ്പെടെ സംസ്ഥാനത്തെ  പാവപ്പെട്ടവർക്ക് വലിയ സഹായമായിരുന്നു ഈ പദ്ധതി.

കൊച്ചിമെട്രോക്ക് പിന്നിലും ആര്യാടൻ 

2011 ലെ സർക്കാരിൽ  വൈദ്യുതി വകുപ്പിന്  പുറമേ  സംസ്ഥാനത്തെ  റയിൽവെയുടെ  ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.  കൊച്ചി മെട്രോ നടപ്പാക്കുകയെന്നത് ആ സർക്കാരിൻറ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മെട്രോമാൻ ഇ. ശ്രീധരനെ  കൊച്ചിമെട്രോയുടെ  ചുമതല ഏൽപ്പിക്കാനായിരുന്നു  സർക്കാർ താല്പര്യപ്പെട്ടത്. എന്നാൽ ഉന്നത  ഐ എ എസ്  ഉദ്യോഗസ്ഥരുടെ ലോബി ഇ. ശ്രീധരനെ കൊണ്ടുവരുന്നതിനെതിരായിരുന്നു.  ഇക്കാര്യത്തിലുള്ള   സർക്കാർ  തീരുമാനങ്ങൾ പോലും  നടപ്പിലാക്കാതെ നീട്ടികൊണ്ടുപോയപ്പോൾ, ആ നീക്കങ്ങളെ തടയിട്ടുകൊണ്ട്  ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താൻ  സാധിച്ചത്  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും,  ആര്യാടൻ മുഹമ്മദിൻറ്റേയും ഉറച്ച തീരുമാനമായിരുന്നു.     കൊച്ചി മെട്രോ യാഥാർഥ്യമാക്കുന്നതിന്  കേന്ദ്ര അനുമതി നേടിയെടുക്കുന്നതിലും അതിൻറ്റെ  നടപടി ക്രമങ്ങളിലും ഫലപ്രദമായ നടപടികളാണ്  മന്തിയായിരുന്ന ആര്യാടൻ കൈക്കൊണ്ടത്.

നിയോജക മണ്ഡല വികസനം 

പുഴകളും,  ഉപനദികളും ധാരാളമുള്ള മണ്ഡലം എഴുപതുകളിൽ,   ഒന്ന് ചുറ്റിവരണമെങ്കിൽ  നാലഞ്ച് ദിവസങ്ങൾ എടുത്തിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദ്  നിയമസഭാ  സാമാജികനായി വന്നശേഷമാണ്  മൈലാടി പാലം, കൂട്ടപ്പായി  പാലം, മൂട്ടിക്കടവ് പാലം തുടങ്ങി നിരവധി പാലങ്ങൾ നിർമിച്ച്   മണ്ഡലത്തെ  ഗതാഗതയോഗ്യമാക്കിയത് . ഇന്ന്,  ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് വാഹനത്തിൽ മണ്ഡലം മുഴുവൻ ചുറ്റിവരുവാൻ സാധിക്കും.  ആഢ്യൻപാറ  വെള്ളച്ചാട്ടം, കരിമ്പുഴ വന്യമൃഗ സംരക്ഷണ കേന്ദ്രം, കോട്ടപ്പുഴ ചെക് ഡാം  തുടങ്ങിയവും  അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുവാൻ സാധിച്ചത്.   നിലംബുരിലുള്ള,   ലോകത്തിലെ ആദ്യത്തെ തേക്കു മ്യൂസിയം  നവീകരിച്ചത്  അദ്ദേഹത്തിന്  വനം  വകുപ്പിൻറ്റെ  ചുമതല ഉള്ളപ്പോഴായിരുന്നു.  പൂക്കോട്ടുപാടത്തെ  സർക്കാർ കോളേജ്, സർക്കാർ ഐ.ടി.ഐ, എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കന്ററി സ്കൂളുകൾ, നിലമ്പൂരിലെ വൈദ്യുതി ഡിവിഷനും ഓഫീസിൽ സമുച്ചയവും, നിലംബൂർ വനമേഖലയിലെ  ആദിവാസികൾക്ക് വൈദ്യുതി കണക്ഷൻ,  അപകടങ്ങളും കാട്ടുതീയും  ഒഴിവാക്കുന്നതിനായി  വനത്തിലൂടെ ഭൂഗർഭ കേബിളുകൾ എന്നിവ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടും. ഇങ്ങനെ  നിരവധി വികസന പദ്ധതികളാണ് അദ്ദേഹം നിയമസഭാ സാമാജികനും, മന്തിയുമായിരുന്ന  കാലഘട്ടത്തിൽ നിലമ്പൂർ നിയമ സഭാ  മണ്ഡലത്തിൽ  നടപ്പിലാക്കിയിട്ടുള്ളത്. അതിനൊരു തുടർച്ച നല്കുവാൻ  അദ്ദേഹത്തിനൻറ്റെ   മകനും ഊർജസ്വലനായ നേതാവുമായ  ആര്യാടൻ ഷൗക്കത്തിൻറ്റെ  വിജയത്തിലൂടെ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

( ഉമ്മൻചാണ്ടി  മുഖ്യമന്ത്രിയായിരുന്നപ്പോൾ  അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു  ലേഖകൻ)













 


                 ആർ.ശങ്കർ തുടങ്ങിവച്ച സാമൂഹ്യ പെൻഷനുകൾ 


സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  മാസങ്ങളോളം  കുടിശ്ശിക വരുത്തിയശേഷം,  തെരഞ്ഞെടുപ്പുകൾ  വരുമ്പോൾ പ്രഖ്യാപിക്കുന്ന  പിണറായി സർക്കാരിൻറ്റെ    പ്രവർത്തിയെ   വിമർശിച്ചുകൊണ്ട്  എ.ഐ.സി സി സംഘടനാ ജനറൽ സെക്രട്ടറി കെ,സി, വേണുഗോപാൽ   പ്രസംഗിച്ചതിനെ  വളച്ചൊടിച്ച്  "വെടക്കാക്കി തനിക്കാക്കുന്ന" പഴയ തേങ്ങാ കച്ചവടക്കാരുടെ  തന്ത്രമാണ്  എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് , മുൻ ധനകാര്യ മന്ത്രി ഡോ . തോമസ് ഐസക്  എന്നിവർ  നടത്തിക്കൊണ്ടിരിക്കുന്നത്. "കേരളത്തിൽ ക്ഷേമ പെൻഷൻ നടപ്പാക്കിയതിന്റ്റെയോ  പെൻഷൻ തുക കാലോചിതമായി പരിഷ്കരിച്ചതിന്റെയോ ഒരു ക്രഡിറ്റും യുഡിഎഫിന് ഇല്ലെന്നും, കേരളത്തിൽ ക്ഷേമ പെന്ഷനുകൾക്ക്  തുടക്കം കുറിച്ചത് 1980 ലെ ഇ.കെ.നായനാർ സർക്കാരാണെന്നുമാണ് " ഐസക് അവകാശപ്പെടുന്നത്.  ഒന്നുകിൽ ഡോ .തോമസ് ഐസക്  കേരളത്തിലെ സാമൂഹ്യ ക്ഷേമ പെന്ഷനുകളുടെ ചരിത്രം ബോധപൂർവം   തമസ്ക്കരിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ അദ്ദേഹം അത്  പഠിക്കാൻ  ശ്രമിക്കുകയോ ചെയ്തിട്ടില്ല  എന്നതാണ് വാസ്തവം.

സാമൂഹ്യ സുരക്ഷാ പെന്ഷനുകളുടെ ഉപജ്ഞാതാവ്  ആർ.ശങ്കർ 

 കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ആദ്യമായി  അനുവദിച്ചത്  1960 ലെ പട്ടം താണുപിള്ള സർക്കാരായിരുന്നു.  70 വയസുകഴിഞ്ഞ  അനാഥരായ എല്ലാവര്ക്കും പ്രതിമാസം 15 രൂപ പെൻഷനായി അനുവദിക്കുമെന്ന്  ധനകാര്യ വകുപ്പിൻറ്റെ  ചുമതലയുണ്ടായിരുന്ന  ഉപമുഖ്യമന്ത്രി ആർ.ശങ്കർ  1960 ജൂൺ 24 ന്  അവതരിപ്പിച്ച  സംസ്ഥാന  ബജറ്റിൽ  പ്രഖ്യാപിക്കുകയും (44 ആം ഖണ്ഡിക)  അത്  നടപ്പിലാക്കുകയും ചെയ്തു. പിന്നീട് 1961-62 ലെ ബജറ്റ്‌  അവതരിപ്പിച്ചുകൊണ്ട്     അനാഥരായ സ്ത്രീകളെ സുരക്ഷിതമായി പാർപ്പിക്കുവാൻ അബലാമന്ദിരങ്ങൾ (ബജറ്റ് പ്രസംഗം 74 ആം ഖണ്ഡിക)  നിർ മിക്കുമെന്നു  പ്രഖ്യാപിച്ചതും  അദ്ദേഹമായിരുന്നു . അതുപോലെ അദ്ദേഹമാണ്  ശാരീരിക  അംഗ പരിമിതി (Differently abled) ഉള്ളവർക്ക്  ധനസഹായം നൽകുന്ന പദ്ധതിയും 1962-63 ലെ ബജറ്റിലൂടെ നടപ്പിലാക്കിയത്.  സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ  ഉപജ്ഞാതാവ്  ആർ. ശങ്കറാണ്‌  അല്ലാതെ, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന  ഇ എം എസ്സോ , 1980 ൽ മുഖ്യമന്ത്രിയായ  ഇ.കെ. നായനാരോ അല്ല.  എന്നാൽ  1980 ലെ നായനാർ സർക്കാരിൽ   തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിൻറ്റെ  നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  45 രൂപ കാർഷിക തൊഴിലാളി പെൻഷനായി  അന്ന്  അനുവദിച്ചത്. 

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ  നമ്മുടെ സംസ്ഥാനത്തു ആരംഭിച്ച നാൾ മുതൽ   മറ്റു സംസ്ഥാന സർക്കാരുകൾക്ക്,   ഇത് മാതൃകയായി മാറി.  എന്നാൽ ഇതിന്റെ പേരുപറഞ്ഞു  സെസ് ഏർപ്പെടുത്തി  ജനങ്ങളെ  പിഴിയുന്ന നടപടിയാണ് പിണറായി സർക്കാർ എടുത്തത്.    ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന  മുൻ  യു ഡി എഫ്  സർക്കാർ  സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ  നൂറുശതമാനം വർദ്ധനവ് വരുത്തിയത്, ജനങ്ങളുടെ മേൽ ഒരു രൂപയുടെപോലും  അധികഭാരം അടിച്ചേൽപ്പിക്കാതെയാണ്  എന്ന കാര്യം  ധന മന്ത്രി  കെ.എൻ. ബാലഗോപാലും ഓർക്കണം.

 

  അച്യുതാനന്ദൻ സർക്കാർ   വരുത്തിയ പെൻഷൻ കുടിശ്ശിക

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,   2021 ൽ  സാമൂഹ്യക് സുരക്ഷാ പെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരിന്റെ വലിയ നേട്ടമായാണ്  കോടിക്കണക്കിനു രൂപ ചെലവാക്കി  പരസ്യങ്ങളിലൂടെ   പ്രചരിപ്പിച്ചത് . യു ഡി എഫ്  സർക്കാർ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന രീതിയിലായിരുന്നു   ഇവർ പ്രചാരണം നടത്തിയത് .   എന്നാൽ യാഥാർഥ്യം എന്താണ്?  2006 -2011  ലെ അച്ചുതാനന്ദൻ  സർക്കാരിന്റെ കാലത്ത്  പെൻഷൻ തുക 250  രൂപയായിരുന്നു.  ആ സർക്കാരിന്റെ അവസാന വർഷത്തിൽ ജി.ഒ [എം എസ് ].38/ 2010 /സാ നീ വ  പ്രകാരം  50 രൂപ വർധിപ്പിച്ചു 300  രൂപയാക്കി. എന്നാൽ വർധിപ്പിച്ച തുകയിൽ ഒരു ഗഡുപോലും  കൊടുത്തുതീർക്കുന്നതിനു മുമ്പ്  തെരഞ്ഞെടുപ്പ് ഉണ്ടാവുകയും, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അച്യുതാനന്ദൻ സർക്കാർ അധികാരത്തിനു വെളിയിലാകുകയും ചെയ്തു.  50  രൂപ വർധിപ്പിക്കാൻ അച്ചുതാനന്ദൻ  സർക്കാർ എടുത്തത് അഞ്ചു വർഷമായിരുന്നു. അന്ന് പെൻഷൻ ലഭിച്ചിരുന്നത് 13.8    ലക്ഷം പേർക്ക് മാത്രമായിരുന്നു. മാത്രമല്ല , വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമായിട്ടായിരുന്നു പെൻഷനുകൾ വിതരണം ചെയ്തിരുന്നത്.  കുടിശ്ശികപോലും കൊടുത്തുതീർത്ത്  യു ഡി എഫ് സർക്കാരായിരുന്നു.

പെൻഷനുകൾ വർധിപ്പിച്ചതും, വിപുലീകരിച്ചതും യു  ഡി എഫ് 

  എന്നാൽ 2016 മേയ് മാസത്തിൽ   അധികാരത്തിലേറിയ  ഉമ്മൻ‌ചാണ്ടി സർക്കാർ  ആദ്യ വര്ഷം തന്നെ  സ.ഉ [എം എസ് ] 60/ 2011 /സാ  നീ വ പ്രകാരം എല്ലാ പെൻഷനുകളും 400  രൂപയായി വർധിപ്പിച്ചു.  80    വയസ്സിനു മുകളിലുള്ളവരുടെയും  75   ശതമാനത്തിലധികം അംഗവൈകല്യം  ഉള്ളവരുടെയും പെൻഷൻ 700  രൂപയായും  വർധിപ്പിച്ചു ഉത്തരവിറക്കി.  2012  ൽ  എല്ലാ പെൻഷനുകളും വർധിപ്പിച്ച കൂട്ടത്തിൽ ,  വീണ്ടും  ഈ പെൻഷനുകൾ  1100 രൂപയായും  മറ്റുള്ള പെൻഷനുകൾ 525  രൂപയായും  വർധിപ്പിക്കുകയും, ഇതിന്   2012  ഏപ്രിൽ  1 മുതൽ  പ്രാബല്യവും  നൽകി.

മറ്റൊരു പ്രധാന കാര്യം , 2014 ൽ സ.ഉ.[എം എസ് ] 52 / 2014 /സ നീ വ  പ്രകാരം പെന്ഷന് അപേക്ഷിക്കാനുള്ള  വരുമാന പരിധി ഒരു ലക്ഷം രൂപയായിഏകീകരിക്കുകയും,   ഇന്ദിരാ  ഗാന്ധി  ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ അർഹതക്കുള്ള പ്രായം 65 ൽ നിന്നും 60  വയസ്സായികുറക്കുകായും ചെയ്‌തു   .അതോടൊപ്പം മറ്റു ക്ഷേമനിധി ബോർഡ്‌കളിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ പെന്ഷന്  അർഹത വരുത്തി ഉത്തരവിറക്കി. 80  വയസ്സിനു മുകളിലുള്ളവർക്കും 75  ശതമാനത്തിലേറെ  വൈകല്യം ഉള്ളവർക്കും  പെൻഷൻ 1200   രൂപയായി വർധിപ്പിക്കുകയും ചെയ്തു.  അതുപോലെ വിധവ പെൻഷൻ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള ഗ്രാന്റ് എന്നിവ 800  രൂപയാക്കി. വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം പെൻഷനുകൾ    പോസ്റ്റ് ഓഫീസുകൾ മുഖേന  വിതരണം ചെയ്തിരുന്ന രീതി മാറ്റിയതോടൊപ്പം  , മണി ഓർഡർ കമ്മീഷൻ ഒഴിവാക്കി, 2015 ഏപ്രിൽ മാസം മുതൽ പെൻഷനുകൾ  ബാങ്കുകൾ മുഖേന വിതരണം ചെയ്യാനുള്ള നടപടിയുമെടുത്തു. 


ഉമ്മൻ ചാണ്ടി സർക്കാരിന്റെ 2016- .2017വർഷത്തെ ബജറ്റിൽ  പെൻഷനുകൾ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു.  2016  മാർച്ച് 1  നു ഇറക്കിയ  ജി ഒ [24/ 2016 /സാ  നീ വ  പ്രകാരം 75  വയസ്സിനു മുകളിലുള്ളവർക്ക്‌  വാർദ്ധക്യകാല പെൻഷൻ  1500 രൂപയുൾപ്പെടെ  അഞ്ചു സ്ലാബുകളിലായാണ് ക്ഷേമ    പെൻഷനുകൾ  വിതരണം ചെയ്തത്.  600 , 800 , 1000 , 1200 ,   1500  രൂപ എന്നിങ്ങനെയായിരുന്നു  ഈ സ്ലാബുകൾ.   വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കുകയും , വാർദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള പ്രായ പരിധി 65 ൽ നിന്നും 60  ആക്കുകയും ചെയ്തതോടെ   പതിനായിരക്കണക്കിന് ആളുകളാണ് പുതിയതായി  പെന്ഷന് അർഹരായത് . അവരിൽ പലർക്കും അവരുടെ രേഖകൾ ബാങ്കുകളിൽ ഹാജരാക്കാൻ സാധിക്കാതിരുന്നതിനാലും, ഹാജരാക്കിയവയിൽ പലതിനും  പോരായ്മകൾ ഉണ്ടായതുകൊണ്ടും,  കുറെ പേർക്ക്  കുടിശ്ശിക വന്നു. ഇക്കാര്യം  നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യം  നമ്പർ 371 ന്  അന്നത്തെ  ധനകാര്യ മന്ത്രി തോമസ് ഐസക് തന്നെ നിയമസഭയിൽ  വ്യക്തമാക്കിയിട്ടുണ്ട്.  അതിനു പുറമെ  രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതു മുന്നണി ഭരിച്ച പല തദ്ദേശ്ശ സ്ഥാപനങ്ങളും   മനഃപൂർവം കുടിശ്ശിക വരുത്തുകയും ചെയ്തു.  2016  ഫെബ്രുവരിയിൽ  ക്ഷേമ  പെൻഷനുകൾ വിതരണം ചെയ്യാനായി 246  കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിനു അനുവദിച്ചുകൊണ്ട് ഫെബ്രുവരി 20  നു ജി.ഓ [ആർ ടി ]1676/ 2016/ഫിൻ  എന്ന നമ്പറിൽ   ഉത്തരവ് ഇറക്കിയെങ്കിലും  തെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പിലാക്കാതിരിക്കാനായി ചിലർ ബോധപൂർവം ശ്രമിച്ചു.

എണ്ണം വർദ്ധിച്ചതിലെ  മാജിക്  

യു ഡി എഫ്   സർക്കാരിന്റെ കാലത്തു 34  ലക്ഷമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻകാരുടെ  എണ്ണം പിണറായി സർക്കാർ , 62 ലക്ഷം ആക്കിയെന്നാണ് മറ്റൊരു പ്രചാരണം. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 13.8   ലക്ഷം  പെന്ഷനർമാരുള്ളതിനെ 34  ലക്ഷമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ ആയിരുന്നു എന്നത് വിസ്മരിക്കരുത്. അന്ന് സാമൂഹ്യ സുരക്ഷാ പെന്ഷനും , ക്ഷേമനിധി പെൻഷനും  ഒരാൾക്ക് ഒരേ സമയം വാങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ചെയ്തത് ക്ഷേമനിധി പെൻഷനുകൾ എല്ലാം 1000  രൂപയായി എകികരിക്കുകയായിരുന്നു. അപ്പോൾ 1500  രൂപ പെൻഷൻ വാങ്ങിയ വയോജനങ്ങൾക്കു  കിട്ടികൊണ്ടിര്ന്ന 1500  രൂപ, ഏകീകരണത്തിലൂടെ 1000  രൂപയായി  മാറി. ചെപ്പടി വിദ്യ കാട്ടുന്ന ചില മന്ത്രികരെപ്പോലെ, വയോജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയായിരുന്നു അത്.. .  23.9.2020ലെ   സ.ഉ [97/ 20 /ധന ഉത്തരവനുസരിച്ചു  രണ്ടു പെൻഷൻ വാങ്ങാൻ അനുമതി പിണറായി സർക്കാർ  നിഷേധിച്ചു. അനുമതി നിഷേധിച്ചില്ലായിരുന്നെങ്കിൽ, വാർധക്യകാല  പെൻഷനായി 1600  രൂപ വാങ്ങുന്ന ആൾ  കർഷകത്തൊഴിലാളി ആണെങ്കിൽ  മറ്റൊരു 1600  രൂപകൂടി[മൊത്തം 3200  രൂപ] പെൻഷനായി വാങ്ങാമായിരുന്നു. അതാണ്  പിണറായി സർക്കാർ നിഷേധിച്ചത്.  അതോടെ ക്ഷേമനിധി ബോർഡുകളിൽ നിന്നും  ചെറിയ തുകയുടെ പെൻഷൻ വാങ്ങിയവർ സാമൂഹ്യ സുരക്ഷാ പെന്ഷനുകളിലേക്കു  വലിയ തോതിൽ മാറി. അങ്ങിനെയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കാരുടെ എണ്ണത്തിൽ  വർദ്ധനവ് ഉണ്ടായത് . ഇതുരണ്ടും കൂടി ഒന്നിച്ചു കൂട്ടിയാൽ   ഏകദേശം  ഇത്രയും  ആളുകൾ തന്നെയാണ് അന്നും  പെൻഷനുകൾ വാങ്ങിയിരുന്നതെന്നു കാണാം. 

ശ്രുതിതരംഗം, സ്നേഹപൂർവ്വം, സ്നേഹസ്പർശം, താലോലം, കാൻസർ സുരക്ഷാ, സ്നേഹസാന്ത്വനം, പകൽവീട്, വയോമിത്രം തുടങ്ങി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആരംഭിച്ചത് 2011-16 കാലഘട്ടത്തിലെ ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു. ഈ യാഥാർഥ്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട്  ചെയ്യാത്ത കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കാൻ ഡോ .തോമസ് ഐസക്കും മറ്റു സഖാക്കളും  ശ്രമിക്കുന്നത് തികച്ചും അപഹാസ്യമാണ്.


അഡ്വ.പി.എസ്‌ ,ശ്രീകുമാർ 

9495577700 

Thursday, 5 June 2025

 


   ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ  ബിജെപി യുടെ രാഷ്ട്രീയ മുതലെടുപ്പ് 

ഒരിക്കലും മറക്കാനാകാത്തതാണ്  ഏപ്രിൽ 22 ന്  കാശ്മീരിലെ  പഹൽഗാമിൽ  സംഭവിച്ചത്. കശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ രാജ്യത്തിൻറ്റെ  വിവിധ ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികളായി എത്തിയ  നിരപരാധികളായ  26  പേരുടെ ജീവനാണ്  അതിർത്തികടന്നെത്തിയ ഭീകരാക്രമണത്തിലൂടെ  നഷ്ടപ്പെട്ടത്. അതിനുള്ള  രാജ്യത്തിൻറ്റെ  പ്രതികരണമാണ്    ഓപ്പറേഷൻ സിന്ദൂർ (Operation Sindoor) ലൂടെ 2025 മേയ് 7-ന്  നമ്മുടെ സൈന്യം  പാകിസ്താന് നൽകിയത്. 

ലക്ഷ്യങ്ങൾ

പാകിസ്ഥാൻ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിച്ചുവരുന്ന  ജയ്‌ഷ്-എ-മൊഹമ്മദ്, ലഷ്കർ-എ-തോയ്ബ, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ,  പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും പാകിസ്താൻ അധീന കശ്മീരിലും (PoK) ഉള്ള ഒമ്പത് കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  ആക്രമിച്ചത് .  ബഹാവൽപൂർ (Bahawalpur), മുരിദ്കെ (Muridke), സിയാൽക്കോട്ട്  (Sialkot), മുസ്സ ഫറാബാദ് (Muzaffarabad), കോട്ട്ലി (Kotli) തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളാണ്  ഇന്ത്യൻ സൈന്യം  25  മിനിറ്റ് മാത്രം ഉണ്ടായിരുന്ന ഓപ്പറേഷനിലൂടെ  തരിപ്പണമാക്കിയത്.

 സാങ്കേതിക വിദ്യയുടെ പങ്ക്

ഓപ്പറേഷനിൽ ഇന്ത്യയുടെ ആഭ്യന്തരമായി വികസിപ്പിച്ച ആയുധങ്ങൾ പ്രധാന പങ്ക് വഹിച്ചു:ബ്രഹ്മോസ് (BrahMos) ക്രൂയിസ് മിസൈലുകൾ,അകാശ് (Akash) വ്യോമ പ്രതിരോധ മിസൈലുകൾ, റഫാൽ (Rafale) യുദ്ധവിമാനങ്ങൾ,  SCALP മിസൈലുകൾ, സ്കൈസ്ട്രൈക്കർ (SkyStriker) സ്വയം നശിപ്പിക്കുന്ന ഡ്രോണുകൾ എന്നിവയുടെ  സംയുക്ത ഉപയോഗമാണ്  പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സഹായിച്ചത് .ഡമ്മി ജെറ്റുകൾ ഉപയോഗിച്ച് പാകിസ്താന്റെ റഡാർ സംവിധാനങ്ങളെ  ജാം ചെയ്തതിനു പുറമേ , സാറ്റലൈറ്റ് നിരീക്ഷണവും മനുഷ്യബുദ്ധിവിവരവും (HUMINT) ഉപയോഗിച്ച് ലക്ഷ്യങ്ങൾ നിർണ്ണയിച്ചശേഷമാണ്  പാകിസ്താന്റെ സൈനിക താവളങ്ങളെ ഒഴിവാക്കി, ഭീകര താവളങ്ങളെ മാത്രം  നമ്മുടെ സൈന്യം ലക്ഷ്യമാക്കിയത്.

ഇന്ത്യയുടെ സൈനികമായ കരുത്തും പാകിസ്താൻ ഉപയോഗിച്ച ചൈനീസ് വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കനത്ത പരാജയവും ഓപ്പറേഷൻ സിന്ദൂർ ലോകത്തിനു കാട്ടിക്കൊടുത്തു. ഇന്ത്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളായ ആകാശും,  ആകാശ് തീറും പിനാക്കാ മിസൈലും ബ്രഹ്മോസ് മിസൈലുമൊക്കെ പ്രതിരോധ സാങ്കേതികവിദ്യയില്‍ ഭാരതത്തിന്റെ മേന്മ  ലോകത്തിനു കാട്ടിക്കൊടുത്തു. പുറമെ , രാജ്യത്തെ ഉപഗ്രഹരംഗത്തെ മികവും. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക്  അയച്ച  ഡ്രോണുകളെയും മിസൈലുകളെയും  അതിർത്തി കടക്കുംമുൻപ്   വെടിവച്ചിടാൻ ഇന്ത്യക്കു കഴിഞ്ഞു. അതേസമയം, ശത്രുരാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കാനും എല്ലാ മിസൈലുകളും ലക്ഷ്യത്തില്‍ പതിപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

 ഇന്ത്യയുടെ ആത്മാഭിമാനം പണയപ്പെടുത്തിയ  വെടിനിറുത്തൽ പ്രഖ്യാപനം 

ഓപ്പറേഷൻ സിന്ദൂർ,  ഇന്ത്യയുടെ സൈനിക ശേഷിയും തന്ത്രപരമായ കഴിവുകളും ലോകത്തിന് മുന്നിൽ തെളിയിച്ച ഒരു നിർണായക നടപടിയായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശൂന്യ സഹിഷ്ണുതാ നയത്തിന്റെ ഉദാഹരണമായും ഇത് മാറി.  നാല് ദിവസം നീണ്ടുനിന്ന  ഈ  സൈനിക നടപടിക്ക്  ജാതി, മത, രാഷ്ട്രീയ  ചിന്തകൾക്കതീതമായി   ഇന്ത്യയിലെ പ്രതിപക്ഷവും, ജനങ്ങളും  മോദി സർക്കാരിന്  പിന്തുണ പ്രഖ്യാപിക്കുകയും,  സർക്കാരിന് പിന്നിൽ അണിനിരക്കുകയും ചെയ്തു.  എന്നാൽ കേന്ദ്ര സർക്കാർ  പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുവാൻ തയ്യാറായില്ല. പ്രതിപക്ഷത്തോടുള്ള പ്രധാനമന്ത്രിയുടെ  പെരുമാറ്റം പോലും  മാന്യതയോടെയായിരുന്നില്ല.  സർക്കാർ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുവാനോ  പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുവാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് തികച്ചും ഖേദകരമാണ്.  മാത്രമല്ല, താൽക്കാലിക വെടിനിർത്തൽ ആദ്യം  അറിയിച്ചത്   അമേരിക്കൻ പ്രസിഡണ്ടായ   ഡൊണാൾഡ്   ട്രംപായിരുന്നു   എന്നത്  ഇന്ത്യൻ ജനത  തെല്ല്  ജാള്യതയോടെയാണ്    ശ്രവിച്ചത്.  അതിനുശേഷമാണ്  നമ്മുടെ സേനാവക്താക്കൾ  പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.  . മാത്രമല്ല, വെടിനിർത്തിയില്ലെങ്കില്‍ അമേരിക്കയുമായി വ്യാപാരം അനുവദിക്കില്ലെന്നു താൻ പറഞ്ഞെന്നും അത് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ മനസ്സിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥതയ്ക്കു തയ്യാറാണെന്നു ട്രംപ് പ്രഖ്യാപിച്ചതും ഇന്ത്യക്ക്  നാണക്കേടുണ്ടാക്കിയിരിക്കയാണ് .  ദക്ഷിണേഷ്യൻ മേഖലയിൽ  ചൈനീസ് സ്വാധീനം ചെറുക്കുന്നതില്‍ നിർണായകമായ പങ്കുവഹിക്കുന്ന  ഇന്ത്യയെ പാകിസ്താനുമായി സമീകരിച്ചത് രാജ്യത്ത് കടുത്ത നീരസം ഉണ്ടാക്കിയിട്ടുണ്ട്.

അമേരിക്കയുടെ നയതന്ത്രവിജയം എന്ന നിലയില്‍ ട്രംപ് നടത്തിയ വെടിനിർത്തല്‍ പ്രഖ്യാപനം തന്റെ മറ്റു പരാജയങ്ങള്‍ മറച്ചുവെക്കാനായിരുന്നുവെന്ന് കരുതപ്പെടുന്നു. അധികാരമേറ്റാല്‍ ഒരു മാസത്തിനകം റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിന് വിരാമമുണ്ടാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനം. മാസം നാലു തികയുമ്ബോള്‍ ഇരു രാജ്യങ്ങളെയും സമാധാന ചർച്ചയ്ക്കിരുത്താനായിട്ടില്ല. ഗാസയിലെ യുദ്ധവും അനന്തമായി നീളുകയാണ്. നിർണായകമായ വ്യാപാരചർച്ചകള്‍ നടക്കുന്നതിനിടെ ട്രംപ് നടത്തിയ ഈ പ്രസ്താവനകള്‍ ഇന്ത്യ  തള്ളിക്കളഞ്ഞുവെങ്കിലും പരസ്യവിമർശനത്തിന്  തയ്യാറായിട്ടില്ല. .


പക്ഷേ, അമേരിക്കയുടെ മധ്യസ്ഥതയെ തുടർന്നാണ് വെടിനിർത്തലുണ്ടായതെന്ന ട്രംപിന്റെ അവകാശം  ഇന്ത്യയ്ക്കകത്തും പുറത്തും വലിയതോതില്‍ ചർച്ചയായി. പതിറ്റാണ്ടുകളായി, ഇന്ത്യ മുന്നോട്ടു വച്ച നിലപാടിൽ നിന്നും വ്യത്യസ്ഥമായി ,  എന്തുകൊണ്ടാണ് ഇന്ത്യ-പാകിസ്താൻ വിഷയത്തില്‍ ഇടപെടാൻ ഒരു മൂന്നാംകക്ഷിയെ അനുവദിച്ചതെന്ന ചോദ്യമുയർന്നു. സാമ്ബത്തികത്തകർച്ചയെ നേരിടുന്ന, രാഷ്ട്രീയമായി അസ്ഥിരമായ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ  ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി  സമീകരിക്കുന്നത് (equate)  അപമാനകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ  ചൂണ്ടിക്കാട്ടുന്നു .  വെടിനിർത്തൽ നിലവിൽ വരുത്തുവാൻ  ട്രംപ് മധ്യസ്ഥത വഹിച്ചു എന്ന് അവകാശപ്പെടുന്നത് നിർഭാഗ്യകരമാണെന്നത്തിൽ സംശയമില്ല .  ഇന്ത്യയുടെ എതിർപ്പുപോലും അവഗണിച്ചു് ,  പാക്കിസ്താന്  ഐ.എം.എഫിൽ നിന്നും വായ്‌പ  നൽകുന്നതിന് മുൻകൈ എടുത്തത് അമേരിക്കയാണ്. അമേരിക്കയുടെ  ഇതുപോലെയുള്ള   അവസരവാദപരമായ   നടപടികൾക്ക്  പുറകിൽ അമേരിക്കയുടെ ഗൂഡലക്ഷ്യമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മത സ്പർദ്ധ വളർത്തുന്ന  ബിജെപി തന്ത്രങ്ങൾ 

ഓപ്പറേഷൻ സിന്ദൂർ  പോലും  സമൂഹത്തിൽ മതസ്പർദ്ധ  വളർത്താൻ ബിജെപി  ഉപയോഗിക്കുകയാണ്.  അതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് സൈനിക വക്താവായ കേണൽ സോഫിയ ഖുറേഷിക്കെതിരെ  മധ്യപ്രദേശ്  മന്ത്രിയായ വിജയ് ഷായുടെ അധിക്ഷേപകരമായ പരാമർശങ്ങൾ. ഇന്ത്യയുടെ വിജയം ആഘോഷിക്കാനായി  മധ്യപ്രദേശിൽ സംഘടിപ്പിച്ച  ഒരു മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടാണ്  പാകിസ്താനെതിരെ  "ഭീകരുടെ സഹോദരി" യെ ഉപയോഗിച്ച് തിരിച്ചടിച്ചു എന്ന് പറഞ്ഞുകൊണ്ട്  കേണൽ ഖുറേഷിയെ  അധിക്ഷേപിച്ചത്.  അധിക്ഷേപാര്ഹമായ പരാമർശം നടത്തിയ ഈ മന്ത്രിക്കെതിരെ  കേസ് എടുക്കാൻ സുപ്രീം കോടതി നിർദേശിച്ച ശേഷമാണ് അയാൾക്കെതിരെ മധ്യപ്രദേശ് പോലീസ് കേസ് എടുത്തത്.  എന്നിട്ടും,  വിദ്വെഷപരമായ പരാമർശം നടത്തിയ മന്ത്രി ഷായെ  മന്ത്രിസഭയിൽ നിന്നും പുറത്താക്കുന്നതിനു പകരം അയാളെ സംരക്ഷിക്കുന്ന നിലപാടാണ്  ബിജെപി കൈക്കൊണ്ടിട്ടുള്ളത്.  ഇതിന്റെ തുടർച്ചയായാണ്  മധ്യപ്രദേശിലെ  ഉപമുഖ്യ  മന്ത്രി   ജഗദിഷ് ദേവ്‌ദാ  രാജ്യവും സൈന്യവും മോദിയുടെ  കാൽപ്പാദങ്ങളിൽ  സാഷ്ടാംഗം വണങ്ങണമെന്നു  പ്രസംഗിച്ചത്. ഇതൊക്കെ കാണിക്കുന്നത്  ഓപ്പറേഷൻ സിന്ദൂറിൻറ്റെ  പേരിൽ   സാമുദായിക സ്പർധ വളർത്തി  രാഷ്ട്രീയ മുതലെടുപ്പിന്  ശ്രമിക്കുന്ന ബിജെപി യുടെ   കുടില തന്ത്രങ്ങളാണ്.

ജനാധിപത്യത്തിന് വിലകല്പിക്കാത്ത മോദി സർക്കാർ 

പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റൊരു ആവശ്യം ഏപ്രിൽ 22 ന്  പഹൽഗാമിൽ ഉണ്ടായ   സുരക്ഷാവീഴ്‌ചയും , ഓപ്പറേഷൻ സിന്ദൂർ  സംബന്ധിച്ച  വിശദ  വിവരങ്ങളും  പ്രതിപക്ഷവുമായി സംസാരിക്കണമെന്നതാണ്.   ഇന്ത്യ-ചൈന യുദ്ധം നടന്ന 1962 ൽ അന്നത്തെ പ്രതിപക്ഷം  ആവശ്യപ്പെട്ടതനുസരിച്ചു  പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പ്രത്യേക പാർലമെൻറ്  സമ്മേളനം വിളിച്ചുകൂട്ടി  യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു.  ഇന്ത്യക്കെതിരെയുള്ള ചൈനയുടെ   സൈനിക കടന്നുകയറ്റം ആരംഭിച്ചത്  1962  ഒക്ടോബർ  20  മുതൽ നവംബർ  20 വരെയായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന  ജനസംഘത്തിന്റെ  വിരലിൽ എണ്ണാവുന്ന  അംഗങ്ങളിൽ  ഒരാളായിരുന്ന    എ.ബി. വാജ്പേയി ഉൾപ്പെടെയുള്ളവരുടെ  അഭ്യർത്ഥന മാനിച്ചാണ്  1962  നവംബർ  14 ന്   പാർലമെൻറ്റിൻറ്റെ  പ്രത്യേക സമ്മേളനം നെഹ്‌റു വിളിച്ചു ചേർത്തത് . യുദ്ധം നടക്കുന്നതിനിടയിലായിരുന്നു   സമ്മേളനം നടന്നത് എന്നതാണ്‌  അതിൻറ്റെ  പ്രത്യേകത. ജനാധിപത്യ വിശ്വാസിയായിരുന്ന നെഹ്‌റു  പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോൾ തന്നെ  സമ്മേളനം വിളിച്ചു കൂട്ടി സർക്കാരിന്റെ വീഴ്ചയുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ യാതൊരു  മടിയും കാണിച്ചില്ല.  എന്നാൽ മോദി  സർക്കാർ  ഈ പ്രശ്നങ്ങൾ ഒന്നും  പാർലമെണ്റ്റിൽ  ചർച്ചചെയ്യാൻ തയ്യാറാകുന്നില്ല. ജനാധിപത്യത്തോടും, ജനാധിപത്യ സംവിധാനങ്ങളോടുമുള്ള ബിജെപി യുടെയും, പ്രധാനമന്ത്രി മോദിയുടെയും അവജ്ഞാപരമായ  നിലപാടിൻറ്റെ  വ്യക്തമായ സൂചനയാണിത്.

അഡ്വ.പി.എസ്‌ .ശ്രീകുമാർ 


Thursday, 15 May 2025

                      സ്വാതന്ത്ര്യം സ്വപ്നം കാണുന്ന ബലൂചികൾ 

 പതിറ്റാണ്ടുകളായി  ഒരു നെരിപ്പോടുപോലെ  പാകിസ്താൻറ്റെ  മണ്ണിൽ പുകഞ്ഞുകൊണ്ടിരുന്ന  ബലൂചിസ്ഥാൻ പ്രശ്നം ഇന്ന് പൊട്ടിത്തെറിച്ചു ലാവപോലെ  ഒഴുകാൻ ആരംഭിച്ചിരിക്കുന്നു എന്നാണ്  പാകിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബലൂചിസ്ഥാൻ ലിബറേഷൻ  ആർമിയുടെ (BLA)  അവകാശവാദത്തിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്ത്യ-പാകിസ്ഥാൻ വിഭജന കാലഘട്ടം മുതൽ തുടങ്ങിയ  പ്രശ്നങ്ങളാണ്  ഒരു പൊട്ടിത്തെറിയിൽ എത്തിനിൽക്കുന്നത്.  പാകിസ്താനിലെ ഏറ്റവും ദീർഘകാലമായി നിലനിൽക്കുന്ന  രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് ബലൂചിസ്ഥാനിലെ അസ്വസ്ഥതകൾ.  

ഭൂപ്രദേശത്തിന്റെ സമ്പത്ത്, രാഷ്ട്രീയ അവഗണന, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ്  പതിറ്റാണ്ടുകളായി  ഇവിടെ നിലനിൽക്കുന്ന  അസ്വസ്ഥത .

സ്വതന്ത്ര രാജ്യമായിരുന്നു കലാട്ട് 

           ഇന്ത്യ-പാകിസ്ഥാൻ  വിഭജനകാലത്ത്  നാട്ടു രാജ്യങ്ങളായിരുന്നു  ബലൂചിസ്ഥാൻ മേഖലയിലെ കലാട്ട്.  ഖറാൻ , ലാസ്‌ബേല, മകരാൻ  എന്നിവ. ഇന്ത്യയോടും, പാകിസ്താനോടും ചേരാതെ സ്വതന്ത്രമായി നിൽക്കാനായിരുന്നു  ഈ നാട്ടുരാജ്യങ്ങൾ തീരുമാനിച്ചത്. എന്നാൽ കലാട്ട്  ഒഴിച്ചുള്ള ബലൂചിസ്ഥാൻ മേഖലയിലെ  മറ്റു മൂന്ന്  നാട്ടുരാജ്യങ്ങളും, മുഹമ്മദാലി ജിന്നയുടെ  സമ്മർദത്തെ തുടർന്ന്  പാകിസ്ഥാനിൽ ചേർന്നു .  എന്നാൽ  കാലാട്ടിലെ രാജാവ് ഖാൻ മീർ  അഹമ്മദ് യാർഖാൻ ഇതിനെ എതിർക്കുകയും, സ്വാതന്ത്രരാജ്യമായി നില്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ജിന്നയും  ഈ തീരുമാനം അംഗീകരിച്ചു.  1947  ഓഗസ്റ്റ് 15 ന്  കലാട്ട്   സ്വതന്ത്ര രാജ്യമായി ഖാൻ പ്രഖ്യാപിക്കുകയും, പ്രത്യേകം പാർലമെന്റ് രൂപീകരിക്കുകയും ചെയ്തു. കലാട്ട്  രാജാവിന് നൽകിയ വാഗ്‌ദാനങ്ങൾ  കാറ്റിൽ പരത്തിയ ജിന്ന പാകിസ്ഥാൻ പട്ടാളത്തെ വിട്ട്  1948 ഏപ്രിൽ 1 നു കാലാട്ടിനെയും ബലാൽക്കാരമായി പാകിസ്ഥാനിൽ ലയിപ്പിച്ചു.

           കലാട്ടിനെ  പാകിസ്താനിൽ    ലയിപ്പിച്ചതിന്  പിന്നാലെ, പ്രാദേശിക നേതാക്കളും ജനതയും പ്രതിഷേധം ആരംഭിച്ചു.  നാട്ടുരാജ്യങ്ങളുടെ അധികാരങ്ങൾ  ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി  "ഒരു യൂണിറ്റ്" എന്ന പദ്ധതിയും പാകിസ്ഥാൻ നടപ്പാക്കി. "ഒരു യൂണിറ്റ് " പദ്ധതി പിൻവലിച്ചു സ്വതന്ത്ര രാജ്യമാക്കണമെന്ന്  പ്രഖ്യാപിച്ചുകൊണ്ട് ,  പ്രിൻസ് അബ്ദുൽ കരീം, നവാബ് നൗറോസ് ഖാൻ, ഷെർ മുഹമ്മദ് മറി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സായുധ സമരങ്ങൾക്ക് നേതൃത്വം നൽകി.   1958 ലും, 1961 ലും, 1971 ലും ഉൾപ്പെടെ നിരവധി ആഭ്യന്തര  കലാപങ്ങൾ ബലൂചികൾ  പാകിസ്താനെതിരെ നടത്തിയെങ്കിലും, അവയെല്ലാം പാകിസ്ഥാൻ സൈന്യം അതിക്രൂരമായി  അടിച്ചമർത്തി. 2006 -ൽ ബലൂച് സ്വാതന്ത്ര്യപ്രസ്ഥാന നേതാവായിരുന്ന  നവാബ് അക്ബർ ബുഗ്തിയുടെ കൊലപാതകത്തിന് ശേഷം, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള സംഘടനകൾ സായുധ സമരങ്ങൾ ശക്തമാക്കി. 2025-ൽ, BLA പാകിസ്താനിൽ 71 ആക്രമണങ്ങൾ നടത്തിയതായി പ്രഖ്യാപിച്ചു. 

 അവഗണയുടെ നെല്ലിപ്പലക കണ്ട ബലൂചികൾ 


മരുഭൂമിക്ക് സമാനമായ രീതിയിൽ  വരണ്ട ഭൂപ്രകൃതിയാണ്  ബലൂചിസ്ഥാനിലേത്. , പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായും ഏറ്റവും കുറച്ച് വികസിതമായ പ്രദേശമായും അറിയപ്പെടുന്നു.  ആ രാജ്യത്തിൻറ്റെ  വിസ്‌തൃതിയുടെ  ഏകദേശം 44  ശതമാനം വരും ബലൂചിസ്ഥാൻ പ്രവിശ്യ.എന്നാൽ ജനസംഖ്യ  നാലുപ്രവശ്യകളിലെ ഏറ്റവും കുറവും. 13 ദശലക്ഷം  മാത്രമാണ്   അവിടത്തെ  ജനസംഖ്യ.  അതായത്   മൊത്തം പാക് ജനസംഖ്യയുടെ 5 ശതമാനം മാത്രം. പ്രകൃതിവാതകവും , കൽക്കരി ഉൾപ്പെടെയുള്ള പ്രകൃതിസമ്പത്തുക്കളാൽ  സമ്പന്നമാണ് ഈ പ്രദേശം. പക്ഷെ ജനങ്ങളുടെ  വരുമാനസ്രോതസ് കൃഷി, കാലിവളർത്തൽ, മത്സ്യബന്ധനം ക്ഷീരമേഖല എന്നിവയാണ്. ഇവിടത്തെ ധാതുസമ്പത്തുക്കൾ ഉപയോഗിച്ചാണ് പാകിസ്താനിലെ ഇതര പ്രവിശ്യകളിൽ വ്യവസായം നടത്തുന്നത്. ഇതൊന്നും ഈ പ്രവിശ്യയുടെ വികസനത്തിന്  പാക് സർക്കാർ ഉപയോഗിക്കുന്നില്ല. അങ്ങിനെ ഏറ്റവും അവഗണിക്കപ്പെട്ട പ്രദേശമാണ് ബലൂചിസ്ഥാൻ. 85 ബില്യൺ അമേരിക്കൻ ഡോളറാണ് ഈ പ്രദേശത്തെ ജിഡിപി . ഇത് പാകിസ്താന്റെ മൊത്തം ജിഡിപി യുടെ 3.7 ശതമാനം വരും.എന്നാൽ പ്രതിശീർഷവരുമാനം  വെറും 710 അമേരിക്കൻ ഡോളർ(PKR 178000) മാത്രമാണ്. 2001 ൽ  ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ  എണ്ണം  48 ശതമാനമായിരുന്നത്  2017 ൽ 58 ശതമാനമായി വർധിച്ചു.  ബലൂചികളോടുള്ള പാകിസ്താൻറ്റെ   ഈ അവഗണയാണ്  അവർക്കു ഒട്ടും സഹിക്കാൻ  പറ്റാത്തത് .

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി 


ഇന്ത്യയുടെ പരമാധികാരത്തെ  മാനിക്കാതെ  പാകിസ്ഥാൻ കയ്യടക്കിവച്ചിരിക്കുന്ന കാശ്മീരിലൂടെ കടന്നുപോകുന്നു എന്നതിനാലാണ്  ചൈനയുടെ OBOR(One Belt One Road)  പദ്ധതിയിൽ ഇന്ത്യ ചേരാതിരുന്നത് .  ഈ  പദ്ധതിയുടെ  ഭാഗമായുള്ള   ചൈനയിലെ സിൻജിയാങ് പ്രവശ്യയെയും,   ബലൂചിസ്ഥാനിലെ  ഗ്വാദർ  തുറമുഖത്തെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേക്കും, ഗ്വാദർ തുറമുഖത്തിനും വേണ്ടി ചൈന മുടക്കുന്നത്  62 ബില്യൺ അമേരിക്കൻ ഡോളറാണ്.   പദ്ധതിയുടെ ഏറ്റവും വലിയ ഉപഭോക്താവും ചൈനയാണ്.  എന്നാൽ ബലൂചിസ്ഥാന്റെ വികസനത്തിന് വേണ്ടി  OBOR പദ്ധതിയിൽ ഒന്നുമില്ലെന്ന്‌ മാത്രമല്ല,  ബലൂചിസ്ഥാൻറ്റെ  ധാതുസമ്പത്   കൊള്ളയടിച്ചാണ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് എന്ന കാരണത്താൽ ബലൂച് ജനത  ഇതിനെതിരാണ്.   ഈ പദ്ധതിയുടെ നിർമാണത്തിനു തടസ്സമുണ്ടാക്കുവാനായി   ബലൂച് ജനത അട്ടിമറി ശ്രമങ്ങളും സ്ഫോടനങ്ങളും നടത്തി.  ഇതിൻറ്റെ  ഭാഗമായി  നിർമ്മിച്ച ന്യൂ ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം,  വിമാനയാത്രക്കാരില്ലാതെ   പ്രവർത്തനരഹിതമായി തുടരുന്നു. പ്രദേശവാസികൾക്ക്  വികസന പദ്ധതികളിൽ നിന്ന് യാതൊരു നേട്ടവും ലഭിക്കുന്നില്ല .

ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ 

ബലൂചിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമാണ്. പ്രതിഷേധകക്കാരെ  കസ്റ്റഡിയിലെടുത്തു    പീഡിപ്പിക്കുന്നതു   നിത്യസംഭവമാണ്. അതുപോലെതന്നെയാണ്  കസ്റ്റഡിയിൽ എടുത്ത പലരെയും  പിന്നെ  കാണാതാകുന്നതും.  2000 ൽ ബലൂച് ലിബറേഷൻ ആർമി രൂപീകരിക്കപ്പെട്ടശേഷം മാത്രം 16000 ൽ പരം ബലൂചികളെ പാകിസ്ഥാൻ പട്ടാളം കൊലപ്പെടുത്തിയിട്ടുണ്ട്. പൈശാചികതയുടെ പ്രതീകമായ   പാകിസ്ഥാൻ  പട്ടാളത്തിനെതിരെ ഇവർ ആയുധമെടുത്തുള്ള പോരാട്ടമാണ് നടത്തുന്നത്. ബി എൽ എ യെ അമേരിക്കയും, ചൈനയു, പാകിസ്ഥാനും ഭീകരവാദി സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ അതിനു തയ്യാറാകാത്തതുകൊണ്ടാണ്,  അവിടത്തെ വിഘടന വാദത്തിന്  ഇന്ത്യ സഹായിക്കുന്നു എന്ന് പാകിസ്ഥാൻ  ആരോപിക്കുന്നത്.  ഏതാനും മാസങ്ങൾക്കു മുമ്പ് ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിൽ നിന്നും,  പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിൻ ബി എൽ എ ആക്രമിച്ചു തട്ടിയെടുത്തു. ഒടുവിൽ പാക് പട്ടാളം എത്തിയാണ് 354  യാത്രക്കാരെ മോചിപ്പിച്ചത്.  അന്നുണ്ടായ ഏറ്റുമുട്ടലിൽ 31  പേര് കൊല്ലപ്പെട്ടു.  

ജാഫർ  ട്രെയിൻ തട്ടിയെടുത്തതോടെ ബലൂചിസ്ഥാൻ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു എന്നത് വാസ്തവമാണ് . ഇന്ത്യൻ  യൂട്യൂബർ  നിതീഷ് രാജ്പുത് ബലൂചിസ്ഥാനെക്കുറിച്ചുള്ള വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം പാകിസ്താനിൽ നിരോധിക്കപ്പെട്ടു .  ലോക്കമെങ്ങുമുള്ള ലക്ഷങ്ങളാണ്  ഇത് കണ്ടത്.

ബലൂചിസ്ഥാൻ മോചനം അകലെയോ?

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി  സ്വതന്ത്ര ബലൂചിസ്ഥാൻ പ്രഖ്യാപിക്കുക മാത്രമല്ല, അംഗീകാരത്തിനായി ഐക്യ രാഷ്ട്ര സഭയോടും ഇന്ത്യയോടും അഭ്യർത്ഥിച്ചിട്ടുമുണ്ട്. എന്നാൽ  നിലവിലെ സാഹചര്യത്തിൽ  സ്വതന്ത്ര ബലൂചിസ്ഥാൻ  എന്ന  രാജ്യത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകാരം നൽകാനുള്ള സാധ്യത ഇല്ല. കുറെ നാളുകൾ കൂടി  ബി എൽ എ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടിവരും. ഇത് പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ഇടപെടലും ആവശ്യമാണ്  

അഡ്വ.പി.എസ്‌.ശ്രീകുമാർ  

Tuesday, 29 April 2025

 

                                       യാഥാർഥ്യമാകുന്ന  സ്വപ്‌നം 


വിഴിഞ്ഞതിൻറ്റെ  പ്രശസ്തിക്ക്  ആയ്  വംശത്തോളം പഴക്കമുണ്ടെന്നാണ്  "തിരുവനന്തപുരത്തിന്റെ ഇതിഹാസം" എന്ന ഗ്രന്ഥത്തിൽ പട്ടം ജി.രാമചന്ദ്രൻ നായർ പറഞ്ഞിട്ടുള്ളത്. അഞ്ചാം നൂറ്റാണ്ടുവരെ ആയ്  രാജവംശത്തിന്റെ തലസ്ഥാനം ഇന്ന് കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ആയിക്കുടിയായിരുന്നു.  പിന്നീടാണ് രാജധാനിയും, സൈനിക കേന്ദ്രവും തുറമുഖപട്ടണമായി മാറിയ വിഴിഞ്ഞത്തേക്ക് മാറ്റിയത്.  കൂറ്റൻ മണിമന്ദിരങ്ങൾ, രാജകീയ പ്രഭാവം വിളംബരം ചെയ്യുന്ന കൊട്ടാരക്കെട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സൈനികത്താവളങ്ങൾ എന്നിവയെല്ലാം അക്കാലത്തു വിഴിഞ്ഞത്ത്  ഉണ്ടായിരുന്നു. പാണ്ട്യ - ചോള രാജാക്കന്മാരുടെ തുടരെ,  തുടരെയുണ്ടായ ആക്രമണങ്ങൾ  മൂലം വിഴിഞ്ഞത്തിന്റെ പ്രഭാവം ക്രമേണ അസ്തമിച്ചു. രാജാ  കേശവദാസൻറ്റെ  കാലഘട്ടത്തിൽ  വിഴിഞ്ഞം വീണ്ടും വാണിജ്യ തലസ്ഥാനമായി മാറിയെങ്കിലും, കാലത്തിന്റെ വേഗപ്പാച്ചിലിൽ  പ്രഭാവം വീണ്ടും  നഷ്ടപ്പെട്ടു . പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവിൻറ്റെ  രാജഭരണ കാലത്തു  ദിവാനായിരുന്ന സർ സി.പി  വിഴിഞ്ഞത്തിന്റെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തിന്റെ തന്ത്രപ്രാധാന്യം  മനസ്സിലാക്കിയ  സർ സി..പി,  വെള്ളായണി കായലുമായി ബന്ധപ്പെടുത്തി  തുറമുഖം വികസിപ്പിക്കാനുള്ള വൻ പദ്ധതി വിഭാവനം ചെയ്തു.  സർ സി.പി. തിരുവിതാംകൂർ വിടാൻ നിർബന്ധിതനാവുകയും, ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്‌തതോടെ  വിഴിഞ്ഞം വികസന പദ്ധതി  വിസ്‌മൃതിയിലായി.  

ആദ്യ കരുക്കൾ നീക്കി എം.വി.ആർ 

വര്ഷങ്ങള്ക്കുശേഷം, 1991 ലെ കരുണാകരൻ സർക്കാരിന്റെ കാലത്തു തുറമുഖ  മന്ത്രിയായിരുന്ന എം.വി. രാഘവനാണ്  വിഴിഞ്ഞം തുറമുഖ  പദ്ധതിക്ക് ജീവൻ വയ്പ്പിച്ചത്. കേരളത്തിൽ ആദ്യമായി തുറമുഖ നയത്തിന്  രൂപം നൽകിയ അദ്ദേഹം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ,  1995  ഒക്‌ടോബറിൽ  ഹെദരാബാദിലെ കുമാർ ഗ്രൂപ്പുമായി  ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ 1996 ൽ സർക്കാർ മാറിയതോടെ  ഈ പദ്ധതി ശീതികരണപെട്ടിയിലായി. 2001 ൽ അദ്ദേഹം വീണ്ടും മന്ത്രിയായപ്പോൾ  അന്നത്തെ ചീഫ് സെക്രട്ടറി ബാബു ജേക്കബ്, തുറമുഖ  കാര്യ ഉപദേശകൻ  പി. ജയകുമാർ  എന്നിവർക്കൊപ്പം  ലോകത്തെ പ്രധാന തുറമുഖ നഗരങ്ങളിൽ  പര്യടനം നടത്തി നിക്ഷേപകരെ ക്ഷണിച്ചു. അതേത്തുടർന്നാണ്  വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട് ലിമിറ്റഡ്  (VSIL)  രൂപീകരിചത്.   തുടർന്ന് നടത്തിയ ടെണ്ടറിൽ 12  കമ്പനികൾ ടെൻഡർ നൽകി. ചൈന സർക്കാറിന്റെ  കമ്പനി ഉൾപ്പെടുന്ന കൺസോർഷ്യത്തിനു കരാർ  നല്കാൻ തീരുമാനമായെങ്കിലും,  അദ്ദേഹം ഭരണത്തിൽ നിന്നും മാറുന്നതുവരെ സാങ്കേതികയുടെ  പ്രതിബന്ധത്തിൽ തട്ടിക്കിടന്നു. 2010 ലെ വി.എസ്  സർക്കാർ  ടെൻഡർ വിളിച്ചെങ്കിലും, അതിൽ അവസാനമെത്തിയ വെൽസ്‌പൻ കൺസോർഷ്യത്തിന്  സർക്കാർ അംഗീകാരം നൽകിയില്ല.  തുറമുഖത്തിന് വീണ്ടും ജീവൻ വച്ചതു ഉമ്മൻചാണ്ടി സർക്കാർ 2012ൽ  അധികാരത്തിൽ വന്നശേഷമാണ്.    ഉമ്മൻചാണ്ടി സർക്കാർ  നിയോഗിച്ച സാങ്കേതിക ഉപദേഷ്ടാക്കൾ  തയ്യാറാക്കിയ രൂപരേഖ പ്രകാരം പദ്ധതിയിൽ കാര്യമായ മാറ്റം വരുത്തി. വലിയ കപ്പലുകൾ തുറമുഖത്തു എത്തുന്ന രീതിയിൽ രൂപരേഖ നവീകരിച്ചു. 2013  ഡിസംബറിൽ ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും, ഉദ്ദേശിച്ച രീതിയിൽ വൻകിട കമ്പനികളുടെ  സഹകരണം ഉണ്ടായില്ല. തുടർന്നാണ് 2014 ൽ പൊതു - സ്വകാര്യ - സംരംഭം എന്ന ആശയത്തിലേക്ക്,  അന്നത്തെ പ്ലാനിംഗ് കമ്മീഷൻ ഉപദേശകനായിരുന്ന ഗജേന്ദ്ര ഹാൽദിയയുടെ  ശുപാർശപ്രകാരം ,   പദ്ധതിയിൽ   മാറ്റം വരുത്തിയത്.  ഇതുപ്രകാരം, തുറമുഖത്തിന്റെ ഉടമസ്ഥാവകാശം  സംസ്ഥാന സർക്കാരിൽ  നിക്ഷിപ്‌തമായിരിക്കും , എന്നാൽ അത് നിർമിച്ചു  ദീർഘകാല വ്യവസ്ഥയിൽ,   പ്രവർത്തനം നടത്തുന്നത്  ടെൻഡർ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്പനിയായിരിക്കും.  രൂപരേഖയിൽ വന്ന ഈ മാറ്റത്തോടെയാണ് വിഴിഞ്ഞത്തിന്റെ തലവര മാറിയത്.  

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ 

2015 ൽ  പരിസ്ഥിതി  അനുമതി ഉൾപ്പെടെ  എല്ലാ  അനുമതികളും  വാങ്ങിയെടുത്തശേഷമാണ്,     മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെയും, അദാനി പോർട്ട് കമ്പനി ചെയർമാൻ ഗൗതം അദാനിയുടെയും  സാന്നിധ്യത്തിൽ   തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന ജെയിംസ് വർഗീസും,     അദാനി പോർട്ടിൻറ്റെ   സി.ഇ.ഒ  ആയിരുന്ന സന്തോഷ് കുമാർ മഹോപത്രയും     2015  ഓഗസ്റ്റ് 17 ന്   പ്രൗഢഗംഭീരമായ   സെക്രട്ടേറിയറ്റ്  ഡർബാർ ഹാളിൽ വച്ച്  കരാറിൽ ഒപ്പുവച്ചത്.    7525  കോടി രൂപയാണ്   ഈ  പദ്ധതിക്കായി  അന്ന്  കണക്കാക്കിയ  നിർമാണ  ചെലവ്.  .  അതിൽ  2800  കോടി  രൂപയാണ്  അദാനി ഗ്രൂപ്പിൻറ്റെ   മുതൽമുടക്ക്.  വയബിലിറ്റി  ഗാപ് ഫണ്ട് ആയി കേന്ദ്ര സർക്കാർ 800  കോടി രൂപ വാഗ്‌ദാനം  ചെയ്തു.   206.89  ഏക്കർ ഭൂമി  സർക്കാർ ഏറ്റെടുത്തു  നൽകി.  524   കോടി  രൂപയാണ്  ഭൂമി വാങ്ങാൻ  സർക്കാർ  2015  ൽ  ചെലവഴിച്ചത്.  കടൽ  നികത്തി  എടുക്കുന്ന  131 ഏക്കർ  അടക്കം  ഭൂമിയുടെയും   തുറമുഖത്തിൻറ്റെയും   ഉടമസ്ഥാവകാശം  സംസ്ഥാന  സർക്കാരിന്  ആയിരിക്കുമെന്നും  കരാറിൽ  പ്രത്യേകം  എഴുതി ചേർത്ത്  സംസ്ഥാന താത്പര്യം   ഉമ്മൻചാണ്ടി സർക്കാർ  ഉറപ്പിച്ചു.   മത്സ്യ തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതിയും അംഗീകരിച്ചു നടപ്പാക്കി.  പക്ഷേ,  ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാണ്  അന്നത്തെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി  പിണറായി വിജയൻ   6000  കോടി  രൂപയുടെ അഴിമതിയാണ്    ഉമ്മൻചാണ്ടി സർക്കാർ  നടത്തിയതെന്ന് ആരോപിച്ചത്.  

1000   ദിവസം  കൊണ്ട്  പദ്ധതി  പൂർത്തിയാക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്  പദ്ധതിയുടെ ഔദ്യോഗിക  ഉദ്‌ഘാടനം നടത്തിയത്  2015 ലെ  കേരളപ്പിറവി  ദിനമായ   നവംബർ  1 ന്    ആയിരുന്നു.  അതനുസരിച്ചു  2019  ഡിസംബറിൽ    പദ്ധതി  പൂർണമായി  പൂർത്തിയാക്കാനാണ്  സർക്കാർ  ഉദ്ദേശിച്ചിരുന്നത്.  എന്നാൽ,  2016  ലെ  തെരഞ്ഞെടുപ്പിൽ  അധികാരത്തിലേറിയ  പിണറായി  വിജയൻറ്റെ  നേതൃത്വത്തിലുള്ള  സർക്കാർ,   പദ്ധതിക്കെതിരെ  അവർ  മുമ്പ് ഉന്നയിച്ച   അഴിമതി  ആരോപണങ്ങളെ ക്കുറിച്ചു  വിജിലൻസ്  അന്വേഷണം നടത്താനാണ്   ഉത്തരവിട്ടത്.    ഒരഴിമതിയും നടന്നിട്ടില്ലെന്ന്   വിജിലൻസ്  അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു .  അടിസ്ഥാനമില്ലാത്ത അഴിമതി ആരോപണത്തിന് തെളിവൊന്നും ലഭിക്കാതായതോടെ,  ഒരു ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു.       ജസ്റ്റിസ്  രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ  ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ വച്ചു.  .   വിശദമായ  അന്വേഷണത്തിനു ശേഷം  വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ  യാതൊരു വിധ  അഴിമതിയും  നടന്നിട്ടില്ലെന്ന്  അന്വേഷണ  കമ്മീഷൻ  റിപ്പോർട്ട്  നൽകി. പിണറായി സർക്കാർ    ഏർപ്പെടുത്തിയ   എല്ലാ  അന്വേഷണങ്ങളെയും തുറന്ന മനസ്സോടെ നേരിട്ട് അഗ്നിശുദ്ധി വരുത്തി  തൻറ്റെ   നിഷ്കളങ്കതയും, വിശുദ്ധിയും തെളിയിച്ച ശേഷമാണ് ഉമ്മൻ‌ചാണ്ടി  ഈ ലോകത്തോട് വിടപറഞ്ഞത്.  

വിഴിഞ്ഞത്തിന്റെ പ്രത്യേകതകൾ    

75166  കിലോമീറ്റര് തീരപ്രദേശമുള്ള ഇന്ത്യയിൽ  229  തുറമുഖങ്ങളാണുള്ളത്. അവയിൽ മുംബൈയും, കൊച്ചിയുമുൾപ്പെടെ 13  മേജർ തുറമുഖങ്ങൾ നമുക്കുണ്ട്.  എന്നാൽ  അന്തർദേശിയ കപ്പൽ ചാനലിനോട്  അടുത്തുള്ള  ഒരു ട്രാൻസ് ഷിപ്മെന്റ് ഡീപ് പോർട്ട് നമുക്കില്ല. .  അതിനാലാണ് ഇന്ത്യയിലേക്ക്  മദർഷിപ്  വഴിയുള്ള ചരക്കു ഗതാഗതത്തിന്   കൊളംബോ, ദുബായ്,  സലാല, സിങ്കപ്പൂർ  തുടങ്ങിയ   വൻകിട തുറമുഖങ്ങളെ  നമ്മൾ ആശ്രയിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് പോലും പ്രകൃതിദത്ത ആഴം 16.5 മീറ്റർ മാത്രമേയുള്ളു.  അന്തർദേശിയ കപ്പൽ പാതയിലേക്ക് വിഴിഞ്ഞത്തുനിന്നും,  ഒരു നോട്ടിക്കൽ മൈൽ മാത്രമേ അകലമുള്ളൂ.  ഇവിടെയാണ് വിഴിഞ്ഞത്തിന്റെ പ്രസക്തി.  ഡ്രെഡ്ജിങ് ഇല്ലാതെതന്നെ വിഴിഞ്ഞം  തുറമുഖത്തിന്   20 മീറ്റർ ആഴമുണ്ട്.  അതിനാൽ ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ  കണ്ടൈനർ  കപ്പലിനുപോലും  അനായാസേന  വിഴിഞ്ഞത്ത്  എത്തി കണ്ടൈനറുകൾ കയറ്റി ഇറക്കുവാൻ സാധിക്കുന്നു.  ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ  ആയ MSC Turkiye  എന്ന മദർ ഷിപ് ഏതാനും മാസങ്ങൾക്കു മുമ്പ് വിഴിഞ്ഞത്തുവന്ന്  കണ്ടൈനറുകൾ ഇറക്കിയിരുന്നു.  ഈ കപ്പലിന്റെ TEU (Twenty Foot Equivalent)  24346 ആണ്. അതോടെ ഇക്കാര്യത്തിൽ ചിലർക്കുണ്ടായിരുന്ന ആശങ്കകളും മാറി. 

വിഴിഞ്ഞം പോലൊരു മാതൃ തുറമുഖം(Mother Port)  രാജ്യത്തിനുണ്ടാക്കുന്ന വളർച്ച വളരെ വലുതാണ്.  തലസ്ഥാന ജില്ലക്കാകെ പ്രയോജനകരമാകുന്ന രീതിയിലുള്ള  അടിസ്ഥാന വികസന സൗകര്യങ്ങൾ,  ജില്ലക്കും  സംസ്ഥാനത്തിനും ലഭിക്കും. വലിയ കണ്ടൈനർ  കപ്പലുകൾ വരുന്നതോടെ ഒരു വലിയ വ്യവസായ നഗരമായി തിരുവനന്തപുരം മാറാനാണ് സാധ്യത. തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ  തിരുവനന്തപുരം ജില്ലയുടെ ചരിത്രവും മാറും. ലോജിസ്റ്റിക്സ് മേഖലയിൽ  വലിയ തൊഴിൽ സാധ്യതയും ഉണ്ടാകും.  മറ്റു മേഖലകളിലെപ്പോലെ,   കേരളത്തിന്റെ വിനോദസഞ്ചാര  മേഖലയിലും കാതലായ മാറ്റങ്ങൾ ഉണ്ടാക്കും. ആഡംബര കപ്പലുകൾക്കും  വിഴിഞ്ഞം ഒരു പ്രധാന കേന്ദ്രമായി മാറും.  ഇക്കാര്യത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്  കരാർ ഒപ്പിടീൽ ചടങ്ങിനോടനുബന്ധിച്ച്  VSIL ഇറക്കിയ കൈപ്പുസ്തകത്തിൽ മുഖ്യമന്ത്രി   ഉമ്മൻചാണ്ടി  ഇങ്ങനെ വ്യക്തമാക്കിയത് ." The government's vision for the State's development reaffirmed that Vizhinjam was one of the dream projects that could place Kerala on a course of unprecedented and impressive growth."

 സർക്കാർ തലത്തിൽ ചെയ്യേണ്ട നിർമാണങ്ങൾ   

 ട്രയൽ റൺ കാലത്ത്  ഇവിടെ എത്തിയ മദർ ഷിപ്പുകളിൽ നിന്നും, മറ്റു ചെറു കപ്പലുകളിലേക്കാണ് ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്തത്.  എന്നാൽ റോഡ് മാർഗവും, റെയിൽ മാർഗവും കണ്ടൈനറുകൾ  പോകുകയും വരുകയും ചെയ്യുമ്പോഴാണ്  വിഴിഞ്ഞതിന്റെയും സമീപ പ്രദേശങ്ങളുടെയും  വികസനം  ഉണ്ടാകുക.  തുറമുഖത്തിൻറ്റെ  ശരിക്കുള്ള പ്രയോജനം ലഭിക്കാൻ  അത്യാവശ്യം ചെയ്തുതീർക്കേണ്ട  ചില  വികസന പദ്ധതികൾ കൂടി  സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.    പദ്ധതിക്ക്  അനുബന്ധമായുള്ള  വിഴിഞ്ഞം-ബാലരാമപുരം  10.7  കി.മി  റെയിൽവേ  ലൈൻ  പൂർത്തീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.  ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ആത്മാർഥമായ ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.  2015 ൽ റെയിൽവേ വികാസ് നിഗം ലിമിറ്റഡ് തയ്യാറാക്കിയ കരട്‌  DPR ഉപേക്ഷിക്കുകയും, പകരം  കൊങ്കൺ റയിൽവേയെ കൊണ്ട് പുതിയ DPR തയ്യാറാക്കി എന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ.  അതിനപ്പുറത്തേക്ക് പോയിട്ടില്ല. ചുരുക്കത്തിൽ റെയിൽവേ ലൈൻ വരണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.  അദാനിയുമായുള്ള എഗ്രിമെന്റ് അനുസരിച്ചു  2021 ൽ റെയിൽവെ   കണക്റ്റിവിറ്റി  പൂർത്തീകരിക്കേണ്ടതായിരുന്നു.

 അതുപോലെ  2017  ൽ  സംസ്ഥാന സർക്കാർ പൂർത്തീകരിക്കേണ്ട  വിഴിഞ്ഞം-ബാലരാമപുരം റോഡ് നിർമാണം, ഇതുവരെയും തുടങ്ങിയിട്ടില്ല.  ഇതിനാവശ്യമായ സ്ഥലം 2016 നു മുമ്പ് തന്നെ ഏറ്റെടുത്തിരുന്നതാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള റിംഗ് റോഡ്  പദ്ധതിയുടേയും   നിർമാണം  ഇതുവരെ   ആരംഭിച്ചിട്ടില്ല.  മറ്റൊന്ന് കഴക്കൂട്ടം-കാരോട് ബൈ പാസ്സ്‌ റോഡിൻറ്റെ  നിർമാണമാണ്. പലവിധ സാങ്കേതിക പ്രശ്നങ്ങളിൽപെട്ട്   ഇതിൻറ്റെ  നിർമ്മാണവും  ഇതുവരെ പൂർത്തിയായിട്ടില്ല.

വിഴിഞ്ഞത്തിന്  ലഭിച്ച പരിസ്ഥി അനുമതി നിബന്ധന പ്രകാരം  സംസ്ഥാന സർക്കാർ പദ്ധതിപ്രദേശത്ത്  ഒരു  മത്സ്യബന്ധന തുറമുഖവും, സീ ഫുഡ് പാർക്കും നിർമിക്കണം. ഈ നിർമാണ പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല.മേല്പറഞ്ഞ  പ്രധാനപ്പെട്ട  നിർമാണ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ വികസനത്തിന്റെ ഗുണഫലം അനുഭവവേദ്യമാകുകയുള്ളു. അതിനുള്ള ശ്രമമാണ് ഇനി സർക്കാർ തലത്തിൽ ചെയ്യേണ്ടത്.

അഡ്വ. പി.എസ് .ശ്രീകുമാർ 

(ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു)