Thursday, 24 February 2022

            യുക്രൈൻ  ആക്രമണത്തിലൂടെ  എന്താണ് പുതിൻറ്റെ  ലക്ഷ്യം    ?

പി.എസ്‌ .ശ്രീകുമാർ 



 യുക്രൈൻറ്റെ  ഭാഗമായ  ഡോണെസ്‌ക്, ലുഹാൻസ്‌ക് എന്നീ  പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി  അംഗീകരിച്ചുകൊണ്ട്  യുക്രൈനിനെതിരെ നടത്തിയ  കടന്നാക്രമണത്തിലൂടെ എന്ത് സന്ദേശമാണ് റഷ്യൻ പ്രസിഡന്റ്  പുതിൻ  ലോക രാഷ്ട്രങ്ങൾക്കു നൽകുന്നതെന്നത്  ഒരു പ്രഹേളികയാണ്.  ഒന്നര   ലക്ഷത്തിൽ പരം സൈനികരെ യുക്രൈനിന്  ചുറ്റും  അണിനിരത്തിയാണ്  കര-വ്യോമ ആക്രമങ്ങൾക്ക്  റഷ്യ തുടക്കമിട്ടിരിക്കുന്നത്. യുക്രൈനിനെതിരെയുള്ള   ഈ  ആക്രമണങ്ങളിലൂടെ  ,റഷ്യ  ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണെന്നും,  ഇത് , വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും  അമേരിക്കയുടെ പ്രസിഡണ്ട്  ജോ-ബൈഡൻ മുന്നറിയിപ്പ് നൽകന്നതിനൊപ്പം ചില സാമ്പത്തിക  ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.   നാറ്റോയിലെ മറ്റു ഘടക രാജ്യങ്ങളും ചില സാമ്പത്തിക  ഉപരോധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട് . 

എന്തു കൊണ്ട് റഷ്യ   പ്രകോപിതമായി  ? 

നാറ്റോയുടെ വിപുലീകരണ ശ്രമങ്ങളാണ് റഷ്യയെ പ്രകോപിതമാക്കിയത് എന്നതിൽ  സംശയമില്ല. അമേരിക്ക ,ബ്രിട്ടൻ ,ഫ്രാൻസ്, കാനഡ തുടങ്ങി പന്ത്രണ്ടു രാജ്യങ്ങൾ ചേർന്നാണ്  1949   നാറ്റോ ( നോർത്ത് അറ്റ്ലാൻറ്റിക്  ട്രീറ്റി  ഓർഗനൈസേഷൻ ) രൂപീകരിച്ചത്  . ബെൽജിയം,ഡെൻമാർക്ക്‌,ഇറ്റലി,ഐസ് ലാൻഡ് ,ലക്‌സം ബർഗ്  ,നെതർലൻഡ്‌സ്‌ ,നോർവെ,പോർട്ടുഗൽ എന്നിവയാണ് മറ്റ് സ്ഥാപകാംഗങ്ങൾ. ഏതെങ്കിലും അംഗരാജ്യത്തെ മറ്റു രാജ്യങ്ങൾ ആക്രമിച്ചാൽ, പ്രതിരോധത്തിനായി പരസ്പരം സഹായിയ്ക്കുമെന്നാണ് നാറ്റോ സഖ്യത്തിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളുടെ കരാർ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂനിയന്റ്റെ വളർച്ച തടയുക എന്നതായിരുന്നു നാറ്റോ സഖ്യം  രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന യഥാർത്ഥ ഉദ്ദേശം . ഇതിനെതിരെ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ചേർത്ത് കൊണ്ട് സോവിയറ്റ്  യൂണിയൻ വാഴ്സ സഖ്യം രൂപീകരിച്ചു  . സോവിയറ്റ് യൂനിയന്റ്റെ തകർച്ചയോടെ വാഴ്സ സഖ്യം ഇല്ലാതെയായി . തകർച്ചയ്ക്കിടയിൽ , അന്നത്തെ  സോവിയറ്റ് യൂണിയൻ  പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവ് അമേരിക്കൻ പ്രസിഡന്റ ജോർജ് ബുഷുമായി  സംസാരിച് നാറ്റോ സഖ്യത്തിൽ   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള രാജ്യങ്ങളെ  ഉൾപ്പെടുത്തുകയില്ല എന്ന ധാരണയുണ്ടാക്കി. എന്നാൽ സോവിയറ്റ്  യൂനിയന്റ്റെ തകർച്ചയ്ക്ക് ഈ ധാരണകൾ ലംഘിക്കപ്പെടുകയും   കിഴക്കൻ യൂറോപ്പിൽ നിന്നുമുള്ള പല രാജ്യങ്ങൾക്കും നാറ്റോയിൽ അംഗത്വം നൽകി ഈ സഖ്യം വിപുലീകരിക്കുകയും ചെയ്തു  . ക്രോയേഷ്യയും ,അൽബേനിയയും ഉൾപ്പടെ 30 രാജ്യങ്ങളാണ് നിലവിൽ നാറ്റോയിലുള്ളത് . യുക്രൈനും,ജോർജിയയും നാറ്റോയിൽ അംഗത്വത്തിന്  വേണ്ടി കഴിഞ്ഞ കുറെ നാളുകളായി ശ്രമിക്കുകയാണ്.  എന്നാൽ നാറ്റോയിലെ തന്നെ ചില രാജ്യങ്ങൾ യുക്രൈനിന്  അംഗത്വം  നൽകുന്നതിന് എതിരായതിനാലാണ് ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടാകാത്തത്..  

1917 ൽ സോവിയറ്റ് യൂണിയൻ  രൂപീകരിച്ചപ്പോൾ അതിൻറ്റെ ഭാഗമായ ആദ്യ റിപ്പബ്‌ളിക്കുകളിൽ  ഒന്നാണ് യുക്രൈൻ .  മാത്രമല്ല, റഷ്യ കഴിഞ്ഞാൽ ഭൂവിസ്ത്രിയിൽ  രണ്ടാം സ്ഥാനവും  യുക്രൈ നിനാ യിരുന്നു. സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്കുശേഷം   യുക്രൈനെ   യൂറോപ്യൻ യൂണിയനുമായി സഹകരിപ്പിയ്ക്കാനായി  2013 ൽ അന്നത്തെ റഷ്യൻ അനുകൂലിയായ  പ്രസിഡണ്ട് വിക്ടോർ യാനുകോവിച് രൂപം നൽകിയ വാണിജ്യ ഉടമ്പടി,  പുതിൻറ്റെ നിർദേശാനുസരണം അദ്ദേഹത്തിന് ഉപേക്ഷിയ്ക്കേണ്ടി വന്നു. ഇതിനെതിരെ റഷ്യൻ വിരോധികളായ യുക്രയിൻകാർ പ്രക്ഷോഭം നടത്തുകയും ,യാനുക്കോവിച്ചിന്  പ്രസിഡണ്ട്സ്ഥാനത്തു നിന്നും രാജി വച്ച് ഒഴിയേണ്ടി വരുകയും ചെയ്തു.  ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളാണെന്നു പുതിൻ   സംശയിച്ചു.  പുതിനുണ്ടായ ഈ പകയാണ്,   2014  യുക്രൈനിൽ കടന്നു കയറി  ക്രൈമിയ പിടിച്ചെടുത്തതിലൂടെ  അദ്ദേഹം  തീർത്തത് . ഇതിനു ശേഷമാണ്  കിഴക്കൻ യുക്രൈനിലെ വിഘടന വാദികളായ റഷ്യൻ അനുകൂലികൾ  പുതിൻറ്റെ സഹായത്തോടെ  ഡോൺബാസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.  യുക്രൈൻ സർക്കാരും വിഘടന വാദികളുമായുള്ള   ഏറ്റുമുട്ടലിൽ പതിനായിരത്തിലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത് .റഷ്യയും, യുക്രൈനും തമ്മിൽ ബെലാറസിലെ മിൻസ്കിൽ   നടത്തിയ  സമാധാന ചർച്ചകളിലൂടെയാണ്   അന്ന് വെടിനിർത്തൽ ഉണ്ടായത്  . ഈ സംഭവ വികാസങ്ങൾക്കുശേഷം   യുക്രൈൻ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ അടുത്തു .മാത്രമല്ല , നാറ്റോയുമായി ചേർന്ന് സൈനികാഭ്യാസങ്ങളും നടത്തുവാനാരംഭിച്ചു. പുതിനെ അസ്വസ്ഥമാക്കിയതിൽ  ഈ നടപടികൾക്കും  സ്വാധീനമുണ്ട്  . വൈകാതെ തന്നെ യുക്രൈൻ നാറ്റോയിൽ അംഗത്വമെടുത്തു റഷ്യയ്‌ക്കെതിരെ നില കൊള്ളുമെന്ന്   പുതിൻ ആശങ്കപ്പെടുന്നു. 

റഷ്യ ആവശ്യപ്പെടുന്നത് 

റഷ്യയുടെ അതിർത്തി പങ്കിടുന്ന അയൽ   രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കരുത് എന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം . ഇതിനു പുറമെ റഷ്യയെ ലക്‌ഷ്യം വച്ച് അംഗരാജ്യങ്ങളിൽ മിസൈലുകൾ സ്ഥാപിയ്ക്കരുതെന്നും, 1990 കളിലെ നിലവാരത്തിലേക്ക് സേന വിന്യാസം നാറ്റോ കുറയ്‌ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല അമേരിക്കയും നാറ്റോയും  ഇത്രയും നാൾ   കൈക്കൊണ്ടത് .  കഴിഞ്ഞ കുറെ നാളുകളായി കിഴക്കൻ യൂറോപ്പിലെ അംഗ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്ക് ,ലാത്വിയ ,ലിത്വാനിയ എന്നീ രാജ്യങ്ങളിലൂടെ യുക്രൈന്    യുദ്ധോപകരണങ്ങളും പടക്കപ്പലുകളും ,യുദ്ധ വിമാനങ്ങളും  നാറ്റോ നൽകുന്നു. യുദ്ധം ഒഴിവാക്കണമെന്നു ആഗ്രഹിച്ച  ഒരു രാജ്യം ജർമനിയാണ് . കാരണം റഷ്യയിൽ നിന്നും പ്രകൃതി വാതകങ്ങളും  ഊർജോൽപ്പന്നങ്ങളും  ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ആ രാജ്യമാണ് . മാത്രമല്ലാ  റഷ്യയിൽ നിന്നും പ്രകൃതി വാതകം  ജർമനിയിലേക്ക്  കൊണ്ടുവരുവാനായി  ബാൾറ്റിക് സമുദ്രത്തിനടിയിലൂടെ  രണ്ട്  പൈപ്പ് ലൈനുകളുടെ നിർമാണ പ്രവർത്തനങ്ങൾ  നടന്നു കൊണ്ടിരിക്കുകയുമാണ്. ഇതിനു മുടക്കം വരുത്തുവാൻ ജർമ്മനി ആഗ്രഹിക്കുന്നില്ല. പക്ഷേ , ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ,  വാതക പൈപ്പ് ലൈനിൻറ്റെ  നിർമാണ പ്രവർത്തനങ്ങൾ  ജർമനി  ഒടുവിൽ  നിർത്തി വചിരിക്കയാണ്.

റഷ്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക്  എതിരായിട്ടാണ്  അമേരിക്കയും നാറ്റോയിലെ അവരുടെ സഖ്യകക്ഷികളും  ശ്രമിക്കുന്നതെന്നാണ് റഷ്യ കരുതുന്നത്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള  റഷ്യയുടെ അതിർത്തിയിൽ തന്ത്ര പ്രധാനമായ സ്ഥാനമാണ്  യുക്രൈനിനു ഉള്ളത്. യുക്രയിനിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ   യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വാതക കയറ്റുമതി റഷ്യയുടെ വലിയ വരുമാന മാർഗമാണ്. അതുകൊണ്ടു തന്നെ  പൈപ് ലൈനുകളുടെ നിയന്ത്രണം അവർ ആഗ്രഹിക്കുന്നു. 

പുതിൻറ്റെ  ആഗ്രഹം 

സോവിയറ്റ് യൂനിയന്റ്റെ  തകർച്ചയോടെ  നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കണമെന്നത് പുതിൻറ്റെ ദീർഘകാലമായ  ആഗ്രഹമാണ്. സോവിയറ്റ് യൂനിയന്റ്റെ  തകർച്ച  ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയ ദുരന്തമാണെന്ന്  2005 ൽ പുതിൻ  പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യവും അത് തന്നെയാണ്. സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രതാപത്തോടെ റഷ്യയെ  വൻ ശക്തിയായി പുനഃസ്ഥാപിക്കുവാനും, അവരുടെ മേധാവിത്വം  ഉറപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തോടെയാണ് യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ  ആരംഭിച്ചത്. പറ്റുമെങ്കിൽ  യൂറോപ്യൻ  രാജ്യങ്ങളോട് ചേർന്ന് കിടക്കുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ  വീണ്ടും റഷ്യയുടെ കുടയ്ക്കു  കീഴിൽ അണിനിരത്താൻ സാധിക്കുമോ  എന്ന ഒരു പരീക്ഷണം കൂടിയാണ് ഇപ്പോഴത്തെ യുക്രൈൻ  അതിക്രമത്തിലൂടെ പുതിൻ  ലക്ഷ്യമിടുന്നത്.

പി.എസ്‌ . ശ്രീകുമാർ 

9847173177  


Monday, 17 January 2022

                  സി പി എമ്മിൻറ്റെ  കൂറ്   ഇന്ത്യയോടൊ അതോ ചൈനയോടോ  ?

പി .എസ് .ശ്രീകുമാർ 

അവസരത്തിലും, അനവസരത്തിലും ചൈനയെ സ്തുതിക്കുകയും മാതൃ രാജ്യമായ ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  പോളിറ്റ് ബ്യൂറോ അംഗം  എസ്‌ .രാമചന്ദ്രൻ പിള്ളയുടെ സി പി എം  കോട്ടയം ജില്ലാ സമ്മേളന പ്രസംഗം  ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ? ഇന്ത്യ ഉൾപ്പെടെയുള്ള രാജങ്ങൾ ചൈനയെ വളഞ്ഞിട്ടു ആക്രമിക്കുന്നു എന്നാണ്  അദ്ദേഹം ആരോപിച്ചത്.  ഇതേ വാചകം തന്നെയാണ് രണ്ടു വര്ഷങ്ങള്ക്കു മുമ്പ് പോളിറ്റ്  ബ്യൂറോ അംഗവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ  മുമ്പ് ഒരു സമ്മേളനത്തിൽ പ്രസംഗിച്ചത്. ഇ എം എസ്സിന് ശേഷം,   സി പി എമ്മിന്റെ താത്വിക   നിലപാടുകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ വിശദീകരണവും വ്യാഖാനവും നൽകുന്ന  മുതിർന്ന നേതാവെന്ന നിലയിൽ  രാമചന്ദ്രൻ പിള്ളയുടെ നിലപാടുകൾ പ്രാധാന്യം അർഹിക്കുന്നു.  അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറ്റെ  നിലപാടുകൾക്ക് ആധികാരികത   കൈവരുന്നു . യഥാർത്ഥത്തിൽ  അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും വസ്തുതയുണ്ടോ? അത് പരിശോധിക്കപ്പെടേണ്ടതാണ്.  1947 ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇന്നുവരെ,   ചെറുതും വലുതുമായ ഏതെങ്കിലും അയൽ  രാജ്യങ്ങളെ  ഇന്ത്യ ആക്രമിച്ചതായി   ഒരു രാജ്യവും പരാതിപ്പെട്ടിട്ടില്ല. മറിച്ചു അയൽ  രാജ്യങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളപ്പോഴൊക്കെ സഹായ ഹസ്തവുമായി മുന്നോട്ടു ചെന്ന ചരിത്രമാണ്  നമുക്കുള്ളത്.  ശ്രീലങ്കയിലും, മാലിദ്വീപിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായപ്പോൾ  അവരെ സഹായിച്ചത്  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു.  അവരുടെ അഭ്യർത്ഥന പ്രകാരം  അന്ന് ഇന്ത്യൻ സൈന്യത്തെ അയച്ചാണ്  നാം ആഭ്യന്തര കലാപത്തിൽ നിന്നും ആ രാജ്യങ്ങളെ രക്ഷിച്ചത് .  എന്നാൽ ചൈനയുടെ ചരിത്രം അതല്ല. ചൈനയുമായി ബന്ധമുള്ള, വടക്കൻ കൊറിയ ഒഴിച്ചുള്ള,  എല്ലാ അയൽരാജ്യങ്ങളുമായും  അവർക്കു അതിർത്തി തർക്കം ഉണ്ട്. മാത്രമല്ല പലപ്പോഴും യുദ്ധവും ഉണ്ടായിട്ടുണ്ട്.

തിബറ്റ്  ആക്രമിക്കപ്പെടുന്നു 

1949  ൽ ചൈനക്ക് സ്വാതന്ത്ര്യം  ലഭിക്കുമ്പോൾ,  ലാമമാർ ഭരിച്ചിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു   തിബറ്റ് .  ലാമാമാരെ സഹായിക്കാനെന്ന പേരിലാണ്  ചൈനയുടെ സൈന്യം  1950 ൽ  തിബറ്റിൽ ആദ്യമായി പ്രവേശിച്ചത്.  കടന്നു കയറി തിബറ്റിൻറ്റെ  വിവിധ ഭാഗങ്ങളിൽ തമ്പടിച്ച ചൈനയുടെ സൈനികർ  മടങ്ങിയില്ലെന്നു മാത്രമല്ല, 1959  മാർച്ചിൽ  സൈനിക നടപടികളിലൂടെ നിരായുധരായ ബുദ്ധമത വിശ്വാസികളെ  വെടിവച്ചു വീഴ്ത്തി, തിബത്ത്  പിടിച്ചടക്കി, ചൈനയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.  തിബൻറ്റിൻറ്റെ  ഓരോ പ്രദേശങ്ങളും സൈനിക നടപടികളിലൂടെ ചൈന ബലാൽക്കാരമായി കയ്യടക്കിയപ്പോൾ  ഭരണ തലവൻ കൂടിയായിരുന്ന  ദലൈലാമ, ഇന്ത്യയുടെ സഹായം തേടി.  ചൈനയുമായി ഇന്ത്യ നല്ല ബന്ധത്തിലായതിനാൽ, ടിബറ്റിനു സൈനിക സഹായം നൽകുവാൻ പ്രധാനമന്ത്രി നെഹ്‌റു തയ്യാറായില്ല.എന്നാൽ ചൈനയുടെ അധിനിവേശത്തിന്  വഴങ്ങാതെ പലായനം ചെയ്ത ദലൈലാമക്കും അനുയായികൾക്കും, മനുഷ്യത്വത്തിൻറ്റെ  പേരിൽ അഭയം നൽകുവാൻ നെഹ്‌റു തയ്യാറായി.  ഇതോടെ ഇന്ത്യയോട്  ചൈന ശത്രുതാമനോഭാവം  കാട്ടുവാൻ തുടങ്ങി. തുടർന്ന്, അതിർത്തി തർക്കത്തിനും,  യാതൊരു പ്രകോപനവും ഇല്ലാതെ,  1962 ൽ  ഇൻഡ്യക്കുനേരെ സൈനികാക്രമണവും നടത്തി.  ചൈനയുടെ കമ്മ്യൂണിസ്റ്പാർട്ടി നേതാക്കളായിരുന്ന മാവോ സേതുങ്ങിനോടും, ചൗ-എൻ-ലായിയോടും  അടുത്ത സൗഹൃദവും മമതയും പുലർത്തിയിരുന്ന നെഹ്‌റു, ചൈനയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി പ്രതീക്ഷിച്ചിരുന്നില്ല.ലഡാക്കിലേക്കും, ആസ്സാമിലേക്കും ചൈനയുടെ സൈന്യം ഇരച്ചു കയറി എക്സൈ ചിന്നും, ഇന്നത്തെ അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളും കൈവശപ്പെടുത്തി. മാത്രമല്ലാ , ഈ പ്രദേശങ്ങളൊക്കെ തെക്കൻ റ്റിബറ്റിന്റ്റെ  ഭാഗമാണെന്നും, അതുകൊണ്ടു തങ്ങൾക്കവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് യുദ്ധം ഏക പക്ഷീയമായി  നിർത്തിയതും.ഈ പ്രദേശങ്ങളെ കുറിച്ചാണ് "ചൈന , ചൈനയുടേതെന്നും ഇന്ത്യ , ഇന്ത്യയുടേതെന്നും " ഇ.എം എസ് അന്ന് പ്രസംഗിച്ചത് .ജമ്മു കാശ്മീരിൻറ്റെ ഭാഗമായ അക്‌സായി ചിന്നിൽ മുപ്പത്തിയെണ്ണായിരംചതുരശ്ര  കിലോമീറ്ററും അരുണാചലപ്രദേശിൽ തൊണ്ണൂറായിരം ചതുരശ്രകിലോമീറ്റർ പ്രദേശങ്ങളും ഇന്നും ചൈനയുടെ കൈ വശമിരിയ്ക്കുകയാണ് . ഇതിൻറ്റെ തുടർച്ചയായാണ് ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലെ ദോക് ലാമിൽ 2017 ജൂൺ മാസത്തിൽ ഇന്ത്യയുടേയും,ചൈനയുടെയും സൈനികർ യുദ്ധ സമാനമായ സാഹചര്യത്തിൽ മുഖാമുഖം നിൽക്കേണ്ടി വന്നത് . സിക്കിം,ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനു മുൻപ് മൂന്നു രാജ്യങ്ങളുടെയും അതിർത്തികൾ സംഗമിയ്ക്കുന്ന മുക്കവലയായ ദോക് ലാമിലെ അതിർത്തി സംബന്ധിച്ച ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നെഹ്‌റു ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ചൗ-എൻ ലായിക്ക് കത്തയച്ചിരുന്നു. എന്നാൽ നെഹ്രുവിൻറ്റെ കത്തിനോട് നിഷേധാല്മക സമീപനം കൈക്കൊണ്ടതിൻറ്റെ തുടർച്ചയായിട്ടാണ് ദോക് ലാം തങ്ങളുടേതാണെന്ന വാദവുമായി ഇന്ന് ചൈന ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുന്നതു.ഈ പ്രശ്‍നം മുൻനിർത്തിയാണ്  ഭൂട്ടാനെ ഇന്ത്യയ്‌ക്കെതിരെ തിരിയ്ക്കാനുള്ള ശ്രമം ചൈന നടത്തിയതും , ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നതും  . 

നേപ്പാളിനെ വരുതിയിലാക്കാൻ ചൈനയുടെ ശ്രമം 

ഇന്ത്യയുമായും, ചൈനയുമായും,അതിർത്തി പങ്കിടുന്ന നേപ്പാളുമായി , സാംസ്കാരികമായും ചരിത്രപരമായും, വളരെ അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് . നേപ്പാളിൻറ്റെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ് . ആവശ്യവസ്തുക്കളെല്ലാം ഇന്ത്യയിൽ നിന്നുമാണ് നേപ്പാൾ വാങ്ങുന്നത് .മാത്രമല്ല , വിദേശത്തുനിന്നുമുള്ള നേപ്പാളിൻറ്റെ ഇറക്കുമതി മുഴുവൻ കൽക്കട്ട തുറമുഖം വഴിയാണ് . എന്നാൽ  മൂന്നു വര്ഷങ്ങള്ക്കു മുമ്പ് നേപ്പാളിലെ മധേസി വിഭാഗം പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ,ഇന്ത്യയിൽ നിന്നുമുള്ള ചരക്കു നീക്കം തടഞ്ഞപ്പോൾ അത് നേപ്പാളിൻറ്റെ സമ്പദ്ഘടനയെ നിശ്ചലമാക്കി. ഈ അവസരം ചൈന തന്ത്രപൂർവം തങ്ങൾക്കനുകൂലമാക്കി. നേപ്പാൾ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ് പാർട്ടിയിലൂടെ ഇന്ത്യക്കെതിരെ അവിടുത്തെ മധേസി - ഇതര വിഭാഗങ്ങളെ അവർ ഇളക്കി വിട്ടു. നേപ്പാൾ അതിർത്തിയിലേക്ക് നാലുവരി പാതയുടെ നിർമാണം പൂർത്തിയാക്കിക്കൊണ്ടു ചരക്കുഗതാഗതം ചൈന ആരംഭിച്ചു.ഇതിനു പുറമെ ഒരു പുതിയ റെയിൽവേ ലൈനിൻറ്റെ നിർമാണ പ്രവർത്തനവും ചൈന നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. നേപ്പാളുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന സൗഹൃദബന്ധത്തിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ചൈന തുടർന്ന് കൊണ്ടിരിയ്ക്കുന്നത് . 

മ്യാൻമാർ പ്രശ്നത്തിലെ മുതലെടുപ്പ് .

നമ്മുടെ കിഴക്കൻ അയൽ  രാജ്യങ്ങളായ  മ്യാൻമറിനും ബംഗ്ലാദേശിനും ഉദാരമായ സാമ്പത്തിക സഹായം നൽകി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം ചൈന ആരംഭിച്ചിരിയ്ക്കുകയാണ്. മ്യാൻമറിലെ ഹാങ്‌വി                          നേപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു.വൽബേസിലെ തുറമുഖ നിർമാണത്തിന് പുറമെ രാജ്യത്തിൻറ്റെ വടക്കൻ ഭാഗത്തു വന്പിച്ച മുതൽ മുടക്കോടെ ഊർജ പ്ലാന്റുകളും, ഹൈവേകളും ഉൾപ്പടെയുള്ള നിര്മാണപ്രവർത്തികൾ ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നു. അവിടുത്തെ സൈനിക നേതൃത്വവുമായി ഉള്ള ബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യയെ പാർശ്വവൽക്കരിയ്ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത് . റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ ബംഗ്ലാദേശുമായി മ്യാന്മറിന് അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ,ഇന്ത്യയെ അകറ്റിനിർത്തിക്കൊണ്ടു,  മധ്യസ്ഥൻറ്റെ റോളിൽ ഒത്തുതീർപ്പു ഉണ്ടാക്കുവാൻ ചൈനയാണ് മുൻകൈ എടുത്തത്. 

     ബംഗ്ലാദേശിൻറ്റെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ദശലക്ഷക്കണക്കിനു അഭയാർത്ഥികൾക്ക് അഭയമേകിയതും, സ്വാതന്ത്ര്യ സമരത്തിന്  ശക്തമായ പിന്തുണ നൽകിയതും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. അതിനു ശേഷവും ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നു ആ രാജ്യം.  എന്നാൽ ഷി ജിൻപിങ് ചൈനയിൽ അധികാരത്തിൽ വന്നതോടെയും കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷവും  ഉഭയ കക്ഷി ബന്ധങ്ങളിൽ മാറ്റം വന്നുതുടങ്ങി.  2017  ൽ ബംഗ്ലാദേശിൽ  സന്ദർശനം നടത്തിയത് വഴി,  ആ രാജ്യത്ത് ആദ്യമായി എത്തുന്ന ചൈനയുടെ ഭരണാധിപനായി ഷി ജിൻപിങ് മാറി. പരസ്പര സഹായത്തിനുള്ള 21  കരാറുകളാണ് അന്നത്തെ സന്ദർശനത്തിൽ ഒപ്പു വാക്കപ്പെട്ടതു.  വിവിധ പശ്ചാത്തല വികസന ഉടമ്പടികൾക്കായി 25 ബില്യൺ ഡോളറിൻറ്റെ ധനസഹായമാണ് ചൈന വാഗ്‌ദാനം നൽകിയത്. ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് ദീർഘ കാലമായുള്ള ബന്ധത്തെ നിസ്സാരവൽക്കരിയ്ക്കുന്നതോടൊപ്പം ഇന്ത്യ നൽകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക സഹായങ്ങൾ നൽകി ബംഗ്ലാദേശുമായി സൗഹൃദം ഉറപ്പിയ്ക്കുന്നതിനുള്ള ശ്രമമാണ് ചൈന നടത്തിക്കൊണ്ടിരിയ്ക്കുന്നത് . 

കടക്കെണിയിലായ ശ്രീലങ്ക 

ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജ്യമാണ് ശ്രീലങ്ക .വാരിക്കോരി സഹായധനം നൽകി ശ്രീലങ്കയെ അടര്തിയെടുക്കുവാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. 2005 നു ശേഷമുള്ള കാലഘട്ടത്തിൽ 20 ബില്യൺ ഡോളറിൻറ്റെ മുതൽ മുടക്കാണ് ശ്രീലങ്കയിൽ ചൈന നടത്തിയിരിയ്ക്കുന്നത് . വിമാനത്താവളങ്ങൾ ,തുറമുഖ നിർമാണം ,വിവിധ ഊർജ്ജപദ്ധതികൾ എന്നിങ്ങനെ കനത്ത മുതൽമുടക്ക് ആവശ്യമുള്ള മേഖലകളിലാണ് ചൈന ധനസഹായം നല്കിയിരിയ്ക്കുന്നത് . കൊളംബോയിൽ ഒരു പുതിയ തുറമുഖ നഗരനിർമാണം രാജ പക്സേമാരുടെ ജന്മസ്ഥലമായ ഹംബൻ ടോട്ടയിൽ പുതിയ തുറമുഖവും, വിമാനത്താവളവും നിർമിച്ച ചൈന, സാമ്പത്തിക പ്രതിസന്ധി മൂലം  ശ്രീലങ്ക  തിരിച്ചടവ്  മുടക്കിയപ്പോൾ   ഹമ്പൻ ടോട്ട  തുറമുഖം 99 വർഷത്തെ പാട്ടത്തിന് കൈവശമാക്കി. ഈ തുറമുഖം  ചൈന യുടെ നാവികസേനാ കപ്പലുകൾ  പലപ്പോഴും ഉപയോഗിയ്ക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയിരിയ്ക്കുകയാണ് . 

            ഇന്ത്യയുടെ ചിരകാല സുഹൃത്തായ മാലിദ്വീപാണ്‌ ചൈന ശ്രദ്ധ കേന്ദ്രികരിയ്ക്കുന്ന മറ്റൊരു രാജ്യം. ഈ രാജ്യത്തെയും തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാനായി വമ്പിച്ച സാമ്പത്തിക സഹായമാണ് ചൈന നൽകി കൊണ്ടിരിയ്ക്കുന്നത് . മാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻറ്റെ നിർമ്മാണക്കരാർ ആദ്യം നൽകിയത് ഇന്ത്യൻ കമ്പനി ആയ ജി എം ആർ ഗ്രൂപ്പിനായിരുന്നെങ്കിലും , മുൻ പ്രസിഡൻഡ് അബ്ദുൽ യാമീനെ സ്വാധീനിച്ച നിർമാണം ഇന്ത്യൻ ഗ്രൂപ്പിനെ കരാറിൽ നിന്നും പുറത്താക്കി  ഒരു ചൈനീസ് കമ്പനി യെ  ഏ ൽപ്പിചു .  ഈ രീതിയിൽ  ചരടുകളോടെയുള്ള സാമ്പത്തിക സഹായം നൽകി ഇന്ത്യയുടെ അയൽ  രാജ്യങ്ങളെയെല്ലാം തങ്ങൾക്കനുകൂലമാക്കി മാറ്റി,ഇന്ത്യയ്‌ക്കെതിരെ വലയം തീർക്കുവാനുള്ള ശ്രമമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ചൈന നടത്തികൊണ്ടിരിയ്ക്കുന്നതു.  ചൈനയുടെ ഈ ശ്രമങ്ങളെ പരാജയപ്പെടുത്താൻ  വ്യക്തമായ ഒരു വിദേശ കാര്യാ നയമില്ലാത്ത  മോദി  സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.  ഇന്നും  ഏകപക്ഷീയമായ  കടന്നുകയറ്റങ്ങളിലൂടെ   ഇന്ത്യയുടെ വടക്കൻ അതിർത്തികൾ സംഘർഷഭരിതമായ നിൽക്കുകയാണ്.    ഈ യാഥാർഥ്യങ്ങൾ മറച്ചു വച്ചുകൊണ്ടാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ  തങ്ങളെ  വളഞ്ഞിട്ടാക്രമിയ്ക്കുന്നു എന്ന ചൈനയുടെ ആരോപണം,  മാർക്സിസ്റ്റ് പാർട്ടി നേതാക്കളായ രാമചന്ദ്രൻ പിള്ളയും ,കോടിയേരി ബാലകൃഷ്ണനും ഏറ്റു പറയുന്നത് .മാതൃ രാജ്യമായ ഇന്ത്യയോടാണോ അതോ  ഇന്ത്യയെ  ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന  ചൈനയോടാണോ  ഇവരുടെ കൂറെന്ന്  ഇവർ തന്നെ വ്യക്തമാക്കേണ്ടതാണ്.


പി.എസ്‌ .ശ്രീകുമാർ 

9847173177 



















 

Saturday, 15 January 2022

     സുപ്രീം കോടതിയ്ക്ക് ഹരിതാഭ പകർന്ന് അയിഷ  മാലിക് 

പി.എസ്‌ .ശ്രീകുമാർ 

   പാകിസ്ഥാൻ സുപ്രീം കോടതിയിലെ  ആദ്യ വനിതാ ജഡ്ജിയായി  ജസ്റ്റിസ്  അയിഷാ മാലികിനെ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ നോമിനേറ്റ് ചെയ്തത്     ലോക  മാധ്യമങ്ങളും ,വനിതാ ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തിരിക്കുകയാണ് .  യാഥാസ്ഥികരും, പട്ടാളവും അമിതാധികാരം കൈയ്യാളുകയും,  ഭരണം നിയന്ത്രിക്കുകയും  ചെയ്യുന്ന  ഇസ്ലാമിക  രാജ്യമായ  പാകിസ്ഥാനിൽ  പുരോഗമന വാദിയായ  ഒരു വനിതാ ജഡ്ജി  സുപ്രീം കോടതിയിൽ നിയമിക്കപ്പെടുകയെന്നത്  ആരും പ്രതീക്ഷിച്ചില്ല.   ഇന്ത്യക്കാരായ നമ്മളെ സംബന്ധിച്ച്  ഈ വാർത്തക്ക് ഒരു പുതുമയില്ല. കാരണം,  മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് , 1989 ൽ   ഇന്ത്യയിൽ ആദ്യമായി ഒരു വനിതാസുപ്രീം കോടതി ജഡ്ജി നിയമിതയായി  .   മുൻ കേരള ഹൈക്കോടതി ജഡ്ജിയും  , പത്തനംതിട്ടക്കാരിയുമായ   ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു  നമ്മുടെ  സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. അതിനു ശേഷം ഇതുവരെ  11 വനിതാ സുപ്രീം കോടതി  ജഡ്ജിമാർ നിയമിയ്ക്കപ്പെട്ടിട്ടുണ്ട്.   നിലവിൽ നമ്മുടെ സുപ്രീം കോടതിയിൽ  4 വനിതാജഡ്ജിമാർ ഉണ്ട്.  എന്നാൽ ഇന്ത്യയിലും  ഒരു വനിതാ ചീഫ് ജസ്റ്റിസ്   ഇതുവരെ ഉണ്ടായിട്ടില്ല.  ഇന്ത്യയ്ക്ക് ഒരു വനിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണണമെങ്കിൽ ഇനിയും നാം അഞ്ചുവർഷം കൂടി കാത്തിരിയ്‌ക്കേണ്ടിവരും. നിലവിൽ സുപ്രീംകോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് 2022 ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിയ്ക്കപ്പെടാൻ സാധ്യതയുള്ള വനിതാജഡ്ജി.    അയിഷ മാലിക്കിന്    റിട്ടയർ ചെയ്യാൻ  പത്തു വര്ഷം    ഉള്ളതിനാൽ അവർ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുവാനും  സാധ്യതയുണ്ട് .

        നിലവിൽ ലാഹോർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആണ് പുരോഗമന ചിന്താ ഗതിക്കാരിയായി അറിയപ്പെടുന്ന  അയിഷമാലിക്. മറ്റുനാലുജഡ്ജിമാരുടെ സീനിയോറിറ്റി മാറി കടന്നുകൊണ്ടാണ്    അയിഷയെ ജുഡീഷ്യൽ കമ്മീഷൻ     വോട്ടെടുപ്പിലൂടെ   തെരഞ്ഞെടുത്തത്.   ലിംഗസമത്വത്തിനും,പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നിരവധി വിധികൾ അവരുടേതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന വിധി പ്രസ്താവനയിലൂടെ വനിതകൾക്ക് വോട്ട് ചെയ്യാൻ അവകാശം നൽകുന്നതോടൊപ്പം സർക്കാർ വകുപ്പുകളിലും, മെഡിക്കൽ കോളേജുകളിലും വനിതകൾക്ക് പ്രത്യേക  കോട്വ  ഏർപ്പെടുത്തുന്നതിനെതിരെയും, അവർ വിധി പ്രസ്താവിച്ചിട്ടുണ്ട് . സദാഫ് അസ്സീസും സർക്കാരും  തമ്മിൽ  2021  ജനുവരിയിൽ ഉണ്ടായ ഒരു കേസിൽ,  ബലാത്സംഗകേസുകളിൽ പ്പെടുന്ന ഇരകൾക്കെതിരെ കന്യകാത്വ പരിശോധന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും ,അതിനു യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും പ്രഖ്യാപിച്ചതിലൂടെയാണ്  അയിഷമാലിക് ലോക ശ്രദ്ധ  നേടിയത്. ഓരോവർഷവും,"അഭിമാനക്കൊലകളിലൂടെ  "ആയിരക്കണക്കിന് വനിതകൾ കൊല്ലപ്പെടുന്ന , പാകിസ്താനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിജഡ്ജിയായിട്ടുള്ള അവരുടെ നിയമനത്തിൽ വനിതകൾ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ ആഹ്‌ളാദത്തിലാണ്. 

  ലിംഗസമത്വത്തോടൊപ്പം  അയിഷ  മാലിക്  പ്രാധാന്യം നൽകുന്ന മറ്റൊരു മേഖല പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് .   പാക്കിസ്ഥാൻ നഗരമായ ലാഹോറിൽ,    ഏഴു കിലോമീറ്റര് നീളത്തിലുള്ള ,       

"Signal Free  Corridor " ഗ്രീൻ  എക്സ്പ്രസ്സ് ഹൈവേ  കേസിൽ,  പ്രകൃതിയ്ക്ക് ദോഷകരമാകുന്ന ഏതു വികസന പദ്ധതിയും   നിയമ വിരുദ്ധമാണെന്ന്‌   ജസ്റ്റിസ് അയിഷയുടെ നേതൃത്വത്തിലുള്ള  ലാഹോർ ഹൈക്കോടതി   ഫുൾ  ബെഞ്ച്   വിധി പ്രസ്താവിച്ചു . മനുഷ്യജീവൻറ്റെ  സുരക്ഷയും , പ്രകൃതി സംരക്ഷണവും,സുസ്ഥിരവികസനത്തിന്   ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും വിധിയിൽ അവർ എടുത്തു പറഞ്ഞതിനൊപ്പം പ്രകൃതി സംരക്ഷണത്തിന് ദോഷകരമാകുന്ന ഒരു പ്രവൃത്തിയും അനുവദിയ്ക്കാനാവില്ലെന്നും ഫുൾ ബെഞ്ച് വിധിച്ചു. 

     ഇന്ത്യ,പാക്കിസ്ഥാൻ,  അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലി, ശ്രീലങ്ക  എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജുഡിഷ്യറിയ്ക്കായി നടത്തിയ  "2012 ലെ ബുർബൻ പ്രഖ്യാപനത്തിന്റെ"  അടിസ്ഥാനത്തിൽ ലാഹോർ ഹൈക്കോടതിയിൽ ഒരു ഏകാംഗ ഹരിതബെഞ്ചും, ഹരിത ഡിവിഷൻ ബെഞ്ചും രൂപീകരിച്ചതിൽ ചീഫ് ജസ്റ്റിസ് ആയ അയിഷ മാലിക്കിൻറ്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ലാഹോർ ഹൈ കോടതിയിലെ  ഏറ്റവും മുതിർന്ന രണ്ടു ജഡ്ജിമാരെ ഹരിത ഡിവിഷൻ ബെഞ്ചായും , നിയമിച്ചു. 

       മാത്രമല്ല ലിംഗ സമത്വത്തിൻറ്റെ പ്രാധാന്യം ജുഡിഷ്യറിയ്ക്കു പകർന്നു കൊടുക്കാനായി ലാഹോർ ഹൈക്കോടതിയുടെ നേതൃത്വത്തിൽ ജഡ്ജിമാർക്കും,അഭിഭാഷകർക്കും,പരിശീലന പരിപാടികൾ സംഘടിപ്പിയ്ക്കാനും,  ആയിഷമാലിക്  മുൻകൈ എടുത്തു..

അഭിഭാഷകയായിരുന്നപ്പോൾ, ദാരിദ്ര്യനിർമാർജനവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്ന നിരവധി അനൗപചാരിക സംഘടനകളുടെ അഭിഭാഷകയായും അവർ കോടതിയിൽ ഹാജരായിട്ടുണ്ട്. 

ഇതൊക്കെയാണെങ്കിലും  സുപ്രീം കോടതിയിലേക്കുള്ള അവരുടെ നോമിനേഷൻ  സുഗമമായിരുന്നു എന്ന് കരുതരുത്.  മറ്റു നാല് സീനിയർ ജഡ്ജിമാരെ  തഴഞ്ഞുകൊണ്ടുള്ള അവരുടെ നോമിനേഷനെതിരെ  പാക്കിസ്ഥാൻ ബാർ അസോസിയേഷൻ ശക്തമായ എതിര്പ്പ് രേഖപ്പെടുത്തുക മാത്രമല്ല  കോടതികൾ ബഹിഷ്കരിച്ചു  പ്രക്ഷോഭം നടത്തുകയും ചെയ്തു.             അവരുടെ നോമിനേഷനെ  പുരോഗമന വാദികളായ പാകിസ്താനിലെ പൊതുസമൂഹവും  പൂര്ണമനസ്സോടെയല്ല സ്വാഗതം ചെയ്തിട്ടുള്ളത്.  കാരണം 

അവരുടെ നോമിനേഷനെ   അനുകൂലിച്ചാണ്   പ്രധാനമന്ത്രി ഇമ്രാൻഖാൻറ്റെ  നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധികൾ ജുഡീഷ്യൽ കമ്മീഷൻ യോഗത്തിൽ വോട്ട് ചെയ്തത്.  അതുകൊണ്ടു തന്നെ  സർക്കാരിനെതിരെ കേസുകൾ വരുമ്പോൾ  അയിഷ മാലിക് എന്ത് നിലപാടാണ് കൈക്കൊള്ളുക എന്ന് അവർ ആശങ്കപ്പെടുന്നു. എങ്കിൽപ്പോലും, നീതിന്യായ രംഗത്ത് അവർ ഉയർത്തിപ്പിടിച്ച  പുരോഗമന ചിന്താഗതി  അവർ ഇനിയും പിന്തുടരുമെന്നാണു്  പ്രതീക്ഷിക്കുന്നത്.


പി.എസ്‌ .ശ്രീകുമാർ 

9847173177 











 

Monday, 3 January 2022

ആദർശത്തിനുവേണ്ടി  ജീവിതം  ഉഴിഞ്ഞു വച്ച പി.ടി.

പി.എസ് .ശ്രീകുമാർ  

മലയാള സിനിമയ്ക്കു കവിത്വം പകർന്ന സർഗ്ഗധനൻ ആയ വയലാർ രാമവർമ രചിച്ച "ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി..." എന്ന മനോഹരവും  കർണാനന്തകരവും ആയ  ഗാനം കേൾക്കുന്ന മലയാളികൾ ഇനി ഓർമിക്കുക P.T തോമസ് എന്ന  ആദർശ ധീരനായ രാഷ്ട്രീയ നേതാവിനെ ആയിരിക്കും. പ്രകൃതിയെ സ്നേഹിച്ച പി. ടി യെ ഭാവി തലമുറയ്ക്ക് എന്നും ഓർക്കാനുള്ള അവസരമായി  ഈ ഗാനം മാറിയി രിക്കുകയാണ്. 70 -ആം  വയസിലും യുവത്വതിൻറ്റെ ചടുലതയും, രക്തത്തിളപ്പും, തീക്ഷ്ണതയുമായി കേരളം എമ്പാടും ഓടിനടന്ന പി.ടി യുടെ ആകസ്മികമായ വേർപാട്, കക്ഷി രാഷ്ട്രീയത്തിന് അതീതം ആയി കേരള ജനതയെ ഒന്നാകെ നൊമ്പര പെടുത്തി. അടി മുതൽ മുടി വരെ മാന്യനും ആദർശവാനും  ആയിരുന്ന പി.ടി, ജീവൻ നഷ്ടപ്പെടും   എന്ന് അറിയുമ്പോഴും ആദർശം കൈ വിടാൻ കൂട്ടാക്കിയില്ലെന്നതിൻറ്റെ  ഏറ്റവും വ്യക്തമായ തെളിവാണ് തൻറ്റെ  അന്ത്യാഭിലാഷത്തിലൂടെ പുറത്തുവന്നത്‌. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഒരു ബ്രാഹ്മണ പെൺകുട്ടിയെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി ദാമ്പത്യ ജീവിതം ആരംഭിച്ചത്. ശക്തമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നെടുനായകത്വം നൽകിക്കൊണ്ട് രാഷ്ട്രീയ രംഗത്ത് കടന്നു വന്ന പി.ടി ക്കു "രാജാവ് നഗ്നനാണെന്ന്" ഉറക്കെ വിളിച്ചു പറയുവാൻ തെല്ലും മടിയില്ലായിരുന്നു. 

പി.ടി യുടെ  രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർന്നത്, പശ്ചിമഘട്ട മേഖല സംരക്ഷിക്കണം എന്ന ആവശ്യം മുൻ നിർത്തിക്കൊണ്ട് പ്രകൃതി സ്നേഹിയും ശാസ്ത്രജ്ഞനുമായ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ്. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പൊടിപ്പും തൊങ്ങലും വെച്ച്  വന്നപ്പോൾത്തന്നെ പശ്ചിമഘട്ട മലനിരകളെ തുരന്ന് തകർക്കുന്ന മാഫിയാസംഘങ്ങളും റിയൽ എസ്റ്റേറ്റ് ലോബികളും ആ റിപ്പോർട്ട് നടപ്പിലാക്കാതിരിക്കുന്നതിനുള്ള മാർഗങ്ങളിലേയ്ക്ക്  കടന്നു.

ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ മലയോര പ്രദേശങ്ങൾ  കൂടുതൽ ഉള്ള ജില്ലകളിലെ കർഷകർക്ക് അവിടെ നിന്നും കുടി ഇറങ്ങേണ്ടി വരുമെന്നും, അവിടെ റബ്ബർ മാത്രമല്ല, ചീരകൃഷി പോലും ചെയ്യാൻ കർഷകരെ അനുവദിക്കുകയി ല്ലെന്നുള്ള  സത്യവിരുദ്ധവും , അയഥാർഥ്യവുമായ വാർത്തകൾ പടച്ചു വിട്ടു. ഇവയൊക്കെ പെരുപ്പിച്ചുകാട്ടി നോട്ടീസുകളിലൂടെ ആ മേഖലകളിലെ എല്ലാ വീടുകളിലും എത്തിക്കാൻ സ്ഥലം കയ്യേറ്റ ലോബിയും , പാറ മട ലോബിയും കോടികളാണ് ചിലവഴിച്ചത്. അതോടെ, മലയോര മേഖലയിലെ പുരോഹിതന്മാർ രംഗത്തിറങ്ങി പ്രക്ഷോഭ ങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. അന്ന് ഇടുക്കി പാർലമെൻറ്  അംഗമായിരുന്ന പി.ടി. തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചു ,ഗഹനമായി പഠിച്ചു. ഈക്കാര്യത്തിൽ പി.ടി. എടുത്ത താല്പര്യം അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എനിക്ക് നേരിട്ട് അറിയാം. മാത്രമല്ല അദ്ദേഹത്തിനുണ്ടായ സംശയങ്ങളൊക്കെ അന്നത്തെ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ആയിരുന്ന പ്രൊഫസർ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ പലപ്പോഴും വിളിച്ചുവരുത്തി സംസാരിച്ചു സംശയ നിവൃത്തി വരുത്തുകയും ചെയ്തു. അദ്ദേഹത്തിന് വ്യക്തമായി ബോധ്യപ്പെട്ട കാര്യങ്ങൾ പുരോഹിതരെയും, സഭാ നേതൃത്വത്തെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്ക് അതിലൊന്നും താല്പര്യം ഉണ്ടായിരുന്നില്ല.. അവരിൽ പലരും വിവിധ ലോബികളുടെയും താല്പര്യങ്ങളുടെയും ഭ്രമണപഥത്തിൽ ആയിരുന്നു. ഒടുവിൽ ഈ കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാനായി അദ്ദേഹതിൻറ്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇടുക്കി ജില്ലയിലെ ജന പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും വിപുലമായ ഒരു യോഗം വിളിച്ചു ചേർത്തു. അതിലേക്ക് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി ഉമ്മൻ, സെക്രട്ടറി ഡോ. ലാലാ ദാസ് എന്നിവരെ വിളിച്ചുവരുത്തി. ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ വിശദാംശങ്ങൾ  പ്രൊഫ. ഉമ്മൻ .വി. ഉമ്മൻ വിശദീകരിച്ച ശേഷം തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഏതാനും വൈദികരുടെ നേതൃത്വത്തിൽ യോഗം അലങ്കോലപ്പെടുത്തുകയും കയ്യാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു. ജൈവ വൈവിധ്യ ശാസ്ത്രജ്ഞർക്ക്  നേരെ അക്രമാസക്തമായി പാഞ്ഞടുത്ത ചിലരെ പി.ടി. തോമസാണ്   തടഞ്ഞത്. അദ്ദേഹതിൻറ്റെ സമായോചിതമായ ഇടപെടലിലൂടെയാണ് ഈ ശാസ്ത്രജ്ഞന്മാരെ  മാഫിയ സംഘത്തിന്റ്റെ ആക്രമണങ്ങളിൽ നിന്നും പി.ടി.തോമസ് രക്ഷപെടുത്തിയത്. അദ്ദേഹതിൻറ്റെ നിർദ്ദേശാനുസരണമാണ് പിന്നീട് ഗാഡ്‌ഗിൽ  കമ്മിറ്റി റിപ്പോർടിൻറ്റെ മലയാള പരിഭാഷ, സംസ്ഥാന സർക്കാർ തയ്യാറാക്കി ജനങ്ങൾക്കു നൽകിയത്.വിവിധ കോണുകളിൽനിന്നുമുയർന്ന കൊലവിളികളിൽ വിരളാതെ, ഇടുക്കിയുടെയും പശ്ചിമ ഘട്ടത്തിൻറ്റെയും   സംരക്ഷണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിൽ നിന്നും അണു വിട വ്യതിചലിക്കാൻ പി.ടി. തയ്യാറായില്ല.അതിനായി തൻറ്റെ പാർലമെൻറ് അംഗത്വം പോലും ത്യജിയ്ക്കുവാൻ മടി കാട്ടിയില്ല . പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിച്ചതിന്റ്റെ പ്രതികാരമായി അദ്ദേഹതിൻറ്റെ പ്രതീകാത്മക മൃതദേഹവുമായി ശവപ്പെട്ടി  ഒരുക്കി അന്ത്യയാത്ര  നടത്തിയ വൈദികർ, 2018 മുതൽ തുടച്ചയായി ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന  അതി വൃഷ്ടിയിലും, മണ്ണിടിച്ചിലിലും, മലയോര മേഖലകളിലെ  നിരവധി  ജനങ്ങളും അവരുടെ വസ്തു വകകളും ഒലിച്ചു പോയപ്പോൾ മൗനമായെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകാം . യേശു ക്രിസ്തുവിനെ കുരിശിൽ തളയ്ക്കാൻ ആക്രോശിച്ചവരെ പോലെ, പ്രകൃതി സംരക്ഷണത്തിൻറ്റെ പേരിൽ പി.ടി യെ നിഷ്കാസനം ചെയ്യാൻ ആഗ്രാഹിച്ചവർക്കു മുന്നിലൂടെ, രാഷ്ട്രീയ ഉയർത്തെഴുന്നേല്പു നടത്തിയ പി.ടി യെ ആണ് പിന്നീട് അവർ കാണുന്നത്. വീണ്ടും നിയമസഭാ അംഗമായും, കെ പി സി സി യുടെ വർക്കിംഗ് പ്രസിഡന്റ്റ് ആയും പി.ടി നെഞ്ച് വിരിച്ചാണ് നടന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്റ്റെ അടിത്തറയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചതുകൊണ്ടാണ് കേരളത്തിലെ ജനതയ്ക്ക് അദ്ദേഹം  പ്രിയങ്കരനായി മാറിയത്. 

2018 - ലെ രൂക്ഷമായ പ്രളയത്തിനും നാശ നഷ്ടങ്ങൾക്കും ശേഷം, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് "നവ കേരള നിർമാണത്തിലെ വെല്ലുവിളികൾ"  എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്തു വെച്ച് ഒരു ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ അത് ഉദ്ഘാടനം നം ചെയ്യുവാൻ പി.ടി. അല്ലാതെ മറ്റൊരാളെ പറ്റി  ചിന്തിച്ചില്ല . ഇക്കാര്യം ഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ചപ്പോൾ , ഉടൻ തന്നെ സമ്മതം മൂളുകയാണ് ചെയ്തത്. 2018 സെപ്റ്റംബർ 13 ഇന് തിരുവനന്തപുരം  പ്രസ് ക്ലബ്ബിൽ വെച്ചായിരുന്നു ചർച്ച. ആ പരിപാടിക്ക് മാത്രമായി തൃക്കാക്കരയിൽ നിന്നും അദ്ദേഹം റോഡ് മാർഗം എത്തി ചേർന്നു. അന്നത്തെ ചർച്ചയിൽ പി.ടി. ക്കുപുറമെ പ്രൊഫ. ഉമ്മൻ വി. ഉമ്മൻ, ജി. വിജയരാഘവൻ എന്നീ വിദഗ്ദ്ധർ ഉണ്ടായിരുന്നെങ്കിലും പി.ടി. യുടെ പ്രസംഗമായിരുന്നു ശ്രദ്ധേയമായിരുന്നത്. നവ കേരള നിർമിതിയിലും സുസ്ഥിര വികസനത്തിനും പ്രകൃതി സംരക്ഷണത്തിലുമൂന്നി ആയിരുന്നു അദ്ദേഹം സംസാരിച്ചത്. പശ്ചിമ ഘട്ട മേഖലയെ സംരക്ഷിക്കാതിരുന്നത് വഴിയാണ് കനത്ത നഷ്ടം പ്രകൃതി ക്ഷോഭത്തിന്റ്റെ രൂപത്തിൽ ആ മേഖലകളിൽ അനുഭവപെട്ടതെന്നു ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സമർഥിച്ചു . മാത്രമല്ല, സംസ്ഥാനത്തിന്റ്റെ വികസന പ്രവർത്തനങ്ങൾക്കായി വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിൻറ്റെ  നീക്കങ്ങളെ  നിശിതമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ലൈഫ് പദ്ധതി ഉൾപ്പടെ  പിന്നീടുണ്ടായ  അഴിമതി ആരോപണങ്ങൾ, പി.ടി യുടെ മുന്നറിയിപ്പുകൾ ശരിയാണെന്ന് തെളിയിച്ചു.

 തൻറ്റെ  മരണം പോലും പ്രകൃതിക്കു നൊമ്പരമുണ്ടാക്കരുതെന്ന ചിന്തയിലൂടെയാകാം, റീത്തുകളും പുഷ്പ ചക്രങ്ങളും ഉപയോഗിക്കരുതെന്നു അദ്ദേഹം വിലക്കിയത്. തൻ്റെ  കണ്ണുകളിലൂടെ മറ്റൊരാൾക്കു കാഴ്ചശക്തി നൽകിയ പി.ടി,  ചിതാഭസ്മം  പോലും മണ്ണിനു വളമായി മാറണമെന്ന് ആഗ്രഹിച്ചു. പ്രകൃതിയെ അത്ര മാത്രം സ്നേഹിച്ച പി.ടി.ക്കു ഈ മനോഹര തീരത്തു ഇനി ഒരു ജൻമം കൂടി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

പി.എസ് .ശ്രീകുമാർ 

(മുൻ മുഖ്യ മന്ത്രി  ഉമ്മൻ‌ചാണ്ടി യുടെ പ്രൈവറ്റ് സെക്രട്ടറിയും ,പ്രൊഫഷണൽ കോൺഗ്രസിൻറ്റെ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമാണ് )















 

Sunday, 12 December 2021

ഇന്ത്യയുടെ   വിദേശനയവും ജവഹർലാൽ          നെഹ്‌റുവും


പി.എസ് .ശ്രീകുമാർ  

സ്വാതന്ത്ര്യ സമരത്തിൻറ്റെ ആദ്യകാലഘട്ടങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളോ രാഷ്ട്രീയ പാർട്ടികളോ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കാര്യമായി  ശ്രദ്ധിയ്ക്കുകയോ  പഠിയ്ക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ താമസിച്ച അനുഭവവും, പശ്ചാത്തലവുമുണ്ടായിരുന്ന മഹാത്മാ ഗാന്ധിയും, ജവഹർലാൽ നെഹ്രുവും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻറ്റെ ഭാഗമായതുമുതൽ വിദേശ രാജ്യങ്ങളിലെ സംഭവ വികാസങ്ങളെ കുറിച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ്റെ  വേദികളിൽ  ചർച്ചാവിഷയമാകുവാൻ തുടങ്ങി. 1920 ലെ നാഗ് പൂർ  സമ്മേളനത്തിലാണ് വിദേശ രാജ്യങ്ങളുമായി , പ്രത്യേകിച്ചു  അയൽ  രാജ്യങ്ങളുമായി  സഹകരിയ്ക്കണമെന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായി പാസ്സാക്കിയത് . രാഷ്ട്രീയവും, സാമ്പത്തികവുമായ സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടുകളുടെ ഭാഗമായാണ്   വിദേശ കാര്യങ്ങളിൽ അഭിപ്രായ സ്വരൂപണത്തിനായി ജവഹർലാൽ നെഹ്രുവിൻറ്റെ നേതൃത്വത്തിൽ  1936 ൽ  ഒരു വിദേശകാര്യ  സെൽ  കോൺഗ്രസ് പാർട്ടിയിൽ  രൂപീകരിയ്ക്കുകയും റാം മനോഹർ ലോഹ്യയെ അതിൻറ്റെ അധ്യക്ഷനാക്കുകയും ചെയ്തത് .
                    ഒക്ടോബർ  വിപ്ലവത്തിന് ശേഷം  പിതാവായ മോത്തിലാൽ നെഹ്റുവിനൊപ്പം, സോവിയറ്റ് യൂണിയൻ  സന്ദർശിച്ച ജവാഹർലാൽ നെഹ്‌റു അവിടെ നിന്നും ഉൾക്കൊണ്ട സോഷ്യലിസ്റ്റ്  ചിന്താധാര  കോൺഗ്രസ്സ് പാർട്ടിയ്ക്ക് പകർന്നു നൽകി.   ഹിറ്റ്ലറും,മുസ്സോളിനിയും ശക്തരായതോടെ, സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾക്കൊപ്പം നാസിസത്തിനെതിരെയും ഫാസിസത്തിനെതിരെയും ശക്തമായ നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുടർന്നത് .ദേശീയ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള വിദേശ നയങ്ങൾക്ക് മാത്രമേ നിലനില്പുണ്ടാകുകയുള്ളുഎന്ന് മനസിലാക്കിയാണ് ഇന്ത്യൻ നാഷണൽകോൺഗ്രസ്സും  അതിൻറ്റെ നേതാക്കളായ മഹാത്മാ  ഗാന്ധിയും ,ജവഹർലാൽനെഹ്രുവും   ഇന്ത്യയുടെ വിദേശനയത്തിന് സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ തന്നെ രൂപം നൽകിയത്. 1936 ൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ , അദ്ദേഹം ഒരു വിദേശകാര്യവകുപ്പു തന്നെ കോൺഗ്രസ് പാർട്ടിയിൽ രൂപീകരിയ്ക്കുകയും, റാം മനോഹർലോഹ്യയെ അതിൻറ്റെ അധ്യക്ഷനാക്കുകയും ചെയ്തു. സ്വതന്ത്രഭാരതം അന്തർ  ദേശീയരംഗത്ത്  ഏതെങ്കിലും ചേരികളുടെ ഭാഗമാകരുതെന്ന കാഴ്ചപ്പാട് നമ്മുടെ ദേശീയ നേതൃത്ത്വം  എടുത്തിരുന്നു.സ്വതന്ത്ര ഇന്ത്യ , ഭാരതീയരുടെ മാത്രമല്ല ഏഷ്യാ വൻകരയിലെ രാജ്യങ്ങളുടെയും, അതുവഴി ലോകത്തിൻറ്റെ സഹവർത്തിത്വത്തിനും, വളർച്ചയ്ക്കും ,സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ നെടും തൂണാകണമെന്ന കാഴ്ചപ്പാടും നമ്മുടെ ദേശീയ  നേതാക്കൾക്ക്   ഉണ്ടായിരുന്നു  .   ഈ കാഴ്ചപ്പാട് ജവഹർലാൽനെഹ്‌റു                      " ഇന്ത്യയെ കണ്ടെത്തൽ" എന്ന തൻറ്റെ വിശ്രുത ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നെഹ്രുവിനോളം ,  അന്തർദ്ദേശീയ  പ്രശ്നങ്ങൾ മനസിലാക്കുകയും, അഭിപ്രായരൂപീകരണം നടത്തുകയും ചയ്ത മറ്റൊരു നേതാവ് ആ കാലഘട്ടത്തിൽ   ഇല്ലായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദേശനയത്തെകുറിച്ചു വ്യക്തമായ കാഴ്ചപ്പാട്  അന്നേ  ഉണ്ടായിരുന്നതുകൊണ്ടാണ് , സ്വതന്ത്ര ഇന്ത്യ യിലെ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം, വിദേശകാര്യവകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്തത്  . 1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 ൽ അദ്ദേഹം  അന്തരിക്കു  ന്നതുവരെയും , ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിൻറ്റെ കൈകളിൽ ഭദ്രമായിരുന്നു. 

സ്വതന്ത്ര ഇന്ത്യയുടെ വിദേശനയം 
 
           ജവഹർലാൽ നെഹ്‌റുവിനെ  വിലയിരുത്തുന്നത്  ആധുനിക ഇന്ത്യയുടെ ശില്പിയായാണ്. ബഹുമുഖപ്രതിഭയായിരുന്ന നെഹ്രുവിൻറ്റെ കണ്ണുകളും, അദ്ദേഹത്തിൻറ്റെ മനസും ചെന്നെത്താത്ത മേഖലകൾ  ഇന്ത്യയിൽ ഇല്ലായിരുന്നു. മുനിസിപ്പൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ മുതൽ ശാസ്ത്ര സാങ്കേതിക മേഖലകളിലെഗഹനമായ  പ്രശ്നങ്ങൾ വരെ പഠി യ്ക്കുവാനും, പരിഹാരം കണ്ടെത്താനും,അദ്ദേഹത്തിന് സാധിച്ചിരുന്നു.  അദ്ദേഹത്തിൻറ്റെ ഏറ്റവും വലിയ  ഒരു സംഭാവന ഇന്ത്യയുടെ വിദേശനയം കരുപ്പിടിപ്പിയ്ക്കുന്നതിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ,ലോകം അമേരിക്കയുടെയും,  സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിൽ രണ്ടു ചേരികളായി നിന്ന് മത്സരിച്ചിരുന്ന സാഹചര്യത്തിലാണ്  സ്വാതന്ത്ര്യത്തിൻറ്റെ  ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌    അന്തർ ദേശീയ രംഗത്തേക്ക്   ഇന്ത്യ  കടന്നുവന്നത്.  മഹാത്മാ ഗാന്ധിയുടെ  അഹിംസാവാദത്തിൽ അടിയുറച്ചു വിശ്വസിച്ച നെഹ്‌റുവിന്   ,യുദ്ധത്തിൻറ്റെ കെടുതികളും,ബുദ്ധിമുട്ടുകളും , ദൂഷ്യവശങ്ങളും  മനസിലാക്കുവാൻ   സാധിച്ചു. അതുകൊണ്ട് അക്രമങ്ങളിലും ആയുധമേന്തിയുള്ള  ആക്രോശങ്ങളിലും  അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു.എന്നുമാത്രമല്ല  ആക്രമണങ്ങളെ  അകറ്റി നിർത്തുവാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്രാജ്യത്വത്തിനും ,കോളനിവൽക്കരണത്തിനും എതിരെ പോരാടിയ ഒരു രാജ്യമെന്ന നിലയിൽ, രാജ്യത്തിന് ലഭ്യമായ വിഭവങ്ങൾ ,പട്ടിണിയും,കഷ്ടപ്പാടുകളും ഒഴിവാക്കി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും,വികസനാവശ്യങ്ങൾക്കുമാണ് ഉപയോഗിയ്ക്കേണ്ടതെന്ന്  അദ്ദേഹത്തിന് ബോധ്യമായിരുന്നു.  ഈ ലക്ഷ്യത്തോടെയാണ്  പഞ്ചവത്സര പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്.    ജനങ്ങളുടെയും, രാജ്യത്തിൻറ്റെയും   ഭൗതികവും, സാമ്പത്തികവുമായ ഉന്നമനത്തിന്  പകരം,   ആയുധങ്ങൾ വാങ്ങിക്കൂട്ടി സൈനിക ശക്തി കൂട്ടുന്നതിന് അദ്ദേഹം എതിരായിരുന്നു.  
ഈ കാഴ്ചപ്പാട് ഉള്ളതിനാലാണ് അമേരിക്കയുടെയും, സോവിയറ്റ് യൂണിയൻറ്റെയും നേതൃത്വത്തിലുള്ള ശാക്തികചേരികളിൽ ചേരാതെ ,സ്വതന്ത്രമായി നിന്നുകൊണ്ട് ഇന്ത്യയ്ക്ക് ഹാനികരമല്ലാത്ത മേഖലകളിൽ അവരുമായി സഹകരിയ്ക്കുന്ന നിലപാട് കൈക്കൊള്ളാൻ അദ്ദേഹം തീരുമാനിച്ചത്.എന്നാൽ സ്വതന്ത്ര ഇന്ത്യ തങ്ങളുടെ ചേരിയിൽ  അണി നിരക്കണമെന്നു ആഗ്രഹിച്ച ഇരുചേരികളും നെഹ്രുവിൻറ്റെ ഈ വിദേശനയത്തെ  സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്.നെഹ്രുവിൻറ്റെ സ്വതന്ത്ര നിലപാടിനെ അവസരവാദപരമായി കാണാനാണ് ആദ്യകാലഘട്ടത്തിൽ അമേരിക്കൻ ചേരിയും,സോവ്യറ്റ് ചേരിയും ശ്രമിച്ചത്.  തൻറ്റെ കാഴ്ചപ്പാടിൻറ്റെ വിശുദ്ധിയിൽ ദൃഡ  വിശ്വാസമർപ്പിച്ച നെഹ്‌റു തൻറ്റെ ചേരിചേരാനയത്തിനു മറ്റു ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിൽ,   സാവധാനത്തിലാണെങ്കിലും, വിജയിച്ചു. ഈജിപ്ത് പ്രസിഡന്റ് കമാ ൽ അബ്ദുൽ നാസർ , ബർമ പ്രധാനമന്ത്രി യു നു , യുഗോസ്ലാവിയ പ്രസിഡന്റ് മാർഷൽ ടിറ്റോ, ഇന്തോനേഷ്യൻ   പ്രസിഡൻറ്റ   സ് സുക്കാർനോ,ഘാന പ്രസിഡന്റ് എൻക്രുമ എന്നിവരോടൊപ്പം ചേർന്ന്   നെഹ്‌റു രൂപം നൽകിയ ചേരിചേരാ രാഷ്ട്രങ്ങളുടെ കൂട്ടായ്മ വളരെവേഗമാണ്  സ്വാതന്ത്ര്യം ലഭിച്ച കിഴക്കും പടിഞ്ഞാറുമുള്ള മറ്റു ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശക്തമായ ഒരു പ്രസ്ഥാനമായി മാറിയത്. ഒരു ചേരിയിലുംനിലകൊള്ളാതെ , ലോകസമാധാനത്തിനുള്ള പ്രസ്ഥാനമായാണ് ഈ കൂട്ടായ്മയെ നെഹ്‌റു കരുപ്പിടിപ്പിച്ചത്. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ   ഓരോ  രാജ്യത്തെയും ഗുണദോഷങ്ങൾ മനസിലാക്കിയുള്ള  പ്രശ്നാധിഷ്ഠിതമായ സമീപനമായിരുന്നു ചേരിചേരരാജ്യങ്ങളുടെ പ്രവർത്തനരീതി. 1956 ൽ സൂയസ് കനാൽ ദേശസാത്കരിയ്ക്കാൻ അബ്ദുൾനാസർ തീരുമാനിച്ചതോടെ ഇസ്രയേലും,ബ്രിട്ടനും ,ഫ്രാൻസും സൈനികബലത്തിൽ സൂയസ്‌ക്കനാൽ കൈയടക്കാൻ നടത്തിയ ശ്രമത്തോടെയാണ് സൂയസ് കനാൽ   പ്രശ്‍നം    രൂക്ഷമായത് .  ഈ  പ്രശ്‍നം  പരിഹരിയ്ക്കാൻ അമേരിയ്ക്കയ്ക്കും  സോവ്യറ്റ് യൂണിയനുമൊപ്പം ഇന്ത്യയും പങ്കു വഹിച്ചു. 1962 ലെ ക്യൂബൻ പ്രതിസന്ധി , 1962 ലെ തന്നെ ഇന്ത്യ -ചൈന യുദ്ധം തുടങ്ങിയ സംഭവങ്ങൾ  ഉണ്ടായപ്പോൾ ,നിഷ്പക്ഷമായ ഇടപെടലുകൾ നടത്താൻ ചേരി-ചേരാ രാജ്യങ്ങൾ ശ്രമിച്ചിരുന്നു.  ഹങ്കറിയിലെ  സോവ്യറ്റ് അധിനിവേശത്തിനെതിരെയും   ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വർണവിവേചനം അവസാനിപ്പിയ്ക്കുന്നതിനും ഇന്ത്യയുടെ നേതൃത്വത്തിൽ, ചേരി-ചേരാ  രാജ്യങ്ങൾ തങ്ങളുടേതായ പങ്ക് നിർവഹിച്ചു.
                   നെഹ്രുവിൻറ്റെ വിദേശനയത്തിൻറ്റെ പരീക്ഷണശാലയായിരുന്നു  ഇന്ത്യ-ചൈന ബന്ധം.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്  രണ്ടു വർഷങ്ങൾക്ക്  ശേഷം മാത്രം സ്വതന്ത്രയായ ചൈനയിലെ  മാവോസേതൂങ്ങിൻറ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു.   അയൽ  രാജ്യമെന്ന നിലയിൽ ചൈനയുമായി സൗഹൃദാന്തരീക്ഷത്തിലുള്ള ബന്ധമായിരുന്നു നെഹ്‌റു ആഗ്രഹിച്ചത് . സ്വാതന്ത്ര്യ ലബ്ധിയ്ക്കു മുൻപ് തന്നെ ഈ നിലപാട് നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട് .1937 ൽ ജപ്പാൻ   മഞ്ചൂറിയ  ആക്രമിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജപ്പാനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. മാത്രമല്ല ഇന്ത്യയിൽ നിന്നും  അവശ്യമരുന്നുകളും,  പ്രശസ്ത ഭിഷഗ്വരനായ  ഡോ .കോട് നിസ്സിൻറ്റെ   നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു ടീമിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൈനയിലേക്ക് അയച്ചിരുന്നു. തിബറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ   അസ്വാരസ്യങ്ങൾ  ഉടലെടുത്തത്. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധത്തിൽ പോകണമെന്ന് താല്പര്യപ്പെട്ടിരുന്ന നെഹ്‌റുവിനെ വളരെയധികം വേദനിപ്പിച്ചസംഭവമാണ് 1950 ഒക്ടോബറിൽ ചൈനയുടെ സൈന്യം തിബറ്റിൽ പ്രവേശിച്ചത് .അതുവരെയും ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്ന    തിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിൽ ഇന്ത്യയുടെ ആശങ്ക നെഹ്‌റു, ചൈനയുടെ പ്രധാനമന്ത്രി ചൗ എൻ ലായിയെ നേരിട്ട് അറിയിച്ചു .  എന്നാൽ , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതിരിയ്ക്കാൻ പരസ്യ പ്രസ്താവന നെഹ്‌റു ഒഴിവാക്കി.  ചൗ എൻ ലായി  1954 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ,  രാജ്യങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും ബഹുമാനിയ്ക്കുമെന്നും, സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും, ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ലെന്നും, പരസ്പര സഹായത്തിൽ ഊന്നിയുള്ള സമാധാനപരമായ സഹവർത്തിത്വം  നില നിർത്തുമെന്നുമുള്ള  പഞ്ചശീലതത്വങ്ങൾ  ഇരു രാജ്യങ്ങളും  രേഖാമൂലം  അംഗീകരിച്ചു.                      തിബറ്റിൻറ്റെ നിയന്ത്രണം    സൈന്യത്തെ ഉപയോഗിച്ച്   ചൈന  കയ്യടക്കിയതോടെയാണ് ഇന്ത്യയും, ചൈനയും അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളായി മാറിയത്.   തിബറ്റിൻറ്റെ ഭരണാധികാരിയായിരുന്ന ദലൈലാമയെ തടങ്കലിലാക്കാനുള്ള നീക്കമുണ്ടായപ്പോൾ , അദ്ദേഹം തലസ്ഥാനമായ ലാസയിൽ നിന്നും  വേഷ പ്രച്ഛന്നനായി  രക്ഷപ്പെട്ട്  , ഇന്ത്യയിൽ അഭയാർത്ഥിയായി എത്തി. ദലൈലാമയ്ക്ക് അഭയം നൽകിയതോടെ  ഇന്ത്യയെ ശത്രുതാമനോഭാവത്തോടെ ചൈന വീക്ഷിയ്ക്കുവാൻ തുടങ്ങി
. തിബറ്റുമായുള്ള ഇന്ത്യയുടെ അതിർത്തി മാനിയ്ക്കുവാൻ ചൈന തയാറായില്ല. അതിർത്തിയിൽ ഇന്ത്യ അറിയാതെ റോഡ് നിര്മിച്ച ചൈന  പുതിയ അവകാശവാദങ്ങൾ ഉന്നയിച്ച്  അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കുവാനും തുടങ്ങി.  ചൗ  എൻ ലായി യുമായി 1960 ൽ നടത്തിയ അതിർത്തി സംബന്ധിച്ച ചർച്ചകളും പരാജയപ്പെട്ടു. ഇന്ത്യ-ചൈന അതിർത്തിയായി  നിശ്ചയിച്ചിരുന്ന മക് മഹൻ രേഖ   അംഗീകരിയ്ക്കാൻ ചൈന തയാറായില്ല .  1962 ഡിസംബറിൽഅതിർത്തി സംബന്ധിച്ച്     ബ്രിട്ടീഷ് ഭരണ കാലയളവുമുതൽ ഉണ്ടായിരുന്ന  എല്ലാ  കരാറുകളും   കാറ്റിൽ പറത്തിക്കൊണ്ട്  ലഡാക്കിലും,  അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള  അതിർത്തികളിലും   ചൈന കടന്നുകയറ്റം നടത്തി.  തമ്മിലുള്ള  ബന്ധങ്ങളുടെ  സീമകൾ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ കടന്നു കയറ്റം അപ്രതീക്ഷിതമായിരുന്നു. അയൽ   രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകുകയില്ലെന്നു ഉറച്ചു വിശ്വസിച്ച നെഹ്‌റു, നമ്മുടെ സൈനിക ശേഷിയും, ആയുധശേഷിയും, വർദ്ധിപ്പിയ്ക്കുന്നതിനേക്കാൾ ഊന്നൽ നൽകിയത്  പരസ്പര  സഹകരണത്തിലും, സാഹോദര്യത്തിലുമായിരുന്നു.
യുദ്ധമുണ്ടായ സന്ദർഭത്തിൽ ഒരു  സഹോദര കമ്മ്യൂണിസ്റ്റ് രാജ്യമെന്ന നിലയിൽ സോവിയറ്റ് യൂണിയൻ ഒരു പക്ഷവും  പിടിക്കാതെ    മാറി നിന്നു .   അമേരിക്ക യുദ്ധത്തിൻറ്റെ ആദ്യ ദിനങ്ങളിൽ സഹായം നൽകിയില്ലെങ്കിലും, പിന്നീട് ഇന്ത്യയ്ക്ക് സൈനിക സഹായം വാഗ്ദാനം ചെയ്യുകയും, ചൈനയെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ്  ചൈന ഏക പക്ഷീയമായി   വെടി  നിർത്തൽ പ്രഖ്യാപിയ്ക്കുകയും, യുദ്ധത്തിന് മുമ്പുള്ള നിലയിലേയ്ക്ക് സൈനികരെ പിൻവലിയ്ക്കുകയും ചെയ്തത് . 
യുദ്ധം തീർന്നെങ്കിലും, അതുണ്ടാക്കിയ പ്രകമ്പനങ്ങളും, അസ്വാരസ്യങ്ങളും ഇന്ത്യ-ചൈന ബന്ധത്തിൽ ഇപ്പോഴും നില നിൽക്കുന്നു. യുദ്ധത്തിന് ശേഷം പ്രതിരോധരംഗത്തു   ആധുനികവൽക്കരിക്കാനുള്ള  ശ്രമങ്ങൾ  ഇന്ത്യ കൈക്കൊണ്ടു. ഓരോ വര്ഷം കഴിയുന്തോറും പ്രതിരോധ ചെലവ് വർദ്ധിച്ചു വരികയാണ് .ചേരിചേരാ  നയം പിന്തുടർന്നെങ്കിലും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നയമാണ്‌   പിന്നീട് വിദേശ നയത്തിലും പ്രതിഫലിച്ചത് .ഇന്ത്യയുടെ സൗഹൃദത്തിനും വിട്ടുവീഴ്ചയ്ക്കും,തെല്ലും വില കല്പിയ്ക്കാത്ത ചൈനയുടെ നയത്തിൽ മനംനൊന്ത നെഹ്‌റു 1964 ൽ അന്തരിച്ചതോടെ   ലാൽ ബഹാദൂർ ശാസ്ത്രി  അധികാരത്തിലെത്തി. ശാസ്ത്രിയും, ചേരി-ചേരാ  നയം തന്നെ പിന്തുടർന്നു . അദ്ദേഹം  പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളി  1965  ലെ പാക്കിസ്ഥാൻ ആക്രമണമായിരുന്നു.  ഓപ്പറേഷൻ ജിബ്രാൾട്ടർ  എന്ന പേരിൽ കാശ്മീരിൽ നുഴഞ്ഞു കയറിയ  പാക്കിസ്ഥാൻ സൈന്യമാണ് യുദ്ധത്തിന് കാരണം.  ഈ യുദ്ധത്തിൽ പാക്കിസ്ഥാന്  ആയുധം നൽകി സഹായിച്ചത് അമേരിക്കയും, ബ്രിട്ടനുമായിരുന്നു. ഐക്യ രാഷ്ട്ര സഭയിൽ  പാകിസ്താൻറ്റെ  ആക്രമണം ഇന്ത്യ ഉന്നയിച്ചെങ്കിലും,  സോവിയറ്റ് യൂനിയന്റ്റെ  മദ്ധ്യസ്ഥ  തയിലാണ് യുദ്ധം അവസാനിച്ചത്. 
സമാധാന ചർച്ചക്ക് വേദിയായ താഷ്‌ക്കന്റിൽ  വച്ചുതന്നെയായിരുന്നു  ഹൃദയാഘാതത്തെ തുടർന്ന്  ശാസ്ത്രി അന്തരിച്ചതും.
 
ബംഗ്ലാദേശിന് വിമോചനം നൽകിയ ഇന്ദിരയുടെ നയം 

ശാസ്ത്രിയ്ക്കു ശേഷം അധികാരത്തിലേറിയ ഇന്ദിരാഗാന്ധിയും സാമ്പത്തിക -സൈനിക മേഖലകളിൽ സ്വന്തം ശക്തി വർധിപ്പിച്ചുകൊണ്ടുള്ള ചേരി- ചേരാ നയമാണ്     പിന്തുണർന്നത് .   അണ്വായുധ നിർവ്യാപന കരാറിൽ  ഇന്ത്യ ഒപ്പിടണമെന്ന നിബന്ധനകളോടെ സഹായം നൽകാമെന്ന് അമേരിയ്ക്ക വാഗ്ദാനം നൽകിയപ്പോൾ , ചരടുകളില്ലാത്ത വിദേശ സഹായം മതി ഇന്ത്യയ്ക്കെന്ന ഉറച്ച നിലപാടാണ് ഇന്ദിരാഗാന്ധി കൈക്കൊണ്ടത് . ബംഗ്ലാദേശ് വിമോചന   യുദ്ധ സമയത്തു്  പാകിസ്താനാനുകൂല നിലപാടുമായി അമേരിയ്ക്കയും, ചൈനയും നില കൊണ്ടപ്പോൾ , സോവിയറ്റ് യൂണിയനുമായി സഹകരിയ്ക്കുവാനും,  ദീർഘകാല  സൗഹൃദ ഉടമ്പടി ഒപ്പു വയ്ക്കുവാനും , ഇന്ദിരാഗാന്ധി തയ്യാറായി. സോവിയറ്റ് യൂണിയനുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധമുണ്ടാക്കുവാനും , പാലസ്റ്റീൻ പ്രശ്നത്തിൽ , പാലസ്റ്റീൻ വിമോചന പ്രസ്ഥാനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുവാനും  അറബിരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢ മാക്കുവാനും ഇന്ദിരാഗാന്ധി രൂപം നൽകിയ വിദേശനയത്തിലൂടെ സാധിച്ചു .ആഫ്രിക്കൻ രാജ്യങ്ങളിൽ നടന്ന വിമോചന പ്രക്ഷോഭങ്ങൾക്കും  വർണ വെറിക്കുമെതിരെയുള്ള നിലപാടുകൾ ഇന്ത്യയുടെ വിദേശനയത്തിനു കരുത്തേകി . ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ഇന്ത്യ നേരിട്ട വലിയ വെല്ലുവിളി  1974 ൽ നടത്തിയ അണുപരീക്ഷണമായിരുന്നു.  സമാധാന പരമായ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ്   അണു  പരീക്ഷണം നടത്തിയതെന്ന് നമ്മൾ പറഞ്ഞപ്പോൾ,  ആ വാദം അംഗീകരിക്കാൻ  അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറായില്ല.  ഇന്ത്യക്കെതിരെ നിരവധി രാജ്യങ്ങൾ വിലക്കുകൾ ഏർപ്പെടുത്തിയെങ്കിലും, അണു  ബോംബ് ഉ ആഗോളതലത്തിൽ അംഗീകാരം ണ്ടാക്കുവാൻ  ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന ഇന്ദിര ഗാന്ധിയുടെ   ഉറപ്പിൻറ്റെ  ബലത്തിൽ എതിർപ്രചാരണങ്ങളെ അതിജീവിക്കുവാൻ നമുക്ക് സാധിച്ചു.
 
അന്തർദേശിയ രംഗത്ത് തിളങ്ങിയ രാജീവ് ഗാന്ധി
 
  നെഹ്‌റു കരുപ്പിടിപ്പിച്ച ചേരിചേരാ നയം തന്നെയായിരുന്നു    ഇന്ദിര ഗാന്ധിക്ക് ശേഷം,  പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ്ഗാന്ധി  തുടർന്നത് .  ചേരിചേരാ പ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ  അദ്ദേഹം ശ്രമിച്ചു. . അമേരിക്കയുടേയും  സോവിയറ്റ് യൂണിയൻറ്റെയും  നേതാക്കളുമായി  ചർച്ചനടത്തി  അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  വിദേശനയം  അദ്ദേഹത്തിന്‌ ആഗോളതലത്തിൽ അംഗീകാരം   നേടിക്കൊടുത്തു. ശ്രീലങ്കയിൽ എൽ ടി ടി ഇ  തീവ്രവാദികൾ,  സർക്കാരിനെതിരെ ആരംഭിച്ച  ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന്റ്റെ ഭാഗമായി  രാജീവ് ഗാന്ധിയും, ശ്രീലങ്ക പ്രസിഡൻറ്  ജയവർധനെയും ഒപ്പുവച്ച     ഇൻഡോ-ശ്രീലങ്ക കരാറും, മാലിദ്വീപിൽ  മോഹഭംഗം വന്ന ചില വ്യവസായികളും,  ശ്രീലങ്കയിലെ ഒരു വിഭാഗം തീവ്രവാദികളും ചേർന്ന്  മാലി പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ  അധികാര ഫ്രഷ്‌ഠന ക്കുവാൻ  നടത്തിയ സായുധ കലാപവും  ഇന്ത്യൻ സൈന്യത്തെ അയച്ച്   അമർച്ചചെയ്തത്  രാജീവ് ഗാന്ധിയുടെ വിദേശനയത്തിലെ പൊൻ  തൂവലുകളാ കളായിരുന്നു.
 1964 ലെ യുദ്ധത്തിന് ശേഷം, ചൈന സന്ദർശിച്ച  ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.   ചൈനയുമായുള്ള  ബന്ധത്തിൽ  ഒരു പുതിയ തുടക്കം കുറിക്കുവാൻ  അദ്ദേഹത്തിന്റെ സന്ദർശനത്തിനു  സാധിച്ചു .   ഉൾപ്പെടെയുള്ള നിലവിലുണ്ടായിരുന്ന നയങ്ങൾ തന്നെ തുടരുകയായിരുന്നു കേന്ദ്രത്തിൽ , പിന്നീട്   അധികാരത്തിലേറിയ ഇടക്കാല സര്കാരുകളെല്ലാം .

ഉദാരവത്ക്കരണത്തിലൂന്നിയ നയം  

          1991 ലെ തെരഞ്ഞെടുപ്പിലൂടെ  പ്രധാനമന്ത്രിയായ  നരസിംഹ റാവു  ഉദാരവൽക്കരണ നയങ്ങളിലൂടെ സമ്പത്‌വ്യവസ്ഥയെ  ശക്തിപ്പെടുത്തിയതിനൊപ്പം  വിദേശ നയങ്ങളിലും ഒരു പൊളിച്ചെഴുത്തു   നടത്തി.  സോവിയറ്റ് യൂനിയന്റ്റെ  തകർച്ചക്ക് ശേഷം അമേരിക്ക ഏക ലോക ശക്തിയായിയിരുന്ന അവസരമായിരുന്നതു  കൊണ്ട്  , അമേരിക്ക ഉൾപ്പെടെയുള്ള . പാശ്ചാത്യ രാജ്യങ്ങളുമായി  സൗഹൃദം ശക്തിപ്പെടുത്തുന്നതിന്   റാവു തൻറ്റെ  വിദേശനയത്തിലൂടെ ശ്രമിച്ചു. ഒപ്പം പൂർവേഷ്യൻ  രാജ്യങ്ങളുമായി  ബന്ധം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം   നടപടികൾ എടുത്തു .  അന്നുവരെ  പിന്തുടർന്ന നെഹ്രുവിന്റെ വിദേശ നയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട്  ഇസ്രയേലുമായി  നയതന്ത്രബന്ധം സ്ഥാപിച്ചു.  നമ്മുടെ വിദേശ നയത്തിൽ വരുത്തിയ  കാതലായ ഒരു മാറ്റമായിരുന്നു  ഈ നടപടിയിലൂടെ  റാവു വരുത്തിയത്. ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിനു ഉപോദ്‌ബലകമായ  വിദേശനയമാണ്  റാവു സർക്കാർ പിന്തുടർന്നത്. അമേരിക്കയുമായി മാത്രമല്ലാ , റഷ്യയുമായും, ഇസ്രയേലുമായും, അറബ് രാജ്യങ്ങളുമായും, ഇറാനും പാകിസ്ഥാനുമായും ഒരേ സമയം നല്ല ബന്ധമുണ്ടാക്കുന്നതിൽ റാവു സർക്കാർ വിജയിച്ചു.

       റാവു   സർക്കാരിന് ശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റത്  ബി ജെ പി നേതാവ് എ.ബി. വാജ്പേയി ആയിരുന്നു.  ആർ എസ് എസ്  നിലപാടുകളിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള  പ്രായോഗിക സമീപനമാണ് വിദേശനയത്തിൽ  അദ്ദേഹം  പ്രകടമാക്കിയത്.  ചൈനയുമായും  , പാകിസ്ഥാനുമായും ഉണ്ടായിരുന്ന ശത്രുത ഉപേക്ഷിച്ചു ബന്ധം പുനസ്ഥാപിക്കുവാൻ 1977-79 കാലഘട്ടത്തിൽ  മൊറാർജി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹം  എടുത്ത നടപടികളുടെ തുടർച്ചയാണ് പ്രധാനമന്ത്രിയെന്ന നിലയിലും  അദ്ദേഹം പിന്തുടർന്നത്. ഇന്ത്യയെ  ഒരു ആണവ ശക്തിയായി മാറ്റണമെന്ന ആഗ്രഹത്തോടെയാണ്, അമേരിക്കയുടെ നേതൃത്വത്തിലുള്ള ശക്തികളുടെ എതിർപ്പ് വകവെക്കാതെ  1998 ൽ  അണുപരീക്ഷണങ്ങളുമായി  മുന്നേറിയത്‌. അദ്ദേഹം പ്രധാന മന്ത്രിയായി സ്ഥാനം ഏറ്റെടുത്തു രണ്ടുമാസങ്ങൾക്കുള്ളിൽ പൊഖ്‌റാനിൽ വീണ്ടും അണുപരീക്ഷണം നടത്തി. അതോടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോ ധം പ്രഖ്യാപിച്ചു.  പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി ഇന്ത്യയിൽ നിന്നും ലാഹോറിലേക്കു ബസ് സർവീസ് അദ്ദേഹം ആരംഭിച്ചു. അതിനോടനുബന്ധിച്ചു നവാസ് ഷെരീഫുമായി നടത്തിയ ചർച്ചയിലൂടെ ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ രണ്ടു രാജ്യങ്ങളും സമാധാന പരമായ ചർച്ചയിലൂടെ  പരിഹരിക്കുമെന്നും  ഇരു നേതാക്കളും പ്രസ്താവിച്ചു.എന്നാൽ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കാത്ത  പാകിസ്ഥാൻ പട്ടാളം , സൈനിക  മേധാവിയായ പർവേസ് മുഷാറഫിൻറ്റെ  നിർദേശാനുസരണം ഇന്ത്യൻ ഭൂപ്രദേശമായ കാർഗിൽ കൊടുമുടി  രഹസ്യ നീക്കങ്ങളിലൂടെ പിടിച്ചടക്കി.  ഒടുവിൽ  ഇന്ത്യയുടെ നാന്നൂറോളം സൈനികരുടെ ജീവൻ ബലികൊടുത്താണ് കാർഗിൽ പരിമിതമായ ഒരു യുദ്ധത്തിലൂടെ മോചിപ്പിച്ചത്.  വാജ്പയീയുടെ വിദേശനയത്തിലെ ഒരു കറുത്ത  ഏടായി മാറിയത്   പാക്കിസ്ഥാൻ ഭീകരർ   കാട്ട്മണ്ഡുവിൽ   നിന്നുമുള്ള  ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിക്കൊണ്ടു അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാറിൽ കൊണ്ടുപോയതും,അതിലെ യാത്രക്കാരുടെ മോചനത്തിനായി  കൊടും ഭീകരനായ  മസൂദ് അസ്‌ഹറിനെയും കൂട്ടാളികളെയും വിട്ടുകൊടുക്കേണ്ടി വന്നതുമാണ്. കഴിഞ്ഞതെല്ലാം മറന്ന്  പാകിസ്താനുമായി 2001  ജനുവരി മാസത്തിൽ വീണ്ടും ഇസ്ലാമാബാദിലെത്തി ചർച്ചനടത്തി അധികം വൈകാതെ പാകിസ്ഥാൻ ഭീകരർ  ഇന്ത്യൻ പാർലമെൻറ്  ആക്രമിച്ചു. അതോടെ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഉണ്ടായി. ഈ സംഘർഷാവസ്ഥക്ക്‌  ശമനം ഉണ്ടായത്   ഏകദേശം ഒരു വർഷത്തിനുശേഷമാണ്.

  2003 ൽ അദ്ദേഹം നടത്തിയ  ബെയ്‌ജിങ്‌ സന്ദർശനത്തോടെ ചൈനയുമായുള്ള ബന്ധത്തിൽ ഊഷ്മളത  കൈവന്നു.  അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഉദ്യോഗസ്ഥ തലത്തിലെ ചർച്ചകൾ പോരാ എന്ന് മനസ്സിലാക്കി, രാഷ്രിയ തലത്തിലേക്ക് ചർച്ചകൾ ഉയർത്താൻ തീരുമാനിക്കുകയും, ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേശകനായ  ബ്രിജേഷ് മിശ്രയെയും ചൈനയുടെ  കമ്മ്യൂണിസ്റ്റ് പാർട്ടി സീനിയർ നേതാവായ ഡായ് ബിങ്ഗ്യോവിനേയും പ്രത്യേക 
പ്രതിവരെ നിധികളായി നിയോഗിക്കുകയും ചെയ്തു. 

മൻമോഹണോമിക്സിൽ  ഊന്നിയ വിദേശ നയം 

സാമ്പത്തിക ശാസ്ത്രജ്ഞനായ   ഡോ.മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിൽ   2004 മുതൽ 2014  അധികാരത്തിലിരുന്ന സർക്കാർ പാകിസ്ഥാനുമായും, ചൈനയുമായും ബന്ധം മെച്ചപ്പെടുത്തുന്നതിന് ശ്രമിച്ചതിനൊപ്പം  "Look East " നയം , രൂപികരിച്ചു , തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും, ആഫ്രിക്കൻ രാജ്യങ്ങളുമായും ജപ്പാനും അമേരിക്കയും ഉൾപ്പെടെയുള്ള  രാജ്യങ്ങളുമായും വ്യാപാര ബന്ധങ്ങളും ,മെച്ചപ്പെടുത്തുവാനുള്ള നടപടികൾ  എടുത്തു. അമേരിക്കയുമായി നടത്തിയ സുദീർഘ ചർച്ചകളിലൂടെ  സിവിൽ ആണുവായുധ കരാർ  ഒപ്പുവെക്കുവാൻ  സാധിച്ചതിനു പുറമെ      ന്യൂക്ലിയാർ   സപ്പ്ലയേഴ്‌സ് ഗ്രൂപ്പിൽ അംഗത്വം ലഭിക്കുവാൻ  അമേരിക്കയുടെ  പിന്തുണ  ഉറപ്പിക്കുവാൻ   സാധിച്ചു.  അതോടെ 1998 ലെ  അണുപരീക്ഷണങ്ങൾക്കു ശേഷം, ഇന്ത്യക്കെതിരെ അമേരിക്കയും സ്ഖ്യകക്ഷികളും  നടപ്പിലാക്കിയ  സാമ്പത്തിക ഉപരോധങ്ങൾ  പിൻവലിച്ചു.അദ്ദേഹം അധികാരത്തിലിരുന്ന പത്തുവർഷ കാലവും അമേരിക്കയുമായും,ചൈനയുമായും, പാകിസ്ഥാനുമായും   ഉള്ള ബന്ധം  മെച്ചപ്പെടുത്തുവാൻ സാധിച്ചു. അതോടൊപ്പം,  റഷ്യയുമായി 1971 മുതൽ നമുക്കുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനും, ജപ്പാനുമായി  തന്ത്രപ്രധാനമായ  ബന്ധം ഉണ്ടാക്കുവാനും സാധിച്ചു.  മധ്യേഷ്യയിലെ,  ഗൾഫ് രാജ്യങ്ങളുമായും, ആഫ്രിക്കൻ രാജ്യങ്ങളുമായും  നമുക്കുള്ള ബന്ധം ശക്തിപ്പെടുത്താനും മൻമോഹൻ സിംഗ് പ്രത്യേക താല്പര്യം എടുത്തു.

പാകിസ്താനുമായള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടന്നുവരവെയാണ്  2008 നവംബര് മാസത്തിൽ മുംബൈ നഗരം പാകിസ്ഥാൻ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലക്ഷ്കർ -ഇ-തയിബ  എന്ന ഇസ്ലാമിക തീവ്രവാദികളായ പത്തു പേർ  മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ  നടത്തിയ തീവ്രവാദി ആക്രമണങ്ങളിൽ 175 ആളുകളാണ് കൊല്ലപ്പെട്ടത്.  അതോടെ  പാകിസ്താനുമായുള്ള ബന്ധം വീണ്ടും വഷളായി. ബംഗ്ലാദേശുമായി ദീർഘകാലമായി നിലനിന്ന  ടീസ്റ്റ നദീജല  തർക്കം സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനും സാധിച്ചു. സമാനതകളില്ലാത്ത വളർച്ച   രാജ്യ താല്പര്യം സംരക്ഷിച്ചു കൊണ്ടുള്ള വിദേശ ബന്ധങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-വാണിജ്യ മേഖലകളിലും,   ആഭ്യന്തര ഉത്പ്പാദനത്തിലും    വളർച്ച ഉണ്ടാക്കുവാനും അദ്ദേഹത്തിൻറ്റെ  ഭരണ കാലയളവിൽ  സാധിച്ചത്  വിദേശനയതിൻറ്റെ    പ്രതിഫലനമായിരുന്നു.

മോദിയുടെ വിദേശ നയം 

2014  മെയ് മാസത്തിലാണ് നരേന്ദ്ര മോദി  ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആദ്യം അധികാരത്തിലേറിയത്  .  കീഴ്വഴക്കങ്ങളിൽ നിന്നും വ്യത്യസ്‌തമായി  അദ്ദേഹത്തിന്റെ  സത്യപ്രതിജ്ഞ ചടങ്ങിലേക്ക്   പാകിസ്ഥാൻ  പ്രധാനമന്ത്രി  നവാസ് ഷെരീഫ്  ഉൾപ്പെടെ    സാർക് രാജ്യങ്ങളിലെ  ഭരണത്തലവന്മാരെയെല്ലാം  പങ്കെടുപ്പിച്ചുകൊണ്ട്  വളരെയേറെ  അന്താരാഷ്ട്ര  ശ്രദ്ധനേടി.  അധികാരം ഏറ്റ്   അധികം വൈകാതെ   അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിച്ച്   ഉഭയ കക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുവാൻ   അദ്ദേഹം ശ്രമിച്ചു. അമേരിക്കയുമായി  നിരവധി വാണിജ്യ  കരാറുകളിൽ ഒപ്പുവച്ചതിനു പുറമേ  ആദ്യമായി  പ്രതിരോധ രംഗത്തും  സഹകരിച്ചു പ്രവർത്തിക്കാൻ കരാറുകളിൽ ഒപ്പുവച്ചു.  ഇൻഡോ- പസിഫിക്      സമുദ്ര   മേഖലയിൽ  ചൈനയുടെ ആധിപത്യത്തിനെതിരെ  അമേരിക്കയും,ഓസ്‌ട്രേലിയയും, ജപ്പാനും ചേർന്നുള്ള ചതുർ രാഷ്ട്ര  സഖ്യത്തിൽ ഇന്ത്യ അംഗമായി ചേർന്നത്  ചൈനക്കെതിരെയുള്ള ഒരു സൈനിക സഖ്യ നീക്കമാണെന്ന   ആരോപണം  ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ  ഉന്നയിക്കുന്നുണ്ട്.   അമേരിക്കൻ  പ്രസിഡൻറ്   ആയിരുന്ന ബരാക്ക് ഒബാമയുമായും, പിന്നീട് വന്ന ഡൊണാൾഡ് ട്രംപുമായും വ്യക്തിപരമായ  ബന്ധം ഊട്ടിഉറപ്പിച്ചു കൊണ്ടാണ് അമേരിക്കയുമായി  കൂടുതൽ അടുത്ത ബന്ധം  അദ്ദേഹം സ്ഥാപിച്ചത്. പ്രഗത്ഭയായ സുഷമ സ്വരാജ് ഉൾപ്പെടെയുള്ള ,  ഇന്ത്യയുടെ  വിദേശകാര്യമന്ത്രിമാർ  പലപ്പോഴും  മോദിക്ക് മുമ്പിൽ    നിഴലുകളായി മാറുന്ന ഒരു ചിത്രം  മോദി  ഭരണത്തിൽ മുഴച്ചുനിൽക്കുന്നുണ്ട്. 

പാകിസ്താനുമായുള്ള ബന്ധത്തിൽ  ഒരു തുടർച്ചയില്ല എന്ന വിമർശനം പലഭാഗത്തുനിന്നും ഉന്നയിക്കുന്നുണ്ട്.  രാജ്യത്തിൻറ്റെ  നയം എന്നതിനുപരി, വ്യക്തിപരമായ മഹത്വൽക്കരണം  വിദേശനയത്തിൽ കടന്നുകൂടുന്നതിൻറ്റെ  പ്രകടമായ ഉദാഹരണമായി  ചൂണ്ടിക്കാട്ടപ്പെടുന്നത്   അദ്ദേഹം പാകിസ്ഥാൻ പ്രധാന മന്ത്രിയായിരുന്ന നവാസ് ഷെറീഫിന്റെ  വസതിയിൽ നടത്തിയ  സന്ദർശനമാണ്. രണ്ടു ദിവസം നീണ്ടുനിന്ന റഷ്യൻ സന്ദർശനത്തിനും, ഒരു ദിവസത്തെ  അഫ്ഘാൻ സന്ദർശനത്തിനും ശേഷമാണ്  നവാസ് ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി, 2015  ഡിസംബർ  25 ന്  അദ്ദേഹത്തിണ്റ്റെ  ലാഹോറിലെ കുടുംബ വീട്ടിൽ എത്തിയത്.  മോദിയുടെ സന്ദർശനത്തിന്റെ ചൂടാറും മുമ്പ്  2016 ജനുവരി 2 ന് ജെയ്ഷ് -ഇ- മുഹമ്മദ് ഭീകരർ പഞ്ചാബിലെ പത്തൻകോട് വായുസേന സ്റ്റേഷനിൽ ഭീകരാക്രമണം നടത്തി പത്തോളം സൈനികരെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും വധിച്ചു.  അതോടെ ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തിൽ വീണ്ടും വിള്ളൽ ഉണ്ടായി, 2016 ൽ തന്നെ സെപ്റ്റംബറിൽ  കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിൽ ജെയ്ഷ് -ഇ-  മുഹമ്മദ് ഭീകരർ ആക്രമണം നടത്തി  19 ജവാന്മാരെ വധിച്ചു.  ഈ ആക്രമണങ്ങളുടെയെല്ലാം  സൂത്രധാരിയായ  ജെയ്ഷ് -ഇ മുഹമ്മദ്  തലവനായ മസൂദ് അസ്ഹറിനെ തീവ്രാദ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും, വിചാരണക്കായി ഇന്ത്യക്കു കൈമാറണമെന്നുമുള്ള ആവശ്യം പാകിസ്ഥാൻ  നിരസിച്ചതോടെ പാകിസ്താനുമായുള്ള ബന്ധം കൂടുതൽ അകൽച്ചയിലേക്കുപോയി. 2019  ഫെബ്രുവരിയിൽ പുൽവാമയിലെ സി.ആർ.പി.എഫ്  ക്യാമ്പ് ആക്രമിച്ചു 40  ജവാന്മാരെ വധിച്ചതോടെ  കേ ന്ദ്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളെ  ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി.   അതോടെ    തിരിച്ചടിക്കാതിരിക്കാൻ നിവർത്തിയില്ലാത്ത  ഘട്ടം വന്ന സാഹചര്യത്തിലാണ്  പാകിസ്ഥാൻ അധീന കശ്മീരിലെ ബലാകോട്ടിലുള്ള  തീവ്രവാദ പരിശീലന  കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ലക്ഷർ -ഇ-തയ്‌ബക്കാരായ  കുറെ തീവ്രവാദികളെ  ഇന്ത്യൻ സൈന്യം  കൊന്നത്. ഏതായാലും ഇതൊക്കെ സൂചിപ്പിക്കുന്നത്  പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടു5ത്തുന്നതിൽ  വന്ന പരാജയമാണ്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി  തർക്കം രാഷ്ട്രീയ തലത്തിൽ  ചർച്ച ചെയ്ത്  പരിഹരിക്കാനായി  വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ  രൂപീകരിച്ച സ്പെഷ്യൽ റെപ്രസന്റേറ്റീവ്  തലത്തിലെ  സംവിധാനം   മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും തുടർന്നെങ്കിലും,  മോദി സർക്കാർ അധികാരത്തിൽ വന്നശേഷം  അതിൻറ്റെ പ്രാധാന്യം കുറഞ്ഞു. ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി പ്രധാന മന്ത്രി മോദി 5 പ്രാവശ്യം ചൈന സന്ദർശിച്ചു ചർച്ച  നടത്തി.  മോദിയുമായി ഉച്ചകോടി നടത്താൻ  ഷി ജിൻപിങ് രണ്ടു പ്രാവശ്യം ഇന്ത്യയിലേക്കും സന്ദർശനം നടത്തി. 2014 സെപ്റ്റംബർ മാസത്തിൽ  ലഡാക്കിലെ ചുമർ മേഖലയിൽ  ഇന്ത്യൻ പ്രദേശത്തു കടന്നു കയറി റോഡ് നിർമാണം നടത്തിയപ്പോഴാണ്  നമ്മുടെ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്.  നയതന്ത്ര തലത്തിലും, സൈനിക തലത്തിലും നടത്തിയ ചർച്ചകൾ ക്കൊടുവിലാണ്  രണ്ടു സൈനിക വിഭാഗങ്ങളും  അവരവരുടെ പ്രദേശത്തേക്ക് പിൻവാങ്ങിയത്. ഏറ്റവും ഒടുവിൽ ഷി ജിൻപിങ് ഇന്ത്യയിൽ വന്നത്  2019 ഒക്ടോബറിലായിരുന്നു.ഈ രണ്ടു  സന്ദർശനങ്ങൾക്കുശേഷവും  അതിർത്തിയിൽ  ചൈനയുടെ കയ്യേറ്റമുണ്ടായി.
2017  ജൂണിൽ   ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിലാണ്  ഇന്ത്യയുടേയും ചൈനയുടെയും സൈന്യം 73 ദിവസങ്ങൾ ഡോക്ലാമിൽ മുഖാമുഖം നിന്നു ഇവിടെയും പ്രശ്നമുണ്ടായത് ചൈനയുടെ സൈന്യം അനധികൃതമായി  ഭൂട്ടാൻ പ്രദേശത്തു റോഡ് നിർമാണം   നടത്തിയതാണ്.ഒടുവിൽ  ദീർഘമായ ചർച്ചകളിലൂടെയാണ്  സംഘർഷ ത്തിന് അയവുവന്നത്. ഏറ്റവും ഒടുവിൽ 2020 മേയ്  മാസത്തിൽ ലഡാക്കിലെ പാങ്കോങ് തടാകക്കരയിൽ  ചൈനീസ് സൈന്യം നടത്തിയ കയ്യേറ്റമാണ്  ഇന്ത്യയുടെ ഇരുപത്തോളം സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ എത്തിയത്.  ഇവിടെ ഇന്ത്യൻ ഭൂ ഭാഗത്തു നമ്മുടെ സൈന്യം റോഡ്  നിർമാണവുമായി   മുന്നോട്ടുപോയപ്പോൾ, ചൈനയുടെ സൈന്യം വന്നു സംഘർഷം ഉണ്ടാക്കുകയായിരുന്നു. 45 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ഇന്ത്യ-ചൈനാ  അതിർത്തിയിൽ വെടിയുതിർന്നു. ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ  പാങ്കോങ് തടാകക്കരയിൽ നിന്നും   ചൈനയുടെ  സൈന്യം  പിൻവാങ്ങിയെങ്കിലും    ഗൾവാൻ  മേഖലയിലെ   ചില ഭാഗങ്ങളിൽ നിന്നും ഇപ്പോഴും അവർ  പിൻവാങ്ങിയിട്ടില്ല. സൈനിക തലത്തിൽ 14 റൌണ്ട് ചർച്ചകളാണ് ഇതിനോടകം ഇരു വിഭാഗങ്ങളും നടത്തിയിട്ടുള്ളത്. ചൈനയുമായുള്ള ഈ സംഘർഷാവസ്ഥയെ തുടർന്ന്, ഇരുന്നൂറോളം  ചൈനീസ് ആപ്പുകൾക്കു  ഇന്ത്യ നിരോധനം ഏർപ്പെടുത്തുകയും  ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന  പ്രചാരണം ഉണ്ടാവുകയും ചെയ്തു.  എന്നാൽ ചൈനയുമായുള്ള വ്യാപാര ബന്ധം ഓരോ വർഷവും വർധിക്കുകയാണ്. 2014 ൽ  ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം 70.59 ബില്യൺ ഡോളർ ആയിരുന്നത്,  2021 ൽ 110 ബില്യൺ ഡോളർ ആയി വർധിച്ചു.  നമ്മളോടുള്ള  ശത്രുത  ചൈന തുടരുമ്പോഴും, വാണിജ്യ കാര്യങ്ങളിൽ നമ്മൾ അവരെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത് .  ചൈനയുമായും, പാകിസ്ഥാനുമായുമുള്ള ബന്ധങ്ങളിൽ  ഉണ്ടായിട്ടുള്ള  അകൽച്ചയും, സംഘർഷവും   കുറക്കുവാനുള്ള   ഫലപ്രദവും ദീർഘ ദൃഷ്ടിയിലൂന്നിയതുമായ നടപടികൾക്കു  തുടക്കം കുറിക്കുവാൻ    കേന്ദ്ര സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.
അതേസമയം ജപ്പാൻ, ഓസ്ട്രേലിയ, ഇസ്രേൽ, ഗൾഫ് രാജ്യങ്ങൾ, എന്നിവയുള്ള  ബന്ധങ്ങൾ ,  തന്ത്രപരമായ ബന്ധങ്ങളായി   ഉയർത്തുന്നതിൽ  വിജയിക്കുകയും ചെയ്തു.

എന്നാൽ  മോദി സർക്കാറിൻറ്റെ   വിദേശനയത്തിലെ  പാളിച്ച    അയൽ   രാജ്യങ്ങളുമായുള്ള ബന്ധത്തിലാണ്. എന്നും ഇന്ത്യക്കൊപ്പം നിന്ന ശ്രീലങ്ക,മാലിദ്വീപ്,ബംഗ്ലാദേശ്,നേപ്പാൾ, മ്യാന്മാർ  തുടങ്ങിയ രാജ്യങ്ങൾ പലപ്പോഴും ഇന്ത്യക്കെതിരായ നിലപാടെടുക്കുകയും, ചൈനയോട് കൂടുതൽ അടുക്കുകയും ചെയ്തത്  എൻ;ഡി.എ  സർകാരിൻറ്റെ   വിദേശനയത്തിനേറ്റ തിരിച്ചടിയായിരുന്നു. നമ്മളുമായി ചരിത്രപരമായും , സാംസ്കാരികമായും  ബന്ധമുള്ള അഫ്ഘാനിസ്ഥാൻ  ഭരണം   താലിബാൻ  കയ്യാളിയതും  നമുക്ക്  അനുകൂലമായില്ല. അയൽ  രാജ്യങ്ങളുടെ കൂട്ടായ്മയായ " സാർക്കിൻറ്റെ"  രാഷ്ട്ര തലവന്മാർ  പങ്കെടുപ്പൊച്ചുകൊണ്ടുള്ള , ഉച്ചകോടി മീറ്റിംഗ് 2014 നു ശേഷം കൂടാൻ പോലും സാധിച്ചിട്ടില്ല  എന്നതും  വലിയ പാളിച്ചയാണ്. അന്തർ ദേശിയ രംഗത്ത് ഇന്ത്യയുടെ നേതൃത്വവും, സാന്നിധ്യവും  പ്രകടിപ്പിക്കാൻ അവസരം കിട്ടുമ്പോഴെല്ലാം പാഴാക്കിക്കളയുന്ന നയമാണ് മോദി  സർക്കാരിന്റെ വിദേശ നയം. ഇതിൻറ്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റഷ്യ-യുക്രൈൻ  യുദ്ധത്തിൽ ഇന്ത്യാസ് എടുത്ത നിലപാട്.  രണ്ടു രണ്ടു രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് ഇന്ത്യക്കു ഉള്ളത്.  ആ സൗഹൃദം ഉപയോഗിച്ച് ഇരു രാജ്യങ്ങളെയും   ഒരു മേശക്കു ചുറ്റുമിരുത്തി  പ്രശ്നങ്ങൾ സംസാരിച്ചു  പരിഹരിക്കാനുള്ള ഒരു ശ്രമവും ഇന്ത്യ നടത്തിയില്ല.  വാചക കസർത്തുകൾക്കും, പ്രചാരണ പ്രവർത്തനങ്ങൾക്കുമപ്പുറം  വ്യക്തമായ ഒരു നയത്തിന്റെ അഭാവമാണ്  എൻ.ഡി.എ സർക്കാരിന്റെ വിദേശ നയത്തിൽ  നമ്മൾ കാണുന്നത്.
ഏത് രാജ്യത്തിന്റെയും വിദേശനയതിന്റ്റെ  വിജയവും, പരാജയവും നിശ്ചയിക്കുന്നത്,   ആ  നയം  തങ്ങളുടെ ദേശിയ താല്പര്യങ്ങൾക്കനുസരണമാണോ  എന്നതിനെ  ആശ്രയിച്ചാണ്.    ആ ഒരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ, എൻ.ഡി.എ സർകാരിന്റെ വിദേശനയത്തിൽ,  പ്രയോഗികതയിൽ ഊന്നിയുള്ള കാതലായ  മാറ്റങ്ങൾ   ആവശ്യമുണ്ട്  എന്നാണ്  കഴിഞ്ഞകാല  അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. 


















 

Friday, 3 December 2021


            ഇന്ത്യാ -റഷ്യ സൗഹൃദവും പുടിൻറ്റെ   സന്ദർശനവും 


പി .എസ് .ശ്രീകുമാർ 

കോവിഡ് -19,  ആരംഭിച്ചശേഷം, വിദേശ സന്ദർശനങ്ങളെല്ലാം  ഒഴിവാക്കിയിരുന്ന റഷ്യൻ പ്രസിഡൻറ്  വ്ളാദിമിർ  പുടിൻ,  ആദ്യം  നടത്തുന്ന വിദേശ സന്ദർശനം  ഡൽഹിയിലേക്കാണ്. രണ്ടായിരത്തിനു  ശേഷം  ഇന്ത്യയും, റഷ്യയും   തുടങ്ങിയ വാർഷിക ചർച്ചകളും , രാഷ്ട്ര തലവന്മാർ തമ്മിലുള്ള  ഉച്ചകോടി യോഗങ്ങളുമാണ്   ഡിസംബർ 6 ന്  നടത്തുന്ന  സന്ദർശനത്തിലെ  മുഖ്യ അജണ്ട.

1971 ലെ ഇന്ത്യാ -പാകിസഥാൻ  യുദ്ധത്തിനും, ബംഗ്ലാദേശ് വിമോചനത്തിനും മുന്നോടിയായി രൂപം കൊണ്ടതാണ്   ഇന്ത്യാ -യു എസ് എസ് ആർ  സൗഹൃദ കരാർ . ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെസ്വതന്ത്ര ഇന്ത്യ കടന്നുപോയ്‌കൊണ്ടിരുന്ന അവസരത്തിലാണ്   1971  ആഗസ്റ്റ്  മാസത്തിൽ , ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, സോവിയറ്റ് പ്രസിഡണ്ട്  ബ്രെഷ്നേവും    സൗഹൃദ കരാറിൽ  ഒപ്പിട്ടത്. ജനാധിപത്യം ചവിട്ടി മെതിക്കപ്പെട്ടതിനെ തുടർന്ന്    പാകിസ്താനിൽ ഉണ്ടായ  ആഭ്യന്തര കലാപങ്ങളുടെ ഫലമായി കിഴക്കൻ ബംഗാളിൽ  മുജീബുർ റഹ്മാൻറ്റെ  നേതൃത്വത്തിൽ  ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന് വേണ്ടിയുള്ള  പ്രക്ഷോഭം അതിൻറ്റെ  ഉച്ചസ്ഥായിലെത്തിയപ്പോൾ  ഏകദേശം ഒരു കോടിയോളം കിഴക്കൻ ബംഗാളുകാരാണ്  പശ്ചിമ ബംഗാളിൽ അഭയാർഥികളായി എത്തിയത്.  ശീതസമരം  കൊടുമ്പിരി കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ പാകിസ്താന്  സഹായവുമായി അമേരിക്കയും, ചൈനയും അണിനിരന്നു.  ഈ സന്നിഗ്ദ്ധ  ഘട്ടത്തിലാണ്  സോവിയറ്റ് യൂണിയനുമായി  ഇന്ത്യ  സൗഹൃദ കരാർ ഒപ്പിട്ടത്.  ഈ കരാറിൻറ്റെ  ബലത്തിലായിരുന്നു  ഇന്ത്യക്കും, കിഴക്കൻ ബംഗാളിലെ ജനങ്ങൾക്കും എതിരെ  നടത്തിയ യുദ്ധത്തിൽ,   അവരെ  തോൽപ്പിക്കാനും, ബംഗ്ലാദേശിൻറ്റെ  വിമോചനത്തിന്  സഹായിക്കാനും ഇന്ത്യക്കു സാധിച്ചത്. ഈ വര്ഷം ബംഗ്ലാദേശ് വിമോചനത്തിൻറ്റെ  സുവർണ ജൂബിലി ആണ്.   ഇരുപതു വർഷ കാലാവധിയുള്ള  സൗഹൃദ കരാർ  പുതുക്കേണ്ട അവസരം  എത്തിയപ്പോഴാണ്,    1991 ൽ , സോവിയറ്റ് യൂണിയൻ  തകരുകയും റഷ്യയുൾപ്പെടെയുള്ള നിരവധി സ്വതന്ത്ര രാജ്യങ്ങൾ  ഉണ്ടാകുകയും ചെയ്തത്.  കൂട്ടത്തിൽ ഏറ്റവും വലുതും  ശക്തവുമായിരുന്ന റഷ്യ സ്വാഭാവികമായി സോവിയറ്റ് യൂണിയൻറ്റെ   പിന്തുടർച്ചക്കാരായിമാറി. തുടർന്നാണ്   വീണ്ടും ഇരുപതു വർഷത്തേക്ക്  റഷ്യയുമായി സൗഹൃദ കരാർ നമ്മൾ പുതുക്കിയത്.1971  മുതൽ നമ്മുടെ ഏറ്റവും അടുത്ത സുഹൃത് രാജ്യമാണ് റഷ്യ. വാണിജ്യ-ശാസ്ത്ര-പ്രതിരോധ രംഗങ്ങളിലെല്ലാം  രണ്ടു രാജ്യങ്ങളും  വളരെ അടുത്താണ് പ്രവർത്തിക്കുന്നത്.   എന്നാൽ നരേന്ദ്ര മോഡി സർക്കാർ   അധികാരത്തിൽ വന്നശേഷം,  ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് പഴയ ഊഷ്‌മളത  ഇല്ലായെന്നത് ഒരു വസ്തുതയാണ്.  അതിനു കാരണം മോഡി  സർക്കാരിൻറ്റെ   അമിതമായ അമേരിക്കൻ വിധേയത്വമാണ്. അതോടെ    ചൈനയുമായും, പാകിസ്ഥാനുമായും   റഷ്യ  കൂടുതൽ സൗഹൃദത്തിലായി.

ശക്തമായ വ്യാപാര ബന്ധങ്ങൾ 


ഇന്ത്യയും റഷ്യ യും  തമ്മിലുള്ള   വ്യാപാര ബന്ധം വളരെ  വിപുലമാണ് . പ്രതിരോധം, ഘനവ്യവസായം, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്,  മോട്ടോർ വാഹനം, മരുന്നുകൾ, ഷിപ്പിംഗ്, ശൂന്യാകാശ സഹകരണം, ന്യൂക്ലിയർ റിയാക്ടർസ് ,  ശാസ്ത്രസാങ്കേതിക രംഗങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ  റഷ്യയുമായി നമുക്ക് വ്യാപാര ബന്ധം ഉണ്ട്.   പരസ്പര വ്യാപാരം 2012 ൽ 1.5 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ  10.11  ബില്യൺ ഡോളറായി വർധിച്ചു.   വാണിജ്യ ബന്ധങ്ങൾ 2025  ആകുമ്പോഴേക്കും 30  ബില്യൺ ഡോളറായി വളർത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

പ്രതിരോധരംഗത്താണ് റഷ്യയുമായി ഏറ്റവും കൂടുതൽ  സഹകരണം  നമുക്കുള്ളത്.   നമ്മുടെ  പ്രതിരോധ സേനകളുടെ ശക്തി  ഇന്നും റഷ്യയുടെ  പിന്തുണയാണ്.  പ്രതിരോധസേനക്ക് ആവശ്യമായ ആയുധസാമഗ്രികളിൽ  65 ശതമാനവും ലഭിക്കുന്നത് റഷ്യയിൽ നിന്നുമാണ്.  തോക്കുകൾ, ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, സുഖോയ് യുദ്ധവിമാനങ്ങൾ,മിസൈലുകൾ എന്നിവയുടെ നിർമാണത്തിലും റഷ്യയുടെ സഹകരണം നമുക്കുണ്ട്. ഇന്ത്യയും റഷ്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈലുകൾ നിർമിക്കുന്നത്.  മധ്യദൂര മിസൈലുകളിൽ ലോകത്ത്‌  ഏറ്റവുമ ശക്തമായ മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്.  2018 ലെ  ഇന്ത്യാ - റഷ്യ  വാർഷിക ഉച്ചകോടിയിൽ 39000 കോടി രൂപ മുടക്കി റഷ്യയിൽ നിന്നും  "എസ്‌ -400 ട്രയംഫ് "  വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഉണ്ടാക്കിയ ഉടമ്പടിയാണ്   അടുത്തകാലത്ത് ഇന്ത്യ ഏർപ്പെട്ട കരാറുകളിൽ   ഏറ്റവും പ്രധാനം. 


 എസ് - 400  ഇടപാടും അമേരിക്കയുടെഭീഷണിയും 

 ഇന്ന് ലോകത്ത്‌  ലഭ്യമായതിൽ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമാണ്  എസ്‌ -400 . അമേരിക്കയുടെ THAA D {Terminal High  Altitude  Area  Defence } മിസൈൽ പ്രതിരോധ സംവിധാനത്തേക്കാൾ  മികവുറ്റതാണ്  ഇത്. ചൈന, ടർക്കി തുടങ്ങി നിരവധി രാജ്യങ്ങൾ എസ്‌ -400  സംവിധാനം റഷ്യയിൽ നിന്നും വാങ്ങിയിട്ടുണ്ട്. റഷ്യയിൽ നിന്നും എസ്‌ -400  വാങ്ങുന്ന രാജ്യങ്ങളെയെല്ലാം  അമേരിക്കയുടെ എതിരാളികളായി കണക്കാക്കി   CAATSA [Countering  America ' s  Adversaries  Through  Sanctions  Act ]അനുസരിച്ചു  ഉപരോധം ഏർപ്പെടുത്തുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.  ഇത്  വാങ്ങിയ  പല രാജ്യങ്ങൾക്കെതിരെയും    അമേരിക്ക ഉപരോധം ഏർപ്പെടുത്തി.  അമേരിക്കയുടെ ഭീഷണിയെ അവഗണിച്ചുകൊണ്ടാണ്  ഇന്ത്യ എസ്‌ -400  കരാർ  റഷ്യയുമായി ഒപ്പുവച്ചത്.  2021  ഡിസംബറിൽ തന്നെ  ഈ ഓർഡർ അനുസരിച്ചുള്ള   ആദ്യ ബാച്ച്  എസ്‌ -400  ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .  ചൈനയും  പാകിസ്താനുമായി നിലനിൽക്കുന്ന ശത്രുതയും,  യുദ്ധസമാനവു മായ  സാഹചര്യത്തിൽ , CAATSA യുടെ പരിധിയിൽ നിന്നും ഇളവ് അനുവദിക്കണം എന്ന്  നമ്മൾ ആവശ്യപെട്ടിട്ടുണ്ട്. ചൈനയുമായി അമേരിക്ക നടത്തുന്ന വ്യാപാര യുദ്ധത്തിന്റ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആവശ്യം  പരിഗണിക്കാതിരിക്കാൻ   അമേരിക്കക്ക്  ആവില്ലെന്നാണ്  എന്നാണ് പ്രതീക്ഷിക്കുന്നത്. 

പുടിൻ ഇന്ത്യയിൽ നടത്തുന്ന ചർച്ചകളിൽ അഫ്ഘാനിസ്ഥാനിലെ പ്രശ്നങ്ങളും വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനുള്ള മാര്ഗങ്ങളും കടന്നു വരും. അതുപോലെ തന്നെ പ്രതിരോധ രംഗത്ത് 5000 കോടി രൂപ മുതൽ മുടക്കിൽ 7.5 ലക്ഷം എ കെ 203 റൈഫിളുകൾ നിർമ്മിക്കുവാനുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുവാനും സാധ്യത ഉണ്ട്. ചൈനയുമായി നിലനിൽക്കുന്ന സംകീർണമായ അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുവാൻ റഷ്യയുടെ ഇടപെടലുകളും, സഹായങ്ങളും ചർച്ചകളിൽ വരുവാൻ  ഉള്ള സാധ്യതകളും നിലനിൽക്കുന്നു. ഏതായാലും കൂടുതൽ മേഖലകളിലേക്ക് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുവാൻ ഈ ഉച്ചകോടിയിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എസ് ശ്രീകുമാർ 

9847173177 










Monday, 29 November 2021

                                 നവ കേരളത്തിലെ   മമ്മൂഞ്ഞുമാർ 

പി.എസ്‌ .ശ്രീകുമാർ 

മലയാള  സാഹിത്യത്തിലെ   സുൽത്താനായ  വൈക്കം മുഹമ്മദ് ബഷീറിൻറ്റെ  പ്രശസ്തമായ കഥാപാത്രമാണ്  എട്ടുകാലി മമ്മൂഞ്ഞു   .  നാട്ടിൽ  ആര് ഗർഭം ധരിച്ചാലും അതിന്റെ ഉത്തരവാദിത്വം  സ്വയം ഏറ്റെടുത്തു വീമ്പുപറയുന്ന  മമ്മൂഞ്ഞിന്റെ  മനസികാവസ്ഥയിലാണ്  പിണറായി സർക്കാർ.  നാടിന്  എന്തെങ്കിലും നേട്ടമുണ്ടായാൽ,   കീഴ്മേൽ നോക്കാതെ അതിൻറ്റെ  മൊത്തം നേട്ടവും സര്കാരിന്റെതാണെന്ന്  യാതൊരു ഉളുപ്പുമില്ലാതെ  പി. ആർ ഏജൻസികളെ ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന തന്ത്രമാണ്  ഈ സർക്കാരിന്റെ മുഖമുദ്ര.  കൊച്ചി-മെട്രോ, കണ്ണൂർ എയർപോർട്ട്,  ഗെയിൽ പ്രകൃതിവാതക  പൈപ്പ്‌ലൈൻ  തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാർ  നടപ്പിലാക്കിയ   പശ്ചാത്തല വികസന പദ്ധതികൾ       നാടമുറിച്ചു ഉദ്‌ഘാടനം ചെയ്യുകയെന്ന ഒരു കാര്യം മാത്രമേകഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചെയ്തിട്ടുള്ളെങ്കിലും  അതിന്റെ എല്ലാം പിതൃത്വം സ്വയം ഏറ്റെടുത്തു വീമ്പു പറയാൻ  പിണറായി സർക്കാർ കോടികളാണ് ചെലവഴിച്ചത്.  ഈ കണ്ണിയിലെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നീതി ആയോഗ് റിപ്പോർട്ടിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.   

നീതി ആയോഗിന്റെ  ആഭിമുഖ്യത്തിൽ  ആദ്യത്തെ ബഹുതല  സ്പർശിയായ ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്  2015 - 16 ലെ  കുടുംബാരോഗ്യ സർവ്വേ നാലിന്റെ  അടിസ്ഥാനത്തിലാണ്.   ഈ റിപ്പോർട്ട് അനുസരിച്ചു്  കേരളത്തിലെ  മൊത്തം ജനസംഖ്യയുടെ  0.71  ശതമാനം പേര് മാത്രമേ ദാരിദ്ര്യ രേഖക്ക്  താഴെയുള്ളു.കേരളത്തിന് തൊട്ടുമുമ്പുള്ള മറ്റ്  ചില സംസ്ഥാനങ്ങളുടെ നിരക്ക്  ഗോവ 3.76 , സിക്കിം 3.82, തമിഴ്‌നാട് 4 .89, പഞ്ചാബ് 5.59, ഹിമാചൽ പ്രദേശ് 7.62, കർണാടകം 13.16   എന്നിങ്ങനെയാണ്.  ഈ ലിസ്റ്റ് അനുസരിച്ചു ഏറ്റവും ഉയർന്ന നിരക്കിൽ ദാരിദ്ര്യം ഉള്ളത് ബീഹാറിലാണ് . അവിടെ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണ്.  തൊട്ടുപിറകിലുള്ള  ജാർഖണ്ഡിൽ 42.16 , ഉത്തർപ്രദേശിൽ 37.79 , മധ്യപ്രദേശിൽ  36.69   എന്നിങ്ങനെയാണ്  ദരിദ്രരുടെ ശതമാനം . പോഷകാഹാരം, ശിശു-കൗമാര  മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്കൂൾ വിദ്യാഭ്യാസം, ഹാജർ നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത തുടങ്ങി  പന്ത്രണ്ടു ഘടകങ്ങളെ  ആശ്രയിച്ചാണ്  ബഹുതല ദാരിദ്ര്യം   നിർവചിച്ചതു.  യൂ ഡി എഫ്  സർക്കാരിന്റെ കാലത്തു നൽകിയ സൗജന്യ റേഷൻ, കാരുണ്യ ചികിത്സ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപ യോഗ സാധനങ്ങളുടെ  വില നിയന്ത്രിക്കുവാൻ ശക്തമായ ഇടപെടൽ, തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കാൻ, സ്കൂൾ വിദ്യാർത്ഥികൾക്ക്, കോഴിമുട്ട ഉൾപ്പെടെ  സൗജന്യ ഭക്ഷണം  തുടങ്ങിയ നിരവധി പദ്ധതികളാണ്   ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി യു ഡി എഫ് സർക്കാർ  ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്.  ഇവയിൽ ഏറ്റവും പ്രാധാന്യം  യു  ഡി എഫ് സർക്കാർ  2011  മേയിൽ , അധികാരത്തിൽ കയറിയ  ഉടൻ പ്രഖ്യാപിച്ച  ഒരു രൂപയ്ക്ക്  അരി എന്ന പദ്ധതിയാണ്.   എ പി എൽ  ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങൾക്കും  ഒരു രൂപയ്ക്കു ഒരു കിലോ അരി സർക്കാർ  നൽകി. 82  ലക്ഷം വനിതകളെ കാർഡ് ഉടമകളാക്കി, കാർഡ് പുതുക്കി നൽകി. 

ഭക്ഷ്യ സുരക്ഷാ നിയമം 

ഭക്ഷണം ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്ന്  പ്രഖ്യാപിച്ചുകൊണ്ട് 2013  സെപ്റ്റംബറിൽ മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  ദേശിയ ഭക്ഷ്യ സുരക്ഷാ  നിയമം  നടപ്പിലാക്കിയതിനെ തുടർന്ന്,  കേരളത്തിലും ഈ പദ്ധതി  2016 ൽ  യു  ഡി എഫ് സർക്കാർ നടപ്പിലാക്കി. അന്ത്യോദയ അന്നയോജനാ  വിഭാഗക്കാർക്ക്  5  കിലോ അരിയും , 5  കിലോ ഗോതമ്പും സൗജന്യമായി നൽകി.  മുന്ഗണന വിഭാഗത്തിൽ പെട്ടവർക്ക്             ഒരാൾക്  ഒരു മാസം 4  കിലോ അരിയും, 5  കിലോ ഗോതമ്പും  കിലോക്ക് 2  രൂപ നിരക്കിൽ നൽകി. അതിൽ  1  രൂപ   റേഷൻ കടക്കാർക്കുള്ള കമ്മീഷൻ നല്കുന്നതിനായിരുന്നു.  പൊതു വിഭാഗത്തിൽ  സബ്‌സിഡി  ഉള്ളവർക്ക്  ഒരാൾക്ക്  2 രൂപ [സർവീസ് ചാർജ് ഉൾപ്പെടെ]  നിരക്കിൽ  2  കിലോ  അരിയും   ഒരു കാർഡിന് 2  കിലോ ആട്ടയും, ഗോതമ്പും നൽകി. സബ്സിഡി ഇല്ലാത്ത കാർഡിന് , ഒരു കാർഡിന്  2  അല്ലെങ്കിൽ  3  കിലോ അരി  9.90 രൂപ നിരക്കിലും, ഗോതമ്പു 7.70 രൂപ നിരക്കിലുമാണ് നൽകിയത്.

ഗർഭിണികൾക്ക്‌  പ്രതിമാസം 1000  രൂപ വീതം  ആര് മാസം പ്രത്യേക  ധന സഹായം, 6  മാസം മുതൽ 3  വയസ്സുവരെയുള്ള  കുട്ടികൾക്ക് അംഗനവാടിയിലൂടെ  പോഷകമൂല്യമുള്ള ഭക്ഷണവും, 6  മുതൽ 14  വയസ്സുവരെയുള്ള കുട്ടികൾക്ക സ്കൂളുകളിൽ ഉച്ചഭക്ഷണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും  പ്രത്യേക ഭക്ഷണം.  പ്രായപൂർത്തിയായ സ്ത്രീ  റേഷൻ കാർഡിലെ ആദ്യ പെരുകാരി തുടങ്ങി നിരവധി പദ്ധതികളാണ്  യു ഡി എഫ് കാലയളവിൽ  നടപ്പിലാക്കിയത്.

സൗജന്യ ചികിത്സ പദ്ധതികൾ 

2012  നവംബർ  1  മുതൽ, സബ് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുവരെയുള്ള ആശുപത്രികളിൽ  595 ഇനം ജനറിക്  മരുന്നുകൾ  സൗജന്യമായി നൽകി. ഗർഭാവസ്ഥയും ,  നവജാത ശിശു പരിശോധനയും, നവജാത ശിശുവിൻറ്റെ  ഒരു വയസ്സുവരെയുള്ള ചികിത്സയും പൂർണമായും സൗജന്യമായി നൽകുന്നതിനുള്ള 'അമ്മയും കുഞ്ഞും" പദ്ധതി നടപ്പിലാക്കി. 18  വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും, എല്ലാ ചികിത്സയും എ പി എൽ / ബി പി എൽ  വ്യാത്യേസമില്ലാതെ  സർക്കാർ ആശുപതികളിൽ സൗജന്യമായി നൽകുന്ന ബ്രിഹത് പദ്ധതിയായ  "ആരോഗ്യകിരണം" ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും, ചികിത്സയും, മരുന്നും നൽകുന്ന "അമൃതം ആരോഗ്യം" പദ്ധതിയും, അർബുദ രോഗ പരിശോധനയും, ചികിത്സയും, മരുന്നും സൗജന്യമായി നൽകുന്ന "സുകൃതം" പദ്ധതി എന്നിവയും ആരംഭിച്ചു. 

കാരുണ്യ പദ്ധതി 

സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക്  ശാസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സകൾക്ക് സഹായം നൽകുന്ന കാരുണ്യ  പദ്ധതിയാരംഭിക്കുകയും,  82000  പേർക്കായി 650  കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.  ഇക്കാര്യത്തിനായി തുടങ്ങിയ  കാരുണ്യ ലോട്ടറിയുടെ വരുമാനമാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചത്.  ക്ഷേമ പെൻഷനുകൾ ഏറ്റവും കുറഞ്ഞത് 600  രൂപയും, 80  വയസ്സ് കഴിഞ്ഞവർക്ക്  1200  രൂപയുമായി  വർധിപ്പിക്കുകയും, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു 14  ലക്ഷം പേർക്ക് പെൻഷൻ നൽകിയത്തിൽ നിന്നും , 34  ലക്ഷം പേർക്കായി   വർധിപ്പിച്ചു   നൽകുകയും ചെയ്തു. 

ഇങ്ങനെയുള്ള നിരവധി ജനക്ഷേമകരമായ നടപടികളിലൂടെയാണ്  ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാർ  ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള നടപടികൾ 2011-16  കാലയളവിൽ കൈക്കൊണ്ടത്. എന്നാൽ പിണറായി ഭരണത്തിൽ എന്താണ് സംഭവിക്കുന്നത് ?

പിണറായി സർക്കാർ തകർത്ത സാമൂഹ്യ  ഭദ്രത 

വിശപ്പ് സഹിക്കാൻ പറ്റാതെ അരി എടുത്തതിനു മധുവെന്ന പാവപ്പെട്ട  ഒരു ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവം  മനുഷ്യത്വമുള്ള  ആശ്രുടെയും ഹൃദയത്തിൽ നിന്നും മാഞ്ഞുകാണില്ല. ഇടതു സർക്കാരിന്റെ കാലത്താണ് ഈ ആൾക്കൂട്ട കൊലപാതകം വടക്കേ ഇന്ത്യയിലെപ്പോലെ കേരളത്തിലും സംഭവിച്ചത്. വിശപ്പകറ്റാൻ ഭക്ഷ്യ ധാന്യം എടുത്തതിനു ഒരു ആദിവായി യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ സംഭവം  കേരളത്തിന്റെ ചരിത്രത്തിൽ  ആദ്യമായിരുന്നു. യു ഡി എഫിന്റെ കാലത്തു 91 കോടി രൂപ ചെവഴിച്ചു അട്ടപ്പാടിയിൽ നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി  ഇടതു സർക്കാർ തകർത്തതോടെയാണ്  കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധിപേർ അട്ടപ്പാടിയിൽ  മരിച്ചുവീഴുന്നതു.  പിണറായി സർക്കാർ തകർത്ത സാമൂഹ്യ ഭദ്രതയുടെ ചിത്രമാണ് ഇന്ന് അട്ടപ്പാടിയിൽ കാണുന്നത്. 2015-16 കാലയളവിലെ അവസ്ഥയിൽ നിന്നും കേരളത്തെ  എല്ലാ മേഖലകളിലും   ഇടതു സർക്കാർ തകർത്ത ചിത്രമാണ്  നാം ഇന്ന് കാണന്നതു.


പി.എസ്‌ .ശ്രീകുമാർ 

9847173177